സാഹിത്യത്തിലെ സുന്ദരിമാര്‍
സാഹിത്യത്തിലും കലയിലും സൗന്ദര്യം പ്രധാനമായി തീര്‍ന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. മുന്‍കാല സാഹിത്യസങ്കല്പങ്ങള് ഇളകിപ്പോകും വിധം വീശിയടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായി എഴുത്തുകാരിയുടെ സൗന്ദര്യമണ്ഡലം മാറിയിട്ടുണ്ട്. കൃതിക്കുള്ളിലെ കടുത്ത രാഷ്ട്രീയമോ പാരിസ്ഥിതിക ഉള്ളടക്കമോ ഒന്നുമല്ല പ്രസാധകര്‍ക്കും പത്രാധിപന്മാര്ക്കും പ്രധാനം. സ്വപ്നത്തിലെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ അന്വേഷിക്കുന്നവരാണ് നമ്മുടെ സുന്ദരികളായ എഴുത്തുകാരികള്‍.
സാഹിത്യം ഇന്ന് രോഗബാധിതമായ ഒരു നന്മയാണ്. അതിന് അതിന്റെ ശുചിത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ കലയുടെ സംസ്കാരത്തില്‍ നിന്നും തിളക്കത്തിന്റെ ആവരണം തിരോഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഭാഷയുടെ സൗന്ദര്യം സാംസ്കാരികമിഥ്യയായി മാറുകയും എഴുത്തുകാരിയുടെ സൗന്ദര്യം സാംസ്കാരിക നിര്‍ബന്ധമായി തീരുകയും ചെയ്യുന്നു. സ്ത്രീകള്‍ എഴുതുമ്പോള്‍ മാത്രം ഭാഷയുടെ ദിക്കുകള്‍ തെളിയുന്നുവെന്ന് വിശ്വസിക്കുന്ന പത്രാധിപന്മാരുടെയും പ്രസാധകരുടെയും കാലമാണിത്. എഴുത്തുകാരിയെ സൗന്ദര്യത്തിന്റെ യന്ത്രക്കലപ്പയായി കണ്ട് ആസ്വദിക്കുന്നവര്‍ക്ക് അവര്‍ സൃഷ്ടിക്കുന്ന വ്രണം നിറഞ്ഞ ഭാഷയെ എതിര്‍ക്കാനാവുന്നില്ല. നമ്മുടെ സാഹിത്യഭാവിക്ക് ബൗദ്ധിക ആനന്ദം നല്കാന് വിസമ്മതിക്കുന്ന എഴുത്തുകാരികളെ സംവാദ – വിവാദ പീഠങ്ങളിലേക്ക് ആനയിക്കുന്നതും പത്രാധിപന്മാരും പ്രസാധകന്മാരുമാണ്. വാസ്തവത്തില്‍ സൗന്ദര്യമുള്ള എഴുത്തുകാരികള്‍ നടത്തുന്നത് ചിന്തയുടെ കൂട്ടക്കൊലയാണ്. കലയുടെ ചേരിയിലെ ചെളിയെന്ന നിലയില്‍ ചരിത്രം ഭാവിയില്‍ കോരിക്കളയാന്‍ വച്ചിരിക്കുന്ന സുന്ദരികളും അതില്‍പ്പെടും. സുന്ദരിമാരായ എഴുത്തുകാരികളുടെ നൃത്തമാടി വരുന്ന പൈങ്കിളിഭാഷയെ സാഹിത്യ ചരിത്രത്തിനുള്ള ദാര്ശനികപിന്തുണയായി ചിത്രീകരിക്കുന്ന ആണ്ജൂറികളുമുണ്ട്. നമ്മുടെ എഴുത്തുകാരന്മാര് അസുന്ദരികളായ എഴുത്തുകാരികളെ മഹിമയുടെ വലതുഭാഗത്ത് ഇരുത്താന്‍ വിസമ്മതിക്കുന്ന ദാരുണക്കാഴ്ചകളും നമുക്കു മുമ്പിലുണ്ട്.
ഓരോ രചനകളിലും ഒരുതരം അനാട്ടമിക്കല്‍ പഠനമുറിയുടെ അന്തരീക്ഷം നിറച്ചുവയ്ക്കുന്നവരെയാണ് നമ്മുടെ പത്രാധിപന്മാര്ക്കു പ്രിയം. സരമാഗോയുടെ ‘ഗുഹ’ എന്ന നോവലില്‍ സിപ്രിയാനോ അള്ഗോര് എന്നൊരു കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട്. അതില്‍ സിപ്രിയാനോക്ക് തന്റെ പിതാവ് വാങ്ങിക്കൊടുത്ത അഖിലവിജ്ഞാന കോശത്തെ കുറിച്ചുള്ള പ്രതിപാദനമുണ്ട്. ഈ വിജ്ഞാനകോശം സമുജ്ജ്വലമായ അക്ഷരക്കട്ടകള്‍ കൊണ്ടുള്ളതാണ്. പക്ഷേ ഉപയോഗശൂന്യമാണെന്ന് സരമാഗോ വാദിക്കുകയാണ്. നമ്മുടെ സുന്ദരിമാരായ എഴുത്തുകാരികള്‍ ഇതുപോലെ സമുജ്ജ്വലരാണ്. പക്ഷെ അവരുടെ ഭാഷ ഉപയോഗശൂന്യമാണ്. അവരെഴുതുന്ന വാചകങ്ങള്‍ അര്‍ത്ഥം ഒഴിഞ്ഞ തൊട്ടിലുകളോ കുതിച്ചുമറയുന്ന മാനുകളോ ഒക്കെയാണ്. അസുന്ദരിയായ എഴുത്തുകാരിയുടെ ചോരയില്‍ നിന്നും വിടരുന്ന വാക്കിന്റെ പുഷ്പത്തിന് സൗന്ദര്യവും ഗന്ധവും കുറവാണെന്ന തത്വം ഉണ്ടാക്കിവെച്ചിരിക്കുന്നതും പത്രാധിപന്മാരും പ്രസാധകരുമാണ്.
സാഹിത്യത്തില്‍ കാല്പനിക പ്രവാസികളായി മാത്രം സമയം ചെലവിടുന്ന നമ്മുടെ സുന്ദരികളെപ്പോലെയല്ല പക്ഷേ ലോകസാഹിത്യത്തിലെ സുന്ദരികള്‍.
ഒഴുകാതെ ഒഴുകുന്നതും തുളുമ്പാതെ തുളുമ്പുന്നതുമായ ഒരുതരം അനാട്ടമിക്കല്‍ മ്യൂസിക്കാണ് നമ്മുടെ ചില പത്രാധിപന്മാരെയും പ്രസാധകന്മാരെയും സുന്ദരികളായ എഴുത്തുകാരികളിലേക്കെത്തിക്കുന്നത്. പഴയ തോല്ക്കുടങ്ങളില് നിന്നാണ് ഏറ്റവും മുന്തിയ വീഞ്ഞ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തെ ഞെട്ടിപ്പിച്ച ചില സര്‍ഗാത്മക സ്ത്രീ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ചേ മതിയാകൂ. ‘ The Rebel generation ‘ എന്ന നോവല്‍ എഴുതിയ ജോഹന്ന വാന്‍ അമേഴ്സ് കുള്ളര്‍ ഡച്ച്സാഹിത്യത്തിലെ അതിസുന്ദരിയായ എഴുത്തുകാരിയായിരുന്നു. പക്ഷേ സൗന്ദര്യമായിരുന്നില്ല ലോകം അവരെ ചര്‍ച്ച ചെയ്യാനുണ്ടായ കാരണം. ചീറിയടിച്ച ആണ്ഭരണത്തിനും പുരുഷമേല്ക്കോയ്മക്കുമെതിരെ ശബ്ദിക്കാന്‍ അവര്‍ നടത്തിയത് സൗന്ദര്യ കൈമാറ്റമല്ല മറിച്ച് സ്വതന്ത്ര ചിന്തകളാണ്. റുഡോള്‍ഫിനെ വിവാഹം ചെയ്യുകയും രണ്ട് പുത്രന്മാരുടെ പിറവിക്കുശേഷം ഭര്‍ത്താവിനെ തന്റെ ജീവിതത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തുകൊണ്ട് അവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. സന്താനനിര്മ്മിതിക്കുള്ള ഉപകരണം എന്നതില്‍ കവിഞ്ഞ് പുരുഷന് മറ്റൊരു അധികാരവും തനിക്കുമേല്‍ ഇല്ലായെന്ന് പ്രഖ്യാപിച്ചിടത്താണ് ഡച്ച്സംസ്കാരത്തെ വിറപ്പിച്ച ജോഹന്ന സ്വീകൃതയായി മാറിയത്.
ഫ്രഞ്ച് സാഹിത്യത്തിലെ വിപ്ലവകാരി എന്നറിയപ്പെടുന്ന ആല്‍ബര്‍ട്ടിന് സരസിനും സുന്ദരിയായിരുന്നു. പക്ഷേ ആ സൗന്ദര്യമായിരുന്നില്ല അവരുടെ സര്‍ഗാത്മക ഇടപെടലിനെ ശ്രദ്ധിപ്പിച്ചത്. മറിച്ച് കൂസലില്ലാത്ത ജീവിതം പുരുഷനു മാത്രമല്ല സ്ത്രീക്കും വശമാണെന്ന ബോധം ജനിപ്പിച്ചതുകൊണ്ടാണ് സ്വീകൃതയായത്. പൊതുബോധം എന്ന മര്ദ്ദനസ്ഥാപനത്തെ വെല്ലുവിളിച്ച എഴുത്തുകാരിയാണ് ആല്‍ബര്‍ട്ടിന്. കുറ്റവാളിയായിരിക്കുമ്പോഴും ജയില്‍ തടവുകാരിയായിരിക്കുമ്പോഴുമൊക്കെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന രചനകള്‍ എഴുതുകയും ഒരു കൊടും കുറ്റവാളിയായ സഹതടവുകാരനെ പ്രണയിച്ചുകൊണ്ട് തന്റെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. ‘ദി റണ്‍വേ’, ‘ആസ്ട്രഹല്’, ‘ദി ക്രോ സിംഗ്’, ‘പ്രിസണ്‍ ജേര്‍ണല്‍ ‘ തുടങ്ങിയ എല്ലാ കൃതികളിലും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഴിക്കാനാവാത്ത കെട്ടുകളെ കുറിച്ചുള്ള വിചാരങ്ങളാണ്.
ഒരുപക്ഷേ ലോകസാഹിത്യത്തിലെ ഈ സുന്ദരി മേല്‍ക്കോയ്മ ഇന്നെത്തിനില്‍ക്കുന്നത് എലിയനര്‍ കാട്ടനിലാണ്. The Rehearsal, The Luminaries എന്നീ നോവലുകള്‍ക്ക് ശേഷം ‘ Birnam Wood എന്ന പുതിയ നോവലിലെത്തുമ്പോഴും എഴുത്തിന്റെ കരുത്ത് ചോര്‍ന്നു മാറുന്നില്ല. ബിര്നം വുഡ് ഒരേസമയം ഒരു ത്രില്ലറും ഇക്കോളജിക്കലുമായ കൃതിയാണ്. പാരിസ്ഥിതിക മിഥ്യയുടെ ഇരകളായി തീര്‍ന്നവര്‍ക്കുള്ള ആലോചനകളാണ് എലിയനര്‍ ഇതില്‍ കയറ്റിവിടുന്നത്. എഴുത്തുകാരികളുടെ സൗന്ദര്യത്തെ കുറിച്ചുള്ള വര്‍ത്തമാനം ഇവിടെ കുഴപ്പം പിടിച്ച വീക്ഷണമല്ല. പക്ഷേ അതു മലയാളസാഹിത്യത്തിലേക്കു വരുമ്പോള്‍ ബോഡി ഷെയിമിങ് എന്ന യുക്തിയിലേക്ക് പറിച്ചുനടപ്പെട്ടേക്കാം.
മലയാളസാഹിത്യത്തിലെ സുന്ദരികളെയും അസുന്ദരികളെയും വിഭജിക്കുമ്പോള്‍ നാം അഭിപ്രായ ഐക്യത്തിന്റെ പ്രത്യയശാസ്ത്രം ഉണ്ടാക്കാന്‍ സാധ്യമല്ല. മൗലികതയുടെ ഊര്‍ജ്ജത്തെ ഊറ്റത്തോടെ വായനക്കാരിലേക്ക് പായിക്കുന്ന എഴുത്തുകാരികള്‍ നമുക്കില്ല. ഇവിടെ പെണ്‍സാഹിത്യം എന്നത് ഒന്നാമത് രൂപപ്പെടുന്ന ഒരു ചരക്കല്ല. എഴുത്തിനേക്കാള്‍ പ്രധാനം ഇവിടെ എഴുത്തുകാരിയാണ്. മാധവിക്കുട്ടി തുടങ്ങിവെച്ച സ്വാതന്ത്ര്യത്തിന്റെ കലയെ പിന്നാലെ വന്നവര്‍ വിനിയോഗിച്ചത് ശരീരപ്രദര്ശനത്തിനായിട്ടാണ്. അസുന്ദരികളായ എഴുത്തുകാരികളുടെ അനുകൂലികളെ എതിര്‍ക്കാനും മെരുക്കാനുമായിരിക്കണം പത്രാധിപന്മാരോടും പ്രസാധകരോടും ചേര്‍ന്നു നില്ക്കുന്ന സുന്ദരികളെ ദൈവം സൃഷ്ടിച്ചത്. ഇവിടത്തെ സുന്ദരികളായ എഴുത്തുകാരികളെ ഒട്ടും ഉരയ്ക്കാതെയാണ് രത്നങ്ങളാക്കി മിനുക്കി കാണിക്കുന്നത്. ഇതെഴുതുന്നയാള്‍ സുന്ദരികളുടെ എതിരാളിയല്ല. പക്ഷേ അസുന്ദരികളുടെ നല്ല രചനകളുടെ കാവല്‍ക്കാരനാണ്. എന്തുകൊണ്ടാണ് ഗദ്യകാരിയായ ശാരദക്കുട്ടിക്ക് ലഭിച്ച സ്വീകാര്യത ഡോ. മിനി പ്രസാദിന് ലഭിക്കാതെ പോയത്? കവിതയിലെ സാമ്പ്രദായിക തുടര്‍ച്ചകള്‍ പിന്തുടര്‍ന്ന സുഗതകുമാരിക്കും വിജയലക്ഷ്മിക്കും ഒക്കെ ലഭിച്ച ഇടം എന്തുകൊണ്ടായിരിക്കണം കണിമോള്ക്കും അമൃതയ്ക്കും വിജിലയ്ക്കുമൊക്കെ നഷ്ടമാവുന്നത്?
സാഹിത്യത്തിലും കലയിലും സൗന്ദര്യം പ്രധാനമായി തീര്‍ന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. മുന്‍കാല സാഹിത്യസങ്കല്പങ്ങള് ഇളകിപ്പോകും വിധം വീശിയടിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമായി എഴുത്തുകാരിയുടെ സൗന്ദര്യമണ്ഡലം മാറിയിട്ടുണ്ട്. കൃതിക്കുള്ളിലെ കടുത്ത രാഷ്ട്രീയമോ പാരിസ്ഥിതിക ഉള്ളടക്കമോ ഒന്നുമല്ല പ്രസാധകര്‍ക്കും പത്രാധിപന്മാര്ക്കും പ്രധാനം. സ്വപ്നത്തിലെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ അന്വേഷിക്കുന്നവരാണ് നമ്മുടെ സുന്ദരികളായ എഴുത്തുകാരികള്‍. സംഗീത ശ്രീനിവാസന് പ്രമേയത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ യമയെ പോലുള്ളവര്‍ അനാട്ടമിക്കല്‍ പ്രോസസ്സുകളിലൂടെ പത്രാധിപന്മാരെയും പ്രസാധകരെയും വിലയ്ക്കു വാങ്ങുന്നു. അസുന്ദരികളുടെ രചനകള്‍ കണ്ട് നിങ്ങള്‍ ഞെട്ടിപ്പോകുന്നില്ലേ എന്ന് ഏതെങ്കിലും ഒരു ഗദ്യകാരി ഇന്നേവരെ ചോദിച്ചതായി ഓര്‍ക്കുന്നില്ല. എഴുതുന്നതിലെല്ലാം അനാട്ടമിയുടെ പാഠങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നവര്ക്കാണ് മുഖ്യധാര ഇടം ഒരുക്കുന്നത്. അസുന്ദരികള്ക്ക് രചന അവരുടെ മാനസികാവസ്ഥയാണ്. അത് അവരുടെ ബോധത്തിന്റെ താളമാണ്. അതുകൊണ്ടവ കുറെക്കൂടി ഒറിജിനലാണ്. പക്ഷേ സങ്കുചിത താല്പര്യങ്ങള് അവയെ തമസ്കരിക്കുകയാണ് പതിവ്.
കഥയിലെ
സുന്ദരികളുടെ
കുഴപ്പങ്ങള്‍
കഥാകാരി രാജലക്ഷ്മി സുന്ദരിയായിരുന്നില്ല. പക്ഷേ അവര്‍ അവതരിപ്പിച്ച നീരജ എന്ന കഥാപാത്രം സുന്ദരിയായിരുന്നു. താന്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുന്ദരിയായ ഒരു രാജലക്ഷ്മിയെ നീരജയുടെ രൂപത്തില്‍ കൊത്തിയെടുക്കുകയായിരുന്നു. സൗന്ദര്യസ്പര്ശമുള്ള പതറിയ യുക്തിയും പെട്ടെന്നു ക്ഷതമേല്‍ക്കുന്ന വൈകാരികത്വവും വിഷാദരോഗവും ജീവിതം എന്ന കലയ്ക്കു നേരെയുള്ള രാഗശൂന്യതയുമാണ് നീരജയില്‍ രാജലക്ഷ്മി ആരോപിക്കുന്നതെങ്കിലും അത്തരം സുന്ദരിയായ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചുവെന്നതിനാലാണ് രാജലക്ഷ്മി ഓര്‍മ്മിക്കപ്പെടുന്നത്. ‘പൂച്ച ‘ എന്ന മിനിയേച്ചര്‍ രചനയില്‍ രാജലക്ഷ്മി ഇങ്ങനെയെഴുതിയിട്ടുണ്ട്:
വീഴ്ത്തുന്നവരാണ് എനിക്കു ചുറ്റും
വീണു പോകുന്നതെന് ദൗര്‍ബല്യം
‘പൂച്ചത്ത ‘ മിത്തിരി കിട്ടിയെങ്കില്‍
എത്രമേല്‍ സൗഭാഗ്യമായിരുന്നു..
രാജലക്ഷ്മിയുടെ ഇത്തരം രചനകള്‍ക്കു പോലും ഒരു ദൃഢസംസ്കാരമുണ്ടായിരുന്നു. ഇത് മനുഷ്യര്‍ക്കു മുമ്പാകെയുള്ള ഒരു രചനയുടെ സത്യസന്ധതയാണ്. ഈ സത്യസന്ധത സാറാ ജോസഫും ഗ്രേസിയും പിന്തുടരുന്നതു കാണാം. അവരുടെ മൈക്രോ രചനകള്‍ ഉദ്ധരിച്ചാല്‍ കഥയില്‍ അവര്‍ പണിതുവെച്ച വ്യത്യസ്തതകളെ ഉള്‍ക്കൊള്ളാന്‍ കഴിയും.
പങ്കുവെക്കപ്പെടാത്ത സ്നേഹം കല്ലേറുകൊണ്ട നായയെപ്പോലെ വീടിനു ചുറ്റും പാഞ്ഞുനടക്കുന്നതു ഞാന്‍ കണ്ടു. ഉമ്മറത്തിണ്ണയിലിരുന്ന് കരയുന്നു അഞ്ചുവയസ്സുകാരി. നിലയ്ക്കാത്ത തേങ്ങലുകള്‍ക്കിടയിലൂടെ പറഞ്ഞുകൊണ്ടിരുന്നു; ഞാനല്ല, ഞാനല്ല കല്ലെറിഞ്ഞത്.
– അണു കുടുംബം/സാറ ജോസഫ്
അവന് സങ്കടപ്പെട്ടു:
‘ഇപ്പോള്‍ കവിതയൊക്കെയും
കഥയായിക്കൊണ്ടിരിക്കുകയാണ ല്ലോ !
അവള് ചിരിച്ചു:
‘ഓ! ട്രാന്‍സ്ജെന്‍ഡേഴ്സ്! ‘
– ട്രാന്‍സ്ജെന്‍ഡേഴ്സ്/ ഗ്രേസി
കഥയുടെ സവിശേഷമായ ധര്‍മ്മം സൗന്ദര്യം സൃഷ്ടിക്കുക എന്നതുതന്നെയാണ്. ഇന്ന് പലരും എഴുതുമ്പോള്‍ കഥയുടെ സൗന്ദര്യം നഷ്ടമാകുന്നു. ഭാഷ വിരൂപവും രോഗം പിടിച്ചതും കാപട്യം നിറഞ്ഞതുമാണവ. അത്തരത്തില്‍ കഥയില്‍ ഇടപെടുന്ന കഥാകാരിയാണ് കെ. പി. സുധീര. ഇവര്‍ എഴുതുമ്പോള്‍ സൗന്ദര്യം ദൈന്യമാണ്. ഇവിടെ സൗന്ദര്യത്തിന്റെ ഭാവം മാറ്റാന്‍ കഴിയാത്ത ഒരു തെറ്റിയ രാഗമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് കഥ എന്ന മീഡിയത്തിന്റെ സൗന്ദര്യത്തിനു മേലുള്ള കയ്യേറ്റമാണ്. ഇവിടെ കഥാകാരിയുടെ മാധ്യമം നല്ല വാക്കുകളല്ല മറിച്ച് തൊലിപ്പുറത്തെ വെളുപ്പിന്റെ ആകാശമാണ്. സാറ ജോസഫും ഗ്രേസിയുമൊക്കെ എഴുത്തിനെ കലയുടെ മൂല്യത്തില്‍ ഉയര്‍ത്തി നിര്‍ത്തുന്നു.
കവിതയിലെ
സുന്ദരികള്‍ക്ക് എന്തു സംഭവിക്കുന്നു!
വിലാപ ഗീതങ്ങളുടെ പദവ്യവസ്ഥകള് കൊണ്ട് കവിതയില്‍ ഇടപെടുന്ന പെണ് കവികള്‍ ഇന്നുമുണ്ട്. വികാരത്തിന്റെ സ്വച്ഛമായ ഇഴചേര്‍പ്പ് പലപ്പോഴും സുന്ദരികളായ കവികളുടെ ഭാവനയെ ചലിപ്പിക്കാറില്ല. ശോകസംഭവങ്ങള് കൊണ്ട് പത്രാധിപമേശയിലെ പ്രിയപ്പെട്ടവരായി തീരുന്ന കവികളെ മറികടന്നവര്‍ പക്ഷേ സുന്ദരികളായിരുന്നില്ല. നിര്‍വചിക്കപ്പെടാത്ത പ്രേരണകള്‍ കൊണ്ട് ഇടപെട്ട അസുന്ദരികളാണ് കവിതയില്‍ സുന്ദരികളേക്കാള്‍ മുമ്പിലുള്ളത്. അതിനുള്ള ചില ഉദാഹരണങ്ങള്‍ നിരത്താം.
ഒറ്റയടിപ്പാതയില്‍
ബുദ്ധഭിക്ഷു കണക്കെ വിനമ്രയായി
ഒരു പുല്‍ക്കൊടി.
– പ്രഭാത സഞ്ചാരി / അഷിത
നിന്നെക്കുറിച്ചൊരു നൂറല്ല
സ്വപ്നങ്ങള്‍
നിന് കൊഞ്ചലില്‍
കേള്പ്പതെല്ലാമറിവുകള്
നീ സങ്കടങ്ങളില്‍ സാന്ത്വനം കണ്മണീ
നീ മരുഭൂമിയില്‍ പാടുന്ന പൂങ്കുയില്‍.
– മകന് / അമൃത
കൊടും കാടാണുറക്കത്തില്
നിത്യ നീലിമയാ, ണതിന് ചുവടേ
പാര്‍ക്കുന്നുണ്ട് കോടി ജീവിക,
ളോര്‍മ്മകള്‍ .
– കാട്/ കണിമോള്‍
ഇവിടെ പ്രമേയം സമകാലികതയുടെ താല്‍ക്കാലിക താല്പര്യമാവുമ്പോഴും കവിത അതിന്റെ യഥാര്‍ത്ഥ സത്തയിലേക്ക് തുറന്നു വരുന്നതാണ് നാം കാണുന്നത്. ആത്യന്തിക ആന്തരികവിജ്ഞാനത്തെ അഭിമുഖീകരിക്കാന്‍ ബാഹ്യസൗന്ദര്യത്തേക്കാള്‍ ഉപരി ആന്തരിക തെളിമയാണ് ആവശ്യമെന്ന് അസുന്ദരികളായ കവികള്‍ പ്രഖ്യാപിക്കുന്നു. ഇതേ പ്രെമിസ്സില്‍ സുന്ദരികളായ ആര്യ ഗോപിയും ഗിരിജ പി. പാതേക്കരയും സൂര്യഗോപിയും ഒക്കെ കവിതയില്‍ പരാജയപ്പെടുന്നതാണ് നാം കാണുന്നത്. പക്ഷേ അപ്പോഴും നിഗൂഢവും വിസ്മയകരവുമായ അതിര്‍ത്തികള്‍ തേടുന്ന ഒരു ഉന്മാദിയെ പോലെ കവിതയില്‍ താമസിക്കാന്‍ സുന്ദരിയായ റോസ്മേരിക്കാവുന്നു. പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിഷയീഭൂതമായ കാര്യങ്ങളെയാണ് റോസ്മേരി ആശ്ചര്യ സൂചകമായ ഭാഷയില്‍ ആവിഷ്കരിക്കുന്നത്. റോസ്മേരിയുടെ ഏറ്റവും ചെറിയ കവിതയാണ് ”കവിതയില്ലാ മനസ്സ് ‘ എന്നത്. അതുദ്ധരിക്കാം.
കവിതയില്ലാത്ത മനസ്സ്
കനല്‍കെട്ട നെരിപ്പോട്,
നക്ഷത്രങ്ങളൊഴിഞ്ഞുപോയ
ആകാശപഥം.
തുലഞ്ഞവന്റെ ഹൃത്തടം പോല്‍
സര്‍വ്വം വ്യര്ത്ഥശൂന്യം !
- കവിതയില്ലാ മനസ്സ്/ റോസ്മേരി
ഈ ആഴ്ചയിലെ
പുസ്തകം
Take Me With You / Andrea Gibson
Everybody’s
dark side is
daytime somewhere.
-Andrea Gibson
ലോക കവിതയില്‍ ജയിക്കാന്‍ മാത്രം വിധിക്കപ്പെട്ട പ്രവണതകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ അവയൊന്നും സംഭവിപ്പിക്കുന്നത് ആണെന്നോ പെണ്ണെന്നോ സുന്ദരന്‍ എന്നോ സുന്ദരിയെന്നോ ഒന്നും അഭിസംബോധന ചെയ്യപ്പെടാന്‍ ഇഷ്ടപ്പെടാത്ത ചിലരില്‍ നിന്നാണ്. കലയുടെ അമിതോല്പാദനം സാധ്യമാകണമെങ്കില്‍ നിങ്ങള്‍ ജെന്‍ഡറിനെ കുറിച്ച് ആലോചിക്കരുതെന്ന് സ്വയം താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന കവിയാണ് ആന്‍ഡ്രിയ. എഴുത്തുകാര്‍ ഭാഷയ്ക്കുമേല്‍ സ്ഥാപിക്കേണ്ടത് ഒരു കവര്ച്ചാമനോഭാവമാണെന്നും അല്ലാതെ ജെന്‍ഡര്‍ മനോഭാവമല്ലെന്നുമാണ് ഈ കവി വാദിക്കുന്നത്. ഈ സുന്ദരിയായ കവി സുന്ദരനെന്നോ സുന്ദരിയെന്നോ അഡ്രസ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ആന്‍ഡ്രിയ ലിംഗ നിഷ്പക്ഷ സര്‍വ്വനാമങ്ങളാണ് ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് അവര്‍ / അവരുടെ, നിങ്ങള്‍/ നിങ്ങളുടെ. ആന്‍ഡ്രിയ ഇങ്ങനെയെഴുതിയിട്ടുണ്ട്- ‘ഞാന്‍ ഒരു ലിംഗ ബൈനറിക്കുള്ളില്‍ തിരിച്ചറിയപ്പെടണമെന്നില്ല. എന്റെ ജീവിതത്തില്‍ ഒരിക്കലും ഒരു സ്ത്രീയെപ്പോലെ എനിക്ക് തോന്നിയിട്ടില്ല. തീര്‍ച്ചയായും ഒരു പുരുഷനെപ്പോലെയും തോന്നിയിട്ടില്ല. അണ്ഡാശയ ക്യാന്‍സറിനുള്ള കീമോതെറാപ്പിക്ക് വിധേയയായ ആന്‍ഡ്രിയ ക്രോണിക് ലൈം ഡിസീസിനും ഇരയാണ്. ‘പോള്‍ ഡാന്‍സിങ് ടു ഗോസ്പല്‍ ഹിംസ്, ദി മാഡ്നെസ് വാസ്, പാന്‍സി, യു ബെറ്റര്‍ ബി ലൈറ്റ്നിoഗ് എന്നീ പുസ്തകങ്ങള്‍ ആന്‍ഡ്രിയ എഴുതിയിട്ടുണ്ടെങ്കിലും ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് ‘ Take Me With You’ എന്ന കൃതിയാണ്. അതിനു കാരണം തന്നെ ലിംഗ നിഷ്പക്ഷതയിലൂന്നിയ കവിതകള്‍ എന്ന നിലയ്ക്കാണ്. ആന്‍ഡ്രിയ ലോകകവിതയില്‍ സ്വീകൃതയായത് സുന്ദരിയായിരുന്നതുകൊണ്ടല്ല എന്നതും ഓര്‍ത്തേ മതിയാകൂ.
Feelings are not the Enemy
– (on becoming )
Beating yourself up is
never a fair fight.
(Ibid)
You are not weak just because
your heart feels so heary.
(Ibid)
ഈയാഴ്ചയിലെ
ഇലസ്ട്രേഷന്
മള്‍ട്ടി കള്ച്ചറലിസവും കള്‍ച്ചറല്‍ പ്ലൂരലിസവും ഒക്കെ ഉള്ളടക്കത്തിന്റെ കഴമ്പിലാണ് വിലയുള്ളതാകുന്നതെന്ന് വിശ്വസിക്കുന്ന ഒരു നേരിയ ശതമാനം ചിത്രകാരികളെ നമുക്കുള്ളൂ. അത്തരത്തിലുള്ളവര്‍ പോസ്റ്റ് എന്ലൈറ്റെന്മെന്റ് പ്രതിഭാസങ്ങള്‍ കൊണ്ട് പുതിയ ചിത്രകലാ ഉറവിടങ്ങള്‍ തീര്‍ക്കും. അങ്ങനെയെങ്കില്‍ മലയാളത്തിലെ ആദ്യത്തെ ചിത്രനോവല്‍ എഴുതിയത് കവിത ബാലകൃഷ്ണന് എന്ന ഇലസ്ട്രേറ്ററാണ്. അബദ്ധജടിലമായ വാക്കുകളെയും പ്രയോഗങ്ങളെയും കാള്‍ നല്ലത് ധൈഷണിക നിലവാരം പുലര്‍ത്തുന്ന നിറങ്ങളാണെന്ന് കവിത വിശ്വസിച്ചതു കൊണ്ടായിരിക്കണം ‘പൂ എന്ന പെണ്‍കുട്ടി’ പോലൊരു ചിത്രനോവല്‍ കവിത സൃഷ്ടിച്ചത്. കലയുടെ ആധുനികോത്തര വിപണിസംസ്കാരത്തില് ഇതുപോലൊരു സൃഷ്ടിയുടെ മഹത്വത്തെ പ്രകീര്‍ത്തിക്കാന്‍ നമ്മുടെ സാമ്പ്രദായിക ധാരണകള്‍ക്കു കഴിയില്ല. ചിത്രകല വിപണിയിലെ കെട്ടുകാഴ്ച മാത്രമായി ഒടുങ്ങരുതെന്ന് ആശിച്ച ഒരു ചിത്രകാരിയുടെ മൂല്യാധിഷ്ഠിതമായ സാംസ്കാരിക പ്രവൃത്തിയായി ഇതിനെ കണ്ടേ മതിയാകൂ. പുതിയ വായനക്കാരന് കാണികൂടിയാണെന്നും അയാള്‍ക്ക് ചിത്രഭാഷ വഞ്ചനാപരമായ കാഴ്ചയാകരുതെന്നും ആഗ്രഹിക്കുന്ന ഒരു ചിത്രകാരിയുടെ അതിസരളമായ ബഹുസ്വര ഇടപെടലായി വേണം ‘പൂ എന്ന പെണ്‍കുട്ടി’ യെ വായിച്ചെടുക്കാന്‍. ഇലക്ട്രോണിക് ദൃശ്യബിംബങ്ങളുടെ നടുവില്‍ കഴിയുന്ന ഒരാള്‍ക്ക് ഇതെല്ലാം പുതുമയുള്ള സൂചകാര്ത്ഥങ്ങളാണ്. ഒരു വസ്തുവിനെ കലാസൃഷ്ടിയാക്കുന്നത് ദൃഷ്ടിഗോചരമായ അതിലെ ഏതെങ്കിലും ഒരു ഘടകം മാത്രമല്ലെന്നും കലാലോകം അതിനു കല്പ്പിച്ചു നല്കുന്ന സ്ഥാനമാണ് അതിനെ ശ്രദ്ധിപ്പിക്കുന്നതെന്നും നിരീക്ഷിച്ച ഡാന്റോയുടെ ചിന്തയുടെ സംക്ഷിപ്ത ആഖ്യാനമാണ് കവിതയുടെ ഓരോ സ്ത്രീയാഖ്യാനങ്ങളും. കലയിലെ സംഘര്‍ഷങ്ങളെ ഒരു പുസ്തകത്തിനുള്ളില്‍ പ്രദര്ശനയോഗ്യമാക്കുന്ന പ്രവണത ഉദ്ഘാടനം ചെയ്തത് കവിത ബാലകൃഷ്ണനാണ്. സുന്ദരിയായ ഒരു കലാകാരിയുടെ അതിസുന്ദരമായ നിര്‍മ്മിതിയായി കവിതയുടെ ചിത്രനോവലായ ”പൂ എന്ന പെണ്‍കുട്ടി ”യെ വായിച്ചിരുന്നെങ്കില്‍ !
ഈയാഴ്ചയിലെ
അഫോറിസം
നേരത്തെ പരന്ന
ഇരുട്ടിന്റെ
ശരിയായ ഉച്ചാരണമാണ്
ഓരോ ഋതുവും.