സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തരുത്
കേരളത്തിലെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ആശ്രയമാണ് സഹകരണ സ്ഥാപനങ്ങള്‍, വിശേഷിച്ച് പ്രാഥമിക സഹകരണ ബാങ്കുകള്‍. പശുവിനെ വാങ്ങാനും മക്കളെ കെട്ടിക്കാനും പഠിപ്പിക്കാനും ചികിത്സാ ചെലവിനും അത്യാവശ്യത്തിന് സ്വര്‍ണം പണയം വയ്ക്കാനും മറ്റും വട്ടിപ്പലിശക്കാരെ ഒഴിവാക്കി അവര്‍ ഓടിയെത്തുന്നത് ഇവിടേക്കാണ്. തങ്ങളുടെ ജീവിതസമ്പാദ്യം നിക്ഷേപിക്കാനും ആദ്യം പരിഗണിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. പക്ഷേ, കുറച്ചുനാളായി സഹകരണ ബാങ്കുകളുടെ ക്രൂരകൃത്യങ്ങളുടെ വാര്‍ത്തകളാണ് മാദ്ധ്യമങ്ങളില്‍ നിറയുന്നത്.
സംസ്ഥാനത്ത് 1564 പ്രാഥമിക സഹകരണ ബാങ്കുകളുണ്ട്. 15,000 ല്‍ പരം സഹകരണ സ്ഥാപനങ്ങളും. ഇതില്‍ 164 സഹകരണ സ്ഥാപനങ്ങള്‍ കടക്കെണിയിലാണ്. അതിലൊന്നാണ് തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക്. ഇവിടുത്തെ നിക്ഷേപകര്‍ യാചകരെ പോലെ തങ്ങളുടെ നിക്ഷേപം തിരികെ കിട്ടാനായി അലയുകയാണ്. ഈ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും കൈയില്‍ പണമില്ലാതെ ചികിത്സ മുടങ്ങിയ കാറളം സ്വദേശിനി റിട്ട. നഴ്സ് ഫിലോമിനയെന്ന വൃദ്ധയുടെ ദയനീയ മരണമാണ് നമ്മുടെ മന:സാക്ഷിയെ കരയിക്കുന്നത്. വാര്‍ദ്ധക്യത്തില്‍ തുണയാകേണ്ട ഫിലോമിനയുടെ വിരമിക്കല്‍ ആനുകൂല്യം ഇവിടെ നിക്ഷേപിച്ചത് മടക്കി നല്‍കാതെ ഈ ബാങ്ക് അവരെ മരണത്തിലേക്ക് പറഞ്ഞുവിട്ടു. കെടുകാര്യസ്ഥതയുടെ പേരില്‍ കുപ്രസിദ്ധമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക്. 300 കോടിയുടെ ക്രമക്കേട് ഇവിടെ നടന്നിട്ടുണ്ട്. ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ഉള്‍പ്പടെ 17 പേര് അറസ്റ്റിലുമായി.
സര്‍ക്കാര്‍ സംരക്ഷണവലയത്തിലുള്ള സ്ഥാപനമെന്ന വിശ്വാസ്യതയാണ് കരുവന്നൂരിലെ പോലെയുള്ള 164 സഹകരണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നശിപ്പിക്കുന്നത്. കെടുകാര്യസ്ഥതയും അഴിമതിയും ക്രമക്കേടുകളുമാണ് ഈ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയത്. നൂറുകണക്കിന് കോടി രൂപ കൈകാര്യം ചെയ്യുന്ന സഹകരണ ബാങ്കുകള്‍ക്ക് സമൂഹത്തോടും സര്‍ക്കാരിനോടും വലിയ ഉത്തരവാദിത്വമുണ്ട്. സഹകരണ ബാങ്കുകളെ നിരീക്ഷിക്കാനും ഓഡിറ്റിംഗിനും വിപുലമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
വലിയ പാരമ്പര്യമുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്. വാഗ്ഭടാനന്ദന് തുടക്കം കുറിച്ച ഊരാളുങ്കല്‍ സൊസൈറ്റിയും കേരള ബാങ്കും മികച്ച സഹകരണ ആശുപത്രികളും മില്‍മയും റബ്കോയും പോലുള്ള സഹകരണ വ്യവസായ സ്ഥാപനങ്ങളും രാജ്യത്തെ സഹകരണ മേഖലയ്ക്ക് തന്നെ മാതൃകയാണ്. വേറെ ബാങ്കുകള്‍ ഇല്ലാഞ്ഞിട്ടല്ല സേവനങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കുമായി മലയാളികള്‍ സഹകരണ ബാങ്കുകളിലേക്ക് എത്തുന്നത്. അത് തങ്ങളുടെ സ്വന്തം സ്ഥാപനമാണെന്ന വിശ്വാസം കൊണ്ട് കൂടിയാണ്. അവിടെയാണ് കുറച്ചു സ്ഥാപനങ്ങളിലെ കൊള്ളക്കാരും അഴിമതിക്കാരും ചേര്‍ന്ന് സഹകരണ പ്രസ്ഥാനത്തെ തന്നെ നാണം കെടുത്തുന്നത്. ഈ പ്രശ്നത്തെ ലാഘവബുദ്ധിയോടെ നേരിടാതെ കര്‍ക്കശമായ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുതിരണം. സഹകരണ മേഖല പൊതുവേ ഇടതുപക്ഷ സ്വാധീനത്തിലാണ്. അതുകൊണ്ട് തന്നെ ഇടതുസര്‍ക്കാരിന് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടിയെന്നതാണ് സഹകരണബാങ്കുകളുടെ ശക്തി. ആ വിശ്വാസം നഷ്ടപ്പെട്ടാല്‍ തകരുക ഈ മേഖല തന്നെയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സഹ. ബാങ്കുകളെയും അവയുടെ ബാദ്ധ്യതകളെയും ഏറ്റെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണം. പാവങ്ങള്‍ സ്വരുക്കൂട്ടിയ സമ്പത്താണ് ഈ സഹകരണ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന തുകയില്‍ അധികവും. ആ പരിഗണന ഓരോ പൈസയ്ക്കും വേണം. പണം തട്ടിച്ചവരില്‍ നിന്നും വീഴ്ചകള്‍ വരുത്തിയവരില്‍ നിന്നും എത്രയും വേഗം നഷ്ടം വീണ്ടെടുക്കണം. കോടികള്‍ വെട്ടിക്കുന്നവരില് പലരും ശിക്ഷ ഏറ്റുവാങ്ങി കൊള്ളമുതല്‍ കൊണ്ട് സകലസുഖസൗകര്യങ്ങളും അനുഭവിച്ച് രാജകീയമായി ജീവിക്കുന്നതും നാം കാണുന്നുണ്ട്. ഒട്ടേറെപേര്‍ തിരികെ സര്‍വീസിലും കയറുന്നുണ്ട്. വലിയ തട്ടിപ്പ് നടത്തിയാലും വലിയ ശിക്ഷയൊന്നും കിട്ടാനില്ലെന്ന ആത്മവിശ്വാസം ഇക്കൂട്ടര്‍ക്ക് ഊര്‍ജവുമാകുന്നു. സാമ്പത്തിക സ്ഥാപനങ്ങളിലെ തട്ടിപ്പുകാരെ അതീവ ഗൗരവത്തോടെ കടുത്ത ശിക്ഷയോടെ വിചാരണയ്ക്ക് അതിവേഗം വിധേയമാക്കുന്ന തരത്തില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്താനും പുതിയ നിയമനിര്‍മ്മാണം നടത്താനും സര്‍ക്കാര്‍ തയ്യാറാകണം. തട്ടിപ്പുകാരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കാരാഗൃഹങ്ങളിലേക്ക് പറഞ്ഞുവിടാനുമാകണം. മാതൃകാപരമായ നടപടികള്‍ കൊണ്ടാണ് ഈ പ്രതിസന്ധി പരിഹരിക്കരിക്കേണ്ടത്. ജനങ്ങളുടെ പണം വെട്ടിച്ചെടുത്ത് സ്വസ്ഥമായി ജീവിക്കാമെന്ന് ആരും വിചാരിക്കരുത്. അത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരാണ്. എത്രയും വേഗം ആ കര്‍ത്തവ്യം സര്‍ക്കാര്‍ നിര്‍വഹിക്കണം. ഇത്തരം വെട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ആവിഷ്കരിക്കണം. സഹകരണപ്രസ്ഥാനങ്ങളുടെ സാരഥികള്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കണം.
ജനങ്ങളുടേത് കൂടിയാണ് സഹകരണ പ്രസ്ഥാനം. അവിടെ ഭരണാധികാരികളാകുന്നവര് പണം കാണുമ്പോള്‍ കണ്ണുമഞ്ഞളിക്കുന്നവരാകരുത്. സഹകരണ പ്രസ്ഥാനങ്ങളിലെ ഭരണ സമിതിയിലേക്ക് മത്സരിക്കുന്നവരുടെ യോഗ്യതക്കുറവുകളും ക്രിമിനില്‍ വാസനകളുമാണ് ഈ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. നൂറുകണക്കിന് കോടി രൂപയുടെ നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും നടക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ഭരിക്കാന്‍ അതിന് തക്ക വിദ്യാഭ്യാസവും കാര്യശേഷിയുള്ളവരും തന്നെ വേണം. വിദ്യാഭ്യാസം, അനുഭവ സമ്പത്ത് എന്നിവ യോഗ്യതയാക്കിയാല്‍ പോലും കുഴപ്പമില്ല. ഭരണസമിതിയിലേക്ക് ആളെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം രാഷ്ട്രീയ കക്ഷികളും പരിഗണിക്കണം.
എങ്കിലേ നമ്മുടെ അഭിമാനമായി മാറേണ്ട സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നിലനിറുത്താനാകൂ. അതിന് ഒട്ടും അമാന്തം അരുത്.