പുസ്തക നിർമ്മിതിയിലെ വൈദേശിക ഭാവനകൾ
ഓരോ പുസ്തകങ്ങൾക്കും അതിന്റെ ഉള്ളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു ജീവിതമുണ്ട്. അതിന് കാണി കൂടിയായ വായനക്കാരന്റെ ഇടവേളകളിൽ എപ്പോഴും ഒരു സമയം അനുവദിച്ചു കിട്ടും. ഭാവനാധിഷ്ഠിതമായ ഈ നുഴഞ്ഞുകയറ്റത്തെ വിദേശ കല പുസ്തകനിർമ്മിതിയിലും പരീക്ഷിക്കാറുണ്ട്. യുക്തി വഴിമുട്ടിയ മലയാളി കല എന്ന ഭാവനയിലെ ജീവിയായി മാറാൻ വിസമ്മതിക്കുമ്പോഴെല്ലാം അയാൾ പാരമ്പര്യത്തിന്റെ തടവുകാരനായി മാറും. ഒരു പുസ്തകത്തിന്റെ രഹസ്യാത്മകമായ ശാരീരിക പീഡയാണ് അതിന്റെ എട്ടിലൊന്ന് എന്ന സാമ്പ്രദായികത.
ഒരിക്കലും മരിക്കാൻ തയ്യാറാകാത്ത ചില പുസ്തകങ്ങൾ ലോകത്തുണ്ടാകുന്നുണ്ട്. പുസ്തകനിർമ്മിതി എന്ന കലയെ അഖണ്ഡമാക്കുന്നത് ഈ നിർബന്ധമാണ്. പാരമ്പര്യവും സാമ്പ്രദായികതയും നാലു വശങ്ങളിലേക്കും കാഴ്ചയെ ചിതറിക്കുകയാണ് ചെയ്യുന്നത്. ആത്യന്തിക ഐക്യത്തിൽ ഇരിക്കുന്ന പുസ്തകങ്ങളെ ഇപ്പോൾ കാണിയായ വായനക്കാരൻ ഗൗനിക്കാറില്ല. ജീവിക്കുന്ന നിമിഷത്തെ ചിത്രീകരിക്കണമെങ്കിൽ ആകൃതിരഹിതമാകേണ്ടതുണ്ട്. എല്ലാ പാരമ്പര്യങ്ങളും സാമ്പ്രദായികതകളും തകർന്നു വീണിട്ടും എട്ടിലൊന്ന് എന്ന ഉത്പന്നത്തിന്റെ പിന്നിൽ ജീവിതം പരതുന്നവരായി മാറിയിട്ടുള്ളത് മലയാളി മാത്രമായിരിക്കും. പുതിയ ഇന്റർനെറ്റ് വരിക്കാരനും എട്ടിലൊന്നിനെ ഏറ്റവും മുന്തിയ പുസ്തകഭൂഖണ്ഡമായിട്ടാണ് മനസ്സിലാക്കുന്നത്. എഴുത്തുകാരൻ ഉണ്ടാക്കിയെടുക്കുന്ന ജീവിത തന്തുക്കളെ കാണി എന്ന വൈകാരികതയുടെ തത്വചിന്തയോട് കണ്ണിച്ചേർക്കുന്നത് സാമ്പ്രദായികതയോടുള്ള അരമ്യതയാണ്. വിഷ്വൽ ഇലാസ്തികതയുടെ കാലത്തിലെ എഴുത്തുകാരൻ തന്റെ ചുറ്റിനുമുള്ള ലോകത്തിൽ തന്റെ തന്നെ സ്വത്വരൂപത്തെ കണ്ടെത്താൻ പരാജയപ്പെടുന്നതുകൊണ്ടാണ് സാമ്പ്രദായികതയുടെ പിന്നാലെ ഇപ്പോഴും സഞ്ചരിക്കുന്നത്. മലയാളിയുടെ വിവേകത്തിന്റെ പരിധിയിലിപ്പോഴുമുള്ളത് ആ പഴയ നാലുകെട്ടും തുളസിത്തറയും മാത്രമാണ്. അവർ ഓർക്കിഡ് കൾച്ചറിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുകയും തുളസിക്കതിരിനെ നെഞ്ചിൽ പിടിച്ചു നടക്കുന്നവരുമാണ്. വൈദേശിക സാഹിത്യത്തിലെ എഴുത്തുകാരനും അതിന്റെ നിർമ്മാതാവും ശില്പികളാണ്. കല്ലിൽ ഒരു ശില്പി നിരവധി രൂപങ്ങളെ കാണുന്ന മട്ടിലാണ് അവിടുത്തെ എഴുത്തുകാരും പ്രസാധകരും അക്ഷരങ്ങൾക്കിടയിൽ അതിന്റെ ആർട്ട് ഫോമിനെ കണ്ടെടുക്കുന്നത്. ഇവിടെ എഴുത്തുകാരൻ പ്രസാധകന്റെ തൊഴിലാളിയാണ്. പ്രസാധകൻ ഇവിടെ മുതലാളിയുമാണ്. അങ്ങനെ വരുമ്പോൾ പുസ്തകം ഒരു ചരക്ക് മാത്രമായി ഒടുങ്ങും. അതിന് ഏലത്തിന്റെയും നാളികേരത്തിന്റെയും വില ലഭിക്കില്ലായെന്നറിയാവുന്നതുകൊണ്ട് ക്രിയേറ്റിവിറ്റി എന്ന മെന്യൂർ ഇടാൻ അവർ വിസമ്മതിക്കുന്നു. പക്ഷെ പുസ്തകനിർമ്മാണം സാധ്യതകളുടെ കലയായി മാറുന്നത് വിദേശസാഹിത്യത്തിലാണ്.
ഓരോ പുസ്തകങ്ങൾക്കും അതിന്റെ ഉള്ളിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു ജീവിതമുണ്ട്. അതിന് കാണി കൂടിയായ വായനക്കാരന്റെ ഇടവേളകളിൽ എപ്പോഴും ഒരു സമയം അനുവദിച്ചു കിട്ടും. ഭാവനാധിഷ്ഠിതമായ ഈ നുഴഞ്ഞുകയറ്റത്തെ വിദേശ കല പുസ്തകനിർമ്മിതിയിലും പരീക്ഷിക്കാറുണ്ട്. യുക്തി വഴിമുട്ടിയ മലയാളി കല എന്ന ഭാവനയിലെ ജീവിയായി മാറാൻ വിസമ്മതിക്കുമ്പോഴെല്ലാം അയാൾ പാരമ്പര്യത്തിന്റെ തടവുകാരനായി മാറും. ഒരു പുസ്തകത്തിന്റെ രഹസ്യാത്മകമായ ശാരീരിക പീഡയാണ് അതിന്റെ എട്ടിലൊന്ന് എന്ന സാമ്പ്രദായികത. ചില പാരമ്പര്യങ്ങൾ ചിലപ്പോൾ ഉൽപ്പന്നത്തിന്റെ മൂല്യത്തെ ശൂന്യമാക്കും. സാമ്പ്രദായികതയുടെ തെന്നിപ്പുകൾ അഗാധമായ വിനിമയ സാധ്യതയുള്ള സൂക്ഷ്മ ആവാസഘട്ടങ്ങളെ തൊട്ടു കാണിക്കുകയും അടിച്ചമർത്തപ്പെട്ട ധർമ്മവ്യവസ്ഥകളിൽ നിന്ന് കലയുടെ മൊത്തം ശരീരത്തെ പുറത്തെടുത്തു കാണിക്കുകയും ചെയ്യും. ഈ കലാനിഷ്ഠതയാണ് വിദേശ പുസ്തകനിർമ്മാതാവിനെ കാണിയായ വായനക്കാരനു വേണ്ടി നിരുപദ്രവകരവും സാഹസികവും ഭ്രാന്തവുമായ ഭാവനകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും അപാരമ്പര്യത്തിന്റെ മാതൃകകൾ സൃഷ്ടിക്കുന്നതും. അറിയത്തക്കതല്ലാത്ത പുസ്തക ഉൺമയിലേക്ക് തുരങ്കം നിർമ്മിക്കുന്ന അത്തരം ചില അത്ഭുത നിർമ്മിതികളിലൂടെ സഞ്ചരിച്ചാലേ പാരമ്പര്യത്തിന്റെ കേടുകൾ ഏൽപ്പിക്കുന്ന ജൈവസാഹോദര്യക്കുറവുകളെ നമുക്ക് മനസ്സിലാക്കാനാവൂ. ജീവിതത്തെ ഞെക്കിപ്പിഴിഞ്ഞെടുക്കാൻ പാരമ്പര്യത്തിന്റെ കല കൂടിയേ തീരൂ എന്ന വ്യവസ്ഥ ഉണ്ടാക്കിയെടുത്തിരിക്കുന്നത് ഇവിടത്തെ ചിറകുവെച്ച സവർണ്ണ കരിങ്കൽപ്പക്ഷികളാണെന്നതാണ് വാസ്തവം. സംസ്കൃതഭാഷയുടെ അത്തരം ചുമടെടുപ്പുകാർ ലോകസാഹിത്യത്തിലെ പാരമ്പര്യേതരമായ ചില അക്ഷരോല്പന്നങ്ങളെ ഒന്നു പരിചയപ്പെടുന്നതു നല്ലതാണ്.
കൃതികളെല്ലാം മനുഷ്യവികാരങ്ങൾ കൊണ്ട് തിങ്ങി നിറയണമെങ്കിൽ എട്ടിലൊന്ന് കെട്ടുവള്ളം അനിവാര്യമാണെന്ന വാശി ഉപേക്ഷിച്ചതിന്റെ വൈദേശിക സാക്ഷ്യമാണ് പീറ്റർ ന്യൂവെല്ലിന്റെ (Peter Newell) ” The Slant Book ” എന്ന അത്ഭുതനിർമ്മിതി. ഈ പുസ്തകത്തിന്റെ ഒരു മൂല കുത്തിനിർത്തിയാൽ മറ്റേ അഗ്രം ഒരു ഗോപുരം പോലെ പൊന്തി നിൽക്കും. തന്റെ തന്നെ അജ്ഞാതമായി അവശേഷിച്ചിരുന്ന ഒരു ജീവിതാവസ്ഥയുടെ പുനരുത്ഥാനമാണ് ഈ ഉയർച്ചയാര്ന്ന ആകൃതിയെന്ന് പിന്നീട് നൈജൽ വാർബർട്ടൻ (Nigel war burton) നിരീക്ഷിച്ചത് വെറുതെയല്ല. ആ പുസ്തകം തൊടുന്ന ഓരോ വ്യക്തിയുടെ അജ്ഞാതത്വത്തിന്റെ പ്രതീകമാണത്. ഒരു പുസ്തകത്തിന്റെ പിറവിയുടെ വിശുദ്ധി, അത് പിറന്നാലുള്ള ജീവിതത്തെ പിടിച്ചാൽ കിട്ടാത്തതാക്കി തീർക്കുമെന്നതിന്റെ വലിയ സാക്ഷ്യമാണിന്നും ” The Slant Book “. ആയിരത്തിത്തൊള്ളായിരത്തി പത്തിൽ ആദ്യ പതിപ്പിറങ്ങിയ ഒരു പുസ്തകത്തിന്റെ ഉള്ളടക്കവും ഒരുതരം കോമിക് പൊയറ്റിക് ഫിക്ഷന്റേതാണ്.
It crashes into a hemlock stump
That chanced to block its way ,
And Bobby made a flying jump
And landed in the hay.
– The Slant Book / Peter Newell
പുസ്തകനിർമ്മിതിയിലെ ഇനി പിറക്കാനിരിക്കുന്ന ഭ്രൂണങ്ങളും ഇവിടെ എട്ടിലൊന്നാണെന്നിരിക്കെ സാമ്പ്രദായിക പേജു നമ്പരുകളോ നിർമ്മിതിയുടെ ജാഡകളോ, എന്നാൽ നിറയെ കൗതുകങ്ങൾ പേറുന്ന ഒരു പുസ്തകമാണ് ” The Slant Book “.
എട്ടിലൊന്നിന്റെ തിരക്കേറിയ നഗരമായ കേരളത്തിലേക്ക് പാത വിജയകരമായി മുറിച്ചുകടന്ന മറ്റൊരു പുസ്തകമാണ് ബെൻ ഓക്രിയുടെ ” Tiger Work “. ഈ പുസ്തകം ഒരു കൈപ്പിടിയിലൊതുങ്ങുന്ന ഡയറി ആകൃതിയാണ്. ഏറ്റവും പുതിയ കഥകളുടെയും കവിതകളുടെയും കുറിപ്പുകളുടെയും ഈ പുസ്തകവും ഇതുവരെ കാണാത്ത ഒരു പുതിയ പാരമ്പര്യത്തെയാണ് വശീകരിച്ചെടുക്കുന്നത്. ഇത്തരം പരീക്ഷണങ്ങളുടെ പുതിയ ഇൻവെസ്റ്റ്മെന്റുകൾ മലയാളത്തിലും ഇപ്പോൾ ഇടം പിടിക്കുന്നുണ്ട്. Rehasana യുടെ ‘ haiku.’, Anjali Krishna യുടെ ” Echoes of Being “, ഇ.മീരയുടെ കവിതകളുടെയും വരകളുടെയും പുസ്തകമായ “ചില്ലരുവിയിലെ വെള്ളിമീൻ തുള്ളാട്ടങ്ങൾ “, ആൻ മേരി ജേക്കബിന്റെ ” ഗതി “, ജോ ചെഞ്ചേരിയുടെ “ചിന്ത് “, ഷെഫീ കൊട്ടാരത്തിലിന്റെ ” പ്രണയാക്ഷരങ്ങളുടെ കിത്താബ് ” എന്നീ കൃതികൾ അവയുടെ ആകൃതിയും ഉള്ളടക്കവും കൊണ്ട് പാരമ്പര്യത്തെ വെല്ലുവിളിക്കുകയും വൈദേശികഭാവനയെ പുണരുകയും ചെയ്യുന്നു. എം.കെ. ഹരികുമാറിന്റെ “എന്റെ ജ്ഞാനമുകുളങ്ങൾ” പ്രാർത്ഥനാപുസ്തകത്തിന്റെ ആകൃതിയിലാണുള്ളത്. അതിൽ ഒരു ജ്ഞാനമുകുളം ഇങ്ങനെയാണ്. ” മണ്ണ് മണ്ണിരയുടെ അവയവമാണ് “. ഈ മീറ്റർ അവതരിപ്പിക്കാൻ ഒരു എട്ടിലൊന്ന് ആവശ്യമില്ലല്ലോ.
കഥയിലെ
നേരും നുണകളും
കഥയ്ക്കിപ്പോൾ അതിന്റെ സ്വന്തം ജീവിതമില്ല. അതുകൊണ്ടവയ്ക്ക് ജീവിതത്തിന്റെ പഞ്ചും നഷ്ടമാകുന്നു. കഥയുടെ അനന്യത ചിലപ്പോൾ വാക്കുകളുടെ ബഹുത്വമോ ശൂന്യതയോ ഒക്കെയായി മാറി വായനയുടെ കലയെ നിലനിർത്തും. മറ്റു ചിലപ്പോൾ വായനക്കാരന്റെ ബോധത്തെ കുത്തിപ്പൊട്ടിക്കും. ചിലർ എഴുതുമ്പോൾ ഭാവന അതിന്റെ ജീവിതത്തെ മനസ്സിലാക്കുന്നത് വല്ലപ്പോഴുമായിരിക്കും. പക്ഷേ ചിലർ ഒരിക്കൽ എഴുതിയാൽ മതി അവ എന്നും ഓർമിക്കപ്പെടും. മുതിർന്ന കഥാകാരന്മാരിൽ ഏറ്റവും മീറ്റർ കുറഞ്ഞ കഥയെഴുതിയ കഥാകാരനാണ് ഒ.വി.വിജയൻ. പക്ഷേ ആ കഥക്ക് ആരും ഒരു ബ്രാൻഡ് നെയിം കൽപ്പിച്ചു നൽകിയില്ല. കാരണം വിജയൻ വരച്ച കാർട്ടൂണുകള് വാചാലമായതിനേക്കാൾ വേഗത്തിൽ ആ കുരുന്നുവാക്കുകൾ സംവദിച്ചുവെന്നുള്ളതുകൊണ്ടാണ്.
” മുന്തിരിങ്ങ പുളിയ്ക്കും “, കുറുക്കൻ പറഞ്ഞു.
അഗസ്ത്യൻ ചിരിച്ചു. ” കടലും പുളിയ്ക്കും”.
– മുൻവിധിയും അനുഭവവും /
ഒ.വി വിജയൻ
എല്ലാം പൂർണമായി അറിഞ്ഞവരാരുമില്ല എന്നതിന്റെ ധ്വനിയാണ് അഗസ്ത്യന്റെ വാചകത്തിലുള്ളതെന്ന് കാണിയായ വായനക്കാരൻ സങ്കൽപ്പിച്ചെടുക്കാൻ പാകത്തിലാണ് പാരമ്പര്യങ്ങളെ റദ്ദ് ചെയ്തുകൊണ്ട് വിജയൻ ഈ കഥ എഴുതിയത്. ഇത് മലയാളകഥയിലെ ഒരു വലിയ നേരാണ്. പക്ഷേ ഇതേ അളവിൽ ഉണ്ടാക്കപ്പെടുന്ന നുണകളുണ്ട്. ” ഒറ്റവരിക്കഥകൾ” എന്ന ശീർഷകത്തിൽ (ഭാഷാപോഷിണി, 2023 നവംബർ) അമൽ എഴുതിയ കഥകൾക്ക് നമ്മുടെ ജീവിതാവസ്ഥയ്ക്കുള്ളിലേക്ക് കയറാൻ ആവുന്നില്ല. കഥയുടെ ലോകം അടഞ്ഞുതന്നെ കിടക്കുന്നു. അമലിന്റെ ഭാവനയുടെ ഭാരം നമ്മുടെ ചിന്തയെ ഉണർത്തുന്നില്ല. കാലവുമായി ഒട്ടും ഇടപഴകാത്ത നാൽപത്തിനാല് കഥകളിൽ നിന്ന് ചിലത് ഉദ്ധരിച്ചാൽ ആ നുണ വ്യവസായത്തിന്റെ കഠിന ഭാരം നമുക്ക് ബോദ്ധ്യമാകും.
പണം കായ്ക്കുന്ന മരം പുരയ്ക്കു മേലേ ചാഞ്ഞപ്പോൾ പുര ഇടിച്ചുപൊളിച്ചു കളഞ്ഞ് മരത്തെ സംരക്ഷിച്ചു.
( പതിര് )
“എന്റെ കുഞ്ഞുഹൃദയം വേദനിച്ച് വിങ്ങിപ്പൊട്ടുന്നു” എന്നു സ്റ്റേറ്റസ് ഇട്ടപ്പോൾ ഹൃദയത്തിന്റെ വിങ്ങിപ്പൊട്ടലിന് ആശ്വാസം കിട്ടി.
മലയാളഭാവനയിലെ നുണയും ദുരന്തവുമാണി കഥകൾ. (സ്റ്റേറ്റസ് )
കവിതയുടെ
രണ്ടു പച്ചഞരമ്പുകൾ
മണ്ണിന്റെയും പ്രകൃതിയുടെയും നാഗരികതയ്ക്ക് കവിതയെ നീക്കിവെച്ച കവികളിൽ പ്രധാനിയാണ് കുമാരനാശാൻ. ലോകത്തുള്ള കവികളെല്ലാം പൂവിനെയും വണ്ടിനെയും കുറിച്ച് കവിതയെഴുതിയപ്പോൾ വിലാപങ്ങളുടെ ഭിന്നകൽപ്പനകളെയാണ് ചൊരിച്ചിറക്കി വിട്ടത്. ചെടിയിലിരിക്കുന്ന വണ്ടിനെയും പൂവിനെയും അവരെല്ലാം സൗന്ദര്യത്തിന്റെ മന:ശാസ്ത്രമുപയോഗിച്ചെഴുതിയപ്പോൾ ആശാൻ മാത്രം വീണപൂവിനെ കുറിച്ചെഴുതി. ഇത് പൂവിന്റെ ഉപരിതല മനസ്സിന്റെ ആഖ്യാനമാണ്. പൂവിൻമേലുള്ള ധ്യാനമാണ്. ഈ ധ്യാനത്തെ പിന്തുടരുന്ന രണ്ടു കവിതകൾ ഈ ലേഖകന്റെ കണ്ണിൽപ്പെട്ടിരുന്നു. അവ കവിതയുടെ രണ്ടു പച്ചഞരമ്പുകളായി കണ്ണിൽ ഉടക്കിനിൽക്കുന്നു. അജ്ഞാതത്വം ഉയർത്തി വിട്ട ആകുലതകൾക്ക് കാവ്യപരമായ അർത്ഥങ്ങൾ നൽകാൻ ശ്രമിക്കുന്ന കവിതയാണ് സെബാസ്റ്റ്യന്റെ “നട്ടുവൻ”. അതു ഭാവനയിലെ സൂര്യന്റെ നൃത്തമാണ്. സൂര്യന് എല്ലായിടവും നൃത്തവേദിയാണെന്നത് ഒരു ധ്യാനമുകുളമാണ്. കാവ്യാത്മകമായ സ്വയം സമ്പൂർണ്ണതയുടെ വികാര ലോകമാണ് സെബാസ്റ്റ്യന് കവിത. ധ്യാനത്തിന്റെ സ്മാരകമായ ഈ കവിത ഉദ്ധരിക്കാം.
കവിതയിലെ രണ്ടാമത്തെ ആ പച്ചഞരമ്പ് ബിജോയ് ചന്ദ്രനാണ്. ” ചോറൂണ് ” (ഭാഷാപോഷിണി 2023 നവംബർ ) എന്ന കവിത ഭൗതികവും ഉപയോഗാധിഷ്ഠിതവുമായ ഒരു ബാല്യത്തിന്റെ തീക്ഷ്ണതയെ ധ്യാനത്തിൽ നിന്നൂറ്റിയെടുത്താണ് നമുക്ക് നൽകുന്നത്. ഈ കവിതകൾ പ്രകൃതിയുടെ സത്യമാണ്.
ഈയാഴ്ചയിലെ
പുസ്തകം
ആയിരം ചിറകുകളുടെ പുസ്തകം
സുരേഷ് നാരായണൻ
(പാപ്പാത്തി പുസ്തകങ്ങൾ)
വിനിയോഗത്തിന്റെ സൗന്ദര്യശാസ്ത്രം മാറി വരികയാണ്. എല്ലാവർക്കും ഈ സൗന്ദര്യത്തിന്റെ ഓഹരി കൈപ്പറ്റാനാവില്ല. പുസ്തകനിർമിതിയിലെ വൈദേശികഭാവനയെ രൂപപ്പെടുത്തുന്നതു പോലും ഒരാളുടെ ഇഷ്ടമാണ്. ഈ ഇഷ്ടത്തിന് അതിജീവന ശേഷിയുണ്ടോയെന്നത് പാരമ്പര്യവാദിയുടെ മാത്രം സന്ദേഹമാണ്. പക്ഷേ ഇതിനൊക്കെ വിപരീതമായി അഖണ്ഡ അനുഭവങ്ങളും യാഥാർത്ഥ്യങ്ങളും ഒരു ചിറകിന്റെ ആകൃതിയിൽ എത്തിച്ചു തരികയാണ് പാപ്പാത്തി എന്ന പുസ്തക പ്രസാധകരുടെ അമരക്കാരൻ സന്ദീപ്. എട്ടിലൊന്ന് എന്ന ഒരു പേജിൽ തുടങ്ങി കൃത്യമായി ഒരു പേജിൽ അവസാനിക്കുന്ന ഒരു കാവ്യപുസ്തകമല്ല സുരേഷ് നാരായണന്റെ ” ആയിരം ചിറകുകളുടെ പുസ്തകം ” (പാപ്പാത്തി പുസ്തകങ്ങൾ). ഒരു പ്രണയകാവ്യത്തെ നൂറ്റിനാൽപ്പത്തിനാല് ചിറകു കീറുകളിലാക്കി മലയാളിക്കു നൽകുമ്പോൾ അതിലെ വിനിയോഗത്തിന്റെ സൗന്ദര്യ ശാസ്ത്രത്തെ വൈദേശിക ഭാവനയുടെ തുടർച്ചയായി ഉൾക്കൊള്ളാൻ ആദ്യം വിസമ്മതിച്ചേക്കാം. ഓരോ എഴുത്തുകാരനും ഇന്ന് ഓരോ സൈബർ ആർട്ടിസ്റ്റുകളാണെന്നതിന്റെ ഉത്തമോദാഹരണമാണ് സുരേഷിന്റെ ഈ കാവ്യ പുസ്തകപരീക്ഷണവും അതിന്റെ നിർമ്മിതിയും. ഇവിടത്തെ പുസ്തകങ്ങൾക്ക് ഒരു കുഴപ്പമുണ്ട്. അവയിലെ വാക്കുകളും ചിത്രങ്ങളും അതിന്റെ സൃഷ്ടാവിന്റെ സമീപത്തു തന്നെ ചുറ്റിക്കറങ്ങിക്കിടക്കുന്ന ഭൂതകാലചിന്തയാണ്. പക്ഷേ സുരേഷിന്റെ പുസ്തകം ഭാവിയുടെ ഗ്രാഫിക് കലയാണ്. അത് എട്ടിലൊന്ന് എന്ന സങ്കേതത്തെ അട്ടിമറിക്കുന്നു. പ്രണയത്തെ കുറിച്ചുള്ള ആശയങ്ങളെ ഉപേക്ഷിച്ച ശേഷം സ്വതന്ത്രമാവാനും ചരിത്രത്തിന്റെ ഭാരമില്ലാത്തതും പാരമ്പര്യത്തിന്റെ അടിമഭാവമില്ലാത്തതുമായ ഒരു ഡിസൈനർ സ്കൂളിലേക്കാണ് സുരേഷ് നാരായണന്റെ “ആയിരം ചിറകുകളുടെ പുസ്തകം” നമ്മെ ക്ഷണിക്കുന്നത്.
2000 വർഷങ്ങൾക്കു മുമ്പ് ഒരാൾ ചോദിച്ചു ; “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? സഹസ്രാബ്ദങ്ങൾക്കിപ്പുറം എന്റെ സ്ത്രീയോട് ഞാൻ ചോദിക്കുന്നു: “എനിക്കും നിനക്കും തമ്മിൽ ഇല്ലാത്തതെന്ത്?
-ആമേൻ / സുരേഷ് നാരായണൻ (ആയിരം ചിറകുകളുടെ പുസ്തകം)
ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
ചിത്രക്കൂട്, അജി.എസ്.ആർ.എം.
പേപ്പർ പബ്ലിക്ക )
പാബ്ലോ പിക്കാസോയുടെ പ്രശസ്തമായ ഒരു വാക്യമാണ് ” Painting is just another way of keeping a diary ” എന്നത്. അങ്ങനെയെങ്കിൽ കണ്ണ് എന്ന ജീവനുള്ള പുസ്തകത്തിന്റെ മടക്കുകളിൽ ഒരു അലങ്കാരച്ചുവ സൃഷ്ടിക്കുക മാത്രമല്ല ചിത്രകാരന്റെ ലക്ഷ്യം. അതിലുപരി നിറങ്ങളുടെ ചില്ലകളിലേക്ക് തൊട്ടുനോക്കാവുന്ന ജീവിതത്തെ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സർഗാത്മകതയുടെ അഗ്നികിരണങ്ങളെ പ്രക്ഷേപിക്കുന്ന ഒരു ചിത്രകാരനാണ് അജി. എസ്. ആർ. എം. അജി സ്ത്രീയെ ആഖ്യാനിക്കുക വഴി പ്രകൃതിയെയും അവളുടെ വിസ്തൃതിയുടെ അർത്ഥത്തെയുമാണ് നിറത്തിൽ വിടരുന്ന വശ്യതരംഗങ്ങളാൽ അടയാളപ്പെടുത്തുന്നത്. ഒരുപക്ഷേ അജിയുടെ സ്ത്രീയാഖ്യാനങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ സ്ത്രീയെ ബഹുമാനിച്ചിരുന്ന, അവളെ ദൈന്യതകളോടുകൂടി ഉൾക്കൊണ്ടിരുന്ന മേരി കാസറ്റിന്റെ മനസ്സ് അജി എന്ന ചിത്രകാരനിലും പ്രവർത്തിക്കുന്നതായി നമുക്കനുഭവപ്പെടും. നിറങ്ങളിലെ സ്ത്രീ ഇവിടെ അജിക്ക് ഒരു ദൗർബല്യമല്ല; മറിച്ച് അതൊരു അർത്ഥമാണ്. അജിയുടെ ബുദ്ധാഖ്യാനങ്ങളിലേക്കു വരുമ്പോഴും ആത്മീയതയുടെ പഴമകൾക്ക് പുറത്തേക്കു കുതിക്കുന്നതിന്റെ രേഖകളാണുള്ളത്. ആത്മീയത ധിഷണയുടെ അധികാര പ്രദർശനം കൂടിയാണെന്ന് തെളിയിച്ച ബുദ്ധനെയാണ് അജി തിരയുന്നത്. സമകാലചിത്രകലയിലെ വ്യവസ്ഥാപിതമായ ബുദ്ധാഖ്യാനത്തെ ഉടച്ചുവാർക്കുന്ന സ്ഥലവിതാനവും രൂപസമ്മിശ്രണവും ശ്രദ്ധാപൂർവ്വം നിർവ്വഹിക്കുന്നതിലൂടെ ധ്യാനത്തിന്റെ സ്ഥലരാശിയെ തന്നെയാണ് അജി ചിത്രപ്രതലത്തിൽ ഞെരുക്കിവെക്കുന്നത്. അതുകൊണ്ടുതന്നെ അജിയുടെ ഓരോ ബുദ്ധാഖ്യാനങ്ങളും ഓരോരോ ധ്യാന കണ്ണാടികളായി തീരുന്നുണ്ട്. അജിയുടെ ചിത്രങ്ങളുടെ മറ്റൊരു സവിശേഷതയെന്നു പറയുന്നത് അതിൽ പടർന്നു കിടക്കുന്ന ഗോഡ് ടോക്കുകൾ തന്നെയാണ്. നിറങ്ങളുടെ ചില്ലകളും വെട്ടിനീക്കാനാവാത്ത യാഥാർത്ഥ്യങ്ങളുമാണ് അജിയുടെ രചനാലോകം.
ഈയാഴ്ചയിലെ
അഫോറിസം
പക്ഷിക്കൂട്
നോക്കൂ,
എല്ലാ പക്ഷികളും
തുന്നൽ വിദഗ്ധരാണ്.