കെ.സുരേന്ദ്രന്റെ
റേഡിയോക്കാലം
1950 ഏപ്രില്‍ ഒന്നിന് നാട്ടുരാജ്യങ്ങളിലെ റേഡിയോ നിലയങ്ങള്‍
ആള് ഇന്ത്യ റേഡിയോയുടെ ഭാഗമായി. അങ്ങനെ, തിരുവിതാംകൂര്‍
സര്‍ക്കാറിന്റെ തിരുവനന്തപുരം റേഡിയോ നിലയവും കേന്ദ്രസര്‍ക്കാര്‍
സ്ഥാപനമായി. ഓള് ഇന്ത്യ റേഡിയോയാല് തങ്ങള്‍ ‘വിഴുങ്ങപ്പെട്ടു’
എന്നാണ് കെ.സുരേന്ദ്രനും സഹപ്രവര്‍ത്തകര്‍ക്കും തോന്നിയത്.
‘ഒരു ചെറിയ ഘടകത്തിന്റെ എല്ലാ സ്വച്ഛന്ദതയോടും പരസ്പര
ധാരണയോടും കഴിഞ്ഞിരുന്ന ഞങ്ങള്‍ ഒരപരിചിത ലോകത്തില്‍ ലയിച്ച്, വ്യക്തിത്വം നഷ്ടപ്പെട്ട് ,അനാഥരായിത്തീര്‍ന്നു’ (‘ജീവിതവും ഞാനും‘)
നോവലിസ്റ്റ് കെ.സുരേന്ദ്രന് അധികമാരും അറിയാത്ത ഒരു റേഡിയോ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പ്രേമസുരഭിലമായ ജീവിതഘട്ടത്തില്‍ റേഡിയോയും പശ്ചാത്തലമായി വരുന്നുണ്ട്.
തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ റേഡിയോ നിലയത്തില്‍ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനായാണ് റേഡിയോയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തുടങ്ങുന്നത്. ടെലിഫോണ്‍സ് വകുപ്പില്‍ നിന്ന് നിയോഗിക്കപ്പെട്ടവരായിരുന്നു, തിരുവനന്തപുരം റേഡിയോ നിലയത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ നോക്കിയിരുന്നത്.
അക്കാലത്തെ പ്രമുഖ സാഹിത്യ പ്രസിദ്ധീകരണങ്ങളായ ‘മംഗളോദയം’, ‘പരിഷത്ത് ദ്വൈമാസികം’ , ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് തുടങ്ങിയവയിലെല്ലാം ഗദ്യകവിതകളും ലേഖനങ്ങളുമെഴുതിയിരുന്നു ,കെ.സുരേന്ദ്രന്. ചങ്ങമ്പുഴ, പി.സി. കുട്ടിക്കൃഷ്ണന്, കുറ്റിപ്പുഴ കൃഷ്ണപിള്ള , ഡി.സി. കിഴക്കേമുറി എന്നിവരുമായി എഴുത്തിലൂടെയും മറ്റും നല്ല പരിചയം.
നാട്ടുകാരനും അടുത്ത സുഹൃത്തുമായ കേശവദേവിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു അദ്ദേഹം. അവിടെ വച്ച് സുരേന്ദ്രന് ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. അന്ന് ദേവിന്റെ ഭാര്യ പ്രസംഗകയും കഥാകൃത്തുമായിരുന്ന ഗോമതിയമ്മയായിരുന്നു. (അവരുടെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പലപ്പോഴും സാക്ഷിയായിട്ടുണ്ട്, അദ്ദേഹം. മക്കളില്ലാതിരുന്ന അവര്‍ രേണുക എന്ന കുട്ടിയെ ദത്തെടുത്തു. പിന്നെ, വേര്‍പിരിഞ്ഞു). അവരുടെ ജ്യേഷ്ഠനായ ആര്. നീലകണ്ഠന് എന്ന അദ്ധ്യാപകന്റെ മകളായ ഓമന എന്ന വി.എന്‍. രാജമ്മയുമായി സുരേന്ദ്രന് പ്രണയത്തിലായി.
എം.എല്‍.എ. ഹോസ്റ്റലിനടുത്ത ഓഫീസിലെ സ്വീകരണ മുറിയില്‍ പലപ്പോഴും സുരേന്ദ്രനെ കാണാന്‍ അവളെത്തി.
പിന്നെ, ബി.എസ്.സി പഠിത്തം പൂര്‍ത്തിയാക്കാന്‍ , അവളെ താമസസ്ഥലത്ത് ഒപ്പം നിര്‍ത്തി. തുടര്‍ന്ന്, എസ്. ഗുപ്തന് നായരും മറ്റൊരു സുഹൃത്തും സാക്ഷികളായി രജിസ്റ്റര്‍ ഓഫീസില്‍ വച്ച് അവര്‍ വിവാഹിതരായി..
രണ്ടാം ലോക മഹായുദ്ധകാലത്ത് സര്‍വ്വീസില്‍ കയറുമ്പോള്‍ നാലോ – അഞ്ചോ രൂപ വാര് അലവന്‍സുള്‍പ്പെടെ അന്ന് സുരേന്ദ്രന്റെ ശമ്പളം ഇരുപത് രൂപയ്ക്കടുത്ത് വരും. പക്ഷേ, അന്ന് എഴുതുന്നതിനെല്ലാം പ്രതിഫലം കിട്ടും :അഞ്ചു രൂപ മുതല്‍ 15 രൂപ വരെ ..
1950 ഏപ്രില്‍ ഒന്നിന് നാട്ടുരാജ്യങ്ങളിലെ റേഡിയോ നിലയങ്ങള്‍ ആള് ഇന്ത്യ റേഡിയോയുടെ ഭാഗമായി. അങ്ങനെ, തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ തിരുവനന്തപുരം റേഡിയോ നിലയവും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായി. ഓള് ഇന്ത്യ റേഡിയോയാല് തങ്ങള്‍ ‘വിഴുങ്ങപ്പെട്ടു’ എന്നാണ് കെ.സുരേന്ദ്രനും സഹപ്രവര്‍ത്തകര്‍ക്കും തോന്നിയത്.’ഒരു ചെറിയ ഘടകത്തിന്റെ എല്ലാ സ്വച്ഛന്ദതയോടും പരസ്പര ധാരണയോടും കഴിഞ്ഞിരുന്ന ഞങ്ങള്‍ ഒരപരിചിത ലോകത്തില്‍ ലയിച്ച്, വ്യക്തിത്വം നഷ്ടപ്പെട്ട് ,’അനാഥരായി’ ത്തീര്‍ന്നു'(‘ജീവിതവും ഞാനും’).
രൂപഭാവങ്ങളില്‍ ഇംഗ്ലീഷുകാരനെപ്പോലെ തോന്നിച്ച ജി.പി.എസ്.നായരായിരുന്നു ,ഡയറക്ടര്‍. രാജഭരണ കാലത്ത് നിയമിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ആള് ഇന്ത്യ റേഡിയോയില്‍ തന്നെ തുടരുന്നുണ്ടായിരുന്നു. കലാകാരന്മാരും , ഓഫീസ് – സാങ്കേതിക വിഭാഗം ജീവനക്കാരുമടക്കമുള്ളവരില് ഏറെയും തമിഴ് ബ്രാഹ്മണര്‍:കുടുമയുള്ളവര്.
ഒരു ദിവസം ഡയറക്ടര്‍ ഒരു ഉത്തരവിറക്കി – തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ ‘എല്ലാവരും സായിപ്പിന്റെ വേഷത്തില്‍ ഹാജരാകണമെന്ന്’.
സുരേന്ദ്രന്, പതിവു പോലെ ഖദര്‍ മുണ്ടും ജുബ്ബയും ധരിച്ചെത്തി, ഒപ്പം മറ്റൊരാളും. ബാക്കിയെല്ലാവരും പാന്റിലും ബുഷ് ഷര്‍ട്ടിലും. കുടുമ മുറിച്ച്, തൊപ്പിയും വച്ചിരുന്നു, ചിലര്‍ !
പാട്ടുകളും പുസ്തകങ്ങളും സൂക്ഷിക്കുന്ന ലൈബ്രറിയിലായിരുന്നു, ആള് ഇന്ത്യ റേഡിയോയായപ്പോള് സുരേന്ദ്രനെ നിയമിച്ചത്. അത് ഡയറക്ടറുടെ കീഴിലായിരുന്നു.
1951 ലെ ‘മാതൃഭൂമി’ വാര്‍ഷികപ്പതിപ്പില്‍ കെ. സുരേന്ദ്രന് ഒരു ലേഖനമെഴുതി – സംഗീതത്തിന്റെ ശരീര ശാസ്ത്രം. സംഗീത സംബന്ധിയായി എഴുതിയ മൂന്ന് ലേഖനങ്ങളില്‍ രണ്ടാമത്തേതായിരുന്നു , അത്. മുന്‍കൂട്ടി അനുമതി വാങ്ങിയേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എഴുതാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനാല്‍, ‘സുരേന്ദ്രന്’ എന്ന പേരിലായിരുന്നു, അയച്ചത്.
ഇത് അച്ചടിച്ചു വന്നതിനു പിന്നാലെ ഡയറക്ടര്‍ വിളിപ്പിച്ചു. മലയാളം വായിക്കാനിടയില്ലാത്ത ജി.പി.എസ്.നായരോട്, ആരോ എന്തോ ‘കൊളുത്തിക്കൊടുത്തതാണ്’ എന്ന് അദ്ദേഹം ഊഹിച്ചു.
‘ഇതു സുരേന്ദ്രന് എഴുതിയതല്ലേ?’
ഔദ്യോഗികമായാണ് ചോദിക്കുന്നതെ ങ്കില്‍ അല്ല.. മനുഷ്യന് മനുഷ്യനോടെന്ന നിലയില്‍ ഞാന്‍ പറയാം – അതേ’.
‘പാട്ടിന്റെ ഒരു കഥാസാരമാണ് രാഗം’ എന്നുള്ളതടക്കം ആ ലേഖനത്തിലെ നിരീക്ഷണങ്ങളൊക്കെ തെറ്റാണന്നായിരുന്നു, അദ്ദേഹത്തിന്റെ പക്ഷം.
‘ അത് സാറിന്റെ അഭിപ്രായം. അതായിരിക്കും , ഒരു പക്ഷേ ശരി. എന്റെ അഭിപ്രായം ഞാന്‍ എഴുതി, എനിക്ക് ബോദ്ധ്യമുള്ളത് – എന്റെ അനുഭവങ്ങള്‍ ”.
‘ .. സംഗീതത്തിന്റെ കേന്ദ്രമായ ഈ സ്ഥാപനത്തിലിരുന്നു കൊണ്ട്, സംഗീതത്തിന് എതിരായി ഇങ്ങനൊക്കെ എഴുതുമ്പോള്‍ എനിക്ക് നടപടി എടുക്കാതിരിക്കാന്‍ ഒക്കുമോ”.
‘അങ്ങനെയാണെങ്കില്‍ ഇതു ഞാനല്ല, സാര്‍ , എഴുതിയത്”.
- സുരേന്ദ്രന്റെ മൂന്നാമത്തെ ലേഖനവും പ്രസിദ്ധീകരിക്കപ്പെട്ടു. ‘ആരേയും കാണിച്ചതുമില്ല, ആരും എന്നെ വിളിച്ചു ചോദിച്ചതുമില്ല”.
- സുരേന്ദ്രനെ അവിടെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി നിയമിക്കണമെന്ന് ജി.പി.എസ്.നായര്‍ക്ക് താല്പര്യമുണ്ടായി. കൂടുതല്‍ കാശ് കിട്ടും.
സമയപരിധിക്കുള്ളില്‍, വേഗത്തില്‍ സ്ക്രിപ്റ്റ് എഴുതാന്‍ കഴിയില്ല.ജോലി സ്ഥിരതയുടെ കാര്യത്തിലും സുരേന്ദ്രന് ഉത്കണ്ഠയുണ്ടായിരുന്നു.
അത് ഉറപ്പു നല്കാന് പറ്റില്ലെന്നും, സാധാരണ നിലയില്‍ മൂന്നു കൊല്ലത്തെ കോണ്ട്രാക്റ്റ് പുതുക്കി നല്‍കുമെന്നുമായിരുന്നു ഡയറക്ടര്‍ സുരേന്ദ്രനോട് പറഞ്ഞത്. വീട്ടുകാരോടും സുഹൃത്തുക്കളാടും അന്വേഷിച്ച്, തീരുമാനിച്ചാല്‍ മതി. - സ്ഥിരം ജോലി കളയേണ്ട എന്നായിരുന്നു, എല്ലാവരും ഉപദേശിച്ചത്.
അങ്ങനെ, കെ.സുരേന്ദ്രന് സാങ്കേതിക വിഭാഗത്തില്‍ തന്നെ തുടര്‍ന്നു. അധികം വൈകാതെ തിരുവിതാംകൂര്‍ ടെലിഫോണ്‍സ് വകുപ്പും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായതോടെ കെ.സുരേന്ദ്രനെ ആകാശവാണിയില്‍ നിന്ന് അവിടേയ്ക്ക് മാറ്റി. അവിടെ 12 വര്‍ഷത്തിനു ശേഷം അദ്ദേഹം ജോലി ഉപേക്ഷിക്കുകയും ചെയ്തു.
പക്ഷേ, ആകാശവാണിയിലെ സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദം കെ.സുരേന്ദ്രന് തുടര്‍ന്നു. 1963 -ല്‍ പ്രസിദ്ധീകരിച്ച , ‘കുമാരനാശാന്’ എന്ന ജീവചരിത്രഗ്രന്ഥത്തെ ആസ്പദമാക്കി, മഹാകവിയുടെ ജീവിതത്തെക്കുറിച്ച് കെ.സുരേന്ദ്രന് എഴുതിയ ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക ഫീച്ചര്‍ ആകാശവാണി പ്രക്ഷേപണം ചെയ്തു. നാഗവള്ളി ആര്.എസ്. കുറുപ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അത്. അതിനായി കുമാരനാശാന്റെ വിധവ ഭാനുമതിയമ്മയേയും സഹോദരന് അയ്യപ്പനേയും കാണാന്‍ ആകാശവാണി ടീമിനൊപ്പം അദ്ദേഹവും പോയി. ടി.എന്‍. ഗോപിനാഥന് നായര്‍ക്കൊപ്പം സഹോദരന് അയ്യപ്പന്റെ എറണാകുളത്തെ വീട്ടില്‍ എത്തിയ രംഗം ആത്മകഥയില്‍ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ആജീവചരിത്ര രചനയെക്കുറിച്ച് സംസാരിക്കാന്‍ ഏതാനും വര്‍ഷം മുന്‍പ് അദ്ദേഹത്തെ കണ്ടപ്പോള്‍, ആശാന്റെ ജീവചരിത്രമെഴുതാന്‍ യോഗ്യരായ ആരേയും താന്‍ കാണുന്നില്ലെന്നായിരുന്നു , നവാഗതനായ സുരേന്ദ്രനോട് സഹോദരന് അയ്യപ്പന് പറഞ്ഞത്.
പുസ്തകം വായിച്ചിട്ടാകാം, അദ്ദേഹം അപ്പോള്‍ സന്തോഷവാനായിരുന്നു. ഭാര്യ പാര്‍വ്വതി അയ്യപ്പന് സുരേന്ദ്രന്റെ ‘താളം’,’ മായ’ തുടങ്ങിയ നോവലുകള്‍ ഇഷ്ടപ്പെട്ടതായും അവര്‍ അറിയിച്ചു.
മൈക്ക് മുന്നില്‍ കണ്ടപ്പോള്‍ സംസാരിക്കാന്‍ സഹോദരന് അയ്യപ്പന് മടി. അവസാനം, കെ.സുരേന്ദ്രന് ചില ചോദ്യങ്ങള്‍ ചോദിച്ച്, അദ്ദേഹത്തെക്കൊണ്ട് സംസാരിപ്പിക്കുകയായിരുന്നു.
കൈനിക്കര കുമാരപിള്ള, ടി.ആര്.സുകുമാരന്‍ നായര്‍ തുടങ്ങിയവരും ആ ഫീച്ചറില്‍ പങ്കെടുത്തതായി സുരേന്ദ്രന് ഓര്‍ക്കുന്നു.
‘മായ’ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകള്‍, റേഡിയോ നാടകങ്ങളായും പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്..
പക്ഷേ, മുന്‍പ് ആകാശവാണിയിലെ ”സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലി വച്ചു മാറാഞ്ഞത് വളരെ നന്നായി എന്ന് അന്നും, അന്നത്തേതിനെക്കാള്‍ ഇന്നും തോന്നുന്നു… അങ്ങനെയൊരു പരീക്ഷണത്തില്പ്പെടാതിരുന്നത് ഭാഗ്യമായി ”,എന്ന് കെ.സുരേന്ദ്രന് എഴുതിയിട്ടുണ്ട്. - ‘എഴുത്തുകാര്‍ നിത്യവൃത്തിക്കു വേണ്ടി എന്തെങ്കിലും ജോലി ചെയ്യുന്നെങ്കില്‍ത്തന്നെ, അത് എഴുത്തിനോട് ബന്ധപ്പെടാത്ത ഒന്നായിരിക്കുന്നതാണ് നല്ലത്’, എന്ന പക്ഷക്കാരനായിരുന്നു, കെ.സുരേന്ദ്രന്