ജീവ
താരകം

പഠനത്തിലുള്ള നാണുവിന്റെ അതിവേഗവും ചിന്തയിലുള്ള ഏകാഗ്രതയും ഗ്രഹണത്തിലുള്ള സൂക്ഷ്മതയും ആരെയും അതിശയിപ്പിക്കുന്നതായിരുന്നു

വയല്‍വാരം വീടിനടുത്തുള്ള ഒരു ആശാന്‍ കളരിയിലാണ് നാണുവിനെ പഠിക്കുവാന്‍ ചേര്‍ത്തത്. അവിടുത്തെ ആശാനും മാടനാശാനും വലിയ സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് കളരിയിലെത്തുന്ന നാണുവിനു മേല്‍ ആശാന്റെ പ്രത്യേകം ശ്രദ്ധ പതിഞ്ഞിരുന്നു. പഠനവേളയില്‍ ഒരിക്കല്‍ കേള്‍ക്കുന്നത് അതുപോലെ ഹൃദിസ്ഥമാക്കുവാന്‍ നാണുവിനു കഴിഞ്ഞിരുന്നു. മലയാളം സംസ്‌കൃതം അക്ഷരങ്ങള്‍ എഴുതുവാനും പറയുവാനും നാണു പഠിച്ചത് വളരെ വേഗമാണ്. മറ്റു കുട്ടികള്‍ അക്ഷരം പഠിച്ചു തീരും മുമ്പേതന്നെ നാണു വാക്യങ്ങള്‍ എഴുതുവാനും കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്നിവ വാക്യത്തില്‍ പ്രയോഗിക്കുവാനും ഒക്കെ പഠിച്ചു കഴിഞ്ഞിരുന്നു. പഠനത്തിലുള്ള നാണുവിന്റെ അതിവേഗവും ചിന്തയിലുള്ള ഏകാഗ്രതയും ഗ്രഹണത്തിലുള്ള സൂക്ഷ്മതയും ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.

വയല്‍വാരംവഴി വന്നിരുന്ന മറ്റു കുട്ടികള്‍ക്കൊപ്പമാണ് നാണുവും ആശാന്‍കളരിയിലേക്ക് നിത്യവും പോയിവന്നത്. വഴിയില്‍ അവര്‍ പല വികൃതിത്തരങ്ങളും ശണ്ഠകളും ഉണ്ടാക്കുക പതിവായിരുന്നു. പക്ഷേ നാണുവിനുമാത്രം അതിലൊന്നും യാതൊരു പങ്കുമുണ്ടായിരുന്നില്ല. കൂട്ടത്തിലാണെങ്കിലും നാണു എപ്പോഴും തനിച്ചായിരുന്നു.

ഒരു ദിവസം ആശാന്‍കളരിയില്‍ നിന്നും വീട്ടിലേക്കു വരുന്ന വഴിക്ക് കീറിയതും മുഷിഞ്ഞതുമായ വേഷവും ഭാണ്ഡവുമൊ ക്കെയായി ആരോടെന്നില്ലാതെ എന്തൊക്കെയോ പുലമ്പിക്കൊ ണ്ട് നടക്കുന്ന ഒരു വൃദ്ധനെ നാണു കണ്ടു. താടിയും മുടിയും നീ ട്ടി വളര്‍ത്തിയിട്ടുള്ള ഒരു കാഷായവേഷധാരിയായിരുന്നു അദ്ദേഹം. നാണുവിന്റെ സഹപാഠികളില്‍ ചിലര്‍ ആ സാധുവിനെ കണ്ടു ഒരു വിചിത്രജീവിയെന്നതുപോലെ തുറിച്ചു നോക്കുകയും ഭ്രാന്ത ന്‍ എന്നു പറഞ്ഞ് ഉച്ചത്തില്‍ കൂക്കിവിളിക്കുകയും ചെയ്തു. മാത്രവുമല്ല അവര്‍ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും കല്ലും മണ്ണും അദ്ദേഹത്തിനുനേരെ വാരിയെറിഞ്ഞു പൊട്ടിച്ചിരിക്കുകയും ചെ യ്തു.

അദ്ദേഹം അതെല്ലാം സഹിച്ചു. പലപ്പോഴും അക്ഷോഭ്യനായും സൗമ്യനായും കുട്ടികളോടു അരുതെന്നു ആംഗ്യംകൊണ്ടു വില ക്കുകയും ചെയ്തു. എന്നിട്ടും കുട്ടികള്‍ അവരുടെ ആ അക്രമവിനോദം തുടര്‍ന്നുകൊണ്ടിരുന്നു. കണ്ണില്‍ മണ്ണുവീണും ദേഹത്തു കല്ലു പതിച്ചും ആകെ വിഷമിച്ചു നിന്ന അദ്ദേഹത്തെ ഉപദ്രവിക്കരുതെന്നു നാണു പലവട്ടം അഭ്യര്‍ത്ഥിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. ഇതു സഹിക്കവയ്യാതായപ്പോള്‍ നാണു അറിയാതെ തന്നെ പൊട്ടിക്കരഞ്ഞുപോയി. സ്വന്തം ദേഹം നൊന്തതുപോലെയുള്ള നാണുവിന്റെ ആ കരച്ചില്‍ കണ്ടതോടെ മറ്റ് കുട്ടികളെല്ലാം ഓടിപ്പോയി. അവരുടെ അക്രമത്തില്‍ സാരമായ മുറിവുകളേറ്റിട്ടും അതൊന്നും കാര്യമാക്കാതെ ആ സംന്യാസി വേഗം അടുത്തെത്തി നാണുവിന്റെ കണ്ണുകള്‍ തുടച്ചു. ആ മുഖകാന്തിയില്‍ ആകൃഷ്ടനായ സംന്യാസി വാത്സല്യത്തോടെ ചോദിച്ചു.

”അവര്‍ എന്നെയല്ലേ ഉപദ്രവിച്ചത്. അതിന് കുഞ്ഞ് എന്തിനാ കരയുന്നത്?”
”സംന്യാസിമാര്‍ പൂജനീയരല്ലേ. അവരെ ഉപദ്രവിക്കാമോ? അത് ദൈവകോപത്തിനിടയാക്കില്ലേ?”

കൊച്ചുനാണുവിന്റെ വലിയ ചോദ്യം കേട്ട് സംന്യാസി ആശ്ചര്യപ്പെട്ടു. ആ കുട്ടി വെറുമൊരു കുട്ടിയല്ല എന്നു അദ്ദേഹത്തിനു മനസ്സിലായി. കുട്ടിയുടെ പേരും വീടും മാതാപിതാക്കളെക്കുറിച്ചും എല്ലാം ചോദിച്ചറിഞ്ഞു. നാണുവിനോട് അളവറ്റ സ്നേഹം ചൊരിഞ്ഞ ആ വൃദ്ധസംന്യാസി നാണുവിനെ തന്റെ ചുമലിലേറ്റിക്കൊ ണ്ട് വയല്‍വാരം വീട്ടിലേക്കു നടന്നു.

അരുളന്‍പനുകമ്പ ഇവ മൂന്നിനും പൊരുളൊന്നായ ജീവതാരകമാണ് തന്റെ ചുമലിലിരിക്കുന്നതെന്ന് ഒരുപക്ഷേ ആ സംന്യാസി ദീര്‍ഘദര്‍ശനം ചെയ്തിരിക്കാം.

Author

Scroll to top
Close
Browse Categories