”നാം ശരീരമല്ല അറിവാകുന്നു”

പുരാണങ്ങളും ഉപനിഷത്തും പഠിക്കാതെ ഗുരുവിന്റെ ജ്ഞാനാമൃതങ്ങള്‍ വേണ്ടവണ്ണം ഗ്രഹിക്കാന്‍ കഴിയില്ല. ജ്ഞാനത്തിലൂടെ മാത്രമേ വ്യക്തിയും സമൂഹവും ഉണരുകയും ഉയരുകയും ചെയ്യുകയുള്ളു എന്ന് ദര്‍ശിച്ചാണ് ഗുരു ” വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍” എന്ന് ആദേശിച്ചതും ജ്ഞാനോപദേശങ്ങള്‍ നല്‍കിയതും.

വേദത്തിലെ കര്‍മ്മകാണ്ഡപരമായ സഗുണോപാസന നടത്തിയ നാരായണന്‍ ശ്രീകൃഷ്ണന്‍, ശിവന്‍, സുബ്രഹ്‌മണ്യന്‍, ദേവി തുടങ്ങിയ ദേവതാഭാവദര്‍ശനങ്ങള്‍ക്കുശേഷം അന്യൂനവും അനുസ്യൂതവുമായ കഠിനതപസ്സിലൂടെ നിര്‍ഗുണമായ അനുഭവത്തിലെത്തി. കോടിസൂര്യപ്രഭയില്‍ പഞ്ചഭൂതാത്മകമായ ശരീരത്തിനും അതീതമായ പ്രകാശം മാത്രമായ ”ഗുരു”– എന്ന പദത്തിലെത്തി നാരായണഗുരു ആയ അനുഭവത്തെ ”നാം ശരീരമല്ല അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനുമുമ്പിലും അറിവായ നാം ഉണ്ടായിരുന്നു, ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും.” എന്ന് നാരായണഗുരു അനാച്ഛാദനം ചെയ്തിരിക്കുന്നു.
തുടര്‍ന്ന് കോടിമന്ത്രപ്പൊരുളായ ”ഓം” നാം തന്നെയാണെന്നും, ”നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനുപാടില്ല. ഓ! ഇതാ നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു.” എന്നും വെളിപ്പെടുത്തിയിരിക്കുന്നു. (ഗുരുവിന്റെ ശ്രീകൃഷ്ണദര്‍ശനം, ശിവസ്തോത്രങ്ങള്‍, ദേവി സ്തോത്രങ്ങള്‍, ചിജ്ജഡചിന്തനം, കുണ്ഡലിനിപ്പാട്ട്, ഗദ്യപ്രാര്‍ത്ഥന, ആത്മവിലാസം എന്നീ ജ്ഞാനാമൃതങ്ങള്‍ നോക്കുക.) മനുഷ്യനെ ‘ദാനവനോ ദേവനോ ആക്കുകയല്ല ദൈവം തന്നെ ആക്കുകയെന്ന’ സനാതനധര്‍മ്മത്തിന്റ-ഉപനിഷത്തിന്റെ അടിസ്ഥാന തത്ത്വത്തെ അന്വര്‍ത്ഥമാക്കി ദൈവം തന്നെയായ നാരായണഗുരുവിന്റെ ഈ അനുഭവം ലോകത്തിന് അംഗീകരിക്കുവാനുള്ള പ്രമാണം സനാതനമായ വേദവും വേദാന്തവും മാത്രമാണ്. സനാതനധര്‍മ്മത്തെ നിരാകരിച്ചാല്‍ ഗുരു എന്ന ഉണ്മയെ അറിയാന്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലാതായിത്തീരുകയും മറ്റും ചെയ്യും. നാരായണഗുരുവിനെ നവോത്ഥാനനായകനാക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഗുരുവിന്റ അത്മീയമഹിമയെ തമസ്‌ക്കരിക്കാനും നിരാകരിക്കാനും വേണ്ടി അടവുബുദ്ധിയാല്‍ നടത്തുന്ന പ്രചരണമാണ് ശ്രീനാരായണദര്‍ശനം സനാതനധര്‍മ്മമല്ലായെന്നത്. വേദത്തിലെ കര്‍മ്മകാണ്ഡപരമായ ദേവനും അതീതമായ ഉപനിഷത് ബ്രഹ്‌മത്തിന്റെ പ്രത്യക്ഷരൂപമാണ് ഗുരു.
സനാതനധര്‍മ്മത്തിന്റെ പേരില്‍ ഭ്രാന്താലയമായ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മനുഷ്യനെ ദൈവം തന്നെയാക്കാന്‍ നാരായണഗുരു കലര്‍പ്പില്ലാത്ത സനാതനധര്‍മ്മത്തെത്തന്നെയാണ് സമാശ്രയിച്ചതും അനാച്ഛാദനം ചെയ്തു തന്നതും. മനുഷ്യന്റെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണം അജ്ഞാനമാണ് അഥവാ മായയാണ്. മായ മാറാന്‍ ഗുരു വേദത്തിന്റെ കര്‍മ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്നീ കാണ്ഡങ്ങളെ സമാശ്രയിക്കുന്ന മൂന്ന് ഉപായങ്ങളെ ഉപദേശിക്കുന്നു. അവ വനമലര്‍ പറിച്ചുള്ള മഹേശപൂജ, മായാമന്ത്രം ഉരുവിടുക, മനസ്സാകുന്ന പുഷ്പം പറിച്ച് മഹേശനെ പൂജിക്കുക (ആത്മോപദേശശതകം-29) എന്നീ ക്രമത്തിലാണു. വേദത്തിലെ ഉപാസനാകാണ്ഡം അപ്രധാനമായതിനാല്‍ വേദത്തെ പ്രധാനമായും കര്‍മ്മകാണ്ഡം, ജ്ഞാനകാണ്ഡം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ചുകൊണ്ട് ആരംഭിച്ചു ഗുരു നടത്തിയട്ടുള്ള എല്ലാ ക്ഷേത്രപ്രതിഷ്ഠകളും തത്സംബന്ധമായി ആലപിച്ചനാവരണം ചെയ്തുതന്ന സ്തോത്രങ്ങളും എല്ലാം കര്‍മ്മകാണ്ഡപരമായ ദേവതാസംബന്ധമായവമാത്രം ആയിരുന്നു. ഗുരു ഗാനം ചെയ്തുതന്ന എല്ലാ സ്തോത്രങ്ങളും ദേവതാ സംബന്ധമായ പുരാണങ്ങളുടെയും ജ്ഞാനകാണ്ഡമായ ഉപനിഷത്തുകളുടെയും സാരസംഗ്രഹമാണ്. പുരാണങ്ങളും ഉപനിഷത്തും പഠിക്കാതെ ഗുരുവിന്റെ ജ്ഞാനാമൃതങ്ങള്‍ വേണ്ടവണ്ണം ഗ്രഹിക്കാന്‍ കഴിയില്ല. ജ്ഞാനത്തിലൂടെ മാത്രമേ വ്യക്തിയും സമൂഹവും ഉണരുകയും ഉയരുകയും ചെയ്യുകയുള്ളു എന്ന് ദര്‍ശിച്ചാണ് ഗുരു ” വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്‍” എന്ന് ആദേശിച്ചതും ജ്ഞാനോപദേശങ്ങള്‍ നല്കിയതും.

ശിവഗിരിമഠം ക്ഷേത്രമല്ല;
മഠം ആണ്.
വേദത്തിന്റെ സമഗ്രരൂപമാണ് ശിവഗിരിമഠം. സനാതനധര്‍മ്മത്തിലെ ആദിഗുരുവായ ദക്ഷിണാമൂര്‍ത്തി – ശിവന്‍ വസിക്കുന്ന ഗിരിയായ കൈലാസത്തെ പ്രതീകവത്ക്കരിച്ചാണ് ഗുരു വസിക്കുന്ന ഗിരിക്ക് ശിവഗിരി എന്ന നാമം ഉണ്ടായത്. വേദത്തിലെ കര്‍മ്മകാണ്ഡപരവും ജ്ഞാനകാണ്ഡപരവുമായ ജ്ഞാനം പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ് ഗുരു ശിവഗിരിമഠം സ്ഥാപിച്ചത്. ശിവഗിരിമഠം ക്ഷേത്രമല്ല. മഠം ആണ്. ”മഠച്ഛാത്രാദിനിലയം.” എന്നാണ് മഠം എന്ന വാക്കിന് നിര്‍വ്വചനം. എന്നുപറഞ്ഞാല്‍ ഗുരുവും ശിഷ്യനും ഒന്നായി ചേര്‍ന്നിരിക്കുന്നിടം. അതുകൊണ്ടാണ് ശാരദാമഠത്തില്‍ ക്ഷേത്രാചാരങ്ങള്‍ ഒന്നും വേണ്ട, ശാരദക്ക് വെള്ളവും പുഷ്പവും മതിയെന്ന് ഗുരു നിഷ്‌ക്കര്‍ഷിച്ചത്.
വെള്ളം ഗുരുവില്‍ നിന്നുള്ള ജ്ഞാനതീര്‍ത്ഥത്തേയും പുഷ്പം ശിഷ്യനേയും പ്രതീകവത്ക്കരിക്കുന്നു. വേദത്തിലെ കാര്‍മ്മകാണ്ഡപരമായ ക്ഷേത്രങ്ങളിലെ വൈദികകര്‍മ്മങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയാണ് ഗുരു ശിവഗിരിമഠത്തില്‍ വൈദികമഠം സ്ഥാപിച്ചത്. ഗുരുവിന്റെ ഉപദേശപ്രകാരം കാശിയില്‍ പോയി വൈദികം പഠിച്ചിട്ടുവന്ന ശങ്കരന്‍പരദേശി എന്ന ശിഷ്യനെയാണ് വൈദികം പഠിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. എല്ലാദിവസവും അദ്ദേഹം വൈദികകര്‍മ്മങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഗുരു അവിടെ വരാന്തയിലെ കസേരയില്‍ ഉപവിഷ്ഠനായിരിക്കും. സാത്വികമല്ലാത്തതും അപരിഷ്‌കൃതവും യുക്തിഭദ്രവുമല്ലാത്ത കര്‍മ്മങ്ങളെക്കുറിച്ചു പറയുമ്പോള്‍ ”അത് നമുക്ക് വേണ്ട” എന്നു പറഞ്ഞ് ഗുരു തിരുത്തുമായിരുന്നു. ഇതേപോലെ വേദത്തിലെ ജ്ഞാനകാണ്ഡമായ ഉപനിഷത്ത് ഗുരുവും ശിഷ്യനും ചേര്‍ന്നിരുന്നുള്ള ജ്ഞാനദാനമാണെല്ലോ. ആ വേദാന്തജ്ഞാനം പഠിപ്പിക്കുവാന്‍ വേണ്ടിയാണ് ശിവഗിരിയില്‍ ബ്രഹ്‌മവിദ്യാലയം സ്ഥാപിച്ചത്.
ഗുരുവും ശിഷ്യനും ഒന്നുചേര്‍ന്നിരിക്കുന്ന ശിവഗിരിമഠത്തിലെ ഒരേയൊരു പൂജയാണ് ”ഗുരുപൂജ.” നാരായണപിള്ള ആയിരുന്ന ശിഷ്യന്‍ ഗുരുവില്‍ നിന്നും സന്ന്യാസം സ്വീകരിച്ച് ശ്രീനാരായണചൈതന്യനായിക്കൊണ്ട് വേദാതി ശാസ്ത്രസമാശ്രിതമായി എഴുതിയ നൂറ്റിയെട്ട് (108) മന്ത്രങ്ങളാണ് ഗുരുപൂജക്ക് ജപിക്കുന്നത്. ഉത്സവം അഥവാ പൂരം ഇല്ലാത്ത ശിവഗിരിയില്‍ ഗുരു അനുവദിച്ചനുഗ്രഹിച്ചത് മഠത്തിന്റെ അന്തസത്തയെ അന്വര്‍ത്ഥമാക്കിക്കൊണ്ടുള്ള പഠന പാഠനാദികളോടുകൂടിയ ശിവഗിരിതീര്‍ത്ഥാടനമാണ്. രാജ്യത്തിനും ജനങ്ങള്‍ക്കും അഭിവൃദ്ധി ഉണ്ടാവുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ആത്മീയതയേയും ഭൗതികതയേയും ഏകാത്മകീകരിച്ചുകൊണ്ട് നവരത്നവിഷയങ്ങളെക്കുറിച്ച് (വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രം, സാങ്കേതികപരിശീലനങ്ങള്‍) അറിവ് പകരണം എന്നാണ് ഗുരു ഉപദേശിച്ചത്.
(അടുത്തലക്കത്തില്‍:അദ്വൈതവും ഗുരുവും)
9447804190