കവിതയുടെ മരണം

എല്ലാ വീടുകളിലും രണ്ട് യൂട്യൂബ് ചാനലുകളും രണ്ടു കവികളും വീതമുള്ള ഏക സംസ്ഥാനം കേരളമായിരിക്കും. ഇനി കവിതയുടെ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകണമെങ്കിൽ വാക്കുകൾ കൊണ്ട് വിപ്ലവാത്മകമായ വാങ്മയ ചിത്രങ്ങൾ വരയ്ക്കേണ്ടതുണ്ട്. പൊയറ്റിക് എഡിറ്റർ ആവശ്യമില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമുമൊക്കെ കാവ്യമനോഹാരിതയില്ലാതെയും അർത്ഥങ്ങളെ ഒളിപ്പിച്ചുമാണ് വാക്കുകളെ പറത്തുന്നത്.

വാഴ്‌ത്തപ്പെട്ട കവികൾ കവിതയുടെ ഭ്രമണം നിർത്തുന്നതിനെയും , ആ മീഡിയത്തിൽ വേരില്ലാത്ത അമിത ജനാധിപത്യവൽക്കരണത്തെയും കുറിച്ച് ഇപ്പോൾ ആരും ഒന്നും മിണ്ടുന്നില്ല. ഭാഷയുടെ മൃത്യുവാഞ്ഛ സാഹിത്യകലയിൽ ഒഴുകിക്കയറുന്നത് കവിതയെന്ന മീഡിയത്തിലൂടെയാണ്. ഫ്ളെക്സിബിളിസ കാലത്തിലെ ജീവിതം അനർഗ്ഗളമായി അങ്ങനെ വിഘാതങ്ങളന്യേ ഒഴുകുന്നതല്ല. അതിൽ എണ്ണിതിട്ടപ്പെടുത്താനാവാത്ത പോരാട്ടങ്ങളുടെ അത്യന്താപേക്ഷിതത്വമുണ്ട്. പക്ഷെ സമകാലിക കവിതയുടെ ശേല് തിരഞ്ഞുപോയാൽ നാം നിരാശരാകും എന്നതാണ് വാസ്തവം. എല്ലാ വീടുകളിലും രണ്ട് യൂട്യൂബ് ചാനലുകളും രണ്ടു കവികളും വീതമുള്ള ഏക സംസ്ഥാനം കേരളമായിരിക്കും. ഇനി കവിതയുടെ ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകണമെങ്കിൽ വാക്കുകൾ കൊണ്ട് വിപ്ലവാത്മകമായ വാങ്മയ ചിത്രങ്ങൾ വരയ്ക്കേണ്ടതുണ്ട്. പൊയറ്റിക് എഡിറ്റർ ആവശ്യമില്ലാത്ത ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമുമൊക്കെ കാവ്യമനോഹാരിതയില്ലാതെയും അർത്ഥങ്ങളെ ഒളിപ്പിച്ചുമാണ് വാക്കുകളെ പറത്തുന്നത്. അതിനാൽ തന്നെ കവിതയുടെ പ്രകടനാത്മകത വാക്കുകളുടെയും ശബ്ദസുഭഗതയുടെയും മറയ്ക്കു പുറത്തേയ്ക്കുവരാൻ വിസമ്മതിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്

മലയാളകവികളുടെ കയ്യിൽ കവിതയുടെ നല്ല വിത്തും അതിന് നിലമൊരുക്കാനുള്ള നല്ല കൈക്കോട്ടുമില്ലെന്ന വസ്തുത ഇപ്പോഴും മറച്ചുവെയ്ക്കുന്നവരാണ് സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടുമൊക്കെ. ആലാപനത്തിന്റെ മാന്ത്രികതയെ മുൻനിർത്തി ചിലർ ജനസമ്മതി നേടിയെങ്കിലും കവിതയുടെ സൗന്ദര്യചിന്തയെ ചൊല്ലിയുള്ള വിചിന്തനനാമ്പുകൾ പൊട്ടിമുളയ്ക്കാൻ അതുപകരിച്ചിട്ടില്ല. പാടുന്ന കവിതയിൽ നിരവധി കഥാപാത്രങ്ങളുടെ പ്രോട്ടോടൈപ്പ് ആയി പുരാണങ്ങളിലെ സ്വരൂപങ്ങളെ പ്രതിഷ്ഠിക്കുന്നത് കവിതയുടെ ചരിത്രനിയോഗമായി വാഴ്‌ത്തുന്നത് “തൊണ്ടക്കവികൾ ” മാത്രമായിരിക്കും. നമ്മുടെ കവികൾ ഭാഷയുടെ നിർമ്മിതിയിലെ അവശൻമാരും ആർത്തൻമാരും ആലംബഹീനരുമായി തുടരുകയാണ്. ഇന്നും കവിതയിൽ കാല്പനിക സൗന്ദര്യം തുളുമ്പിക്കാൻ ജാഗരൂകരായിരിക്കുന്ന പെൺകവികൾ കവിതയിലൂടെ തങ്ങളുടെ അവയവങ്ങളെയാണ് പറത്തിവിടുന്നത്. അപ്പോൾ മരിച്ചവർ പോലും ഉണർന്നെഴുന്നേറ്റ് വന്ന് ഈ ദേവരുടെ ഗുഹ്യവിവരണത്തെ എതിരേൽക്കുമെന്ന ധാരണയാണ് പരത്തുന്നത്. വിദേശകവിത എല്ലാക്കാലത്തും പരീക്ഷണങ്ങൾക്കു മുതിർന്നിട്ടുണ്ട്. പരീക്ഷണങ്ങളിൽ പോലും കനൽക്കട്ടകൾ വാരിയെറിയാൻ പക്ഷെ അവർ വിസമ്മതിക്കുന്നില്ല. അവർ കവിതയെ ഉപയോഗിക്കുന്നതു പോലും ഒരേ കാലത്തെ പുണരാനും ആവശ്യമെങ്കിൽ ചെറുക്കാനുമാണ്. നിരവധിയായ ഒളിച്ചുകളികൾ നടത്തുന്ന നമ്മുടെ കവികൾ വൈദേശിക പേനയിലെ മഷിയെ സൗന്ദര്യാത്മകതയുടെ കുളിർനീലിമയോ കറുപ്പോ ഒക്കെയായി എന്നു തിരിച്ചറിയും എന്ന സന്ദേഹമുള്ളതിനാൽ ചില പരീക്ഷണാത്മക കവികളെ പരിചയപ്പെടുത്താം.

സച്ചിദാനന്ദന്‍

കാവ്യതത്വജ്ഞാനത്തിന്റെ ഉയരങ്ങൾ സുരക്ഷിതമാണെന്നു വിശ്വസിക്കുന്ന പരീക്ഷണകവികൾ ഇന്നുമുണ്ട്. നമ്മൾ ഇന്നും തൂങ്ങിപ്പിടിച്ച തത്വസംഹിതകളിൽ നിന്നും തത്വത്തെ മാത്രമേ കറന്നെടുക്കാറുള്ളൂ. അതിന്റെ സൗന്ദര്യത്തെ നമ്മൾ വിട്ടുകളയുന്നു. അപ്പോൾ കവിത വാക്കുകളുടെ മാത്രം ക്രമം തെറ്റിയ അടുക്കായിട്ടു മാറുന്നു. ഇതു പരിഹരിക്കണമെങ്കിൽ ചില കവികളുടെ വഴികളെ പരിചിതമാക്കിയേ മതിയാകൂ. ഹെൻറി ഹാരി ആർതർ ഹൂട്ടൺ ഒരു സാമൂഹിക നിരൂപകൻ എന്ന നിലയിൽ കീർത്തി ആർജ്ജിക്കുന്നതിനും മുമ്പ് ഒരു പരീക്ഷണ കവിയായി അംഗീകരിക്കപ്പെട്ടിരുന്നു. അതിരുകടന്നതും പ്രകോപനപരവും ആയ തന്റെ രചനകൾ കൊണ്ട് അദ്ദേഹം ശത്രുപാളയത്തെ വികസിപ്പിച്ചിരുന്നു. സ്പിനോസയുടെയും എപ്പിക്യൂറസിന്റെയും ഉദ്ധരണികളിലൂടെ ഒരു കൂട്ടം പദപ്രയോഗങ്ങൾ നമ്മെ കടന്നുപോകുന്നു. കവിതയുടെ ഒടുവിൽ ചില മനോഹരമായ ദൃശ്യകൃത്രിമത്വങ്ങൾ ഹൂട്ടൺ സാധ്യമാക്കുന്നു. അവ സാമൂഹിക വ്യാഖ്യാനമായി ഇരട്ടിക്കുന്ന ജ്യാമിതീയ രേഖാചിത്രങ്ങളാണ്.

Theorem : To describe a rectangle
As society rules its Ruly elements
Let society be a triangle
with unruly wrangles, soc
Now since the whole is
The ruler ( the rule is supposed to be
greater than any of the arts)

  • Harry Hooton

ജാസ് എച്ച്. ഡ്യൂക്കിന്റെ ” Scratch Ticket ” എന്ന കവിതയും അനിയ വാൽവിച്ച്സിന്റെ” ബോട്ട് ” എന്ന കൃതിയും ചിത്രകവിത എന്ന ജനുസ്സിൽ വെച്ചാണ് പഠിക്കപ്പെട്ടിട്ടുള്ളത്. കവിതയുടെ ഈ മൂന്ന് ഡയഗ്രങ്ങൾ ശ്രദ്ധിച്ചാൽ ദൃശ്യഇലാസ്തികതയുടെ കാലത്തിലെ കവിതയുടെ ശ്വാസത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞേക്കും.
കവിയും
ഫിക്ഷനും തമ്മിലെന്ത് ?
കവിതയുടെ ആദ്യമിറങ്ങിയ കന്നിക്കൊയ്ത്തുകളിൽ നിന്ന് കാൽപനികതയുടെ മനോജ്ഞപർവ്വതങ്ങളെ മോചിപ്പിക്കാൻ ശ്രമിക്കുന്ന ചില കവികൾ കഥയുടെ തട്ടകത്തിലേക്ക് തിരിഞ്ഞതിനെയും കവിതയുടെ മൃതാവസ്ഥയായി കണ്ട് നിരീക്ഷിക്കേണ്ടതുണ്ട്. കവിതയിൽ വിപ്ലവാത്മകതയുടെ തീനാളങ്ങളെ മിന്നിത്തെളിയിച്ചെടുത്ത സച്ചിദാനന്ദനും എസ്. ജോസഫുമൊക്കെ കഥയുടെ തട്ടകത്തിലും ചില പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇവരുടെ ഫിക്ഷന്റെ പ്രഘോഷണം കാലഘട്ടത്തിന്റെ സ്വാധീനമറയിൽ നിന്നും പുറത്തിറങ്ങാനുള്ള ആന്തരികോദ്യമോൽസാഹമാണ്. കവിതയിൽ ഇനിയും പ്രാവർത്തികമായിട്ടില്ലാത്ത വാക്കുകളെ കഥയിൽ കൊണ്ടു പ്രതിഷ്ഠിക്കാനാണിവർ ശ്രമിക്കുന്നത്. ആരോപഭാഷയിലൂടെ മർദ്ദിതരുടെ രക്ഷകനായി കവിതയിലൂടെ കക്ഷി ചേരുന്ന കവിയാണ് എസ്. ജോസഫ്.
പല കവിതകളിലും തെളിയാതെ തെളിയുന്ന രക്ഷകവേഷം കഥയിലും അത്തരം ഒരു സ്വാധീനത്തെ ഉറപ്പിച്ചെടുക്കുന്നു. ചൂഷകവർഗ്ഗമെന്ന മലയെ തുരക്കാൻ കവിതയുടെ രക്തനാഡിയെ ബന്ധിച്ചുനിർത്തിയ അതേ ഊക്ക് “വള്ളക്കാരൻ ” എന്ന കഥയിലും ജോസഫ് സ്ഥാപിച്ചെടുക്കുന്നു. ഒരു വഴിക്കു നോക്കിയാൽ ഈ കഥ മാനസികകുഴപ്പത്തിന്റെ സൃഷ്ടി തന്നെയാണ്. ഈ മാനസികക്കുഴപ്പം തന്നെയാണ് ജീവിതത്തിന്റെ പൊള്ളത്തരത്തെ അതിന്റെ ആവരണമൊക്കെ നീക്കി നമുക്ക് കാണിച്ചുതരുന്നത്. ഇവിടെ കണാരൻ എന്ന തുഴക്കാരനേക്കാൾ യാഥാർത്ഥ്യമായി നിൽക്കുന്നത് വള്ളമാണ്. കാരണം വെള്ളത്തിന്റെ ജോലി ഒഴുകുകയെന്നതാണ്. ഇവിടെ വള്ളം കഥാപാത്രമായി വന്ന് ജീവിതത്തെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുകയാണ് ചെയ്യുന്നത്.
കവി സച്ചിദാനന്ദനും കവിതയിൽ നിന്ന് കഥയിലേക്ക് മാറി പാർക്കാറുണ്ട്. സച്ചിദാനന്ദന്റെ ” അദ്വൈതം ” എന്ന കഥ അതിന്റേതായൊരു ജ്ഞാനത്തെ രൂപപ്പെടുത്തുന്നുണ്ട്. ഗ്രാമീണഭാഷയുടെ കർക്കശസ്വഭാവത്തിലൂടെ അജ്ഞേയമായതിന്റെ ആഴങ്ങളിലേക്കു പോകാൻ ശ്രമിക്കുന്ന സംവാദമാണിവിടെ കഥ. ഇവിടെ ഐതിഹ്യവും തത്വചിന്തയും ജാത്യാധികാരവും ഓരോ ഇഴകളായി നിവർന്നുവരുന്നു. രാഷ്ട്രീയ ധ്വനികളെ അടക്കം ചെയ്തിട്ടുള്ള ഈ കഥ ഒരു കവിയാണോ എഴുതിയതെന്നു നാം സംശയിച്ചേക്കാം. ഇവിടെ സംവാദം കാലത്തെ മാനുഷികമായ ധാരണയുടെ പദാവലികളിലേക്കു കൊണ്ടുവരികയാണ് ചെയ്യുന്നത്. കവികൾ എഴുതുന്ന കഥകൾ സാഹിത്യത്തിലെ പുതുമയുറ്റ ആരോഗ്യവും പരീക്ഷണവുമാണെന്നതിൽ തർക്കമില്ല.

കുറിപ്പുകൾ
1/വള്ളക്കാരൻ / എസ്.ജോസഫ്
( കഥയുടെ പേജ് 2023 ജനുവരി – ഡിസംബർ)
2 / അദ്വൈതം / സച്ചിദാനന്ദൻ
(കഥയുടെ പേജ് 2021 ഒക്ടോബർ- ഡിസംബർ)

കവിയും
കവിതയും തമ്മിലെന്ത് ?
മലയാളകവിതയിൽ ഇനി പൂവുകളുടെ പുണ്യകാലമുണ്ടാവില്ല. എല്ലാ വീടുകളിലും ഓരോ പെൺകവികൾ വീതമുണ്ട്. അവർക്കുള്ളത് റൊമാന്റിസത്തിന്റെ പൂവുകൾ മാത്രമാണ്. ഇവിടെ വാക്കുകൾ ചൂഷിതമാകുന്നുണ്ട്. പക്ഷെ അവ പനിനീർപ്പൂവാണെന്ന വ്യാജം പ്രചരിപ്പിക്കുന്നു. ഓടയിൽനിന്നെടുക്കപ്പെട്ട ജീർണ്ണ പൂവുകൾക്ക് എങ്ങനെ രാഷ്ട്രീയം കുത്തിനിർത്താനാവും. സ്വയം സൂര്യകാന്തികളായി നടിക്കുന്ന പെൺകവികൾ ഒരു നിമിഷത്തിലും സൗന്ദര്യം ചുരത്തിക്കണ്ടിട്ടില്ല. ഭാഷ ഇവർക്ക് ഉപഭോഗവസ്തു മാത്രമാണ്. കാവ്യത്തറവാട്ടിൽ പ്രൗഢിയോടെ വസിക്കുന്ന നമ്മുടെ കാവ്യപെൺപക്ഷികൾക്ക് രാഷ്ട്രീയം പറയുന്ന ചില പെൺകവികളെ പരിചയപ്പെടുത്താം. അശാന്തിയുടെ കൊടുംവേനലുകളിൽ ജീവിക്കുകയും യുദ്ധങ്ങളെയും കൊലകളെയും പീഡനങ്ങളെയും കൺമുമ്പിൽ കാണുകയും ചെയ്ത കവിയാണ് കാജൽ അഹമ്മദ്. വേട്ടകളെ തിരസ്കരിക്കുന്ന ഈ കവിക്ക് കവിത സ്വസ്ഥതയുടെ വിതരണമാണ്. എഴുതുന്നത് ആനന്ദിപ്പിക്കാനല്ലെന്ന് പ്രഖ്യാപിച്ച സുകിർതറാണിയും ആണധികാരത്തെ ചോദ്യമുനയിൽ നിർത്തുന്ന സൽമയും കവിതയെ രാഷ്ട്രീയമായിട്ടാണ് കൈകാര്യം ചെയ്യുന്നത്.

വഞ്ചന നിറഞ്ഞ
നഗരത്തിന്റെ തെരുവുകളിൽ
ബസ്സിൽ
വിയർത്തൊലിക്കുന്ന
ശരീരങ്ങളിലൂടെ
എവിടെയോ തളിർത്തുവളർന്ന
പകയെന്ന പോലെ
എന്നിലേക്കു നീളുന്നു
ഒരു പുരുഷജനനേന്ദ്രിയം.
– സൽമ

നഷ്ടങ്ങളുടെയും കഷ്ടങ്ങളുടെയും ചരിത്രത്തിൽ നിന്നും മുഷ്ടി ചുരുട്ടി വരുന്ന തീക്ഷ്ണസ്വരമാണ് ശ്രീലങ്കൻ തമിഴ് കവിതയിലെ ശർമിള വിനോതിനി. ബംഗാളി കവിതയിലെ ഭാസ്വതി ഘോഷ്, തമിഴിലെ സ. വിജയലക്ഷ്മി, കയൽ, ശ്രീലങ്കൻ തമിഴ് കവിതയിലെ വി. അഭിവർണ്ണ , സ്പാനിഷ് കവിതയിലെ ഏറ്റവും ശക്തമായ സ്വരം എന്ന കീർത്തി ആർജ്ജിച്ച അദ്രിയാന ഹോയോസ് തുടങ്ങിയ കവികളെ മലയാളത്തിലെ റൊമാന്റിക് ഹീറോയിനുകൾ ഏറ്റെടുത്തിരുന്നെങ്കിൽ ഒരുപക്ഷെ കവിതയെന്ന മാധ്യമത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാൻ അവർക്കു കഴിഞ്ഞേനെ. ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ നമ്മുടെ പെൺകവികൾ ഇപ്പോഴും റൊമാന്റിസത്തിന്റെ അടിമകളാണ്.

ഈയാഴ്ചയിലെ
പുസ്തകം
കാനായി കുഞ്ഞിരാമന്റെ കവിതകൾ/ കാനായി കുഞ്ഞിരാമൻ
(പ്രസാ: വര ആർട്ട് ഗ്യാലറി, കോട്ടയം)
കവിതയുടെ സ്വരമാധുര്യമുള്ളതോ വാക്കിന്റെ കാവ്യാത്മകസത്തയുള്ളതോ ആയ കവിതകൾ എന്ന നെറ്റിപ്പട്ടമല്ല കാനായിക്കുള്ളത്. പക്ഷെ പൊയറ്റിക് ശില്പങ്ങൾ ഒരുക്കിയിട്ടുള്ള ഒരു ശില്പി കാവ്യകേളീവിലാസഗേഹത്തിലേക്ക് വളർന്ന് വികാസം പ്രാപിക്കുന്നതിനെ സൗന്ദര്യത്തിമിർപ്പിന്റെ ഇടങ്ങളിൽ വെച്ച് വായിക്കേണ്ടതുണ്ട്. ശില്പിയായ കവി തികച്ചും ഭാഷയുടെ വേലക്കാരൻ മാത്രമാണ്. പക്ഷെ നമ്മുടെ അവഗണനാലോചനകളിൽ പെടുത്താൻ പറ്റാത്ത പ്രൗഢത ചില കവിതകൾക്കുണ്ട്. ഇവിടുത്തെ കവിതയുടെ തമ്പ്രാൻക്കൻമാർ ആ മീഡിയത്തെ മരണത്തിന് ഏൽപ്പിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് കാനായിയെ പോലെയും രൺജി പണിക്കരെ പോലെയുള്ളവരും ഒക്കെ അവരുടെ സ്വന്തം മീഡിയങ്ങളിൽ നിന്നും പുറത്തുവന്ന് കവിതയുടെ തിരി തെളിച്ചു നിർത്തുന്നത്. പ്രകൃതിയുടെ മാനവീയതാകരണം ശില്പത്തിൽ എത്രത്തോളം പ്രോജ്വലിപ്പിക്കുകയും ആശയവിപുലീകരണ സാമഗ്രിയായി ഉപയോഗിക്കുകയും ചെയ്തോ അതേ തീക്ഷ്ണതയിൽ തന്നെയാണ് കാനായി കവിതയിലും വ്യാപരിക്കുന്നത്. പ്രകൃതിയിൽ വിശ്വഹൃദയത്തിന്റെ മിടിപ്പും പരമാത്മാവിന്റെ മുഖവും കാണുന്ന പ്രകൃത്യുപാസകനായ ഒരു കവിയെ നാം ചില കവിതകളിൽ കണ്ടുമുട്ടുന്നുണ്ട്. ഈ പുസ്തകത്തിൽ ‘ജന്മദിനം’ എന്ന ശീർഷകത്തിൽ ഒരു കവിതയുണ്ട് അതിന്റെ ചില വരികൾ ഉദ്ധരിക്കാം :

അമ്മ എന്നെ ഏറെക്കാലം
ഗർഭപാത്രത്തിൽ കൊണ്ടുനടന്നു.
അകം കൊള്ളാതായപ്പോൾ
സഹികെട്ട് വെളിയിലേക്ക്
വിസർജ്ജിച്ചു തളളിവിട്ടു.
വീണതോ ഭൂഗോളത്തിൽ !
ആഗോള ഗർഭഗൃഹം
പ്രകൃതിയമ്മതൻ അണ്ഡഗോളം.

  • ജന്മദിനം / കാനായി (പുറം. 25 )

മുഴുകവി എന്ന കാഹളം പിന്തുടരുന്ന കവികൾ ചരിത്രത്തിൽ നിന്നു പുറത്തുപോയാലും കാനായിയുടെ ശില്പകാവ്യത്തോടൊപ്പം ഈ തത്വവരികളും നിലനിൽക്കും. വാക്കുകളെ വെട്ടി അതിൽ തത്വചിന്തയുടെ ചോര കലർത്തിയാണ് കാനായി കുഞ്ഞിരാമൻ ഓരോ കവിതയുംതീർത്തിരിക്കുന്നത്.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
പുരുഷാധികാരം എന്ന ഫാസിസ്റ്റ് ഡൊമസ്റ്റിക്കേഷനിൽ (domestication) നിന്ന് മോചിതരായി ഉദാരവും മൃദുവുമായ കളർ നറേറ്റീവുകളിൽ വ്യാപരിക്കുന്ന ചിത്രകാരികൾ ഇന്നുണ്ടാകുന്നുണ്ട്. സ്ത്രീയുടെ സ്വാധികാരത്തെ ഇഞ്ചിഞ്ചായി നിവർത്തിയെടുക്കുന്ന അത്തരം കലാകാരികൾ പക്ഷെ മെയിൻ സ്ട്രീമിൽ നിൽക്കാറില്ലായെന്നതാണ് വാസ്തവം. ആധിപത്യത്തിന്റെ പ്രതിലോമപരമായ ബദൽ രൂപങ്ങൾ നിർമ്മിക്കാൻ കടുംചെമപ്പിന്റെ ഭാഷയെയും അതിന്റെ സാധ്യതയെയും തുടരെത്തുടരെ വിനിയോഗിക്കുന്ന കലാകാരിയാണ് ഗംഗ നായർ. അബ് സ്ട്രാക്ടും അതിനുളളിൽ അതിന്റെ തന്നെ വിരുദ്ധപ്രക്ഷോഭവും കൊണ്ട് സ്ത്രീയുടെ ആന്തരിക സംഘർഷങ്ങളെയും കാലത്തിന്റെ ചെങ്കുത്തണിഞ്ഞ മുറിവുകളെയും അതിസൂക്ഷ്മമായ നിലയിലാണ് ഈ കലാകാരി ആവിഷ്കരിക്കുന്നത്. നുണകളുടെയും സത്യങ്ങളുടെയും ഇടയിൽ കളിക്കുന്ന ഒരു കാലത്തെ ചെമപ്പ് എന്ന നിറത്തിന്റെ ഫെറ്റിഷ് ആർക്കൈവിൽ കൊണ്ടുവെയ്ക്കുന്നതിനു പകരം നിറങ്ങളുടെ സഹായത്തോടെ സംഘർഷകാലത്തിന്റെ ഡിറ്റേക്ടറാവാനാണ് ഈ കലാകാരി ശ്രമിക്കുന്നത്. കാണിയുടെ കാഴ്ചകളെ ശല്യപ്പെടുത്തലിന്റെ ആവിയിൽ മുക്കിപ്പിടിക്കുന്ന ഗംഗ വിക്ഷുബ്ധവിലാപത്തിന്റെ ഭാഷയെയാണ് ചെമപ്പ് എന്ന നിറത്തിൽ നിന്നും പിടിച്ചുകൊണ്ടുവരുന്നത്. പുരുഷാധിപത്യം എന്ന ദുർവൃത്തത്തിനു പുറത്ത് ബഹുസ്വരവും ജനാധിപത്യപരവുമായ മറ്റൊരു ജീവിതത്തിനു സാധ്യതയുണ്ടെന്നു തെളിയിക്കാൻ ഗംഗയുടെ ചെമപ്പിന്റെ ഭാഷയ്ക്കാവുന്നു. നമ്മുടെ ആർട്ട്ഫെയറുകളിൽ സംഘർഷങ്ങളെ ക്യൂറേറ്റ് ചെയ്യാൻ ക്ഷണിക്കുന്ന ഈ ചിത്രകാരി ചെമപ്പിൽ തീർക്കുന്ന ആഘാതങ്ങൾക്ക് അതിവിപുലമായ ഒരു പെൺപൗരത്വ ഇഫക്ടാണുളളത്. പെൺപൗരത്വം എന്ന ആലോചനയുടെ കാഴ്ച പങ്കുവയ്ക്കാൻ ചെമപ്പിന്റെ സൗന്ദര്യസംഹിതകളെയാണ് ഗംഗ നായർ കൂട്ടുപിടിക്കുന്നത്. ചുവന്ന പെയിന്റ് ചെയ്യുന്ന ഓരോ സ്തൂപികയും കാലത്തെ ആകൃതിപ്പെടുത്തുകയാണ് ചെയ്യുന്നത്. ചിത്രകാരിയെന്ന പാർശ്വജീവിതം ഈവിധമൊക്കെയാണ് ഗംഗയിൽ സാധ്യമാകുന്നത്.

ഈയാഴ്ചയിലെ
അഫോറിസം
വാക്കിന്റെ കാക്കച്ചിറകിലെ
ഈണപ്പൊരുത്തമില്ലാത്ത
ഇരുട്ടിന്റെ വിതരണക്കാരനാണ്
ആൺകവി.

താമസപിണ്ഡത്തിലെ
വിടരാത്ത
താമരപ്പൂവാണ്
പെൺകവി.

Author

Scroll to top
Close
Browse Categories