വിമർശനത്തിലെ തെളിച്ചവും വെളിച്ചവും

കുമാരനാശാന്റെ കാവ്യ ജീവിതത്തെ സമ്പന്നമാക്കിയ ഘടകങ്ങളിലൊന്ന് മരണത്തെ അത്യന്ത ഗൗരവമുള്ള ജീവിതാനുഭവമായി കണ്ടു എന്നതാണ്. കാവ്യജീവിതത്തിലുടനീളം കുമാരനാശാൻ തീവ്രമായ മരണബോധം പ്രകടിപ്പിച്ചതിന് പിന്നിലെ തത്ത്വം കുര്യാസ് കുമ്പളക്കുഴി കണ്ടെത്തുന്നു.മരണത്തെ ജയിക്കാൻ സ്നേഹത്തെ ആയുധമാക്കുന്ന കവിയാണ് കുമാരനാശാൻ.

മലയാളത്തിൽ വിമർശനത്തിന്റെ സ്ഥിതി ദുർബലമാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്. എന്നാൽ, നല്ല വിമർശകർക്കു കുറവുമില്ല. വിമർശനവും സൃഷ്ടിയും സ്ഥിരമായ സഹവർത്തിത്വത്തിലാണ് കഴിയുന്നത്. വിമർശനം സാഹിത്യത്തെ പോഷിപ്പിക്കുന്നു, എന്നാൽ അതേ സമയം അത് സൃഷ്ടിയുടെ വെള്ളവും അപ്പവും വായുവുമാണ്. ഒരുകാലത്ത് വിമർശനം സാഹിത്യത്തിന്റെ മൂലക്കല്ലായിരുന്നു. സാഹിത്യം “ ലോകത്തിന്റെയും ജീവിതത്തിന്റെയും വിമർശനമായി മാറുമ്പോൾ, വിമർശനം സാഹിത്യത്തെ വാക്കുകളുടെ ലോകമായി, വാക്കാലുള്ള പ്രപഞ്ചമായി കാണുന്നു. സൃഷ്ടി എന്നത് വിമർശനവും വിമർശനം സൃഷ്ടിയുമാണ്. നമ്മുടെ സാഹിത്യത്തിന് വിമർശനാത്മകകാഠിന്യം ഇല്ല, നമ്മുടെ വിമർശനത്തിൽ ഭാവനയില്ല. ” ഇതായിരുന്നു വിമർശനത്തെക്കുറിച്ചുള്ള ഒക്റ്റോവിയോ പാസിന്റെ പരാതി .
വിമർശനം ഒരു പുരാവൃത്ത സൃഷ്ടിയായി മാറുന്നു, ഈ പുരാവൃത്തം വിമർശനത്താൽ നിരന്തരം ദുർബലപ്പെടുന്നുവെന്നും പാസ് വിശ്വസിച്ചു. 1970-കളിൽ ഘടനാവാദത്താലും ഉത്തരഘടനാവാദത്താലും വെല്ലുവിളിക്കപ്പെടുന്നതുവരെ ആംഗ്ലോ-അമേരിക്കൻ സാഹിത്യപഠനങ്ങളിൽ പ്രബലമായിരുന്ന ഹ്യൂമനിസ്റ്റ് വിമർശനം, സാഹിത്യം എന്താണെന്നും മനുഷ്യർ സാഹിത്യവുമായി എങ്ങനെ ഇടപെടുന്നുവെന്നും എന്തുകൊണ്ട് അത് പഠിക്കപ്പെടേണ്ടതാണെന്നുമുള്ളതിനെക്കുറിച്ചുള്ള അടിസ്ഥാന അനുമാനങ്ങൾ പങ്കുവെച്ചു. ‘സാഹിത്യസിദ്ധാന്തം : ആശയക്കുഴപ്പത്തിലായവർക്കുള്ള വഴികാട്ടി’ എന്ന ഗ്രന്ഥത്തിൽ മേരി ക്ലേജസ് ഈ അനുമാനങ്ങളെ പത്ത് പ്രധാന നിഗമനങ്ങളായി സംഗ്രഹിച്ചിട്ടുണ്ട്.
- ഉത്തമ സാഹിത്യത്തിന് കാലാതീതമായ പ്രാധാന്യമുണ്ട്; അത് എല്ലാ ചരിത്ര കാലഘട്ടങ്ങളിലെയും എല്ലാ തലമുറകളോടും സംവദിക്കുന്നു.
2 .സാഹിത്യപാഠത്തിൽ അർത്ഥം ഉള്ളടങ്ങിയിരിക്കുന്നു. - സാഹിത്യകൃതി പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരാൾ എന്താണ് കണ്ടെത്താൻ ആഗ്രഹിക്കുന്നതെന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അജണ്ടകളൊന്നുമില്ലാതെ അതിലെ വാക്കുകൾ പഠിക്കുക എന്നതാണ്.
4.മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള അചഞ്ചലവും സാർവത്രികവുമായ സത്യങ്ങൾ പാഠം വെളിപ്പെടുത്തും, കാരണം മനുഷ്യപ്രകൃതി തന്നെ സ്ഥിരവും മാറ്റമില്ലാത്തതുമാണ്. എല്ലായിടത്തും എല്ലാ കാലത്തും എല്ലാ സംസ്കാരങ്ങളിലും മനുഷ്യർ ഏറെക്കുറെ ഒരുപോലെയാണ്. - കൃതിക്ക് നമ്മുടെ ഓരോരുത്തരുടെയും ആന്തരിക സത്യങ്ങളോട് സംവദിക്കാൻ കഴിയും, കാരണം നമ്മുടെ വ്യക്തിത്വം, നമ്മുടെ ‘സ്വത്വം’ നമുക്ക് ഓരോരുത്തർക്കും അതുല്യമായ ഒന്നാണ്, നമ്മുടെ ആന്തരിക ബലത്തിന് അത് അത്യന്താപേക്ഷിതവുമാണ്. എന്നിരുന്നാലും, ഓരോ അവശ്യ സ്വത്വവും മറ്റെല്ലാ വ്യക്തികളുമായും ചില സാർവത്രിക സ്ഥിരാങ്കങ്ങൾ പങ്കിടുന്നു. വ്യക്തിക്ക് എല്ലാ ബാഹ്യ സാമൂഹിക ശക്തികളെയും മറികടക്കാൻ കഴിയും.അതിനാൽ, എനിക്ക് എന്ത് സംഭവിച്ചാലും, ഞാൻ എപ്പോഴും ഞാനായിരിക്കും.
- മനുഷ്യജീവിതത്തിന്റെ ഉയർച്ചയും മാനുഷിക മൂല്യങ്ങളുടെ പ്രചാരണവുമാണ് സാഹിത്യത്തിന്റെ ലക്ഷ്യം. സാഹിത്യം വേണം. എന്നിരുന്നാലും, എല്ലായ്‌പ്പോഴും ആരെയെങ്കിലും പഠിപ്പിക്കുന്നതിനോ അനുനയിപ്പിക്കുന്നതിനോ ഉള്ള ഒരു പരസ്യമായ അജണ്ട ഒരിക്കലും സാഹിത്യത്തിന് ഉണ്ടാകരുത് (അതിനെ പ്രചാരണം എന്ന് പറയും).
- ഒരു സാഹിത്യകൃതിയിൽ, രൂപവും ഉള്ളടക്കവും സമഗ്രമായും ജൈവികമായും ബന്ധപ്പെട്ടിരിക്കുന്നു
- ഒരു സാഹിത്യ കൃതി ‘ നിഷ്‌കപടമായിരിക്കണം,’ അതായത് അത് സത്യസന്ധവും അനുഭവത്തിനും മനുഷ്യപ്രകൃതിക്കും ബാധകവുമായിരിക്കണം. അങ്ങനെ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താൻ സാഹിത്യത്തിനു കഴിയും.
- സാഹിത്യം അമൂല്യമാണ്, കാരണം അത് നടനം, സംഭവം, കഥാപാത്രം, സംഘർഷം, പ്രതീകാത്മകത എന്നിവയുൾപ്പെടെ സന്തോഷകരമായ മാർഗങ്ങളിലൂടെ നമ്മുടെ യഥാർത്ഥ സ്വഭാവവും സമൂഹത്തിന്റെ യഥാർത്ഥ സ്വഭാവവും വളിപ്പെടുത്തുന്നു. ശാസ്ത്രത്തിനോ മറ്റ് അന്വേഷണരീതികൾക്കോ കഴിയാത്ത തരത്തിലുള്ള സത്യങ്ങൾ സാഹിത്യം നമുക്ക് കാണിച്ചുതരുന്നു
- സാഹിത്യ വിമർശകർ പാഠത്തെ വ്യാഖ്യാനിക്കുന്നു, പ്രധാനമായും താളിലെ വാക്കുകളെ അടിസ്ഥാനമാക്കിയല്ല, സാഹിത്യ പാഠത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനും അതുപോലെ തന്നെ വായനക്കാരന് പാഠം എങ്ങനെ വായിക്കാമെന്ന് കാണിച്ചുകൊടുക്കുന്നതിനും അതിൽ നിന്നുള്ള ഏറ്റവും വലിയ പ്രയോജനം നേടാൻ സഹായിക്കുന്നതിനും വിമർശകൻ വേണം.
ഇതെല്ലാം നമുക്കു വളരെ പരിചിതമായി തോന്നാം. ഈ നിഗമനങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കം വരെ പാശ്ചാത്യ ആംഗ്ലോ-യൂറോപ്യൻ സാഹിത്യ വിദ്യാഭ്യാസത്തിന്റെയും വിമർശനത്തിന്റെയും അടിസ്ഥാനമായിരുന്നു. മലയാളത്തിൽ ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ വിമർശനലക്ഷ്യവും, അതിനു ഉപയോഗിക്കുന്ന രീതിശാസ്ത്രവും ഇതേ മാതൃക പിന്തുടരുന്നതാണ്. സാഹിത്യകൃതിയുടെ ആഴത്തിലേക്കും പല കേന്ദ്രങ്ങളിലേക്കും വിപുലപ്പെടുന്ന വായനയായി വിമർശനത്തെ മാറ്റിയ എഴുത്തുകാരനാണ് ഡോ. കുര്യാസ് കുമ്പളക്കുഴി.ചരിത്രകാരനും വിദ്യാഭ്യാസ ചിന്തകനുമാണ് അദ്ദേഹം. മൃത്യുബോധം മലയാളകാല്പനികകവിതയിൽ, കേരള കവിതയിലെ തേനും വയമ്പും, അഗ്നി കടയുന്ന അക്ഷരങ്ങൾ ചരിത്രത്തിലെ വർത്തമാനങ്ങൾ , വിമോചന സമരം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. കട്ടക്കയത്തിന്റെയും സിസ്റ്റർ മേരീ ബനീഞ്ഞായുടെയും അർണോസുപാതിരിയുടെയും സമ്പൂർണ്ണ കാവ്യസമാഹാരങ്ങൾ തയ്യാറാക്കിയതും ഡോ. കുര്യാസ് കുമ്പളക്കുഴിയാണ്.സാഹിത്യകൃതിയുടെ സൗന്ദര്യാത്മകവും ദാർശനികവും ആത്മീയവുമായ ത്രിതല മൂല്യങ്ങളെ അന്വേഷിക്കുന്നതാണ് അദ്ദേഹത്തിന്റെ വിമർശന പദ്ധതി.
ആശാൻകവിത ആലിംഗനം ചെയ്തു നിൽക്കുന്ന സ്നേഹദർശനത്തെ കണ്ടെത്തുന്ന ഒരു ഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്.’ അതിരുകളില്ലാത്ത ആശാൻകവിത’. കുമാരനാശാന്റെകവിതയുടെ ആഴവും ആശയഗരിമയും അനുഭവിപ്പിക്കുന്ന ഒരു മനോഹരവിമർശനകൃതിയാണത്. ചിന്ത കൊണ്ടും ഉൾക്കാഴ്ച കൊണ്ടും ആശാൻ കവിതയെ അഭിമുഖീകരിക്കുന്നു ഡോ. കുര്യാസ് കുമ്പളക്കുഴി.സൂക്ഷ്മസുന്ദരമായ ഭാഷയിൽ ആ കാവ്യജീവിതത്തെ സമ്പന്നമാക്കിയ ഘടകങ്ങളോരോന്നായി അവതരിപ്പിക്കുന്നു. വ്യാഖ്യാനത്തിൽ അപൂർവ്വ വൈഭവമാണ് ഈ വിമർശകനുള്ളതെന്ന് ഈ കൃതി തെളിമയോടെ കാണിച്ചുതരുന്നു. ആശാന്റെ ആഭിമുഖ്യവും ആത്മബോധവും കണ്ടെത്തുന്നിടത്തോളം വളരുന്നുണ്ട് അദ്ദേഹത്തിന്റെ വായന, വ്യാഖ്യാനവും.
തത്ത്വചിന്താ പ്രവണമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു കുമാരനാശാൻ. മനുഷ്യാവസ്ഥയുടെ നിസ്സഹായതയെ ആശാൻ തിരിച്ചറിഞ്ഞിരുന്നു.ഈശ്വരാവലംബം കൊണ്ട് കൂടുതൽ കരുത്ത് നേടാൻ ആഗ്രഹിക്കുന്ന മാനവസ്വത്വമാണ് ആശാനിൽ പ്രവർത്തിച്ചിരുന്നത്.എന്നാൽ എന്റെ ജീവിതം എനിക്ക് സ്വന്തം എന്ന സങ്കുചിത വീക്ഷണത്തിന്റെ പ്രഘോഷകനായിരുന്നില്ല കുമാരനാശാൻ.കുമാരനാശാന്റെ കാവ്യ ജീവിതത്തെ സമ്പന്നമാക്കിയ ഘടകങ്ങളിലൊന്ന് മരണത്തെ അത്യന്ത ഗൗരവമുള്ള ജീവിതാനുഭവമായി കണ്ടു എന്നതാണ്. കാവ്യജീവിതത്തിലുടനീളം കുമാരനാശാൻ തീവ്രമായ മരണബോധം പ്രകടിപ്പിച്ചതിന് പിന്നിലെ തത്ത്വം കുര്യാസ് കുമ്പളക്കുഴി കണ്ടെത്തുന്നു.മരണത്തെ ജയിക്കാൻ സ്നേഹത്തെ ആയുധമാക്കുന്ന കവിയാണ് കുമാരനാശാൻ.ആശാന്റെ മുഖ്യ കഥാപാത്രങ്ങളുടെ എല്ലാം ജീവിതത്തിൽ പ്രണയഭാജനങ്ങളുമായുള്ള സമാഗമ വേളയുടെ പിന്നിൽ മരണം പതിയിരിക്കുന്നു.സ്നേഹത്തെ മൃത്യുഞ്ജയോപകരണമാകുന്നതിന്റെ വിചിത്ര പരിണാമമാണ് അതെന്ന് കുര്യാസ് നിരീക്ഷിക്കുന്നു.
സ്നേഹമാണ് ജീവിതം എന്നും സ്നേഹവ്യാഹതിയാണ് മരണമെന്നും ചണ്ഡാലഭിക്ഷുകിയിൽ ആശാൻ പറഞ്ഞിട്ടുണ്ട്.കുമാരനാശാന്റെ കൃതികളെ സ്ത്രീ വാദത്തിന്റെ നിലപാടുകൾ മുൻനിർത്തി വിലയിരുത്തുവാനും കുര്യാസ് കുമ്പളക്കുഴി തയ്യാറാവുന്നു.സ്ത്രീ പുരുഷ സമത്വം സമതുലിതാവസ്ഥയായി കണ്ട കവിയാണ് ആശാനെന്നു കുര്യാസ് വിലയിരുത്തുന്നു.സ്ത്രീയുടെ സ്വത്വാന്വേഷണത്തിനു വാതിൽ മലർക്കെ തുറന്നിട്ട കവിത്വമാണ് കുമാരനാശാന്റേത്.സ്വയം കണ്ടെത്തുന്ന നായികമാരെയാണ് അദ്ദേഹം അവതരിപ്പിച്ചത്.അവിടെയെങ്ങും ഒരു വികല വ്യക്തിത്വവും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല.മനസ്സിന്റെ ഉള്ളറകൾ തുറന്ന് ബോധാബോധതലങ്ങളിൽ തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും അർത്ഥപൂർണ്ണമായ ഒരു ജീവിതത്തിന് വേണ്ട കരുക്കൾ സ്വയം സംഭരിക്കാൻ തുനിഞ്ഞിറങ്ങുകയുമാണ് ആശാന്റെ നായികമാർ ചെയ്യുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സമത്വസാഹോദര്യങ്ങളിൽ നിന്നും വേറിട്ട ഒരു സ്വാതന്ത്ര്യ ദർശനം കുമാരനാശാന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭിന്ന മുഖങ്ങൾ ശ്രീനാരായണഗുരുവിന്റെ സ്വാധീനത്താൽ രൂപപ്പെട്ടതാണ്.ഗുരുവിന്റെ മുദ്ര പതിഞ്ഞ വ്യക്തി ദർശനവും സാമൂഹ്യദർശനവും രാഷ്ട്ര ദർശനവും ആയിരുന്നു ആശാനുണ്ടായിരുന്നത്.എന്തുകൊണ്ട് ആശാൻ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി തൂലിക എടുക്കാതിരുന്നു എന്നതിന്റെ പിന്നിലുള്ള ചരിത്ര യാഥാർഥ്യത്തെ കുര്യാസ് കണ്ടെത്തുന്നു.ശ്രീനാരായണ ഗുരു സ്വാതന്ത്ര്യത്തിന്റെ പൂർണ്ണ ഫലപ്രാപ്തിയാണ് ആഗ്രഹിച്ചത്.അത് വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം മാത്രമല്ലല്ലോ.ആശാന്റെ രചനകളുടെ സൂക്ഷ്മ സൗന്ദര്യം ഭാവഗീതങ്ങളുടെ ഏകാന്ത വിശുദ്ധി ഉൾ ച്ചേർന്നതാണ്.സമകാലികരായ മറ്റു കവികളുടെ കവിതകളിൽ നിന്ന് ആശാന്റെ വാങ്മയത്തെ വ്യത്യസ്തമാക്കുന്ന സവിശേഷതകൾ ഓരോന്നും കുര്യാസ് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു.ആശാൻ കവിതകളിൽ പ്രത്യക്ഷപ്പെടുന്ന ആവിഷ്കാരപരവും സൗന്ദര്യപരവുമായ സവിശേഷതകൾ അതുവരെ മലയാള കവിതയ്ക്ക് അപരിചിതമായിരുന്നു.വാക്കുകളുടെ അർത്ഥനിവേദനശക്തി, ബിംബങ്ങളുടെ ധ്വന്യാത്മകത,നാടകീയ മുഹൂർത്തങ്ങൾ, ഭാഷയുടെ വക്രീകരണം എന്നിവയെല്ലാം ഒന്ന് ചേരുമ്പോൾ ഉണ്ടാകുന്ന സഞ്ചിത സൗന്ദര്യത്തിലാണ് ആശാൻ കവിതയുടെ മഹത്വം എന്നും ഒടുവിൽ ഈ വിമർശകൻ കണ്ടെത്തുന്നു.
കവിതയുടെ യഥാർത്ഥ അനുഭവത്തെ നമുക്ക് പ്രാപ്യമാക്കിത്തരുവാൻ പ്രയത്നിക്കുന്ന ഒരു വിമർശകനാണ് ഡോ. കുര്യാസ് കുമ്പളക്കുഴി. കവിതയെ വായനാനുഭവങ്ങളുടെ ആകെത്തുകയായി ചിത്രീകരിക്കാൻ അദ്ദേഹം തയ്യാറാകുന്നു. അർത്ഥത്തെക്കുറിച്ച് വ്യഗ്രതയുള്ള ഒരു വിമർശകൻ ജ്ഞാനശാസ്ത്രപരമായ പ്രബുദ്ധതയുടെ വേലിയേറ്റ തരംഗത്തെ വശത്താക്കേണ്ടതുണ്ട്. എന്നാൽ, ഗ്രന്ഥകാരന്റെ അനുഭവത്തിൽ നിന്ന് കൂടുതൽ വ്യതിചലിക്കാത്ത വായനക്കാരുടെ പതിപ്പുകൾ മാത്രമേ വിലമതിക്കു എന്ന വ്യവസ്ഥ അദ്ദേഹം അംഗീകരിക്കുന്നു. ആശാന്റെ ദർശനത്തിൽ മുഗ്ദ്ധമായ ആത്മീയോർജ്ജത്തിന്റെ സമൃദ്ധിയെ കണ്ടെത്തുന്ന ഡോ. കുര്യാസ് കുമ്പളക്കുഴി മലയാളവിമർശത്തിൽ ഒരു പുതിയ ഭാവുകത്വത്തിന്റെ വശ്യമുഖമായി മാറുന്നു.
85 475 08464
(പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം
പ്രൊഫസറാണ് ലേഖകൻ)