ഗുരുദേവ ചൈതന്യം ലോകത്തിന് പ്രഭ

ദൈവദശകത്തില്‍ ”നിന്നിലസ്പന്ദമാകണം” എന്ന വാക്കിന്റെ സാരം മനസിനെ ആത്മാവില്‍ ലയിപ്പിക്കണമെന്നാണ്. അപ്പോള്‍ പരമാത്മചൈതന്യമായി മാറുന്നു. ഇത് വിദ്യാമാര്‍ഗ്ഗം എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണ ഗുരുദേവന്‍ ഈ മാര്‍ഗ്ഗത്തിലാണ് പരമാത്മ ചൈതന്യമായി മാറിയത്. ആ ചൈതന്യത്തിന്റെ പ്രഭയാണ് നമ്മുടെ നാടിന്റെ നവോത്ഥാന ചരിത്രത്തിന് വെളിച്ചംപകര്‍ന്നത്.
വിദ്യാമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ തന്റെ ആത്മ ചൈതന്യത്തിന്റെ വെളിച്ചത്തില്‍ മഹത്തായ കര്‍മ്മങ്ങള്‍ ചെയ്ത് ഐശ്വര്യവുംസന്തോഷവും കണ്ടെത്തുന്നു

ശ്രീനാരായണ
ഗുരുദേവന്റെ 168-ാമത് ജയന്തി​ ആഘോഷം
സെപ്തംബർ 10 ന്

ഒരു നാടിന്റെ മഹത്വം അതിന്റെ സാംസ്‌കാരികമായ ഉന്നതിയാണ്. ഭാരതം എന്നാല്‍ ജ്ഞാനികള്‍ രമിക്കുന്ന നാട് എന്നാണ് പണ്ഡിതര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അവരുടെ ജ്ഞാനമാണ് പരമാത്മ ചൈതന്യത്തെ ലോകത്തിന് കാട്ടിത്തന്നത്. മനുഷ്യരും മറ്റു ജീവികളും പരമാത്മാവില്‍ നിന്നും ഉണ്ടാകുന്നു. (ഗുരുവിന്റെ ഗദ്യപ്രാര്‍ത്ഥനയില്‍). പരമാത്മാവിനെ ഒരു മഹാ സമുദ്രമായി കണക്കാക്കുക. അതിലെ ഓരോ ജലകണികയും വ്യത്യസ്തങ്ങളായ ജീവികളുടെ സ്ഥൂല ശരീരങ്ങളാണ്. ആ ജല കണികയായ ആത്മാവ് മനുഷ്യരില്‍ മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്നു. അതിന് കുണ്ഡലിനി പ്രാണന്‍ എന്നും പേരുണ്ട്. ഈ ജീവാത്മാവിനെ യോഗവിദ്യകൊണ്ട് ഊര്‍ദ്ധ്വഗമനം നടത്തിച്ചാല്‍ (യോഗശിഖോപനിഷത്തിലും യോഗസ്ത്രഗ്രന്ഥങ്ങളിലും ആചാര്യന്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്). ജീവാത്മാവ് ചിതാകാശത്തില്‍ സഹസ്രാരത്തിന് ഉപരിയായുള്ള പരമാത്മ ബിന്ദുവില്‍ ലയിപ്പിക്കുന്നു. അതില്‍ മനസിനെയും ലയിപ്പിക്കുന്നു. ഗുരു രചിച്ച ദൈവദശകത്തില്‍ ”നിന്നിലസ്പന്ദമാകണം” എന്ന വാക്കിന്റെ സാരം മനസിനെ ആത്മാവില്‍ ലയിപ്പിക്കണമെന്നാണ്. അപ്പോള്‍ പരമാത്മ ചൈതന്യമായിമാറുന്നു. ഇത് വിദ്യാമാര്‍ഗ്ഗം എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണ ഗുരുദേവന്‍ ഈ മാര്‍ഗ്ഗത്തിലാണ് പരമാത്മ ചൈതന്യമായി മാറിയത്. ആ ചൈതന്യത്തിന്റെ പ്രഭയാണ് നമ്മുടെ നാടിന്റെ നവോത്ഥാന ചരിത്രത്തിന് വെളിച്ചംപകര്‍ന്നത്. വിദ്യാമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ തന്റെ ആത്മ ചൈതന്യത്തിന്റെ വെളിച്ചത്തില്‍ മഹത്തായ കര്‍മ്മങ്ങള്‍ ചെയ്ത് ഐശ്വര്യവും സന്തോഷവും കണ്ടെത്തുന്നു.

പരമാത്മ ചൈതന്യം തന്റെ മായാശക്തിയാല്‍ സൃഷ്ടിക്കുന്ന സങ്കല്പ രൂപമാണ് പ്രപഞ്ചം. ആ പ്രപഞ്ചം മനുഷ്യരില്‍ മനസ് എന്ന മായ ശക്തിയായി അനുഭവിപ്പിക്കുന്നു. അത്‌കൊണ്ടാണ് ദൈവദശകത്തില്‍ ”നീയല്ലോ മായയെ നീക്കിസ്സായൂജ്യം നല്‍കുമാര്യനും” എന്നു പറഞ്ഞിരിക്കുന്നത്.

മനസ് എന്ന മായശക്തി, ആഗ്രഹങ്ങളുടെ രാജാവാണ്. ഭൗതിക ജീവിത തലത്തെ നിയന്ത്രിക്കുന്നതും മനസ്സാണ്. മനസ്സിന്റെ ആഗ്രഹങ്ങള്‍ അനുസരിച്ച് ഉണ്ടും ഉറങ്ങിയും രമിച്ചും സുഖിച്ചും സമ്പാദിച്ചും ജീവിക്കാന്‍ ശ്രമിക്കുന്നു. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ (ലക്ഷ്യം നടക്കാതെ) ദേഷ്യവും കോപവും ക്രൂരതകളും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അപ്പോള്‍ പലപ്പോഴും പലരും സാമൂഹിക വിപത്തുകള്‍ സൃഷ്ടിച്ച് കുടുംബത്തിനും സമൂഹത്തിനും ശാപമായി മാറുന്നു. അവസാനം രോഗത്തിന്റെ പിടിയിലകപ്പെട്ടോ മക്കളുടെ അവഗണനയുടെ ദുഃഖത്തിലകപ്പെട്ടോ മരണത്തിലെത്തപ്പെടുന്നു. എല്ലാ ജീവികളും അവരവരുടെ ശരീരത്തില്‍ ചൈതന്യം നില്ക്കാനുള്ള കാലാവധി പൂര്‍ത്തിയായാല്‍ ആ ശരീരം ഉപേക്ഷിക്കണം.

മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവികളും ശരീരം ഉപേക്ഷിച്ച ആത്മാവായി ആ മഹാസമുദ്രത്തില്‍ വേറിട്ടു നില്‍ക്കാതെ ഒന്നായി മാറുന്നു. അങ്ങിനെ ഏകത്വത്തില്‍ നിന്നും നാനാത്വത്തിലേക്കും നാനാത്വത്തില്‍ നിന്നും ഏകത്വത്തിലേക്കും എത്തുന്നു. ഇത് സാധാരണ ഗതിയിലുള്ള ജീവിതത്തിന്റെ അവസ്ഥകള്‍. ശ്രീനാരായണ ഗുരുവിന്റെ ചൈതന്യത്തിന്റെ പ്രസക്തി അറിയണമെങ്കില്‍ ചരിത്രപരമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ അറിയണം. ചരിത്രാതീതകാലം മുതല്‍ പ്രപഞ്ചത്തില്‍ രണ്ടുതരം ശക്തികളുടെ സ്വാധീനം ഉണ്ട്. അത് എക്കാലവും ഉണ്ടായിക്കൊണ്ടിരിക്കും. ഒന്ന് ധര്‍മ്മത്തിന്റേത്. മറ്റൊന്ന് അധര്‍മ്മത്തിന്റേത്. അല്ലെങ്കില്‍ ഒന്ന് സത്യത്തിന്റെയും മറ്റൊന്ന് അജ്ഞതയുടേയും ശക്തികള്‍. അത് പല സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ദേവാസുരയുദ്ധം, രാമരാവണയുദ്ധം, മഹാഭാരത യുദ്ധം, ലോകമഹായുദ്ധം. ഈ യുദ്ധങ്ങള്‍ വരുത്തിവച്ച നാശനഷ്ടങ്ങള്‍ ചിന്തിയ്ക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു.

എന്നാല്‍ കേരളത്തിലും ബ്രാഹ്മണാധിപത്യത്തില്‍ കറുത്തിരുണ്ട സാമൂഹിക പശ്ചാത്തലം ഉണ്ടായിരുന്നു. അവരുടെ ക്രൂരമായ ചെയ്തികള്‍ പിന്നോക്ക ജനതയുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി. അവരെ ആ ദുരിതത്തില്‍ നിന്നും രക്ഷിക്കേണ്ടതും അവരുടെ ജീവിതത്തിന് വെളിച്ചം പകരേണ്ടതും ശ്രീനാരായണ ഗുരുവിന്റെ നിയോഗമായി മാറി. അതിനായി ഗുരുദേവന്‍ ആരോടും കലഹിച്ചില്ല. യുദ്ധം ചെയ്തില്ല. നാശനഷ്ടങ്ങള്‍ വരുത്തിയില്ല. 1888-ലെ ശിവരാത്രി നാളില്‍ ശങ്കരന്‍ കുഴിയില്‍ നിന്നും മുങ്ങിയെടുത്ത ശിലാഖണ്ഡത്തെ അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചു. ആ പ്രതിഷ്ഠയിലൂടെ ഉണ്ടായ ചൈതന്യത്തിന്റെ പ്രഭയുടെ പ്രകാശം. ബ്രാഹ്മണാധിപത്യത്തിന്റെ അധമമായ ശക്തിയെ നിര്‍വീര്യമാക്കുകയുണ്ടായി. ആ ചൈതന്യത്തിന്റെ പ്രഭ സത്യത്തിന്റെ വെളിച്ചമായി മാറി. കൂരിരുട്ടുള്ള രാത്രിയില്‍ സൂര്യനുദിച്ചപോലെയായി. ഗുരുവിന്റെ ചൈതന്യത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്ന ആത്മോപദേശ ശതകത്തിലെ ഈ വരികള്‍ ”ഒരു പതിനായിരമാദിതേയരൊന്നായ് വരുവതുപോലെ വരും വിവേകവൃത്തി” ഈ വരികള്‍ ആരംഭിക്കുന്ന ശ്ലോകം പഠിച്ചാല്‍ ഒരു പതിനായിരം സൂര്യന്റെ പ്രഭപോലും ശോഭിക്കാന്‍ കഴിയും എന്നാണ്.

പ്രതിഷ്ഠ സംബന്ധമായ രീതിയനുസരിച്ച് പ്രതിഷ്ഠ നടത്തുന്ന പുണ്യാത്മാവിന്റെ ചൈതന്യത്തിന്റെ ഒരു പ്രത്യേക ശതമാനം പ്രതിഷ്ഠയില്‍ സമര്‍പ്പിക്കണം. ഇവിടെ സമ്പൂര്‍ണ്ണ ചൈതന്യമുളള ഗുരുദേവനാണ് പ്രതിഷ്ഠ നടത്തിയത്. അതുകൊണ്ട് പ്രതിഷ്ഠയ്ക്ക് സമ്പൂര്‍ണ്ണ ചൈതന്യം ഉണ്ടാകും.

സമ്പൂര്‍ണ്ണമായതില്‍ നിന്നും എത്ര കൊടുത്താലും കുറവുണ്ടാവുകയില്ല. ദാരിദ്രത്തിലകപ്പെട്ട കുചേലന്‍ സതീര്‍ത്ഥ്യനായ ശ്രീകൃഷ്ണനെ അവിലുമായി കാണാന്‍പോയി. കുചേലന്റെ കൈയിലെ അവില്‍ കഴിച്ചു തുടങ്ങിയപ്പോള്‍ കുചേലന്റെ കുടുംബത്തില്‍ ഐശ്വര്യ സൗഭാഗ്യം വേണ്ടുവോളമായി. എന്നാല്‍ ദ്വാരകയില്‍ ഒന്നിനും ഒരു കുറവും സംഭവിച്ചില്ല. സൂര്യന്‍ എന്നും രശ്മികളെ വര്‍ഷിക്കുന്നുണ്ട് എന്നാല്‍ സൂര്യരശ്മിയുടെ പ്രഭ കുറയാറില്ല. അതുപോലെയാണ് ഗുരുവിന്റെ ചൈതന്യവും എന്നും പൂര്‍ണ്ണ ചൈതന്യത്തോട് പ്രകാശിച്ചുകൊണ്ടിരിക്കും.

അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പിന്നോക്ക ജനവിഭാഗങ്ങളില്‍ അമിതമായ ആത്മവിശ്വാസവും പ്രതീക്ഷയും വളര്‍ന്നു. ക്ഷേത്രങ്ങള്‍ മനുഷ്യരുടെ ആവശ്യമായിമാറി. നാട്ടിലും മറുനാട്ടിലും നിരവധി ക്ഷേത്രങ്ങളില്‍ ഗുരു പ്രതിഷ്ഠ നടത്തി . ദേവീദേവന്മാരെ കൂടാതെ മറ്റു സങ്കല്പങ്ങളിലും ഗുരു പ്രതിഷ്ഠ നടത്തി. ഗുരുവിന്റെ പാദസ്പര്‍ശമേറ്റ സ്ഥലങ്ങളില്‍ ഐശ്വര്യവും അഭിവൃദ്ധിയും ആളുകളില്‍ ഭക്തിയും വളര്‍ന്നു. ഗുരുവിന്റെ ചൈതന്യവലയത്തിലകപ്പെട്ട കൊച്ചാപ്പിപ്പിള്ള പിന്നീട് ശിവലിംഗദാസ സ്വാമികള്‍ ആയി. അതുപോലെ നിരവധി സന്യാസി ശ്രേഷ്ഠന്‍മാരെ വളര്‍ത്തിയെടുത്തു. വിദ്യാഭ്യാസത്തെ മനുഷ്യ പുരോഗതിയുടെ അടിസ്ഥാന ഘടകമായി ഗുരു കണ്ടു. കുമാരുവിനും അയ്യപ്പനും കേശവനും ഉന്നതവിദ്യാഭ്യാസത്തിനുവേണ്ട സഹായങ്ങള്‍ ചെയ്തു. വിദ്യാഭ്യാസം കഴിഞ്ഞു തിരിച്ചെത്തിയ കുമാരനാശാനും, സഹോദരനയ്യപ്പനും, സി കേശവനും നിരവധി ഭക്തന്മാരും ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ സാമൂഹിക ദുരവസ്ഥയെ മാറ്റിമറിച്ചു. കറയറ്റ ജീവിത സമര്‍പ്പണത്തിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ നവോത്ഥാന ചരിത്രത്തിന്റെ മുഖ്യ ശില്പികളായി അവര്‍ മാറി.

ഔഷധപ്രയോഗങ്ങള്‍കൊണ്ട് മാറാത്ത വ്യാധികളെ ഗുരുവിന്റെ ദര്‍ശനം കൊണ്ടോ സ്പര്‍ശനം കൊണ്ടോ ഏതെങ്കിലും ഫലമൂലാദികൊണ്ടോ സുഖം പ്രാപിച്ച ധാരാളം അനുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജിയും ഗുരുവും തമ്മില്‍ നടത്തിയ സംഭാഷണം മഹാത്മാഗാന്ധിയില്‍ പോലും മാറ്റം വരുത്തി. ഗുരുവിനെ ദര്‍ശിച്ച രബീന്ദ്രനാഥ ടാഗോര്‍ ഗുരുവിന്റെ ചൈതന്യത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്.

ഗുരുദേവ കൃതികളെക്കുറിച്ചും ഗുരുവിനെക്കുറിച്ചും ധാരാളം പുസ്തകങ്ങള്‍ ലഭ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിനു പാശ്ചാത്യനാട്ടിലേക്കുപോയ നടരാജഗുരു ആത്മീയ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചില്ല.

ഗുരുദേവ കൃതികളെക്കുറിച്ചും ഗുരുവിനെക്കുറിച്ചും ധാരാളം പുസ്തകങ്ങള്‍ ലഭ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിനു പാശ്ചാത്യനാട്ടിലേക്കുപോയ നടരാജഗുരു ആത്മീയ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചില്ല. പ്രശസ്തങ്ങളായ ധാരാളം പുസ്തകങ്ങള്‍ രചിക്കുകയുണ്ടായി. ആത്മീയ ഉന്നതിയിലെത്തി സമാധിയായി. ‘ഗുരുദേവ കൃതികള്‍ അറിവിന്റെ അക്ഷയ നിധിയാണ്.’ ഗുരുവിന്റെ ദൈവദശകം നൂറിലധികം ഭാഷയില്‍ വിവര്‍ത്തനം ചെയ്തു കഴിഞ്ഞു. മറ്റൊരു ദാര്‍ശനിക കൃതിയായ ആത്മോപദേശശതകം ഗുരുദേവ ദര്‍ശനത്തില്‍ ആകൃഷ്ടയായ ഇറ്റലിയിലെ എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. സെബ്രിനലെയ് ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഗുരുദേവ ദര്‍ശനത്തിന്റെ അതിസൂക്ഷ്മതയെക്കുറിച്ചു ചിന്തിക്കാം. ഓരോ മനുഷ്യന്റെയും ജന്മത്തിന്റെ സത്യസ്ഥിതിയുടെയും ജീവിതാവസ്ഥയുടെയും കാരണം അറിയാന്‍ വഴിയൊരുക്കുകയാണ് ”പിണ്ഡനന്ദി”-യെന്ന കൃതി. അഴകും ആരോഗ്യവും കായികശേഷിയുമുള്ള മനുഷ്യന്റെ സൂക്ഷ്മാവസ്ഥയാണ് ‘ബീജാണു’. ചെറിയ ആഞ്ഞിലിക്കുരുവില്‍ നിന്നും ഉണ്ടായ വലിയ ആഞ്ഞിലിമരംപോലെ, ഒരു കുട്ടിയാകാന്‍ പോകുന്ന ബീജാണു പുരുഷന്റെ ബീജത്തിലൂടെ സ്ത്രീയുടെ ഗര്‍ഭത്തില്‍ എത്തുന്നു. അതിനെ ഗര്‍ഭപാത്രം ഭദ്രമായി കാത്തുസൂക്ഷിക്കുന്നു. അതിനാവശ്യമായ പരിണാമങ്ങള്‍ ഉണ്ടാകേണ്ട സമയത്ത് പ്രപഞ്ച ശക്തികളുടെ അനുഗ്രഹത്താല്‍ സൃഷ്ടി നടക്കുന്നു. ആ കുട്ടിക്ക് അനുയോജ്യമായ രൂപഘടനയോടുകൂടി സൃഷ്ടി അതിന്റെ വൈഭവം കാട്ടുന്നു. ഗര്‍ഭസ്ഥ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അരുമയായ കുഞ്ഞു ജനിക്കുന്നു. അരുമക്കുഞ്ഞായി മാറിയ ബീജാണുവില്‍ ചൈതന്യത്തെയും ശക്തിസ്രോതസ്സുകളെയും കുറിച്ച് ഗുരു പിണ്ഡനന്ദിയുടെ ഈ വരികളിലൂടെ പറയുന്നത് നോക്കാം. ”മണ്ണും ജലം കനലു മംബരമോടുകാറ്റു മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി അതിസൂക്ഷ്മമായ ബീജാണുവിന്റെ ശരീരം പഞ്ചഭൂതങ്ങളെ കൃത്യമായി കൂട്ടിച്ചേര്‍ത്ത് ശരീരം ഉണ്ടാക്കുകയാണ്. അതില്‍ ഒരു ജന്മം നിലനില്‍ക്കാനുള്ള ചൈതന്യത്തെയും തരുന്നതായി പറഞ്ഞിരിക്കുന്നു. (നാലാമത്തെ വരിയില്‍) (പിണ്ഡത്തിനന്നമൃതുനല്‍കി) അമൃത്-നാശമില്ലാത്തത് (ആത്മചൈതന്യം)

അതുകൂടാതെ ജീവിതവുമായി ബന്ധപ്പെട്ട സത്യങ്ങളും അടങ്ങിയിട്ടുണ്ടെന്നു വ്യക്തമാക്കുന്നു. ഈ സത്യം കോടികള്‍ മുടക്കി ഏതെങ്കിലും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കണ്ടെത്തിയതല്ല. ഗുരുദേവന്റെ ദര്‍ശനത്തിന്റെ സൂക്ഷ്മമായ ശക്തിവിശേഷമാണ്. ഈ വസ്തുതകളെ വിപുലമായി പ്രതിപാദിച്ചുകൊണ്ട് ഞാന്‍ രചിച്ച ഒരു ഗ്രന്ഥമാണ് ”ജന്മരഹസ്യം” മനുഷ്യശരീരത്തിലുള്ള ചൈതന്യവും ശക്തിസ്രോതസ്സുകളും തന്നെയാണ് ഈ ലോകത്തുള്ളതെന്നും ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ ഈ വരികള്‍ വ്യക്തമാക്കുന്നു.
”പരമൊരു വിണ്ണു പരന്ന ശക്തി കാറ്റാം
മറിവനലന്‍ ജലമക്ഷമിന്ദ്രിയാര്‍ത്ഥം
ധരണിയിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.”
ബീജാണു മുതല്‍ ഈ ലോകവും അതിലെ സകല ജീവജാലങ്ങളും പരമാത്മാവാകുന്ന ചൈതന്യത്തില്‍ നിന്നും ഉണ്ടായതാണ്. ഇതാണ് ഗുരുവിന്റെ ഏകലോക ദര്‍ശനം. ഓരോ ജീവാത്മ ചൈതന്യത്തിനും അത് സ്വീകരിച്ചിരിക്കുന്ന ശരീരത്തില്‍ നിലകൊള്ളുന്നതിന് കാലത്തിന്റെ പരിമിതികളുണ്ട്. എല്ലാ ജീവികളുടെയും ശരീരം ഉപേക്ഷിക്കുന്ന ആത്മാവ് മഹാസമുദ്രമാകുന്ന പരമാത്മാവില്‍ ലയിക്കുകയാണ്. എന്നാല്‍ ശ്രീനാരായണ ഗുരുദേവനിലുള്ളത് സമ്പൂര്‍ണ്ണ ചൈതന്യമാണെങ്കിലും ശരീരത്തില്‍ നിലകൊള്ളുന്നതിന് കാലത്തിന്റെ പരിമിതിയുണ്ട്. ഗുരുവിന്റെ പരമമായ ചൈതന്യത്തിന് സ്ഥായിയായി നിന്നു പ്രകാശിക്കുവാന്‍ ഒരു കേന്ദ്രസ്ഥാനം വേണം. അതിനു പ്രപഞ്ചം ഒരുക്കിത്തന്നതാണ് ശിവഗിരി. ശിവം എന്നാല്‍ ചൈതന്യം എന്നാണ്. ഗിരിയെന്നാല്‍ കൊടുമുടിയെന്നും. ശിവഗിരിയെന്നാല്‍ ചൈതന്യത്തിന്റെ കൊടുമുടിയെന്നാണ്. ഭക്തിപൂര്‍വ്വം വ്രതാനുഷ്ഠാനങ്ങളോടുകൂടി ശിവഗിരിയില്‍ എത്തുന്ന ഭക്തര്‍ക്ക് ഗുരുദേവ ചൈതന്യത്തിന്റെ ശീതളിമ അനുഭവിച്ചറിയാം.

അവിടെ ശാരദാ ദേവിയുടെ ദിവ്യപ്രഭയും ഗുരുവിന്റെ സമ്പൂര്‍ണ്ണ ചൈതന്യവും കൂടി നിറഞ്ഞു നില്ക്കുമ്പോഴുള്ള പ്രഭയുടെ പ്രകാശത്തിന്റെ വെളിച്ചം എത്ര വലുതായിരിക്കും. അതുകൊണ്ട് ശിവഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമാകേണ്ടത് കാലത്തിന്റെ ആവശ്യമായിരിക്കാം. ആ ആവശ്യം നിറവേറ്റാന്‍ ഏതാനും ഗുരുഭക്തര്‍ (1103 മകരം 3) 1928 ന് ഈ ആവശ്യവുമായി ഗുരുവിനെ സമീപിച്ചു. ചില ആശയവിനിമയങ്ങള്‍ക്ക് ശേഷം തീര്‍ത്ഥാടനത്തിന് അനുമതി നല്‍കി. തീര്‍ത്ഥാടകര്‍ പാലിക്കേണ്ട നിഷ്ഠകളെക്കുറിച്ചും തീരുമാനിച്ചു. തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്തായിരിക്കണമെന്ന് ഗുരു അക്കമിട്ടു പറഞ്ഞു. (1) വിദ്യാഭ്യാസം (2) ശുചിത്വം (3) ഈശ്വര ഭക്തി (4) സംഘടന (5) കൃഷി (6) കച്ചവടം (7) കൈത്തൊഴില്‍ (8) സാങ്കേതിക ശാസ്ത്ര പരിശീലനം. തീര്‍ത്ഥാടകരായി എത്തുന്നവര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവു പകര്‍ന്നു കൊടുക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കണം എന്നും നിര്‍ദ്ദേശിക്കുന്നു. തീര്‍ത്ഥാടകരായി എത്തുന്നവര്‍ ഈ എട്ടു വിഷയങ്ങളെക്കുറിച്ച് അറിവുനേടി സംസ്‌കാരത്തോടും ഐശ്വര്യത്തോടും പുതിയ ജീവിതം നയിക്കണമെന്നായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഭക്തി അറിവുനേടാനുള്ള മാര്‍ഗ്ഗം കൂടി ആയിരിക്കണം. വാല്മീകി രാമായണത്തില്‍ ഇത് പറയുന്നുണ്ട്.

ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി കൊടുത്തതിനുശേഷം കൂടുതല്‍ താമസിയാതെ ഗുരുവിന് ദേഹാലസ്യം ആരംഭിച്ചു. പ്രസിദ്ധരും പ്രശസ്തരുമായ അലോപ്പതി ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ ചികിത്സയില്‍ നാട്ടിലും മറുനാട്ടിലും കുറെ മാസങ്ങള്‍ കഴിച്ചുകൂട്ടി. അസുഖത്തിനു കാര്യമായ ശമനം ഉണ്ടാകാത്തതിനാല്‍ ശിവഗിരിയില്‍ തിരിച്ചെത്തി. ഗുരു സമ്പൂര്‍ണ്ണ ചൈതന്യമാണെങ്കിലും ശരീരത്തിന് കര്‍മ്മത്തിന്റെ കാലാവധിയുണ്ടല്ലോ. ശിവനും വിഷ്ണുവും പോലും ശരീരത്തെ ഉപേക്ഷിച്ച് ചൈതന്യത്തെ മഹാസമാധിയിലൂടെ ബ്രഹ്മസമര്‍പ്പണം നടത്തിയതായി യോഗ ശാസ്ത്രഗ്രന്ഥമായ ഹംസയോഗ പ്രവേശിക പേജ് 134-ല്‍ കാണുന്നു. ആ ചൈതന്യം ഇന്നും ലോകം വ്യാപിച്ചു നില്ക്കുന്നുണ്ട്. ഗുരുവിന്റെ മഹാസമാധിയും അടുത്തതായി ഗുരു തന്നെ മനസ്സിലാക്കി. നേരത്തെ ഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ കാശി സിദ്ധന്‍ സമാധി മണ്ഡപത്തിന് കല്ലിട്ടിരുന്നു. സാമാധിയെക്കുറിച്ചുള്ള സൂചന ശിഷ്യന്മാര്‍ക്ക് കൊടുത്തിരുന്നു. അടുത്ത വ്യാഴഹോരയ്ക്ക് ഗുരുവിന് പോകുവാന്‍ നല്ല സമയമാണല്ലോ. കന്നി അഞ്ച് ഉച്ചകഴിഞ്ഞ് ജീവന്‍മുക്തി ഭാഗം വായിക്കാന്‍ ആവശ്യപ്പെട്ടു. ഗുരുവിന്റെ മുറിയുടെ വാതില്‍ക്കല്‍ ഇരുന്ന് വിദ്യാനന്ദ സ്വാമി ആ ഭാഗം വായിക്കുന്നു. ഭാര്‍ഗ്ഗവന്‍ വൈദ്യനും അച്യുതാനന്ദ സ്വാമിയും മാത്രമേ ഗുരുവിന്റെ സമീപം ഉള്ളൂ. ഏകദേശം മൂന്നര മണിയായി. തൃപ്പാദങ്ങള്‍ തനിയെ എണീറ്റു കട്ടിലില്‍ ഏതാണ്ട് പത്മാസനത്തില്‍ ഇരുന്നു. നമുക്കിപ്പോള്‍ സുഖം തോന്നുന്നു എന്നുമൊഴിഞ്ഞതും ഒരു മിന്നല്‍പോലെ തോന്നുകയും ചെയ്തു. തൊട്ടടുത്തിരുന്ന അച്യുതാനന്ദ സ്വാമി താങ്ങുന്നതായി കണ്ടു. തന്റെ ആത്മീയ യാത്രയിലൂടെ സ്വായത്തമാക്കിയ ചൈതന്യത്തിന്റെ പ്രഭ തനിക്കു ചുറ്റുമുള്ളവരുടെ വെളിച്ചത്തിനായി പ്രയോഗിച്ചു. ഭ്രാന്താലയമായ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി. നവയുഗ സൃഷ്ടിക്കായുള്ള പ്രകാശവും പരത്തി. ഈ കാലമത്രയും കൂടെയുണ്ടായിരുന്ന പരമാത്മ ചൈതന്യത്തെ ലോകനന്മയ്ക്കായി മഹാസമാധിയിലൂടെ ബ്രഹ്മസമര്‍പ്പണം നടത്തിയ പുണ്യദിനമാണ് കന്നി അഞ്ച് ഗുരു സമാധി. ബ്രഹ്മം ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ട് ഗുരുദേവ ചൈതന്യം ലോകത്തിന് പ്രഭയായി.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസം ലോകരാജ്യങ്ങളില്‍ വിപ്ലവകരമായ പുരോഗതിയുണ്ടാക്കി. ഭൗതിക ജീവിതത്തിനായി വിസ്മയകരമായ അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.

ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികാസം ലോകരാജ്യങ്ങളില്‍ വിപ്ലവകരമായ പുരോഗതിയുണ്ടാക്കി. ഭൗതിക ജീവിതത്തിനായി വിസ്മയകരമായ അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. കൊച്ചുകുട്ടികള്‍ മുതല്‍ അതിന്റെ സ്വാധീന വലയില്‍ അകപ്പെട്ടുകഴിഞ്ഞു. ഭൗതിക ജീവിത സുഖത്തോടുള്ള അമിതമായ ആസക്തി മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നു. അതു നമ്മുടെ മാനുഷിക മൂല്യങ്ങളെപ്പോലും അവഗണിക്കുന്നു. വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്ന മാതാപിതാക്കളോടുപോലും നീതി പുലര്‍ത്താത്ത ധാരാളം മക്കളുണ്ട്. ഭൗതിക ജീവിതസന്തോഷത്തിനായി പലതരത്തിലുള്ള അധമ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അവിഹിതമായി പണം സമ്പാദിക്കുന്നത് സമൂഹത്തിന് തീരാശാപമായി മാറിയിരിക്കുന്നു. എന്തു നീചകൃത്യം ചെയ്യാനും മടിയില്ലാത്തവര്‍ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്നു. സനാതന ധര്‍മ്മത്തെ പുനഃസ്ഥാപിച്ച ശ്രീനാരായണ ഗുരുദേവ ചൈതന്യത്തെക്കുറിച്ച് ശിവഗിരിയുമായ ബന്ധപ്പെട്ട പരിപാടിയുടെ ലോഗോ പ്രകാശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശ്രദ്ധേയമാണ്. ”ഗുരുദേവന്‍ ഭാരതത്തിന്റെ ചൈതന്യം” .

Author

Scroll to top
Close
Browse Categories