ശ്രീനാരായണഗുരുവും ശങ്കരാനന്ദസ്വാമികളും
ശ്രീനാരായണഗുരു കേരളത്തിലെ പ്രധാനക്ഷേത്രങ്ങളും, സിലോണ്‍, മദ്രാസ്, കാഞ്ചീപുരം എന്നിവിടങ്ങളും സന്ദര്‍ശിച്ചപ്പോള്‍ ശങ്കരനാന്ദസ്വാമികളെ ഒപ്പം കൂട്ടിയിരുന്നു. ഗുരു രോഗശയ്യയിലായിരുന്നപ്പോള്‍ ആലുവാ, പാലക്കാട്, മദ്രാസ്, തിരുവനന്തപുരം, ശിവഗിരി എന്നിവിടങ്ങളില്‍ തൃപ്പാദങ്ങളെ വിട്ടുപിരിയാതെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു
യുഗപ്രഭാവനായ ശ്രീനാരായണഗുരുവിന്റെ ആത്മീയ-നവോത്ഥാന കേന്ദ്രമെന്ന നിലയിലും മഹാസമാധി കൊള്ളുന്ന ഇടം എന്ന തരത്തിലും പവിത്രമായ പുണ്യഭൂമിയാണ് ശിവഗിരി. പ്രകൃതിരമണീയമായ ശിവഗിരി കുന്നിന്റെ നെറുകയിലാണ് ഗുരുവിന്റെ സന്യാസി ശിഷ്യ സംഘമായ ശ്രീനാരായണധര്‍മ്മസംഘത്തിന്റെ സിരാകേന്ദ്രമായി ശിവഗിരിമഠം സ്ഥാപിതമായിരിക്കുന്നത്.
ഗുരുവിന്റെ ശിഷ്യപരമ്പരയില്‍ ഏറ്റവും സംശുദ്ധമായ ജീവിതം നയിച്ച സന്യാസി ശ്രേഷ്ഠനായ ശങ്കരാനന്ദസ്വാമികള്‍ ലളിതവും നിര്‍മ്മലവും ആര്‍ഭാടരഹിതവുമായ ദിനചര്യകളുടെ ഉടമയായിരുന്നു. തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ വെച്ച് 1928 ജനുവരി 9ന് ശ്രീനാരായണഗുരു അദ്ധ്യക്ഷനായി രൂപീകരിച്ച ധര്‍മ്മസംഘത്തിന്റെ രേഖകളില്‍ ഒപ്പുവച്ച പത്ത് അംഗങ്ങളില്‍ ശങ്കരാനന്ദസ്വാമികളുമുണ്ടായിരുന്നു. നടരാജഗുരുവും സന്നിഹിതനായിരുന്നു.
ഗുരുവിന്റെ മഹാസമാധിക്കു ശേഷം ബോധാനന്ദസ്വാമികള്‍, ഗോവിന്ദാനന്ദസ്വാമികള്‍, അച്യുതാനന്ദസ്വാമികള്‍ എന്നിവര്‍ മഠാധിപതികളായി. തുടര്‍ന്ന് ശങ്കരാനന്ദസ്വാമികള്‍ ധര്‍മ്മസംഘം അദ്ധ്യക്ഷനും ശിവഗിരി മഠാധിപതിയുമായി. 1959-ല്‍ ട്രസ്റ്റ് സ്‌കീം നിലവില്‍ വന്നെങ്കിലും ശങ്കരാനന്ദസ്വാമികളുടെ സമാധി പര്യന്തം മഠാധിപതി സ്ഥാനം തുടരുന്നതിന് ബഹുമാനപ്പെട്ട ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാല്‍ സ്വാമികളുടെ സമാധിക്കു ശേഷം ആരും തന്നെ മഠാധിപതി എന്ന സ്ഥാനപ്പേര് ഉപയോഗിക്കാന്‍ പാടില്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
1943 ജനുവരി മുതല്‍ 1976-ല്‍ സമാധിയാകും വരെ സ്വാമികള്‍ ശിവഗിരി മഠാധിപതിയെന്ന് അറിയപ്പെട്ടിരുന്നു. 1959 ഏപ്രിലിലാണ് ധര്‍മ്മസംഘം, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റായി രൂപാന്തരം പ്രാപിച്ചത്. ആര്‍. ശങ്കര്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും സ്വാമികള്‍ ശിവഗിരി മഠാധിപതിയുമായിരുന്നപ്പോഴാണ് ശിവഗിരിയും എസ്.എന്‍.ഡി.പി യോഗവും തമ്മിലുണ്ടായ സ്വത്ത് സംബന്ധിച്ച ഹൃദയഭേദകമായ സിവില്‍ ക്രിമിനല്‍ വ്യവഹാരങ്ങള്‍ രാജിയായത്. തദ്വാര ട്രസ്റ്റ് സ്വത്തുക്കളുടെ പൂര്‍ണ്ണാധികാരം ധര്‍മ്മസംഘത്തിന് സ്ഥാപിച്ചു കിട്ടി. കേസുകള്‍ രാജിയാകുന്ന അവസരത്തില്‍ ഒരു സ്‌കീം സ്യൂട്ട് കോടതിയില്‍ നടന്നുവരികയായിരുന്നു. ആ സ്‌കീം സ്യൂട്ടിലെ വ്യവസ്ഥയനുസരിച്ചാണ് ഇപ്പോഴും ശിവഗിരി ഭരണം നടന്നുവരുന്നത്. തിരുവനന്തപുരം കുന്നുംപാറ ആശ്രമത്തിലെ കേസുകള്‍ക്കും സ്വാമികള്‍ രമ്യമായ പരിഹാരമുണ്ടാക്കി. ശിവഗിരി എസ്.എന്‍.കോളേജ് സ്ഥാപിക്കാന്‍ ധര്‍മ്മസംഘത്തിന്റെ 30 ഏക്കര്‍ ഭൂമി എസ്.എന്‍. ട്രസ്റ്റിന് പാട്ട വ്യവസ്ഥയില്‍ വിട്ടുകൊടുക്കാനും സ്വാമി മുന്‍കൈയ്യെടുത്തു. ശ്രീനാരായണഭക്തോത്തംസമായ എം.പി. മൂത്തേടത്തിന്റെ ഗുരുഭക്തിയാണ് തൃപ്പാദങ്ങള്‍ ‘സ്വര്‍ഗ്ഗം’ എന്ന് വിശേഷിപ്പിച്ച ശിവഗിരിയുടെ ശിഖരാഗ്രത്ത് മഹാസമാധി മന്ദിരം 73 അടി ഉയരത്തില്‍ (ഗുരുവിന്റെ സമാധി 73-ാം വയസ്സിലാണ്) നിര്‍മ്മിക്കപ്പെട്ടത്. ഗുരുദേവന്റെ ദിവ്യമായ ഭൗതിക കളേബരം അടക്കം ചെയ്തിരിക്കുന്ന മഹാസമാധി മന്ദിരത്തില്‍ 1969 ജനുവരി ഒന്നിന് ഗുരുവിന്റെ തിരുവിഗ്രഹം പ്രതിഷ്ഠിക്കാനുള്ള മഹാഭാഗ്യവും ലഭിച്ചത് മഠാധിപതിയായിരുന്ന ശങ്കരാനന്ദസ്വാമികള്‍ക്കാണ്. സമാധി മന്ദിരം നിര്‍മ്മിച്ച് ഗുരുദേവ പ്രതിമ സ്ഥാപിക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് സ്വാമികളും ഗീതാനന്ദസ്വാമികളുമാണ്. സമാധി മന്ദിരത്തിന്റെ പണി ആരംഭിക്കാന്‍ സ്വാമികള്‍ക്ക് മരണം വരെ ഉപവാസം പ്രഖ്യാപിക്കേണ്ടി വന്നു. സമാധി മന്ദിരം അനാച്ഛാദനം ചെയ്തത് രാഷ്ട്രപതി സക്കീര്‍ ഹുസൈനായിരുന്നു. മുഖ്യമന്ത്രി ഇ.എം.എസ്സും സഹോദരന്‍ അയ്യപ്പനും സന്നിഹിതരായിരുന്നു. കേരളം ഇതഃപര്യന്തം ദര്‍ശിച്ച ഏറ്റവും വലിയ ജനാവലിയാണ് പ്രതിമാപ്രതിഷ്ഠാ മഹോത്സവത്തില്‍ പങ്കെടുത്തത്. ആര്‍. ശങ്കര്‍, പത്രാധിപര്‍ കെ. സുകുമാരന്‍, സി.ആര്‍. കേശവന്‍വൈദ്യര്‍ തുടങ്ങി ഒട്ടനവധി മഹത്തുക്കള്‍ മഹോത്സവത്തിന് നേതൃത്വം നല്‍കി. മഹാസമാധി സന്നിധാനമായതോടെയാണ് ജനലക്ഷങ്ങള്‍ക്ക് സ്വര്‍ഗീയതയിലേയ്ക്കും അമരത്വത്തിലേയ്ക്കുമുള്ള കവാടമായി ശിവഗിരി ആഗോള പ്രസിദ്ധി നേടിയത്.
പൂര്‍വാശ്രമം
ഇത്രയും മഹനീയനായ സന്യാസിശ്രേഷ്ഠന്‍ ബ്രഹ്മശ്രീ ശങ്കരനാന്ദസ്വാമികള്‍ തൃശൂര്‍ ജില്ലയില്‍ കുറുമാലിപ്പുഴയുടെ കരയില്‍ പുരാതനവും പ്രസിദ്ധവുമായ കോമത്ത്കാട്ടില്‍ തറവാട്ടിലാണ് 1888ല്‍ ജന്മമെടുത്തത്. പൂര്‍വ്വാശ്രമത്തില്‍ ഉണ്ണി ചേന്നന്‍ എന്നായിരുന്നു നാമധേയം. ആര്‍. ശങ്കര്‍ സര്‍ക്കാരിലെ മന്ത്രിയും മുന്‍ എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റും ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന കെ.ടി. അച്യുതന്‍, പ്രസിദ്ധസാഹിത്യകാരന്‍ വിദ്യാരത്നം കെ.ആര്‍. ഭാസ്‌കരന്‍ എന്നിവര്‍ സഹോദരപുത്രന്മാരാണ്. ആദ്യകാലത്ത് സിദ്ധാശ്രമസ്ഥാപകനായ ആലത്തൂര്‍ സ്വാമി ബ്രഹ്മാനന്ദ ശിവയോഗികളുടെ ശിഷന്യായിരുന്നു. പിന്നീട് ഉണ്ണിചേന്നന്‍ തെക്കേ ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളും തിരുവണ്ണാമലയിലെ രമണമഹര്‍ഷിയുടെ ആശ്രമവും സന്ദര്‍ശിച്ച് തിരികെയെത്തി. ആ സമയത്ത് പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തില്‍ തൃപ്പാദങ്ങളെ ദര്‍ശിക്കുകയും ഗുരുവിന്റെ ദിവ്യചൈതന്യത്തില്‍ ആകൃഷ്ടനാവുകയും ചെയ്തു. 1090ല്‍ ഉണ്ണിചേന്നന്‍ ഗുരുവില്‍ നിന്ന് സന്യാസം സ്വീകരിച്ച് സ്വാമി ശങ്കരാനന്ദയായി. ബോധാനന്ദസ്വാമികളുടെ അഭിലാഷപ്രകാരം ഗുരു, അദ്ദേഹത്തെ 27-ാം വയസ്സില്‍ ആലുവാ അദ്വൈതാശ്രമത്തിന്റെ സെക്രട്ടറി സ്ഥാനം ഏല്‍പ്പിക്കുകയും ചെയ്തു. താണിശ്ശേരിയിലെ സവര്‍ണ്ണമേധാവിത്വത്തിനെതിരായി നടത്തിയ പുലയടിയന്തിരത്തിലും തത്സംബന്ധമായ ബഹളത്തിലും സ്വാമിക്ക് പ്രധാനപങ്കാളിയാകേണ്ടി വന്നു. ശ്രീനാരായണഗുരു കേരളത്തിലെ പ്രധാനക്ഷേത്രങ്ങളും, സിലോണ്‍, മദ്രാസ്, കാഞ്ചീപുരം എന്നിവിടങ്ങളും സന്ദര്‍ശിച്ചപ്പോഴും ശങ്കരനാന്ദസ്വാമികളെ ഒപ്പം കൂട്ടിയിരുന്നു. അന്ത്യകാലത്ത് ഗുരു രോഗശയ്യയിലായിരുന്നപ്പോള്‍ ആലുവാ, പാലക്കാട്, മദ്രാസ്, തിരുവനന്തപുരം, ശിവഗിരി എന്നിവിടങ്ങളില്‍ തൃപ്പാദങ്ങളെ വിട്ടുപിരിയാതെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. സിലോണില്‍ നിന്ന് മദ്രാസില്‍ മടങ്ങിയെത്തിയ ഗുരുദേവന്‍ ശിവഗിരിയിലേക്ക് തിരിച്ചുവരാന്‍ താത്പര്യം കാണിച്ചിരുന്നില്ല. ശങ്കരാനന്ദ സ്വാമികളുടെ അപേക്ഷയെ തുടര്‍ന്നാണ് ഗുരു ശിവഗിരിയിലേക്ക് തിരിച്ചെത്തിയത്.
ബ്രഹ്മവിദ്യാലയം, മെഡിക്കല്‍മിഷന്‍ ആശുപത്രി, ആദ്യശിവഗിരി തീര്‍ത്ഥാടനം, ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍, ഗുരുദേവകൃതികളുടെ പ്രസിദ്ധീകരണം തുടങ്ങിയ മഹത് ഉദ്യമങ്ങള്‍ക്ക് ഇച്ഛാശക്തിയോടെ നിലകൊണ്ട മഹാത്മാവാണ് സ്വാമികള്‍. സ്വാമി ശങ്കരാനന്ദയും ഗീതാനന്ദസ്വാമികളും കൂടി വര്‍ക്കലയിലും കൊല്ലത്തും തിരുവനന്തപുരത്തുമുള്ള ഗുരുഭക്തരുടെ ഗൃഹങ്ങള്‍ സന്ദര്‍ശിച്ച് സമാഹരിച്ച സംഭാവനകള്‍ കൊണ്ടാണ് ഡോ. പി.എന്‍. നാരായണന്റെ സഹകരണത്തോടെ ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രി സ്ഥാപിച്ചത്. കൂടാതെ ബ്രഹ്മവിദ്യാലയം (മതപാഠശാല) 1970 ഡിസംബര്‍ 31ന് ശങ്കരാനന്ദസ്വാമികളാണ് ഉദ്ഘാടനം ചെയ്തത്. ഗുരുദേവന്‍ ആലുവയില്‍ നടത്തിയ സര്‍വ്വമത സമ്മേളനത്തെത്തുടര്‍ന്ന് ശിവഗിരിയില്‍ സ്ഥാപിച്ച മതമഹാപാഠശാല (ബ്രഹ്മവിദ്യാലയം)യാണ് ഗുരുവിന്റെ സന്യാസ ശിഷ്യ പരമ്പരയ്ക്ക് രൂപവും ഭാവവും നല്‍കുന്നത്.
പൂര്‍വ്വാശ്രമത്തിലെ സ്വത്തുക്കള്‍ ധര്‍മ്മസംഘത്തിനും പ്രത്യേകിച്ച് ആലുവാ അദ്വൈതാശ്രമത്തിന്റെ വികസനത്തിനും സ്വാമികള്‍ വിനിയോഗിച്ചിരുന്നു. കൂടാതെ ശങ്കരാചലമഠം ശിവഗിരിമഠത്തിന് കൈമാറുകയും ചെയ്തു. ഭക്തിയോഗത്തിന്റെ മൂര്‍ത്തഭാവമാണ് സ്വാമികളെന്ന് സച്ചിദാനന്ദസ്വാമികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പില്‍ക്കാലത്ത് ശാന്തിഗിരി ആശ്രമം സ്ഥാപിച്ച് പ്രസിദ്ധനായ കരുണാകരഗുരുവിന് കാലടിയിലെ ആഗമാനന്ദ ആശ്രമത്തില്‍ അഭയം കിട്ടാതെ വന്നപ്പോള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം സ്വീകരിച്ച് ആലുവാ അദ്വൈതാശ്രമത്തിലും പിന്നീട് ശിവഗിരിയിലും താമസസൗകര്യം ഉള്‍പ്പെടെ നല്‍കിയതും ആദ്ധ്യാത്മിക നിഷ്ടകള്‍ അഭ്യസിപ്പിക്കുകയും ചെയ്തത് ശങ്കരാനന്ദസ്വാമികളാണെന്ന് ഗുരുരത്ന ജ്ഞാനതപസ്വി രേഖപ്പെടുത്തിയിട്ടുണ്ട്. ധര്‍മ്മസംഘം പ്രസിഡന്റായിരുന്ന പ്രകാശാന്ദസ്വാമികള്‍ക്കും സ്വരൂപാനന്ദസ്വാമികള്‍ക്കും സന്യാസദീക്ഷ നല്‍കിയതും സ്വാമികളായിരുന്നു. ശിവഗിരി മഹാസമാധി പ്രതിഷ്ഠ കൂടാതെ ആലുവ അദ്വൈതാശ്രമം, ശ്രീലങ്ക, തുറവൂര്‍, കളരിക്കല്‍ ശ്രീ മഹാദേവീക്ഷേത്രം, ചേരാനല്ലൂര്‍, തിരുവനന്തരും, കാഞ്ഞിരംകുളം, യാക്കര എന്നിവിടങ്ങളിലും ശങ്കരാനന്ദസ്വാമികള്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
ശങ്കരാനന്ദസ്വാമികള്‍ താമസിച്ചിരുന്നത് പര്‍ണ്ണശാലയില്‍ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന അപൂര്‍വ ഫോട്ടോകള്‍ പ്രത്യേകിച്ച് മഹാസമാധി, ബ്രഹ്മവിദ്യാലയം എന്നിവയുടെ ഉദ്ഘാടനം, അദ്ധ്യായനത്തിന്റെ തുടക്കം മുതലായവ കാണിക്കുന്ന ഫോട്ടോകള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയുന്നില്ല.
ഇതിനെല്ലാം ഉപരിയായി സ്വാമികള്‍ പ്രതിഷ്ഠ നടത്തിയ വിവരം രേഖപ്പെടുത്തിയ ബോര്‍ഡ് സമാധിക്ക് സമീപത്തുള്ള പ്ലാവിന്‍ ചുവട്ടില്‍ നിന്ന് അപ്രത്യക്ഷമായി. ഗുരുവിന്റെ ആഗ്രഹമനുസരിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ചിരുന്ന ധര്‍മ്മസോദരീമഠങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയതു ശങ്കരാനന്ദസ്വാമികള്‍ 1967 ഡിസംബര്‍ 19ന് നടത്തിയ ഉദ്ഘാടനത്തിന് ശേഷമാണ്.
തൃപ്പാദങ്ങള്‍ ഏകദേശം 85 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ, സാംസ്‌കാരിക, ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു. തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ തന്നെ അതിന് ഉദാഹരണമാണ്. കൃഷി, ശാസ്ത്രം, ഗൃഹശാസ്ത്രം, നെയ്ത്ത്, ചെറുകിട വ്യവസായം എന്നിവയില്‍ ശിവഗിരി സ്‌കൂളില്‍ പരിശീലനം നല്‍കിയിരുന്നു. അതായിരുന്നു വൊക്കേഷണല്‍ വിദ്യാഭ്യാസത്തിന്റെ തുടക്കം. അതിനുള്ള സ്ഥാപനമായിരുന്നു ശിവഗിരിയിലെ നെയ്ത്തുശാല. അത് ഇപ്പോള്‍ എവിടെയാണ്?
ആലുവ അദ്വൈതാശ്രമത്തില്‍ സ്വാമികള്‍ നട്ട മല്‍ഗോവ മാവും അതില്‍ ഉണ്ടായ പഴുത്തുവീണ ആദ്യത്തെ മാങ്ങ എടുത്തു ശ്രീ. കെ.ആര്‍. നാരായണനു കൊടുത്തു പ്രവചിച്ച കാര്യങ്ങളും ഡോ. കുശല രാജേന്ദ്രന്‍ കലാകൗമുദിയിലെ പട്ടം പോലെ എന്ന ഓര്‍മ്മക്കുറിപ്പില്‍ രേഖപ്പെടുത്തി കാണുന്നു.
ശങ്കരനാനന്ദസ്വാമികളെ ഗുരുദേവന്റെയും ബോധാനന്ദസ്വാമികളുടെയും സമീപത്തു സമാധിയിരുത്തുന്നതിന് പകരം നെയ്ത്തുശാല പറമ്പില്‍ സമാധിയിരുത്തിയതു അനുചിതമായിരുന്നു എന്ന ആക്ഷേപം അന്നുതന്നെ ഉണ്ടായിരുന്നു. ശങ്കരാനന്ദസ്വാമികളുടെ സമാധി മന്ദിരം പണികഴിപ്പിച്ചതും ശിവഗിരിയിലെ പുതിയ ഗസ്റ്റ്ഹൗസിന് ബ്രഹ്മശ്രീ ശങ്കരാനന്ദസ്വാമി നിലയം, ശിവഗിരിമഠം, വര്‍ക്കല എന്ന് നാമകരണംചെയ്ത് ബോര്‍ഡ് സ്ഥാപിച്ചതും ശ്രീമദ് പ്രകാശാനന്ദസ്വാമി പ്രസിഡന്റും ശ്രീമദ്ഋതംഭരാനന്ദസ്വാമി ജനറല്‍ സെക്രട്ടറിയും ആയിരുന്ന കാലത്താണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രസ്തുത ബോര്‍ഡ് ആരോ മായ്‌ച്ചു കളഞ്ഞിരിക്കുന്നു.
സ്വാമികളെ അവസാനകാലത്തു ആത്മാര്‍ത്ഥമായി ശുശ്രൂഷിച്ചത് സ്വാമി സഹജാനന്ദനാണ്. അദ്ദേഹത്തോടുള്ള ഞങ്ങളുടെ സ്നേഹവും കടപ്പാടും ബഹുമാനപൂര്‍വം അര്‍പ്പിക്കട്ടെ
9567934095