നമുക്ക്
ചുറ്റുമുണ്ട്,
ആ കഥാപാത്രങ്ങൾ

നമ്മുടെ സ്കൂളുകളിൽ ഏറ്റവും കൂടുതൽ ആഘോഷപൂർവം ഏറ്റെടുക്കപ്പെടുന്ന ഒരു ദിനാചരണം ഇപ്പോൾ ബഷീറിന്റെ ഓർമ്മദിനമാണ്. വേഷങ്ങൾ അണിഞ്ഞ് കുട്ടികൾ സുഹ്റയെയും കേശവൻ നായരെയും പാത്തുമ്മയെയും മജീദിനെയും അവതരിപ്പിക്കുന്ന ദിനമാണ് അന്ന്.

വൈക്കം മുഹമ്മദ് ബഷീർ ആദ്യമായി തിരക്കഥ എഴുതിയത് ഭാർഗവീനിലയം എന്ന സിനിമയ്ക്ക് വേണ്ടിയാണ്. അത് തുടങ്ങുന്നത് ഇങ്ങനെ.

“പ്രപഞ്ചം അത്ഭുതസ്തബ്ധമായി രൂപരഹിതമായ കിനാവില്‍ മുഴുകി നില്‍ക്കുകയായി; ഒന്നും ഒരിലപോലും അനങ്ങുന്നില്ല. ഭയാനകമായ നിറഞ്ഞ നിശ്ശബ്ദത. “ഉയര്‍ന്ന കല്‍മതിലുകളാല്‍ ചുറ്റപ്പെട്ട വലിയ ഒരു പറമ്പ് നിറയെ വൃക്ഷങ്ങള്‍, നടുക്കൊരു ചെറിയ രണ്ടുനില മാളിക. അതില്‍ വെളിച്ചമില്ല. ജനാലകളെല്ലാം അടഞ്ഞു കിടക്കുന്നു. ഇലപ്പടര്‍പ്പുകളുടെ ഇടയിലൂടെ ദൂരെ റോഡില്‍ തെളിഞ്ഞു നില്‍ക്കുന്ന വിളക്കുകള്‍. അവ്യക്തതയോടെ മൂകമായ ഇരുളില്‍ ഭാര്‍ഗവീനിലയം..” കൃത്യമായ ചിത്രം ഭാർഗവി നിലയത്തിന്റേതായി വരയ്ക്കപ്പെട്ടു കഴിഞ്ഞു. വൺ ലൈനുമില്ല, ഷൂട്ടിങ് സ്ക്രിപ്റ്റുമില്ല, പരമ്പരാഗത തിരക്കഥാ രചനാരീതികളെ മാതൃകയാക്കിയുമില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒറ്റ എഴുത്ത്‌. സംവിധായകന് ഇനി മനസ്സിലാക്കാനും ചോദിക്കാനും ഒന്നും തന്നെ ഇല്ല. എല്ലാം സുവ്യക്തമായ ചിത്രങ്ങളായി ബഷീർ രേഖപ്പെടുത്തിയിരിക്കുന്നു.

പ്രതിഭാധനനായ വിൻസെന്റ് മാസ്റ്റർ എന്ന സംവിധായകന് ഈ എഴുതിയതൊക്കെ സെല്ലുലോയ് ഡിലേക്ക് ആവാഹിക്കുക എന്ന ജോലിയേ വേണ്ടി വന്നുള്ളൂ. ആ രചനാശൈലിയിലൂടെ പിറന്നു വീണത് എക്കാലവും മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു തിരക്കഥയാണ്. ഇന്നും ആർക്കും പിന്തുടരാൻ കഴിഞ്ഞിട്ടില്ലാത്ത രചനാശൈലിയിലൂടെ മലയാള സിനിമയുടെ ശൈശവ ദിശയിൽ തന്നെ ബഷീർ ഒരു സ്ഥാനലബ്ധി നേടുകയായിരുന്നു. മുൻ മാതൃകകൾ അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നില്ല. അതിന് മുൻപൊരിക്കലും തിരക്കഥ എഴുതാത്ത ഒരാൾ സിനിമയ്ക്ക് വേണ്ടി എഴുതുകയും അതിനെ അഭ്രപാളിയിൽ വിസ്മയമാക്കുകയും ചെയ്തത് കൗതുകത്തോടെ മലയാളികൾ നോക്കിക്കണ്ടു.

‘നീലവെളിച്ചം’ എന്ന ബഷീർ കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം വേണ്ടിവന്നപ്പോൾ ബഷീർ തന്നെ എഴുതട്ടെ എന്ന ഒരേ തീരുമാനത്തിൽ നിർമാതാവും സംവിധായകരും സുഹൃത്തുക്കളും എത്തുകയായിരുന്നു. കറുപ്പിലും വെളുപ്പിലുമായി പിറന്ന ഭാർഗവി നിലയമെന്ന ആ ചലച്ചിത്ര കാവ്യം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരു കൗതുകമായി നിലനിൽക്കുന്നു.

‘നീലവെളിച്ചം’ എന്ന ബഷീർ കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം വേണ്ടിവന്നപ്പോൾ ബഷീർ തന്നെ എഴുതട്ടെ എന്ന ഒരേ തീരുമാനത്തിൽ നിർമാതാവും സംവിധായകരും സുഹൃത്തുക്കളും എത്തുകയായിരുന്നു. കറുപ്പിലും വെളുപ്പിലുമായി പിറന്ന ഭാർഗവി നിലയമെന്ന ആ ചലച്ചിത്ര കാവ്യം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരു കൗതുകമായി നിലനിൽക്കുന്നു. ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പഠന വിഷയവും മലയാളത്തിന്റെ അഭിമാനവുമായി അത് നിലകൊള്ളുന്നു.

ബഷീറിയൻ സാഹിത്യമെന്ന പുതു കൈവഴിയെ താനേ വെട്ടിത്തുറന്ന ഈ മഹാശയൻ ലോകസാഹിത്യത്തിൽ തന്നെ എഴുത്തിന്റെ തനത് ശൈലി കാരണം വ്യക്തിപരമായ ഒരു സരണി സൃഷ്ഠിക്കുന്നത് നാം കണ്ടു. നമ്മുടെ പരിസരങ്ങളിൽ നാം കണ്ട നാട്ടുകാരെ അവരുടെ ഉള്ളകങ്ങളിലെ നാടൻ ചിന്തകളെയാണ് ബഷീർ വരച്ചിട്ടത്. ബഷീർ സൃഷ്ടിച്ച ഹൃദയ നൈർമല്യമുള്ള ആ മനുഷ്യജീവികൾ എത്ര അനുതാപപൂർവ്വമാണ് ലോകത്ത് ജീവിച്ചത് എന്നും അവരുടെ ചിന്തകൾ പതിറ്റാണ്ടുകൾക്ക് ശേഷവും പുതിയ തലമുറയിലെ കുട്ടികൾ ഉൾപ്പടെ വായിച്ചു സ്വാംശീകരിക്കുകയാണ് എന്നതും നാം കാണുന്നു. നമ്മുടെ സ്കൂളുകളിൽ ഏറ്റവും കൂടുതൽ ആഘോഷപൂർവം ഏറ്റെടുക്കപ്പെടുന്ന ഒരു ദിനാചരണം ഇപ്പോൾ ബഷീറിന്റെ ഓർമ്മദിനമാണ്. വേഷങ്ങൾ അണിഞ്ഞ് കുട്ടികൾ സുഹ്റയെയും കേശവൻ നായരെയും പാത്തുമ്മയെയും മജീദിനെയും അവതരിപ്പിക്കുന്ന ദിനമാണ് അന്ന്. എന്താവാം ഇങ്ങനെ ആബാലവൃദ്ധം ജനങ്ങളും ബഷീറിനെ ഏറ്റെടുക്കുന്നത് എന്ന ചിന്ത തന്നെ ആവേശകരമാണ്. ‘ഗഡാഗഡിയൻ’ എന്ന് ബഷീർ തന്നെ ഉപയോഗിച്ച പോലെയുള്ള പദങ്ങളോ കടുത്ത ഭാഷാ പ്രയോഗങ്ങളോ, കലയുടെ പേര് പറഞ്ഞുള്ള ചുറ്റിക്കെട്ടുകളിലൂടെ സാധാരണ ജനങ്ങളെ അകറ്റി നിർത്തുന്ന രചനാ രീതികളോ നാം ബഷീറിൽ കാണുന്നില്ല. മറിച്ച് തനിക്ക് പറയാനുള്ളത് ഋജുവായ ശൈലിയിൽ ഒഴുക്കുള്ള നാടൻ ഭാഷയിൽ തന്റേതായ പ്രയോഗങ്ങളിൽ(ബഹുജനത്തിന്റെ അഭിരുചിക്കിണങ്ങുന്ന തരത്തിലെഴുതാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം കൈമുതലായുള്ള) ബഷീർ എഴുതി. മലയാള ഭാഷാലോകം അതെല്ലാം ഏറ്റെടുത്തു. വർദ്ധിതമായ സ്വീകാര്യത ഉണ്ടെങ്കിലും മലയാള ഭാഷയുടെ പരിധികൾക്കുള്ളിൽ മാത്രം ബഷീർ കൃതികൾ നിന്നുപോകുമെന്ന് നാം ചിന്തിച്ചു.

എന്നാൽബഷീറിയൻ പ്രതിഭ തന്റെ കൃതികളെ കടൽ കടന്ന് പോയും പ്രശസ്തമാക്കാൻ ഉതകുന്നവയായിരുന്നു. വിശ്വവിഖ്യാതമായ മൂക്ക് പോലുള്ള കൃതികളും മലയാളികൾ മാത്രം ജീവിക്കുന്ന ജീവിതം വിഷയമാക്കിയ ബഷീർ കഥകളുമൊക്കെ അന്യഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുമെന്നും അവ വായിക്കാൻ മറ്റൊരു ഭാഷാലോകത്തിനും കഴിയുമെന്നും മലയാളികൾ ബോദ്ധ്യപ്പെട്ടു. സാർവ്വലൗകികമായ മനുഷ്യ വികാരങ്ങളെ ധ്വനിപ്പിക്കാൻ പ്രകടിപ്പിച്ച ബഷീറിയൻ ഭാഷ വിശ്വോത്തരമാകുന്നത് സ്വയം ശുദ്ധീകരിക്കപ്പെട്ട ഭാഷയുടെ നവീനത്വം കൊണ്ടാണ്.

നമ്മുടെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച, ഈഗോ എന്ന പേരിൽ ആധുനിക സമൂഹം പൊതിഞ്ഞു വെച്ച കാര്യങ്ങളെ ബഷീർ ഒരു സങ്കോചവുമില്ലാതെ തന്റെ കഥകളിലൂടെ ലോകത്തിന് മുന്നിലേക്ക് എടുത്തിട്ടു. അവ ചർച്ച ചെയ്യപ്പെട്ടു. അനായാസമായ കഥ പറച്ചിൽ രീതി. വായിച്ചവർ തങ്ങളുടെ ചുറ്റിനും ആ കഥയിലെ കഥാപാത്രങ്ങളെ കണ്ടു

നമ്മുടെ ഉള്ളിൽ ഒളിപ്പിച്ചു വെച്ച, ഈഗോ എന്ന പേരിൽ ആധുനിക സമൂഹം പൊതിഞ്ഞു വെച്ച കാര്യങ്ങളെ ബഷീർ ഒരു സങ്കോചവുമില്ലാതെ തന്റെ കഥകളിലൂടെ ലോകത്തിന് മുന്നിലേക്ക് എടുത്തിട്ടു. അവ ചർച്ച ചെയ്യപ്പെട്ടു. അനായാസമായ കഥ പറച്ചിൽ രീതി. വായിച്ചവർ തങ്ങളുടെ ചുറ്റിനും ആ കഥയിലെ കഥാപാത്രങ്ങളെ കണ്ടു. പിന്നെ നിനവിലും കനവിലും അവരെയോർത്തു ചിരിച്ചു. പിന്നെ അതിന്റെ വൈരുധ്യങ്ങൾ വായനക്കാരെ ദാർശനിക ജീവിത സമസ്യകളിലേക്ക് നയിച്ചു.

മനുഷ്യൻ ദൈവസൃഷ്ടിയാണെന്നും ആ സൃഷ്ടി സത്യം, സൗന്ദര്യം, സ്നേഹം തുടങ്ങിയ മാനുഷിക വികാരങ്ങളാൽ നിർമ്മിച്ചതാണെന്നും തന്റെ കഥാപാത്രങ്ങളിലൂടെ ബഷീർ വിളിച്ചു പറഞ്ഞു.

മനുഷ്യനും ലോകവും തമ്മിലുള്ള ബന്ധം ബഷീർ അന്വേഷിക്കുകയാണ് തന്റെ കഥകളിലെല്ലാം. അപാരമായ ശാന്തത എല്ലാ കഥകളുടെയും പശ്ചാത്തലമായി നീണ്ടു നിവർന്ന് കിടക്കുന്നത് നമുക്ക് കാണാം. ബഷീറിന്റെ തത്വചിന്തകളിൽ, ആത്മീയതയുടെ ഇഴകൾ ചേർത്ത മനോഹരമായ വാക്കുകളിൽ നാം വിശ്വശാന്തി തന്നെ അനുഭവിക്കുന്നു. ആ അനുഭൂതിയിൽ ലയിച്ച് അപാരമായ സ്നേഹത്തിന്റെ ലയ വിന്യാസങ്ങളിൽ ഓരോ വായനക്കാരനും ചൈതന്യവത്തായ അവനവനെ തന്നെ കാണുന്നു. ലൗകിക ജീവിതം സമ്മാനിക്കുന്ന ക്ഷണഭംഗുരമായ പളപളപ്പുകളെ ബഷീർ തന്റെ ഉള്ളിൽ ഉറഞ്ഞുകൂടിയ സ്നേഹത്തിന്റെ ഉറവകൾ കൊണ്ട് കഴുകിക്കളയുന്നു.
ബഷീർ കഥകളിലൂടെ മുന്നോട്ട് വെക്കുന്ന അലൗകിക ആത്മീയ അനുഭൂതിക്ക് അടിസ്ഥാനം തന്റെ യൗവനകാലത്തു കിട്ടിയ കനപ്പെട്ട ജീവിതാനുഭവങ്ങളാണ്. ദേശങ്ങൾ ചുറ്റി നടന്ന് കിട്ടിയ ജീവിതാനുഭവങ്ങൾ, ഒറ്റപ്പെടലിന്റെയും പട്ടിണിയുടെയും തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ, സൂഫിസത്തിന്റെ സ്വാധീനം, സ്വാതന്ത്ര്യ സമര പോരാട്ടം, ജയിൽ വാസം എല്ലാം ആ മൂശയിലേക്ക് കനപ്പെട്ട ജീവിത മുഹൂർത്തങ്ങളെ സമ്മാനിക്കുകയാണ് ചെയ്തത്. എന്റേതും തന്റേതും എന്നൊന്നില്ലെന്നും എല്ലാം പ്രപഞ്ചത്തിന്റെ വിശുദ്ധമായ കരങ്ങളാൽ വിരചിതമാണെന്നും നിത്യമായ അനുഭൂതി മരണത്തിലൂടെ മാത്രമേ നേടുന്നുള്ളൂവെന്നുമുള്ള പ്രപഞ്ച സത്യം ബഷീർ തന്റെ ജീവിതയാത്രയിലൂടെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ബഷീറിന്റെ സ്വതസിദ്ധമായ നർമ്മ ശൈലി, സുഹൃദ് ബന്ധങ്ങൾ, സംഭാഷണങ്ങൾ, എഴുതിയ കത്തുകൾ, ആഴത്തിലുള്ള ചിന്തകൾ എല്ലാം മലയാളിക്ക് മാത്രമല്ല മറ്റ്‌ ഭാഷകളിലുള്ളവർക്കും കൗതുകകരമായ അനുഭവമാണ്.

ബഷീർ എന്ന ഓർമ്മ തന്നെ ഓരോ തവണയും മലയാളിക്ക് ഓരോ അനുഭവമാണ് സമ്മാനിക്കുക

Author

Scroll to top
Close
Browse Categories