ചില്ലു ചതുരങ്ങളില്‍ ഒരു പോരാളി

ഗിരിജാവല്ലഭന്റെ ‘ചില്ലുചതുരങ്ങള്‍’ പതിനാല് ചെറുകഥകളുടെ ഒരു സമാഹാരമാണ്. വായനക്കാരനെ മനംപുരട്ടുന്ന അവസ്ഥയിലേക്ക് നയിക്കാത്ത കഥകള്‍.

കഥകളെ വാണിജ്യവല്‍ക്കരിക്കുന്ന ഒരു പ്രവണത മുഖ്യധാരയിലുള്ള ചില ആനുകാലികങ്ങളില്‍ കണ്ടുവരുന്നുണ്ട്. കഥയെ വിഷ്വലൈസ് ചെയ്തുകൊണ്ട് സിനിമാ കമ്പോളങ്ങള്‍ക്ക് വേണ്ടിയോ ടെലിഫിലിമുകള്‍ക്ക് വേണ്ടിയോ പ്ലാന്‍ ചെയ്ത് എഴുതുന്നവ, അല്ലെങ്കില്‍ ആനുകാലികങ്ങള്‍ക്ക് വേണ്ടി പേജ് നിറയ്ക്കാന്‍ എഴുതുന്നവ..

പതിനാറും പതിനെട്ടും പേജുകള്‍ വലിച്ചുനീട്ടി വലിയൊരു സര്‍ഗ്ഗാത്മകാദ്ധ്വാനം ചെയ്‌തെന്ന് വിലയിരുത്തും വിധം കഥ എഴുതിയാല്‍ പത്രാധിപര്‍ക്കോ പത്രാധിപസമിതിക്കോ അതൊരു ലാഭക്കച്ചവടമായി കണക്കിലെടുക്കാം. കാരണം ഏഴോ എട്ടോ പേജിലെഴുതുന്ന കഥക്ക് പത്രാധിപര്‍ കൊടുക്കുന്ന കാശോ അതിലധികമോ ബാക്കിയുള്ള എട്ട് പേജിന് ലേഖനത്തിനായാലും കഥയ്ക്കായാലും മറ്റൊരെഴുത്തുകാരന് കൊടുത്തേ തീരൂ….
പുതിയ വാണിജ്യതന്ത്രമാണിത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ”ചെറു”കഥയില്ല…..കഥമാത്രം……
ശ്രീ ഗിരിജാവല്ലഭന്റെ ചില്ലുചതുരങ്ങള്‍ പതിനാല് ചെറുകഥകളുടെ ഒരു സമാഹാരമാണ്. വായനക്കാരനെ മനംപുരട്ടുന്ന അവസ്ഥയിലേക്ക് നയിക്കാത്ത കഥകള്‍.

ഒരു കഥാകൃത്ത് ഇക്കാലത്ത് പോരാളിയെപ്പോലെയാണ്… അച്ചടിമാധ്യമത്തില്‍ ഒരു കഥയെഴുതി അതിന് നല്ല വായനക്കാരുണ്ടാകുക വിഷമം പിടിച്ച അവസ്ഥ തന്നെ. സൈബര്‍ കഥ അങ്ങനെയല്ല. അത് മുഖപുസ്തകത്തിലോ മറ്റോ പോസ്റ്റ് ചെയ്ത് കുറേ സുഹൃത്തുക്കളോടും കുടുംബക്കാരോടും ”വായിക്കണേ” യെന്നഭ്യര്‍ത്ഥിക്കാം. അമ്പത് ശതമാനത്തിലേറെപ്പേര്‍ വായിക്കാതെ തന്നെ ലൈക്കടിക്കും…..ചിലര്‍ ഉഗ്രനാണ്, ഒഴുക്കുണ്ട്, നല്ല കഥയെന്ന് തട്ടും…..മറ്റുചിലര്‍ ഓ, വായിച്ചിട്ടില്ലെന്ന് സത്യം പറയും…….
ശ്രീ ഗിരിജാവല്ലഭന്‍ പോരാളിയാണ്…..ഒരു പ്രവാസി സ്വന്തം ജീവിതത്തോടും നഷ്ടപ്പെട്ട തന്റെ ഗ്രാമീണജീവിതത്തോടും ഏകസ്വരത്തില്‍ വിനിമയം നടത്തുമ്പോള്‍ പോരാളിയാകേണ്ടതുണ്ട്. ആ പോരാളിത്വം അയാള്‍ കഥാകാരന്‍ കൂടിയാകുമ്പോള്‍ ലാവണ്യാര്‍ജ്ജിതമായി മാറുന്നു. എന്നാല്‍ പകയോ വിദ്വേഷമോകൊണ്ട് ഗിരിജാവല്ലഭന്റെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ അപ്രീതി സമ്പാദിക്കുന്നില്ല.

ചില്ലുചതുരങ്ങള്‍ ഈ സമാഹാരത്തിലെ രണ്ടാമത്തെ കഥയാണ്.മനുഷ്യന്‍ ചതുരംഗപ്പലകയിലെ കരുക്കള്‍ മാത്രമാണെന്നും ഏത് നിമിഷവും കളത്തില്‍ നിന്നും എടുത്തെറിയപ്പെടുന്ന നിസ്സഹായാവസ്ഥ അവനെ അലട്ടുമെന്നും കഥ ബോദ്ധ്യപ്പെടുത്തുന്നുണ്ട്…..ഭര്‍ത്താവ് മറ്റൊരിണയെ തേടിപ്പോയപ്പോള്‍ മകളെ പഠിപ്പിച്ച് വലുതാക്കി, ഒടുവില്‍ അവളും താന്‍ ജീവിച്ചിരിക്കെ ജീവച്ഛവമായി മാറുന്ന ഒരു സ്ഥിതി വിശേഷം നേരിടേണ്ടി വരുന്ന ഈ കഥയിലെ അമ്മ മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നല്‍കുന്നതാണ് കഥ. ജീവിതം ചിലപ്പോള്‍ ഏകാന്തത കൊട്ടിഘോഷിക്കപ്പെടുന്ന വലിയ തുരുത്താണ്……
ഒരു വ്യക്തിയെ രക്തസാക്ഷിയാക്കിയശേഷം അവര്‍ക്ക് വേണ്ടി സിന്ദാബാദ് വിളിക്കുന്ന രാഷ്ട്രീയമാനമുള്ള കഥയാണ് നാരായണമംഗലം.
പുറംപണിക്ക് പോയ്‌ക്കൊണ്ടിരുന്ന രാമായിമൂപ്പത്തിയുടെ ശവം തച്ചപ്പിള്ളിക്കടവില്‍ പൊന്തിയതാണ് ഗ്രാമത്തില്‍ വാര്‍ത്തയാകുന്നത്. രാമായിമൂപ്പത്തിയുടെ മൂപ്പന്‍ മരിച്ചുപോയിരുന്നു. ബ്ലൗസ്സിടാതെ ചേലകൊണ്ട് തോളുവരെ മറച്ച് അതിവേഗത്തിലായിരുന്നു അവരുടെ നടത്തം. മംഗലംപാലം പുതുക്കിപ്പണിയാന്‍ തൂണിന് കല്ലിടുമ്പോള്‍ നാട്ടുകാരിലൊരാളെ ആ കല്ലിനൊപ്പം പുഴയില്‍ താഴ്ത്തുന്ന കര്‍മ്മത്തിന് രാമായിയെയാണ് നാട്ടുകാര്‍ കണ്ടിരിക്കുന്നതെന്ന് വെടിക്കാരന്‍ ശശി പറയുന്നതോടെ അത് വാസ്തവമാണെന്ന തോന്നലില്‍ ആധിപിടിച്ച് രാത്രിയും പകലും കഴിച്ചുകൂട്ടിയ രാമായിമൂപ്പത്തിയുടെ ജഡം പിറ്റേന്ന് കാലത്താണ് കോക്കാന്‍ അപ്പുകടവില്‍ കാണുന്നത്.

താഴ്‌വരയില്‍ നിന്നും വരാറുള്ള കണ്ടന്‍ പൂച്ചയാണ് കുട്ടൂസ് എന്ന തത്തമ്മയെ കൊന്നതെന്ന നിഗമനത്തില്‍, തത്തമ്മയുടെ മരണം അമ്മയുടെ മനസ്സില്‍ സൃഷ്ടിച്ച വ്യഥയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍, മകന്‍ പൂച്ചയേയും അന്വേഷിച്ച് താഴ്വാരത്തിലേക്ക് പോകുന്നു. കണ്ടന്‍ പൂച്ചയെ കൊല്ലുകയായിരുന്നു അവന്റെ ഉദ്ദേശ്യം….. എന്നാല്‍ മകനായ കണ്ണനോ പൂച്ചയോ പിന്നീടൊരിക്കലും തിരിച്ചുവന്നില്ല. ഭീതിദമായ, ദുരൂഹതകള്‍ നിറഞ്ഞ കാലത്തെ ഈ കഥ അനാവരണം ചെയ്യുന്നു…. അതുപോലെ സ്വപ്‌നസമാനമായ മറ്റൊരു കഥയാണ് വനയാത്ര. ഈ കഥയിലെ മുഴുവന്‍ ദൃശ്യങ്ങളും അലൗകികമായ ഏതോ സ്വപ്‌നത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണ്……….
സ്‌നേഹബന്ധങ്ങളും രക്തബന്ധങ്ങളുമെല്ലാം താന്‍പോരിമയുടേയും സ്വാര്‍ത്ഥതയുടേയും അളവുകോലുകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ദുഷിച്ചകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളിലേക്ക് ഭാഗാധാരം എന്ന കഥ നമ്മെ ആനയിക്കുന്നു. ബാല്യവും യൗവനവുമൊക്കെ, കണക്ക് പറഞ്ഞ് തന്റെ ആധിപത്യം ഉറപ്പിച്ചെടുക്കാനുള്ള ഒരുപാധിയായി മനുഷ്യന്‍ കാണുന്നു. ഞാന്‍, എന്റേത് എന്ന കണക്കുകൂട്ടലുകളില്‍ മാത്രം ജീവിതത്തെ തളച്ചിടുകയാണ് പലരും…..

ഗ്രാമ്യമുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മകളില്‍ നിന്നുമെടുത്തെഴുതാന്‍ ചില എഴുത്തുകാര്‍ക്ക് സവിശേഷമായ കഴിവുണ്ട് . ഗിരിജാവല്ലഭന്റെ കഥകളില്‍ എപ്പോഴും പൂത്തുലഞ്ഞുനില്‍ക്കുന്നത് ഗ്രാമീണ സൗഭാഗ്യങ്ങള്‍ തന്നെയാണ്. അല്ലെങ്കിലും അതങ്ങനെത്തന്നെയാണ്. മലര്‍വാടിയില്‍ നിന്നും ചതുപ്പിലേക്ക് വലിച്ചെറിയപ്പെട്ടത് പോലെയാണല്ലൊ പ്രവാസിക്ക് നാഗരീക ജീവിതം…….
കാരുമാത്രയെന്നതും ഒരു ഗ്രാമമാണ്. കാരുമാത്രപ്പുഴയുടെ വടക്കുംകര കാരുമാത്രയായി രൂപാന്തരം പ്രാപിച്ചതാണ്. മതവൈരാഗ്യങ്ങളില്ലാതെ രാഷ്ട്രീയകൊലപാതകങ്ങളില്ലാതെ ജനങ്ങള്‍ സ്‌നേഹത്തോടെ ജീവിച്ചിരുന്നു ആ ഗ്രാമത്തില്‍. . പെട്ടെന്നാണ് കാരുമാത്രപ്പുഴയ്ക്ക് ഒരു പാലം പണിയാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഗ്രാമീണജീവിതം നാഗരീകവല്‍ക്കരിക്കുമ്പോള്‍ ജീവിതത്തിന്റെ അടിത്തട്ടിലുള്ള ചിലര്‍ക്കെങ്കിലും ജീവിതത്തോട് പോരാടാനുള്ള കെല്‍പ്പ് നഷ്ടപ്പെടും…….
സാഹിത്യരചന പ്രാര്‍ത്ഥനാരൂപമാണെന്ന് കാഫ്ക പറഞ്ഞിട്ടുള്ളത്, മാധവിക്കുട്ടിയുടെ കഥകള്‍ക്കുള്ള മുഖവുരയില്‍ കളര്‍കോട് വാസുദേവന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ ഇന്നത്തെ മാനസീകാവസ്ഥ ഏത് പ്രതിസന്ധിയിലും എന്തും കണ്ടുകൊണ്ടിരിക്കുക എന്നാല്‍ പ്രതികരിക്കാതിരിക്കുക എന്നതാണ്. അതുകൊണ്ടായിരിക്കാം കഥയ്ക്കും കവിതയ്ക്കും പിന്നാലെ നിരൂപകവൃന്ദം പടയോട്ടം നടത്താത്തത് …. വായനക്കാര്‍ തന്നെ ഇന്ന് കഥകളേയും കവിതകളേയും മെച്ചപ്പെട്ട രീതിയില്‍ കൊണ്ടാടുന്നുമുണ്ടല്ലോ!
കടലിന്റെ നഷ്ടങ്ങള്‍ നാഗരിക ജീവിതത്തില്‍ മാത്രമല്ല പലര്‍ക്കും പലേടത്തും അനുഭവിക്കേണ്ടിവന്നിട്ടുള്ള കയ്‌പ്പേറിയ അനുഭവങ്ങളാണ്. ഉറപ്പില്ലാത്ത കുടുംബബന്ധങ്ങള്‍ ഇക്കാലത്ത് ഏറെയാണ്. അസഹിഷ്ണുതയും കോപവും വാശി യും, തിരക്ക്പിടിച്ച ജീവിതത്തില്‍, ചിലരെയെങ്കിലും നാശോന്മുഖത്തേക്ക് വലിച്ചിഴയ്ക്കുന്നു…..
ലഹരിയും ലഹരിപദാര്‍ത്ഥങ്ങളും മനുഷ്യനെ മൃഗീയതയെക്കാള്‍ ഭീകരമായ ഒരവസ്ഥയിലെത്തിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ”അസ്തമനത്തിന് മുമ്പ്” വായിച്ചാല്‍ മനസ്സിലാകും. അതു പോലെ ഒരു സ്‌ക്രീന്‍ ഷോട്ട് കണ്ട പ്രതീതി ഉളവാക്കുന്ന കഥയാണ് ”തിരപോയ വഴി”…..
നിശാഗന്ധിക്ക് അല്‍പ്പായുസ്സാണ് .രാത്രി വിടര്‍ന്ന് പ്രഭാതമാകുമ്പോഴേക്കും വാടിത്തളരുന്ന പൂവ് …എന്നാല്‍ വിരിഞ്ഞ് വരുമ്പോഴുള്ള സുഗന്ധം മത്ത് പിടിപ്പിക്കുന്നതാണ്. ഹരിയെ ബാല്യകൗമാരങ്ങളില്‍ മത്ത് പിടിപ്പിച്ച വിശാലം ഹരിയുടെ അച്ഛനുമായും കിടക്ക പങ്കിട്ടവളാണ്. ഒടുവില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം സ്ത്രീ ശരീരത്തിന്റെ ഗന്ധത്തെ മനസ്സിലാക്കാനും ആ ലഹരിയില്‍ അര്‍മാദിക്കാനും അറിയുന്ന ഹരിയെ അന്വേഷിച്ചെത്തിയ വിശാലം ആത്മഹത്യ ചെയ്യുന്നതാണ് നിശാഗന്ധികള്‍ കൊഴിയുന്ന നേരത്ത് എന്ന കഥയിലെ ഇതിവൃത്തം.
”നഗരത്തിന്റെ സ്പര്‍ശമേല്‍ക്കുന്ന ഒരാളുടെ ജീവിതം പഴയത് പോലെയായിരിക്കുകയില്ല. എവിടെയോ ഒരു വിച്ഛിത്തി, ആഹ്‌ളാദകരമോ അല്ലെങ്കില്‍ വേദനാജനകമോ ആയ ഗതിഭംഗം അതിന് സംഭവിക്കുന്നു……”( ചെറുകഥ യുടെ രാഗതാളങ്ങള്‍. വി. രാജകൃഷ്ണന്‍).
ഗിരിജാവല്ലഭന്റെ കഥകള്‍ നാഗരിക,ഗ്രാമീണ ചിന്തകളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന അസ്വാഭാവികത തീണ്ടാത്ത, വിമലീകൃതമായ പ്രതിച്ഛായകള്‍കൊണ്ട് പണിത വായനാസംരംഭങ്ങളാണ്. ചില്ലുചതുരങ്ങള്‍ക്ക് പുറമേ ഗൗതമന്‍, സ്‌നേഹതീരങ്ങള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും കൃഷ്ണപക്ഷത്തിലെ പറവകള്‍ എന്ന നോവലും കാഴ്ചയ്ക്കപ്പുറം എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചി ട്ടുണ്ട്. മുംബെയിലും നാട്ടിലുമായി വിവിധ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ കത്തിജ്വലിച്ച് നില്ക്കുന്ന ഗിരിജാവല്ലഭന്‍ മുംബൈയിലെ മലയാളഭാഷാ പ്രചാരണ സംഘത്തിന്റെയും മലയാളംമിഷന്റെയും മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ്. മലയാളഭാഷാ പ്രചാരണ സംഘം മുംബൈയില്‍ നിന്നും പ്രസിദ്ധീകരിച്ചുവരുന്ന ”കേരളം വളരുന്നു” എന്ന മാസികയുടെ പത്രാധിപരുമാണ്.

Author

Scroll to top
Close
Browse Categories