റീൽ ലിറ്ററേച്ചർ

തുകൽ ബൈന്റിട്ട പുസ്തകങ്ങളെക്കാൾ ഇന്ന് എല്ലാവർക്കും പ്രിയം സ്ക്രീൻ അലമാരയിൽ നിന്ന് കണ്ണിലേക്ക് പാഞ്ഞടുക്കുന്ന ആശയമജ്ജകളാണ്. ഒരു പുസ്തകത്തിന്റെ മജ്ജകളെ റീൽസ് മുഖാന്തിരം ഉറപ്പിച്ചെടുക്കുന്ന പുതിയ ആശയവിദ്യയ്ക്ക് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ എഴുത്തുകാരന്റെ കോപ്പിറൈറ്റ് ട്രോമ മാറിയതു പോലും കോപ്പിലെഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്ന റീൽ ലിറ്ററേച്ചർ സാധ്യതകൾ വിപുലപ്പെട്ടതു കൊണ്ടാണ്

നമ്മുടെ പല പുതിയ എഴുത്തുകാരും ഗൂഗിൾ സ്‌കോളേഴ്‌സാണ്. വിക്കിപീഡിയയുടെ അകത്ത് രൂപപ്പെട്ട ‘ Z ‘ ജനറേഷനായി അഥവാ zoomers ആയി എഴുത്തുകാർ മാറിയിട്ടുണ്ട്. അവിടെയും എഴുത്തു ശരീരങ്ങൾക്ക് ഗ്രേഡിംഗും റേറ്റിങ്ങുമുണ്ട്. തൊലിപ്പുറത്തെ മെലാനിൻ അളവുകളുടെ അടിസ്ഥാനത്തിലാണ് വെബ് വേൾഡിലെ എഴുത്തുകാരികൾ ഗ്രേഡ് ചെയ്യപ്പെടുന്നത്. എഴുത്തിലെ ഒരേ വലിപ്പമുള്ള കരകളല്ല സുന്ദരിമാരും അസുന്ദരിമാരും. മിത്തുകളിലെ എരിനാളങ്ങളായി നിലകൊള്ളുന്ന വ്യക്തിസ്വരൂപങ്ങളെ പോലും ഇന്ന് റീലുകൾ മടക്കിക്കൊണ്ടു വരികയാണ്. അതിനിടയിൽ സുന്ദരിമാർ സ്വീകൃതരാക്കപ്പെടുന്നുണ്ട്. പ്രണയ ഭാഷ്യങ്ങൾ റീൽസിന്റെ തേരിലേറി ഊരുചുറ്റുന്നുമുണ്ട്. തുകൽ ബൈന്റിട്ട പുസ്തകങ്ങളെക്കാൾ ഇന്ന് എല്ലാവർക്കും പ്രിയം സ്ക്രീൻ അലമാരയിൽ നിന്ന് കണ്ണിലേക്ക് പാഞ്ഞടുക്കുന്ന ആശയമജ്ജകളാണ്. ഒരു പുസ്തകത്തിന്റെ മജ്ജകളെ റീൽസ് മുഖാന്തിരം ഉറപ്പിച്ചെടുക്കുന്ന പുതിയ ആശയവിദ്യയ്ക്ക് വലിയ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ എഴുത്തുകാരന്റെ കോപ്പിറൈറ്റ് ട്രോമ മാറിയതു പോലും കോപ്പിലെഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്ന റീൽ ലിറ്ററേച്ചർ സാധ്യതകൾ വിപുലപ്പെട്ടതു കൊണ്ടാണ്. ഗൂഗിൾ ബുക്സ് എന്ന സൈറ്റിൽ ഒരു കോടിയിലേറെ ബുക്കുകൾ വായനയ്ക്കും ഡൗൺലോഡിങ്ങിനുമായി സൗജന്യമായി ലഭ്യമാണെങ്കിലും റീൽസാധ്യതകളിലൂടെ ജനപ്രീതിയാർജ്ജിക്കുന്നവയ്ക്കേ വായനക്കാരുണ്ടാവുന്നുള്ളൂ. വിക്കിപീഡിയൻസായ വായനക്കാർ മൾട്ടിമീഡിയ ഫയലുകളുടെ പൊതുഭണ്ഡാരമായ റീലുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം അവ ചിത്രങ്ങളും വീഡിയോകളും സൗണ്ട് ഫയലുകളും ഒരുമിച്ചെത്തിച്ചു തരുന്നുണ്ട്. തിരമൊഴിയുടെ ഈ കാലത്ത് ഇവിടെ പക്ഷെ മൺമറഞ്ഞ എഴുത്തുകാരാണ് റീൽസുകളുടെ അഥവാ മാതൃഭാഷാകംപ്യൂട്ടിംഗിന് വിധേയമാക്കപ്പെടുന്നതും വായനയുടെ വ്യാസം ഉണ്ടാക്കിയെടുക്കുന്നതും. തിരയിൽ തെളിയുന്നു എന്നതുകൊണ്ടു മാത്രം തിരമൊഴിയുണ്ടാവണമെന്നില്ല എന്ന വാദം ശക്തിപ്പെടുന്നതവിടെയാണ്. ലോക സാഹിത്യത്തിൽ ഏറ്റവും പുതിയ പുസ്തകം വരെ റീൽ ലിറ്ററേച്ചറിലൂടെ ശ്രദ്ധേയമാവുകയും ബുക്കർ പ്രൈസ് അടക്കമുള്ളവയുടെ ഷോർട്ട് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. പോൾ മുറെയുടെ “ദി ബീ സ്റ്റിംഗ് ‘ എന്ന നോവലിന് കീർത്തിയുണ്ടാക്കി കൊടുത്തത് റീൽസ് റിവ്യുകളാണ്.

മുറെയുടെ ” ദി ബീ സ്റ്റിംഗ് ” ഒരേ സമയം ഒരു ഫാമിലി ഡ്രാമയും ത്രില്ലറുമാണ്. കൗതുകമുണർത്തുന്ന കഥാപാത്രങ്ങളെയും അതിശയിപ്പിക്കുന്ന ശൈലിയെയും നമുക്കു മുമ്പിൽ എത്തിച്ചത് റീൽസുകളാണ്. ഐറിഷ് പട്ടണത്തിൽ താമസിക്കുന്ന ഒരു ചെറിയ ബാൺസ് കുടുംബത്തെക്കുറിച്ചാണ് ഈ നോവൽ. അസ്തിത്വ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഇതിലെ വാചകങ്ങൾ ഒരു കേവല വായനക്കാരനെ റീൽസ് മുഖാന്തിരം സ്വാധീനിക്കുകയാണുണ്ടായത്.
ആഷ് ലി കോൾ വില്യംസിന്റെ ” Instagr am: The Secret sauce” എന്ന കൃതി ലോകത്തുണ്ടായിട്ടുള്ള ഏറ്റവും ആധികാരികമായ ഒരു പുസ്തകമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ ഇൻസ്റ്റാഗ്രാം ഒരു സോഷ്യൽ പ്ളാറ്റ് ഫോം എന്നതിനപ്പുറത്തേക്ക് ഒരാൾക്ക് അയാളുടെ ഏതൊരു തരം ഉല്പന്നത്തെയും വിശാലമായ വിധത്തിൽ ബ്രാൻഡ് ചെയ്യാനുള്ള ശക്തമായ ടൂൾ മാസ്റ്ററായിട്ടാണ് ആഷ് ലി കോൾ വില്യംസ് ഇതിനെ ചൂണ്ടിക്കാട്ടുന്നത്. ആശയങ്ങളുടെ യുദ്ധക്കളമെന്നും കുതന്ത്രങ്ങളുടെ, എന്നാൽ ഉൾക്കാഴ്ചകളുടെയും ദർശനങ്ങളുടെയും ആഴത്തിലുള്ള പര്യവേക്ഷണം വാഗ്ദാനം ചെയ്യുന്ന ഇടമാണിതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കണക്ഷനുകൾ കെട്ടിപ്പടുക്കാനും പ്രതിധ്വനി ഉണ്ടാക്കുന്ന ഒരു ബ്രാൻഡ് സൃഷ്ടിക്കാനും ശക്തമായ മാർക്കറ്റിംഗ് ടൂളാക്കി ഇൻസ്റ്റാഗ്രാമിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നുള്ളതിന്റെ സൈദ്ധാന്തിക വിവരണമാണ്. ” Instagram: The Secret Sauce ” എന്ന പുസ്തകം. ഇന്ന് ലോകത്താകമാനം ഇൻസ്റ്റാഗ്രാമിലൂടെ സ്വീകൃതരായി കൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരിയാണ് ” Milk and Honey’ എഴുതിയ രൂപി കൗർ (Rupi Kaur). ജോൺ ഗ്രീൻ, സ്റ്റീഫൻ കിംഗ്, എലിസബത്ത് ഗിൽബർട്ട്, ചിമൻഡ അദീച്ചി തുടങ്ങിയ എഴുത്തുകാരാണ് തൊട്ടുപിന്നിലുള്ളത്. മലയാളലിപികളുടെ ഷെയ്പ് മാറ്റിയെടുക്കുന്ന നമ്മുടെ ഇൻസ്റ്റാഗ്രാം എഴുത്തുകാർ പക്ഷെ പരാജയങ്ങളുടെ പടുകുഴിയിൽ പെട്ടിരിക്കുകയാണ്. വാക്കുകൾക്ക് ആദൃശ്യതയുടെ കരുത്തുള്ള ഉചിതമായ വൈദ്യുതി കയറ്റാൻ പുതിയ എഴുത്തുകാർ പരാജയപ്പെടുന്നതുകൊണ്ടാണ് റീൽസ് ലിറ്ററേച്ചറിന്റെ കാലത്തിലും ബഷീറും, ഒ.വി.വിജയനും അയ്യപ്പപ്പണിക്കരും ഒക്കെ സജീവരായി തുടരുന്നത്. റീൽസുകൾക്കു പോലും പുതിയ സാഹിത്യത്തെ കനപ്പിച്ചെടുക്കാനാവുന്നില്ലയെന്നത് സാഹിത്യത്തിന്റെ അപകടസൂചനയാണ് കൈമാറുന്നത്.

ഫിക്ഷനും
റീൽ ലിറ്ററേച്ചറിന്റെ സാധ്യതയും
കഥയുടെ വ്യാകരണം ഭാഷയുടെ വ്യാകരണത്തിന്റെ അളവുകോൽ കൊണ്ടു മാത്രം തിട്ടപ്പെടുത്താനാവില്ല. ആഖ്യാനരീതി, ആഖ്യാതാവിന്റെ സ്ഥാനവും സ്ഥലപ്പെടലും, ജീവിച്ച കാലത്തിന്റെയും ഇപ്പോഴത്തെയും വിന്യാസം തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചു കൊണ്ടാണ് അതു നിർവഹിക്കേണ്ടത്. അങ്ങനെയെങ്കിൽ റീലിൽ നിരന്തരം സജീവമായിക്കൊണ്ടിരിക്കുന്ന ബഷീറിന്റെ “ജന്മദിനം ” എന്ന കഥയെ പുന:സന്ദർശിക്കാൻ പല ടൂളുകൾ അനിവാര്യമായി തീരുന്നു. കഥയിൽ ആദ്യന്തം കാണുന്നത്. ഉത്തമ പുരുഷാഖ്യാനമാണ്. കഥാകാരൻ പ്രധാനകഥാപാത്രമായിട്ടെത്തുകയാണ്. തനിക്ക് അനുഭവപ്പെട്ട കാര്യങ്ങൾ എന്ന നിലയിൽ ജന്മദിനത്തിൽ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആത്മകഥാംശസ്പർശം കലർന്നിട്ടുള്ള “ജന്മദിന’ത്തിലെ വാക്യങ്ങൾ റീൽസാക്കുന്നതിൽ അത്‌ഭുതപ്പെടാനില്ല. റിയലിസത്തിന്റെയും സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും കാലത്തിൽ ഒരു നിത്യ ശീർഷകത്തിന് ലഭിക്കുന്ന വലിയ ആദരമാണിത്. ജീവിതത്തിന്റെ മുക്കും മൂലയും പിടിച്ച് പെരുപ്പിച്ചു കാണിക്കുന്ന പുതിയ എഴുത്തുകാരൻ ബഷീർ എന്തുകൊണ്ട് റീലാകുന്നു വെന്ന് ആലോചിക്കുന്നത് ഉചിതമായിരിക്കും. ഒരു കാലത്ത് ‘വായനക്കാരെ ‘ അസ്വസ്ഥപ്പെടുത്തിയ ‘ ജന്മദിനം ” എന്ന കഥ ഇന്ന് ‘ കാഴ്ചക്കാരെയും ‘ അസ്വസ്ഥരാക്കുന്നുണ്ട്. ജീവിതം എന്ന ദുരന്ത മുനമ്പിൽ പെട്ട ഒരാളുടെ ആന്തരമായ പൊട്ടിത്തെറികളെ തന്നെയാണ് ബഷീർ കൈമാറിയത്. അതിന് റീൽ ലിറ്ററേച്ചറിന്റെ കാലത്തിലും വായനാദൂരം ലഭിക്കുന്നത് എഴുത്തിന്റെ സത്യസന്ധത കൊണ്ടാണ്. ജന്മദിനത്തിലെ പ്രധാനപ്പെട്ട റീൽ വാക്യങ്ങളെ ഉദ്ധരിക്കാം :
റീൽസ് – 1 . മോനേ, കാര്യം നല്ലതു തന്നെ. പക്ഷെ എന്റെ പക്കൽ കാശൊന്നുമില്ല. കുറെ അധികം ദിവസമായി ഞാനും വല്ലതും കഴിച്ചിട്ട് . നേരം വെളുത്ത് ഇതുവരെ ഞാനും ഒന്നും കഴിച്ചിട്ടില്ല. പോരെങ്കിൽ ഇന്ന് എന്റെ ജന്മദിനവുമാണ്. ‘ജന്മദിനം! നമുക്കൊക്കെ എന്തു ജന്മദിനം ? , ” പ്രപഞ്ചങ്ങളിലുള്ള എല്ലാറ്റിനുമുണ്ടല്ലോ ജന്മദിനം ” .

റീൽസ് – 2. മണി ഏഴ്. ഞാൻ ചാരുകസേരയിൽ കിടന്നുകൊണ്ട് ഓർത്തു. ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം. ആരോടും ഇന്ന് കടം വാങ്ങാൻ പാടില്ല. ഒരു കുഴപ്പവും ഇന്നുണ്ടാവരുത്. ഈ ദിനം മംഗളകരമായിത്തന്നെ പര്യവസാനിക്കണം. കഴിഞ്ഞു പോയ ദിനരാത്രങ്ങളുടെ വെള്ളയും കറുപ്പുമായ ചങ്ങലവളയങ്ങളിൽ ഞാൻ കാണുന്ന ആ നൂറു നൂറു ഞാൻ ആയിരിക്കരുത് ഇന്നത്തെ ഞാൻ.
വ്യക്തിയുടെ മുറിവുകൾ ഉണങ്ങണമെന്നും ലോകത്തിന്റെ വ്യസനം കുറയണമെന്നും നമ്മുടെ ലോകം ജീവിക്കാൻ കൊള്ളാവുന്നതാകണമെന്നും ആഗ്രഹിച്ച ഒരെഴുത്തുകാരന്റെ മാസ്റ്റർ പീസാണ് ‘ജന്മദിനം’ അതു റീലാകാതെ തരമില്ല.

ഒ.വി.വിജയന്‍
അയ്യപ്പപ്പണിക്കര്‍

പൊയട്രിയും
റീൽ ലിറ്ററേച്ചറിന്റെ സാധ്യതയും
മലയാളകവിതയുടെ ഭൂപടത്തിൽ ഞെട്ടലുണ്ടാക്കിയ പല കവികളും അക്കാദമിക ഡയസുകളിലും സിലബസിലും ഒക്കെ പാർപ്പുറപ്പിച്ചിട്ടുണ്ട്. പക്ഷെ അവയിൽ ജീവിതത്തിന്റെ കടും ചോര മണമില്ലാത്തതിനാൽ പുതിയ സാംസ്കാരിക ചക്രവാളമായ റീൽസിൽ ഇടം പിടിക്കാതെ പോയിട്ടുണ്ട്. കറുത്തവാവിന്റെ പക്ഷി എന്ന വിശേഷണം ലഭിച്ച എ. അയ്യപ്പനാണ് റീൽസ് പൊയട്രിയിൽ ഇന്ന് സജീവമായിട്ടുള്ളത്. അയ്യപ്പൻ നയിച്ച ബാഹ്യജീവിതത്തിന് വ്യാജസദാചാര ബോധം ചുമന്നു നടക്കുന്ന നമ്മുടെ ആന്തരികജീവിതത്തോട് സാമ്യമുള്ളതിനാൽ ആ കവിതകളിലെ വേഷച്ചാർത്തുകൾ നമ്മുടെ നിർവചനങ്ങളായി റീൽസിൽ പ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ തായ് പേരിൽ ഒരാൾ മുറുക്കി വെച്ചിട്ടുള്ള കോളിളക്കങ്ങൾ കവിതയായി വന്നു കൊത്തുമ്പോൾ അത് റീൽസുകളിലുടെ കാണുന്ന ഒരാൾക്ക് സ്വകാര്യബിംബങ്ങളായി അനുഭവപ്പെട്ടേക്കാം. ബാലചന്ദ്രൻ ചുള്ളിക്കാടും അയ്യപ്പപ്പണിക്കരും കൽപ്പറ്റ നാരായണനും ഒക്കെ റീൽസിന്റെ ശരീരം ധരിച്ചെത്തുന്നുണ്ട്. പക്ഷെ ഏറ്റവും അധികം പൊയറ്റിക് റിൽസുകൾ പുറത്തു വന്നിട്ടുള്ളത് എ. അയ്യപ്പന്റേതായിട്ടാണ്.

ബാലചന്ദ്രൻ ചുള്ളിക്കാട്

അനാഥത്വം എന്ന കൊടും വിഷാദത്തെ ആ വിഷ്കരിച്ച ” ആലില ” എന്ന കവിതയിലെ ആദ്യവരി റീലായി എത്തിയപ്പോൾ അതു കോമഡി ഷോയിലെ അവതാരകർ പോലും സൈറ്റു ചെയ്യുകയുണ്ടായി. അത്രയും ജനപ്രിയത നേടാൻ അയ്യപ്പന്റെ വരികളുടെ റീൽസ് വേർഷനുകൾക്ക് കഴിയുന്നുണ്ട്. ” നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം എനിക്ക് പ്രേമ കാവ്യമായിരുന്നു ” എന്ന വരിയോടെയാണ് ആലില ആരംഭിക്കുന്നത്. നഷ്ടപ്രണയങ്ങളുടെയും ഒറ്റപ്പെടലിന്റെയും തീവ്ര സന്ദർഭങ്ങളെ മറികടക്കാൻ ‘അയ്യപ്പൻ മൊഴി ‘ എന്നത് റീൽസിന്റെ പ്രചാരകർ ഏറ്റെടുത്തു കഴിഞ്ഞു.

റീൽസ് – 1
എന്റെ ലഹരി പ്രണയമാണ്
ഞാൻ മദ്യപിക്കുന്നത്
എന്റെ പ്രണയത്തിന്
കൂട്ടിരിക്കാനാണ്.

റീൽസ് – 2
ഞാൻ പ്രേമത്തെയും
കലാപത്തെയും
ഒരുപോലെ സ്നേഹിച്ചവനാണ്
പ്രേമം പരാജയപ്പെട്ടു
കലാപം തുടരുകയാണ്

ജീവിതത്തെ എന്നും യുദ്ധഭൂമിയായി രേഖകൾ മാഞ്ഞ കൈത്തണ്ടയിൽ കൊണ്ടു നടന്ന എ . അയ്യപ്പനെയല്ലാതെ പിന്നെ ഏതു കവിയെ മലയാളിക്ക് റീൽസാക്കാനാവും.

ഈയാഴ്ചയിലെ
പുസ്തകം
ഒരിക്കൽ / എൻ. മോഹനൻ
(ഡി സി ബുക്സ് )

പ്രണയം എന്ന വൈകാരിക ഭാഷയെ പുതിയൊരു ഉന്മേഷത്തിൽ നിന്നുകൊണ്ട് ആശ്ചര്യത്തോടെ അനുഭവിക്കാൻ ക്ഷണിക്കുന്ന നിരവധി കൃതികൾ മലയാളത്തിലുണ്ടായിട്ടുണ്ട്. പത്മരാജനും മാധവിക്കുട്ടിയും ഒക്കെ വാക്കുകളെ ഹൃദയം എന്ന നദിയിലൂടെ ഒഴുക്കിവിട്ടപ്പോൾ അവ പ്രണയത്തിന്റെ വിളക്കുകളായിട്ടാണ് നമ്മിലേക്ക് ഇരമ്പിയാർത്തത്. മാധവിക്കുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രണയപ്രസ്താവനയിങ്ങനെയാണ് – “നഷ്ടപ്പെടാം , പക്ഷെ പ്രണയിക്കാതിരിക്കരുത് “. ഇതിനു തത്തുല്ല്യമായ ഒരു വാചകം പത്മരാജനും എഴുതിയിട്ടുണ്ട് – ” പ്രണയം ചിലപ്പോൾ അങ്ങനെയാണ് നമ്മളോട് യാത്ര പോലും പറയാതെ, ഒന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും ” . ഇത്രയും തീവ്രമായ ഒരു വൈകാരിക ഭാവത്തെയാണ് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിൽ എൻ. മോഹനൻ “ഒരിക്കൽ ” എന്ന ശീർഷകത്തിൽ എഴുതിയത്. റീൽ ലിറ്ററേച്ചറിന്റെ സാധ്യത കൊണ്ട് ഏറ്റവും വലിയ ഗുണം സിദ്ധിച്ച കൃതിയേത് എന്ന പി.എസ്. സി ചോദ്യത്തിനു പോലും സാധ്യതയരുളുന്ന കൃതിയായി “ഒരിക്കൽ” ഏറ്റെടുക്കപ്പെട്ടത് രണ്ടായിരത്തി ഇരുപത്തിനാലിലാണ്. എൻ. മോഹനൻ എന്ന ഫിക്ഷനിസ്റ്റിന്റെ ജീവിതത്തിൽ മുന്തിയ തോതിൽ സ്വാധീനിച്ച ഒരു സ്ത്രീയെ കുറിച്ച് എഴുതാനുള്ള സാഹചര്യം ഒത്തു വന്നപ്പോൾ സ്വന്തം അമ്മയെയും ഭാര്യയെയും എന്നതിനേക്കാൾ തന്നെ സ്വാധീനിച്ച പഴയ പ്രണയിനിയെ കേന്ദ്രകഥാപാത്രമാക്കിയെഴുതിയ ആത്മകഥാംശം തുളുമ്പുന്ന ഒരു നോവൽ എന്ന നിലയ്ക്കാണ് “ഒരിക്കൽ ‘ ഈയടുത്ത കാലത്ത് കൂടുതൽ സ്വീകൃതമായത്. ജി.ശങ്കരക്കുറുപ്പിന്റെയും ഒ. എൻ. വി യുടെയും വരികൾ നോവലിലെ മുഖമില്ലാത്ത കഥാപാത്രങ്ങളാണ്.

ഒ.എൻ.വി.

അകലെയേക്കാൾ അകലെയാകുന്നു നീ
അരികിലേക്കാൾ അരികിലാണത്ഭുതം.
– ജി.ശങ്കരക്കുറുപ്പ്

ഒന്നും പറഞ്ഞതിലൊന്നും !
കൈതലം ഒന്ന്
പതുക്കെ പിടിച്ചമർത്തി ക്ഷണം
നിന്നതല്ലാതെ …
മുഖം തെല്ലുയർത്തിയെൻ
കൺകളിലേക്കൊന്നു നോക്കിയതല്ലാതെ
………… ഒന്നും പറഞ്ഞില്ല.
– ഒ.എൻ.വി.

ഒ.എൻ. വി യുടെ ഈ വരികളോടെയാണ് നോവൽ ആരംഭിക്കുന്നത്. ഈ വരികളും നോവലിന്റെയുളളിലെ വരികളും ചേർന്ന റീൽസുകളാണ് ‘ഒരിക്കൽ ‘ എന്ന കൃതിക്ക് വായനാദൂരം സൃഷ്ടിച്ചത്.

ഈയാഴ്ചയിലെ
ഇലസ്‌ട്രേഷൻ
കലയും കാണിയും തമ്മിൽ കൂടിക്കാഴ്ച ഒരുക്കുന്ന ഗ്യാലറിയുടെയും മ്യൂസിയത്തിന്റെയും മറ്റും സംരക്ഷിതാന്തരീക്ഷത്തിനു പുറത്തേക്കു കടന്ന് കലയ്ക്ക് പ്രചാരം ഏർപ്പെടുത്തുന്ന ചിത്രകലാപ്രവണത ഇന്നുണ്ട്. ഇലസ്ട്രേഷനുകളെയും സ്‌കെച്ചുകളെയും റീൽസ് രൂപത്തിൽ കാണിയിലേക്കെത്തിക്കുന്നവരാണ് സാജോ പനയംകോടും ദീപ്തി ജയനുമൊക്കെ. നിലനിൽക്കുന്ന ഉന്നത കലയ്ക്ക് ബദലായി സ്ത്രീയുടെ ലോക വീക്ഷണത്തെ റീൽസിലൂടെ പുന:സംഘടിപ്പിക്കുന്ന പുതിയ സ്ത്രീ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തെ ഒരു ബഹുഭാവസിദ്ധാന്തമായി കാണാൻ പ്രേരിപ്പിക്കുന്ന അത്തരം ചില റീലുകൾ ദീപ്തി ജയൻ എന്ന ചിത്രകാരി പരീക്ഷിച്ചിട്ടുണ്ട്. സ്വശരീരത്തെ കലയുടെ അസംസ്കൃത വസ്തുവാക്കി മാറ്റുകയും അതിന്റെ പ്രതിബിംബന മൂല്യത്തെ പരസ്പരവിനിമയമെന്ന നിലയിലേക്ക് ഗതി മാറ്റിവിടുകയും ചെയ്ത മൈക്കിൾ ജാക്സന്റെ ലഘുജീവിതരേഖയെ സ്‌കെച്ചുകൾ കൊണ്ട് ഒരുക്കിയത്. ഒരുപക്ഷെ ചിത്രകലയുടെ ഭാവിയെ പ്രവചിക്കാനായിരിക്കണം – വരികളെഴുതുന്ന, പാട്ട് കംബോസ് ചെയ്യുന്ന പാടുന്ന , പാട്ടിനൊത്ത് ചുവടിളക്കുന്ന മൈക്കിൾ ജാക്സനെ ഒറ്റ റീലിലൂടെയാണ് ദീപ്തി ജയൻ വരച്ചുകാട്ടുന്നത്. ഒരു ചിത്രകാരി പുരുഷദൃഷ്ടിയോടെ മൈക്കിൾ ജാക്സനെ വായിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. സംഗീതജ്ഞനും ചിത്രകാരിയും കാണിയും വസിക്കുന്ന ഭൗതികവും കാലികവുമായ സ്ഥലം ഒന്നു തന്നെയാണെന്ന ദൃഷ്ടിപാതം പ്രശ്നവൽകരിക്കപ്പെടുന്നതിനു പകരം ദീപ്തിയുടെ അഗാധമായ ബയോപിക് ചരിത്രബോധം ജീവിതയാഥാർത്ഥ്യത്തെ കറുത്ത മഷിയാൽ അഗാധമായ സംസ്കാരമാക്കി രേഖീകരിക്കുന്നു. സ്ത്രീപക്ഷ സൗന്ദര്യശാസ്ത്രത്തിന്റെ ഒരു മുഖ്യ പദ്ധതി തന്നെ പുരുഷാധിപത്യത്തിന്റെ ആധികാരികതയെ പുരുഷഭാഷ കൊണ്ടുതന്നെ അപഹരിക്കുകയോ പുനർനിർമ്മിക്കുകയോ ചെയ്യുകയെന്നതാണ്. റീൽസ് എന്ന സംസ്കാരം ദീപ്തി ജയൻ എന്ന ചിത്രകാരിയെ സംബന്ധിച്ചിടത്തോളം കലാകാരിയും സമൂഹവും തമ്മിലുള്ള സംയുക്തതയെ, ക്രിയാത്മകവും വിപ്ലവാത്മകവുമായി ആവിഷ്കരിക്കലാണ്.

ഈയാഴ്ചയിലെ
അഫോറിസം
കണ്ണിന്റെ
അഴിഞ്ഞു വീണ
കാന്തിക വലിവുകളാണ്
റീലുകളായി
പുനർജ്ജനിക്കുന്നത്.

Author

Scroll to top
Close
Browse Categories