കീഴാളസാഹിത്യം : അമർത്തിവെയ്ക്കപ്പെടുന്നതോ; ആഘോഷിക്കപ്പെടുന്നതോ ?
കീഴാളന്റെ നേരുകൾ ഒരു മതമായി നിൽക്കുകയാണ്. അവിടുത്തെ ദൈവം ആധികാരികമായ ഭാഷയാണ്. അവിടെ നേരുകളുടെ ശാഖയെ വെട്ടിമാറ്റിയാലും ആ നേരിനെ അടക്കിപ്പിടിച്ച് പിന്നെയും വളരാനും നോവുകളെ നേരുകളാക്കി അനാവരണപ്പെടുത്താനുമാണ് കീഴാളകഥ ശ്രമിക്കുന്നത്. കീഴാളഭാഷ സൗകര്യങ്ങൾ കുറഞ്ഞ ഒരു ഭാഷയാണെന്ന് സ്ഥാപിച്ചെടുത്തത് ഇവിടത്തെ സവർണ്ണാധികാരമാണ്. ഭാഷാപരമായ ഈ വിവേചനത്തെ എതിർക്കാനാണ് ടി.കെ.സി. വടുതലയും സി. അയ്യപ്പനും ഒക്കെ ശ്രമിച്ചത്. ഇവരുടെ പ്രതിരോധങ്ങൾക്ക് എത്രത്തോളം പ്രചാരം ലഭിച്ചുവെന്നത് ചോദ്യചിഹ്നമാണ്. എല്ലാ പ്രചാരങ്ങളും മനംമയക്കലുകളായതുകൊണ്ടുതന്നെ സവർണ്ണ സാഹിത്യത്തിന് ലഭിച്ച ഒരു പ്രചാരം കീഴാളസാഹിത്യത്തിനു ലഭിച്ചില്ല.
മലയാളത്തിലെ ദലനം ചെയ്യപ്പെട്ട എല്ലാ ബ്രാന്റഡ് കീഴാള സാഹിത്യവും അക്ഷരാർത്ഥത്തിൽ സമൂഹശരീരത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടവയല്ല. ദലിതരുടെ ആത്മരോഷം തിളയ്ക്കുന്ന പ്രതിഷേധത്തെയും സ്വത്വബോധ പ്രതിസന്ധികളെയും അലങ്കാരരഹിതമായി ആവിഷ്കരിക്കാൻ ഇന്നോളം ഉണ്ടായിട്ടുള്ള കീഴാളസാഹിത്യത്തിനായിട്ടില്ല.
ജനാധിപത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ദർശനങ്ങളെ അംബേദ്കർ എങ്ങനെയാണോ പുണർന്നെടുത്തത്, അതേ മാനറിസത്തിലാണ് ഇവിടത്തെ ദളിതെഴുത്തുകാർ ആവിഷ്കരിക്കുന്നത് എന്നത് ഒരു വ്യാജ പ്രചരണമാണ്. ഒരു ജനവിഭാഗത്തിന് കാവൽ നഷ്ടപ്പെടുന്നതിലെ ഭീതിയെയും ജീവിതത്തെ ഏങ്കോണിച്ചു കാണുന്നതിലെ അസംബന്ധത്തെയും വരിയിട്ടെഴുതാൻ ആഘോഷിക്കപ്പെടുന്ന കീഴാള എഴുത്തുകാർക്കാവുന്നില്ല. ശരീരം എന്ന കറുത്ത ഇറച്ചിയേയും കീറിപ്പോയ ഉടുപ്പു ധരിച്ച പെൺകുട്ടിയേയും സ്വാദില്ലാത്ത ഭാഷയിൽ ആവിഷ്കരിച്ചാൽ അതു ദളിതെഴുത്താകുമോ? കേരളത്തിലെ ദളിതെഴുത്തിന്റെ ശൈലി പുത്തനാവേണ്ടതുണ്ട്. മുടിനാരു കൊണ്ടുള്ള അക്ഷരപ്പാലമൊരുക്കുന്ന നിലവിലെ രീതികൾ വികാരശൂന്യമായിട്ടാണ് സംഭവഗതികളെ നോക്കിക്കാണുന്നത്. ഇവിടെ ദളിതെഴുത്തുകാരന്റെ ചുമതലകൾ മരണാനന്തരമേ ചർച്ചയ്ക്ക് ആരംഭം കുറിക്കുകയുള്ളൂ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ ” എരി ” എന്ന രചന ചർച്ചയാകുന്നത് പ്രദീപന്റെ മരണത്തിനു ശേഷമാണ്. പി എ. ഉത്തമന്റെ ‘ചാവൊലി’യെ ശ്വാസമയച്ച് വീണ്ടെടുത്തത് പി.കെ. രാജശേഖരൻ എന്ന നിരൂപകനാണ്. കീഴാളന്റെ ആകുലതകൾക്ക് ആശ്വാസം പകരാതെ സവർണ്ണദൈവം ഒളിവിൽപ്പോയ (പോകുന്ന) മുഹൂർത്തങ്ങളിലാണ് ദളിതെഴുത്ത് കരുത്താർജ്ജിക്കേണ്ടത്. അനാഥമാക്കപ്പെടുന്ന നന്മകൾക്കു വേണ്ടി നിലകൊള്ളാൻ നമ്മുടെ ദളിതെഴുത്തുകാർക്കാവുന്നില്ല. എഴുത്തെന്ന കലയിലെ എല്ലാ കർമവും പൂർവനിശ്ചിതമാണെന്ന ധാരണയാണിപ്പോഴും അവർ കൊണ്ടുനടക്കുന്നത്. ഭൂമിയിലെ അവരുടെ നിയോഗങ്ങളെ തടയാനോ വഴിമാറ്റാനോ ഒക്കെയേ എസ്.ജോസഫ്, എം.ആർ.രേണുകുമാർ, എം.ബി. മനോജ് തുടങ്ങിയവരുടെ രചനകൾക്കാവുന്നുള്ളൂ. അവർക്ക് ഭാഷ പ്രതിരോധത്തിൽ അധികാരദണ്ഡല്ലാതായി തീർന്നു. അതിരുകടന്ന സമ്പദ് സമൃദ്ധിയും ധൂർത്തുമാണിപ്പോൾ അവരുടെ ഭാഷ ഉന്നമിടുന്നത്. കീഴാള സമൂഹത്തിന്റെ പൊതു ഘടനയിലുണ്ടാകുന്ന ആഘാതങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ പകരാൻ ഇവരുടെ പിൻതലമുറക്കാരായ സുകുമാരൻ ചലിഗദ്ദയ്ക്കോ അശോകൻ മറയൂരിനോ സി. അനിൽകുമാറിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ആഘോഷത്തിന്റെ ലഹരി ശരിക്കും തലയ്ക്കടിച്ചു കയറിയ ഈ എഴുത്തുകാർ ഇന്നും സവർണരുടെ പരിചാരകരായി എഴുന്നേറ്റുനിൽക്കുകയാണ്. ആഘോഷിക്കപ്പെടുന്ന ഈ കീഴാള എഴുത്തുകാരൊക്കെ നിർവ്യാജമായി എഴുതപ്പെട്ട ഈ കീഴാളപ്പുസ്തകങ്ങൾ നിർബന്ധമായും വായിക്കേണ്ടുന്നതാണ്. ‘ഇൻസൈറ്റ് പബ്ലിക്കയുടെ “കാവിയപൊത്തകനെര” യിലെ പത്തു പുസ്തകങ്ങൾ നിലനിൽക്കുന്ന കീഴാളസാഹിത്യനിർമ്മിതിയെ കീഴ്‌മേല്‍ മറിക്കുന്നവയാണ്.
മണ്ണിയം കുന്നേല് വില്ലും വിശയുണ്ട്
നീയും വണന്തോടി പൊമ്മാലേ
- പൊമ്മാലയും കോവാലനും /
ഗംഗാധരൻ പണിയൂരാളിൽ
(ആദിമ)
മാന്താം മതുക്കിന് മാന്താ പോകാം
വങ്കാളൻ കല്ലിളക്കി കിയങ്ങെടുക്കാൻ.
-കിയെങ്ങെടുക്കാൻ പോകുമ്പോൾ /
തങ്കച്ചൻ തേവൻ
(തെന്നാരി)
ഞാൻ ജനിച്ച നാട്
ഞാൻ വളർന്ന കാട്
എല്ലാമെന്റെ എന്റേതാക്കി
ഞാൻ വളർന്ന വീടാണ്.
- മീനൊളിയാൻ / ദാമോദരൻ തേവൻ (മീനൊളിയാൻ)
മണ്ണ്ങ്കും പൊണ്ണുങ്ക് പോലും
പൂമില് പോരും പടെ
പയം ചൊല്ല് നേരത് പോലൊരു
കഥയോ.
- മയിലരസു / ലിജിന കടുമേനി
(മയിലരസു പുറം. 47 അടുക്കളയിലെ
അടുപ്പിലെരിയുന്ന തീയുടെ
ഹൃദയത്തിലാണ്
തീ കൊള്ളിയുടെ ജനനം. - തീക്കൊള്ളി/ മണികണ്ഠൻ അട്ടപ്പാടി (പച്ചഞരമ്പുകൾ )
അടെഞ്ച പള്ളെയും
അടെഞ്ച കവിളും
ചിഹ്ന ആഞ്ചു
വയസുന ചിഹ്ന അഞ്ചു.
– കന ആയിഞ്ചക്കു / ഹരീഷ് പൂതാടി (വുളക്കു)
ഇഞ്ഞ കാങ്കന്റ് ഞാനും
എന്ന കാങ്കന്റ് ഈയും
അറിയത്തെ കൊതിത്തേന്താതേ
പ്രീതിന്റ് പറതേന്ത്?
– പേരില്ലാകവിതകൾ/
രതീഷ് . ടി.ഗോപി
(പറത് തീരത്ത്)
മൂക്കാതെ അമ്മെ ആകണ്ട മകളെ
മൂത്തു പഴുപ്പാം ഇനിയും നാളുളാ
-എന്ന മകളുക്കു / സിജു സി. മീന
(വല്ലി)
യെന്റെ ചോരെ വിത്തിലെല്ലാം
വാസെ പെറ്റെ പച്ച മാന്തറം.
നീങ്കളെന്നെ അറിയണത്
യെന്റെ വാസെയിലെന്നെ
-ന്‌ങ്കളെന്നെ അറിയണത് /
പ്രകാശ് ചെന്തളം
(ഒച്ചയൊച്ച കല്ലുകളെ)
ഇതുവരെയുണ്ടായിട്ടുള്ള ദളിതെഴുത്തുകളെല്ലാം വരേണ്യതാളത്തിലുള്ളവയായിരുന്നുവെന്ന് തീർച്ചപ്പെടുത്താൻ ഈ കൃതികൾ ധാരാളം മതി. കീഴാള സാഹിത്യത്തിന് ഒരു സൂക്ഷ്മതലമുണ്ട്. അത് പ്രവർത്തിക്കുന്നത് പുറത്തല്ല, എഴുതുന്ന വ്യക്തിയുടെ ഉള്ളിലാണ്. ഗംഗാധരൻ പണിയൂരാളിൽ മുതൽ പ്രകാശ് ചെന്തളം വരെയുള്ളവരെ വായിക്കുകയാണെങ്കിൽ എസ്.ജോസഫ് മുതൽ അശോകൻ മറയൂർ വരെയുള്ളവരെ വായനക്കാർ പുറത്താക്കുക തന്നെ ചെയ്യും. കാരണം തങ്കച്ചൻ തേവനടക്കമുള്ളവർ അമർത്തിവെയ്ക്കപ്പെടുന്നവരും ജോസഫിനെ പോലെയുള്ളവർ ആഘോഷിക്കപ്പെടുന്നവരുമാണ്. കാവ്യത്തിന്റെ ആത്മാവായി കാടിനെയും കടലിനെയും ഗോത്രത്തെയും ഒന്നും കാണാത്തവരാണ് കേരളത്തിൽ ദളിത് പൊയറ്റ് ലോററ്റ് ഫാക്കൽറ്റിയിലേക്ക് ടിക്കറ്റ് ലഭിച്ചിട്ടുള്ളവർ. ഈ കാവ്യപീഠങ്ങൾ വെറും സാങ്കൽപ്പിക നിർമ്മിതികളാണ്. ഏറ്റവും അധ:സ്ഥിതനെ പറഞ്ഞകറ്റാൻ ഇവിടത്തെ സവർണ്ണ മേധാവിത്വം ഏർപ്പെടുത്തിയ കീഴാളസംവരണം മാത്രമാണ് വിരലിലെണ്ണാവുന്നവരായ ആഘോഷിക്കപ്പെടുന്ന ദളിതെഴുത്തുകാർ. ദുഷ്ടബുദ്ധിയായ മേലാളന്മാരെ പൂജിക്കുക എന്ന കേവല ലക്ഷ്യത്തിനപ്പുറം കഴമ്പുള്ള ചില രചനകൾ ജൈവികമായി ശീതീകരിക്കപ്പെട്ട കാടിനുള്ളിലിരുന്ന് അമർത്തിവെയ്ക്കപ്പെട്ടവർ എഴുതിയിട്ടുണ്ട്. ആഘോഷിക്കപ്പെടുന്ന ദളിതെഴുത്തുകാർ ഇപ്പോഴുമുള്ളത് വരേണ്യതാളത്തിന്റെ അസംബന്ധസങ്കേതങ്ങളിലാണ്. അമർത്തിവെയ്ക്കപ്പെട്ടവരുടെ എഴുത്തുകൾ കെട്ടിച്ചമച്ചവയല്ലാത്തതിനാൽ അവയ്ക്ക് സ്വാഭാവികതയാണുള്ളത്. അവയ്ക്ക് നിർമ്മിതഭാഷയുടെ അതിശയോക്തികളോ കൃത്രിമത്വമോ ഇല്ല. ഭാഷ അവർക്ക് പട്ടിൽ പൊതിഞ്ഞ കെട്ടല്ല.
പാർശ്വവത്കൃതന്റെ തനിമനസ്സ്
കീഴാളന്റെ നേരുകൾ ഒരു മതമായി നിൽക്കുകയാണ്. അവിടുത്തെ ദൈവം ആധികാരികമായ ഭാഷയാണ്. അവിടെ നേരുകളുടെ ശാഖയെ വെട്ടിമാറ്റിയാലും ആ നേരിനെ അടക്കിപ്പിടിച്ച് പിന്നെയും വളരാനും നോവുകളെ നേരുകളാക്കി അനാവരണപ്പെടുത്താനുമാണ് കീഴാളകഥ ശ്രമിക്കുന്നത്. കീഴാളഭാഷ സൗകര്യങ്ങൾ കുറഞ്ഞ ഒരു ഭാഷയാണെന്ന് സ്ഥാപിച്ചെടുത്തത് ഇവിടത്തെ സവർണ്ണാധികാരമാണ്. ഭാഷാപരമായ ഈ വിവേചനത്തെ എതിർക്കാനാണ് ടി.കെ.സി. വടുതലയും സി. അയ്യപ്പനും ഒക്കെ ശ്രമിച്ചത്. ഇവരുടെ പ്രതിരോധങ്ങൾക്ക് എത്രത്തോളം പ്രചാരം ലഭിച്ചുവെന്നത് ചോദ്യചിഹ്നമാണ്. എല്ലാ പ്രചാരങ്ങളും മനംമയക്കലുകളായതുകൊണ്ടുതന്നെ സവർണ്ണ സാഹിത്യത്തിന് ലഭിച്ച ഒരു പ്രചാരം കീഴാളസാഹിത്യത്തിനു ലഭിച്ചില്ല. ഇതിനോടുള്ള വിയോജിപ്പുകൾ ടി.കെ.സിയുടെ ശീർഷകങ്ങളിൽ നിന്നു തന്നെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ” ചങ്ക് രാന്തി അട ” ” അങ്കാ എറങ്ങിക്കെടേന്റെ കണ്ടങ്ങാരാ”, ” ത്ത്ൻമകാ ചീമേനി”, ” എണ്ട വിതിയാ”, ” അച്ചണ്ട വെന്തീഞ്ഞ ഇന്നാ” തുടങ്ങിയ ശീർഷകങ്ങൾ ഉപരിവർഗ്ഗം ഉറപ്പിച്ചെടുത്ത സൗന്ദര്യസങ്കല്പങ്ങളെയും ഭാഷാശുദ്ധിയെയും ഘടനാധാരണയേയും കീഴ്മേൽ മറിക്കുന്നവയാണ്. ദളിതന് പ്രതിരോധിക്കേണ്ടിയിരുന്നത് സവർണ്ണഭാരത്തെ മാത്രമായിരുന്നില്ല. മറിച്ച് അവരുടെ ആത്മാവിൽ തറയ്ക്കപ്പെട്ട അടിമത്തശീലത്തെ കൂടിയായിരുന്നു. അത്തരം പോരാട്ടങ്ങളുടെ ഇതിഹാസത്തെയാണ് ഈ ശീർഷകങ്ങൾ തുറന്നു കാണിക്കുന്നത്. ഈ മഹാപ്രക്ഷോഭത്തിന്റെ തുടർച്ചകളെ അതിന്റെ ഗൗരവത്തിൽ ഏറ്റെടുക്കാൻ സി. അയ്യപ്പനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മതപരിവർത്തനം ചെയ്യപ്പെട്ട കീഴാളരുടെ ജീവിതപ്രശ്നങ്ങളാണ് ടി.കെ.സി. പ്രമേയമാക്കിയതെങ്കിൽ, താനുൾപ്പെട്ട കീഴാളസമുദായത്തിന് ഉന്നതകുല ജാതരിൽ നിന്നും നേരിടേണ്ടിവന്ന ചൂഷണങ്ങളേയും പീഡനങ്ങളെയുമാണ് സി.അയ്യപ്പൻ കഥയിൽ ആവിഷ്കരിച്ചത്. റിയലിസത്തിന്റെ അന്ധഭാഷാക്രമങ്ങളെയും സൗന്ദര്യത്തെയും അയ്യപ്പൻ നിരാകരിച്ചതിനെ വിചിത്ര സ്വപ്നങ്ങളായും പ്രേതം കൂടിയ വ്യക്തിയുടെ ഭാഷണമായും ഒക്കെ നമ്മുടെ നിരൂപകർ എഴുതിത്തള്ളി. മുപ്പതിലധികം കഥകൾ മാത്രമേ എഴുതിയിട്ടുള്ളൂവെങ്കിലും അവയിലെല്ലാം കീഴാളജീവിതവുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്ര സൂചനകളും സാംസ്കാരിക സൂചനകളുമാണുള്ളത്. ഭ്രാന്തുള്ള ആളിന്റെ പറച്ചിലുകളായി സവർണ്ണ നിരൂപകന്മാർ മറവ് ചെയ്ത ടി.കെ.സി. വടുതലയുടേയും സി.അയ്യപ്പന്റെയും കഥകൾ പാർശ്വവൽകൃതരുടെ തനി മനസ്സിനെയാണ് അനാവരണം ചെയ്യുന്നത്.
ബ്രാന്റിംഗ് മാത്രമായ
കവിത
ദളിത് പൊയട്രി നേരിടുന്ന കാതലായ ചില പ്രശ്നങ്ങളുണ്ട്. ഇവിടെ ആഘോഷിക്കപ്പെടുന്ന കീഴാളകവികൾ പൂരിപ്പിക്കാതെ വിട്ടുപോയത് ഇപ്പോൾ പൂരിപ്പിക്കുന്നതിനെ കുറിച്ച് ഇൻട്രോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വാക്കുകളുടെ ചടുലമായ വിന്യാസക്രമത്തിനപ്പുറം കവിത എന്ന കലയെ അസ്വാദ്യമാക്കുന്നത് അതിലെ അർത്ഥത്തിന്റെ രാഷ്ട്രീയമാണ്. ഒരു ദളിത് കവി പ്രതിനിധാനം ചെയ്യുന്ന തന്റെ സമുദായത്തെ ആൽബപ്പെടുത്താൻ ആ സമുദായത്തിന്റെ പദങ്ങൾ, പ്രയോഗങ്ങൾ, കല്പനകൾ, ആഖ്യാനം എന്നിവ അനിവാര്യമാണ്. ദളിത് കവിതയ്ക്ക് അതിന്റേതു മാത്രമായ ചില ധ്വനികളുണ്ട്. അത് പ്രതിരോധത്തിന്റെ കനം കൂടിയ കല്ലുകളെ സവർണാതിരിൽ ഉയർത്തി നിർത്താനാണ് ശ്രമിക്കേണ്ടത്. യന്ത്രങ്ങൾ ആധിപത്യമാളുന്ന കാലത്തും ഒരു പച്ചമനുഷ്യനെ കാണണമെങ്കിൽ കാട്ടിലേക്ക് പോകണമെന്ന ധാരണയെയാണ് അമർത്തിവെയ്ക്കപ്പെട്ട ദളിതാഖ്യാനങ്ങൾ നമുക്ക് പറഞ്ഞു തരുന്നത്. ഡോ. എം.ബി. മനോജ് ലേഖനങ്ങളിലൂടെയും കവിതകളിലൂടെയും ഒക്കെ ഉണ്ടാക്കിയ ഒരു ദളിത് പ്രെമിസ് പക്ഷേ ജോസഫിനുണ്ടാക്കാനാവുന്നില്ല. എസ്. ജോസഫിന്റെ ഏറ്റവും ഒടുവിലത്തെ കവിതയുടെ ശീർഷകം ‘അഭിസാരിക’ ( ഭാഷാപോഷിണി, നവംബർ 2023) എന്നാണ്. ജോസഫ് എന്ന പേരും, ആ പടവും ഇല്ലെങ്കിൽ ഈ കവിത എഴുതിയത് ഒരു ദളിത് ആനുകൂല്യജേതാവിന്റേതാണോ എന്ന സംശയം വായനക്കാരനിലുണ്ടാക്കും. ജോസഫിന്റേത് ഒരു ദളിത് പ്രദർശന വേദി മാത്രമായി ഒടുങ്ങുകയാണ്.
നിലാവുള്ള രാത്രിയിൽ
മഞ്ഞു പടരുമ്പോൾ ഞാനെന്റെ
മൺകുടിലിൽ
ഗിഫാർ മീട്ടുന്നു.
അഭിസാരികേ ,
നീ ഇലകൾ കൊഴിയുന്ന ഒച്ചയിൽ വന്നു
ജനൽ കമ്പിയിൽ പിന്നിലേക്ക്
കയ്യിട്ടു പിടിച്ച്
എന്നെത്തന്നെ നോക്കിനിന്നു.
ഭർത്താവ് ഉറങ്ങിയെന്ന് നീ പറഞ്ഞു
തടിക്കതകു തുറന്ന് ഇറങ്ങി വന്നു
സംഗീതത്തിൽ അലിയാൻ.
– അഭിസാരിക / എസ്. ജോസഫ്
(ഭാഷാപോഷിണി നവംബർ 2023)
മൺകുടില്, തടിക്കതക് തുടങ്ങിയ പ്രയോഗങ്ങളാണോ ഈ കവിതയുടെ ദളിത് യോഗ്യത? ഇതിലെവിടെയാണ് ദളിത് രാഷ്ട്രീയം കവിഞ്ഞുപൊട്ടുന്നത്? കീഴാളാനുകൂല്യങ്ങൾ കൈപ്പറ്റുന്ന സവർണ്ണതാളക്കാരനായ എസ്. ജോസഫാണ് ഈ കവിതയിൽ തുളുമ്പിവരുന്നത്. ടി.കെ.സി.വടുതലയും സി.അയ്യപ്പനും ഒക്കെ ഈ കവിക്ക് മാപ്പു കൊടുക്കട്ടെ.
ഈയാഴ്ചയിലെ
പുസ്തകം
ഗോത്ര പെൺകവിതകൾ/
എഡി: ധന്യ വേങ്ങച്ചേരി
(ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്)
കാടിന്റെ ആത്മീയതയാണ് ചില ദളിത് പെൺകവികളുടെ പ്രലോഭനമായി മാറുന്നത്. കുലയ്ക്കുന്നതിന് മുമ്പ് തട വെട്ടിയതു കൊണ്ട് ആർത്ത് തളിർത്ത് പെട്ടെന്നു വളർന്ന ചില ഗോത്ര പെൺകവികളുണ്ട്. അവർ ആഘോഷിക്കപ്പെടുന്നവരല്ല. മറിച്ച് അമർത്തിവെയ്ക്കപ്പെടുന്നവരാണ്. കാട്ടിലെവിടെ നിന്നും പുതിയ മുളകളെ അനുവദിക്കുന്ന ഒരു എഡിറ്റോറിയൽ കത്രികയാണ് ധന്യയുടെ പക്കലുള്ളത്. കവിതയ്ക്ക് ഗോത്രത്തിന്റെ കാലാവസ്ഥയും മണ്ണും ഒരു സുരക്ഷയായി തീരുന്നതിന്റെ വലിയ സാക്ഷ്യമാണിതൊക്കെ. ഈ കവിയുടെ ശരീരത്തിനുള്ളിലെ അവയവങ്ങൾ പലതരം ഗോത്രകാവ്യ മനസ്സുകളെ ജനിപ്പിച്ചെടുക്കുകയാണ്. ഹരിത.കെ.എമ്മിന്റെ ‘തെയ്യ’, ‘തീയു’, ‘പൊണ്ണു ‘, ‘പൂതി’, ‘രശ്മി സതീഷിന്റെ ‘കാവ് ‘, ‘ഇടിമാരി’ ഗ്രീഷ്മ കണ്ണോത്തിന്റെ ‘പ്രകാശം’ തുടങ്ങിയ കവിതകൾ തനിമനസ്സിന്റെ നിർമ്മാണവും കാടിന്റെ ആത്മീയപരിസരവുമാണ് തെറുത്തുവെയ്ക്കുന്നത്. മിന്നു മോളുടെ ‘തെയ്ന്റി കാട് ‘, ‘എങ് ഓയ്ലി എങ് ദെവലെ’, ‘സിലെ വട്ടെ ‘, ‘കയൽ പെനി പെണ്ക് ‘ എന്നീ കവിതകളും ദളിതാഖ്യാനത്തിന്റെ കടുത്ത സാന്നിധ്യങ്ങളെയാണ് മുഖ്യധാരയിലേക്കെത്തിക്കുന്നത്. ജോസഫിനും രേണുകുമാറിനുമൊന്നും ലഭിക്കാത്ത ഒരു ദളിത് നിഘണ്ടുവിന്റെ ശിക്ഷണം ലഭിച്ചവരാണിവർ. ആഘോഷിക്കപ്പെടുന്ന കവികൾക്ക് ജീവിതം വെറും നടിപ്പായി തീർന്നിരിക്കുകയാണ്. അതിന്റെ പാരമ്യത്തിൽ അന്ധത കളിക്കുന്ന കണ്ണുകൾ എന്നന്നേക്കുമായി പൊട്ടി നീരൊലിക്കുമ്പോൾ ദളിതെഴുത്തിന്റെ പണിത്തികവുകൊണ്ട് ഉത്ഭവിക്കുന്ന ഈ കണ്ണുനീർ കവിതകളെ ആഘോഷിക്കപ്പെടുന്നവർ ഏറ്റെടുത്തിരുന്നെങ്കിൽ. ഉഷ.എസ് പൈനിക്കര, രമ്യ ബാലകൃഷ്ണൻ, അഞ്ജലി ജ്യോതി, സനു നാരായണൻ, പി.അജിത്, അംബിക.പി.വി, ശ്രീജ ശ്രീ വയനാട്, പ്രകൃതി എന്നിവരും ദളിത് പ്രതിരോധങ്ങൾ തന്നെയാണ് തീർക്കുന്നത്. ഇതിലെ ധന്യ വേങ്ങച്ചേരിയുടെ ‘അവരൊഴുകിപ്പോയ നദിയുടെ പേര് ‘ എന്ന കവിത ഉദ്ധരിക്കാൻ ഈ ലേഖകൻ നിർബന്ധിതനാകുന്നു.
” ഭരണമാളുന്നോർ
വരച്ചു ചേർക്കും
ഭൂപടത്തിൽ
ഉയിരിനങ്ങളായി ഞങ്ങളില്ലയോ? “
ഇവർക്ക് കാടിനു പുറത്തുള്ളതെല്ലാം ഭാഷയുടെ അന്യരുചികളായതു കൊണ്ടല്ല ഇങ്ങനെ ചോദിക്കുന്നത്. മറിച്ച്, അവരാണ് മനുഷ്യനിർമ്മിതിയുടെ ആദ്യമുകുളങ്ങൾ എന്നതുകൊണ്ടാണ്. ഭാഷ പോലും അവരുടേതാണ്.
ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
തൊടാനാകുന്ന മനുഷ്യവിനിമയത്തിന്റെ മാപ്പുകളെ (maps) മുദ്രണപ്പെടുത്താൻ ശ്രമിക്കുന്ന ഒരു ദളിത് ചിത്രഭാഷ ഇവിടെയുണ്ടാകുന്നുണ്ട്. ആ പുതിയ ചിത്രഭാഷയെ ദളിത് ഹാങ്ങോവറിലിരുന്നാണ് നാം വീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മനോവ്യാപാരത്തെ ഫോറൻസിക് സ്ക്രീനിങ്ങിനായി ഏൽപ്പിച്ചുകൊടുക്കുന്ന പ്രവണതയും നിലനിൽക്കുന്നുണ്ട്. നാം മറന്ന പ്രകൃതിയെയും അതിന്റെ എടുപ്പുകളെയും ഒരു ഭാവനാത്മക പരീക്ഷണശാലയിൽ വെച്ച് വേവിച്ചെടുക്കാനാണ് ദീപ.കെ.പി എന്ന ചിത്രകാരി ശ്രമിക്കുന്നത്. ഇവിടത്തെ മീഡിയ കട്ടിംഗുകൾക്ക് സുപരിചിതമല്ലാത്തതും സ്റ്റേജ്ഡ് വിമൻ ആർട്ടിൽ ഇടം പിടിക്കാത്തതുമായ ഒരു ചിത്രകാരിയാണ് ദീപ. നമ്മുടെ സാമ്പ്രദായിക പാനോപ്റ്റിക് (panoptic) നിരീക്ഷണാവസ്ഥയ്ക്കു പുറത്തായ ദീപയെ നാടകീയമായ എതിർപ്പ്, അവിശ്വാസം, വ്യതിയാനം എന്നിവയ്ക്ക് പുറമേ വെച്ച് വായിച്ചാൽ പാർശ്വജീവിതങ്ങളുടെ ഉൾത്താപം ആവാഹിച്ച ദളിതാഖ്യാനങ്ങളെ കാണാൻ കഴിയും. ഒരു ചിത്രകാരിയുടെ ചലനോർജ്ജം പ്രതിരോധമായി തീരുന്നതിന്റെ സാക്ഷ്യമാണ് ദീപയുടെ പാരിസ്ഥിതികാഖ്യാനങ്ങൾ.
ഇമേജ് ഈവന്റിംഗ് (image eventing) എന്ന വ്യാജ പ്രവണതയെ തട്ടിത്തൂവുന്ന ഈ ചിത്രകാരിക്ക് ഭാവനയുടെ ആനുകൂല്യങ്ങൾ കാലവിചാരത്തിനുള്ള ഉപാധികളാണ്. ദീപയുടെത് സന്ദർഭ സൃഷ്ടികളല്ല, മറിച്ച് യാഥാർത്ഥ്യത്തോട് സാമ്യമുള്ള ഭാവനാത്മക മൂല്യങ്ങളാണ്. വയനാട്ടിൽ ജനിച്ച ഈ കലാകാരി സ്വാമി ആചാര്യചര്യ എന്ന ബെൽജിയൻ ചിത്രകാരനു കീഴിലാണ് കലാപഠനം നടത്തിയത്. ഡ്രോയിങ് ആൻഡ് പെയിന്റിങ്ങിൽ കെ. ജി.ടി.ഇ, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഗ്യാലറിപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ള ഈ ചിത്രകാരിയെ മലയാളികൾ തിരിച്ചറിഞ്ഞത് എം.ടി.വാസുദേവൻ നായരുടെ കഥകളെ ആധാരമാക്കി വരച്ച ചിത്രങ്ങൾക്ക് ‘വർണ്ണമേളം’ പുരസ്കാരം ലഭിച്ചപ്പോഴാണ്. താൻ അഭ്യസിച്ചതൊക്കെയും മാറ്റിവെച്ചിട്ട് ആന്തരികമായ വേറൊരു അനക്കത്തിലൂടെ കീഴാളലോകത്തെ വയനാടിന്റെ പച്ചയിലൂടെ കോർത്തെടുക്കാൻ ദീപ നടത്തുന്ന ശ്രമങ്ങളെ ഗൗരവമായി ഉൾക്കൊണ്ടേ മതിയാകൂ. വുമൺ ആർട്ടിസ്റ്റ് എന്ന സങ്കല്പത്തെ പൗരുഷപ്രതീതികൾ കൊണ്ട് അട്ടിമറിക്കുകയും സവർണ്ണചിത്രസ്വത്വത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് ദീപ അവലംബിക്കുന്നത്.
ഈയാഴ്ചയിലെ
അഫോറിസം
കാലുകളുടെ
ധ്യാനപീഠമാണ്
മണ്ണ്.