സാഹിത്യോത്സവം

നമ്മുടെ സാഹിത്യോത്സവങ്ങൾ വായനാസുഖത്തിന്റെ പഞ്ചാരത്തരികളേക്കാൾ കൂടുതലായി കുടഞ്ഞിടുന്നത് ഫുഡ്കോർട്ടിലെ കണ്ണാടിപ്പെട്ടിയിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന മെന്യു – റെസിപ്പി കളക്ഷനുകളാണ്. ലോകകല ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന ഫെസ്റ്റിവലുകളിൽ ഭാഷയും തത്വചിന്തയും ജുഡീഷ്യറിയും പൊളിറ്റിക്സും തടങ്കലും പ്രവാസവും ജയിൽവാസവും ഒക്കെയാണ് മുഖ്യ പ്രമേയങ്ങൾ.
കലയെ ഒരു ചരക്കായി കാണാൻ പരിശീലിപ്പിക്കുകയാണ് ചില കൾച്ചറൽ ഫെസ്റ്റുകളുടെ ലക്ഷ്യം. ഭാഷയുടെ ആരോഗ്യ സർവ്വേ പ്രകാരം പൊണ്ണത്തടിയുടെ കാര്യത്തിൽ മുമ്പിലുള്ളത് നമ്മുടെ ഭാഷയാണ്. ഭാഷയ്ക്ക് നികുതി ഏർപ്പെടുത്തിയാൽ കൊഴുപ്പ് നികുതി അടയ്ക്കേണ്ടി വരുന്ന ഭാഷയും മലയാളമാകും. പക്ഷെ ഇതേ ഭാഷാവിനിയോഗത്തിന്റെ കാര്യത്തിൽ ദരിദ്രരായ എഴുത്തുകാരുള്ളതിനാൽ ചില ഇളവുകൾ ലഭിച്ചേക്കും.
‘ഋ’ പോലെ കൊഴുത്തതും എന്നാൽ തീരെ ഉപയോഗം കുറഞ്ഞതുമായ ചില ലിപികളെ പോലെയാണ് സാഹിത്യോത്സവങ്ങളിലെ ചില എഴുത്തുകാർ. മുലക്കരം, തലക്കരം, കൊട്ടപ്പണം, തനിത്തണ്ടം, ശവകാണിക്കൈ തുടങ്ങിയ നികുതികൾ പോലെ ലിപികരം ഏർപ്പെടുത്താൻ ചിലപ്പോൾ സമീപഭാവിയിൽ സാഹിത്യോത്സവങ്ങൾ വഴിതെളിച്ചേക്കും. ക്ലാസിക്കൽ ധനകാര്യവിദഗ്‌ദ്ധരുടെ നോട്ടപ്പുള്ളിയാണ് മലയാള അക്ഷരമാലയിലെ ‘ ഋ ‘ എന്ന ലിപി. ഇതേ മട്ടിൽ തന്നെ നോട്ടപ്പുള്ളികളാണ് സാഹിത്യോത്സവ സംഘാടകർക്ക് ചില എഴുത്തുകാരും. പരസ്പരം വിഴുങ്ങാൻ നിൽക്കുന്ന സാഹിത്യ കോർപ്പറേറ്റുകളുടെ മത്സരകളത്തിലെ അടിമകളോ കുഴലൂത്തുകാരോ ഒക്കെയാണ് നമ്മുടെ ഭൂരിഭാഗം ഫെസ്റ്റിവൽ ജീവികളായ എഴുത്തുകാരും. കെ.പി. അപ്പനോ എം. കൃഷ്ണൻ നായരോ ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം എഴുത്തുകാരെ കൂകി തോൽപ്പിച്ചേനെ. അതുകൊണ്ട് ടെസ്ല ടാക്സ് ഡീസൽ/ പെട്രോൾ വാഹനങ്ങൾക്കു മാത്രം പോര. മറിച്ച് ‘ഋ’ കളെ പോലെ ഉപയോഗശൂന്യരായ എഴുത്തുകാർക്കും ‘ടെസ്ല ടാക്സ് ഏർപ്പെടുത്തണം. ഹരിതലോകത്തിന് ആഘാതമേൽപ്പിക്കുന്ന ദുരന്തങ്ങളുടെ സംരംഭകരായി എഴുത്തുകാർ മാറിക്കഴിഞ്ഞല്ലോ. ‘ ജിജി ‘ എന്ന കവിത കാവ്യഹരിത ലോകത്തിനേറ്റ മാലിന്യഭാരമാണല്ലോ.
അഭിനയസാധ്യതകൾ ഏറെ പരീക്ഷിക്കപ്പെടുന്നതാണ് ഫെസ്റ്റിവൽ വേള. നിർഭാഗ്യവശാൽ മെയിൽ സ്‌ട്രീം ഫെസ്റ്റിവലുകളിൽ പലതും തികഞ്ഞ അസംബന്ധ നാടകങ്ങളായിരുന്നു. വായനക്കാരന്റെ ഉള്ളിലേക്ക് ഇനിയും പ്രവേശിക്കാനാവാത്ത (നിരന്തരമായി എഴുതാത്ത)വരാണ് എല്ലാ ഫെസ്റ്റിവലുകളിലെയും അതിഥികൾ. റീൽസ് വായനക്കാരന്റെ അഭിപ്രായത്തെ ക്രീം റീഡേഴ്‌സിന്റെ അഭിപ്രായമായി മാറ്റിയെടുക്കുന്നതാണ് എഴുത്തിലെ പുതിയ ജാലവിദ്യ. നന്നായി സ്‌ക്രിപ്റ്റ് ചെയ്യപ്പെട്ട ഒരു പക്ഷപാതിത്വം എഴുത്തുകാരനിലെ പരാജയ ഭീതിയെ മറികടക്കാൻ സഹായിക്കുന്നത് അമിതമായി ജനാധിപത്യവൽക്കരിക്കപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന ചില ഫെസ്റ്റിവലുകളാണ്. നമ്മുടെ സാഹിത്യോത്സവങ്ങൾ വായനാസുഖത്തിന്റെ പഞ്ചാരത്തരികളേക്കാൾ കൂടുതലായി കുടഞ്ഞിടുന്നത് ഫുഡ്കോർട്ടിലെ കണ്ണാടിപ്പെട്ടിയിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന മെന്യു – റെസിപ്പി കളക്ഷനുകളാണ്. ലോകകല ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന ഫെസ്റ്റിവലുകളിൽ ഭാഷയും തത്വചിന്തയും ജുഡീഷ്യറിയും പൊളിറ്റിക്സും തടങ്കലും പ്രവാസവും ജയിൽവാസവും ഒക്കെയാണ് മുഖ്യ പ്രമേയങ്ങൾ.
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിയൊമ്പതുകളിൽ ചെൽട്ടൻഹാം സാഹിത്യോത്സവം നീട്ടിയെറിഞ്ഞ ഈ സംസ്കാരം ഇക്കാലത്താണ് വന്നു വീണ് നവ പ്രസക്തിയാർജ്ജിക്കുന്നത്. ഇംഗ്ലണ്ടിലെ ചെൽട്ടൻഹാം കുതിരപ്പന്തയത്തിനു മാത്രമല്ല സാഹിത്യോത്സവത്തിനും പേരു കേട്ടതാണ്. അതിൽ അന്തർദേശീയ രചയിതാക്കൾ മാത്രമല്ല സംഗീതജ്ഞരും മറ്റു കലാപ്രവർത്തകരും ഇതിന്റെ ഭാഗമാകുന്നുണ്ട്. കല-സാഹിത്യ-സംസ്കാര രഹസ്യങ്ങൾ എന്ന സങ്കര പ്രമേയം ആസ്വാദകനെ തന്റെ ഒളിനോട്ട ദാഹത്തിനു ശമനിയാക്കാൻ പഴുത് എത്തിച്ചു നൽകാറുണ്ട്. ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ഓതേഴ്സ്, മോട്ടീവ് ക്രൈം ആന്റ് മിസ്റ്ററി ഫെസ്റ്റിവൽ എന്നാണ് അറിയപ്പെടുന്നത്. സെന് മാർക്കിലെ ലൂസിയാന സാഹിത്യോതവത്തിൽ ഹറുകി മുറകാമി, ജോയ്സ് കരോൾ ഓട്സ്, ഇയാൻ മക് ഇവാൻ, ഹെർണാൻ ഡയസ് തുടങ്ങിയ ലോക സാഹിത്യകാരൻമാരാണ് സ്വാതന്ത്ര്യ ബോധത്തോടെ , അതും ഉത്കടമായത്, വിഭ്രാത്മകമായ ഭാവന, ആത്മപ്രഹർഷണത്തിന്റെ ഉച്ച കോടിയിലെത്താനുള്ള വീറും വാശിയും ആർജ്ജവവും കലാഭാവനയുടെ പരിപൂർണ്ണ ഗഗനസഞ്ചാരം ഇതൊക്കെ ഞെക്കിച്ചവിട്ടി പിടിക്കാതെ ശ്വാസമണച്ച് ജീവിപ്പിക്കുന്നത് ലോക സാഹിത്യത്തിന്റെ (സാഹിത്യകാരന്മാരുടെ) ഭവ്യാരാധകരാണ്. ബെർലിൻ ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സൽമാൻ റുഷ്ദിയെ പോലുള്ളവർ സ്ഥിരം അതിഥികളായിരുന്നു.
മലയാളത്തിലെ പല അക്ഷരോത്സവങ്ങളും സ്വന്തം തൊഴുത്തിൽ കെട്ടാൻ മാത്രം ലിപികളെ മെലിയിച്ചു തുടങ്ങിയിട്ടുണ്ട്. അവ കോർപ്പറേറ്റ് സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്. KLIBF അനുകരണീയമായ ഒന്നാണ്. മാതൃഭൂമി ‘ ക ‘ ലോകമേളകളോട് ചേർത്തുവെയ്ക്കാവുന്നതാണ്. WLF അഥവാ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഏഷ്യയിലെ തന്നെ ആദ്യത്തെ റൂറൽ ഫെസ്റ്റിവലാണ്. ഗ്രാമോത്സവമാണ്. വിനോദ്.കെ.ജോസ്, വി.എച്ച്.നിഷാദ്, ലീന ഗീത, ജോസഫ് കെ. ജോബ് തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ ഫെസ്റ്റിവൽ പക്ഷെ മറ്റ് കോർപ്പറേറ്റ് ഫെസ്റ്റിവലുകളേക്കാൾ മുന്നിലാണ്. അരുന്ധതി റോയി, എം. മുകുന്ദൻ, എൻ.എസ്.മാധവൻ, പ്രകാശ് രാജ്, പാർവ്വതി തിരുവോത്ത്, ബേസിൽ തുടങ്ങിയവർ അതിന്റെ ഭാഗമാകുന്നു. ഇതേ വേയ്‌വിലും ലെൻന്തിലുമാണ് WLF മനോജ് ജാതവോദരെയും ശ്രീജിത് പെരുന്തച്ചനെയുമൊക്കെ അതിഥിയായി കണക്കാക്കുന്നത്. ഒരു ഗ്രാമം മുഴുവൻ കലാമാമാങ്കത്തിന്റെ ഭാഗമാകുന്നതിനെയും ഒരു മനുഷ്യനെ തൊടുന്ന സമസ്ത മേഖലകളും ഫെസ്റ്റിവലിന്റെ പ്രമേയമാകുന്നതിനെയും അത്ഭുതത്തോടെ കണ്ടേ മതിയാകൂ. WLF ‘ഋ’ പോലെ കൊഴുത്ത എഴുത്തുകാരെ മാത്രമല്ല ഇന്ത്യൻ ജുഡീഷ്യറിയിലെ അതികായന്മാരെയും ഡയസുകളിൽ എത്തിച്ചിരുന്നു.
സാഹിത്യോത്സവത്തിലെ
ഫിക്ഷനിസ്റ്റുകൾ
സാഹിത്യോത്സവങ്ങളിൽ ഫിക്ഷനിസ്റ്റു തന്നെ ബലതന്ത്രത്തോടെ പ്രവേശിക്കുന്ന രീതി ചില ഫെസ്റ്റിവലുകളിൽ കാണാം. സത്യം പുറത്തെടുക്കാനുള്ള യത്നത്തിനു എഴുത്തുകാരന്റെ ഭാവന തുണയാകുമെങ്കിലും ഡയസിൽ ആശയം മാത്രമല്ല ഭാഷയുൾപ്പെടെ പരിമിതികളായി മാറാറുണ്ട്. എന്നാൽ പോലും ചിലർ എല്ലാ ഫെസ്റ്റിവലുകളിലും നുഴഞ്ഞു കയറാറുണ്ട്. കലയുടെ കണ്ണാടിയ്ക്കും അനുഭവത്തിന്റെ പ്രതീകങ്ങൾക്കും മനസ്സിന്റെ ശാഠ്യങ്ങൾക്കുമിടയിൽ ഉള്ളടക്കം ചെയ്യുപ്പട്ടിട്ടുള്ള സത്യങ്ങളുടെ അഗാധഗർത്തങ്ങളെ അനുവാചകനിലേക്കെത്തിക്കാൻ മനനത്താൽ അലക്കിയ സ്വത്വത്തിന്റെ ഉൾത്തുറവി അനിവാര്യമാണ്. പ്രസാധകശാലകളിലെ ചിലരെ ചില പ്രായോഗിക ആനുകൂല്യങ്ങളുടെ പുതപ്പ് പുതപ്പിക്കാൻ ശേഷിയും വക്ര ബുദ്ധിയുമുള്ളവർ എഴുതിയില്ലെങ്കിൽ പോലും സാഹിത്യോത്സവങ്ങളിലെ പ്രഭാഷകരായി തീരും. ഫിക്ഷന്റെ കലയിലേക്ക് ഭാവനയെ കെട്ടിവലിക്കും പോലെയുള്ള എളുപ്പവഴിയല്ല ഓപ്പൺ ഡയസിന്റെ ഭാഗമാകൽ. സാഹിത്യകാരൻ എന്ന അരൂപത്തിൽ നിന്നും രൂപത്തിലേക്കുള്ള ഈ കുറുക്കുവഴിയെ പക്ഷെ ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്നത് നമ്മുടെ ചില എഴുത്തുകാരികളാണ്. അവരുടെ സ്വകാര്യജീവിത വിവരണം കേൾക്കാനാണോ ക്രീം റീഡേഴ്സ് എത്തുന്നത് എന്ന ചോദ്യം ബാക്കിനിൽക്കുന്നു. സ്വകാര്യജീവിതവിവരണം കലാത്മകമാകണമെന്നില്ല. ഇത്തരം ക്രിയാപ്രശ്നങ്ങൾ നിലനിൽക്കുന്നതു കൊണ്ടാണ് ടി.പത്മനാഭനും എം. മുകുന്ദനുമൊക്കെ സാഹിത്യോത്സവങ്ങളിലെ മുഖ്യാകർഷണമായി തീരുന്നത്. ടി.പത്മനാഭന്റെ കഥകളിലെ കാവ്യഭാവന തൊട്ടുരുചിക്കുകയോ കഥകളിലെ ആന്തരിക ചൈതന്യം തെല്ല് ആവാഹിക്കാനോ മനസ്സില്ലാതെ കൊട്ടിയടച്ച് ലിപികളുടെ ജനൽപ്പഴുതുകളിലൂടെ മാത്രം നോക്കുന്ന ഒളിച്ചുകളിക്കാരാണ് പലപ്പോഴും ടി. പത്മനാഭനെ പോലെയുള്ളവരെ ഡയസുകളിൽ അഭിമുഖപരീക്ഷ നടത്തുന്നത്. WLF ൽ എം. മുകുന്ദനോട് വി.എച്ച്. നിഷാദ് ചോദിക്കുന്ന ചോദ്യങ്ങളെ മാതൃകയാക്കാവുന്നതാണ്. നിഷാദ് ചോദിക്കുന്ന ഒരു ചോദ്യമിതാണ്. – “വളരെ ചെറുപ്പത്തിൽ തന്നെ സൂപ്പർ സ്റ്റാർഡം കിട്ടിയ എഴുത്തുകാരനാണല്ലോ താങ്കൾ”? അതിന് മുകുന്ദൻ പറയുന്ന മറുപടി ശ്രദ്ധേയമാണ് – ” അത് വായനക്കാർക്ക് തെറ്റിപ്പോയതാണ്. സൂപ്പർസ്റ്റാർസ് സിനിമാക്കാരാണ്.” ഇതേ ചോദ്യം ഒരു പക്ഷെ പുതിയ തലമുറയിലെ ഒരെഴുത്തുകാരനോട് ചോദിച്ചിരുന്നെങ്കിൽ അതിനുള്ള മറുപടികൾ ഇനി പറയാൻ പോകുന്നതായിരുന്നേനെ- ” ഞാൻ അഭിനയിക്കുന്ന കമലഹാസനെപ്പോലെയോ പാടുന്ന യേശുദാസിനെ പോലെയോ ചലച്ചിത്രം സംവിധാനം ചെയ്യുന്ന അടൂരിനെ പോലെയോ ഒക്കെ വലിയ കേമനാണെന്ന ഉത്തരങ്ങൾ തട്ടിവിട്ടേനെ. അനുഭവങ്ങളുടെ തീച്ചുളയിൽ ഇപ്പോഴും പാദമൂന്നുന്ന ഒരു പത്മനാഭനും മുകുന്ദനുമൊന്നും ഒരു ഫെസ്റ്റിവലിലൂടെ വന്നവരല്ലല്ലോ.
സാഹിത്യോത്സവങ്ങളിലെ
കവികൾ
ഭാഷയെ അതിന്റെ തനതിടത്തിൽ വെച്ച് വിചിത്രാനുഷ്ഠാനജാലവിദ്യക്ക് ഏൽപ്പിച്ചു കൊടുക്കുന്ന ഒരു രീതി MBILF ഉം KLF ഉം മാതൃഭൂമി ‘ക ‘ ഫെസ്റ്റിലും അവലംബിക്കാറുണ്ട്. ഇത് കവിതയുടെ തനത് രൂപത്തിൽ അവർ കാട്ടുന്ന സമർപ്പണത്തിനുള്ള അംഗീകാരമാണ്. മലയാളത്തിലെ ദളിത്കവിതയെ ആത്മരോദന പ്രകാശനങ്ങളായിട്ട് ഉൾക്കൊള്ളാൻ ഒരു മാതിരിപ്പെട്ട എല്ലാ ഫെസ്റ്റിവലുകളും ശ്രദ്ധിക്കാറുണ്ട്. ദളിത് കവികൾ സ്വയം നിർമ്മിച്ച സ്വത്വങ്ങളും അനുവാചകർ നിർമ്മിച്ചവയും പരസ്പരബന്ധിതമല്ലാത്തപ്പോഴും ജീവിതത്തോടുള്ള അവരുടെ ആസക്തിയെ പുറത്തെത്തിക്കാൻ പലപ്പോഴും സാഹിത്യോത്സവങ്ങളിലെ ഓപ്പൺ സ്‌പേസ് വഴിയൊരുക്കുന്നുണ്ട്. ദളിത് കവികളെ അപ്രാപ്യ മേഖലയിൽ പ്രതിഷ്ഠിക്കുന്നതിനു പകരം മനസ്സ് തുറന്നു വരഞ്ഞിറക്കാൻ പൊതുകലാസ്ഥലിയെന്ന അക്ഷരോത്സവത്തിലേക്ക് അവരെ കൊണ്ടിരുത്താൻ പര്യാപ്തമാക്കി. ആദിവാസി കാവ്യത്തിലെ ധ്വനിയെപ്പറ്റിയോ രസസിദ്ധാന്തങ്ങളെ പ്പറ്റിയോ ഗൗനിക്കാൻ കൈരളീ സഹൃദയരുടെ മനസ്സിനെ വളർത്തിയെടുക്കാൻ ഉതകുന്ന ഒരു സമീപനം ‘ WLF സാധ്യമാക്കിയിട്ടുണ്ട്. അപാര ന്യൂനതകളുള്ള മീഡിയമായി കവിത വളർന്ന കാലത്തിൽ കവിതയുടെ ഒറിജിനാലിറ്റിയിലേക്ക് വെളിപാടുണർത്തിക്കുന്ന ആത്മദാഹത്തിന്റെ ബാഹ്യപ്രകടനമായിരുന്നു WLF ന്റെ പൊയറ്റിക് ഡയസുകൾ. തനിമലയാളത്തിന്റേതെന്നതിനേക്കാൾ ആദിമഭാഷയുടെ അകം – പുറം കളിയിലൂടെ അതിവിദഗ്ധമായി ഭാഷയുടെ ജാലവിദ്യയെ കൈകാര്യം ചെയ്ത സുകുമാരൻ ചലിഗദ്ദ ,സിന്ധു മംഗാനിയൻ, ബിന്ദു ഇരുളം, ധന്യ വേങ്ങച്ചേരി, പ്രകാശ് ചെന്തളം, പി.ശിവലിംഗം തുടങ്ങിയവരെയാണ് കവിതയുടെ സെഷനുകളിലേക്ക് പരിഗണിച്ചത്. അതിൽ പങ്കെടുത്ത ബിന്ദു ഇരുളം ഇങ്ങനെ പറയുന്നുണ്ട് – ‘കുറച്ചുകൂടെ കഴിയുമ്പോൾ ഞങ്ങളും ദിനോസറുകളുടെ കൂട്ടത്തിൽ എഴുതപ്പെടും. വംശനാശ ഭീഷണി നേരിടുന്ന വംശമാണ് കാട്ട് നായ്ക്കർ “. ഇത്തരം ചില സത്യങ്ങളുടെ മൂടിതുറക്കാൻ ശ്രമിച്ചതുകൊണ്ടാണ് WLF ന്റെ രണ്ടാമത് എഡിഷൻ ശ്രദ്ധിക്കപ്പെട്ടത്. പത്രാധിപരായ വിനോദ്.കെ.ജോസിന്റെയും എഴുത്തുകാരനായ വി.എച്ച്. നിഷാദിന്റെയും ക്യൂറേറ്ററായ ലീന ഗീത രഘുനാഥ്, ജോസഫ്. കെ.ജോബ് തുടങ്ങിയവർ ഫെസ്റ്റിവലിനെ ഒരു രാഷ്ട്രീയ പ്രവർത്തനമായി ഉൾക്കൊണ്ടതുകൊണ്ടായിരിക്കണം ഇവരുടെ സർഗാത്മക വീര്യത്തെയും ഭാവനയുടെ കുടഞ്ഞെഴുന്നേൽപ്പിനെയും മത്തുപിടിച്ച ആനയെപ്പോലെ അനുവാചകർക്കു മുമ്പിലേക്കെത്തിക്കാൻ ഇവർക്കായത്. ഫെസ്റ്റിവലിലെ പൊയട്രി കാലത്തിന്റെ പുതിയ ധ്വനിയെയാണ് മേയാൻ വിടുന്നത്.
ഈയാഴ്ചയിലെ
പുസ്തകം
ആവാരാ ഹും / ഖാലിദ് ബക്കർ
(ഓർമ്മകളും കഥകളും) /
Mystic Thread Books.
പുസ്തകങ്ങളുടെ ഭാവിയെ കുറിച്ച് നിരവധി സന്ദേഹങ്ങൾ നിലനിൽക്കുന്ന ഒരു കാലത്താണ് മരണവും പിതൃത്വവും കെട്ടുപിണഞ്ഞ കഥകൾ ഉൾച്ചേർന്നതും ഇഹലോകത്തിൽ തിരിച്ചറിയാൻ പറ്റാതെ പോകുന്ന നിർമ്മലബന്ധങ്ങൾ, സ്നേഹത്തിന്റെയും പ്രേമത്തിന്റെയും സാർവ്വലൗകികത ഇവയൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഓർമ്മകളിൽ നീളേയും കുറുകേയും പാഞ്ഞുവരുന്ന ഒരു പുസ്തകം ശ്രദ്ധയിൽ പെട്ടത്. ഷാർജ ഇന്റർനാഷണൽ ഫെസ്റ്റിവൽ, MBILF , WLF എന്നിവയിൽ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകം ഒരു പക്ഷെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ചിദംബരസ്മരണയ്ക്കും ബാബു കുഴിമറ്റത്തിന്റെ ‘എഴുപതുകളുടെ പുസ്തകത്തിനും ശേഷം മലയാളിയെ സ്വാധീനിച്ച ഓർമകളുടെയും അനുഭവങ്ങളുടെയും പുസ്തകമാണ് ‘ഖാലിദ് ബക്കറിന്റെ ” ആവാരാ ഹും.” അനുഭവകഥനസാങ്കേതികതയുടെ അപൂർവ്വ ട്രിക്ക് പരീക്ഷിച്ചിട്ടുള്ള ഈ പുസ്തകത്തിലെ ഓരോ കുറിപ്പും ഒരു ഇന്റരീം പീരീഡിൽ വന്നുപോയ ഓർമ്മകളിലെ നുണകളെ തന്നെ തട്ടിത്തെറിപ്പിക്കുന്നവയാണ്. ഇതിലെ ഓർമ്മകൾ ഓരോന്നും ബോധസ്വരൂപമായും അബോധസ്വരൂപമായും വിളങ്ങുകയാണ് ഓരോ വായനക്കാരന്റെയും ഹൃദയത്തിന്റെ പൂമുഖങ്ങളിൽ. ഈ പുസ്തകത്തിലെ ഒന്നാമത്തെ കുറിപ്പിന്റെ ശീർഷകം തന്നെ കണ്ണിലെ ചെറിയ നാളികളെ കുതിർത്തെടുക്കും. “മോഹിപ്പിച്ചു കടന്നു കളഞ്ഞ മരണം ” എന്ന പ്രാരംഭ കുറിപ്പിൽ മരണത്തെ മുഖാമുഖം കണ്ട ഖാലിദ് എന്ന മനുഷ്യന്റെ സ്വജീവിതത്തോടുള്ള പ്രണയത്തേക്കാൾ അപരരോടുള്ള തീവ്രസ്നേഹത്തിന്റെ ഊഷ്മാവിനെയാണ് രേഖീകരിക്കുന്നത്. ഇവിടെ ഭാഷ നിർമ്മിക്കുന്നത് എഴുത്തുകാരനല്ല. മറിച്ച് ഒരെഴുത്തുകാരനെ ഭാഷ വീണ്ടെടുക്കുകയോ ജനിപ്പിക്കുകയോ ചെയ്യുകയാണ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെ യും സൗന്ദര്യതത്വശാസ്ത്രം അഴിഞ്ഞു വീഴുന്ന ഈ പുസ്തകത്തെ ഏറ്റെടുത്തത് സാഹിത്യോത്സവങ്ങളും അതിൽ എത്തപ്പെട്ട സാധാരണ വായനക്കാരുമാണ്. ഖാലിദിന് മനുഷ്യൻ മാത്രമേയുള്ളൂ. സ്ത്രീ -പുരുഷൻ എന്നീ ലിംഗദ്വന്ദ്വങ്ങളില്ല. ഇയാൾക്ക് എല്ലാ ആണും പെണ്ണും മുത്തും പ്രിയനും കരളുമാണ്. പ്രണയത്തിന്റെ ഒരു നനഞ്ഞ ഹൃദയം കുറിപ്പുകളിലാകമാനമുള്ളതിനാൽ ചിദംബരസ്മരണയുടെയും എഴുപതുകളുടെ പുസ്തകത്തിന്റെയും തുടർച്ചയാണിത്.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
കലാകാരിയും സ്ത്രീസമൂഹവും തമ്മിലുള്ള സംയുക്തത ക്രിയാത്മകവും വിപ്ലവാത്മകവുമായ സംരംഭങ്ങൾക്ക് ജന്മം നൽകിയതിന്റെ സാക്ഷ്യങ്ങൾ ലോകചിത്രകലയിലാകമാനമുണ്ട്. പ്രകൃതിയെ കലയുടെ അസംസ്കൃത വസ്തുവാക്കി മാറ്റുകയും അതിന്റെ പ്രതിബിംബന മൂല്യത്തെ ലാൻഡ് സ്കേപ്പിങ്ങ് എന്ന കലകളെ നിർമ്മിതിയുടെ അന്വേഷണങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കുകയും ചെയ്ത ചില ചിത്രകാരികൾ ലോക പെൺചിത്രകലയിൽ ഉണ്ടായിരുന്നു. പൂക്കളെയും ചെടികളെയും സ്നേഹിച്ചുകൊണ്ട് ഭൂപ്രദേശചിത്രങ്ങൾ രചിച്ച ഇംഗ്ലണ്ടിലെ പ്രഖ്യാതയായ ചിത്രകാരിയാണ് കാതറീൻഡീൻ. ഫാസക്കേർലിയിൽ കാതറിന്റെ വീടിനടുത്ത് ധാരാളം ചെടികളും വൃക്ഷങ്ങളും കാട് പിടിച്ച് വളർന്നിരുന്നു. ഇത് അവളെ പ്രകൃതിയുടെ ആരാധികയാക്കി. പൂക്കളിലും ഇലകളിലുമുള്ള ഈ അഭിനിവേശം പിന്നീട് അവർ രചിച്ച പുഷ് പചിത്രങ്ങളിലാകമാനമുണ്ട്. ഇത്തരം ഒരു ആമുഖം കുറിക്കുമ്പോൾ മലയാളിയായ മഞ്‌ജുള പ്രഭാകരൻ ദുബെയുടെ ലാൻഡ്സ്കേപ്പ് വരകളാണ് മുന്നിലുള്ളത്. സ്ത്രീപക്ഷകലാ ചരിത്രത്തിന്റെ ലാൻഡ്സ്കേപ്പ് നൂലിഴകൾക്ക് ചരിത്രപരമായ തലം പോലെ തന്നെ ഒരു ആത്മീയ വശം കൂടിയുണ്ട്. സ്ത്രീ പക്ഷാനുഷ്ഠാന കലയിൽ സ്ത്രീയെ നാം നിഗൂഢശാസ്ത്രപരമായി പ്രകൃതിയുമായി കണ്ണിച്ചേർത്ത് വായിക്കാനാണിഷ്ടപ്പെടുന്നത്. അമ്മ ദൈവത്തിന്റെ പ്രതിപാദന ശാസ്ത്രത്തിലൂടെ പ്രകൃതിയെ തൊടുന്ന ഒരു ലാൻഡ് സ്കേപ്പിസ്റ്റ് ചിത്രകാരിക്ക് പുതിയ സാമൂഹിക യാഥാർത്ഥ്യം സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മഞ്ജുള ദുബെയുടെ അത്തരം ആഖ്യാനങ്ങൾ. പ്രകൃതി ഒരു ചിത്രകാരിയുടെ താളത്തിനും ക്രമത്തിനും അനുസരിച്ച് സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നതിന്റെ നിരവധി സാക്ഷാത്ക്കാരങ്ങൾ മഞ്ജുളയുടേതായിട്ടുണ്ട്. ഭൂരേഖാഖ്യാനം ഇവിടെ സ്ത്രീയുടെയും പ്രകൃതിയുടെയും പരിണാമ പ്രക്രിയയായി മാറുന്നു. മഞ്ജുളയുടെ സ്വത്വാന്വേഷണം പ്രകൃതിയുമായുള്ള ഗാഢബന്ധത്തിന്റെ പുന:സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓരോ വരകളും തെളിയിക്കുന്നു.
ഈയാഴ്ചയിലെ
അഫോറിസം
ലിപികളുടെ ഇറച്ചി കഴിച്ച്
രക്ഷപ്പെടുന്ന കുലത്തിലെ
ഭാവനയുടെ ഒടുവിലത്തെ
മാംസഭുക്കാണ് സാഹിത്യോത്സവങ്ങളിലെ
എഴുത്തുകാർ !