ഡയലോഗിന്റെ രാഷ്‌ട്രീയം

ചപലവും ദയനീയവുമായ ചാഞ്ചാട്ടങ്ങളിൽ വീണുപോകുന്ന ചില രചനകളെ ശ്രദ്ധിപ്പിക്കുന്നത് ചിലപ്പോൾ ചുരുക്കം ചില വാചകങ്ങളോ , ഒരു വാക്കോ , ഒരു പ്രസ്താവനയോ ഒക്കെയായിരിക്കും. പലതരം അർത്ഥനിറങ്ങൾ ബാധിച്ച ചില വാചകങ്ങളാണ് ചില സിനിമകളെ ശ്രദ്ധിപ്പിച്ചിട്ടുള്ളത്. സാഹിത്യത്തിൽ നിന്നും കടം കൊള്ളുമ്പോൾ പോലും ഡയലോഗുകൾക്ക് കടലായി ഇളകാൻ പ്രചോദനമരുളുന്നത് ജൈവഭാഷയുടെ കൈകൊട്ടിപ്പുകഴ്ത്തലുകളാണ്. പലപ്പോഴും ആന്തരിക ഭാവഭാഷയുടെ ദുരന്തധർമ്മസങ്കടങ്ങളെ കമഴ്ത്തിയടിക്കുന്നതും തകർക്കുന്നതും ചില മുള്ളുവെച്ച ഡയലോഗുകളായിരിക്കും.

ജോർജ് ലൂക്കാസ്

ജീവിതത്തെ പകിട്ടേറിയ പ്രദർശനം പോലെ അവതരിപ്പിക്കുകയല്ല എല്ലാ ഡയലോഗുകളുടെയും ദൗത്യം. ആശ്ചര്യചിഹ്നങ്ങളില്ലാത്ത ചില പഞ്ച് ഡയലോഗുകൾ ഒരേ സമയം സാഹിത്യത്തിൽ നിന്നും കുതറിയോടി സിനിമയിലേക്കെത്തിയിട്ടുണ്ട്. സാഹിത്യത്തിൽ സ്പന്ദിക്കാതെ നിന്ന ചിലത് സിനിമയിലെത്തുമ്പോൾ കൗശലനോട്ടമയയ്‌ക്കുന്നതു കാണാം. സാഹിത്യത്തിൽ നിന്ന് സിനിമയിലേക്ക് കടക്കുമ്പോൾ ചില ഡയലോഗുകൾക്ക് ഏറ്റവും കുറച്ചുള്ളത് സ്വകാര്യതയാണെന്നു കാണാൻ കഴിയും. സാഹിത്യത്തിലെ മരിച്ച സാധ്യതകളെ ചിലപ്പോൾ ഏറ്റെടുക്കുന്നതും സിനിമയായിരിക്കും. കാരണം മറ്റുള്ളവരെ അഥവാ കാണിയായ വായനക്കാരനെ നല്ലൊരു സാമൂഹ്യസ്ഥിതിയിൽ കൊണ്ടെത്തിക്കാനും ഉറച്ച നെഞ്ചൊരുക്കാനും ചില ഡയലോഗുകൾക്കു കഴിയും. ചപലവും ദയനീയവുമായ ചാഞ്ചാട്ടങ്ങളിൽ വീണുപോകുന്ന ചില രചനകളെ ശ്രദ്ധിപ്പിക്കുന്നത് ചിലപ്പോൾ ചുരുക്കം ചില വാചകങ്ങളോ , ഒരു വാക്കോ, ഒരു പ്രസ്താവനയോ ഒക്കെയായിരിക്കും. പലതരം അർത്ഥനിറങ്ങൾ ബാധിച്ച ചില വാചകങ്ങളാണ് ചില സിനിമകളെ ശ്രദ്ധിപ്പിച്ചിട്ടുള്ളത്. സാഹിത്യത്തിൽ നിന്നും കടം കൊള്ളുമ്പോൾ പോലും ഡയലോഗുകൾക്ക് കടലായി ഇളകാൻ പ്രചോദനമരുളുന്നത് ജൈവഭാഷയുടെ കൈകൊട്ടിപ്പുകഴ്‌ത്തലുകളാണ്. പലപ്പോഴും ആന്തരിക ഭാവഭാഷയുടെ ദുരന്തധർമ്മസങ്കടങ്ങളെ കമഴ്‌ത്തിയടിക്കുന്നതും തകർക്കുന്നതും ചില മുള്ളുവെച്ച ഡയലോഗുകളായിരിക്കും. ഒരേ സമയം എഴുത്തുകാരനെയും അയാൾ നിർമ്മിക്കുന്ന വാചിക / സിനിമാറ്റിക് പഞ്ചുകളെയും ആപൽക്കരമായി മേയാനയയ്‌ക്കുന്നത് കാലമാണ്. വായനക്കാരന്റെ അഥവാ കാണിയുടെ മനസ്സിനെ വേലിയേറ്റത്തിന്റെ അവസ്ഥയിൽ നിന്നും മോചിപ്പിച്ചു നിർത്തുന്ന അത്തരം ഡയലോഗുകൾ സിനിമയിലും സാഹിത്യത്തിലും മാറി മാറി പാർപ്പുറപ്പിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ ഒരു സാധ്യതയായി നമുക്കു മുമ്പിലുണ്ട്. ഓരോ പഞ്ച് ഡയലോഗുകളും കുതിച്ചൊഴുകുന്ന ഓരോ നദികളാണെന്ന് കോളിൻ വിത്സൺ സമർത്ഥിച്ചത് വെറുതെയല്ല. ഡയലോഗുകൾ പലപ്പോഴും മന:ശാസ്ത്രം കൊണ്ട് എഴുതപ്പെട്ട തത്വചിന്തയായി മാറാറുണ്ട്. അതുകൊണ്ടാണ് ചില ഇംഗ്ലീഷ് സിനിമകളിലെ ഡയലോഗുകളെ നാം ഓർമ്മയിൽ നിന്നും അഴിഞ്ഞുപോകാതെ കെട്ടിയിടുന്നത്.
ഒരു സിനിമയുടെയോ സാഹിത്യകൃതിയുടെയോ പ്രത്യക്ഷങ്ങളിൽ മറഞ്ഞുകിടക്കുന്ന ആഴങ്ങൾ വ്യക്തമാക്കാൻ ചില ക്ലാസിക് സിനിമകളിലെ ഡയലോഗുകളെ വിപരീതങ്ങളുടെ സങ്കലനമാണോയെന്ന് തെളിച്ച് നോക്കേണ്ടതുണ്ട്. 1977 ൽ പുറത്തുവന്ന ജോർജ് ലൂക്കാസിന്റെ ” Star Wars” എന്ന സിനിമയിൽ ആവർത്തിച്ചു കേൾക്കുന്ന ഒരു ഡയലോഗാണ് May the force be with you എന്നത്. പ്രാഥമിക യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വിവരണത്തിനപ്പുറം ഒരാൾക്ക് ഒരു ലോകമുണ്ടെന്ന മട്ടിലാണ് ഈ ഡയലോഗ് ആവർത്തിക്കപ്പെടുന്നത്. വിക്റ്റർ ഫ്ലെമിങിന്റെ “The Wizard of oz ” ൽ There is no place like home എന്നൊരു ഡയലോഗാണ് ആവർത്തിക്കുന്നത്. ജെയിംസ് കാമറൂണിന്റെ Titanic ൽ I am the king of the world എന്നൊരു ഡയലോഗും The terminator ൽ I’ll be back എന്നൊരു ഡയലോഗുമാണ് ആവർത്തിക്കുന്നത്. 1989 ൽ പുറത്തുവന്ന സിനിമയാണ് Dead poets society . അതിൽ പീറ്റർ വൈർ പറയിക്കുന്ന ഒരു ഡയലോഗിതാണ് – Make your lives extraordinary. ഈ ഡയലോഗുകൾക്കെല്ലാം കലയുടെ വളർച്ചയെത്തിയ രാഷ്ട്രീയബോധം പ്രകടിപ്പിക്കാൻ കഴിയുന്നുണ്ട്. നർമ്മബോധം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന എഴുത്തുകളിൽ പോലും അസ്വച്ഛമായ കാർമേഘക്കീറുകളെ വിന്യസിപ്പിച്ചു നിർത്താനാണ് പല വൈദേശിക എഴുത്തുകാരും ശ്രമിക്കുന്നത്.
മലയാളത്തിലെ സിനിമയായി മാറിയ സാഹിത്യരചനകളിലേക്കു കടക്കുമ്പോൾ ഡയലോഗിന്റെ രാഷ്ട്രീയം സമീപഭൂതകാല മനസ്സിന്റെ പൊതുവായ പരിമിതികളെ ലംഘിക്കുന്നതു കാണാം. കൂടുതൽ മൂർച്ചയുള്ള നിരീക്ഷണങ്ങൾക്കു വിധേയമാകുമ്പോൾ ഒരു ഡയലോഗിന്റെ മാനസികചിത്രമാകെ മാറുന്നതു കാണാം. മനുഷ്യജീവിത ചരിത്രത്തിലൂടെ കടന്നുപോകുന്ന ആന്തരികതയുടെ അത്തരം ചില പാതകളെ ചില മലയാളഡയലോഗുകൾ വിപരീതങ്ങളുടെ സങ്കലനത്തിലൂടെ എങ്ങനെയൊക്കെയാണ് അനാവരണപ്പെടുത്തുന്നതെന്നു നോക്കാൻ ഈ ലേഖകൻ നിർബന്ധിതനാകുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ നർമ്മബോധവും പ്രണയദർശനവും ഉൾച്ചേരുന്ന ഒരു രചനയാണ് നീലവെളിച്ചം. ഹൃദയക്കൈമാറ്റം നടത്താൻ വാക്കുകളുടെ കാറ്റ് മാത്രം മതിയെന്ന് ആ കഥ മാത്രമല്ല, കഥയുടെ സിനിമാരൂപവും തെളിയിക്കുകയായിരുന്നു. 1964 ൽ നീലവെളിച്ചം എന്ന കഥ ഭാർഗ്ഗവീനിലയം എന്ന പേരിൽ സിനിമയായി എത്തിയപ്പോഴും അതിലെ പ്രണയദർശനങ്ങൾക്ക് പിഴവ് സംഭവിക്കാത്ത രീതിയിലാണ് ബഷീർ അതിന്റെ സംഭാഷണരചന നിർവ്വഹിച്ചത്. പ്രേം നസീറും വിജയ നിർമ്മലയും തമ്മിലുള്ള ആ സംഭാഷണം ഉദ്ധരിച്ചാൽ വാക്കുകൾ കൊണ്ട് ഹൃദയമാറ്റം സാധ്യമാക്കിയതിന്റെ ചുരുളുകൾ നിവർന്നു വരും.

പ്രേം നസീർ : ശ്രീമതി
വിജയ നിർമ്മല : ങ്ഹും
പ്രേം നസീർ : ആ പൂവ് എന്തു ചെയ്തു ?
വിജയ നിർമ്മല : ഏത് പൂവ്
പ്രേം നസീർ : രക്തനക്ഷത്രം പോലെ
വിജയ നിർമ്മല : ങ്‌ഹാ
പ്രേം നസീർ : കടും ചുവപ്പായ ആ പൂവ്
വിജയ നിർമ്മല : ഓ അതോ ?
പ്രേം നസീർ : അതെ !
അതെന്ത് ചെയ്തു ?
( ചുണ്ടു കൂർപ്പിച്ച്, പുരികം
വളച്ച് ഭിത്തിയിൽ വരച്ച
ഹൃദയത്തിൽ
ചുംബിച്ചിട്ട്)
വിജയ നിർമ്മല : തിടുക്കപ്പെട്ടന്വേഷി
ക്കുന്നതെന്തിന് ?
പ്രേം നസീർ : ( ദയനീയ ശബ്ദം )
ചവിട്ടി അരച്ചു കളഞ്ഞോ
എന്നറിയാൻ.
വിജയ നിർമ്മല : കളഞ്ഞുവെങ്കിലെന്ത്?
പ്രേം നസീർ : ഓ, ഒന്നുമില്ല, എന്റെ
ഹൃദയമായിരുന്നു അത്.

      - നീലവെളിച്ചം / ഭാർഗ്ഗവീനിലയം/ 
ബഷീർ / എം. വിൻസന്റ് (1964)

ഇവിടെ കഥയും സിനിമയും കലാരൂപമെന്ന നിലയിൽ രണ്ടു പേരുടെ പ്രണയജീവിതത്തെ മന:ശാസ്ത്ര സൃഷ്ടിയുടെ രൂപത്തിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നല്ല ചലനമുള്ള ഹൃദയബന്ധങ്ങൾ ഈ സംഭാഷണങ്ങളിൽ നിറഞ്ഞു കിടക്കുന്നു. ഹൃദയത്തെ സമരത്തിന്റെ രൂപത്തിൽ നിന്നും മോചിപ്പിക്കാൻ ഡയലോഗുകൾ എടുക്കുന്ന എഫർട്ട് ഇവിടെ ചെറുതല്ല. തകഴിയുടെ ചെമ്മീൻ എന്ന നോവലിന്റെ ദൃശ്യരൂപമാണ് അതേ പേരിൽ സിനിമയായിട്ടെത്തിയത്. അതിൽ മധുവും ഷീലയും തമ്മിലുള്ള സംഭാഷണങ്ങളിൽ മലയാളി മറക്കാത്ത ഒരു ഡയലോഗുണ്ട്. ഏറ്റവും പുതിയ തലമുറ അതിനെ ട്രോളിന്റെ രൂപത്തിൽ വിനിയോഗിക്കുന്നുമുണ്ട്. ഷീലയെ സത്യന് വിവാഹം ചെയ്തു കൊടുക്കാൻ പോകുന്നുവെന്നറിയുമ്പോൾ മധു പറയുന്ന ആ ഡയലോഗ് പ്രണയം എന്ന ഭാവഭാഷ നിലനിൽക്കുന്നിടത്തോളം കാലം ഉപയോഗപ്രദമായതാണ് – ‘കറുത്തമ്മ പോയാൽ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും ‘ . പ്രണയം എന്ന വൈകാരികതയ്ക്കുള്ളിലെ വിരഹത്തിന്റെ തോത് സൂചിപ്പിക്കാൻ ഇതിനേക്കാൾ മികച്ചൊരു ഡയലോഗ് പിന്നീടുണ്ടായിട്ടുണ്ടോ ?

എം. ടി. വാസുദേവൻ നായരുടെ ‘ഇരുട്ടിന്റെ ആത്മാവിൽ ‘ പ്രണയം നഷ്ടമാകുമ്പോൾ പ്രേം നസീർ പറയുന്ന ഒരു ഡയലോഗാണ് – ” എനിക്ക് ഭ്രാന്താണ് , എന്നെ ചങ്ങലയ്ക്കിടൂ ‘ എന്ന്. വാക്കുകൾ കൊണ്ട് ശില കൊത്തി വിഗ്രഹമാക്കുന്ന ഏർപ്പാടാണ് ഓരോ ഡയലോഗ് നിർമ്മാണവും. ചില ഡയലോഗുകൾക്ക് അതുണ്ടാക്കപ്പെട്ട കാലത്തിൽ മാത്രമേ നിലനിൽപ്പുണ്ടായിരിക്കുകയുള്ളു. പക്ഷെ സാഹിത്യ കൃതികളിൽ നിന്നും കടം കൊണ്ട സിനിമകളിലെ ഡയലോഗുകൾക്ക് നിത്യതയുണ്ട് എന്നു തെളിയിക്കുകയായിരുന്നു ബഷീറും തകഴിയുമൊക്കെ .

കഥയും ഡയലോഗും
തമ്മിലെന്ത് ?

നിർഭാഗ്യങ്ങളോടു കലഹിക്കുന്ന ചില ഡയലോഗുകൾ മലയാളകഥയിൽ ഉണ്ടായിട്ടുണ്ട്. ആ സംഭാഷണങ്ങളിൽ വാക്കുകൾ ജീർണ്ണിച്ച പട്ടുപോലെ എഴുന്നേറ്റു നിൽക്കുന്നതു കാണാം. ഭാഷയുടെ ശാസ്ത്രീയമായ ഉറച്ച കരിങ്കൽത്തറയിൽ വെച്ച് ചില കഥകളിലെ സംഭാഷണങ്ങളെ നമുക്ക് വിശദീകരിക്കാനാവില്ല. വാക്കുകളുടെ നീട്ടിവെച്ച വിധിപറയലുകൾ അവയ്ക്കിടയിൽ സംഭവിക്കുന്നു. ഡയലോഗുകളെ ഒരേ സമയം ആത്മവിശദീകരണത്തിനും സ്വയം കണ്ടെത്തലിനുമായി വിനിയോഗിക്കുന്ന അത്തരം ചില ശ്രമങ്ങളെ മാധവിക്കുട്ടിയുടെ കഥകളിൽ നിന്നും അടർത്തിയെടുക്കാവുന്നതാണ്. പ്രപഞ്ചബഹളത്തിൽ വിശ്രമസ്ഥാനം തിരയുന്ന മാധവിക്കുട്ടി സ്നേഹത്തെ കുറിച്ച് സംവദിച്ചതൊക്കെയും ക്രമമൊപ്പിച്ച ചില ഡയലോഗുകളിലൂടെയാണ്. മാധവിക്കുട്ടി സൃഷ്ടിച്ച വാസു എന്ന കഥാപാത്രം ഇണയോടു സംസാരിക്കുമ്പോൾ സ്നേഹനിഷേധങ്ങളുടേതായി മാറുന്നതിനെ കൗണ്ടർ ചെയ്യാൻ ശേഷിയുളള സ്ത്രീകഥാപാത്രങ്ങളെ ഈ കഥാകാരി സൃഷ്ടിച്ചിട്ടുണ്ട

എന്നെ വെറുത്തു തുടങ്ങിയോ ?
എന്തിന് ?
ഒരിക്കൽ സ്നേഹിച്ചിരുന്നതു കൊണ്ട്.

സ്നേഹം എന്ന കലയ്ക്കുള്ളിലെ ഏകാന്തതയുടെ വൈവിധ്യങ്ങളെ തൊട്ടുകാണിക്കാൻ ഇതുപോലൊരു ഡയലോഗ് ധാരാളം മതിയല്ലോ. ഈ ഡയലോഗ് വർത്തമാനത്തെയും ഭാവിയെയും മാത്രമല്ല എല്ലാവിധ കാലബോധങ്ങളെയും അത് ധ്വന്യാത്മകമായി ഉൾക്കൊള്ളുന്നു.
സേതുവിന്റെ ദൂത് എന്ന കഥ മരണത്തെ യാത്രയായി സങ്കല്പിക്കുകയാണ് ചെയ്യുന്നത്. കഥയിലെ ദൂതൻ അച്യുതൻകുട്ടിക്ക് അച്ഛനെ കാണാൻ അനുവാദം നൽകുന്ന ഒരു രംഗം കഥയിലുണ്ട്. ആ സംഭാഷണരംഗത്തിൽ അച്ഛൻ നടത്തുന്ന ദീർഘമായ സംവാദം ഉദ്ധരിച്ചാൽ കാലത്തെ മറികടക്കുന്ന രാഷ്ട്രീയം കറന്നുവീഴുന്നതിന്റെ തീക്ഷ്ണത ബോദ്ധ്യമാകും.
അച്ഛൻ പറഞ്ഞു : അത്ര സാധിക്കുംന്ന്
തോന്നണില്യ.
അതെന്താ ?
ഞാൻ യാത്രയാണല്ലോ ?
എങ്ങോട്ട് ?
ഈ പ്രായത്തില് യാത്ര പോകുന്നവരോട് എങ്ങോട്ടെന്നു ചോയ്ക്കണത് വെറും ഭോഷ്‌ക്കല്ലേ ചങ്ങാതി ? ഒരു നീണ്ട യാത്രയാണെന്നു നിരീച്ചോളു.
അപ്പോൾ അച്യുതൻകുട്ടിയോട്
യാത്രയാന്ന് പറയൂ .
അവൻ വരികയാണെങ്കിലോ ?
യാത്രയാന്ന് പറയൂ .
ഒന്നു കാണണമെന്നു വച്ചാൽ ?
യാത്രയാന്നന്നെ പറയാല്ലോ .
സ്നേഹം , പ്രണയം, മരണം, പക തുടങ്ങിയ വികാരങ്ങളെ പ്രതിഷ്ഠിക്കാൻ ഡയലോഗിന്റെ കലയെ മാന്ത്രികമായി വിനിയോഗിച്ചവരാണ് മാധവിക്കുട്ടിയും സേതുവുമൊക്കെ.

കവിതയും ഡയലോഗും
തമ്മിലെന്ത് ?

സ്വന്തം ജീവിതത്തെ കവിതയുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നവർ ആത്മസംവാദങ്ങളും പരസംവാദങ്ങളുമായി കവിതയെ മാറ്റാറുണ്ട്. അവിടെ കഴിഞ്ഞ കാര്യങ്ങളുടെ വിവരണം മാത്രമല്ല നാം കാണുന്നത്. മറിച്ച് വരാനിരിക്കുന്ന സാഹസിക യത്നങ്ങളുടെ വിശദീകരണവും ഉണ്ടായിരിക്കും. ജീവിതത്തിന്റെ കേന്ദ്രത്തിൽ നിന്നും ഈവിധം കൊത്തിയെടുക്കപ്പെട്ട ചില ഡയലോഗ് പൊയട്രികൾ വൈദേശിക സാഹിത്യത്തിലുമുണ്ട്. ലോറൻസ് എസ് പെർട്ടില്ലറുടെ (Lawrence S Pertillar) the eleventh hour പോലുളള കവിതകൾ ആ ജനുസ്സിൽ പെട്ടവയാണ്. ഒട്ടും പരിമിതമല്ലാത്ത ഒരു സ്മാരകത്തിന്റെ രൂപത്തിൽ വിജയലക്ഷ്മി എഴുതിയിട്ടുള്ള ഒരു കവിതയാണ് ” എനിക്കും എനിക്കുമിടയിൽ” വായനക്കാരനെ ഉടൻ ശ്വാസം മുട്ടിക്കുന്ന വിഷാദവാസനയുള്ള ആ വരികളെ പരപ്രകാശനമായി കൂടി വായിച്ചെടുക്കാം. ഭാവിയെ പ്രതീക്ഷകൾ കൊണ്ട് നിറയ്ക്കാനാഗ്രഹിക്കുന്ന ഒരാളുടെ ഉള്ളിലും പുറത്തും പരന്നുകിടക്കുന്ന പ്രണയത്തിന്റെ നേർത്ത ഒച്ചകൾ അതിലുണ്ട്.

പ്രകാശത്തെക്കാൾ വേഗതയിലാണ് നീ. കരയിൽ, ജലത്തിൽ, വായുവിന്റെ അദൃശ്യങ്ങളായ നേർമകളിൽ. നീ എവിടെ സ്പന്ദിച്ചാലും അത് അറിയുന്നവളാണ് ഞാൻ. ആന്റിനകളെല്ലാം നിന്നിലേക്ക് തിരിച്ചുകൊണ്ട്. അന്ധയെങ്കിലും കണ്ണു തുറന്ന്, ഊമയെങ്കിലും ഉച്ചാരണത്തിനു പണിപ്പെട്ട്, ബാധിര്യത്തിൽ സംഗീതത്തെ തേടിക്കൊണ്ട്. എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും ? കലുഷമായ രാത്രിയിലൂടെ സ്വയം മുറിച്ചുമാറ്റിക്കൊണ്ട് ഞാൻ ഒഴുകിക്കൊണ്ടേയിരിക്കുന്നു. എന്നിൽ ഒരിക്കലും എത്തിച്ചേരാത്ത പകൽ . അതാണ് നീ.

- എനിക്കും എനിക്കുമിടയിൽ / 

വിജയലക്ഷ്മി
(വിജയലക്ഷ്മിയുടെ പ്രണയകവിതകൾ / ഡി സി )
മൗനത്തിന്റെ ആന്തരികസമൃദ്ധിയെയും ഗുരുതരമായ നൈരാശ്യത്തെയും തന്നോടു തന്നെയുള്ള സംവാദത്തിന്റെ രൂപത്തിലാണ് വിജയലക്ഷ്മി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചകൾ ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പി. എൻ. ഗോപീകൃഷ്ണന്റെ “അമ്മിണി ടീച്ചർ ” എന്ന കവിത ഒരു ഡയലോഗ് പൊയട്രിയാണ്. അഞ്ചാം വയസ്സിൽ കവിയെ മലയാളത്തിലേക്ക് കൈപിടിച്ചു കയറ്റിയ അമ്മിണി ജോർജ് എന്ന ടീച്ചറിനെ ഓർമ്മ കൊണ്ട് പൂരിപ്പിക്കുകയാണ് ഈ കവിത.
ആരായിരുന്നു ഇതൊക്കെ ഓടിച്ചിരുന്നത്? ദാ, ഈ ആൾ . അമ്മിണി ടീച്ചർ എന്നായിരുന്നു ആളുകൾ വിളിച്ചിരുന്നത്. ഒന്നാം ക്ലാസ്സായിരുന്നു വാസസ്ഥലം. ടീച്ചർ എന്നൊക്കെ അഭിനയിച്ചിരുന്നതാണ്. മന്ത്രവാദിനി ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മന്ത്രവാദിനി. ഓരോത്തർക്കും എന്തു നൽകണം എന്നറിയാവുന്ന ആൾ.
– അമ്മിണി ടീച്ചർ /
പി. എൻ.ഗോപീകൃഷ്ണൻ
(ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല)
ഈ ഡയലോഗ് കവിതകൾ വായനക്കാരെ ആകർഷിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് ഭാരമുള്ള ഒരു ധർമ്മസങ്കടം നമ്മെ ഏൽപ്പിക്കുക കൂടി ചെയ്യുന്നു.

ഈയാഴ്ചയിലെ
പുസ്തകം
ചാവേർ /
ജോയ് മാത്യു
( മാതൃഭൂമി ബുക്സ് )
മിത്തുകൾക്ക് പഞ്ഞമൊന്നുമില്ലാത്ത ഇന്ത്യയുടെ കണ്ണിലേക്ക് ചിലപ്പോഴെങ്കിലും യാഥാർത്ഥ്യങ്ങളെ കൊണ്ട് തറച്ചുവെയ്ക്കുന്നത് ധൈര്യശാലികളായ ചില എഴുത്തുകാരാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രാപ്തമാക്കുന്ന അത്തരം ചില മാജിക്കുകൾ ജോയ് മാത്യു എന്ന തിരക്കഥാകാരൻ നമ്മുടെ നെഞ്ചിൻകൂടിലേക്ക് വെച്ചുതരും. ചില ഡയലോഗുകൾ നൽകുന്ന വിനോദസായുജ്യത്തെ സീമാതീതമായി കണ്ട് വിലയിരുത്തിയാൽ ഡയലോഗിന്റെ പ്രത്യക്ഷരാഷ്ട്രീയത്തിലേക്കാണ് നാം കടക്കുക. വയലൻസിനെ സമൂഹം എളുപ്പത്തിൽ കൈക്കലാക്കുന്നത് രാഷ്ട്രീയ ഒത്തുകളികളിലൂടെയും ഒറ്റുകൊടുപ്പുകളിലൂടെയുമാണെന്ന് വിശദീകരിക്കുന്ന ഒരു തിരക്കഥയാണ് ചാവേർ. മഹത്തായ രാഷ്ട്രീയകഥകളുടെ ഭാവാവേശത്തിൽ
ഊന്നി നിൽക്കുന്ന മലയാളിയെ പുനരാലോചനകൾക്കു നിർബന്ധിക്കുന്ന ചില കഥാപാത്രങ്ങളെ ചാവേർ സൃഷ്ടിക്കുന്നുണ്ട്. സിനിമ എന്ന വിനോദോപാധിയെ യുക്തിയുള്ള പ്രാണനായി കൊണ്ടുനടക്കുന്ന ജോയ് മാത്യുവിന്റെ സർവ്വസ്വീകാര്യത ലഭിക്കാത്ത ചാവേർ എന്ന തിരക്കഥയിലെ ചില ഡയലോഗുകൾ തീവ്രരാഷ്ട്രീയ വിമർശനമായി എഴുന്നുവരുന്നതു കാണാം. രാഷ്ട്രീയ കമ്പോളത്തിലെ നല്ല വിൽപ്പനച്ചരക്കാകാൻ സാധ്യതയില്ലാത്ത ഈ തിരക്കഥ പക്ഷെ യാഥാർത്ഥ്യത്തിലേക്കാണ് നമ്മുടെ കണ്ണുകളെ നിർബന്ധിച്ച് ചായിപ്പിക്കുന്നത്. രാഷ്ട്രീയാഖ്യാനങ്ങൾക്ക് പഴമയും തറവാടിത്തവും അണയ്ക്കുന്നതിൽ കക്ഷിരാഷ്ട്രീയം വഹിക്കുന്ന പങ്ക് ചില്ലറയല്ല. അത്തരം ഒരു യാഥാർത്ഥ്യത്തിന്റെ ഇഴചേർത്തെടുപ്പാണ് ചാവേറിലെ മുസ്തഫയും അശോകനും തമ്മിലുള്ള ചില സംവാദങ്ങൾ.

മുസ്തഫ : ഒരു നിങ്ങള് എത്ര
കുത്താ കുത്തീത് അശോ
കേട്ടാ ?
അശോകൻ : ഇതിപ്പോ എണ്ണീട്ടാണോ
കുത്ത്വാ ?
മുസ്തഫ : ( ഒറ്റായിരുന്നു , അല്ലേ ?)
നിങ്ങളും അറിഞ്ഞുകൊ
ണ്ടായിരുന്നു അല്ലേ ?
അശോകൻ :എനിക്കറിയില്ലായിരുന്നു.

നേർരേഖയിൽ വരഞ്ഞു പോകുന്ന ഈ ആഖ്യാനം പലപ്പോഴും പിൻതിരിഞ്ഞ് വർത്തുളമായി തിരിച്ചെത്തുന്ന വിദ്യ സിനിമയിൽ യുക്തവും കാര്യകാരണങ്ങളും നിരത്താനായി ഉപയോഗിക്കപ്പെടുന്നു. പെട്ടെന്നുള്ള ഈ പിന്തിരിയൽ സാധ്യമാക്കുന്നത് ഡയലോഗിന്റെ കരുത്തു തന്നെയാണ് . വിപരീതദൃഷ്ടിയും വേറിട്ട പരിപ്രേഷ്യവും സാധ്യമാക്കുന്ന ചാവേർ സമകാലിക രാഷ്ട്രീയത്തിന്റെ നുണ വ്യവസായത്തെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
ചിത്രകല ജീവിതത്തിന്റെ സമഗ്രമായ അനുഭവമായി മാറണമെന്ന് ആഗ്രഹിക്കുന്ന ചിത്രകാരിയാണ് അരുണ. ഡയലോഗൽ പോർട്രെയ്റ്റ്സാണ് അരുണയുടെ കലയെ ശ്രദ്ധിപ്പിക്കുന്നത്. മാതൃഭൂമി, സമകാലിക മലയാളം, മാധ്യമം, ദേശാഭിമാനി എന്നീ വാരികകളിലെ കഥകൾക്കും കവിതകൾക്കും വേണ്ടി വരയ്ക്കുമ്പോൾ തന്നെ അതിൽ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുളള വലിയ പോരാട്ടവീര്യങ്ങൾ കാണാം. സ്ത്രീയുടെ എല്ലാ ഇടപെടലുകളെയും ഇപ്പോഴും ഒറ്റയ്ക്ക് നിൽക്കുന്ന ഭരണകൂടമായി കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രകാരിയുടെ ഇളകാത്ത വിവേകമുദ്രയായി വേണം ഇത്തരം രചനകളെ വായിക്കാൻ. ഒരു സോഷ്യലിസ്റ്റ് ഫെമിനിസ്റ്റിനെ ആ വരകളിൽ നിന്നും വായിച്ചെടുക്കാം. അരുണയുടെ മൊത്തം രചനകൾക്കുള്ള അവതാരികയാണ് ഈ ചിത്രകാരിയുടെ ഒരു കവിത :

സൃഷ്ടിക്കൂ എന്ന് എല്ലാവരും
നിരന്തരം പറഞ്ഞു
ഞാനത് കേട്ടു.
കുഞ്ഞുങ്ങൾ വിടർന്നുവന്നു,
ഏതു പൂവിനെക്കാളും
മനോഹരമായി.
– പേറ് /
അരുണ ആലഞ്ചേരി

ചിത്രകലയെ സർഗാത്മക പ്രതിരോധക്രിയയാക്കി മാറ്റാൻ അരുണ പല മാർഗ്ഗങ്ങൾ അവലംബിക്കുന്നതു കാണാം. സൃഷ്ടിക്കൂ എന്ന് ഈ ചിത്രകാരിയുടെ ഉള്ള് പിടഞ്ഞ് അപേക്ഷിക്കുമ്പോൾ മാത്രം രചനയിൽ വ്യാപരിക്കുന്നതിന്റെ പ്രതീകാത്മകവായനയുള്ള ഒരു ചിത്രമാണ് ” വൈദ്യുത കമ്പിയിലെ കാക്കകൾ “. സൂര്യനെതിരേയ്ക്ക് പറന്ന കാക്കകൾ പ്രകാശം കടം കൊടുത്തു കറുത്തു പോയിട്ടും അതിന്റെ സാന്നിദ്ധ്യത്തിന്റെ അർത്ഥം ഗ്രഹിക്കാത്ത മനുഷ്യനു മുമ്പിൽ ആത്മഹത്യാസ്വരം മുഴക്കുന്നതിന്റെ ദൃശ്യാഖ്യാനമായി അതിനെ വായിക്കാവുന്നതാണ്.
കെ. എൻ. പ്രശാന്തിന്റെ ” പാതിരാലീല ” എന്ന കഥയുടെ വര ശ്രദ്ധേയമാണ്. അതിൽ ഒരു മനുഷ്യൻ ഇരുട്ടിനെ വിരിച്ചു പിടിക്കുന്ന ഒരു വര കാണാം. കാക്കയുടെ ഇരുട്ടിന്റെ എക്സ്റ്റൻഷനായി ഈ ഇരുട്ടിനെ നമുക്ക് വായിച്ചെടുക്കാം. മോചനം കൊതിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം അരുണ വരച്ചിട്ടുണ്ട്. ഒരു ഇരുണ്ട മുറി. അതിന്റെ രണ്ടു പാളികളും പുറത്തേക്കു തുറന്നിട്ടിരിക്കുന്നു. അവൾ അസ്വാതന്ത്ര്യത്തിന്റെ തടങ്കലിലാണ്. അവൾ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം അന്വേഷിച്ച് ജനലിലൂടെ ദൂരേയ്ക്ക് കണ്ണും നട്ടു നിൽക്കുകയാണ്. അവളുടെ തോളിൽ നിന്നും താഴേക്ക് രണ്ടു ചിറകൾ കാണാം. അസ്വാതന്ത്ര്യത്തിന്റെ കുരുക്കിൽ നിന്ന് പറക്കാൻ കൊതിക്കുന്ന എല്ലാ സ്ത്രീകളുടെയും പ്രതീകാത്മക ആഖ്യാനമായി അതിനെ വായിക്കാം. ഇവിടെയൊക്കെ വിപണിക്കപ്പുറം സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റ മാധ്യമമായി കല മാറുകയാണ്.

ഈയാഴ്ചയിലെ
അഫോറിസം
സ്വപ്നം
മിന്നിക്കത്താത്ത
നിമിഷം
ബാക്കിയിട്ടതാണ്
മനസ് .

Author

Scroll to top
Close
Browse Categories