തെരഞ്ഞെടുപ്പ് പാഠങ്ങൾ

ഈ തെരഞ്ഞെടുപ്പിലെ മുഖ്യസവിശേഷത രാഷ്ട്രീയം കാര്‍ണിവെലൈസ് ചെയ്യപ്പെട്ടതാണ്. മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അതിന്റെ മുകളില്‍ ആഘോഷങ്ങളുടെ നിറച്ചാര്‍ത്ത് ഒരുക്കി തെരഞ്ഞെടുപ്പിനെ തന്നെ ഒരു ഫാന്‍സി ഡ്രസ്സ് മത്സരമാക്കി മാറ്റി. പാലക്കാട് തെരഞ്ഞെടുപ്പിലെ ഉത്സവ കാഴ്ച രഥോത്സവമായിരുന്നു. അതില്‍ ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുകയായിരുന്നു. വയനാട് തെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ സ്‌നേഹപ്രകടനം മാത്രമാക്കി മാറ്റി. ആങ്ങളയും പെങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച വൈകാരികതയിലാണ് ആ തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്‌സ്. കേരളത്തില്‍ ഒരിക്കലും നടക്കാത്ത ഒരു ഏകപക്ഷീയത ആ തെരഞ്ഞെടുപ്പില്‍ ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ചു.

പുതിയ പാഠങ്ങള്‍ രാഷ്ട്രീയത്തിന് നല്‍കിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ കടന്നു പോയത്. തെരഞ്ഞെടുപ്പ് വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ നടന്ന സ്റ്റേറ്റ് അസംബ്ലി ഇലക്ഷനുകളില്‍ കണ്ട പ്രവണത ഭരണാനുകൂല ട്രെന്റാണ്. ഭരിക്കുന്ന കക്ഷിയെ വീണ്ടും വോട്ട് ചെയ്ത് ജയിപ്പിക്കുന്ന പ്രവണതയാണ് ഈ തെരഞ്ഞെടുപ്പുകളില്‍ ശക്തമായിരുന്നത്.
മഹാരാഷ്ട്രയില്‍ മഹായുതിയുടെ മഹാവിജയം അമ്പരപ്പിക്കുന്നതാണ്. അവിടെ 80% സീറ്റ് നേടിയാണ് എന്‍.ഡി.എ. അധികാരത്തിലെത്തിയത്. ജാര്‍ഖണ്ഡില്‍ ബിജെപി അല്ല ജയിച്ചത്. അവിടെ സ്റ്റാറായത് ഹേമന്ദ് സോറനാണ്. നിയമസഭയിലെ ഇന്ത്യാസഖ്യത്തിന്റെ അംഗസംഖ്യ 47-ല്‍ നിന്ന് 56 ആയി ഉയര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ഭരണകക്ഷികള്‍ വിജയം ആവര്‍ത്തിക്കുന്നു. ബംഗാളില്‍ മമത ബാനര്‍ജി നേരിട്ടത് കടുത്ത പ്രതിസന്ധികളായിരുന്നു. ആര്‍ ജി കര്‍ പ്രക്ഷോഭം മമതയെ വല്ലതെ കുലുക്കിയിരുന്നു. യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം ബംഗാളിനെ മാത്രമല്ല ഇന്ത്യയെ തന്നെ തീപിടിപ്പിച്ചതാണ്. പക്ഷെ അതിനെ മറി കടക്കാന്‍ ഭരണകക്ഷിക്ക് എളുപ്പത്തില്‍ കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റിലും മമത വിജയിച്ചു. ഇതില്‍ അഞ്ച് സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേതായിരുന്നു. ഒരെണ്ണം ബിജെപിയില്‍ നിന്ന് അവര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മാദരിഹട് സീറ്റ് ബിജെപിയുടെ പരമ്പരാഗത സീറ്റായിരുന്നു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സാണ് മിന്നുന്ന ജയം ആവര്‍ത്തിച്ചത്. സ്വന്തം സീറ്റുകള്‍ നിലനിര്‍ത്തുകയും ബിജെപിയില്‍ നിന്ന് രണ്ട് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. അസമില്‍ വിജയം ആഘോഷിച്ചത് ഭരണകക്ഷിയായ ബിജെപിയാണ്. സ്വന്തം സീറ്റ് നിലനിര്‍ത്തിയതോടൊപ്പം കോണ്‍ഗ്രസ്സിന്റെ സ്ഥിരം മണ്ഡലം കൂടി പിടിച്ചെടുത്തു. യുപിയില്‍ യോഗി ആദിത്യനാഥ് എതിരാളികളെ നിഷ്പ്രഭരാക്കി. ബീഹാറിലും മേഘാലയയിലും ഭരണകക്ഷി വിജയം ആവര്‍ത്തിച്ചു.

കേരളത്തില്‍ തല്‍സ്ഥിതി . പൊതുവെ ഇന്ത്യന്‍ ട്രെന്റ് ഭരണകക്ഷികള്‍ക്ക് അനുകൂലം. അതായത് ഇന്ത്യയിലിപ്പോള്‍ പ്രോഇന്‍ക്യുബന്‍സിയില്‍ നിറഞ്ഞാടുകയാണ്. ഇതിന്റെ പിന്നിലെ പ്രധാന കരുത്ത് ക്ഷേമ പദ്ധതികളാണ്. മഹാരാഷ്ട്രയില്‍ മഹായുതിയെ വിജയത്തിലെത്തിച്ചത് ലാഡ്കി ബഹിണ്‍ പദ്ധതിയാണ്. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറനെ വിജയത്തിലെത്തിച്ചത് സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ലഭ്യമാക്കുന്ന മയ്യാസമ്മാന്‍ യോജനയാണ്. ജനാധിപത്യത്തിന്റെ പുതിയ വ്യാഖ്യാനത്തില്‍ ക്ഷേമ പദ്ധതികളുടെ പങ്ക് വളരെ വലുതാണ്. വെല്‍ഫെയര്‍ സ്റ്റേറ്റ് എന്നത് ജനാധിപത്യത്തിന്റെ എക്കാലത്തെയും ആകര്‍ഷണമാണ്. ഇതിനെ നെഞ്ചേറ്റുന്ന പാര്‍ട്ടി എപ്പോഴും ജനപ്രിയ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തും. മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചെറിയ ചെറിയ ആവശ്യങ്ങളും ആഗ്രഹങ്ങളും നിര്‍വഹിച്ചു കൊടുക്കാന്‍ ഭരണകൂട സംവിധാനങ്ങളെ ഉപയോഗിക്കുന്നതും ഭരണാനുകൂല അഭിപ്രായ രൂപീകരണത്തിന് സഹായകരമാണ്.
തെരഞ്ഞെടുപ്പെന്ന കെട്ടുകാഴ്ച
ഈ തെരഞ്ഞെടുപ്പിലെ മുഖ്യസവിശേഷത രാഷ്ട്രീയം കാര്‍ണിവെലൈസ് ചെയ്യപ്പെട്ടതാണ്. മനുഷ്യന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അതിന്റെ മുകളില്‍ ആഘോഷങ്ങളുടെ നിറച്ചാര്‍ത്ത് ഒരുക്കി തെരഞ്ഞെടുപ്പിനെ തന്നെ ഒരു ഫാന്‍സി ഡ്രസ്സ് മത്സരമാക്കി മാറ്റി. പാലക്കാട് തെരഞ്ഞെടുപ്പിലെ ഉത്സവ കാഴ്ച രഥോത്സവമായിരുന്നു. അതില്‍ ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ മാധ്യമങ്ങള്‍ പരസ്പരം മത്സരിക്കുകയായിരുന്നു. വയനാട് തെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ സ്‌നേഹപ്രകടനം മാത്രമാക്കി മാറ്റി. ആങ്ങളയും പെങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച വൈകാരികതയിലാണ് ആ തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്‌സ്. കേരളത്തില്‍ ഒരിക്കലും നടക്കാത്ത ഒരു ഏകപക്ഷീയത ആ തെരഞ്ഞെടുപ്പില്‍ ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ചു. പ്രിയങ്കഗാന്ധി മാത്രം പങ്കെടുക്കുന്ന ഒരു ആഘോഷമേളമാക്കി തെരഞ്ഞെടുപ്പിനെ മാറ്റുകയും ഒരു ഉത്തരേന്ത്യന്‍ മുഖം അതിന് നല്‍കുകയും ചെയ്തു. എതിര്‍സ്ഥാനാര്‍ത്ഥികൾ അവിടെ ദൃശ്യമാധ്യമങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. വോട്ടര്‍മാരെ അങ്ങിനെ ഏകപക്ഷീയമായി ചിന്തിക്കാന്‍ പ്രാപ്തരാക്കിയത് മാധ്യമങ്ങളാണ്. അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രിയങ്ക തെരഞ്ഞെടുക്കപ്പെട്ടു.
അരാഷ്ട്രീയത തെരഞ്ഞെടുപ്പിന്റെ യാഥാര്‍ത്ഥ്യമായി മാറി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും ചര്‍ച്ച ചെയ്തില്ല. സ്ഥാനാര്‍ത്ഥികളും കൂട്ടു സംഘങ്ങളും നടത്തുന്ന കുമ്മാട്ടിക്കളിക്കായിരുന്നു പ്രാധാന്യം. ഭരണകക്ഷിയായി സി.പി.എം ന്റെ ആഗ്രഹം മൂര്‍ത്തമായ ഒരു രാഷ്ട്രീയ പ്രശ്‌നവും ചര്‍ച്ച ചെയ്യരുത് എന്നതായിരുന്നു. അതുകൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന വേളയില്‍ കോണ്‍ഗ്രസ്സിനോട് കലഹിച്ച സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പിന്നീട് അവര്‍ നീലട്രോളിയില്‍ വാര്‍ത്ത നിറച്ചു. അങ്ങിനെ ടിസ്റ്റോഡ് ട്വിസ്റ്റ് എന്ന് വാര്‍ത്തയെഴുതിയ തെരഞ്ഞെടുപ്പിലെ അമ്പരപ്പായിരുന്നു ആര്‍എസ്എസ്‌കാരനായ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വക്താവായി മാറിയത്. ഈ ചാട്ടംകൊണ്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ്സിലെത്തുക മാത്രമല്ല അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലൂടെ എംഎല്‍എ ആവുകയും ചെയ്യും. അതൊരു ദീര്‍ഘദൂര ചാട്ടമായിരുന്നു. ഇതെല്ലാം വാര്‍ത്തകളെക്കാള്‍ കളര്‍ഫുള്‍ ആയ ദൃശ്യങ്ങളാണ്. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം എന്നത് ഏറ്റവും വലിയ ദൃശ്യവിരുന്നാണ്. മാധ്യമ മഹതികള്‍ ബുള്‍ഡോസറിന്റെ തുമ്പിക്കൈയ്യില്‍ തൂങ്ങുന്ന കാഴ്ച കാണാനാണ് ടിവിയുടെ മുന്നിലിരിക്കുന്ന പ്രേക്ഷകര്‍ ആവേശം കാണിക്കുന്നത്. ഇതെല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ ഒരു കെട്ടുകാഴ്ചയായി മാറ്റുന്നുണ്ട്.
ഭരണവിരുദ്ധ
വികാരം
ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ എമ്പാടും കണ്ടത് ഭരണാനുകൂല വികാരമായിരുന്നെങ്കില്‍ കേരളത്തില്‍ മറിച്ചായിരുന്നു. പ്രതിപക്ഷം പറയുന്നുണ്ട് ഭരണവിരുദ്ധവികാരമാണെന്ന്. ശരിയാണ് സ്വന്തമായി ഒരു രാഷ്ട്രീയ അജണ്ടയുമില്ലാത്ത പ്രതിപക്ഷത്തിന് എന്നും ഭരണത്തിലേക്കുള്ള വഴി തുറക്കുന്നത് ഭരണവിരുദ്ധ വികാരമാണ്. കോണ്‍ഗ്രസ്സിനെ എല്ലാ തെരഞ്ഞെടുപ്പിലും വിജയത്തിലേക്ക് കൊണ്ടുവരുന്നത് സി.പി.എം. ആണ്. അധികാര പ്രമത്തതയുടെ ആള്‍രൂപമായി സി.പി.എം. നേതാക്കള്‍ മാറുമ്പോള്‍ ജനങ്ങള്‍ അവര്‍ക്കെതിരാവും. ആ എതിര്‍പ്പാണ് ഭരണവിരുദ്ധ വികാരമായി രൂപഭാവം നേടുന്നത്. ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമായ നേതാക്കളോടുള്ള വെറുപ്പ് വോട്ട്‌പെട്ടിയില്‍ പ്രതിഫലിക്കും. കോണ്‍ഗ്രസ്സ് ജയിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. മൂന്ന് ഉപതിരഞ്ഞെടുപ്പിലുമായി നാല് നിയമസഭ സീറ്റുകള്‍. ഇതില്‍ മൂന്നെണ്ണം യുഡിഎഫിന്റേതാണ്. ഒരെണ്ണം എല്‍ഡിഎഫിന്റേതും. തെരഞ്ഞെടുപ്പ് ഫലം പ്രത്യേകിച്ച് മാറ്റമൊന്നും പ്രകടിപ്പിച്ചില്ല. മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസ്സും ഒരെണ്ണത്തില്‍ സി.പി.എമ്മും ജയിച്ചു. തല്‍സ്ഥിതി തുടരുന്നു. അതായത് പ്രോഇന്‍ക്യുബന്‍സിയോ ആന്റി ഇന്‍ക്യുബന്‍സിയോ ഇല്ല. അതുകൊണ്ടാണ് സി.പി.എം. പറയുന്നത് ഭരണവിരുദ്ധ വികാരമില്ല എന്ന്. പക്ഷെ അത് യാഥാര്‍ത്ഥ്യമല്ല. അത് മനസ്സിലാകണമെങ്കില്‍ ഒരു മൈക്രോ ലെവല്‍ അനാലിസിസ് ആവശ്യമാണ്. സൂക്ഷ്മതലത്തില്‍ പരിശോധിക്കുമ്പോള്‍ ഭരണവിരുദ്ധ വികാരം വ്യക്തമാണ്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും ചേലക്കരയിലും യുഡിഎഫിന് വോട്ടുവര്‍ദ്ധനയുണ്ടായി. അതിന് സമാനമായ രീതിയില്‍ എല്‍ഡിഎഫിന് വോട്ടു വര്‍ദ്ധിച്ചില്ല.

വയനാട് ഒരു തെരഞ്ഞെടുപ്പില്‍ സത്യന്‍മൊകേരിയും ഷാനവാസും തമ്മിലുള്ള വോട്ട് വ്യത്യാസം ഇരുപതിനായിരം മാത്രമായിരുന്നു. ആ വോട്ട് വ്യത്യാസം ഇപ്പോള്‍ നാലു ലക്ഷം കടന്നു. അതെന്തുകൊണ്ട് എന്ന് സി.പി.ഐ.യും സി.പി.എമ്മും ചിന്തിക്കേണ്ടതാണ്. പൊതുവെ പരിശോധിച്ചാല്‍ പിണറായി വിജയന്റെ രണ്ടാമൂഴത്തില്‍ നടന്ന നാല് നിയമസഭ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പില്‍ സി.പി.എംന് ചെയ്തിരുന്ന നിരവധി വോട്ടുകള്‍ മാറിപ്പോയിട്ടുണ്ട്. സി.പി.എം.ന് എതിരെ അവ രേഖപ്പെടുത്തപ്പെട്ടു. ചേലക്കരയില്‍ 2012ലെ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണനു ലഭിച്ചത് 83415 വോട്ടായിരുന്നു. 2024-ല്‍ സി.പിഎം. തന്നെ ജയിച്ചെങ്കിലും ജയിച്ച യു.ആര്‍. പ്രദീപിന് 64827 വോട്ടാണ്. 18588 വോട്ട് സി.പി.എംന് നഷ്ടമായി. ഇതാണ് ഭരണവിരുദ്ധ വികാരത്തിന്റെ റീഡിംഗ്. സി.പി.എംന് വോട്ട് ചെയ്ത പതിനെണ്ണായിരത്തി അഞ്ഞൂറ്റി എണ്‍പത്തി എട്ടു പേര്‍ ഇപ്പോള്‍ സി.പി.എം ന് വോട്ടു ചെയ്യുന്നില്ല. ഇതൊരു ട്രെന്റാണ്. അത് തുടര്‍ന്നാൽ 2026ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം. പ്രതിപക്ഷത്ത് ഇരിക്കണം.
ഇതൊരു പാഠമാണ്. ഈ പാഠത്തില്‍ നിന്ന് സി.പി.എം പഠിക്കേണ്ടത് അധികാരം ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സല്ല . സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നുണ പറയുന്നവരെ ജനം കൈയൊഴിയും. സുപ്രഭാതത്തിലും സിറാജിലും പരസ്യം കൊടുത്ത് നേടാവുന്നതല്ല ജനകീയ അംഗീകാരം, മുസ്ലീം പ്രീണനം കൊണ്ട് ക്രിസ്ത്യന്‍ പ്രീണനം കൊണ്ടോ സി.പി.എംന് അവരുടെ വോട്ട് കിട്ടില്ല. മതപരമായി അവര്‍ സി.പി.എംന് എതിരാണ്. മതേതര മൂല്യം ഉയര്‍ത്തിപ്പിടിച്ചാല്‍ മുസ്ലീം -ക്രിസ്ത്യന്‍ സമുദായങ്ങളിലെ മതേതര വോട്ടുകള്‍ സി.പി.എംന് ലഭിക്കും. അതല്ലാതെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും മുഴുവനുമായും സി.പി.എം ന് വോട്ട് ചെയ്യും എന്നത് സിപിഎംലെ ഏറ്റവും വലിയ മണ്ടന് മാത്രം സ്വപ്‌നം കാണാവുന്ന കാര്യമാണ്.
കൂറുമാറ്റം
കേരളത്തിലും
‘ആയാറാം ഗയാറാം’ എന്നത് കാലുമാറ്റത്തിന്റെ കുതിരകച്ചവടത്തിന്റെയും ദിനവൃത്താന്തമാണ്. റിസോര്‍ട്ട് രാഷ്ട്രീയം അതിന്റെ ഉത്തരേന്ത്യന്‍ പതിപ്പാണ്. കാലു വാരുന്നവരെ താറില്‍ കുളിപ്പിച്ചത്. കേരളത്തിന്റെ ചരിത്രമാണ്. പക്ഷെ; അതെല്ലാം ഗതകാല സ്മൃതിയായി മാറുന്നു. കോണ്‍ഗ്രസ്സിനകത്തു നിന്ന് ഒരുപാട് ആനുകൂല്യം പറ്റിയ നിരവധി പേര്‍ അവസരവാദപരമായ സമീപനം സ്വീകരിച്ച് പുതിയ മേച്ചില്‍ പുറങ്ങളില്‍ ജീവിക്കുന്നുണ്ട്. അവസരവാദികളായ അത്തരം ചരക്കുകളെ നിന്ദാപൂര്‍വ്വമാണ് കേരളം കണ്ടിരുന്നത്. ആ കാഴ്ചയും മാറുകയാണ്. കാലുവാരി വന്ന ഒരു ഭാഗ്യാന്വേഷിയെ ഒറ്റ രാത്രി കൊണ്ട് സി.പി.എം. അവരുടെ സ്വന്തം സ്ഥാനാര്‍ത്ഥിയാക്കി. വെറുപ്പിക്കുന്ന ഫാക്ടറിയിലെ ഫോര്‍മാനായിരുന്ന സന്ദീപ് വാര്യരെ ആരോരുമറിയാതെ കോണ്‍ഗ്രസ്സും അവരുടെ നേതാവാക്കി. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിലാണ് ബിജെപി കോണ്‍ഗ്രസ്സിലെ സ്വര്‍ണമത്സ്യങ്ങളെ തങ്ങളുടെ അക്വോറിയത്തിലെത്തിച്ചത്. പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബിജെപിക്കാരായി. ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബിജെപി എന്ന് എതിരാളികളെ കൊണ്ട് ഇവര്‍ പറയിപ്പിച്ചു.

പരാജയപ്പെട്ടത്
ബിജെപി
ഉപതിരഞ്ഞെടുപ്പില്‍ പരാജിതര്‍ ആരെന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം കിട്ടും. അത് ബിജെപിയാണ്. പാലക്കാട്ടെ നല്ല സ്ഥാനാര്‍ത്ഥി ബിജെപിക്ക് കൃഷ്ണകുമാറാണ്. കാരണം, പാലക്കാട് വേരുകള്‍ ഇല്ല, നല്ല പ്രവര്‍ത്തകന്‍, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ഹോട്ട്‌ലൈന്‍ ബന്ധമുള്ള കുടുംബം. പക്ഷെ പാര്‍ട്ടിക്ക് മൊത്തം തെറ്റിയത് പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാന്‍ ആവുന്നില്ല എന്നതാണ്. അധികാരത്തര്‍ക്കം ഒരിക്കലും തീരാതെ ബിജെപി കലഹക്കുളമായി മാറിയിരിക്കുന്നു ഈ കുളത്തില്‍ താമരയുടെ തണ്ട് ഒടിയും അത് വാടും. അവര്‍ക്ക് ഇ. ശ്രീധരനെ വീണ്ടും പരീക്ഷിക്കാമായിരുന്നു. അതിന് ആരും തയ്യാറായിരുന്നില്ല. പകരം ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ഒരു വിഭാഗം ആഗ്രഹിച്ചത്. കേരളത്തിലെ ഏത് നിയോജക മണ്ഡലത്തിലും തിടമ്പേറ്റാനുള്ള തിരുവമ്പാടിയായി ശോഭ സുരേന്ദ്രന്‍ മാറിയിട്ടുണ്ട്. അത് പാര്‍ട്ടി എന്ന നിലയ്ക്ക് ബിജെപിക്ക് നല്ലതല്ല.
ഒരു നിയോജകമണ്ഡലത്തില്‍ ഉറച്ചു നിന്ന് വോട്ടര്‍മാരുടെ നേതാവായാല്‍ മാത്രമേ ബിജെപിയില്‍ നിന്നൊരാള്‍ക്ക് നിയമസഭയിലെത്താന്‍ വഴി തുറക്കുകയുള്ളു. ആ തിരിച്ചറിവ് ഇനിയും അവര്‍ക്കുണ്ടായിട്ടില്ല. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തു നിന്ന് നിയമസഭയിലെത്താന്‍ നിരന്തരം ശ്രമിച്ചാല്‍ നടക്കും. അതല്ലാതെ മുപ്പത്തഞ്ച് സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ ഭരിക്കും എന്ന് പ്രഖ്യാപിക്കുന്നതില്‍ പ്രകടമാകുന്നത് തള്ള് മാത്രമാണ്. ബിജെപിയില്‍ പൊട്ടിത്തെറി എന്നതാണ് വാര്‍ത്ത. അധികാരത്തര്‍ക്കവും കേന്ദ്രത്തില്‍ നിന്ന് വരുന്ന ഫണ്ടു പങ്കിടലും ഗ്രൂപ്പിസവുമാണ് ബിജെപിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. അതിന് മാറ്റം വന്നാലാണ് അവര്‍ക്ക് കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും പ്രസക്തി ഉണ്ടാവുകയുളളു. നിരന്തരം കോണ്‍ഗ്രസ്സില്‍ നിന്ന് നേതാക്കളെ റാഞ്ചിക്കൊണ്ടിരുന്ന ബിജെപിയ്ക്ക് കമ്പോളത്തില്‍ ഏറെ ഇഷ്ടവും വലിയ തിരിച്ചടിയാണ്. സന്ദീപ് വാര്യരെപ്പോലെ തീവ്രഹിന്ദുത്വ നിലപാടുള്ള ഒരാളുടെ രാഷ്ട്രീയബലം ഇത്ര ജീര്‍ണത ബാധിച്ചതാണെങ്കില്‍ ബിജെപിയിലെ ആരെ ആര്‍ വിശ്വസിക്കും? ഈ വിശ്വാസത്തകര്‍ച്ച ബിജെപി യെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കും. കൈ നനയാതെ മീന്‍ പിടിക്കുന്ന കോണ്‍ഗ്രസ്സിന്റെ കാലമാണ് വരുന്നത്.