സിനിമാക്കാര്‍ എന്തിനാണ്സാഹിത്യത്തില്‍ ഇടപെടുന്നത് ?

ഏതെഴുത്തും ആത്മാവിന്റെ സ്വാതന്ത്ര്യഗാനമാണെന്ന് സമൂഹത്തോടു വിളിച്ചുപറയുന്ന ചില സിനിമാക്കാരുണ്ട്. അവരുടെ എഴുത്തുകള്‍ എപ്പോഴും നേര്‍സന്ദേശവാഹികള്‍ ആയിക്കൊള്ളണമെന്നില്ല. സിനിമാക്കാര്‍ തീര്‍ക്കുന്ന സാഹിത്യം ഒഴുകിയണയുന്ന വെള്ളം പോലെയാണ്. അവ ഏതു മണ്ണിലും നവഭാവുകത്വത്തിന്റെ സുപ്തബീജങ്ങള്‍ കുതിര്‍ത്തുണര്‍ത്തും.

The book is a film
that takes place
in the mind of the reader .
– Paulo Coelho

സിനിമയ്ക്ക് പുറത്ത് വ്യാപിച്ചു നില്‍ക്കുന്ന അക്ഷരങ്ങളുടെ പ്രകൃതിയെയും ആകാശത്തെയും നേരിട്ട് പിടിച്ചെടുക്കുന്ന ഒരു രീതി സിനിമാക്കാര്‍ക്കിടയിലുണ്ട്. ഒരു നടന ശരീരത്തെ സാമൂഹിക ശരീരം മാത്രമായി ചുരുക്കുകയും . അത്തരത്തിലുള്ള വിവരണം മാത്രമായി തരംതാഴ്ത്തുകയും ചെയ്യാന്‍ വരട്ടെ. ഒരു നടനശരീരത്തിന് സാഹിത്യാസ്വാദകനോ സാഹിത്യ നിര്‍മ്മാതാവോ ഒക്കെയായി അറിയപ്പെടാനുള്ള സ്വാതന്ത്ര്യമുണ്ട്. കാണിയായ വായനക്കാരനിലെ മനുഷ്യഭാവനയുമായി ഇടപഴകാനുള്ള സാധ്യതയുമുണ്ട്. സിനിമാക്കാരന്‍ സാഹിത്യമെഴുതുമ്പോള്‍ അപ്രത്യക്ഷമായ ലോകത്തിലെ ഒരു സന്ദേശമായി അതു മാറുകയാണ്. മിഥ്യകളെ നശിപ്പിച്ച് യാഥാര്‍ത്ഥ്യത്തിന്റെ വ്യാമിശ്രമായ വിതാനങ്ങളിലേക്ക് പോകാനുള്ള ക്ഷണമാണിത്. വാക്കുകളെ ശരീരശാസ്ത്രപരമായി അനുഭവിക്കാന്‍ വിധിക്കപ്പെടുന്ന സിനിമാക്കാര്‍ , സിനിമയുടെ പ്രതീകങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ തൊട്ടുകാണിക്കുന്നത് അവര്‍ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുമ്പോഴാണ്. ഏതെഴുത്തും ആത്മാവിന്റെ സ്വാതന്ത്ര്യഗാനമാണെന്ന് സമൂഹത്തോടു വിളിച്ചുപറയുന്ന ചില സിനിമാക്കാരുണ്ട്. അവരുടെ എഴുത്തുകള്‍ എപ്പോഴും നേര്‍സന്ദേശവാഹികള്‍ ആയിക്കൊള്ളണമെന്നില്ല. സിനിമാക്കാര്‍ തീര്‍ക്കുന്ന സാഹിത്യം ഒഴുകിയണയുന്ന വെള്ളം പോലെയാണ്. അവ ഏതു മണ്ണിലും നവഭാവുകത്വത്തിന്റെ സുപ്തബീജങ്ങള്‍ കുതിര്‍ത്തുണര്‍ത്തും. സ്ഥിരസ്‌ക്രീന്‍ ജീവിതത്തില്‍ മാറ്റങ്ങളുടെ പുതുനാമ്പ് പൊടിപ്പിക്കാന്‍ പ്രേരണ തന്നെയായി തീരുകയാണ് ഇത്തരം ഇടപെലുകള്‍. സിനിമാകല കനിഞ്ഞ് നല്‍കിക്കൊടുത്ത താരപ്രഭ പ്രസരിപ്പിക്കുന്ന നടന്‍ (നടി) ഇതിനു സമാന്തരമായി മറ്റൊരു ഉജ്ജ്വല വെളിച്ചവും ലോഭമന്യേ ചരിത്രഗാത്രത്തില്‍ വാരിപ്പൂശുന്നത് സാഹിത്യ പ്രവര്‍ത്തനത്തിലൂടെയാണ്. സിനിമ തിരക്കഥാകൃത്തിന്റെയോ സംവിധായകന്റെയോ അനുഭവങ്ങളെ അനുഭവിക്കാനുള്ള ക്ഷണമാണ്. പക്ഷെ സ്വന്തം അനുഭവങ്ങളുടെ ദുരന്തത്തെ ഒരു സിനിമാക്കാരന്‍ അനുഭവിച്ചു തീര്‍ക്കേണ്ടത് സാഹിത്യ ഇടപെടലുകളിലൂടെയാണ്. സിനിമയിലെ വ്യംഗ്യദൃശ്യങ്ങള്‍ക്കു പുറത്തുകടക്കാനും ക്യാമറ നമ്മുടെ കണ്ണുകളില്‍ക്കൂടി കാണുന്നപോലെ വാക്കുകളെ ദൃശ്യങ്ങളില്‍ ഒരുക്കിയെടുക്കാനും നമ്മുടെ ചില നടനശരീരങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ ചെറുതായി കണ്ടുകൂടാ.
എഴുത്തുകാരായ സിനിമാക്കാര്‍ കണ്‍സ്യൂമറിസത്തിന്റെ കള്‍ട്ട് മെമ്പര്‍മാരല്ല.

മധു

സിനിമാക്കാരുടെ തലച്ചോറില്‍ അന്വേഷണത്തിന്റെ പരിക്രമങ്ങള്‍ ഉണ്ടെന്നുള്ളതിന്റെ വലിയ ചില സാക്ഷ്യങ്ങള്‍ നമുക്കു മുമ്പിലെത്തിയിട്ടുണ്ട്. സാഹിത്യത്തിന്റെ ചുവരില്‍ നിന്നും എത്ര വെട്ടിമാറ്റിയാലും മാറിപ്പോകാത്ത ചില ന്യൂറോണുകള്‍ അവള്‍ക്കുണ്ട്. ‘മലയാളത്തിന്റെ മധുസാഗരം ‘ എന്ന ശീര്‍ഷകത്തില്‍ മധുവുമായി ഭാനുപ്രകാശ് നടത്തിയ അഭിമുഖത്തിലെ
( ദേശാഭിമാനി ഓണം വിശേഷാല്‍പ്രതി 2023) ഒരു ചോദ്യം ഇങ്ങനെയാണ്- ‘? തൊണ്ണൂറ് വര്‍ഷത്തെ ജീവിതാനുഭവങ്ങളും അറുപത് വര്‍ഷത്തെ അഭിനയാനുഭവങ്ങളുമുണ്ടായിട്ടും എന്തുകൊണ്ട് മധുസാര്‍ ആത്മകഥയെഴുതുന്നില്ല ? ‘ . അതിന് മറുപടിയായി മധു പറയുന്നതു നോക്കുക – ‘മറ്റുള്ളവരുടെ ജീവചരിത്രങ്ങളും ആത്മകഥയും വായിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. എന്നു കരുതി എന്റെ ജീവിതമെഴുതാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിക്കൊള്ളണമെന്നില്ല. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ആത്മകഥയെഴുതാത്തത് എന്ന്. അങ്ങനെ ഗമ കാണിക്കാന്‍ തക്കവണ്ണം ഒന്നും എന്റെ ജീവിതത്തിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

എഴുത്തിന്റെ ഭാഗമായി ആരെങ്കിലും ചോദിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ എന്റെ ജീവിതത്തെ കുറിച്ച് പറയാറ്. കഥയും കവിതയും ഞാന്‍ എഴുതാറില്ല. ചിത്രം വരയ്ക്കാനോ പാട്ടുപാടാനോ എനിക്കറിയില്ല. അതുപോലെ ആത്മകഥ എഴുതാനും എനിക്കറിയില്ല. കുത്തിയിരുന്ന് എഴുതിയാല്‍ പത്തു പേജിനപ്പുറം വരില്ല എന്റെ ജീവിതം. ‘ഇത്രയും അനുഭവസമ്പന്നനായ ഒരാളുടെ ന്യൂറോണിന്റെ മായാജാലക്കളികളെ വേണമെങ്കില്‍ പുസ്തകമാക്കാമായിരുന്നല്ലോ?. ‘ഇക്കാലം അഥവാ ഇക്കയുടെ കാലം – മമ്മൂട്ടി : അനുഭവം , ജീവിതം ‘ എന്ന കുറിപ്പില്‍ ( മാതൃഭൂമി ഓണപ്പതിപ്പ് , 2023 ) ‘ ബയോപിക്കുകള്‍ സത്യത്തില്‍ ഒരഭിനേതാവിന്റെ സൃഷ്ടിയല്ലായെന്നും മറ്റൊരാള്‍ ജീവിച്ച ജീവിതത്തെ അയാള്‍ ആവിഷ്‌കരിക്കുകയാണെന്നും എഴുതിയിട്ടുണ്ട്. ഇതിനെ അപ്പാടെ തെറ്റിച്ചു കളഞ്ഞ നടനാണ് മമ്മൂട്ടിയെന്ന സ്‌ക്രീന്‍ അളവ്. ഇങ്ങനെ തെറ്റിക്കാന്‍ ധൈര്യം കൊടുത്തത് എം.ടി യെപ്പോലുള്ള എഴുത്തുകാരുടെ നിരവധി കഥാപാത്രങ്ങളെ വായിച്ചതുകൊണ്ടാണെന്ന് മറ്റൊരിടത്ത് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്. ‘ മോഹന്‍ലാല്‍ ജീവിതം എഴുതുന്നു ‘ (മലയാള മനോരമ വാര്‍ഷികപ്പതിപ്പ് 2023) എന്ന ആത്മകഥാംശത്തില്‍ ‘വായനയും നാടകവും ‘ എന്ന സെഗ്‌മെന്റില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട് – ‘ സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തിനോടുള്ളത്ര അഭിനിവേശം എനിക്ക് വായനയോടുണ്ടായിരുന്നില്ല. അമ്മ വലിയ വായനക്കാരിയായിരുന്നു. പൂജപ്പുര ലൈബ്രറിയില്‍ നിന്ന്അമ്മയ്ക്ക് പുസ്തകങ്ങള്‍ കൊണ്ടുവന്നു കൊടുത്തിരുന്നത് ഞാനാണ്. അവയില്‍ ചിലതൊക്കെ ഞാനും വായിച്ചു. ഐതിഹ്യമാല എന്റെ ഭാവനയില്‍ വല്ലാത്തൊരു മാന്ത്രികത നിറച്ചു. മാന്ത്രികനായ മാന്‍ഡ്രേക്കും ഫാന്റവും ഒക്കെ പിന്നീട് എനിക്കൊപ്പം സഞ്ചരിച്ചു. ദുര്‍ഗാ പ്രസാദ് ഖത്രിയുടെ മൃത്യുകിരണം മുതല്‍ പി. പത്മരാജന്റെ മഞ്ഞുകാലം നോറ്റ കുതിര വരെ എത്രയോ കൃതികള്‍ വായിച്ചിരിക്കുന്നു.’ ‘ അരങ്ങിന്റെ വിജയരാഘവന്‍ ‘ എന്ന അഭിമുഖത്തില്‍ (മാതൃഭൂമി ഓണപ്പതിപ്പ് 2023 ) എപ്പോഴെങ്കിലും സാഹിത്യ രചനയിലേക്ക് കടക്കാന്‍ ആലോചിച്ചിട്ടുണ്ടോ എന്ന് അഭിമുഖക്കാരന്‍ ചോദിക്കുമ്പോള്‍ അതിനു മറുപടിയായി പറയുന്നത് നോക്കൂ – ‘ ഓരോ വായനക്കാരനും വായിക്കുന്നത് ഓരോ പുസ്തകമാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തി എഴുതാന്‍ പ്രയാസമാണ്. സാഹിത്യരചനയെ വളരെ ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. ‘ ഈ പ്രശസ്തരൊക്കെയും അവനവന്‍ എന്ന ഉളളടക്കത്തെ നിരാകരിച്ചുകൊണ്ടാണ് സാഹിത്യത്തെ കുറിച്ച് സംസാരിക്കുന്നത്. എങ്കില്‍ പോലും സാഹിത്യബാഹ്യമായ ഒരു വ്യക്തിത്വമാകാന്‍ വിസമ്മതിക്കുന്നുമുണ്ട്. സിനിമയ്ക്കുപുറത്ത് സാഹിത്യ അസ്തിത്വം നെയ്തുണ്ടാക്കുന്നവരാണ് നമ്മുടെ നടനശരീരങ്ങളധികവും.

മമ്മുട്ടി
മോഹന്‍ലാല്‍
വിജയരാഘവന്‍
മുരളി ഗോപി

അനേകം
കേന്ദ്രങ്ങളുള്ള കഥ

സിനിമാക്കാരുടെ മനോഭാവത്തിന് അനേകം തലങ്ങളുണ്ടായിരിക്കും. അവരുടെ മനസ്സിലെ വനാന്തരങ്ങളും ഭൂഗര്‍ഭപാതകളും ലഘുവായ അന്വേഷണത്തിന്റെ സീമയില്‍ വരികയില്ല. പി. പത്മരാജനില്‍ തുടങ്ങിയ കഥയുടെ ലോകം മുരളി ഗോപി വരെ എത്തിനില്‍ക്കുകയാണ്. എഴുത്തിന്റെ സങ്കേതം കഠിനമാണെന്ന് തിരിച്ചറിഞ്ഞവരാണ് ചലച്ചിത്രകലയിലെ കഥാകാരന്‍മാര്‍. ആഖ്യാനത്തിലെ വചനസമൃദ്ധിയില്‍ മധുപാല്‍ എന്ന കഥാകാരന്‍ സൃഷ്ടിക്കുന്നത് അര്‍ത്ഥത്തിന്റെ അഭാവങ്ങളെയാണ്. കാരണം മധുപാല്‍ എഴുതുന്നത് സിനിമാറ്റിക് കഥകളാണ്. അവയിലുള്ളത് അനേകം അര്‍ത്ഥങ്ങളുടെ കേന്ദ്രങ്ങളാണ്. സ്ത്രീ ശരീരം എന്നു പറയുമ്പോള്‍ ശരീരത്തിന് അര്‍ത്ഥം നഷ്ടപ്പെടുന്ന ഒരു കാലത്തില്‍ മധുപാല്‍ സ്ത്രീയുടെ സാമീപ്യ അര്‍ത്ഥത്തെ ഊഹിച്ചെടുക്കാനെങ്കിലും സഹായിക്കുന്ന ഒരു കഥ ‘ അനന്തരം , കാലം ‘ (പ്രസാധകന്‍ ഓണപ്പതിപ്പ് 2023 ) എന്ന ശീര്‍ഷകത്തില്‍ എഴുതിയിട്ടുണ്ട്.

സമകാലിക ചരിത്രത്തോട് ധിക്കാരമായി പെരുമാറുന്ന ഒരു കഥയാണിത്. അതാര്യതയുപയോഗിച്ച് സ്ത്രീയുടെ മുഖത്തിന്റെ തേജസ്സന്വേഷിക്കാന്‍ ഒരു കഥാകാരന്‍ മുതിരുമ്പോള്‍ അത് ആണധികാരത്തിനെതിരെയുള്ള സൗന്ദര്യമുള്ള കലാപമായി തീരുന്നു. എല്ലാ ഫെ -മെനിസങ്ങളും അതിവാസ്തവികതയുടെ ദുര്‍ജ്ഞേയങ്ങളായ പ്രേരണകളെ അറിഞ്ഞുകൊണ്ട് വലംചുറ്റലാണ്. കഥ ഇവിടെ ജീവിതരഹിതമല്ല. അതുകൊണ്ടുതന്നെ ഭാവനയ്ക്കുപരി പ്രസ്താവനകള്‍ കാലത്തെ നവീകരിക്കാനുള്ള ടൂളായി സ്വയം അവതരിക്കുന്നു. ഭ്രമാത്മകമായ ദൃശ്യാനുഭവം തരുന്ന സൗന്ദര്യമുള്ള ഭ്രാന്തായി ഇവിടെ കഥ മാറുകയാണ്. കഥയുടെ ഈ പരിചരണം നിര്‍വിഷയകമായ സ്തംഭനമല്ല. മറിച്ച് ക്രിയോന്മമുഖമായ ഒരു മാനസികാവസ്ഥയാണ്. സ്ത്രീയുടെ സ്വന്തം രൂപം എന്ന നാമത്തെ ഏതു ക്രിയയോടാണ് അന്വയിക്കേണ്ടത് എന്ന ചോദ്യമാണ് കഥ ബാക്കിവയ്ക്കുന്നത്. വായനയുടെ ജനകീയ ആഘോഷങ്ങളില്‍ നിന്നു മാറി നില്‍ക്കുന്ന മധുപാലിന്റെ ഈ കഥയുടെ അബോധ പ്രേരണകളിലും ആഖ്യാനത്തിലും ഒരു ധ്വംസനത്തിന്റെ രാഷ്ട്രീയമുള്ളതു കൊണ്ടുതന്നെ സിനിമാക്കാര്‍ സാഹിത്യത്തില്‍ ഇടപെടുന്നതെന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണിത്.

സിനിമാറ്റിക്
പൊയട്രി .

പാഴ്‌സക്കള്‍ക്ക് കാവ്യബിംബമാകാന്‍ ഇടം ഒരുക്കുന്നത് സാമ്പ്രദായിക കവികളല്ലെന്ന് വാദിച്ചത് നൈജല്‍ വാര്‍ബര്‍ട്ടനാണ് (Nigel Warburton). കാവ്യഭാഷയുടെ ഭാരമില്ലാതെ കവിതയെഴുതാന്‍ കഴിയുന്ന ചലച്ചിത്ര പ്രവര്‍ത്തകരാണ് ശ്രീകുമാരന്‍ തമ്പിയും രണ്‍ജി പണിക്കരുമൊക്കെ. ഭാവനകളുടെ സമ്മിശ്രരൂപം കൊണ്ടും വിവിധ സ്വരങ്ങളുടെ തുടുപ്പും പുതുമയും കൊണ്ടും കവിതയുടെ കലാശാലാവത്കരണത്തിനു പുറത്തു നില്‍ക്കുന്നവരാണ് ചലച്ചിത്ര പ്രവര്‍ത്തകരായ ഈ കവികള്‍. കവിതയില്‍ ഒരു വാക്കിനു തന്നെ വിഭിന്ന മനസ്സുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ചില കവിതകള്‍ ഇവര്‍ എഴുതിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ ‘അതിഥിയാര് ‘ (ജനയുഗം ഓണപ്പതിപ്പ് 2023 ) , ‘അജ്ഞാത സ്പര്‍ശം ‘ (കേരളകൗമുദി ഓണപ്പതിപ്പ് 2023) തുടങ്ങിയ കവിതകള്‍ പ്രണയം, മൃതി തുടങ്ങിയ അടിസ്ഥാനവികാരങ്ങളെ തൊട്ടുകാണിക്കുമ്പോള്‍ മനുഷ്യന്റെ ലൗകികവും അലൗകികവുമായ ഭാവങ്ങള്‍ക്കിടയിലൂടെ നമ്മെ കൈപിടിച്ചു നടത്തുകയാണ് ചെയ്യുന്നത്.

മധുപാല്‍

പോള്‍ എസ് ബക്കിന്റെ മണ്ണും ടോള്‍സ്റ്റോയിയുടെ മണ്ണും വ്യത്യസ്തമാണ്. ഷേക്‌സ്പിയറുടെ പെണ്ണ്, പോള്‍ വലേറിയുടെ പെണ്ണ്, യേറ്റ്‌സിന്റെ പെണ്ണ്, നെരൂദയുടെ പെണ്ണ്, ടാഗോറിന്റെ പെണ്ണ് , ബ്രോഡ് സ് കിയുടെ പെണ്ണ് ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത്തരത്തില്‍ വ്യത്യസ്തയായ ഒരു പെണ്ണിനെയാണ് ‘ അവളുടെ മുറി ‘ ( പ്രസാധകന്‍ ഓണപ്പതിപ്പ് 2023 ) എന്ന കവിതയില്‍ രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്നത്. ഇതിലെ പെണ്ണാഖ്യാനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം ചില രീതിയില്‍ മാത്രമായിട്ട് വഴിമാറി സഞ്ചരിക്കുന്നുണ്ട്. സ്ത്രീ അനുഭവ അറിവുകളുടെ ഉല്‍പാദനശാലയായി മാറുന്നതു നോക്കൂ:

രണ്‍ജി പണിക്കര്‍

എനിക്കായ് പണ്ടെത്ര
കരഞ്ഞ കണ്ണുകള്‍ …
സിരകളെത്തീയി-
ട്ടെരിച്ച ചുണ്ടുകള്‍
പകര്‍ന്ന കയ്‌പെല്ലാം
കുടിച്ച ചുണ്ടുകള്‍.

   - അവളുടെ മുറി / രണ്‍ജി പണിക്കര്‍

ക്രൂരതയ്ക്കും ദോഷഭാവങ്ങള്‍ക്കുമപ്പുറമുള്ള ദര്‍ശനമാണിത്. ആ നിഷ്‌കളങ്ക സ്ത്രീയുടെ മുറിയിലൂടെ സമൂര്‍ത്തമായി, അവളുടെ മുറിയില്‍ ദ്യോതിപ്പിക്കുന്ന വിലാപം കാലത്തിന്റെ പുതിയ ആഘാതങ്ങള്‍ തന്നെയാണ്.

ഇര്‍ഷാദ്

ഈയാഴ്ചയിലെ
പുസ്തകം.
വെയിലില്‍ നനഞ്ഞും
മഴയില്‍ പൊള്ളിയും
/ ഇര്‍ഷാദ്
(ഒലിവ് ബുക്‌സ് )

നിറങ്ങളായും വികാരങ്ങളായും സന്ദേശങ്ങളായും നമ്മളില്‍ അനന്തമായ പുസ്തക തിരകള്‍ വന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. മനുഷ്യരെ പോലെ തന്നെ ദുഃഖിക്കുന്ന ഒരു ലോകത്തെ പലപ്പോഴും നമുക്കു മുമ്പില്‍ കൊണ്ടു പ്രതിഷ്ഠിക്കുന്നത് സാമ്പ്രദായിക എഴുത്തുകാരല്ല. ജീവിക്കുന്ന കാലം ചിലര്‍ക്ക് കണ്ണാടിയായിരിക്കും. അത്തരം സിനിമാക്കാരായ എഴുത്തുകാരുടെ വ്യക്തിനിഷ്ഠമായ ജീവിതമെഴുത്തു പോലും ഒരു സാമൂഹിക രേഖീകരണമായി തീരും. ഈ വ്യക്തിനിഷ്ഠതയാണ് ഒരാളെ ആത്മാവിന്റെ നിരുപദ്രവകരവും സാഹസികവും ഭ്രാന്തവുമായ ഭാവനകളിലേക്ക് കടത്തിവിടുന്നത്. പ്രതിസന്ധികളില്‍ തന്റെ തന്നെ ഭാവനാധിഷ്ഠിത നുഴഞ്ഞുകയറ്റമാണ് എഴുത്ത് എന്ന അഭയം. യുക്തിയില്ലാതെ വരുമ്പോഴും വഴിമുട്ടുമ്പോഴും അയാള്‍ ഭാവനയിലെ ജീവിയായി മാറും. ഒരുപക്ഷെ ഇത്തരം വ്യാഖ്യാനങ്ങള്‍ക്കു നിന്നു തരുന്ന ഒരു ഓര്‍മ്മപുസ്തകമാണ് നടന്‍ ഇര്‍ഷാദിന്റെ ‘വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും ‘. പരമസാധു പ്രകൃതമുള്ള വൃദ്ധനായിട്ടാണ് ഓര്‍മ എന്ന വിപണിയുടെ കിരാതത്വം ഇന്ന് ഒളിച്ചുവരുന്നത്. ഇന്ന് ഓര്‍മ്മയെഴുത്തുകള്‍ മിക്കവാറും ഒരു ഫാന്റസി ലോകത്തേക്ക് സ്ഥാനാനന്തരണം ചെയ്യപ്പെടുകയാണ്. ഓര്‍മ ഇന്ന് പ്രസാധകന്‍ എന്ന കണ്‍സ്യൂമര്‍ യന്ത്രത്തെ ചലിപ്പിക്കുന്ന ബാറ്ററി മാത്രമായിത്തീര്‍ന്നിട്ടുണ്ട്. ഇവിടെ പക്ഷെ ഇര്‍ഷാദിന്റെ ഓര്‍മകള്‍ക്ക് കടന്നുവന്ന നടനവഴിയുടെ ഗ്രാഫ് കൃത്യമായി രേഖപ്പെടുത്താനാവുന്നുണ്ട്. മാത്രവുമല്ല, ‘പടച്ചോനേ മലയാളം അറിയാത്തോര് ഈ ഭൂമിയിലുണ്ടോ ‘ എന്ന കുറിപ്പില്‍ മലയാളത്തെ ഒരു ലോകഭാഷയായി ചിത്രീകരിക്കുന്നുണ്ട്. ചന്ദ്രേട്ടന്റെ ഭൂമിമലയാളം എന്ന സിനിമയുടെ ഇംഗ്ലീഷ് വേര്‍ഷനെ കുറിച്ചൊക്കെയുളള (the mother earth) സന്ദേഹങ്ങളാണീ കുറിപ്പിലുളളത്. അതില്‍ മൂത്തുമ്മ സമീഹിനോട് ചോദിക്കുന്ന മലയാള ചോദ്യങ്ങള്‍ മനസ്സിലാകാത്തതിനെ നിയാസ് തിരുത്തുന്നുണ്ട് – ‘ഇങ്ങനെ മലയാളത്തില്‍ പറയുന്നതൊന്നും അവന് മനസിലാവില്ല. അവന് ഹിന്ദി അല്ലേ അറിയൂ ഉമ്മാ. ഞെട്ടലോടെ മൂത്തുമ്മ ചോദിച്ചു, ‘പടച്ചോനേ മലയാളം അറിയാത്തോര് ഈ ഭൂമിയിലുണ്ടോ ! എഴുത്ത് ഇര്‍ഷാദ് എന്ന നടനശരീരത്തിന് അലംഭാവസംതൃപ്തിയല്ല കൊണ്ടുകൊടുക്കുന്നത്. മറിച്ച് അതൊരു ഗൗരവക്കാരനായ എഴുത്തുകാരനെ ചൂണ്ടിക്കാണിക്കുന്നു.

ഈയാഴ്ചയിലെ
ഇല്ലസ്‌ട്രേഷന്‍ .

സമകാലിക കലയില്‍ വികസിച്ച കലാവിപണിയുടെ അനിയന്ത്രിത മൂല്യനിക്ഷേപങ്ങള്‍ക്ക് അലങ്കരിച്ചു നിര്‍ത്തിയ ചില വ്യത്യസ്ത സൗന്ദര്യവഴികളെ നിഷേധിക്കാനാവില്ല. നമ്മുടെ കലയുടെ പാരമ്പര്യശക്തിയുടെ ദുര്‍ഗ്ഗങ്ങള്‍ക്ക് കോട്ടം തട്ടാതെയും നവമാനവന്റെ ഉപജാപങ്ങള്‍ക്ക് കൂട്ടുപോവാതെയും നടന്‍ കോട്ടയം നസീറിന്റെ കലാവ്യക്തിത്വം കാത്തുവെച്ച കാഴ്ചാവഴക്കങ്ങളെ ക്യാന്‍വാസിനു പുറത്ത് കൊണ്ടുപോയി നിരീക്ഷിക്കാമെന്നു വിചാരിക്കുകയാണ്. റൗള്‍ ഹോസ്മാന്റെ
( Raoul Hausmann ) The Spirit of our times പോലെയുള്ള ശില്‍പങ്ങള്‍ ധ്യാനത്തിന്റെ ഡിജിറ്റലൈസ്ഡ് വേര്‍ഷനാണ്. ഇവിടെ റൗളിന്റെ പോലെയുള്ള ധ്യാനമുഹൂര്‍ത്തങ്ങള്‍ കോട്ടയം നസീറും സാധ്യതപ്പെടുത്തുന്നുണ്ട്. ചിത്രകലയിലെ രൂപബോധത്തെ കുറിച്ചൊക്കെ മൗലികമായ ധാരണയുള്ള ചിത്രകാരനാണ് നസീര്‍.

നസീറിന്റെ ‘മുള്‍ക്കിരീടം ചൂടിയ ക്രിസ്തുവും ‘, കാലത്തിന്റെ ദൈന്യതകള്‍ മുഖത്ത് പേറിയ ‘ഗാന്ധിജി’ യും വാര്‍ദ്ധക്യം എന്ന ഭാരത്തെ അടയാളപ്പെടുത്തുന്ന പുരുഷ / സ്ത്രീ രൂപങ്ങളും, കഥകളിയുടെ രസതന്ത്രം ഓരോ നിറങ്ങളുടെയും ഇഴയടുപ്പത്താല്‍ കോര്‍ത്തെടുക്കുന്ന കഥകളിയുടെ പെയിന്റിംഗും , ഫ്രെയ്‌മുകള്‍ക്കുളളില്‍ നിന്നു പുറത്തേക്കു കുതിക്കുന്ന മൃഗരൂപങ്ങളും നാം ജീവിക്കുന്ന കാലത്തിന്റെ ഓരോരോ പതിപ്പുകളാണ്. കറുത്ത മഷിയുടെ നിയന്ത്രിത പ്രയോഗം കൊണ്ട് ശരീരസാന്നിദ്ധ്യമാകുന്ന ലിപികളെ നിറങ്ങളുടെ ശാരീരികതയാല്‍ വീണ്ടെടുക്കുന്ന ഒരു കരുത്തനായ ചിത്രകാരന്‍ നസീറിലുണ്ട്. ബ്രഷുകൊണ്ട് പല നിറത്തിലുള്ള സ്‌ട്രോക്കുകളും തികവുറ്റ ഹൈലൈറ്റ് സ്‌പേസും മൂര്‍ത്തമായി അനുഭവപ്പെടുത്തും വിധം നസീര്‍ വരയ്ക്കുമ്പോള്‍ അത് സാംസ്‌കാരിക കാലത്തിന്റെ ശീലുകളെയാണ് തികഞ്ഞ ശേലോടെ കാട്ടിത്തരുന്നത്. സിനിമയ്ക്കപ്പുറം മറ്റൊരു കലയില്‍ സിനിമാക്കാരന്‍ എന്തിന് ഇടപെടുന്നുവെന്ന ഒച്ചകുറഞ്ഞ നീണ്ട ചോദ്യത്തിന്റെ ഉത്തരമാണ് കോട്ടയം നസീറിന്റെ ഇലസ്‌ട്രേഷനുകള്‍.

ഈയാഴ്ചയിലെ
അഫോറിസം


വാക്കുകളുടെ
തല്ലിത്തകരാനുള്ള
തീരമാണ്
നാവ്.

Author

Scroll to top
Close
Browse Categories