ഗുരു പ്രഭാവത്തിന്റെ സുവർണ്ണ സ്‌ഫടികം
ഇരുള്‍ വീണ്പരന്നു കിടന്ന ഒരു മനുഷ്യ ലോകത്തേക്ക് നിലാവെളിച്ചമായി അവതാരംകൊണ്ട ഗുരുദേവന്റെ ജീവിതകാലത്തിലേക്ക് സ്വന്തം മനസ്സിനെ കൊണ്ടെത്തിച്ചും,അന്നത്തെ ചരിത്രപരവും സാംസ്‌കാരികവുമായ സാമൂഹികാന്തരീക്ഷത്തെ സസൂക്ഷം നിര്‍ദ്ധാരണം ചെയ്തും ഗുരുവിന്റെ ആത്മവത്തയില്‍ നിറഞ്ഞുനിന്നിരുന്നഅന്യാദൃശവും അതിവൈവിവിദ്ധ്യവുമാര്‍ന്ന വ്യക്തിപ്രഭാവങ്ങളെ എടുത്തുകാട്ടിക്കൊണ്ടുമാണ് ഇരുപത്തിയഞ്ച് ഖണ്ഡങ്ങളുള്ള ഈ കാവ്യം എസ്. രമേശന്‍ നായര്‍ ശില്പഭദ്രമാക്കിയിരിക്കുന്നത് .ഗുരുദേവന്റെ ആത്മപ്രബോധനങ്ങളെ കെട്ടകാലത്തിന്റെ ഇരുണ്ട പ്രതലത്തില്‍ പുന:പ്രതിഷ്ഠിക്കുവാന്‍കൂടിയുള്ള കാവ്യോപാസനയായിവേണം ‘ഗുരു പൗര്‍ണമി’യെ വിലയിരുത്തുവാൻ
മനുഷ്യ ജീവിതത്തിലെ കര്‍മ്മമാര്‍ഗ്ഗത്തെ സ്ഫുടംചെയ്ത് ശുദ്ധമാക്കാനുള്ള അത്യുന്നതങ്ങളായ ആത്മീയസ്രോതസ്സുകളുടെ ജ്ഞാനസരോവരങ്ങളും ജ്ഞാനസാഗരങ്ങളുമാണ് ഭാരതത്തിലുണ്ടായിട്ടുള്ള വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും.പ്രാചീന മനുഷ്യ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇത്തരം വചനസാരസ്വതജ്ഞാന സഞ്ചയങ്ങളെ നമുക്ക് ഭാരതത്തിലല്ലാതെ മറ്റൊരിടത്തും കണ്ടെത്താന്‍ കഴിയുകയില്ല.മനുഷ്യവര്‍ഗ്ഗത്തിന് അവ നല്കുന്ന ആത്മാനന്ദവും ആത്മവിശുദ്ധിയും ആത്മനിയന്ത്രണങ്ങളും ആത്മബോധവും ഒരു ബൃഹത്തായ സമൂഹത്തിന് എത്രമാത്രം ഗുണകരമാണെന്ന് പില്ക്കാലത്ത് അവതാരംകൊണ്ട മഹാഗുരുക്കന്മാര്‍ മനസ്സിലാക്കിയിരുന്നു
ആത്മീയതയുടെ പവിത്രപ്രകാശത്തെ സ്വാത്മാവിലേക്ക് സ്വീകരിച്ചുകൊണ്ട്, തങ്ങളുടെ സര്‍ഗ്ഗവാസനകളെ മലയാള സാഹിത്യത്തിലെ വിവിധ സാഹിത്യരൂപങ്ങളില്‍ ഉപയുക്തമാക്കിയ നിരവധി എഴുത്തുകാര്‍ നമുക്കുണ്ട്.
ഇരുള്‍ വീണ്പരന്നു കിടന്ന ഒരു മനുഷ്യ ലോകത്തേക്ക് നിലാവെളിച്ചമായി അവതാരംകൊണ്ട ഗുരുദേവന്റെ ജീവിതകാലത്തിലേക്ക് സ്വന്തം മനസ്സിനെ കൊണ്ടെത്തിച്ചും,അന്നത്തെ ചരിത്രപരവും സാംസ്‌കാരികവുമായസാമൂഹികാന്തരീക്ഷത്തെ സസൂക്ഷം നിര്‍ദ്ധാരണം ചെയ്തും ഗുരുവിന്റെ ആത്മവത്തയില്‍ നിറഞ്ഞുനിന്നിരുന്നഅന്യാദൃശവും അതിവൈവിവിദ്ധ്യവുമാര്‍ന്ന വ്യക്തിപ്രഭാവങ്ങളെ എടുത്തുകാട്ടിക്കൊണ്ടുമാണ് ഇരുപത്തിയഞ്ച് ഖണ്ഡങ്ങളുള്ള ഈ കാവ്യം കവി എസ്.രമേശന്‍ നായര്‍ ശില്പഭദ്രമാക്കിയിരിക്കുന്നത്.ഗുരുവിന്റെ സമസ്ത ജീവിതവും കര്‍മ്മപഥങ്ങളുമെല്ലാം മലയാളത്തിന്റെ സംശുദ്ധ ശൈലിയില്‍ ഭാവസാന്ദ്രമായി കല്പനകളുടെ ധാരാളിത്തമില്ലാതെ വൃത്തഗന്ധിയായി കവി ആവിഷ്‌ക്കരിച്ചിരിക്കുന്നു. സര്‍വ്വലോകാരാദ്ധ്യനായ ഒരു ആത്മീയ ഗുരുവിന്റെ ക്രാന്തദര്‍ശനപരമായ കര്‍മ്മമണ്ഡലത്തെയും ആസ്തിക്യജ്ഞാനപരമ്പരകളേയും കാവ്യമാക്കുമ്പോള്‍വസ്തുതകളെസൂക്ഷ്മതലത്തില്‍ ശ്രദ്ധാപൂര്‍വ്വം ആവിഷ്‌ക്കരിക്കേണ്ടിവരും.
മനുഷ്യന്റെ കര്‍മ്മപ്രപഞ്ചത്തെ സംശുദ്ധമായപാതയിലൂടെ നയിക്കുവാന്‍ ആത്മീയസംസ്‌കാരത്തിനും അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന കര്‍മ്മപരമ്പരകള്‍ക്കും മാത്രമെ കഴിയുകയുള്ളു എന്ന സത്യം തിരിച്ചറിഞ്ഞ കവിയായിരുന്നു എസ്. രമേശന്‍ നായര്‍. ഗുരുവിന്റെ ജീവിതകാലം കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭൂമികയില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.ജ്ഞാനത്തിന്റെയോ പുരോഗതിയുടേയൊ പരിവര്‍ത്തനോന്മുഖമായ ജീവിത ചിന്തയുടേയൊ ഒന്നും തിരിവെട്ടമില്ലാതെ അന്നന്നത്തെ അന്നത്തിനു പോലും വഴിമുട്ടി അജ്ഞതയുടേയുടേയും അന്ധവിശ്വാസങ്ങളുടേയും അടിവാരത്തില്‍ ജീവിതം ഹോമിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹത്തിന്റെ കാലഘട്ടത്തെയാണ് ഗുരു കടഞ്ഞെടുത്ത് സ്ഫുടം ചെയ്തത്. ആ ചരിത്രസത്യത്തെയാണ് ഈ കാവ്യം ഹൃദ്യമായി പകര്‍ന്നുതരുന്നത്.
ഗുരുദേവവ്യക്തിത്വത്തിന്റആകമാനമുള്ള ലക്ഷ്യപ്രതലങ്ങളെ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ളതാണ് കാവ്യത്തിന്റെ ഉപക്രമം.കര്‍മ്മമാര്‍ഗ്ഗത്തില്‍ ഗുരു അടയാളപ്പെടുത്തിയ സാമൂഹിക, ആത്മീയ, സാംസ്‌കാരിക, വിശ്വമാനവിക,ദാര്‍ശനിക തലങ്ങളെയെല്ലാം സംക്ഷിപ്ത കാവ്യ ലാവണ്യത്തില്‍ ഉപക്രമത്തില്‍തന്നെ കവി അനുസ്മരിക്കുന്നു.അദ്വൈത സരണിയിലൂടെയുള്ള ഗുരുവിന്റെ സഞ്ചാര പഥങ്ങളെ ആദ്യം തന്നെ കവി എടുത്തു കാട്ടിയിരിക്കുന്നു
‘വിഭിന്നതകളില്ലാത്ത
വിശ്വവേദിയില്‍ മാനവര്‍
എല്ലാരുമൊന്നുപോലാണെ-
ന്നുള്ള സത്യമുണര്‍ന്നവന്‍’
‘ഓംകാരകാറ്റിലീബ്രഹ്മ-
മൊരുശംഖായ് മുഴങ്ങവേ
ഒഴുകിപ്പോകുന്നു താഴേയ്-
ക്കിരുട്ടിന്റെ വിഷപ്പുക.’
എന്നിങ്ങനെ കാവ്യത്തിന്റെ പ്രഥമഭാഗം തന്നെ ഗുരുവെന്ന അദ്വൈത വേദാന്തിയുടേയും മാനവസ്നേഹിയുടേയും പ്രതിച്ഛായകളെ സ്പര്‍ശിച്ച് മൃദുലാക്ഷരങ്ങളില്‍ പകര്‍ത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്.ഗുരുവിന്റെ സമത്വാധിഷ്ടിത ചിന്താപദ്ധതികളേയും, കര്‍മ്മമാര്‍ഗ്ഗത്തേയും,വിദ്യാപ്രാധാന്യ വീക്ഷണങ്ങളേയും പവിത്രാക്ഷരകൂട്ടുകളില്‍ ലയിപ്പിച്ച് ഇവിടെ പറഞ്ഞിരിക്കുന്നു.
തുടര്‍ന്ന് വരുന്ന ഇരുപത്തിനാല് ഭാഗങ്ങളിലൂടെ ത്യാഗനിര്‍ഭരമായ ആ സന്യാസജീവിതത്തിന്റെ അമേയവും അത്ഭുതകരവുമായ കര്‍മ്മകാണ്ഡത്തെ കമനീയകാവ്യധാരയിലൂടെകവി അനുവാചകന് പകര്‍ന്ന് തരുന്നു. അലിഖിതവും ക്രൂരവുമായ അവസ്ഥാന്തരങ്ങളിലൂടെ ഒരുവിഭാഗംമനുഷ്യര്‍ സ്വജീവിതങ്ങളെ അജ്ഞതയുടെ ഇരുള്‍ കൂപങ്ങളില്‍ സമര്‍പ്പിച്ച് സ്വന്തം സ്വത്വത്തെപ്പോലും തിരിച്ചറിയാതെ മിണ്ടാപ്രാണികളായ മൃഗസഞ്ചയങ്ങളെപ്പോലെ എങ്ങനെയായിരുന്നു ജീവിച്ചിരുന്നത് എന്ന് ‘തിരനോട്ടത്തില്‍’ കവി പ്രഖ്യാപിക്കുന്നു. പൂര്‍വ്വകാല കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ശോചനീയാവസ്ഥകളെ നല്ല മലയാളത്തില്‍ ഈ ഭാഗത്ത് അനാച്ഛാദനം ചെയ്തിരിക്കുന്നു.ആചാരാനുഷ്ഠാനങ്ങളിലും ദൈവവിശ്വസങ്ങളിലുമെല്ലാം അന്നത്തെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ അധ:സ്ഥിതി എത്രമാത്രമായിരുന്നു എന്ന് കവി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
‘നിങ്ങള്‍ക്കു ചാത്തനേ ദൈവം
മാടന്‍,മറുത,യക്ഷിയും;
അധ: കൃതര്‍ക്കു ദൈവങ്ങള്‍
അവരെക്കാളധ: കൃതര്‍!
അവര്‍ക്കായി നിവേദിക്കാന്‍
ബലിച്ചോര! കൊലക്കളം!
മദ്യം,മാംസം,മഹാപാപം!
മതിയാക്കുവിനൊക്കെയും’
ഇവിടെയാണ് ഗുരുവിന്റെ ആദ്യ വിപ്ലവം ആരംഭിച്ചത് എന്ന കവിയുടെ കാഴ്ച്ച പ്പാട് തികച്ചും അര്‍ത്ഥവത്താണ്.മനുഷ്യമന:ശാ സ്ത്രം നന്നായി ഗ്രഹിച്ചിരുന്ന ഗുരു ആത്മീയ വിശ്വാസത്തില്‍ ഒരു സമൂഹം ദീക്ഷിച്ചിരുന്ന അല്ലെങ്കില്‍ ദീക്ഷിക്കാന്‍ പ്രേരണയാക്കപ്പെട്ട അധമത്വത്തെ ആദ്യം തുടച്ചുനീക്കിയാലെ പിന്നീടവരിലുള്ള പോരായ്മകളെ പരിഹരിക്കുവാന്‍ കഴിയുകയുള്ളു എന്ന് തിരിച്ചറിഞ്ഞിരുന്നു. അസാമാന്യ സാമൂഹിക പരിജ്ഞാനത്തില്‍ നിന്നുമാത്രമെ ഈ ഒരു നിഗമനത്തിലെത്താന്‍ കഴിയു.അന്നത്തെ കേരളത്തില്‍ ചികിത്സ എവിടെനിന്നാരംഭിക്കണമെന്ന് വ്യക്തമായ ധാരണ ആ തിരുമനസ്സില്‍ രൂപമെടുത്തിരുന്നു.സംശുദ്ധവും ആത്മീയവുമായ പാഞ്ചജന്യ
നാദംപോലെയുയര്‍ന്നഗുരുവചനങ്ങളെകവി എടുത്തുകാട്ടുന്നിടത്താണ് ഈ കാവ്യത്തീന്റെ ദ്വിതീയഭാഗത്തിന്റെ മാഹാത്മ്യം കുടിയിരിക്കുന്നത്.
‘പാഴിരുട്ടില്‍ ധ്വനിക്കുന്നു
പാഞ്ചജന്യം കണക്കതാ
ഒരു ശംഖൊലി;യാശംഖേ
പിറന്നു ചെമ്പഴന്തിയില്‍’
ഇത് കേരളജീവിത പരിവര്‍ ത്തനത്തിന്റെ ശംഖനാദമായിരുന്നു. ഗുരുദേവദര്‍ശനങ്ങളെ അര്‍ത്ഥവത്തായ ഏറ്റവും പുതിയ വാങ്മയങ്ങളിലാണ് കവി രേഖാംഗിതമാക്കിയിരിക്കുന്നത്.
‘ഒരേ ഭൂമിയൊരേ ജന്മം
ഒരേ മര്‍ത്ത്യ,നൊരേ ഗുണം.
ഒരേ ജാതിയൊരേ ദൈവം
ഒരുമിക്കുവിനേവരും
ഒരേമണ്ണില്‍പ്പിറന്നോര്‍ നാ-
മൊരേ വംശ,മൊരേ കുലം;
ഒരേ ലോകം നമുക്കെല്ലാ-
മധികാരം സമംസമം. ‘തുടങ്ങിയ വരികള്‍ ഗുരുദര്‍ശനത്തിന്റെ മാനവികവ്യപ്തിയെയാണ് കാട്ടുന്നത്. ഗുരുവിന്റെ പുണ്യ ജന്മ മഹത്വങ്ങളിലൂടെ ‘ജന്മപത്രിക’ എന്ന ഭാഗംസഞ്ചരിക്കുന്നു.ചെമ്പഴന്തി ഗ്രാമത്തിന്റെ പുണ്യമായി ആ ജന്മത്തെ കവി കുറിക്കുന്നു. അതുകൊണ്ടുതന്നെ ചെമ്പഴന്തിവിശ്വവിശ്രുതമായി.അമേയമായ ആത്മീയപരിവേഷത്തെ ആവഹിക്കുന്ന ആ ജന്മപ്രകൃതത്തിന്റെ അത്യത്ഭുതകരമായ വ്യക്തി സാദ്ധ്യതകളെ കൂലംകഷമായി ജന്മപത്രികയില്‍ അവലോകനം ചെയ്യുന്നു. . ഗുരുദേവ വീക്ഷണത്തിലെ ജാതി ചിന്തയുടെ നിരര്‍ത്ഥകതയെ അദ്ദേഹത്തിന്റെ തന്നെആത്മഭാവങ്ങളില്‍ ഇവിടെ വിശകലനവിധേയമാക്കിയിരിക്കുന്നു.ഗുരുജന്മം തന്നെ ദൈവികപരിവേഷമാര്‍ന്ന സത്യമായിരുന്നു എന്ന കാഴ്ചപ്പാടിലേക്ക് സഹൃദയമാനസത്തെ കൊണ്ടെത്തിച്ചിരിക്കുന്നു.
‘ഇരുള്‍ മായാന്‍ തുടങ്ങുന്നു-
ണ്ടിതള്‍മൊട്ടു വിടര്‍ന്നപോല്‍
കിഴക്കിന്‍ ചില്ലയില്‍പ്പൂക്കും
തുടുപ്പായ് സുപ്രഭാതവും
അക്ഷയപ്രഭനാദിത്യന്‍
സ്വക്ഷേത്രസ്ഥിതനല്ലയോ?
ആരുംകൊളുത്താതെ കത്തും
വിളക്കേ,യാദ്യവന്ദനം.’
എത്രപ്രതിരൂപാത്മകവും ചിന്താബന്ധുരവും അതേസമയം ഏറ്റവുംലളിതവുമായി കര്‍മ്മയോഗിയായ ഒരാത്മീയ ജ്യോതിസിന്റെ ആവിര്‍ഭാവത്തെ ചിത്രീകരിച്ചിരിക്കുന്നത് എന്ന് നോക്കുക.ഇവിടെ കിഴക്കിന്‍ ചില്ല പൗരസ്ത്യദേശമാകമാനമെന്ന അര്‍ത്ഥതലം സിദ്ധിക്കുന്നു. ‘ആരുംകൊളുത്താതെ കത്തും’ എന്നപ്രയോഗത്തിന്റെ അര്‍ത്ഥവ്യാപ്തി സ്വയംഭൂവായ ദൈവികതയിലേക്കും നവോത്ഥാനവിളക്കായിതീര്‍ന്ന ഗുരുവിലേക്കുമാണ് ചെന്നുനില്ക്കുന്നത്. ഗുരുവിനെ അദ്ദേഹത്തിന്റെ കര്‍മ്മപ്രകാശ ദീപ്തിയുടെമഹാമണ്ഡലത്തിലേക്ക് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
തന്റെ കര്‍മ്മകാണ്ഡം ആരംഭിക്കുംമുമ്പെ അതിനുള്ള ആത്മദൃഢതയ്ക്കായി ഏകാന്തമായ ധ്യാനമനനങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുകയാണ് ‘ധ്യാനയാത്ര’യില്‍. സഹജാതരുടെ അന്ധകാരത്തെമാറ്റാന്‍ വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ,അതിനായി കാലവും കാത്തുനില്ക്കുന്നുവെങ്കില്‍
‘അതിന്മേലില്ലപോല്‍ മാറ്റം
അസാദ്ധ്യം നീക്കുപോക്കുകള്‍.
അതേയോഗ,മതേ ലക്ഷ്യം
അതു നീയേറ്റുവാങ്ങുക.’
എന്നിപ്രകാരം ഗുരുതന്റെ നവോത്ഥാന ജൈത്രയാത്രയ്ക്ക് മുന്നോടിയായി ശരീരത്തേയും മനസ്സിനേയും സജ്ജമാക്കാന്‍ പുറപ്പടുന്ന അവസരത്തെ സൂചിപ്പിച്ചിരിക്കുന്നു. എല്ലാം ത്യജിച്ച് ബന്ധങ്ങളും ബന്ധനങ്ങളും അറുത്ത് മുറിച്ച് തന്റെ ജന്മ നിയോഗ സാക്ഷാത്കാരത്തിന് പുറപ്പെടുന്ന ഗുരുവിന്റെ ചിത്രമാണ് ഈ ഭാഗത്ത് നമ്മള്‍കാണുന്നത്.
ഗുരുദേവന്റെ മഹാമനസ്‌ക്കത ‘ഉന്മീലനം’എന്ന ഭാഗത്ത്ഇതള്‍വിരിക്കുന്നു.ഗുരുവിലെ വിസ്ഫോടനാത്മകമായ വ്യക്തിപ്രഭാവ വികരണം എന്ന അര്‍ത്ഥത്തിലാണ് ഈ ഭാഗത്തിന് ഉന്മീലനം എന്ന പേര് നല്കിയിരിക്കുന്നത്. ഗുരുവില്‍ നിരന്തരം വര്‍ത്തിച്ചിരുന്ന ഉപനിഷദ് ബോധം എത്രമാത്രമായിരുന്നു എന്ന് ഈ ഭാഗം വിളിച്ചറിയിക്കുന്നു. ഛന്ദോഖ്യോപനിഷത്തിലെ തത്ത്വമസി,മാണ്ഡൂക്യോപനിഷത്തിലെ അയമാത്മ ബ്രഹ്മ: ഐതരേയോപനിഷത്തിലെ പ്രജ്ഞാനം ബ്രഹ്മ:, ബ്രഹദാരണ്യകോപനിഷത്തിലെ അഹം ബ്രഹ്മാസ്മി തുടങ്ങിയദര്‍ശനങ്ങളെയാണ്
‘മനുഷ്യന്‍തന്നെയീശ്വരന്‍’
എന്ന ഗുരുദര്‍ശനത്തിലുമുള്ളത്. ഗുരുവിന്റെ മഹനീയമായ മാനവ ചിന്തകളെ അദ്ദേഹത്തിന്റെ തന്നെ ധാര്‍മ്മിക ബോധത്തിന്റെയും വ്യാഖ്യാനാതീതമായ കാരുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ വ്യവഹരിച്ചുകൊണ്ട് പരിവര്‍ത്തനോന്മുഖമായ ഗുരു ചിന്തകളെ കവി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
‘പഴമക്കാര്‍പഴിക്കട്ടെ
പണ്ടേശീലം തുടര്‍ന്നവര്‍
പുത്തന്‍ തലമുറക്കാരേ
പുതുലോകംചമയ്ക്കുവിന്‍.
പത്തൊന്‍പതാം നുറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇത്തരമൊരു ചിന്താഗതി ഒരു വ്യക്തിയിലുണ്ടായതിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ കാണുന്ന സര്‍വ്വ പരിവര്‍ത്തനത്തിനും അടിസ്ഥാനം പാകിയത്.ഈകാവ്യഭാഗത്ത്ഗരുവിന്റെ ജാതിവ്യവസ്ഥിതിക്കെതിരെയുള്ള കാഴ്ചപ്പാടുകളും അനാചാരക്കൂരിരുട്ടിനെതിരെയുള്ള വിശ്വാസ പ്രമാണങ്ങളും സ്മരിക്കപ്പെടുന്നു. സാമൂഹ്യനന്മയെ പുരസ്‌കരിച്ചുള്ള ഗുരുചിന്തകളുടെ ഒരു സമാഹരണം തന്നെയാണീ ഭാഗം.
(തുടരും)
9446146765