മലയാളത്തിലെ ബ്രോയിലര്‍ എഴുത്തുകാര്‍ !
യഥാർത്ഥത്തിൽ മറ്റു മനുഷ്യരുമായി ഉണ്ടാക്കുന്ന കടപ്പാടുകളുടെ ചെലവിലാണ് നാം കലയുമായി ഇടപെടുന്നത്. ഇത്തരം ഒരു കാഴ്ചപ്പാടിനെ കുറേക്കൂടി സുതാര്യമാക്കി ലെവിനാസ് തന്നെ പറയുന്നതിങ്ങനെയാണ് – ‘അന്തിമവിശകലനത്തിൽ എല്ലാ പ്രതീകങ്ങളും ജഡവസ്തുക്കളാണ്. അവയ്ക്ക് വിഗ്രഹങ്ങളുടെ സ്വഭാവമാണ് ഉള്ളത്. എല്ലാ കലാസൃഷ്ടികളും (കലാകാരൻമാരും ) അവസാനം ഒരു പ്രതിമയെപ്പോലെ ആയിത്തീരുന്നു. ഈ ദൃശ്യഇലാസ്തികതയുടെ കാലത്തിൽ ഇത്തരക്കാരെ നമുക്ക് ബ്രോയിലറായി കാണാനേ കഴിയുകയുള്ളു. ബ്രോയിലർഎഴുത്തുകാർ ഉണ്ടാക്കുന്ന പല ചരക്കുകൾക്കും സൗന്ദര്യമില്ല. പക്ഷെ അതിൽ സൗന്ദര്യം ആരോപിച്ചു മുഴപ്പിക്കാൻ മാസ്റ്റർ ബിരുദം നേടിയവരാണവർ.
Charles Darwin was convinced
from his studies that the red
jungle fowl was the only
ancestor of the domestic chicken.
- Joseph Barbera
ശരീരം ഒരു വസ്തുവാണ്. അത് ഒരു വസ്തുവെന്ന നിലയിലാണിപ്പോള്‍ ചരിത്രത്തെപ്പറ്റിയും ജീവിതകാലാനുഭവങ്ങളെപ്പറ്റിയും സംസാരിക്കുന്നത്. താന്‍ മാത്രമാണ് സത്യമെന്ന സൂക്ഷ്മാര്‍ത്ഥത്തെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന യന്ത്രമാണ് പുതിയ കാലത്തിലെ ചില എഴുത്തുശരീരങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്റെ വ്യാജഇരട്ടിപ്പ് സാധ്യമാക്കുന്ന അത്തരക്കാരെ ഇനി നമുക്ക് ബ്രോയിലര്‍ എഴുത്തുകാര്‍ എന്നു വിളിക്കാം. അകമേ വ്യാജമായ സൗന്ദര്യം കൊണ്ടു നടക്കുന്ന ഇത്തരക്കാര്‍ ഒറ്റയ്ക്ക് സംഘനൃത്തത്തിന്റെ സൗന്ദര്യം സാധ്യമാക്കാമെന്നു വിശ്വസിക്കുന്നവരാണ്. ഇമ്മാനുവല്‍ ലെവിനാസിന്റെ ‘റിയാലിറ്റി ആന്റ് ഇറ്റ്‌സ് ഷാഡോ ‘ എന്ന കൃതിയില്‍ അപരത്തോടുള്ള നമ്മുടെ സമീപനത്തെ കുറിച്ച് വ്യാഖ്യാനിക്കുന്നുണ്ട്. ലെവിനാസിന്റെ അഭിപ്രായത്തില്‍ കല എന്നത് യാഥാര്‍ത്ഥ്യത്തെ ഇരട്ടിപ്പിക്കുന്ന ഒന്നാണ്. നിഴലിനെ പോലെ തന്നെ കലയും സാന്ദ്രമാണ്. അത് എല്ലാ നേരവും കലയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ ഇടവേളയ്ക്ക് സദൃശമായ ഒരു ഭംഗം നിര്‍മ്മിക്കുന്നു. ഇത് കലയ്ക്ക് ഒരു വക്രോക്തിയുടെ മാനം നല്‍കുന്നു. യഥാര്‍ത്ഥത്തില്‍ മറ്റു മനുഷ്യരുമായി ഉണ്ടാക്കുന്ന കടപ്പാടുകളുടെ ചെലവിലാണ് നാം കലയുമായി ഇടപെടുന്നത്. ഇത്തരം ഒരു കാഴ്ചപ്പാടിനെ കുറേക്കൂടി സുതാര്യമാക്കി ലെവിനാസ് തന്നെ പറയുന്നതിങ്ങനെയാണ് – ‘അന്തിമവിശകലനത്തില്‍ എല്ലാ പ്രതീകങ്ങളും ജഡവസ്തുക്കളാണ്. അവയ്ക്ക് വിഗ്രഹങ്ങളുടെ സ്വഭാവമാണ് ഉള്ളത്. എല്ലാ കലാസൃഷ്ടികളും (കലാകാരന്‍മാരും ) അവസാനം ഒരു പ്രതിമയെപ്പോലെ ആയിത്തീരുന്നു. ഈ ദൃശ്യഇലാസ്തികതയുടെ കാലത്തില്‍ ഇത്തരക്കാരെ നമുക്ക് ബ്രോയിലറായി കാണാനേ കഴിയുകയുള്ളു. ഇവിടുത്തെ ബ്രോയിലര്‍ എഴുത്തുകാര്‍ ഉണ്ടാക്കുന്ന പല ചരക്കുകള്‍ക്കും സൗന്ദര്യമില്ല. പക്ഷെ അതില്‍ സൗന്ദര്യം ആരോപിച്ചു മുഴപ്പിക്കാന്‍ മാസ്റ്റര്‍ ബിരുദം നേടിയവരാണവര്‍. കെ. ആര്‍. മീര എന്ന എഴുത്തുകാരി ബ്രോയിലറാണ്. അവര്‍ കള്ളപ്പേരുകളില്‍ വനിതാപ്രസിദ്ധീകരണങ്ങളിലും ‘മ’ പുസ്തകങ്ങളിലും എഴുതിയ നോവലുകള്‍ പില്‍ക്കാലത്ത് ഒറിജിനല്‍ പേരില്‍ പുറത്തിറക്കുകയായിരുന്നു. ‘സൂര്യനെ അണിഞ്ഞ സ്ത്രീ’ ഒക്കെ ആ ജനുസ്സില്‍ വെച്ചുവേണം വായിക്കാന്‍. യാഥാര്‍ത്ഥ്യത്തിന്റെ സൗന്ദര്യത്തെ ചരിത്രം പിന്നീട് വാരിയെടുക്കുമ്പോള്‍ ഇത്തരം വ്യാജനിര്‍മ്മിതികള്‍ക്ക് മറുപടി നല്‍കേണ്ടി വരും. മീര എന്ന എഴുത്തുകാരി ഇന്നൊരു പഠന വസ്തുവാണ്. അവരുടെ പുസ്തകങ്ങള്‍ വായിക്കപ്പെടുകയല്ല മറിച്ച് അവര്‍ ഒരു എഴുത്തുകാരിയാണെന്ന് മലയാളിമനസ്സിനെആവശ്യാനുസരണം പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. കള്ളചരിത്രത്തിന്റെ കാലങ്ങളില്‍ കുഴഞ്ഞു കിടക്കുന്നതും പ്രസാധകര്‍ തീറ്റ നല്‍കി പോഷിപ്പിക്കുന്നതുമായ ഇത്തരം എഴുത്തുകാരെയാണ് ബ്രോയിലര്‍ എന്നു വിശേഷിപ്പിക്കുന്നത്.
മലയാളഗദ്യകലയിലും ഇത്തരമൊരു അയാഥാര്‍ത്ഥ്യ ഒഴുക്കുണ്ട്. അവരുടെ ഗദ്യകല പ്രവര്‍ത്തിക്കണമെങ്കില്‍ ചിലര്‍ എഴുതിയേ മതിയാകൂ. ഇതും ഒരു തരം ബ്രോയിലറിസമാണ്. സ്വന്തം ശരീരത്തെയും അതിന്റെ സൗന്ദര്യത്തെയും താലോലിക്കുന്ന ഗദ്യകാരിയാണ് എസ്. ശാരദക്കുട്ടി. അവര്‍ എഴുത്തിന്റെ കലയില്‍ ആകാശഗ്രഹസഞ്ചാരം നടത്തി ക്ഷീണിച്ചിരിക്കുകയാണിപ്പോള്‍. തന്റേതുമാത്രമായ എഴുത്തുകാരുടെ സമ്മിശ്രകാലത്തെ നെയ്‌തെടുക്കുന്നതും ബ്രോയിലര്‍ രീതിയാണ്. വാക്കുകളുടെ ഇല്ലാത്ത നക്ഷത്രത്തെപ്പോലും പിളര്‍ത്തിനോക്കി സൗന്ദര്യത്തിന്റെ മനോകാലം സൃഷ്ടിക്കുന്ന ഈ എഴുത്തുകാരി ഒരു ഘട്ടത്തില്‍ ബ്രോയിലറായിരുന്നു. കമല്‍റാം സജീവ് എന്ന പത്രാധിപര്‍ കെട്ടിയിറക്കിയ ഈ എഴുത്തുകാരിയുടെ എഴുത്തിന്റെ ഞരമ്പുകള്‍ക്കിപ്പോള്‍ ഗ്യാരണ്ടി നഷ്ടപ്പെട്ടത് ഒരു കാലത്ത് ബ്രോയിലറായിരുന്നതുകൊണ്ടാണ്.
മലയാളകവിതയില്‍ ഒരു പാഴ്‌ത്തണ്ടുപോലും കൂട്ടിവെച്ചിട്ടില്ലാത്ത കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. കവിതയില്‍ സ്വയം ഉണ്ടാകുകയും അഴിയുകയും ചെയ്ത ഒരാളെ മലയാളി നെഞ്ചേറ്റിയത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്.
ഒന്ന് / സാംസ്‌കാരിക കസേരകളെ അദ്ദേഹം ഉപേക്ഷിച്ചതുകൊണ്ട്.
രണ്ട് / അവാര്‍ഡുകള്‍ നിരസിച്ചതുകൊണ്ട് .
ഒരു കവി ക്രമേണ കളവായി തീരുന്നതിനെ കണ്ടുനില്‍ക്കാനാവില്ല. ഫെഫ്‌ക റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് (സാംസ്‌കാരിക കസേരയ്ക്കായി ) മത്സരിച്ചപ്പോള്‍ ചുളളിക്കാട് എന്ന കവി ഒരു സാംസ്‌കാരിക ബ്രോയിലര്‍ വസ്തുവായി തീരുകയായിരുന്നു. ഇത്രയും കാലം ഈ കവി വിളക്കിച്ചേര്‍ത്തതത്രയും വ്യാജതത്വങ്ങളാണെന്നതിന്റെ സാക്ഷ്യമാണിത്. കാവ്യ ഓര്‍മ്മകളായി നാം അടുക്കിവെച്ചതിന്റെ പകുതിയിലേറെ കളവാണെന്നതാണ് സാരം. ബ്രോയിലര്‍ എഴുത്തുകാരുടെ ഒരു സ്വയം സഹായ സംഘത്തെക്കുറിച്ച് ഇനി സാംസ്‌കാരിക കേരളത്തിന് ആലോചിക്കാവുന്നതാണ്.
കഥയുടെ
പൊയറ്റിക് ഡിക്ഷന്‍
നിശ്ശബ്ദതയില്‍ ആടിയാടി നില്‍ക്കുന്ന ചില കഥകള്‍ പഴഞ്ചൊല്ലുകള്‍ പോലെ കയറി മനസ്സില്‍ ഉടക്കി നില്‍ക്കും. വായനയുടെ ഉപകരണങ്ങള്‍ ആവശ്യമില്ലാത്ത കഥകള്‍ എഴുതാന്‍ എല്ലാവര്‍ക്കുമാകില്ല. കഥയുടെ സാമ്പ്രദായിക ആകൃതിപ്പെടലിനെ മീറ്റര്‍ കുറഞ്ഞ പദവായനകളിലേക്ക് ചുരുക്കിയെടുക്കുകയും അതിനെ തന്നെ ഒരു തരം അര്‍ത്ഥമാക്കി മാറ്റുകയും ചെയ്യുന്ന കഥാകാരനാണ് പി. കെ. പാറക്കടവ്. ധ്വനികാര്യപ്രസക്തിയുള്ള ഈ കഥകളെ പാറക്കടവ് സ്ഥാനപ്പെടുത്തിയിട്ടുള്ളത് ‘മിന്നല്‍ക്കഥകള്‍ ‘ എന്ന ശീര്‍ഷകത്തിലാണ്. ഈ കഥകള്‍ വായിക്കുമ്പോള്‍ മനസ് എന്ന ബോധത്തിന്റെ മാറല്‍ സംഭവിക്കുന്നു. മിന്നല്‍ എന്ന വികാരപരമായചലനത്തെ പൊയറ്റിക് ഡിക്ഷന്റെ സഹായത്തോടെ തടഞ്ഞുനിറുത്തി വൈകാരികമായി അഴിച്ചുനോക്കുന്ന ഈ ആശയപരിചരണത്തെ എഴുത്തിന്റെ പുതിയ സമഗ്രതയായി കണ്ട് വിലയിരുത്തേണ്ടതുണ്ട്. ‘പതിനൊന്ന് മിന്നല്‍ക്കഥകള്‍ ‘ (മാധ്യമം ആഴ്ചപ്പതിപ്പ് 2023 ജൂണ്‍ 12 ) എന്ന ശീര്‍ഷകത്തിലെത്തിയ കഥകളെ പാരായണം ചെയ്യാന്‍ വായനക്കാരന്റെയുള്ളില്‍ ഒരു നിഷ്‌കളങ്കനെ പാകപ്പെടുത്തേണ്ടതുണ്ട്. പഠിച്ച വായനക്കാരന് കൃതിപാഠം പ്രധാനമല്ല. റൊമാന്റിക് താല്‍പര്യങ്ങളുടെ ഉടമയല്ല ഈ കഥകള്‍ എഴുതിയിരിക്കുന്നത്. ഒരു വിധത്തിലുമുള്ള ഭാരം പേറാത്ത നിഷ്‌കളങ്കനായ ഒരു എഴുത്തുകാരന്റെ കാവ്യസ്വാദ നിര്‍മ്മിതികളായി വേണം ഈ ഇക്കോ സെന്‍ട്രിക് കഥകളെ വായിക്കാന്‍. ഭൂമിയും ആകാശവും സൂര്യനും ചന്ദ്രനും ദൈവവും നക്ഷത്രങ്ങളുമാണ് പാറക്കടവിന്റെ കഥാപാത്രങ്ങള്‍. ഈ പതിനൊന്ന് മിന്നല്‍ക്കഥകളിലെ ഇരട്ടവരി കഥകളെ ഉദ്ധരിച്ചാല്‍ പ്രകൃതി എന്ന കഥാപാത്രം ഈ കഥാകാരനെ ഉലയ്ക്കുന്ന വിധങ്ങള്‍ നമുക്ക് പിടിതരും.
ഭൂമിയുണ്ടാകുമ്പോഴേ
ആകാശവുമുണ്ടാകൂ.
(ഒന്നില്ലെങ്കില്‍)
മഴ വേണ്ട
മഴവില്ല് മതി.
( ആശ)
ഒരു വാക്കും
പുസ്തകത്തിലുറങ്ങുന്നില്ല.
( വാക്ക്)
ഭൂമിയുടെ ചിരി, അവകാശം , തുറന്ന പുസ്തകം, മാന്ത്രികന്‍, സൗകര്യം, കാഴ്ച , ഇരുട്ട് , കൂട്ട്
എന്നീ കഥകളും കഥയിലെ പൊയറ്റിക് ഡിക്ഷന്റെ സാധ്യതകളെയാണ് അനാവരണപ്പെ ടുത്തുന്നത്.
കവിതയും
ധ്യാനവും തമ്മിലെന്ത് ?
മലയാളി കവിതയ്ക്ക് ഒരു പുതിയ ഭാവികാലം വേണം. അതിപ്പോഴും ‘പുതിയ ‘ ഭൂതകാലത്തിലാണുള്ളത്. ജീവിതത്തിന് ഒരുറപ്പും തരാത്തവിധം അവ കലാവിരുദ്ധമാവുകയാണ്. മനുഷ്യന്‍ എന്നത് മാംസരൂപമായി ചുരുങ്ങിപ്പോയതിന്റെ മധ്യത്തിലേക്കാണ് കവിത ഊര്‍ന്നുവീഴുന്നത്. അരാജകത്വത്തിന്റെ ദൃശ്യവിതാനത്തില്‍ കവിതയില്‍ താമസിക്കാന്‍ ധ്യാനത്തിന്റെ അളവുകോലുകള്‍ ആവശ്യമാണ്. നമ്മുടെ കവികളില്‍ ഭൂരിഭാഗവും ഒരു കവിതാഫാക്ടറിയിലെ തൊഴിലാളികളാണ്. കവിതയുടെ അത്തരം ഒരു കുത്തിയൊഴുക്കില്‍ ധ്യാനത്തിന്റെ പണിത്തികവുള്ള കവിത കണ്ടുപിടിക്കുകയെന്നത് ഗദ്യകാരന്റെ വലിയ ഉത്തരവാദിത്വമാണ്. കവിത ഒരു ടിന്‍ഫുഡ് ഐറ്റമായി മാറിയ കാലത്തിലും ധ്യാനത്തിന്റെ വിത്ത് മുളപ്പിക്കുന്ന ചില കവികളുണ്ട്. ധ്യാനത്തിന്റെ ജൈവികതയെ കവിതയുടെ ഈര്‍പ്പമായി കരുതുന്ന കവിയാണ് കെ. സജീവ് കുമാര്‍. കവിതയിലെ പ്രകൃതിവിചാരങ്ങള്‍ പുതുമയല്ല. പക്ഷെ മറവിക്കൊപ്പം പെട്ടെന്നു പൊലിഞ്ഞു പോവുന്ന കൗതുകമായി പ്രകൃതിവിചാരങ്ങള്‍ മാറരുത് എന്നു നിര്‍ബന്ധമുള്ള കവിയാണ് സജീവ് കുമാര്‍. അതുകൊണ്ടുതന്നെ ഈ കവി ധ്യാനത്തെ കവിതയുടെ ടൂളാക്കി വിനിയോഗിക്കുന്നു. കെ. സജീവ് കുമാറിന്റെ ‘കാറ്റിന്റെ പലായനം’ (ലോക കേരളം സുവനീര്‍ 2023 ) എന്ന കവിത ധ്യാനത്തിന്റെ പുടവയുടുത്ത് നവതാരുണ്യം കൈവരിക്കുന്നതു കാണാം. വാക്കുകളിലേക്ക് ഹൃദയരക്തം കുത്തിയിറക്കിയ ഒരു കവിക്കേ ഇങ്ങനെ എഴുതാനാവൂ:
കാറ്റ് പലായനം ചെയ്യുകയാണ്.
കുന്നും മേടും കടന്ന്
താഴ്വരകളിറങ്ങി
കാട്ടിരുള്‍ മുഴക്കങ്ങളും
ഭൂമരുെവെയില്‍പതക്കങ്ങളും
തിരകടല്‍പ്രക്ഷുബ്ധതകളുമായ്
കാറ്റ് പലായനം ചെയ്യുകയാണ്.
അതെ , ഒരു വഴിയിലനേകജന്മങ്ങളായ്
കാറ്റ് പലായനം തുടരുകയാണ്.
- കാറ്റിന്റെ പലായനം /
കെ. സജീവ് കുമാര്‍
കാറ്റ് എന്ന ശബ്ദത്തിന്റെ നിഴലനക്കം കേള്‍ക്കാന്‍ സജീവ് പ്രവര്‍ത്തിപ്പിക്കുന്നത് ധ്യാനത്തിന്റെ മുദ്രകളെയാണ്. അതുകൊണ്ടുതന്നെ സജീവ് കവിതയെഴുതുമ്പോള്‍ പഴംപഴമകളുടെ ശവപുഷ്പങ്ങള്‍ അതില്‍ വിടരുന്നില്ല.
ഈയാഴ്ചയിലെ
പുസ്തകം
എം. കെ. ഹരികുമാറിന്റെ സിദ്ധാന്തങ്ങള്‍/
എം. കെ. ഹരികുമാര്‍
(ബ്ലൂമാങ്കോ ബുക്‌സ്)
ഒരു സിദ്ധാന്തവും ഫാഷനല്ല. സോഷ്യല്‍ റിച്വല്‍സിന്റെ തസ്തികയിലേക്കോ ജനപ്രിയതയിലേക്കോ അതിനെ ഒതുക്കി നിര്‍ത്താനും പാടില്ല. മലയാളിക്ക് സ്വന്തമായി ഒരു സൗന്ദര്യശാസ്ത്രമില്ല. നാം പടിഞ്ഞാറു നിന്ന് ഇറക്കുമതി ചെയ്ത സിദ്ധാന്തങ്ങളൊന്നും മലയാളിയുടെ സൗന്ദര്യ സങ്കല്പങ്ങളെ വ്യാഖ്യാനിക്കാന്‍ ഉതകുന്നവയുമല്ല. പ്രബുദ്ധ ഭൂതകാലത്തിന്റെ രൂപങ്ങളില്‍ നിന്ന് ബഹുജന സംസ്‌കാരമാതൃകകളിലേക്കുള്ള പരിണാമം നമ്മുടെ ഭാഷാഡോക്ടര്‍മാര്‍ വേണ്ടപോലെ മനസ്സിലാക്കുന്നില്ല. ഒരു സാഹിത്യ രൂപത്തിന്റെ നീട്ടലല്ല സാഹിത്യതത്വചിന്ത . അതു ജീവിതത്തിനുള്ള മറ്റൊരു പാഠനിര്‍മ്മിതിയാണ്. കാലോചിതമായ ഈ സംവേദനശീലത്തെ എം. കെ. ഹരികുമാറിലെ സൗന്ദര്യചിന്തകന്‍ പരിചരിക്കുന്ന വിധം ശ്രദ്ധേയമാണ്. നമ്മുടെ ആശയപരമായ ദുര്‍ഗ്രഹതയെ പിഴുതെടുക്കാന്‍ ‘മ’ സാഹിത്യത്തിന്റെ അപചയത്തെ മറികടക്കേണ്ടതുണ്ട്. സാഹിത്യ പരിചരണത്തിന്റെ അമിതലാളിത്യത്തെയും ജ്ഞാനത്തിന്റെ കലങ്ങിയ രാഷ്ട്രീയത്തെയും ചോദ്യം ചെയ്യാന്‍ ഹരികുമാര്‍ വിനിയോഗിക്കുന്നത് തത്വചിന്തയുടെ രേഖാപടലങ്ങളാണ്. ഹരികുമാറിന്റെ സിദ്ധാന്തങ്ങള്‍ എന്ന പുസ്തകത്തില്‍ ‘ നവാധുനികത ‘ എന്നൊരു അധ്യായമുണ്ട്. അതില്‍ നോവലിന്റെ കലയുടെ (പുതിയ) കുഴപ്പങ്ങളെ വിവരിക്കുന്നുണ്ട്.
- ചിന്തയുടെ തലമില്ല.
- വെറും അനുഭവവിവരണമോ ചരിത്രാഖ്യാനമോ മാത്രമാണുള്ളത്, അതില്‍ എഴുതിയ ആളിന്റെ മുദ്രയില്ല.
- രൂപത്തെപ്പറ്റി വ്യക്തമായ അറിവില്ല.
- സാഹിത്യത്തെ നവീകരിക്കാനറിഞ്ഞുകൂടാ.
ടെക്‌നോളജിയുടെ വികാസത്തെയും പിന്നാലെ രൂപപ്പെട്ടു വന്ന വ്യവസായ സമൂഹത്തെയും അത്തരം പ്രവണതകളുടെ പ്രയാണ ഉച്ചയെയും ഇപ്പോഴും തടഞ്ഞു നിര്‍ത്തുന്നത് ഭാഷയുടെ മേലുളള സവര്‍ണാധികാരമാണ്. ഒരുപക്ഷെ ഹരികുമാറിന്റെ നവസിദ്ധാന്തങ്ങള്‍ ഭാഷയെ ബ്രാഹ്മണീകരിക്കുന്ന ഒരു ബോധശ്രമത്തിനെതിരെയുളള കലഹം കൂടിയാണ്. സാഹിത്യത്തിലെ രാസാവിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പുത്തന്‍ ഉണര്‍വായും കാലങ്ങളായി ഉറച്ചുപോയ രസസങ്കല്പങ്ങളുടെ പൊളിച്ചെഴുത്തായും ഹരികുമാറിന്റെ സിദ്ധാന്തങ്ങളെ വായിക്കാവുന്നതാണ്.
ഈയാഴ്ചയിലെ
ഇലസ്‌ട്രേഷന്‍.
ലയഭംഗിയുളള ചലനങ്ങളാല്‍ സ്വയം പര്യാപ്തമായ രംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി പ്രത്യേകമായ രചനാകൗശലം പ്രയോഗിക്കുന്ന ചിത്രകാരന്‍മാരെ നാം പെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല. ബ്രഷ് കൊണ്ട് എഡിറ്റിങ് ട്രിക്കുകള്‍ തീര്‍ക്കുകയും ബാലെ മെക്കാനിക് സ്വഭാവമുളള ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്ന കലാകാരനാണ് സാജോ പനയംകോട്. സാജോ സൃഷ്ടിക്കുന്ന കഥാപാത്ര ആള്‍രൂപങ്ങള്‍ വ്യത്യസ്ത ഉപരൂപങ്ങള്‍ക്കു മുകളില്‍ ആലംബങ്ങളില്ലാതെ നില്‍ക്കുന്ന സങ്കല്പമാണ്. പക്ഷെ അപ്പോഴും മനുഷ്യന്‍ എന്ന സ്വത്വരൂപത്തെ സങ്കല്പിക്കുന്നതിനുള്ള ഏറ്റവും ആയാസരഹിതവും അതുകൊണ്ടുതന്നെ ജനപ്രിയവുമായ മാര്‍ഗ്ഗവുമാണ് സാജോക്ക് ചിത്രമെഴുത്ത്. നിരവധി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന സന്ദിഗ്ദ്ധാവസ്ഥയും വഴക്കവും നിരന്തരമായ സന്നിഹിതത്വവും ചില നേരങ്ങളിലെ നിറങ്ങളുടെ അഭാവ സ്വഭാവങ്ങളും ഈ ചിത്രകാരനെ കേരളത്തിലേതെന്നതിനേക്കാള്‍ തമിഴ് നാടിന്റെ ചിത്രകാരനാക്കി മാറ്റുന്നുണ്ട്. ചിത്രകലയുടെ വൈവിദ്ധ്യം നിറഞ്ഞ പാരമ്പര്യത്തെ പുതിയ തരം പങ്കാളിത്ത ഉടമസ്ഥതാവകാശത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനാണ് സാജോ ശ്രമിക്കുന്നത്. തമിഴിലെ ശ്രദ്ധേയമായ ഒരു ജേര്‍ണലാണ് ആവനാഴി. അതിലെ കഥകള്‍ക്കു വേണ്ടി വരച്ച ചില ഇലസ്‌ട്രേഷനുകളിലൂടെ സഞ്ചരിച്ചാല്‍ ഇവിടെ വേണ്ടതിലധികം സ്‌പേസുള്ള കെ. ഷെരീഫിനേക്കാള്‍ മുകളിലാണ് സാജോയുടെ വരയുടെ ഗ്രാഫെന്നു കാണാന്‍ കഴിയും. ഐതിഹ്യാഖ്യാനങ്ങളുടെ കാലം കഴിഞ്ഞുവെന്നും ഇനി ഫിഗര്‍ സ്‌കാന്‍ കൊണ്ടേ പുതിയ മനുഷ്യന്റെ പ്രശ്‌നങ്ങളെ ചിത്രീകരിക്കാനാവുകയുള്ളുവെന്നും സാക്ഷ്യപ്പെടുത്തുന്നവയാണ് ആവനാഴിയിലെ വരകള്‍. ഭക്ഷണം പാകം ചെയ്യുന്ന പുരുഷനും, തയ്യല്‍ മെഷീനില്‍ ഒരു സ്ത്രീ രക്തത്തുള്ളികളെ (തുണിയല്ല ) കൂട്ടിത്തുന്നാന്‍ ശ്രമിക്കുന്നതും , ഒരു പൂക്കളമാകാന്‍ കൊതിക്കുന്ന സ്ത്രീരൂപവും, പുസ്തകത്തെ ഭാരത്തോടെ വായിക്കുന്ന ചെറുപ്പക്കാരനും ഒക്കെ നാം പരിചരിച്ചു വന്ന ഇലസ്‌ട്രേഷന്‍ സംസ്‌കാരത്തെ പൊളിച്ചുപണിയുകയാണ്. വൈയക്തികവും ശരീര കേന്ദ്രീകൃതവുമായ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ക്കപ്പുറം പൊതുസമൂഹത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള സമരപ്രഖ്യാപനങ്ങളാണ് സാജോയുടെ വരകള്‍.
ഈയാഴ്ചയിലെ
അഫോറിസം .
കാറ്റുകള്‍
ദൈവത്തിന്റെ
മരിച്ച
കോശങ്ങളാണ്..