സനാതനധര്‍മ്മവും വര്‍ണ്ണാശ്രമവും

യാതൊരു സനാതനധര്‍മ്മത്തിന്റെ പേരിലാണോ കേരളത്തില്‍ അയിത്താദി തിന്മകള്‍ വളര്‍ത്തിയതും നിലനിര്‍ത്തിയതും; അതേ സനാതനധര്‍മ്മത്തിന്റെ ജ്ഞാനപ്രകാശത്താല്‍ ആത്മസാഹോദര്യം വളര്‍ത്തി സമൂഹത്തെ സർവ്വതോമുഖമായി സമുദ്ധരിച്ച വേദാന്താംബുജസൂര്യനാണ് ശ്രീനാരായണഗുരു.

ഋഗ്വേദത്തിലെ പുരുഷസുക്ത (10:90) മന്ത്രത്തിലാണ് വര്‍ണ്ണാശ്രമ സമ്പ്രദായം ഉള്‍പ്പെട്ടിരിക്കുന്നത് . ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നിങ്ങനെ മനുഷ്യനെ നാല് വിഭാഗങ്ങളാക്കിയിരിക്കുന്നു. ഇതുകൂടാതെ ഈ നാല് വിഭാഗത്തില്‍ വരാത്തവരെ പഞ്ചമന്മാരെന്ന് വിളിച്ചു. മനുഷ്യരില്‍ അനേകം ജാതിഭേദങ്ങളും അയിത്താദി നീചവൃത്തികളും കാലംകൊണ്ട് വളര്‍ന്നുവന്നു. വര്‍ണ്ണാശ്രമത്തിന് ഒരുപക്ഷേ എന്തെങ്കിലും സദ്ക്രിയാത്മകമായ ലക്ഷ്യങ്ങളുണ്ടായിരുന്നെങ്കില്‍പ്പോലും ജാതീയതയാല്‍ അത് വളര്‍ത്തിയത് ദുഷ്‌ക്കര്‍മ്മങ്ങളും ദുഷ് ഫലങ്ങളും ആയിരുന്നു. അവയൊന്നും ഇവിടെ വിചാരം ചെയ്യുന്നില്ല. ജാതീയമായ ഉച്ചനീചത്ത്വങ്ങളും അനാചാരങ്ങളും വേദത്തിന്റെ പൊതുതത്ത്വത്തിന് – ധര്‍മ്മത്തിന് വിരുദ്ധമാണെന്ന് വേദം നിര്‍മ്മത്സരബുദ്ധിയോടെ പഠിക്കുന്ന ആര്‍ക്കും മനസ്സിലാവും.
ജാതിയതയാല്‍ വര്‍ണ്ണാശ്രമസമ്പ്രദായത്തിന്റെ ദോഷങ്ങള്‍ അനുഭവിക്കേണ്ടിവരുമായിരുന്ന വേദവ്യാസന്‍ വേദത്തെ വ്യസിപ്പിച്ചു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചുകൊടുത്തതും ചാതുര്‍വര്‍ണ്ണ്യം എന്നാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് യാദവനായ ഭഗവാന്‍ശ്രീകൃഷ്ണന്‍ പറയുന്നതും യുക്തിഭദ്രമായി വിചാരം ചെയ്യേണ്ടതാണ്. വര്‍ണ്ണാശ്രമസംബന്ധിയായ ജാതിസങ്കല്പങ്ങളെയെല്ലാം വജ്രസൂചികോപനിഷത്ത് പോലുള്ള ശ്രുതികള്‍ ചോദ്യം ചെയ്തു നിരാകരിച്ചിട്ടുണ്ട്. ”ജാതി ആയിരിക്കുമോ ബ്രാഹ്മണന്‍ ? അതു സാദ്ധ്യമല്ല.എന്തെന്നാല്‍ ഭിന്ന ജാതിയില്‍പ്പെട്ട ജീവികളില്‍ നിന്നും അനേകം മഹര്‍ഷിമാര്‍ ജനിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മാന്‍പേടയില്‍ നിന്ന് ഋഷ്യശൃംഗനും കുശയില്‍ നിന്ന് കൗശികനും ജംബുവില്‍ നിന്ന് ജാംബുകനും വാല്മീകത്തില്‍ നിന്ന് വാല്മീകിയും മുക്കുവകുമാരിയില്‍ നിന്ന് വേദവ്യാസനും ശശപുഷ്ഠത്തില്‍ നിന്ന് ഗൗതമനും ഉര്‍വശിയില്‍നിന്ന് വസിഷ്ഠനും കുടത്തില്‍ നിന്ന് അഗസ്ത്യനും ജനിച്ചു എന്ന് പറയപ്പെടുന്നു. ഈ മഹര്‍ഷിമാരെല്ലാം ജാതി കൂടാതെ തന്നെ മുമ്പിനാല്‍ തന്നെ ജ്ഞാനികളായിരുന്നു. അതുകൊണ്ട് ജാതിയാണ് ബ്രാഹ്മണനെന്ന് പറയാന്‍ നിവൃത്തിയില്ല.”
”ആത്മാവിനെ കൈത്തലത്തിലിരിക്കുന്ന നെല്ലിക്കാപോലെ സാക്ഷാത്ക്കരിച്ച് കൃതാര്‍ത്ഥനായും കാമരാഗാദിദോഷരഹിതനായും ശമദമാതിസമ്പന്നനായും മാത്സര്യം തൃഷ്ണ ആശ ഇവ വെടിഞ്ഞവനായും ദംഭം അഹങ്കാരം എന്നിവ കൈവിട്ടവനായും യാതൊരാള്‍ കഴിയുന്നുവോ അവന്‍ തന്നെയാണ് ബ്രാഹ്മണന്‍ എന്നത്രേ ശ്രുതി പുരാണങ്ങള്‍ ഇതിഹാസങ്ങള്‍ ഇവയുടെയൊക്കെ അഭിപ്രായം. ഇതില്‍ നിന്ന് ഭിന്നമായി മറ്റൊരുതരത്തിലും ബ്രാഹ്മണ്യം ലഭിക്കയില്ല.” (വജ്രസൂചികോപനിഷത്ത്)
ഉപനിഷത് തത്ത്വപ്രകാരം ആത്മാവ് ജാതി മതഭേദം കൂടാതെ സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നു. എന്നാല്‍ അജ്ഞതയാല്‍ നാം ആ പരമസത്യമായ ആത്മാവാണെന്ന് നമ്മള്‍ അറിയുന്നില്ല. അതുകൊണ്ട് നമ്മിലെല്ലാം ജാതിമതാദി ഭേദങ്ങള്‍ നിലനില്ക്കുന്നു. ഞാന്‍ ആ പരമസത്യമായ ആത്മാവാണെന്ന് അറിഞ്ഞാല്‍ നാം ജാതിഭേദരഹിതരാകുന്നു എന്ന് അദ്വൈതികളായ ആദിശങ്കരനും നാരായണഗുരുവും ആനുഭൂതികമായി വെളിപ്പെടുത്തിയട്ടുണ്ട്.
” ന മൃത്യുര്‍ന ശങ്കാ ന മേ ജാതിഭേദഃ പിതാ നൈവ മേ നൈവ മാതാ ന ജന്മ…….” -എനിക്ക് മരണമില്ലായെന്നതില്‍ സംശയമില്ല. എനിക്ക് ജാതിഭേദങ്ങളില്ല. എനിക്ക് അച്ഛനുമില്ല. എനിക്ക് അമ്മയുമില്ല. എനിക്ക് ജന്മവുമില്ല…….(നിര്‍വ്വാണശതകം-ശങ്കരാചാര്യര്‍)
” നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു……….”(നാരായണഗുരു-1916 വിളംബരം)
” നാം ശരീരമല്ല അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനുമുമ്പിലും അറിവായ നാം ഉണ്ടായിരുന്നു.(അച്ഛനും അമ്മയും ഇല്ലായെന്ന് വ്യക്തം) ഇനി ഇതൊക്കൊയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. ജനനം മരണം ഭയം ദാരിദ്ര്യം ഇത്യാദികളൊന്നും നമ്മെ തീണ്ടുകയില്ല.”(ഗദ്യപ്രാര്‍ത്ഥന-നാരായണഗുരു)
ഉപനിഷത്ത് പഠിപ്പിക്കുന്ന ആത്മതത്ത്വത്തിനു വിരുദ്ധമായ ചാതുര്‍വര്‍ണ്ണ്യജാതിവ്യവസ്ഥകള്‍ വേദത്തോട് കൂട്ടിച്ചേര്‍ത്തതാണെന്നാണ് പണ്ഡിത മതം. വര്‍ണ്ണാശ്രമ-ചാതുര്‍വര്‍ണ്ണ്യ ജാതിവ്യവസ്ഥകളുടെ പേരിലുളള പോരില്‍ നശിക്കാതെ ശാശ്വതമായി നിലനില്ക്കുന്ന ആത്മജ്ഞാനമാണ് സനാതനധര്‍മ്മം. നാം അതാണ് അറിഞ്ഞ് അനുധാവനം ചെയ്യേണ്ടത്. നാരായണഗുരു വര്‍ണ്ണാശ്രമ – ചാതുര്‍വര്‍ണ്ണ്യ ജാതിവ്യവസ്ഥകളെ അംഗീകരിച്ചില്ല. അതിനെ പാടെ നിരാകരിച്ചുകൊണ്ടാണ് സനാതനധര്‍മ്മമായ ശ്രീനാരായണധര്‍മ്മം എന്ന ശ്രീനാരായണസ്മൃതി ഗുരു ഉപദേശിച്ചിരിക്കുന്നത്.

സനാതനധര്‍മ്മവും
സ്വാതന്ത്ര്യവും

ഭാരതത്തെ അടിമത്ത്വത്തില്‍ നിന്നും അധഃപതനത്തില്‍ നിന്നും ഉണര്‍ത്തി ഉയര്‍ത്തുവാന്‍ ആഗ്രഹിച്ച എല്ലാ മഹാത്മാക്കളും ഭാരതത്തെ ആത്മജ്ഞാനത്തിലൂടെ മാത്രമേ ഉണര്‍ത്താനും ഉയര്‍ത്താനും കഴിയുകയുള്ളു എന്ന് കണ്ടറിഞ്ഞ് അവരെല്ലാം ആ വഴിയിലൂടെയാണ് ഉപദേശിച്ച് പ്രവര്‍ത്തിച്ചത്. ഭാരതത്തെ നോക്കി ”വേദങ്ങളിലേക്ക് മടങ്ങുവിന്‍” എന്ന് ആഹ്വാനം ചെയ്ത സ്വാമി ദയാനന്ദസരസ്വതിയും, ഭാരതം ആദ്ധ്യാത്മികതയുടെ നാടാണ്. ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിന്നുകൊണ്ടുമാത്രമേ ജനങ്ങളെ ഉയര്‍ത്താന്‍ കഴിയൂ അതുകൊണ്ട് നിങ്ങള്‍ ഒരു ആത്മീയ ഗുരുവിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കൂ എന്ന് ഡോക്ടര്‍ പല്പുവിനോട് ഉപദേശിക്കുകയും ഭാരതത്തിലും ലോകമെമ്പാടും ഉപനിഷത് തത്ത്വം പ്രചരിപ്പിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദനും, ആത്മീയതയുടെ നാടായ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യണമെങ്കില്‍ ആത്മീയതയുടെ അടിത്തറയിലൂടെമാത്രമേ സാദ്ധ്യമാകൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്‍ന്റ് സ്ഥാനം രാജിവെച്ച് തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ച മിസ്സിസ് ആനിബെസന്റും, ആത്മീയതയാല്‍ പ്രചോദിതരായി സ്വാതന്ത്ര്യത്തിന് യത്‌നിച്ച ബാലഗംഗാധരതിലകനും, മഹര്‍ഷി അരബിന്ദഘോഷും, സുബാഷ് ചന്ദ്രബോസും, ഭഗവദ്ഗീത മാറോടുചേര്‍ത്ത് പിടിച്ചുകൊണ്ട് ഗീതാപഠന പ്രക്രിയയിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ലക്ഷ്യത്തിലെത്തിച്ച മഹാത്മാഗാന്ധിയും ഉള്‍പ്പെടെ എല്ലാവരും വേദജ്ഞാനത്തിന്റെ – സനാതനധര്‍മ്മത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ടവരായിരുന്നു.

 സനാതനധര്‍മ്മം ലോകം മുഴുവനും പ്രചരിപ്പിച്ചുകൊണ്ടിരുന്ന സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ സനാതനധര്‍മ്മത്തിന്റെ പേരില്‍ സനാതനധര്‍മ്മവിരുദ്ധമായി ആയിരംനാവുള്ള അനന്തനുപോലും അനാവരണം ചെയ്യാന്‍ അസാദ്ധ്യമായ അളവില്‍ നിലനിന്നിരുന്ന അയിത്താദി അനാചാരങ്ങളും അടിമത്ത്വവും അസഹിഷ്ണുതയും കണ്ടിട്ട് കേരളത്തെ ഭ്രാന്താലയം എന്നാണ് വിളിച്ചത്. യാതൊരു സനാതനധര്‍മ്മത്തിന്റെ പേരിലാണോ കേരളത്തില്‍ അയിത്താദി തിന്മകള്‍ വളര്‍ത്തിയതും നിലനിര്‍ത്തിയതും; അതേ സനാതനധര്‍മ്മത്തിന്റെ ജ്ഞാനപ്രകാശത്താല്‍ ആത്മസാഹോദര്യം വളര്‍ത്തി സമൂഹത്തെ സര്‍വ്വതോന്മുഖമായി സമുദ്ധരിച്ച വേദാന്താംബുജസൂര്യനാണ് നാരായണഗുരു. മഹാകവി കുമാരനാശാന്‍ പാടിയതുപോലെ, അല്ലാ; സ്തുതിച്ചതുപോലെ '' അന്ധത്ത്വമൊഴിച്ചാദിമഹസ്സിന്‍ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം, വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവന്‍........., വാദങ്ങള്‍ചെവിക്കൊണ്ട് മതപ്പോരുകള്‍ കണ്ടും മോദസ്ഥിതനായങ്ങുവസിപ്പൂ മലപോലെ......'' വര്‍ത്തിച്ച നാരായണഗുരു ഔപനിഷതികമായ പരംബ്രഹ്മമാണ്. ''ഗുരുരേവ പരംബ്രഹ്മ'' (ദ്വയോപനിഷത്ത്)

ആരാണ് ഗുരു ?
ഗുരു ദ്വയാക്ഷരനാണ്. ഭാരതത്തിലെ ”ഗുരു” എന്ന പദത്തിന് തുല്ല്യമായ ഒരു പദം ലോകത്തിലെ ഒരു ഭാഷയിലും ഇല്ല. ഗുരു എന്ന പദം ഔപനിഷതികമാണ്. അതിന്റ അര്‍ത്ഥം ഔപനിഷതികമായിത്തന്നെയറിയണം. ദ്വയോപനിഷത്തിലാണ് പ്രധാനമായും ഗുരു എന്ന പദത്തെ നിര്‍വ്വചിച്ചിരിക്കുന്നത് :

”ആചാര്യോ വേദസമ്പന്നോ വിഷ്ണുഭക്തോ വിമത്സരഃ
മന്ത്രജ്ഞോ മന്ത്രഭക്തശ്ച സദാമന്ത്രാശ്രയ ശുചി
ഗുരുഭക്തിസമായുക്തഃ പുരാണജ്ഞോ വിശേഷവിത്
ഏവം ലക്ഷണ സമ്പന്നോ ഗുരുരിത്യഭിഥീതേ.”
ആചാര്യന്‍, വേദസമ്പന്നന്‍, വിഷ്ണുഭക്തന്‍, വിമത്സരന്‍, മന്ത്രജ്ഞന്‍, മന്ത്രഭക്തന്‍, സദാമന്ത്രാശ്രയന്‍, ശുചി, ഗുരുഭക്തന്‍, പുരാണജ്ഞന്‍ എന്നീ പത്ത് ലക്ഷണങ്ങളാല്‍ സമ്പന്നനായവനാണ് ഗുരു. നാരായണഗുരുവിന്റെ അവതാരലീലകളും അമൃതവാണികളും അവ അന്യൂനമായി അനാവരണം ചെയ്യുന്നുണ്ടു. ലേഖനവിസ്താരഭയത്താല്‍ അവ ഇവിടെ വിവരിക്കുന്നില്ല.

”ഗു ശബ്ദ സ്ത്വന്ധകാരഃ സ്വാത്
രു ശബ്ദസ്തന്നിരോധകഃ
അന്ധകാര നിരോധിത്വാത്
ഗുരുരിത്യഭിധീയതേ.”
‘ഗു’ എന്ന ശബ്ദത്തിന്റ അര്‍ത്ഥം അന്ധകാരമെന്നും ‘രു’എന്ന ശബ്ദത്തിന്റെ അര്‍ത്ഥം അതിനെ നിരോധിക്കുക എന്നുമാണ്. അന്ധകാരത്തെ അഥവാ അജ്ഞാനത്തെ നിരോധിക്കുന്നതാണ് ഗുരു. അന്ധകാരത്തെ മാറ്റുന്നത് പ്രകാശമാണ്. അപ്പോള്‍ ഗുരു എന്നാല്‍ പ്രകാശം-ചൈതന്യം എന്നാണ്.
(അടുത്തലക്കത്തിൽ:നാരായണന്‍ എങ്ങനെ ഗുരു ആയി ? )
9447804190

Author

Scroll to top
Close
Browse Categories