ഗുരു നിത്യചൈതന്യയതിയുടെ രചനാവഴികളിലൂടെ

തന്റെ രചനാരീതിയെക്കുറിച്ച് ‘യതിചര്യ’യില്‍ പറയുന്നതിങ്ങനെയാണ് : ”ഓരോ ശ്ലോകത്തിന്റെയും അര്‍ത്ഥം പറഞ്ഞുകൊടുത്തതിനു ശേഷം ഞാന്‍ കുറച്ചു സമയം മൗനിയായിരിക്കും. അപ്പോള്‍ കണ്ണിന്റെ മുമ്പില്‍ ശ്ലോകത്തിന്റെ താല്‍പര്യം ഒരു ദര്‍ശനമെന്നതുപോലെ വന്നു നിറഞ്ഞു നില്‍ക്കും. പിന്നീട് എനിക്ക് ഒട്ടും തന്നെ ചിന്തിക്കേണ്ട ആവശ്യമില്ല. കൺമുമ്പില്‍ കാണുന്ന ഓരോ വാക്കായി ഞാന്‍ വേഗത്തില്‍ പറഞ്ഞു പോകും. അത് ക്ലാസ്സിലിരിക്കുന്നവര്‍ എഴുതിയെടുത്തോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കുവാന്‍ എനിക്ക് അവസരം ഉണ്ടാവുകയില്ല. ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആരും ഒന്നും ചോദിക്കാന്‍ പാടില്ല എന്നത് കര്‍ശനമായ ഒരു നിബന്ധനയാണ്”

യോഗനാദം 2025 ജനുവരി 16-31, ഫെബ്രുവരി 15 ലക്കങ്ങളില്‍ പി. കെ. സാബു എഴുതിയ ”നിത്യചൈതന്യയതി – ശിഷ്യര്‍ ഇല്ലാതെ പോയ ഗുരു” എന്ന വളരെ ശ്രദ്ധേയമായ ലേഖനത്തില്‍ ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ചും ഗുരുകുലം പോലെയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിനെക്കുറിച്ചും കാതലായ പല പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതിലൊന്നാണ്, തനിക്ക് ശിഷ്യന്മാരില്ല സുഹൃത്തുക്കളേയുള്ളു എന്ന ഗുരു നിത്യയുടെ പ്രസ്താവനയെക്കുറിച്ചുള്ള പരാമര്‍ശം. ഈ സന്ദര്‍ഭത്തില്‍, ”വ്യക്തിപരമായും ഗ്രന്ഥരചയിലും നിത്യചൈതന്യയതിയെ സഹായിക്കുന്നതിന് അതിന്റേതായി മൂല്യമുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. എന്നാല്‍ ‘സഹായം’ ശിഷ്യത്വത്തിനുള്ള യോഗ്യതയാവില്ല എന്നു മാത്രം” എന്ന വാദം പി. കെ. സാബു ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് കുറെക്കാലം ഗുരു നിത്യയോടൊപ്പം ചിലവഴിച്ച ആള്‍ എന്ന നിലയില്‍ ഉണ്ടായ ചില അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു.
ഞാന്‍ പങ്കാളിയായ അല്ലെങ്കില്‍ എനിക്ക് നേരിട്ടറിവുള്ള ഗുരു നിത്യയുടെ ഏതാനും പുസ്തകങ്ങള്‍ രചിക്കാനിടയായ അവസരങ്ങളിലുണ്ടായ അനുഭവങ്ങള്‍ വിവരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നെപ്പോലെ ഗുരു നിത്യയുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചവര്‍ക്ക് അവരവരുടെ അനുഭവങ്ങള്‍ തുറന്നു പറയാന്‍ ഇതൊരു പ്രചോദനമായാല്‍ നന്നായിരിക്കുമെന്നും കരുതുന്നു.
ഗുരു നിത്യയുടെ
രചനാരീതി
ഇവിടെ ഗുരു നിത്യയുടെ രചനാരീതിയെക്കുറിച്ച്, അതിനെപ്പറ്റി നേരിട്ടറിയാന്‍ ഇടവന്നിട്ടില്ലാത്തവര്‍ക്കു വേണ്ടി, വിവരിക്കേണ്ടത് ആവശ്യമാണെന്നു തോന്നിയതിനാല്‍ അതിന് മുതിരുന്നു. ഗ്രന്ഥരചന ഏതു വിഷയത്തിലായാലും വളരെ അപൂര്‍വമായി മാത്രമാണ് അദ്ദേഹം സ്വയം എഴുതാറുള്ളത്. ബാക്കിയെല്ലാം അനുയോജ്യരായ പഠിതാക്കള്‍ക്ക് സുഘടിതമായ ക്ലാസ്സുകളായി അല്ലെങ്കില്‍ എഴുതിയെടുക്കാന്‍ സമര്‍ത്ഥരായവര്‍ക്ക് ഡിക്റ്റേറ്റ് ചെയ്തു കൊടുത്തായിരിക്കും രചന നിര്‍വഹിക്കുന്നത്. കത്തുകളും ലേഖനങ്ങളും തൊട്ട് മഹാഗ്രന്ഥങ്ങള്‍ വരെ ഇങ്ങനെ രചിച്ചവയാണ്. ആ രചനാരീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞാല്‍ എഴുതിയെടുക്കുന്നവര്‍ക്ക് പാരഗ്രാഫ് തിരിക്കലും കുത്തും കോമയും വരെ സ്വയം അനുഭവപ്പെട്ട് എഴുതിയെടുക്കാനാവും. തന്റെ ഈ രചനാരീതിയെക്കുറിച്ച് അദ്ദേഹം ‘യതിചര്യ’യില്‍ പറയുന്നതിങ്ങനെയാണ് : ”ഓരോ ശ്ലോകത്തിന്റെയും അര്‍ത്ഥം പറഞ്ഞുകൊടുത്തതിനു ശേഷം ഞാന്‍ കുറച്ചു സമയം മൗനിയായിരിക്കും. അപ്പോള്‍ കണ്ണിന്റെ മുമ്പില്‍ ശ്ലോകത്തിന്റെ താല്‍പര്യം ഒരു ദര്‍ശനമെന്നതുപോലെ വന്നു നിറഞ്ഞു നില്‍ക്കും. പിന്നീട് എനിക്ക് ഒട്ടും തന്നെ ചിന്തിക്കേണ്ട ആവശ്യമില്ല. കൺമുമ്പില്‍ കാണുന്ന ഓരോ വാക്കായി ഞാന്‍ വേഗത്തില്‍ പറഞ്ഞു പോകും. അത് ക്ലാസ്സിലിരിക്കുന്നവര്‍ എഴുതിയെടുത്തോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കുവാന്‍ എനിക്ക് അവസരം ഉണ്ടാവുകയില്ല. ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആരും ഒന്നും ചോദിക്കാന്‍ പാടില്ല എന്നത് കര്‍ശനമായ ഒരു നിബന്ധനയാണ്”
ഇത്തരത്തില്‍ ആദ്യം ഇംഗ്ലീഷില്‍ അല്ലെങ്കില്‍ മലയാളത്തില്‍ രചിച്ച കൃതികള്‍ പിന്നീടെപ്പോഴെങ്കിലുമായിരിക്കും പരിഭാഷപ്പെടുത്തുക. ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ഇവ പരിഭാഷപ്പെടുത്തുക. ഈ പരിഭാഷകളൊന്നും ഒരിക്കലും പദാനുപദ പരിഭാഷകളായിരിക്കില്ല; മറിച്ച് ആ ഭാഷയിലുള്ള ഒരു സ്വതന്ത്രകൃതിയായിരിക്കും. ഇംഗ്ലീഷിലുള്ളത് ശരിക്കും ഇംഗ്ലീഷ് സംസ്‌കാരവും ഭാഷയും അറിഞ്ഞു കൊണ്ടുള്ളതായിരിക്കും. മലയാളത്തിലുള്ളതാകട്ടെ തികഞ്ഞ മലയാളവും. ഒരു തരം ഉഭയഭാഷാ (Bilingual) സൃഷ്ടി എന്ന് ചുരുക്കം. അപൂര്‍വം അവസരങ്ങളില്‍ ഒരേസമയം രണ്ടു ഭാഷകളില്‍ ഡിക് റ്റേഷന് കൊടുക്കാനുള്ള അസാധാരണമായ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടതുവശത്തേക്ക് തിരിഞ്ഞ് മലയാളത്തില്‍ പറഞ്ഞുകൊടുത്ത കാര്യം തന്നെ വലതു വശത്തേക്ക് തിരിഞ്ഞ് ഇംഗ്ലീഷിലും പറഞ്ഞുകൊടുക്കുന്ന രീതി.

(1987 ഫെബ്രുവരിയിൽ എടുത്ത ഫോട്ടോ )
ഈ രചനാരീതി തന്നെയാണ് തനിക്ക് വരുന്ന നൂറു കണക്കിന് കത്തുകള്‍ക്ക് മറുപടിയെഴുതുന്നതിനും അദ്ദേഹം സ്വീകരിച്ചിരുന്നത്. ജീവിതപ്രശ്‌നങ്ങള്‍ പങ്കിട്ടും പരിഹാരം ആരാഞ്ഞും അദ്ദേഹത്തിന് ഒട്ടേറെപ്പേര് കത്തുകളെഴുതുമായിരുന്നു. ഇവയ്ക്കെല്ലാം അദ്ദേഹം വളരെ കരുതലോടെ കൃത്യമായി മറുപടി എഴുതുകയും ചെയ്യുമായിരുന്നു. വളരെ പ്രാധാന്യമുള്ളവയും തികച്ചും വ്യക്തിപരമായവയുമൊഴിച്ചുള്ളവയ്ക്കെല്ലാം അദ്ദേഹം മറുപടി പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു പതിവ്.
ഗുരുനിത്യയിലേക്ക് നയിച്ച
പാതകള്‍
അപ്രതീക്ഷിതങ്ങളാണ് ജീവിതത്തിലെ പല നിര്‍ണായക വഴിത്തിരിവുകളുമെന്നതിന് തെളിവാണ് എന്റെ ഗുരുകുലജീവിതം. ജീവതപ്പാതയിലുണ്ടായ തികച്ചും ആകസ്മികമായൊരു പ്രതിസന്ധിയാണ് എന്നെ ഗുരു നിത്യചൈതന്യയതിയിലേക്ക് എത്തിച്ചത്.
എന്റെ യു.പി. സ്‌കൂള്‍ പഠനകാലത്ത്, 1972-1975-ല്‍, അന്ന് മാസികയായിരുന്ന ബാലരമയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചിരുന്ന ഗുരു നിത്യയുടെ ബാല്യ-കൗമാര കാലഘട്ടത്തിന്റെ ചരിത്രമാണ് ആദ്യമായി വായിക്കുന്ന അദ്ദേഹത്തിന്റെ കൃതി. ശ്രീനാരായണഗുരുവിന്റെ ശിഷ്യസംഘത്തില്‍ പെട്ട ഒരു സംന്യാസിയാണ് നിത്യചൈതന്യയതി എന്നു പറഞ്ഞു തന്നത് മലയാളം ടീച്ചറാണ്. പില്‍ക്കാലത്ത്, അദ്ദേഹം ആനുകാലികങ്ങളില്‍ എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളും, 1983-ല്‍ ഇടപ്പള്ളി ഗുരുസ്മരണസമിതി പ്രസിദ്ധീകരിച്ച ഗുരു നിത്യചൈതന്യയതി ഷഷ്ട്യബ്ദപൂര്‍ത്തി ഉപഹാരഗ്രന്ഥവുമാണ് അദ്ദേഹത്തിലേക്കുള്ള വഴി തെളിച്ചത്. അതുവരെ ഒരു തരത്തിലുള്ള ദാര്‍ശനികവ്യഥകളോ ആദ്ധ്യാത്മികമായ അന്വേഷണത്വരകളോ അലട്ടാത്ത ജീവിതമായിരുന്നു എന്റേത്. അതുകൊണ്ട് ഗുരു നിത്യചൈതന്യയതി എന്ന തൂലികാവല്ലഭനിലേക്കു മാത്രമാണ് അകര്‍ഷിക്കപ്പെട്ടതെന്നു പറയാം.
1985 ഒക്ടോബറില്‍ രണ്ടാഴ്ചയിലധികം ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ ഗുരുവിനോടൊപ്പം കഴിഞ്ഞു. ഈ സമയത്ത് അദ്ദേഹം എന്റെ പ്രശ്നങ്ങള്‍ വിശദമായി ചോദിച്ചറിയുകയും എനിക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുകയും ചെയ്തു. ചില പോംവഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. രാവിലെയും വൈകിട്ടും പ്രാര്‍ത്ഥനയ്ക്കുശേഷം അദ്ദേഹം നടത്തുന്ന പ്രഭാഷണം അവിടെയിരിക്കുന്നവര്‍ കേട്ടെഴുതിയെടുക്കുന്നതും തുടര്‍ന്നു അവിടെ നടക്കുന്ന ഗഹനമായ ചര്‍ച്ചകളും അദ്ദേഹത്തിനു വരുന്ന കത്തുകള്‍ക്ക് മറുപടി പറഞ്ഞുകൊടുത്തെഴുതിക്കുന്നതുമെല്ലാം അത്ഭുതത്തോടെ കണ്ടു മനസ്സിലാക്കി. ആദ്ധ്യാത്മികതയും ഭക്തിയും മറ്റുമായി പുലബന്ധം പോലുമില്ലാതെ കഴിഞ്ഞിരുന്ന എനിക്ക് അതെല്ലാം വിചിത്രമായി അനുഭവപ്പെട്ടു.
പില്‍ക്കാലത്ത് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ”യാത്ര” എന്ന പുസ്തകത്തിന്റെ ഒരുപാട് വെട്ടും തിരുത്തും നിറഞ്ഞ കൈയ്യെഴുത്തു പ്രതി വായിച്ച് അസ്സല്‍ കോപ്പി എഴുതാന്‍ അദ്ദേഹം എന്നെ നിയോഗിച്ചു. എനിക്ക് ഇത്തരം പണിയില്‍ യാതൊരു മുന്‍പരിചയവുമില്ലെന്നും ഗുരുവിനെപ്പോലെയുള്ള ഒരാളുടെ പുസ്തകത്തില്‍ തിരുത്തുകള്‍ നിര്‍ദേശിക്കാന്‍ ഞാന്‍ യോഗ്യനാണോ എന്നു സംശയം പ്രകടിപ്പിച്ചെങ്കിലും, നിന്റെ കഴിവില്‍ എനിക്ക് സംശയമില്ലെന്നും അതിനാല്‍ ധൈര്യമായി മുന്നോട്ടു പോകുവാനും അദ്ദേഹം നിര്‍ദേശിച്ചു. ഞാന്‍ രാവും പകലുമിരുന്ന് വളരെ ആസ്വദിച്ച് ആ പണി ചെയ്തു തീര്‍ത്തു. ഗുരു അത് വായിച്ചുനോക്കി ചില്ലറ തിരുത്തുകള്‍ വരുത്തി തൃപ്തനായശേഷം, കലാകൗമുദിക്ക് അയച്ചു കൊടുത്തു. എഴുത്തുപണിയില്‍ ഗുരുവില്‍ നിന്ന് എനിക്ക് കിട്ടിയ ആദ്യത്തെ പാഠമായിരുന്നു ഇത്.
അധികം താമസിയാതെ അത് കലാകൗമുദിയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുകയും ഗുരുവിന്റെ ഏറ്റവും പോപ്പുലറായ കൃതിയായിത്തീരുകയും ചെയ്തു. ”ദാര്‍ശനികനായ നിത്യചൈതന്യയതി നര്‍മ്മബോധത്തോടും മനുഷ്യസ്നേഹത്തോടുംകൂടി കലാകൗമുദിയില്‍ എഴുതുന്ന യാത്രാവിവരണം താല്പര്യത്തോടെയാണ് ഞാന്‍ വായിക്കാറുള്ളത്. ഇതില്‍ വേദാന്തചിന്തയുണ്ട്, മനഃശാസ്ത്രമുണ്ട്, ഈശ്വരസ്നേഹമുണ്ട്, കവിതയുണ്ട്. ‘അത് ആ പാറക്കെട്ടിലും കറുത്ത ഇല്‍മനേറ്റ് കടല്‍ത്തിട്ടയിലും സുവര്‍ണ്ണച്ഛവിയില്‍ തെന്നിയും മറഞ്ഞും ചാഞ്ചാടിക്കൊണ്ടിരുന്ന തിരമാലകളിലും കണ്ണെത്താത്ത അനന്തതയിലും വ്യാപിച്ചു കിടക്കുകയായിരുന്നു’. എന്ന് സ്വാമിജി എഴുതമ്പോള്‍ ഞാന്‍ ആഹ്ളാദിക്കുന്നു” എന്നാണ് പ്രൊഫ.എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ ഗുരു നിത്യയുടെ ഈ കൃതിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

രണ്ടാഴ്ചക്കുശേഷം ഗുരു കോഴിക്കോട്ടേക്കു പോകുന്ന അവസരത്തില്‍ എന്നെയും കൂടെക്കൂട്ടി. അക്കാലത്ത് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ’രോഗം ബാധിച്ച വൈദ്യരംഗം’ എന്ന ലേഖനം ഒരുപാട് ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു. അതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് അദ്ദേഹത്തെ ഒരു തുറന്ന ചര്‍ച്ചയ്ക്കു – ഗുരുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഇംപീച്ച്മെന്റിന് – ക്ഷണിച്ചിരുന്നു. അവിടത്തെ പ്രിന്‍സിപ്പലും മുതിര്‍ന്ന പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും അതില്‍ പങ്കെടുത്തു.
ഇതുകഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം പ്രകാരം വര്‍ക്കല ഗുരുകുലത്തിലെത്തിയ ഞാന്‍ ഒരാഴ്ചത്തെ കണ്‍വെന്‍ഷനുശേഷം അവിടെ തുടരുകയാണ് ചെയ്തത്. ബ്രഹ്മവിദ്യാമന്ദിരത്തിലെ ഷെല്‍ഫുകളില്‍ അടുക്കിവെച്ചിരുന്ന പുസ്തകങ്ങള്‍ വിഷയമനുസരിച്ച് ക്രമീകരിക്കുകയും നമ്പറിടുകയും അവയ്ക്കെല്ലാം സീല്‍ പതിച്ച് അഡ്രസ്സുണ്ടാക്കി കൊടുക്കുകയുമായിരുന്നു ഞാന്‍ നിര്‍വഹിച്ച ഒരു ദൗത്യം. ഇക്കാലത്താണ് ഞാനാദ്യമായി പുസ്തകസമാഹരണത്തിലും പ്രസിദ്ധീകരണത്തിലും കൈവച്ചത്.

രോഗം ബാധിച്ച
വൈദ്യരംഗം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ആ ചര്‍ച്ച ആദ്യന്തം കേള്‍ക്കുവാനും ഒരു സ്നേഹിതന്റെ സഹായത്തോടെ ടേപ്പു ചെയ്തതിന്റെ കോപ്പി സ്വന്തമാക്കാനും എനിക്ക് കഴിഞ്ഞു. അതിന്റെ ലിഖിതരൂപവും ഗുരുവിന്റെ ലേഖനവും ഈ വിഷയം സംബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാഗസിന്റെ സംഘാടകര്‍ ഒരു ഫീച്ചറായി തയ്യാറാക്കിയ ‘ആധുനികവൈദ്യശാസ്ത്രം സാമൂഹ്യപ്രതിസന്ധിയില്‍’ എന്ന ചോദ്യാവലിക്ക് ഗുരു നല്‍കിയ ഉത്തരങ്ങള്‍ സമാഹരിച്ചതും ഗുരുവിന്റെ ഒരു ആമുഖവും ചേര്‍ത്ത് 1986 ഫെബ്രുവരിയിൽ ‘രോഗം ബാധിച്ച വൈദ്യരംഗം’ എന്ന പേരില്‍ ഒരു ചെറുപുസ്തകമായി ഗുരുകുലം പ്രസിദ്ധീകരിച്ചു. മുനി നാരായണപ്രസാദിന്റെ മേല്‍നേട്ടത്തിലായിരുന്നു ഈ പുസ്തകപ്രസാധകസംരംഭം. അങ്ങനെ മോശമല്ലാത്ത ഒരു തുടക്കം ഈ രംഗത്തു സാധിച്ചു എന്നു പറയാം.
ലേഖനസമാഹരണ യത്നം
തുടര്‍ന്ന് ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ ഗുരുനിത്യയോടൊപ്പം മൂന്നു നാലു വർഷങ്ങൾ ചിലവഴിച്ചു. 1980-ഓടുകൂടി വിദേശയാത്രകളെല്ലാം ഏതാണ്ട് അവസാനിപ്പിച്ച് ഫേണ്‍ഹില്ലില്‍ താമസമാക്കിയതോടുകൂടി ഗുരു കേരളത്തിലെ പ്രമുഖ പത്രമാസികകളില്‍ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന ചില സമാന്തര പ്രസിദ്ധീകരണങ്ങളിലും പല വിഷയങ്ങളെക്കുറിച്ചും തുടര്‍ച്ചയായി എഴുതുമായിരുന്നു. ഇവയില്‍ മനഃശാസ്ത്രം മാസികയില്‍ അദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങളില്‍ നിന്നു തിരഞ്ഞെടുത്തവ ‘മനഃശാസ്ത്രം ജീവിതത്തില്‍ എന്ന പേരില്‍ ഗുരുകുലം രണ്ടു ചെറിയ വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.
ഇതുകൂടാതെ നാരായണഗുരുവിന്റെ ഏതാനും കൃതികള്‍ക്ക് ഗുരു നിത്യ എഴുതിയ വ്യാഖ്യാനങ്ങള്‍ ‘ഗുരുവും ശിഷ്യനും’, ‘മൗനമന്ദഹാസം’, ‘The Word of the Guru-ന്റെ ആദ്യഭാഗത്തിന്റെ പരിഭാഷ ‘ഗുരുവരുള്‍’, ‘An Intelligent Man’s Guide to Hindu Religion’, അതിന് കുറ്റിപ്പുഴ പരമേശ്വരന്‍ നടത്തിയ പരിഭാഷയായ ‘ഹിന്ദുമതപ്രവേശിക’, ഗുരുകുലം മാസികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന ‘ഭഗവദ്ഗീതാസ്വാധ്യായം’ മൂന്ന് അദ്ധ്യായം വീതം അടങ്ങുന്ന ഒരോ വാല്യമായും ഗുരുകുലം പ്രസിദ്ധീകരിച്ചിരുന്നു. ‘നളിനി എന്ന കാവ്യശില്പം’ ഒരു പതിപ്പ് ഡി. സി. ബുക്‌സും ‘കുടുംബശാന്തി ഒരു മനഃശാസ്ത്ര സാധന’ ജീവന്‍ ബുക്സ്, ഭരണങ്ങാനവും പ്രസിദ്ധീകരിച്ചിരുന്നു. ‘Neither This Nor That… But Aum’, ‘The Bhagvad Gita’ എന്നിവ ഡല്‍ഹിയിലെ വികാസ് പബ്ലിഷിംഗ് ഹൗസും, ‘Love and Devotion’ ഓസ്ട്രേലിയയില്‍ നിന്നും അതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു
ഡി.റ്റി.പി.യും ഓഫ്‌സെറ്റ് പ്രിന്റിങ്ങും വ്യാപകമായ ഇക്കാലത്തുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു പുസ്തകപ്രസാധനരീതി ആദ്യകാലത്ത് ഗുരുകുലം സ്വീകരിച്ചിരുന്നു. അക്കാലത്ത് കൈകൊണ്ട് അച്ചുനിരത്തി ഫോറം തയ്യാറാക്കി ലെറ്റര്‍ പ്രസ്സിലായിരുന്നു അച്ചടി. പ്രത്യേക വിഷയങ്ങളെക്കുറിച്ച് ഗുരുകുലം മാസികയില്‍ അച്ചടിക്കുന്ന ലേഖനങ്ങള്‍ മാസികയ്ക്ക് അവശ്യമുളളത്രയും കോപ്പി അച്ചടിച്ചുകഴിഞ്ഞാൽ, ഫോറം പൊളിക്കാതെ ആയിരം കോപ്പികൂടി അച്ചടിക്കും. ഇങ്ങനെ അച്ചടിക്കുന്ന അധികകോപ്പികളുടെ റണ്ണിങ്ങ് ടൈറ്റിലായി ഭാവിയിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിന്റെ പേര് കൊടുക്കുകയും, മാസികയുടെ പേജ് നമ്പറിനു പകരം പുസ്തകത്തിന്റെ പേജ് നമ്പര്‍ ക്രമത്തില്‍ കൊടുക്കുകയും ചെയ്യും. അങ്ങനെ പത്തോ പന്ത്രണ്ടോ മാസംകൊണ്ട് ഒരു പുസ്തകത്തിനുള്ള അച്ചടിച്ച പേജുകള്‍ തയ്യാറായാല്‍ അത് കുത്തികെട്ടി കവറുമിട്ട് പുസ്തകമായി പ്രസിദ്ധീകരിക്കും.
ഭഗവദ്ഗീതാസ്വാധ്യായത്തിന്റെ ചില വാല്യങ്ങള്‍, മനശാസ്ത്രം ജീവിതത്തില്‍ ഒന്നും രണ്ടും വാല്യങ്ങള്‍, പ്രബന്ധമാല ഒന്നും രണ്ടും വാല്യങ്ങള്‍ തുടങ്ങിയവ ഇങ്ങനെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. പുസ്തകത്തിനായി മാറ്റര്‍ ഒന്നുകൂടി ഒരുക്കിയെടുക്കുന്നതിലെ അദ്ധ്വാനം ലാഭിക്കാമെന്നതാണ് ഈ പ്രക്രിയയുടെ മെച്ചം.
ഗുരുവിന്റെ സമാഹരിക്കപ്പെടാതെ കിടന്നിരുന്ന ഒരുപാട് ലേഖനങ്ങളും പ്രകാശപ്പിക്കാതെ കിടന്നിരുന്ന കൈയ്യെഴുത്തുപ്രതികളും ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ പലയിടത്തായി യാതൊരു ക്രമവുമില്ലാതെ കൂട്ടിയിട്ടിരുന്നു. ഇവ കണ്ടെടുത്ത് സമാഹരിച്ച് വിഷയമനുസരിച്ച് ക്രോഡീകരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കുമെന്ന ആശയം ഗുരുവിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ആദ്യമൊക്കെ അതിനെ അദ്ദേഹം കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഗൗനിച്ചു തുടങ്ങി. അങ്ങനെ സമാഹരിച്ചെടുത്ത ഏതാനും ലേഖനങ്ങൾ ‘നിത്യചൈതന്യയതിയുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍’ എന്ന പേരിട്ട് ഗുരുവിന്റെ ഒരു മുഖവുരസഹിതം 1986 ഒക്ടോബറില്‍ ഞാന്‍ ഡി.സി. ബുക്സിലെത്തിച്ചു. അന്നത്തെ അവിടത്തെ ഉദ്യോഗസ്ഥന്മാരായിരുന്ന കിളിരൂര്‍ രാധാകൃഷ്ണന്‍, വടയാര്‍ വിജയകുമാര്‍, അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് എന്നെ ഇരുത്തിക്കൊണ്ട് മാറ്റര്‍ പരിശോധിക്കുകയും ആ മാറ്റര്‍ പുനഃക്രമീകരിച്ച് രണ്ടു പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ, 1987- ജനുവരിയില്‍ ഡി.സി. ബുക്‌സ് ‘മൂല്യങ്ങളുടെ കുഴമറിച്ചില്‍’ എന്ന പേരിലും കറന്റ് ബുക്സ് കോട്ടയം ‘ദൈവം സത്യമോ മിഥ്യയോ?’ എന്ന പേരിലും ആ മാറ്റര്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
ഗുരുകുലത്തിലെ മലയാള പുസ്തകങ്ങള്‍ പ്രൊഫഷണല്‍ പ്രസാധകരിലൂടെ പ്രസിദ്ധീകരിക്കുന്നതിനും വ്യാപകമായ തോതിൽ വിറ്റുപോകുന്നതിനും ഒരുപാടു പേരെ ഗുരുവിലേക്കും ഗുരുകുലത്തിലേക്കും ആകര്‍ഷിക്കുന്നതിനും ഇതു കാരണമായിത്തീര്‍ന്നു. വിറ്റുപോകുന്ന ഒരു ഉല്പന്നമാണ് പുസ്തകം എന്ന ബോധ്യം ഗുരുകുലത്തിനുമുണ്ടായി. എന്നാല്‍ ഇതിലൊരു പുസ്തകത്തില്‍ പോലും എന്റെ പേര് രേഖപ്പെടുത്തിയതായി കാണില്ല. ഈ പുസ്തകങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് ഒരുപാട് പ്രസാധകര്‍ പ്രസിദ്ധീകരണത്തിനായി പുസ്തകങ്ങള്‍ ചോദിച്ചുകൊണ്ട് ഗുരുവിനെ സമീപിക്കാന്‍ തുടങ്ങി
(തുടരും)
9288137485