പ്രണയാഖ്യാനമെന്ന പരാജയം

കാല്പനികതയുടെ തേങ്ങുന്ന വാക്കുകൾ കൊണ്ട് ശരീരത്തെ കൊത്തിയെടുക്കാനാണ് നമ്മുടെ എഴുത്തുകാരികൾ ശ്രമിക്കുന്നത്. പ്രണയത്തെ ശരീരത്തിന്റെ മിഥ്യയിൽ നിന്നു മോചിപ്പിച്ചു നിർത്താനുള്ള വാക്കിന്റെ ജ്യോതിസ്സ് അന്യമായവരായതുകൊണ്ടുതന്നെ എഴുതുമ്പോൾ സംയമനത്തിന്റെ ഊർജ്ജം കറന്നു വീഴുന്നില്ല. സുഖമിയന്ന പ്രണയം ഒരു വിഭ്രമാത്മക ചിന്ത മാത്രമാണെന്ന ബോധത്തെയാണ് നമ്മുടെ എഴുത്തുകാരികൾ സമർത്ഥിക്കുന്നത്.
ലോകകലയിലെ പ്രണയത്തെക്കുറിച്ചുള്ള അന്വേഷണ പരിശോധനയിലൊരിടത്തും മലയാളത്തിലെ പ്രണയാഖ്യാനങ്ങൾ ഇടം പിടിക്കാറില്ല. നമുക്ക് പ്രണയം ശരീരാധിഷ്ഠിതമായ വാക്കുകൾ മാത്രമാണ്. വാക്കുകളുടെ മേലുള്ള പ്രണയ ജീവിതത്തിന്റെ ശക്തിയവതരിപ്പിക്കാൻ നമ്മുടെ പ്രണയാഖ്യാനക്കാർ പരാജയപ്പെടുന്നു. ഇന്ന് ഇണചേരാനുള്ള സമ്മതപത്രമായി പ്രണയം മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ എഴുത്തുകാരികൾ പ്രണയമെഴുതുമ്പോൾ അവ കടുത്ത രതിയാഖ്യാനങ്ങളായി മാറുന്നു. കാല്പനികതയുടെ തേങ്ങുന്ന വാക്കുകൾ കൊണ്ട് ശരീരത്തെ കൊത്തിയെടുക്കാനാണ് നമ്മുടെ എഴുത്തുകാരികൾ ശ്രമിക്കുന്നത്. പ്രണയത്തെ ശരീരത്തിന്റെ മിഥ്യയിൽ നിന്നു മോചിപ്പിച്ചു നിർത്താനുള്ള വാക്കിന്റെ ജ്യോതിസ്സ് അന്യമായവരായതുകൊണ്ടുതന്നെ എഴുതുമ്പോൾ സംയമനത്തിന്റെ ഊർജ്ജം കറന്നു വീഴുന്നില്ല. സുഖമിയന്ന പ്രണയം ഒരു വിഭ്രമാത്മക ചിന്ത മാത്രമാണെന്ന ബോധത്തെയാണ് നമ്മുടെ എഴുത്തുകാരികൾ സമർത്ഥിക്കുന്നത്. ജീവികളുടെ പ്രമാണമായ സ്വച്ഛന്ദരതിയുടെ പ്രയോക്താക്കളാണ് നമ്മുടെ പ്രണയ നിർമ്മാതാക്കൾ. അതിൽ കലയില്ല. മിടുക്കരായ ആൺ-പെൺ ജാതികൾ മാത്രമേയുള്ളൂ. ഇണകൾ തീവ്രബന്ധം സ്ഥാപിച്ച് നെടുനാൾ പ്രണയചര്യകൾ അനുഷ്ഠിക്കുന്നത് നമ്മുടെ എഴുത്തുകാരികൾക്ക് ഒരു പ്രകൃതിക്രമം ഒന്നുമല്ല. പ്രണയത്തെ രതിയായി സങ്കല്പിക്കുക വഴി പ്രണയത്തിന്റെ മൃതശാന്തിഗീതം രോദനമായി അടക്കി വെച്ചതുകൊണ്ടാണ് നന്ദിത ആത്മഹത്യ ചെയ്തത്. പക്ഷെ വൈദേശിക എഴുത്തുകാരികൾ പ്രണയം എന്ന നേരിന്റെ കാമ്പിനു ചുറ്റും വലയം ചെയ്ത് ഉയരുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാം. അവർക്ക് പ്രണയാഖ്യാനം ഒരു റിയാലിറ്റി ഷോയാണ്. അഭിനയസാധ്യതകൾ ഏറെ പരീക്ഷിക്കപ്പെടുന്നതാണ് പ്രണയവേള. അതിന്റെ സ്‌ക്രിപ്റ്റിൽ എഴുതിവയ്ക്കപ്പെട്ട പലതും കണ്ടില്ലെന്നു നടിക്കുക എന്ന നാട്യത്തെ പോലും നമ്മുടെ എഴുത്തുകാരികൾ രതിയിൽ മുക്കിപ്പിടിക്കുകയും വ്യാജപ്രണയാഖ്യാനങ്ങൾ തീർക്കുകയും ചെയ്യുന്നതിനാൽ ചില വൈദേശിക എഴുത്തുകാരികളെയെങ്കിലും പരാമർശിച്ചേ മതിയാകൂ.
ലോക പ്രണയാഖ്യാനത്തിൽ ഏറ്റവും അധികം ശ്രദ്ധ നേടിയിട്ടുള്ള എഴുത്തുകാരികൾ നിരവധിയാണ്. ജില്ലിയൻ സോഡിന്റെ റൊമാന്റിക് കൃതികൾ വായിക്കുമ്പോൾ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കുന്നു. പ്രണയത്തിന്റെ ആഖ്യാന ശില്പം ദേവാലയകലയുടെ സൂക്ഷ്മ സുഭഗത പ്രകടിപ്പിക്കുന്നു. ഈ അമേരിക്കൻ എഴുത്തുകാരി പ്രണയാഖ്യാന പരമ്പരകൾ തീർത്തിട്ടുണ്ട്. ‘That Boy’, ‘That Summer’ , ‘ That Baby’ , ‘That Love’ , ‘ That Wedding ‘ , ‘ That Promise ‘ , ‘First Loves Are Hard to forget’ തുടങ്ങിയവയാണ് ജില്ലിയന്റെ പ്രധാന പ്രണയ പ്രമേയ കൃതികൾ. പ്രണയത്തെ വിശ്വാസത്തിന്റെ പ്രവർത്തനമാക്കി ഉയർത്തിക്കാട്ടാനാണ് ഈ എഴുത്തുകാരി ശ്രമിക്കുന്നത്. സാധാരണ പ്രണയ കഥകളിലെ മയക്കത്തെയും അതിന്റെ ദൈനംദിനമാറ്റത്തെയും നിരന്തരമായി അനുധാവനം ചെയ്യുന്ന എഴുത്തുകാരിയാണ് കാര ബാസ്റ്റോൺ. കാര ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുത്തശ്ശിയുടെ പഴയ ഹാർലെക്വിൻ റൊമാൻസുകൾ നിറച്ച ഒരു പലചരക്ക് ബാഗ് കണ്ടെത്തിയതു മുതൽ അവർ പ്രണയാഖ്യാനത്തിന്റെ തടവുകാരിയായി മാറി. സ്വന്തം പുരുഷത്വത്തിൽ മയങ്ങാത്ത പുരുഷൻമാരെ അവതരിപ്പിക്കുന്ന ഒരു രീതിയാണ് കാര തന്റെ ‘ Call Me Maybe ‘ , ‘ Sweet Talk, ‘ Ready or Not, തുടങ്ങിയ കൃതികളിൽ പിന്തുടരുന്നത്. ” ക്ലോ ബ്രൗൺ ” എന്ന കൃതിയിലൂടെ ലോക പ്രശസ്തയായി തീർന്ന ബ്രിട്ടീഷ് റൊമാന്റിക് നോവലിസ്റ്റാണ് ടാലിയ ഹിബ്ബർട്ട് . അസാധാരണവും അതേ സമയം സമകാലികവുമായ നിരവധി കൃതികളിലൂടെ വ്യത്യസ്ത വംശത്തിന്റെയും വംശീയതയുടെയും ശരീരഘടനയെയും ലൈംഗികാഭിമുഖ്യത്തെയും ജീവിതാനുഭവങ്ങളെയും മുൻ നിർത്തിയാണ് ലോറൻ ബ്ലാകെലെ, ഹെലൻ ഹൊവാങ്, ജാസ്മിൻ ഗ്വില്ലറി, സാറ ആഡംസ് തുടങ്ങി എത്രയോ പേരാണ് ഗുഹ്യഭാഗവിവരത്തിനപ്പുറം കൊണ്ട് പ്രണയത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മാധവിക്കുട്ടിയുടെ റൊമാന്റിക് എക്സ് പ്രഷനുകൾ ജീവിതഗന്ധിയായിരുന്നപ്പോൾ തന്നെ അത് വിവേചനത്തിനും യുക്‌തിക്കും അപ്പുറം കടന്ന് വിസ്മയം തീർത്തു. അതിൽ ജീവിതത്തിന്റെ കാമ്പ് തെളിഞ്ഞു വന്നു. പക്ഷെ മാധവിക്കുട്ടിയെ ആഴത്തിൽ വായിക്കാത്ത വിദ്യാർത്ഥിനികൾ നമുക്കുണ്ട്. അവർക്ക് പ്രണയം ഗുഹ്യവിവരണമാണ്. മാധവിക്കുട്ടിയുടെ ക്ലാസിലെ ഫ്രണ്ട്ബഞ്ചിലെ ഒന്നാമത്തെ കാമാഖ്യാന വിദ്യാർത്ഥിനിയാണ് ഇന്ദു മേനോൻ. മാധവിക്കുട്ടിയുടേത് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വരിയിട്ടെഴുതലും ഇന്ദുവിന്റേത് ഗുഹ്യപുരാണത്തിന്റെ ഏറ്റവും മെച്ചമായ വസ്തുവുമാണ്. മാധവിക്കുട്ടി പ്രണയത്തെ ആഖ്യാനപ്പെടുത്തിയപ്പോൾ സ്നേഹത്തിന്റെ അസ്പഷ്ടമായൊരു നോവ് നാദധാരയായി നിറഞ്ഞിരുന്നു. പക്വതയുടെ ആവിഷ്കാരമായി മാറുന്ന ഇത്തരം അന്വേഷണം രാഗചേഷ്ടകളെയും രതിവിലാസങ്ങളെയും ഒഴിവാക്കുന്ന പ്രേമത്തിന്റെ പ്രൗഢതയാണ്. മാധവിക്കുട്ടിയെ ഇനിയും പഠിച്ചിട്ടില്ലാത്ത നമ്മുടെ എഴുത്തുകാരികൾ ഇപ്പോഴും മുൻ ബഞ്ചിലിരുന്ന് രതി കൊറിക്കുകയാണ്.
പ്രണയാഖ്യാനവും
ഫിക്ഷന്റെ കലയും
മലയാളിയുടെ പ്രണയബോധത്തിലുള്ളത് ഒരു സങ്കരപ്രമേയമാണ്. ആ ത്രികോണ നിർമ്മിതിയിൽ പ്രണയത്തിന്റെ ഇടം എവിടെയാണെന്ന വലിയ ചോദ്യം മുഴങ്ങിനിൽപ്പുണ്ട്. സ്ത്രീ / ലൈംഗികത / ദാമ്പത്യരഹസ്യം എന്നിങ്ങനെയുള്ള ഒരു മൂന്നിന്റെ ഗണിതത്തിനു ചുറ്റും പ്രണയം എന്ന പ്രത്യയശാസ്ത്രത്തിന്റെ പുതപ്പ് വിരിക്കാനാണ് നാം ഇഷ്ടപ്പെടുന്നത്. നമ്മുടെ ഒളിനോട്ട ദാഹത്തിന് ശമനിയാക്കാൻ ഒരു പഴുത് എന്ന അർത്ഥത്തിലാണ് നാം ഇപ്പോഴും പ്രണയാഖ്യാനത്തെ കൂട്ടുപിടിക്കുന്നത്. ആത്മദർശനത്തെ പുറത്തെത്തിക്കാൻ പ്രണയത്തിന്റെ വിദ്യയെ നിഷ്കളങ്കമായി അയച്ചുകെട്ടാനാണ് മാധവിക്കുട്ടി ശ്രമിച്ചത്. മാധവിക്കുട്ടി നിർമ്മിച്ച വാക്യങ്ങളെ തൊട്ടു രുചിക്കാനോ അതിലെ ആന്തരിക ചൈതന്യം തെല്ല് ആവാഹിക്കാനോ മനസ്സില്ലാതെ ചില ശരീരാഖ്യാനപദങ്ങളുടെ ജനൽപ്പഴുതിലൂടെ മാത്രം നോക്കുന്ന ഒളിച്ചു കളിയിൽ രസിച്ചമരുന്നവർക്ക് അവർ മുന്നോട്ടു വെയ്ക്കുന്ന സ്നേഹത്തിന്റെ രാഷ്ട്രീയത്തെയോ മന:ശാസ്ത്രത്തെയോ പിടികിട്ടണമെന്നില്ല. സ്നേഹമെന്ന യാഥാർത്ഥ്യത്തിന്റെ (മാധവിക്കുട്ടി ഭാവനയിലൂടെ ആവിഷ്കരിച്ച ) പരിപൂർണ്ണ ഗഗന സഞ്ചാരത്തെ ഞെക്കിച്ചവിട്ടി ശ്വാസം മുട്ടിക്കാനേ നമ്മുടെ പല എഴുത്തുകാരികൾക്കും കഴിയുന്നുള്ളൂ. ഒരെഴുത്തുകാരിയുടെ മാനസിക ജീവിതത്തിന്റെ സംവേദന പ്രമാണമാണ് അയാൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ. അപ്പോൾ എഴുത്തുകാരിയിലെ ‘ ഞാനും ‘ ഒന്നായി തീരുന്ന ഒരു നിഷ്കളങ്ക ജാലവിദ്യ സംഭവിക്കും, അതു എഴുത്തുകാരിയുടെ ഹൃദയതാളമാണ്. എഴുത്തുകാരിയും കഥാപാത്രവും എന്ന ദ്വന്ദ്വം അപ്പോൾ മാറിമറയും. അങ്ങനെ വരുമ്പോൾ എഴുത്തുകാരി സ്വയം അപമാനിതയാകാൻ നിന്നു കൊടുക്കില്ല. നമ്മുടെ എഴുത്തുകാരികൾക്ക് പ്രണയാഖ്യാനഭാഷ പോലും വ്യാജക്കളികൾക്കുള്ള അടപ്പാണ്. മാധവിക്കുട്ടിയിൽ രൂപമെടുത്ത കമലദാസ് എന്ന കവി കുറേ കൂടി സ്വതന്ത്രയാണ്. കാരണം അവർ കവിതയെഴുതിയത് ഇംഗ്ലീഷിലാണ്. ഫിക്ഷന്റെ പല അസ്വാതന്ത്ര്യത്തെയും അവർ മറികടന്നത് പൊയറ്റിക് ലെൻത് ഉപയോഗിച്ചാണ്. അതും മലയാളി ആൺവായനയ്ക്കുള്ള കടുത്ത താക്കീതായിരുന്നു. ആൺനോട്ടത്തിന്റെ അപാരന്യൂനതകളെ ‘എന്റെ കഥ’യിലൂടെ മറികടക്കുന്നുണ്ടെങ്കിലും കുറേക്കൂടി സ്വതന്ത്രമാക്കപ്പെട്ടത് വരിയിട്ടെഴുതലുകളിലാണ്. ഒരു വരി ഉദ്ധരിക്കുക മാത്രം ചെയ്യാം :
The musk of sweat between breasts,
the warm shock of menstrual blood.
– Kamala Das.
പ്രണയാഖ്യാനവും
കവിതയുടെ കലയും
കവിതയിൽ പ്രഥമസ്ത്രീനാമത്തെ പ്രതീകമായോ ബിംബകല്പനയായോ പ്രതിഷ്ഠിക്കാൻ നമ്മുടെ പെൺകവികൾക്കാവുന്നില്ല. അവർ എഴുതുമ്പോൾ കേവല വലന്റൈൻ ഡേ കുറിപ്പടികൾ പോലെ കവിതയുടെ ജന്മം തീരുകയാണ്. ഒറ്റദിവസത്തെ വൈകാരികത എന്ന നൈപുണ്യത്തിന്റെ പ്രദർശനം മാത്രമായി അവ ഒടുങ്ങുകയാണ് ചെയ്യുന്നത്. പ്രണയകാവ്യം അവർക്ക് ഒരു വിചിത്രാനുഷ്ഠാന ജാലവിദ്യ എന്നതിൽ കവിഞ്ഞ് ഒന്നുമല്ല. അതുകൊണ്ടു തന്നെ അവർ ഉപയോഗിക്കുന്ന പദങ്ങൾക്ക് ശ്വാസത്തിന്റെ തോത് നന്നേ കുറവായിരിക്കും. ആത്മാന്വേഷണത്തിന് സ്വയം സമർപ്പിച്ച് ബലി നൽകാൻ കഴിയുന്ന ഒരു പെൺകവിയെ പോലും കണ്ടെടുക്കാനാവാത്ത ദുരന്തവിധി ഇന്നുണ്ട്. അതു കൊണ്ടുതന്നെ സ്ത്രീയുടെയും അവളുടെ ശരീരത്തിന്റെയും സ്നേഹം എന്ന തടങ്കൽ പാളയത്തിന്റെയും പ്രണയം എന്ന ഒറ്റിന്റെയും മുഴുവൻ പരിസരവും അഴിച്ചിറക്കുന്ന ചില അയൽപക്ക കവികളെ ഉദ്ധരിക്കാമെന്നു വിചാരിക്കുന്നു. സ്ത്രീക്ക് ഇന്നും നിഷിദ്ധമായിട്ടുള്ള ആശയങ്ങളെയും തോന്നലുകളെയുമാണ് മാലതി മൈത്രി, സൽമ, കുട്ടി രേവതി, സുകൃത റാണി തുടങ്ങിയ തമിഴ് കവികൾ പങ്കുവെയ്ക്കുന്നത്.
The demon’s features are all woman
Woman’s features are all demon.
- Malathi Maithri
My eyes rest on the flowers
while my heart seeks
the solitude
of the Painted house.
- Salma
I am the rain’s fall;
you are the pull of the river.
- Kutti Revathi
I need a language
still afloat in the womb –
which no one has spoken so far,
which is not conveyed through
signs and gestures.
- Sukrutharani
ഇവർക്കൊക്കെയും കവിതയുടെ ലോക ബോധമാണുള്ളത്. ഇവർ പ്രണയം, രതി തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ രാഷ്ട്രീയാർത്ഥങ്ങളെ മുന്നിൽ കെട്ടിവെയ്ക്കുന്നു.

ഈയാഴ്ചയിലെ
പുസ്തകം
കടലൊഴിയുമ്പോൾ /
സിന്ധു സൂര്യ ( കൈപ്പട പബ്ലിക്കേഷൻ)
ആൺവായനകൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ചില പെൺതടങ്കൽ ഇടങ്ങളെ ഭേദിക്കുന്നവരുണ്ട്. അവരുടെ വരികൾ ഉപരിതലത്തിലേക്കുയർന്ന് തിടുക്കത്തിൽ പൊട്ടുന്ന പ്രതിഷേധ കുമിളകളായി തീരാറുണ്ട്. പുരുഷൻ സൃഷ്ടിച്ച ഭാഷയിൽ ഉറി പോലെ തൂങ്ങി കിടക്കാത്തവർക്കു മാത്രം സാധ്യമാകുന്ന ചില ഭ്രമജാലക്കളികൾ വശമുള്ളവരാരും പക്ഷെ എഴുത്തിന്റെ പരസ്യമതിലിലൂടെ പ്രചരണം ലഭിച്ചിട്ടുള്ളവരല്ലായെന്നതാണ് ഏറ്റവും പുതിയ വാർത്ത. നമ്മുടെ ആണൊളിക്കലുകളെ ആത്മദാഹത്തിന്റെ ബാഹ്യ പ്രകടനങ്ങൾ കൊണ്ട് കവിതയുടെ വെളിപാടുണർത്തിക്കലുകളാക്കി തീർക്കുന്ന കവിയാണ് സിന്ധു സൂര്യ. ഈ കവിയുടെ “കടലൊഴിയുമ്പോൾ ” എന്ന ശലഭാകൃതിയിലുള്ള കാവ്യ പുസ്തകം സ്നേഹം എന്ന സത്യത്തിന്റെ മൂടി തുറക്കാൻ ശ്രമിക്കുന്ന വിധത്തെ ചെറുതായി കണ്ടു കൂടാ. സ്നേഹം / പ്രണയം എന്നീ ദ്വന്ദ്വത്തെ കുറിച്ച് സിന്ധു എഴുതുമ്പോൾ തൂലിക മത്തുപിടിച്ച ആനയെപ്പോലെ പുതിയ ഉക്തികളെയും ഇമേജറികളെയും മസ്തിഷ്കത്തിന്റെ പള്ളയിൽ നിന്നും വലിച്ചു പുറത്തിടുന്നു. ഈ കവിതകളിൽ നീളേയും കുറുകേയും പായുന്നത് സ്നേഹത്തിന്റെ യും പ്രേമത്തിന്റെയും സാർവ്വലൗകികതയാണ്. ആത്മപ്രഹർഷണത്തിന്റെ ഉച്ചകോടിയിലെത്താനുള്ള വീറും വാശിയും ആർജ്ജവവും ഒക്കെ ചേർന്നതാണ് ഒരുപക്ഷെ സിന്ധുവിന്റെ കാവ്യലോകം. അത് കവിതയിൽ സ്ത്രീശരീരത്തെ പൊളിച്ചുവയ്ക്കുന്നില്ല. പകരം വൈകാരികതയ്ക്കു പാകമായ മട്ടിൽ വാക്കുകളെ അടുത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇവിടെ സ്ത്രീ എന്ന സത്യം പുറത്തെടുക്കാനുള്ള യത്നത്തിനു ഭാവന തുണയാകുന്നുണ്ടെങ്കിലും അനുഭവത്തിന്റെ ബിംബങ്ങൾക്കും കലയുടെ കണ്ണാടിയ്ക്കുമിടയിലെ പിടിതരാത്ത സത്യങ്ങളെ പിടിച്ചു കൊണ്ടുവരാൻ കവിതയുടെ നൂൽപ്പാലത്തെ സിന്ധു വിനിയോഗിക്കുകയാണ്. ചില ഉദാഹരണങ്ങൾ മാത്രം നിരത്താം.
സ്നേഹത്തെക്കുറിച്ച് ചിന്തിക്കൂ,
നിങ്ങൾക്ക്,
മുറിവെന്നും
മരണമെന്നും
തോന്നും.
(നിങ്ങൾ സ്നേഹത്തെ കുറിച്ച് ചിന്തിക്കൂ )
എന്റെ കാമുകൻ
ചുംബിക്കുമ്പോൾ,
എനിക്ക്
അമ്മയെ മണക്കും.
(എന്റെ കാമുകൻ ചുംബിക്കുമ്പോൾ )
ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
ശരീരത്തിന്റെ ജൈവപരമായ സമഗ്രതയെ സങ്കല്പത്തിൽ നിന്നും കലാസൃഷ്ടിയുടെ അംശങ്ങളിലേക്ക് മോചിപ്പിച്ചെടുക്കുന്ന ചിത്രകാരികൾ നമുക്കില്ല. കാരണം പുരുഷദൃഷ്ടിയുടെ അധികാരക്കണ്ണുകളാണ് ഇന്നും സ്ത്രീയുടെ ഭാഷയെ നിശ്ചയിക്കുന്നത്. അവളുടെ ശരീരഭാഷയെ സ്നേഹം / പ്രേമം എന്നീ ദ്വന്ദ്വത്തിലേക്ക് ഘടിപ്പിക്കാൻ അവൻ വിസമ്മതിക്കുന്നു. ഇത്തരം ശരീരാഖ്യാനങ്ങളെ ” വൃത്തികെട്ടത് ” എന്ന മട്ടിൽ നാം കാണിയുടെ കൺതടത്തിലെന്നതിനേക്കാൾ അകക്കണ്ണിടത്തിൽ നാം പരിചരിച്ചു വെച്ചുകഴിഞ്ഞു. ഉംബർട്ടോ എക്കോയുടെ ‘On Ugliness ‘ എന്ന പുസ്തകത്തിലെ ‘ The Ugliness of others ” എന്ന അധ്യായത്തിന്റെ ആദ്യവരി ഉദ്ധരിക്കാൻ ഈയുള്ളവൻ നിർബന്ധിതനാകുന്നു.

It has been said right from the outset that the Concept of ugliness , like that of beauty, is relative, not only in different cultures but also in different periods.
ഇത്തരം ഒരു ആമുഖം കുറിക്കുമ്പോൾ മുമ്പിലുള്ളത് സാറ ഹുസൈന്റെ ചില ചിത്രങ്ങളാണ്. വൈയക്തികാന്തസത്തയുടെ ആവിഷ്കരണമായി കലയെ കാണുന്നെങ്കിൽ പുരുഷന്റെയും സ്ത്രീയുടെയും കല വ്യത്യസ്തമായിരിക്കണമെന്ന ശാഠ്യമാണ് സാറയെ കൊണ്ട് നഗ്നതയുടെ ഭാഷ തീർക്കിപ്പിക്കുന്നത്. ആണാധികാരത്തിലെ ദൈനംദിന ജീവിതത്തിന്റെ ദുഷിച്ച പ്രതീകങ്ങളെയും ബിംബങ്ങളെയും തിരസ്കരിച്ചു കൊണ്ട് ശരീരം എന്ന ഉല്പന്നത്തിന്റെ താത്ത്വികവിശകലനത്തോട് ആഭിമുഖ്യം പുലർത്തുന്ന നിരവധി ചിത്രങ്ങൾ സാറയുടേതായി പുറത്തു വന്നിട്ടുണ്ട്. ആണധികാരത്തിന്റെ അഗോചരമായ വ്യാപാരങ്ങളിലേക്ക് അഗാധമായ ഉൾക്കാഴ്ച നൽകാൻ സാറയുടെ വരയ്ക്കു സാധിക്കുന്നുവെന്നത് അപനിർമ്മാണപരമായ സ്ത്രീപക്ഷ സൗന്ദര്യശാസ്ത്രത്തിന്റെ പുതിയ വിപ്ലവമായി ഉൾക്കൊണ്ടേ മതിയാകൂ. സ്വജീവിതാനുഭവങ്ങളെ ആധാരമാക്കി രചനകൾ നടത്തുന്ന സാറയെ പോലുള്ള കലാകാരികളുടെ ആത്മവിശ്വാസത്തിന് ഇന്നും ആണധികാരം നൽകിക്കൊണ്ടിരിക്കുന്നത് കനംവെച്ച ഇടർച്ചകൾ തന്നെയാണ്. ശരീരത്തിന്റെ പ്രത്യയശാസ്ത്രപരമായ വൈയക്തികത്തിന്റെ പുന:സൃഷ്ടിയെന്ന നിലയിൽ സാറയുടെ ശരീരാഖ്യാനങ്ങളെ കണ്ടിരുന്നെങ്കിൽ …..
ഈയാഴ്ചയിലെ
അഫോറിസം
പ്രണയിക്കുന്ന ഹൃദയം
നാവികവേഷം ധരിച്ച
ഒരു കുട്ടിയാണ്.