തീയർ പട്ടാളം

ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ (1917) ബ്രിട്ടീഷുകാരെ തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി ‘തീയര്‍പട്ടാളം’ എന്ന ശീര്‍ഷകത്തില്‍ ഒരു മുഖപ്രസംഗം ‘വിവേകോദയ’ത്തില്‍ ആശാന്‍ എഴുതിയിരുന്നു. അതിലെ ഒരു ഭാഗം കാണുക: ”സ്വരാജ്യത്തെ ജാതി ജയിലിന്റെ ഇരുട്ടറകളില്‍ നിന്നു ഒരുവിധം തങ്ങളെ മോചിപ്പിച്ചു പ്രകാശത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഭരണത്തിന്റെ നിലനില്‍പ്പിനും ഖ്യാതിക്കുമായി തീയര്‍ തങ്ങളുടെ ജീവധനങ്ങളാൽ സാദ്ധ്യമായ യാതൊന്നും ചെയ്‌വാന്‍ മടിക്കുകയില്ലെന്നാണു ഞങ്ങളുടെ വിശ്വാസം”. നായര്‍ പട്ടാളത്തിനു സമാനമായ നിലയില്‍ ‘തീയര്‍പട്ടാള’വും രൂപീകരിച്ച് അവര്‍ക്കു ബ്രിട്ടീഷുകാരോടുള്ള കൂറും കടപ്പാടും പ്രകടിപ്പിക്കാനുള്ള അവസരം നല്‍കണമെന്നു അഭ്യര്‍ത്ഥിക്കുന്ന തലത്തിലേക്ക്, ആശാന്റെ കാലമാകുമ്പോള്‍ കേരളത്തിലെ തീയ/ഈഴവ സമുദായം പരിണമിച്ചിരുന്നു.
ബ്രിട്ടീഷ്ഭരണം കൊണ്ടുണ്ടായ ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നു ‘സ്വദേശീയബുദ്ധി’യാണെന്നു ആശാന്‍ എടുത്തു പറയുന്നുണ്ട്. ഭാഷ, മതം, ജാതി, ആചാരങ്ങള്‍, നടപടികള്‍ മുതലായ വിഷയങ്ങളില്‍ എല്ലാം പ്രത്യേക ഭിന്നങ്ങളായ സമുദായങ്ങള്‍ അധിവസിക്കുന്ന ഭൂഖണ്ഡതുല്യമായ നമ്മുടെ രാജ്യത്തില്‍ സ്വദേശിത്വബോധമുണ്ടാകുന്നതു എത്ര വിലമതിച്ചാലും അധികമാകാത്ത വലിയൊരു സംഗതിയായി ആശാന്‍ കാണുന്നു. എന്നാല്‍ ഈ സ്വദേശീയ ബുദ്ധിയില്‍ നിന്നുദിച്ച സ്വദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്വരാജ്യവാദത്തോട് ആശാനു മതിപ്പുണ്ടായിരുന്നില്ല. ജാതിവ്യത്യാസത്തിന്റെ കഷ്ടപ്പാടുകള്‍ അനേകായിരം വര്‍ഷങ്ങള്‍ അനുഭവിച്ച ഒരു ജാതിയും സ്വരാജ്യവാദക്കാരുടെ പക്ഷത്തു ചേരില്ലെന്നും ഇന്ത്യയെ നാം തന്നെ ഭരിക്കാന്‍ തുടങ്ങുന്ന പക്ഷം 150-ല്‍പരം കൊല്ലത്തെ ഇംഗ്ലീഷ് ഭരണത്തില്‍ നാം മുന്നോട്ടു വന്നിട്ടുള്ള മാര്‍ഗ്ഗം അത്രയും പിറകോട്ടു നടക്കേണ്ടി വരുമെന്നുമാണ് ആശാന്‍ പറഞ്ഞത്. അത് എത്രയോ ശരിയാണ്. പഴയ ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ അധിഷ്ഠിതമായ അടിമ ജീവിതത്തിലേക്കു നമ്മേ ആനയിക്കാനുള്ള ശ്രമമാണല്ലോ, വരേണ്യവര്‍ഗ്ഗ ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

പട്ടിക്കും പൂച്ചയ്ക്കും നടക്കാവുന്ന വഴിയില്‍ക്കൂടി സഞ്ചരിക്കാന്‍ മനുഷ്യന്‍ മനുഷ്യനെ അനുവദിക്കാത്ത കാലികാവസ്ഥയെപ്പറ്റി അശേഷം ചിന്തിക്കാതെ സ്വയംഭരണത്തിനു വേണ്ടി പൊരുതുന്ന ‘തന്ത്രനിപുണന്മാരെ’ ശരവ്യമാക്കി ആശാന്‍ ഇങ്ങനെ എഴുതി: ”ഹാ! ബ്രിട്ടീഷ് ഭരണം എത്ര വിശാലമായ നയം, എത്ര സ്പൃഹണീയമായ ക്രമം. എത്ര ഉത്കൃഷ്ടമായ ഉദ്ദേശ്യം. അതിന്റെ അനുഗ്രഹഫലത്തെ പൂര്‍ണ്ണമായി അനുഭവിച്ചറിയാന്‍ ജനസാമാന്യത്തിന്, അധഃകൃതരായ ഭൂരിവര്‍ഗ്ഗക്കാര്‍ക്ക് അവസരം കൊടുക്കാതെ സ്വയംഭരണത്തിനു ബദ്ധപ്പെടുന്ന തന്ത്രനിപുണന്മാര്‍ അവരുടെ ക്ഷേമകാംക്ഷികളാണോ? ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ സുഖസ്വാതന്ത്ര്യങ്ങള്‍ ആര്‍ക്കും കൊടുത്തിരിക്കയാണ്. നമ്മുടെ പൂര്‍വികന്മാര്‍ക്കു ലഭിച്ചിട്ടില്ലാത്ത ഒരനുഗ്രഹവിശേഷമാണിത്.” ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കലാപം നടത്തുകയും അഞ്ചുതെങ്ങില്‍ നിന്നും അവരെ കെട്ടുകെട്ടിക്കുകയും ചെയ്ത ഒരു ജനതയുടെ പിന്മുറക്കാരനാണ് ഇങ്ങനെ പറയുന്നതെന്നു ഓര്‍ക്കണം. ജാതിഭേദങ്ങളില്ലാതെ സ്വയംപര്യാപ്തമായൊരു തുരുത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ഐകമത്യത്തോടെ സുഖജീവിതം നയിച്ച, ദ്രാവിഡ-ബൗദ്ധപാരമ്പര്യം പേറുന്ന, അവര്‍ണ്ണ വിഭാഗങ്ങള്‍ മാത്രമുള്ള ജനസമൂഹത്തിന്, ബ്രിട്ടീഷ്ഭരണംമൂലം ഇന്ത്യയിലെ അധഃകൃത പിന്നാക്ക ജനതയ്ക്കാകെ ഉണ്ടായ സുഖസ്വാതന്ത്ര്യങ്ങളെക്കുറിച്ച് അക്കാലത്തു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.

1795-ല്‍ ബ്രിട്ടീഷ് കമ്പനിയുമായി നടത്തിയ ഉടമ്പടിയുടെ ഫലമായുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദം അതിജീവിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കേരകര്‍ഷകര്‍ക്കുമേല്‍ കേര നികുതി ചുമത്തുകയുണ്ടായി. അതിനെതിരെ ഏകദേശം അഞ്ചുവര്‍ഷം (1798-1803) നീണ്ടുനിന്ന ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ‘തീയ കലാപം’ (Thiya revolt) എന്ന് ബ്രിട്ടീഷ് പുരാരേഖകളില്‍ പരാമര്‍ശിക്കുന്ന ഈ പ്രക്ഷോഭത്തെ, അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് പട്ടാളത്തെ ഉപയോഗിച്ചാണു വേലുത്തമ്പി ദളവ അമര്‍ച്ച ചെയ്തത്. അന്നത്തെ തിരുവിതാംകൂര്‍ പട്ടാളത്തില്‍ നായന്മാരും ബ്രിട്ടീഷ് പട്ടാളത്തില്‍ ബ്രിട്ടീഷ്‌കാരും മാത്രമേ ഉണ്ടായിരുന്നുള്ളു. പില്‍ക്കാലത്തു ബ്രിട്ടീഷ് പട്ടാളത്തില്‍ തദ്ദേശീയരേയും നിയമിച്ചിരുന്നു. നായര്‍പട്ടാളം എന്നൊരു റെജിമെന്റ് തന്നെ മലബാറിലെ ബ്രിട്ടീഷ് പട്ടാളത്തില്‍ ഉണ്ടായിരുന്നല്ലോ. ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ (1917) ബ്രിട്ടീഷുകാരെ തുണയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തി ‘തീയര്‍പട്ടാളം’ എന്ന ശീര്‍ഷകത്തില്‍ ഒരു മുഖപ്രസംഗം ‘വിവേകോദയ’ത്തില്‍ ആശാന്‍ എഴുതിയിരുന്നു. അതിലെ ഒരു ഭാഗം കാണുക: ”സ്വരാജ്യത്തെ ജാതി ജയിലിന്റെ ഇരുട്ടറകളില്‍ നിന്നു ഒരുവിധം തങ്ങളെ മോചിപ്പിച്ചു പ്രകാശത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ഭരണത്തിന്റെ നിലനില്‍പ്പിനും ഖ്യാതിക്കുമായി തീയര്‍ തങ്ങളുടെ ജീവധനങ്ങളാൽ സാദ്ധ്യമായ യാതൊന്നും ചെയ്‌വാന്‍ മടിക്കുകയില്ലെന്നാണു ഞങ്ങളുടെ വിശ്വാസം”. നായര്‍ പട്ടാളത്തിനു സമാനമായ നിലയില്‍ ‘തീയര്‍പട്ടാള’വും രൂപീകരിച്ച് അവര്‍ക്കു ബ്രിട്ടീഷുകാരോടുള്ള കൂറും കടപ്പാടും പ്രകടിപ്പിക്കാനുള്ള അവസരം നല്‍കണമെന്നു അഭ്യര്‍ത്ഥിക്കുന്ന തലത്തിലേക്ക്, ആശാന്റെ കാലമാകുമ്പോള്‍ കേരളത്തിലെ തീയ/ഈഴവ സമുദായം പരിണമിച്ചിരുന്നു. ആശാന്റെ കാലഘട്ടത്തിലെ പ്രമാണികളും വിദ്യാസമ്പന്നരുമായ ഈഴവരെല്ലാം തന്നെ ബ്രിട്ടീഷ് പക്ഷപാതികളായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ‘മിതവാദി’ പത്രാധിപര്‍ സി. കൃഷ്ണന്‍ എഴുതുന്നത് ശ്രദ്ധിക്കുക: ”നമ്മുടെ സമുദായത്തിനു നമ്മുടെ എല്ലാം മേല്‍ക്കോയ്മയായിരിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നും ബ്രിട്ടീഷ് സിംഹാസനത്തെ അലങ്കരിച്ചിട്ടുള്ള ചക്രവര്‍ത്തി മഹാരാജാക്കന്മാരില്‍ നിന്നും അനവധി നന്മകള്‍ സിദ്ധിച്ചിട്ടുള്ള കാര്യം ഈ സന്ദര്‍ഭങ്ങളില്‍ (1916) പ്രത്യേകം ഓര്‍മ്മ വരുന്നതാണ്. സാമുദായികമായും വിദ്യാസമ്പന്നമായും നമുക്കു ഇതുവരെ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ അഭിവൃദ്ധികള്‍ക്കൊക്കെയും സര്‍വ്വപ്രധാനമായ അടിസ്ഥാനമായിരിക്കുന്നതു നീതിന്യായ തല്‍പരതയില്‍ അദ്വിതീയ സ്ഥാനത്തിരിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നയവിശേഷമാണ്.” ബ്രിട്ടീഷ് ഭരണം വന്നിരുന്നില്ലെങ്കില്‍ ഇന്ത്യയിലെ ആറു കോടി അയിത്തജാതിക്കാര്‍ക്കു വെളിച്ചം കാണാന്‍ സാദ്ധ്യമാകുമായിരുന്നില്ല എന്നാണ് സി. കേശവന്‍ അഭിപ്രായപ്പെട്ടത്.
ബ്രിട്ടീഷ് ഭരണത്താല്‍ ഈഴവ സമുദായം കൈവരിച്ച നേട്ടങ്ങളെ ആശാന്‍ എടുത്തു കാട്ടുന്നുണ്ട്. അതിങ്ങനെയാണ് ”ഞങ്ങളുടെ സമുദായത്തെത്തന്നെ ദൃഷ്ടാന്തമായെടുത്താല്‍ ബ്രിട്ടീഷ്ഭരണം കൊണ്ടു പരോക്ഷമായും അപരോക്ഷമായും ഞങ്ങള്‍ക്ക് അനവധി ഗുണങ്ങള്‍ സിദ്ധിച്ചിട്ടുണ്ടെന്നുള്ളതു സമ്മതിച്ചേ തീരൂ. ബ്രിട്ടീഷ് ഭരണം വരുന്നതിനു മുമ്പുള്ള ഞങ്ങളുടെ സമുദായത്തിന്റെ സ്ഥിതിയെ അതിന്റെ ഇന്നത്തെ സ്ഥിതിയോട് ഒത്തുനോക്കുന്ന ഏവനും ആ ഭരണത്തിന് ഞങ്ങളുടെ മേലുള്ള പ്രേരണ കണ്ടിട്ട് അത്ഭുതവും, ഈശ്വരന്റെ നേരെ കൃതജ്ഞതയും തോന്നാതിരിക്കില്ല. വിദ്യാഭ്യാസം, വ്യവസായം, സമുദായാചാരം, മതം ഈ വിഷയങ്ങളില്‍ ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ നാം അപരിമിതമായ അഭിവൃദ്ധിയെ പ്രാപിച്ചിരിക്കുന്നു എന്നുള്ളത് തര്‍ക്കമറ്റ സംഗതിയത്രെ”. സ്വന്തം സ്വത്തും സ്വാതന്ത്ര്യവും സമാധാനവും ആചാരവിശ്വാസങ്ങളും ജീവിനോപാധികളും ജീവിതമാര്‍ഗ്ഗങ്ങളും പരിരക്ഷിക്കാനും നിലനിര്‍ത്താനും വേണ്ടി ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ അഞ്ചുതെങ്ങിലെയും കായിക്കരയിലെയും ആശാന്റെ പൂര്‍വ്വികരായ ജനവിഭാഗങ്ങള്‍ക്കു ഇങ്ങനെയൊരു ഗതിമാറ്റത്തെപ്പറ്റി സ്വപ്‌നം കാണാനോ സങ്കല്പിക്കാനോ കഴിയുമായിരുന്നില്ലല്ലോ. അഞ്ചുതെങ്ങിലെ ജനത ബ്രിട്ടീഷുകാരുമായി നടത്തിയ യുദ്ധം അന്നത്തെ സാഹചര്യത്തില്‍ സാധൂകരണമര്‍ഹിക്കുന്നത് പോലെ, സാധൂകരണമര്‍ഹിക്കുന്നതാണ് ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് ആശാന്‍ നടത്തിയ വിലയിരുത്തലുകള്‍.
( അവസാനിച്ചു)