എഴുത്തുകാരന്റെ അധൈര്യം

ബാലചന്ദ്രൻ ചുള്ളിക്കാടും സച്ചിദാനന്ദനും ഒക്കെ കവിതയെഴുത്ത് നിർത്തിയെന്ന് ഡിക്ലയർ ചെയ്യുകയാണ് പ്രധാനം. മഹാകവി കുമാരനാശാൻ എഴുതിയതിന്റെയത്രയും വിപ്ലവരാഷ്ട്രീയം ഇവരൊന്നും എഴുതിയിട്ടില്ലല്ലോ. ഇവരിന്നും അധൈര്യരായി തുടരുകയാണല്ലോ. ആശാൻ എഴുതിയതൊക്കെയും സവർണ്ണ ചേരിയിൽ ചേർത്ത് ബാധ കയറ്റാനുള്ള ഊർജ്ജം ഉൾക്കൊണ്ടത് എവിടെ നിന്ന് എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ടിന്നും. കാരണം ആശാന്റെ മൂലധനം ധൈര്യം എന്ന സുകൃതമായിരുന്നു.
എഴുത്തുകാരന്റെ ധൈര്യം എന്ന പ്രതിക്രിയയുടെ ആവിർഭാവത്തിന്റെ വേരുകൾ തേടാൻ ഇന്നും ചരിത്രസ്ഥലികൾ വെട്ടിത്തെളിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങൾ കൊണ്ടാടുന്ന സാഹിത്യ മഹോത്സവത്തിലേക്ക് ഒരു ഘട്ടത്തിലും ഒഴുകിനീങ്ങിയിട്ടില്ലാത്ത ഒരു ഗ്ലോബൽ ഉത്സാഹത്തെ, പിരമിഡ് ആകൃതിയിലുള്ള ശില്പവ്യവസ്ഥയില്ലാതെ തന്നെ ധൈര്യത്തോടെ എഴുത്തിൽ നിൽക്കുന്നവരെ ഒന്നു തട്ടിയുണർത്തി കാണിക്കുക ഇന്നിന്റെ ആവശ്യമാണ്. ധൈര്യത്തിന്റെ നിർവ്വചിക്കപ്പെട്ട രൂപഭാവങ്ങളോടെ ഒരു പൊളിറ്റിക്കൽ മോട്ടിഫ് ആയി രംഗത്തിറങ്ങിയിട്ടുള്ള നമ്മുടെ പല എഴുത്തുകാരും ധൈര്യത്തിന്റെ വേഷഭൂഷകൾ മാത്രമുള്ളവരാണ്. അത്തരം അഭീഷ്ടദായകരെ ബൃഹദാകാരൻ (കാരിയും) ഒരു കാരിക്കേച്ചർ മാത്രമായി ക്രീം റീഡേഴ്സ് കണ്ടു തുടങ്ങിയിട്ടുണ്ട്.
ഇവിടുത്തെ എഴുത്തുകാരൻ പിരിച്ചു വെയ്ക്കുന്ന മീശ കക്ഷി രാഷ്ട്രീയത്തിന്റെ ധൈര്യ ചിഹ്നം മാത്രമാണ്. മലയാളം എന്ന ലിപി സങ്കേതത്തെ പൂത്തയ്യിന്റെ സ്റ്റാറ്റസിൽ എക്കാലത്തും നിലനിർത്തുന്നത് നമ്മുടെ അധൈര്യരായ എഴുത്തുകാരാണ്. അതിനെ ആ അവസ്ഥയിൽ നിന്നും ഇറക്കിയെടുക്കാൻ അധൈര്യത്തിന്റെ വെള്ളം കോരി നനച്ചിട്ടു കാര്യമില്ല. മലയാള സാഹിത്യത്തിനു ഐക്കണുകൾ വന്നു ചേരുക എന്നത് പ്രസാധകന്റെ ആവശ്യമായി തീർന്നു. ആശയങ്ങളിലോ സങ്കല്പങ്ങളിലോ നിറഞ്ഞു വിലസുന്ന നമ്മുടെ എഴുത്തുകാർ ഇലക്ട്രിക് ഉപകരണങ്ങളിലും മറ്റും ഏതൊരു ഉൽപ്പന്നം പോലെയും ഒന്നായി വിൽക്കപ്പെടാൻ തുടങ്ങി. പുസ്തകങ്ങളെ ഒരു സോപ്പ് കഷ്ണം പോലെയോ സിമന്റു കട്ട പോലെയോ പൊക്കിപ്പിടിച്ച് നിർത്തുന്ന പരസ്യങ്ങൾക്കപ്പുറത്തേക്ക് വിശ്വാസയോഗ്യത നേടാൻ ഏത് പുസ്തകങ്ങൾക്കാണ് കഴിഞ്ഞിട്ടുള്ളത്. ഒരു രാഷ്ട്രീയവും പറയാത്ത എഴുത്തുകാരൻ പുസ്തകവും പിടിച്ചിട്ടുള്ള ഫോട്ടോയെ അതു വിൽക്കാനുള്ള ഏജന്റു മാത്രമാക്കി തീർത്തു. എളുപ്പത്തിൽ കെട്ടു കാഴ്ചയ്ക്കായി ഇക്കൂട്ടത്തിൽ എത്തുന്നത് കഥകളി വേഷത്തോളം അലങ്കരിക്കപ്പെട്ട എഴുത്തുകാരികളാണ്. ആഴം കുറഞ്ഞ വാചകങ്ങൾ എഴുതി വായനക്കാരിൽ വിശ്വാസം ജനിപ്പിക്കാൻ പ്രാപ്തമായി വായനയുടെ ഐക്കണോഗ്രഫിയെ പടർത്താനാണ് നാം ഇന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നേരെ മറിച്ച് വിദേശസാഹിത്യത്തിൽ എഴുതിയതിന്റെ പേരിൽ ഇന്നും ജയിൽ ശിക്ഷ അനുഭവിക്കുന്നവരുണ്ട്. എഴുത്തുകാരൻ എന്ന മുഴുനീള ആഢ്യ വേഷം കൊണ്ടു നടക്കുന്ന നമ്മുടെ പല എഴുത്തുകാരും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ (വ്യാജമായിരിക്കെ തന്നെ) യോ ഫാസിസ്റ്റ് ഭരണകൂടത്തലവൻമാരുടെയോ തോളിൽ കൈയിട്ടു നടക്കുന്നവരും അവരുടെ ഫാമിലി ആൽബത്തിന്റെ ഭാഗവുമാണ്. ഇന്നും ജയിൽ ശിക്ഷയിൽ കഴിയുന്ന ചിലരെ കുറിച്ചു പറഞ്ഞാലേ മുകളിൽ പറഞ്ഞ കാര്യങ്ങളുടെ ഗൗരവത്തെ നമുക്ക് മനസിലാകൂ.
പത്ത് വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ച ഇറാനിയൻ കവിയാണ് മുഹ് വാഷ് സബേത് . ബഹായി ആയതിന്റെ പേരിലും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ കവിതയിലൂടെ പ്രചരണം നടത്തിയെന്നാരോപിച്ചുമാണ് തടവിലാക്കപ്പെട്ടത്. ഇസ്രായേലിനു വേണ്ടി ചാരപ്പണി ചെയ്തുവെന്നും ദൈവനിന്ദ നടത്തിയെന്നും ആരോപിച്ചാണ് സബേതിനെ തടവിലാക്കിയത്. മതമൗലിക വാദത്തിനെരായി വിമത സ്വരം പുറപ്പെടുവിച്ചുവെന്നതിന്റെ പേരിലും മതനിന്ദയുടെ പേരിലും സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത എഴുത്തുകാരനാണ് റെയ്ഫ് ബദാവി. പത്തു വർഷക്കാലം തടവും പത്തു ലക്ഷം സൗദി റിയാലും ആയിരം ചാട്ടവാറടിയുമായിരുന്നു റെയ്ഫിനു വിധിച്ച ശിക്ഷ. ബംഗ്ലാദേശി പ്രസാധകനും എഴുത്തുകാരനുമായ അഹമ്മദൂർ റാഷിദ് ചൗധരിയും നിയമപോരാട്ടങ്ങൾക്ക് ഇരയായിട്ടുണ്ട്. അദ്ദേഹത്തിന്റെ “വിസ്ലിംഗ് ത്രൂ ബ്ലൂ പോയ്സൺ ” എന്ന കൃതി വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചുരുക്ക കാലത്തേയ്ക്ക് അതിന്റെ വിപണനം നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. “Salsal, “Cinnamon, “Tiflat as _ Sama, ” A woman in the Cross fire : Diaries of the Syrian Revolution ” , ” The Crossing : My journey to the shattered Heart of Syria” തുടങ്ങിയ കൃതികൾ രചിച്ച സിറിയൻ എഴുത്തുകാരിയും പത്ര പ്രവർത്തകയുമായ സമർ യസ്‌ബെകും നിയമ പോരാട്ടങ്ങൾക്കു നടുവിലാണുള്ളത്. ഇറ്റാലിയൻ എഴുത്തുകാരനും തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ റോബർട്ടോ സാവിയാനോയുടെ ” ഗൊമോറ’ എന്ന കൃതി ഇറ്റലിയിലെ സംഘടിത കുറ്റകൃത്യങ്ങളെ കുറിച്ചും കാമോറ ക്രൈം സിൻഡിക്കേറ്റിനെ കുറിച്ചും എഴുതിയതിന്റെ പേരിൽ നിരവധി ആക്രമണങ്ങൾ നേരിട്ടു. മെക്സിക്കൻ എഴുത്തുകാരിയായ ലിഡിയ കാച്ചോയും ബർമീസ് എഴുത്തുകാരനും സംവിധായകനും ആക്ഷേപഹാസ്യകാരും നടനുമായ സർഗനാറും രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ തടവുകാരാക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ എഴുത്തിന്റെ ഏറ്റവും ശക്തമായ പിതൃബിംബങ്ങൾക്കും മാതൃബിംബങ്ങൾക്കും പക്ഷെ ഇത്തരം അനുഭവങ്ങളുണ്ടാവില്ലല്ലോ. ഇവിടുത്തെ കക്ഷിരാഷ്ട്രീയക്കാർ സൗജന്യമരുളിയ കാരണവർ പ്രതിച്ഛായകളാണ് നമ്മുടെ എഴുത്തുകാരെ അലസരാക്കുന്നത്.

ഫിക്ഷണിസ്റ്റിന്റെ
അധൈര്യം
മലയാളി സൈക്ക് ഇന്ന് സൗഭാഗ്യാനുഭൂതി നിർവൃതിയോടെ നൊട്ടി നുണച്ച് അയവിറക്കുന്ന പല ഫിക്ഷനുകളും (ചെറുകഥകളും നോവലുകളും ) തികഞ്ഞ രാഷ്ട്രീയ ഗാഢതയില്ലാത്ത കൃതികൾ തന്നെയാണ്. ഫ്യൂഡൽ പാരമ്പര്യം വിടാൻ മനസില്ലാത്ത മലയാളിക്ക് രാഷ്ട്രീയ ഭക്തി പരോക്ഷമായി പ്രകടിപ്പിക്കാനുള്ള ഉപാധിയും കൂടിയായി തീർന്നിട്ടുണ്ട് ഈ പുസ്തകക്കെട്ടു കാഴ്ചകൾ. കക്ഷിരാഷ്ട്രീയക്കാരുടെ പ്രതിരൂപങ്ങൾ ആവോളം സമാഹരിക്കപ്പെട്ട ഈ എഴുത്തു ഗോഷ് ടിക്കിടയിൽ ഭരണത്തലവൻ അവന്റെ പൂജാബിംബം ആയതിൽ അത്‌ഭുതപ്പെടാനില്ല. ഏതോ ഒരു പ്രവാസിയുടെ വിയർപ്പ് തൂശനിലയിൽ ഉപ്പും കയ്പും കലർത്തി വിളമ്പിയത് ആവോളം വാരിക്കുടിച്ചിട്ട് ആ അനുഭവസമൃദ്ധി ദായകനെ ഒരു പ്രഹസന നാടോടി പ്രവാസിയെന്ന നിലയിൽ വീക്ഷിച്ച് എലിപ്പത്തായനായകനാക്കി തീർത്തത് “ആടുജീവിതം ” സിനിമയായെത്തിയപ്പോഴായിരുന്നല്ലോ. ഇവിടെ രാഷ്ട്രീയം പറയുന്ന ലഘു / ബൃഹദ് ഫിക്ഷനുകൾ ധാരാളമുണ്ടായിട്ടുണ്ട്. നമ്മൾ ഒ.വി വിജയനെയും എം. സുകുമാരനെയും ഒക്കെ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നതു പോലും നമ്മുടെ ഉള്ളിലെ ഫ്യൂഡൽ ചിന്താധാരകളാണ്. ഒരുപക്ഷെ ധൈര്യപൂർവ്വം ഇവിടുത്തെ രാഷ്ട്രീയ ജീർണ്ണതയെ അഡ്രസ് ചെയ്തവരാണ് ഈ കഥാകാരന്മാർ. അവർ ജയിൽ വാസത്തിനു തുല്യമായ അവഗണന നേരിട്ടവരുമാണ്. രാഷ്ട്രീയ ആശയവ്യവഹാരം എന്ന കൺസപ്റ്റ് എം.സുകുമാരനെ സംബന്ധിച്ച് ഏറ്റവും ആഴപ്പെട്ട മനുഷ്യ സാഹചര്യങ്ങളും മനുഷ്യ സന്ദർഭങ്ങളുമായിരുന്നു. “ഭരണകൂടം, ‘സംഘഗാനം “, ‘ചരിത്രഗാഥ, തുടങ്ങിയ കഥകൾ മറച്ചു പിടിച്ച രാഷ്ട്രീയാനുഭവങ്ങൾ തന്നെയായിരുന്നു. ചരിത്രപരമായി രൂപദേദം നേരിട്ടു കൊണ്ടിരിക്കുന്ന ആശയ സംഹിതയായി മാർക്സിസ്റ്റ് കാഴ്ചപ്പാടിനെ കാണാനും അതുമായി ബന്ധമുള്ള പോഷക സംഘടനകളുടെ അപചയത്തെ വിമർശിക്കാനും എം. സുകുമാരൻ ധൈര്യം കാട്ടിയിരുന്നു. ഒ.വി വിജയന്റെ ‘ അരിമ്പാറ ‘ എന്ന കഥ അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള പ്രതിരോധമായിരുന്നു. ഒരു നരകദർശനത്തെ പൊളിറ്റിക്കലായി നരേറ്റ് ചെയ്യാനാണ് ഇതിൽ വിജയൻ ശ്രമിച്ചത്. എല്ലാവിധ അധീശാധികാരത്തിനുമെതിരായ ഒരു എഴുത്തുകാരന്റെ ലോകവീക്ഷണമായിരുന്നു കാക്കനാടന്റെ ഉഷ്ണമേഖല. അത് പുരോഗമന ആശയങ്ങളുടെ ജീർണ്ണതയ്ക്കെതിരെയുള്ള സമരമായിരുന്നു. എക്കാലത്തെയും അധികാരഭ്രാന്തിന് സാഹിത്യഭാവന കൊടുക്കുന്ന രൂപമാണ് ആനന്ദിന്റെ കൃതികളിൽ പടർന്നേറുന്നത്. അധികാരം വൃത്തികെട്ട ഒന്നായി വളർന്നതിനെയാണ് ഒരു പക്ഷെ എം. സുകുമാരനും ഒ.വി വിജയനും കാക്കനാടനും ആനന്ദുമൊക്കെ വെറുപ്പിന്റെ രാസകേളികളിൽ നിന്നും മോചിപ്പിച്ചു നിർത്താൻ ഫിക്ഷന്റെ ആഖ്യാന ധൈര്യം തേടിയത്.

കവിയുടെ
അധൈര്യം
മലയാളത്തിലെ ഇന്നത്തെ കവികൾക്കുള്ളത് ഒരു ഹാസ്യകഥാപാത്രത്തിന്റെ റോളാണ്. കവിക്കിന്ന് കൂടുതൽ കെട്ടുക്കാഴ്ചകൾക്കു നിന്നു കൊടുക്കേണ്ടി വരുന്നു. കവിയുടെ ദൃശ്യപരത രാഷ്ട്രീയകക്ഷികൾ വെച്ചു നീട്ടുന്ന ഔദാര്യമായി തീർന്നിട്ടുണ്ട്. പുരോഗമനാത്മകത മുറ്റിനിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് മോട്ടിഫ് അത്യാവശ്യമാകുമ്പോൾ മാത്രം അവിസ്വരൂപം എളുപ്പമായ കണ്ടുപിടിത്തമായി മാറുന്നതിനെ ആധൈര്യത്തിന്റെ കക്ഷിരാഷ്ട്രീയ പ്രവർത്തനമായി കണ്ടേ മതിയാകൂ. രാഷ്ട്രീയ- ചരിത്ര- സാമൂഹ്യ ഗവേഷണങ്ങളുടെ പാടേയുള്ള നിരാകരണം ഉൾപ്പെട്ട കവികൾക്കേ ഇനി മലയാളത്തിലിടമുള്ളൂ. രാഷ്ട്രീയക്കാരന് നേതാവ് എന്ന ദൈവിക പരിവേഷം നൽകപ്പെടുന്നത് കള്ള ചരിത്രം സമൂഹത്തിനു മേൽ കളിക്കുന്ന കളിയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു കലാവർഗമാണ് കവികൾ. ബാലചന്ദ്രൻ ചുള്ളിക്കാടും സച്ചിദാനന്ദനും ഒക്കെ കവിതയെഴുത്ത് നിർത്തിയെന്ന് ഡിക്ലയർ ചെയ്യുകയാണ് പ്രധാനം. മഹാകവി കുമാരനാശാൻ എഴുതിയതിന്റെത്രയും വിപ്ലവരാഷ്ട്രീയം ഇവരൊന്നും എഴുതിയിട്ടില്ലല്ലോ. ഇവരിന്നും അധൈര്യരായി തുടരുകയാണല്ലോ. ആശാൻ എഴുതിയതൊക്കെയും സവർണ്ണ ചേരിയിൽ ചേർത്ത് ബാധ കയറ്റാനുള്ള ഊർജ്ജം ഉൾക്കൊണ്ടത് എവിടെ നിന്ന് എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ടിന്നും. കാരണം ആശാന്റെ മൂലധനം ധൈര്യം എന്ന സുകൃതമായിരുന്നു. ലോകം ശക്തിയായി മനുഷ്യനെ വശീകരിക്കുന്നുവെന്നും അത് ആഹ്ളാദം വാഗ്ദാനം ചെയ്യുന്നു വെന്നും ബാക്കിയുള്ള കവികൾ പാടിയപ്പോൾ, ലോകം മനുഷ്യനെ കബളിപ്പിക്കുന്നുവെന്നാണ് ആശാൻ കുറിച്ചത്. സാമൂഹികജീവിതം വെല്ലുവിളികൾ നേരിട്ട ഘട്ടങ്ങളിലാണ് ആശാൻ എഴുതിയിരുന്നത്. പാരതന്ത്ര്യത്തിനും അസമത്വത്തിനും എതിരായി നടന്ന പോരാട്ടങ്ങളിൽ വൈകാരികമായ കരുത്തു പകരാനാണ് ആശാൻ ശ്രമിച്ചത്. ജാതീയതയ്ക്ക് എതിരായി രചനകൾ കൊണ്ട് പോരാടിയ കവിയാണ് ആശാൻ.

പിന്നെയധികാര കേന്ദ്രങ്ങൾ മൂലമായ്
മനവൻ ഞങ്ങളെയാംഗലേശൻ
ഉത്സാഹിപ്പിച്ചെന്നുമാം പതിത പ്രജാ –
വത്സലൻ ഭാരതസാർവഭൗമൻ .
ജാതീയതയോടുള്ള അസഹിഷ്ണുതയുടെ ആഴം ഇതിൽ നിന്നും നമുക്ക് വായിച്ചെടുക്കാവുന്നതാണ്. മാനവസമൂഹത്തെ സംരക്ഷിക്കേണ്ടൻ ഏറ്റെടുക്കേണ്ടുന്ന ചുമതലകളാണ് ആശാന്റെ കവിതകളിൽ ഇടംച്ചേരുന്നത്.
ഈയാഴ്ചയിലെ പുസ്തകം
ആ ഇന്ത്യ മരിച്ചിട്ടില്ല / സക്കറിയ
( മനോരമ ബുക്സ്)
ഭക്തിയാചാരങ്ങളുടെ വേരുകളെ ചൊല്ലിയും അതിലെ സംസ്കാരങ്ങളുടെ രാശിപ്പകർച്ചകളെ കുറിച്ചും പുരാണ പുണ്യസ്മൃതികളെ കുറിച്ചും നിരവധി കൃതികൾ പുറത്തുവരാറുണ്ട്. പക്ഷെ കള്ള ചരിത്രം നാടു കടത്തിയ ഇന്ത്യയെ തേടി ചരിത്രപരമായ ലക്ഷണങ്ങളും കാരണങ്ങളും കുഴിമാന്തിയെടുക്കാൻ വ്യഗ്രത പുലർത്തുന്നത് ആനന്ദും സക്കറിയയുമാണ്. ആനന്ദ് ചരിത്രപരമായ അബദ്ധങ്ങളെ ദുരീകരിക്കുമ്പോൾ സക്കറിയ സമകാലിക ഇന്ത്യയെ ചരിത്രത്തിന്റെ പ്രതലത്തിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്. ഒരു ഇന്ത്യൻ പൗരന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷണങ്ങളായി ഈ പുസ്തകത്തിലെ കുറിപ്പുകളെ വായിക്കാവുന്നതാണ്. മലയാളത്തിലെ ധൈര്യശാലിയായ എഴുത്തുകാരനാണ് സക്കറിയ. അദ്ദേഹത്തിന് സാംസ്കാരിക കസേരയോടും അവാർഡുകളോടും താൽപര്യമില്ലാത്തതു കൊണ്ടു തന്നെ ധൈര്യപൂർവ്വമാണ് എഴുത്തിന്റെയും പ്രഭാഷണത്തിന്റെയും ഒക്കെ കലയിൽ വ്യാപരിക്കുന്നത്. ‘ ആ ഇന്ത്യ മരിച്ചിട്ടില്ല” എന്ന പുസ്തകം ശ്രദ്ധേയമാകുന്നത് അതിലെഴുതിയിരിക്കുന്ന എഴുത്തുകാരന്റെ ധൈര്യത്തിന്റെ കൂർപ്പുകൊണ്ടാണ്. രാഷ്ട്രീയം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും വിപണി കയ്യടക്കുകയും സാംസ്കാരികത്തനിമ നഷ്ടപ്പെടുകയും രാഷ്ട്രീയവിപണി മൂല്യാധിഷ്ഠിത അങ്കനങ്ങൾ പ്രാമുഖ്യം നേടുകയും ചെയ്യുന്നതിനെ ലേശം ഭീതിയോടെയും അതിലേറെ ആശങ്കയോടെയുമാണ് സക്കറിയ കുറിച്ചിരിക്കുന്നത്. ‘ ‘വർഗീയതയ്ക്ക് ഒരു അടിക്കുറിപ്പ് ‘ എന്ന ലേഖനത്തിൽ സക്കറിയ ഇങ്ങനെ എഴുതുന്നു. – ” ഇന്ത്യയിൽ വർഗീയത ഏതാണ്ടു പൂർണ്ണമായും മാന്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരിക്കൽ അതു മൂടിവെച്ച രഹസ്യമായിരുന്നെങ്കിൽ ഇന്നത് അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്ന വിശ്വാസമായി മാറിക്കഴിഞ്ഞു. കേരളത്തിലും ഇത് സാധാരണ ജനത്തിനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന പ്രതിഭാസമാണ്. ” രാഷ്ട്രീയകക്ഷികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റി നിൽക്കുന്ന നമ്മുടെ പ്രഭാഷകരും എഴുത്തുകാരും പറയാൻ മടിക്കുന്ന പലതിനെയും അക്കമിട്ടു നിരത്തുന്ന ഒരു പുസ്തകമാണ് സക്കറിയയുടെ ‘ആ ഇന്ത്യ മരിച്ചിട്ടില്ല”. ഈ എഴുത്തുകാരൻ അധൈര്യത്തിന്റെ കെട്ടുകളെ പൊട്ടിക്കുന്നു.
ഈയാഴ്ചയിലെ
ഇലസ്‌ട്രേഷൻ
ഇന്ത്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് മാനുഷികമായ സൂക്ഷ്മജീവിതം പകരാൻ കലയുടെ പ്രെമിസ്സിനെ വിനിയോഗിക്കുന്ന ചിത്രകാരന്മാർ നന്നേ കുറവാണ് നമുക്ക്. നമ്മുടെ ചിത്രകാരന്മാർ പലരും ഗ്ലോബൽ പൗരത്വത്തിന്റെ ആകർഷകത്വത്തിൽ ചുറ്റി കിടക്കുന്നവരാണ്. ഫാസിസം എന്ന തുടരുന്ന യാഥാർത്ഥ്യത്തെ തുടച്ചു മാറ്റാൻ വേണ്ടി കലയുടെ സാധ്യതകളെ വിനിയോഗിക്കുന്ന കലാകാരനാണ് നേമം പുഷ്പരാജ്. മത / ജാതി വിവേചിത ഇടങ്ങളിൽ നിന്ന് പുറപ്പെട്ട് ഒഴുകി നടക്കുന്ന രാഷ്ട്രീയാധികാര ഓർമ്മകൾ ഈ ചിത്രകാരനെ എപ്പോഴും അലട്ടാറുണ്ട്. നമ്മുടെ രാജ്യത്തെ മതസംഘർഷങ്ങളുടെ തുടർച്ചകളിൽ കാണുന്ന ഫാസിസസാധ്യതകളെയും ഭരണകൂടവും നിയമവ്യവസ്ഥയും അതേറ്റെടുക്കുന്ന വിധത്തെയും, കള്ള ചരിത്രത്തിന്റെ മഹാതരംഗത്തിൽപ്പെടുന്ന സത്യ ചരിത്രത്തെയും കാലികമായ പ്രതിബദ്ധതയോടെയാണ് പുഷ്പരാജ് കലയിൽ ആവിഷ്കരിക്കുന്നത്. മതനേതാക്കന്മാർക്കും ജനാധിപത്യ സംരക്ഷകർക്കും ഇന്നുള്ളത് ഒരേ മാപിനികളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി വരകൾ പുഷ്പരാജിന്റേതായിട്ടുണ്ട്. താൻ ജീവിക്കുന്ന സമൂഹമെന്തെന്നും അതിന്റെ യഥാർത്ഥ രൂപവും വികാരവുമെന്തെന്നും അറിയാനുള്ള പുഷ്പരാജിന്റെ ജീവിതാദ്ധ്യയനം കൂടിയായി സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന അദ്ദേഹത്തിന്റെ ഇത്തരം കലാപ്രവർത്തനത്തെ കാണാവുന്നതാണ്. പുഷ്പരാജ് ചെയ്ത ഒട്ടുമിക്ക പെയിന്റിങ്ങുകളും ഇന്ത്യയെന്ന രാജ്യത്തിന്റെ ഏതെങ്കിലും വിധത്തിൽ നിലവിലുള്ള സമൂഹഭാവനയുടെ ആന്തരികമായ തോൽവികളെ ധൈര്യപൂർവ്വം പുറത്തു കാണിക്കുന്നവയാണ്. സോഷ്യൽ അക്കൗണ്ടബിലിറ്റിക്ക് പ്രാധാന്യം കൊടുക്കുന്ന ഈ ചിത്രകാരന്റെ ഞെരമ്പുകളിൽ ധൈര്യത്തിന്റെ ദ്രാവകം എപ്പോഴും കുത്തിയൊലിച്ചു കൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ നിലവിലുള്ള ശരീരനില മനസ്സിലാക്കാൻ ഈ ചിത്രകാരന്റെ ചിത്രങ്ങളെ പാരായണ വിധേയമാക്കിയാൽ മാത്രം മതി.
ഈയാഴ്ചയിലെ
അഫോറിസം
ഹിംസാന്യൂറോണുകളുടെ
തിരിമറിവുകളിയിൽപ്പെട്ടവരും
പുരാണങ്ങളിലെ രാജാപ്പാർട്ടിന്റെ
മലയാളീകരിക്കപ്പെട്ട സൗജന്യസൗഭാഗ്യവും
മാത്രമാണ് നമ്മുടെ എഴുത്തുകാർ.