അനശ്വരനായ ഗുരു
ഒരു കാലത്ത് അവര്‍ണ്ണരുടെ ആവശ്യാര്‍ത്ഥം നിരവധി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ച ഗുരു കണ്ണാടി പ്രതിഷ്ഠയുളള രണ്ട് ക്ഷേത്രങ്ങള്‍ കൂടി സ്ഥാപിക്കുകയുണ്ടായി.
ആത്മാവബോധം എന്നതിന് മനുഷ്യജീവിതത്തിലുള്ള സവിശേഷ പ്രാധാന്യത്തെക്കുറിച്ചുളള ഊന്നലായിരുന്നു ഒരര്‍ത്ഥത്തില്‍ അത്. നീ നിന്നെ തന്നെ അറിയുക. നിന്റെ ശക്തിയും ദൗര്‍ബല്യവും നിന്നില്‍ തന്നെ കുടികൊളളുന്നു. അത് തിരിച്ചറിഞ്ഞ്
പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
ആഗോളതലത്തില്‍ ശ്രേയസും പ്രസക്തിയുമുളള നിരവധി മഹാരഥന്‍മാരുണ്ട്. അവര്‍ക്കൊക്കെയും അവരുടേതായ പ്രാധാന്യവും ചരിത്രപരമായ മൂല്യവുമുണ്ട്. ഭാരതവും ഈ തരത്തില്‍ അനുഗൃഹീതരായ നിരവധി പേര്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണഗുരുദേവന്‍ നിരവധിയായ അടരുകളും തലങ്ങളും മാനങ്ങളുമുളള സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്.
സാമൂഹികപരിഷ്‌കര്‍ത്താവ്, ആദ്ധ്യാത്മികാചാര്യന്‍, തത്ത്വചിന്തകന്‍, കവി, വിപ്ലവകാരി എന്നിങ്ങനെ അനേകതലങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്നു ആ വ്യക്തിത്വം. ഗുരു എന്തായിരുന്നു എന്ന് ചോദിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഉത്തരം എന്ത് അല്ലായിരുന്നു എന്നതാണ്.
അധ:സ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിന് ആവശ്യമെന്ന് തോന്നിയ നിലപാടുകള്‍ സ്വീകരിക്കുകയും പിന്നീട് അതിനെ കാലാനുസൃതമായി പരിഷ്‌കരിക്കുകയും നവീകരിക്കുകയുമാണ് ഗുരു ചെയ്തത്.
ക്ഷേത്രപ്രവേശനവും വിഗ്രഹാരാധനയും നിഷിദ്ധമായിരുന്ന ഘട്ടത്തിലാണ് അദ്ദേഹം അരുവിപ്പുറത്ത് ചരിത്രത്തിലാദ്യമായി ശിവലിംഗപ്രതിഷ്ഠ നിര്‍വഹിക്കുന്നത്. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ച ഗുരു പിന്നീട് നമുക്ക് ഇനി ക്ഷേത്രങ്ങളല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആവശ്യം എന്ന നിലപാടിലേക്ക് മാറി. അറിവു കൊണ്ട് മാത്രമേ അധ:സ്ഥിതരുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ സാധിക്കൂ എന്ന ആഴമേറിയ തിരിച്ചറിവിന്റെ പരിണിതഫലമായിരുന്നു ആ പ്രസ്താവന.
ഋഷിവര്യന്‍മാര്‍ ആദ്ധ്യാത്മിക വിഷയങ്ങളില്‍ മാത്രം അഭിരമിക്കുന്നവരായി കണ്ടു വന്ന ഒരു കാലത്ത് ഗുരു അവിടെയും വിഭിന്നമായ നിലപാടുകള്‍ സ്വീകരിച്ചു. വ്യക്തിപരമായി അദ്ദേഹം സന്ന്യാസജീവിതം നയിക്കുമ്പോഴും ലൗകികജീവിതത്തില്‍ വിഹരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനലക്ഷങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപയുക്തമായ വീക്ഷണകോണ്‍ സ്വീകരിക്കുകയും ചെയ്തു.
‘സംഘടനകൊണ്ട് ശക്തരാവുക, വിദ്യകൊണ്ട് സ്വതന്ത്രരാവുക’ എന്ന് പറഞ്ഞ ഗുരു ഒരു പടി കൂടി കടന്ന് കൃഷിയും വ്യവസായവും മെച്ചപ്പെടുത്തേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ആഴത്തില്‍ ധ്വനിപ്പിച്ചു. അദ്ധ്വാനത്തിന്റെ മഹത്ത്വം വ്യക്തമാക്കുകയാണ് ഈ പ്രവൃത്തിയിലൂടെ അദ്ദേഹം ചെയ്തത്. ലൗകിക ജീവിതം നിലനിര്‍ത്തുന്നതില്‍ തൊഴിലിനും സമ്പത്തിനുമുളള അനിവാര്യതയെക്കുറിച്ച് കൂടി മികച്ച അവബോധം കാത്തുസൂക്ഷിച്ച സന്ന്യാസി വര്യനായിരുന്നു അദ്ദേഹം. തന്റെ വ്യക്തിപരമായ അഭിരുചികള്‍ക്കപ്പുറം സമസ്തജനതയോടുമുളള കരുതലും പരിഗണനയുമാണ് ഗുരുവിന്റെ ഈ വാക്കുകളില്‍ നിഴലിക്കുന്നത്.
അഹിംസാ സിദ്ധാന്തത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് വിപ്ലവാത്മകമായ നിലപാടുകള്‍ സ്വീകരിച്ച ഗുരുവിനെയും നമുക്ക് കാണാന്‍ സാധിക്കും. ബ്രാഹ്‌മണ്യത്തിന് മാത്രം അവകാശപ്പെട്ട വിഗ്രഹപ്രതിഷ്ഠ യാഥാര്‍ത്ഥ്യമാക്കുകയും ചോദ്യം ചെയ്തവരോട് നാം ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് തുറന്നടിക്കാനുളള ആര്‍ജ്ജവം വെളിപ്പെടുത്തുന്നത് ഗുരുവിലെ തീവ്രവിപ്ലവകാരിയെയാണ്. നാടെങ്ങും വിവിധ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഈ നിലപാട് ഊട്ടിയുറപ്പിക്കുകയും ചെയ്തു. അതേ സമയം രക്തരൂഷിത വിപ്ലവത്തിന്റെ പാതയില്‍ നിന്ന് അകന്ന് സ്‌നേഹത്തിന്റെയും ശാന്തിയുടെയും സംയമനത്തിന്റെയും പക്വസമീപനങ്ങളിലൂടെ സമുഹമനസില്‍ പരിണാമം സൃഷ്ടിക്കാന്‍ ശ്രദ്ധിച്ചു.
ക്രാന്തദര്‍ശിയായ ഒരു മഹത് വ്യക്തിത്വത്തിന്റെ ആന്തരധ്വനികള്‍ ഗുരുവിന്റെ ഈ നിലപാടുകളിലൊക്കെയും ദര്‍ശിക്കാന്‍ കഴിയും.
സാമൂഹ്യനീതി, വിജ്ഞാനം, ധനം, കാര്‍ഷികവിളകള്‍, ആത്മീയാവബോധം എന്നിവയെല്ലാം തുല്യ അളവില്‍ സമന്വയിക്കുന്ന സമഗ്രജീവിതദര്‍ശനത്തിനാണ് ഗുരു ഊന്നല്‍ നല്‍കിയത്.
മനുഷ്യരാശിയുടെ ആകമാനമായ ക്ഷേമവും സമൃദ്ധിയും കൂടി മുന്നില്‍ കണ്ട വിശാലമായ മാനവികതാ ദര്‍ശനത്തിന് ഉടമയായിരുന്നു ഗുരു.
സമകാലികരായ പല സാമൂഹ്യപരിഷ്‌കര്‍ത്താക്കളും സമുദായാചാര്യന്‍മാരും കേവലം സ്വസമുദായത്തിന്റെ ക്ഷേമം എന്ന സങ്കുചിത ദര്‍ശനത്തിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പരിധി പരിമിതപ്പെടുത്തിയപ്പോള്‍ ഗുരു എല്ലാ മനുഷ്യരെയും ഒന്നായി കാണാനുള്ള വിശാലവീക്ഷണത്തിന് ഉടമയായി.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനത്തില്‍ തന്നെ അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിന്റെ സാരസര്‍വസ്വമുണ്ട്. പൊതുബോധത്തെ സ്വാധീനിക്കുന്ന ഈ പ്രസ്താവനയ്ക്കപ്പുറം കടന്ന് ഓരോ വ്യക്തിയെയും പ്രത്യേകമായി അഭിസംബോധന ചെയ്യുന്ന ഒരു ഗുരുവിനെ തുടര്‍ന്നുളള ഗുരുവചനത്തില്‍ കാണാം.
‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം’
മനുഷ്യരാശിയുടെ സ്‌നേഹത്തിലും സഹജീവിസ്‌നേഹത്തിലും അധിഷ്ഠിതമായ പാരസ്പര്യത്തിന്റെയും ആത്മൈക്യത്തിന്റെയും സാക്ഷ്യപത്രമായി മാറുന്നു ഈ വരികള്‍. ഈ തലത്തില്‍ ലോകത്തെ ഒന്നായി കാണാന്‍ കഴിഞ്ഞ മറ്റൊരു ഗുരുവര്യന്‍ നമ്മുടെ ഓര്‍മ്മയിലോ അനുഭവത്തിലോ ഇല്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഗുരുദേവന്‍ വിശ്വഗുരു ആകുന്നു. എന്നാല്‍ ഇന്നും അദ്ദേഹത്തിന്റെ മഹത്ത്വം കേരളത്തിന്റെ അതിരുകള്‍ക്കപ്പുറം ഭാരതത്തിന്റെ തന്നെ നെറുകയില്‍ എത്തിക്കാനോ ലോകവ്യാപകമാക്കാനോ കഴിഞ്ഞിട്ടില്ലെന്നതാണ് ദുഖകരമായ വസ്തുത. നാം ഓരോരുത്തരും ആ മഹാസന്ദേശം വിശ്വസന്ദേശമാക്കി മാറ്റാന്‍ അനവരതം പ്രവര്‍ത്തിക്കേണ്ടതുണ്ട്. അങ്ങനെ ഈ ലോകത്തെ തന്നെ പുതിയൊരു ലോകമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഗുരുവിന്റെ വീക്ഷണങ്ങള്‍ക്ക് കഴിയും.
ഗുരുദേവന്റെ ദൈവദശകം എന്ന പ്രാര്‍ത്ഥനാ ശ്ലോകം പരിശോധിച്ചാല്‍ ഇത്രയും അര്‍ത്ഥ സമ്പുഷ്ടവും ഫലപ്രദവുമായ ഏകദൈവഭാവം ഉള്‍ക്കൊളളുന്ന ഒരു പ്രാര്‍ത്ഥനാ ശ്ലോകം വേറെയില്ലെന്ന് കാണാം. ഹിന്ദുമതത്തില്‍ പെട്ടവര്‍ക്ക് മാത്രമല്ല എല്ലാ മതവിഭാഗക്കാര്‍ക്കും അങ്ങനെ വിശ്വത്തിന് മുഴുവന്‍ ഏറ്റുചൊല്ലാന്‍ പാകത്തിലുളള മാതൃകാ പ്രാര്‍ത്ഥനയാണിത്.
ഗുരുവിന്റെ ഏക ദൈവസങ്കല്‍പ്പം ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വചനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സമസ്തപ്രഭാവത്തോടും ആഴത്തിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ദൈവദശകം. പ്രപഞ്ച നിയന്താതാവായ വിശ്വഗുരു അഥവാ സര്‍വേശ്വരനെ അവിടുത്തെ അനിതരസാധാരണമായ ശക്തിവിശേഷങ്ങളെ ഇത്രയധികം ആഴത്തിലും പരപ്പിലും പ്രകീര്‍ത്തിക്കുന്ന മറ്റൊരു പ്രാര്‍ത്ഥനയില്ല. വ്യാഖ്യാനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും നിര്‍വചനങ്ങള്‍ക്കുമപ്പുറം കടന്ന് നിത്യനൂതനമായ പദാവലികളായി ആ പത്ത് ശ്ലോകങ്ങള്‍ നിലനില്‍ക്കുന്നു.
ഗുരുവിന് സമാനമായ യാതൊന്നും അദ്ദേഹം മണ്‍മറഞ്ഞ് എത്രയോ ദശകങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുരു ഒരു അവതാര പുരുഷനാണെന്ന് പറയുന്നതിനോട് പോലും യോജിക്കുക വയ്യ. അവതാരപുരുഷന്‍മാര്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കലെങ്കിലും സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ ഗുരു എന്നത് ഒരിക്കല്‍ മാത്രം സംഭവിച്ച ഒരു മഹാപ്രതിഭാസമാണ്. ഇനി ആവര്‍ത്തനങ്ങളില്ല. പകരക്കാരനില്ല. ഗുരുവിന് സമര്‍ശീര്‍ഷനായി ആരെങ്കിലും ഉണ്ടെങ്കില്‍ അത് ഗുരു മാത്രം.
ഗുരുവിന്റെ നാനാമുഖമായ സംഭാവനകളെക്കുറിച്ച് ആഴത്തില്‍ വിലയിരുത്തിയവര്‍ പോലും ബോധപൂര്‍വമോ അബോധപൂര്‍വമോ തമസ്‌കരിച്ച ഒരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്. അത് ഗുരുവിലെ തത്ത്വചിന്തകന്റെയും എഴുത്തുകാരന്റെയും മഹനീയ സംഭാവനകളാണ്. ഓരോ പുനര്‍വായനയിലും വിവിധ അര്‍ത്ഥതലങ്ങള്‍ സമ്മാനിക്കുന്ന ബഹുമുഖമായ വായനകള്‍ക്ക് സാധ്യത തുറന്നിടുന്ന നിരവധി അടരുകളുളള ഒട്ടേറെ കൃതികള്‍ ഗുരുവിന്റേതായുണ്ട്. കുമാരനാശാന്റെ സംഭാവനകളെ അംഗീകരിക്കാന്‍ വൈകിയാണെങ്കിലും സന്നദ്ധരായ കേരളീയ പൊതുസമൂഹം ഇനിയും ഗുരുവിനെ ആ തലത്തില്‍ വിലയിരുത്തിയിട്ടില്ല. ദാര്‍ശനികന്‍ എന്ന നിലയില്‍ ഗുരുവിന്റെ കാഴ്ചപ്പാടുകളുടെ അഗാധത എത്ര വിപുലമാണെന്ന് ആദ്യം കണ്ടെത്തിയത് പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായരാണ്. പിന്നീട് നിരവധി പണ്ഡിതന്‍മാര്‍ ഗുരുവിന്റെ രചനകളെ പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയുണ്ടായി.
എന്നാല്‍ ഒരിക്കലും ഒഴിയാത്ത അക്ഷയഖനി പോലെ ഇനിയും വ്യാഖ്യാനസാധ്യതകള്‍ തുറന്നിട്ടുകൊണ്ട് അനശ്വരമായി വര്‍ത്തിക്കുന്നു സംസ്‌കൃതഭാഷയില്‍ രചിക്കപ്പെട്ട ഗുരുവിന്റെ കൃതികള്‍. ഒരു സമുദ്രത്തേക്കാള്‍ അനന്തവും അഗാധവുമായ ആ ദര്‍ശനബാഹുല്യത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ ജലം മാത്രമേ കോരിയെടുക്കാന്‍ നാളിതുവരെ നമുക്ക് സാധിച്ചിട്ടുളളു. സംസ്‌കൃത ഭാഷാ പണ്ഡിതന്‍മാരുടെ അഭാവം ഇതിന് ഒരു കാരണമാവാം. മറ്റൊന്ന് നിര്‍വചനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം സമുന്നതമായ തലത്തില്‍ നിലകൊളളുന്ന ഗുരുവിനെ ബൗദ്ധികമായി അടയാളപ്പെടുത്താനുളള ത്രാണി എത്രപേര്‍ക്കുണ്ടെന്നതും ഒരു കാരണമാവാം. എന്ത് തന്നെയായാലും ഹിമവല്‍ഗൃംഗത്തോളം ഉയരങ്ങളില്‍ നില്‍ക്കുന്നതാണ് ഗുരുവിന്റെ ധൈഷണിക വ്യക്തിത്വം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ വഴിയില്ല.
ഗുരുവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്നും എന്നെ മോഹിപ്പിച്ച ഒരു ദര്‍ശനത്തെക്കുറിച്ച് കൂടി പറയേണ്ടിയിരിക്കുന്നു. ഒരു കാലത്ത് അവര്‍ണ്ണരുടെ ആവശ്യാര്‍ത്ഥം നിരവധി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ച ഗുരു അവസാന ഘട്ടത്തില്‍ കണ്ണാടി പ്രതിഷ്ഠയുളള രണ്ട് ക്ഷേത്രങ്ങള്‍ കൂടി സ്ഥാപിക്കുകയുണ്ടായി. ആത്മാവബോധം എന്നതിന് മനുഷ്യജീവിതത്തിലുള്ള സവിശേഷ പ്രാധാന്യത്തെക്കുറിച്ചുളള ഊന്നലായിരുന്നു ഒരര്‍ത്ഥത്തില്‍ അത്. നീ നിന്നെ തന്നെ അറിയുക. നിന്റെ ശക്തിയും ദൗര്‍ബല്യവും നിന്നില്‍ തന്നെ കുടികൊളളുന്നു. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഈശ്വരന്‍ നിന്നില്‍ നിന്ന് വേര്‍പെട്ട ഒന്നല്ല. നീ തന്നെയാണ് ഈശ്വരന്‍. എല്ലാം ഒന്നാണ് എന്ന സാത്മീകരണത്തെക്കുറിച്ച് കൂടി ധ്വനിപ്പിക്കുകയായിരുന്നു ഗുരു. അതോടൊപ്പം ഈശ്വരന് മുകളിലാണ് മനുഷ്യന്റെ അപരിമേയമായ കഴിവുകളെ ഗുരു നോക്കി കണ്ടത്. നീ വേണ്ടവണ്ണംസ്വയം അറിഞ്ഞാല്‍ നിനക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഈ പ്രവൃത്തിയിലുടെ ഗുരു പറയാതെ പറഞ്ഞു. ഈ തലത്തില്‍ ഉയര്‍ന്ന് ചിന്തിച്ച ഒരു ഗുരുഭൂതന്‍ ലോകചരിത്രത്തില്‍ തന്നെ വിരളമാണ്. ശ്രീബുദ്ധനെ പോലെയുളള മഹത്തുക്കളെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. എന്നിരുന്നാലും ആകമാനം വിലയിരുത്തുമ്പോള്‍ ഗുരുവിനോളം ഉദാത്തമായ തലത്തില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ പാകത്തില്‍ മറ്റൊരു നാമം ഇല്ല എന്നതാണ് സത്യം.
ശ്രീനാരായണീയര്‍ ആത്മീയാചാര്യന്‍ എന്നതിനപ്പുറം ഈശ്വരഭാവത്തില്‍ തന്നെയാണ് ഗുരുദേവനെ കാണുന്നത്. ഗുരുക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും വീടുകളില്‍ പോലും പൂജാമുറിയില്‍ വച്ച് ആരാധിക്കുകയും ചെയ്യുന്ന ലക്ഷകണക്കിന് ആളുകള്‍ കേരളീയ സമൂഹത്തിലുണ്ട്. അതിന്റെ സാംഗത്യം ചോദ്യം ചെയ്യുന്ന പുരോഗമനവാദികളെന്ന് ഭാവിക്കുന്ന ചില കപടനാട്യക്കാരെയും കാണാം. ഇതിന്റെ യാഥാര്‍ത്ഥ്യം കൂടി നാം പരിശോധിക്കേണ്ടതുണ്ട്. വാസ്തവത്തില്‍ കണ്‍കണ്ട ദൈവം തന്നെയാണ് ഗുരു. അധസ്ഥിതര്‍ അവശതയും അപമാനവും സഹിക്കുന്ന ഘട്ടത്തില്‍ അവരുടെ വിമോചകനായി അവതരിപ്പിച്ച ഗുരുവിനെ അവര്‍ ദൈവീകഭാവത്തില്‍ കാണുന്നതില്‍ യുക്തിരാഹിത്യം ഒന്നും തന്നെയില്ല. മാത്രമല്ല ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം നിരവധി അത്ഭുതസിദ്ധികള്‍ പ്രകടിപ്പിച്ചിരുന്നതായി ചില ജീവചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം കേരളത്തിലും സിലോണിലും പ്രസംഗിച്ചത് അടക്കമുളള എത്രയോ സംഭവങ്ങള്‍.
സമുദായാംഗങ്ങളെ സംബന്ധിച്ച് എല്ലാ അര്‍ത്ഥത്തിലും രക്ഷകനാണ് ഗുരുദേവന്‍. അദ്ദേഹത്തെ ഈശ്വരനായി കണ്ട് ആരാധിക്കുന്നത് അവരുടെ അവകാശമാണ്. അനിവാര്യതയാണ്.
അതിനപ്പുറം കേരളചരിത്രത്തിലെയും എക്കാലത്തെയും പ്രസക്ത നാമങ്ങളിലൊന്നാണ് ഗുരു. ഭാരതസര്‍ക്കാര്‍ മഹാരഥന്‍മാരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പും നാണയവും പുറത്തിറക്കിയപ്പോള്‍ ആദ്യം പരിഗണിച്ച മലയാളിയും ഗുരുദേവനാണ്.
നമുക്കറിയാം, കേരളചരിത്രം ആകമാനം പരിശോധിച്ചാല്‍ വളരെ ഉപരിപ്ലവതലത്തില്‍ പ്രവര്‍ത്തിച്ചവരും ഉപരിതലസ്പര്‍ശിയായ നിലപാടുകള്‍ സ്വീകരിച്ചവരും മഹത്ത്വത്തിന്റെ കരിമ്പടം പുതച്ച് ചരിത്രത്തില്‍ സ്ഥാനം പിടിച്ചു നില്‍പ്പുണ്ട്. എന്നാല്‍ അവരില്‍ ആര്‍ക്കും വിഭാവനം ചെയ്യാനോ സങ്കല്‍പ്പിക്കാനോ കഴിയാത്ത വിധം തന്റെ വാക്കുകളിലുടെയും പ്രവര്‍ത്തികളിലുടെയും കൃതികളിലുടെയും പ്രഭാഷണങ്ങളിലൂടെയും ഗുരു നിര്‍വഹിച്ച ധര്‍മ്മവും കര്‍മ്മവും ചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളില്‍ നിത്യശോഭയോടെ വിരാജിക്കുക തന്നെ ചെയ്യും.
ഗുരുസ്മരണ പുതുക്കുന്ന ഈ സന്ദര്‍ഭത്തില്‍ എല്ലാ ശ്രീനാരായണീയര്‍ക്കും എന്റെ ഗുരുജയന്തി ദിനാശംസകള്‍…