ലീലാതിലകം

ഒരു കാലത്ത് പുരുഷകേസരികള്‍ മാത്രം വിഹരിച്ചു നടന്നിരുന്ന ഒരു കൊടുംകാടായിരുന്നു നിരൂപണം .അവിടേയ്ക്കാണ് പ്രൊഫ.എം.ലീലാവതി കടന്നു ചെന്നത്. നിരൂപണം സ്ത്രീകള്‍ക്ക് വഴങ്ങില്ല എന്ന മുന്‍വിധി തിരുത്തിക്കുറിച്ച്ആഴത്തിലുള്ള നിരീക്ഷണ പാടവം സ്ത്രീകള്‍ക്ക് പ്രകൃത്യാ തന്നെയുണ്ടെന്ന വസ്തുത യുക്തിയുക്തം സ്ഥാപിച്ചെടുത്തു ലീലാവതി ടീച്ചര്‍.കാല്പനികതയില്‍ നിന്നും ഒഴിയാതെ ശാസ്ത്രീയമായും മനശാസ്ത്രപരമായും കൃതിയെ സമീപിക്കുന്നതാണ് ലീലാവതി ടീച്ചറിന്റെ ശൈലി

നിരൂപണ രംഗത്തെ ആദ്യവനിത എങ്കിലും സ്ത്രീ സഹജമായ ആര്‍ദ്രത അല്പം പോലും ആ എഴുത്തില്‍ പ്രകടമല്ല. എതു വിഷയത്തിലും ഭൂരിപക്ഷ അഭിപ്രായത്തോട് ചായ് വ് കാട്ടാതെ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തിയാണ് പ്രൊഫ.എം.ലീലാവതി .മലയാളത്തിലെ സാമ്പ്രദായിക നിരൂപണശൈലിയില്‍ നിന്നും വ്യത്യസ്തമായി കൃതികളെ മനശാസ്ത്രപരമായി സമീപിക്കുന്നതാണ് ടീച്ചറുടെ ശൈലി. ഈ വിഷയത്തില്‍സി.ജി യുങ്ങിന്റെ സ്വാധീനം ശക്തമാണ്. സാഹിത്യ ശാഖകളില്‍ കവിതയോട് അല്പം കൂടുതലായി ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഈ എഴുത്തുകാരി ആധുനിക കവിതകളെയും തന്റെ ഇഷ്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവിതാ സാഹിത്യ ചരിത്രത്തിലെ കാലാനുസൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍ ഉദാഹരണം. സയന്‍സ് വിഷയങ്ങളോട് എറെ താത്പര്യം പ്രകടിപ്പിച്ച ലീലാവതി ടീച്ചറെ മലയാളം പഠിക്കാന്‍ നിര്‍ബന്ധിച്ചത് അദ്ധ്യാപകനായ പി. ശങ്കരന്‍ നമ്പ്യാരായിരുന്നു. ജി യുടെ മേഘസന്ദേശം മുഴുവന്‍ മനപാഠമാക്കിയ വിദ്യാര്‍ത്ഥിനിയുടെ അദ്ധ്യാപകനായി അതേ ജി. ശങ്കരക്കുറുപ്പ് എത്തിയതോടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി. ശിഷ്യയുടെ കഴിവ് തിരിച്ചറിഞ്ഞ ജി അവരെക്കൊണ്ട് നിരന്തരം എഴുതിച്ചു. ആ ലേഖനങ്ങള്‍ അച്ചടിച്ചുവന്നതോടെ മലയാള സാഹിത്യത്തില്‍ എം. ലീലാവതി എന്ന പേര് അംഗീകരിക്കപ്പെട്ടു.

ലീലാവതി ടീച്ചര്‍ക്ക് പകരമായി മലയാളത്തില്‍ മറ്റൊരു വനിതാ നിരൂപകയില്ല. സാമൂഹ്യ, സാഹിത്യ, ചരിത്രപരമായ വിമര്‍ശനങ്ങള്‍ നിര്‍ഭയമായി നടത്തിയ മറ്റൊരു വനിതയെ കാണാനാവില്ല’.

ഏപ്രില്‍ 18 ന് തൃക്കാക്കരയിലെ
പ്രൊഫ.ലീലാവതിയുടെ വീട്ടിലെത്തി തകഴി സാഹിത്യ പുരസ്‌കാരം സമ്മാനിച്ച ശേഷം തകഴി സ്മാരക സമിതി ചെയര്‍മാന്‍ ജി. സുധാകരന്‍ പറഞ്ഞത്.

നിരൂപണം സംഘര്‍ഷ
രഹിതമായ കല

കേവലം മനശാസ്ത്രപരമായി മാത്രമല്ല കാല്പനികമായും ശാസ്ത്രീയമായും ഭൗതികമായും ഒരു കൃതിയെ സമീപിക്കുമ്പോഴേ നിരൂപണം സംഘര്‍ഷ രഹിതമായ കലയാകു എന്നാണ് ടീച്ചറുടെ പക്ഷം.തീര്‍ത്തും എതിര്‍പ്പുള്ളതിനെക്കുറിച്ച് മൗനം പാലിക്കുക എന്ന നിലപാടും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരാള്‍ക്ക് എഴുതാനുള്ള അത്രയും തന്നെ അവകാശം എഴുതാതിരിക്കാനുമുണ്ടെന്നായിരുന്നു ഈ വിമര്‍ശനത്തിന് ടീച്ചറുടെ മറുപടി.മൗനം പാലിക്കുക എന്നതിന്റെ അര്‍ത്ഥം സാമൂഹിക ഇടപെടലുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നല്ല. തന്റെ എതിര്‍ ഭാഗത്ത് ആരാണ് നില്‍ക്കുന്നത് എന്നത് ടീച്ചര്‍ക്ക് വിഷയമായിരുന്നില്ല. വിമര്‍ശനം, അതര്‍ഹിക്കുന്നിടത്ത് പറയുക തന്നെ ചെയ്യും.ഇടതുപക്ഷ ചായ് വ് പ്രകടിപ്പിക്കുമ്പോഴും അതിലെ ഹിംസാത്മക പ്രവണതകളെ ടീച്ചര്‍ എതിര്‍ത്തിരുന്നു. ഗാന്ധിമാര്‍ഗവും മാര്‍ക്‌സിസവും സമന്വയിപ്പിച്ചു കൊണ്ടുള്ള ആശയസംഹിതയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരാള്‍ക്ക് ആയുധത്തെ ആയുധം കൊണ്ട് എന്ന ആശയത്തോട് തീര്‍ച്ചയായും യോജിക്കാനാവില്ല.തന്റെ ആത്മ സുഹൃത്തായ എം.എന്‍ വിജയന്‍ മാനുഷിക മൂല്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നോ എന്ന സന്ദേഹം ലീലാവതി ടീച്ചര്‍ പ്രകടിപ്പിച്ചത് വിജയന്‍ മാഷിന്റെ വാക്കുകളിലൂടെത്തന്നെയാണ്.’ കൂട്ടിലടയ്ക്കപ്പെട്ട സിംഹത്തിന്റെ ഗര്‍ജ്ജനം കുട്ടികളെപ്പോലും ചിരിപ്പിക്കും’ .എം ലീലാവതി വിജയന്‍ മാഷിനെ അധിക്ഷേപിച്ചു എന്ന മട്ടില്‍ വിവാദം വളര്‍ന്നു. നിലപാടിലെ സത്യസന്ധത തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാവാം ആ പ്രസ്താവനയെക്കുറിച്ച് വിജയന്‍ മാഷ് മൗനം പാലിക്കുകയും ആ സുഹൃദ് ബന്ധം തെല്ലും ഉലയാതെ തുടരുകയും ചെയ്തു.

ജി ശങ്കരക്കുറുപ്പും
മാരാരും

ജി ശങ്കരക്കുറുപ്പ്
കുട്ടികൃഷ്ണ മാരാര്‍

ജി ശങ്കരക്കുറുപ്പിന്റെ കവിതയെ മാരാര്‍ ശക്തിയായി വിമര്‍ശിച്ചു.അതിനു മറുപടിയായി ‘ ആ കവിതയെ മനസ്സിലാക്കുന്നതില്‍ മാരാര്‍ പരാജയപ്പെട്ടു’ എന്ന ലീലാവതി ടീച്ചറുടെ വാക്കുകള്‍ സാഹിത്യ മണ്ഡലത്തില്‍ വലിയ വിവാദമുണ്ടാക്കി’ എറ്റവും ശക്തമായി പ്രോത്സാഹിപ്പിച്ചിരുന്ന ജി ശങ്കരക്കുറുപ്പു പോലും ‘മാരാരെ വിമര്‍ശിക്കാന്‍ ലീലാവതി വളര്‍ന്നിട്ടില്ല” എന്നുശാസിച്ചു.പക്ഷേ ഈ നിലപാടുകളുടെ പേരില്‍ ലീലാവതി ടീച്ചറെ മാറ്റി നിര്‍ത്താന്‍ ആരും ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓടക്കുഴല്‍ പുരസ്‌കാരം പ്രൊഫ.എം.ലീലാവതി സാറാജോസഫിന് സമ്മാനിക്കുന്നു

റിസര്‍ച്ച് ഗൈഡ് എന്ന നിലയില്‍ കൈപ്പറ്റുന്ന അലവന്‍സിനെച്ചൊല്ലി വി കെ എന്നുമായുണ്ടായ നിരന്തര കലഹത്തെത്തുടര്‍ന്ന് എഴുത്ത് നിര്‍ത്താന്‍ തീരുമാനിച്ചതിനെക്കുറിച്ച് ‘ഏറെ വേദനയോടെ ടീച്ചര്‍ സംസാരിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ നിരന്തര പ്രേരണയാല്‍ ആ തീരുമാനം പിന്നീട് മാറ്റിയെങ്കിലും ആണ്‍കോയ്മ യുടെപിന്‍ബലത്തില്‍ നടത്തിയ ആ അധിക്ഷേപങ്ങള്‍ സ്ത്രീ ആയതു കൊണ്ടു മാത്രം നേരിടേണ്ടി വന്ന ദുരനുഭവങ്ങളാ ണെന്ന് ലീലാവതി ടീച്ചര്‍ വിശ്വസിക്കുന്നു.

കാല്പനികതയില്‍ നിന്നും ഒഴിയാതെ

എം. എന്‍ . വിജയന്‍

പത്മശ്രീ ,പത്മപ്രഭ, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ധന്യമാക്കിയ ആ എഴുത്തു ജീവിതം തൊണ്ണൂറുകളിലെ വിശ്രമവേളയിലാണെങ്കിലും ‘ ക്ഷീണിക്കാത്ത മനീഷയ്ക്കും മഷിയുണങ്ങാത്ത ആ പൊന്‍ പേനയ്ക്കും ‘ ഇന്നും നിത്യയൗവനമാണ്.ആര്‍ദ്രയായ അദ്ധ്യാപിക, പ്രഭാഷക, സാമൂഹിക പ്രവര്‍ത്തക എന്നിങ്ങനെ കര്‍മ്മമണ്ഡലങ്ങള്‍ വിവിധങ്ങളെങ്കിലും എഴുത്തുകാരി എന്ന നിലയിലാണ് ടീച്ചര്‍ മലയാളത്തിന്റെ അഭിമാനമായത്. കാല്പനികതയില്‍ നിന്നും ഒഴിയാതെ ശാസ്ത്രീയമായും മനശാസ്ത്രപരമായും കൃതിയെ സമീപിക്കുന്നതാണ് ലീലാവതി ടീച്ചറിന്റെ ശൈലി എന്നു പറഞ്ഞുവല്ലോ. ഇതില്‍ പ്രധാനം ആദിപ്രരൂപ വിമര്‍ശനമാണ്. ഈ വിഷയത്തില്‍ മലയാളത്തിലെ ആദ്യത്തെയും, ഏറ്റവും അധികാരികവുമായ കൃതി (ആദിപ്രരൂപങ്ങള്‍ മലയാള സാഹിത്യത്തില്‍) ‘ലീലാവതി ടീച്ചറുടേതാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും നേടിയ വര്‍ണരാജിയില്‍ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ക്ലാസിക് ലേഖനങ്ങള്‍ വായിക്കാം.കവിതയെയും നോവലുകളെയും സമീപിക്കുന്ന അതേ അനായാസതയോടെ തന്നെ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ സര്‍ഗ്ഗചേതനയെക്കുറിച്ചും എഴുതുന്നത് ‘നവ കാന്തം ‘എന്ന കൃതിയില്‍ നമുക്ക് കാണാം.വളരെ വ്യത്യസ്തങ്ങളായ ,ഭാഷയ്ക്ക് വലിയ മുതല്‍ക്കൂട്ടുകളായ രചനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു രചനയാണ് നവകാന്തം’ .വാത്മീകി രാമായണത്തിന്റെ വിവര്‍ത്തനം2019 ല്‍ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. വൈലോപ്പിള്ളിയെയും ഇടശ്ശേരിയെയും കുറിച്ചുളള ആംഗലേയ കൃതികള്‍ എടുത്തു പറയേണ്ടിയിരിക്കുന്നു. ക്ലാസിക് കൃതികളെക്കുറിച്ചു പഠനം നടത്തിയിട്ടുള്ള ടീച്ചര്‍ തന്നെ ‘ അപ്പുവിന്റെ അന്വേഷണം ‘ എന്ന ഗ്രദ്ധേയമായ കൃതിയിലൂടെ ബാലസാഹിത്യവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു .

തകഴി സാഹിത്യ പുരസ്‌കാരം തകഴി സ്മാരക സമിതി ചെയര്‍മാന്‍ ജി. സുധാകരന്‍ പ്രൊഫ.എം.ലീലാവതിക്ക് സമ്മാനിക്കുന്നു

ആ സര്‍ഗ്ഗ യാത്രയെ വിശേഷിപ്പിക്കാന്‍ ടീച്ചറുടെ തന്നെ വാക്കുകള്‍ കടമെടുക്കുന്നു. ‘മായാത്ത മഴവില്ലിന്റെ ശോഭയുള്ള ഒരു വര്‍ണരാജി’യാണത്. ശബളാഭമായ ആ വര്‍ണ രാജിക്ക് കാന്തിക മണ്ഡലത്തിനു പുറമേ ഒരു കാന്തമണ്ഡലവുണ്ട്. ഏത് വായനക്കാരനെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു ലീലാവതിഎഫക്ട്.


[email protected]

Author

Scroll to top
Close
Browse Categories