അദ്വൈതവും ഗുരുവും

ജഗത്തോളം വിശാലമായ സനാതനധര്‍മ്മത്തില്‍ ശോഭിക്കുന്ന വേദാന്താംബുജസൂര്യനായ ഗുരുവിനെ സനാതനധര്‍മ്മം എന്തെന്നറിയാത്ത അണ്ണാറക്കണ്ണന്മാര്‍ കൊച്ചുകേരളത്തിന്റെ നവോത്ഥാനനായകനാക്കാന്‍ ശ്രമിക്കുന്നു.

ഗുരു ക്ഷേത്രപ്രതിഷ്ഠാ സപര്യ സമസ്തപ്രപഞ്ചത്തേയും ഉള്‍ക്കൊള്ളുന്ന പ്രപഞ്ചനാദമായ – ബ്രഹ്മനാദമായ – പ്രാണന്റെ ഉദ്ഗീഥമായ പ്രണവം – ഓങ്കാരം – വൈക്കം ഉല്ലലയില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് പരിസമാപിപ്പിച്ചത്. വേദത്തിലെ ജ്ഞാനകാണ്ഡമായ ഔപനിഷതികമായ ബ്രഹ്മമാണ് ‘ഓം.’ അത് അദ്വൈതമന്ത്രമാണ്. ഓങ്കാരേശ്വരം ക്ഷേത്രത്തില്‍ അഥര്‍വ്വവേദ സംബന്ധിയായ ‘ബ്രഹ്മഗായത്രി’ മന്ത്രം ചൊല്ലി ആരാധന നടത്തിക്കൊള്‍ക എന്നാണ് ഗുരു ഉപദേശിച്ചത്. ദേവതാ പ്രതിഷ്ഠ മുതല്‍ പ്രണന്റെ ഉദ്ഗീഥമായ പ്രണവത്തെ വരെ പ്രതിഷ്ഠിച്ച് വേദ തത്ത്വപ്രകാശനം പൂര്‍ത്തീകരിച്ചതോടെ ഗുരുവിന്റെ മഹാസമാധിക്കുള്ള ആരംഭവുമായി. ഗുരുവിന്റെ മഹാസമാധിയുടെ പവിത്രതയും പ്രാധാന്യവും എല്ലാം വേദാതിശാസ്ത്രപ്രോക്തമാണ് – സനാതനധര്‍മ്മാധിഷ്ഠിതമാണ്.
ഗുരുവിന്റ ദര്‍ശനം ഔപനിഷതികമായ അദ്വൈത ദര്‍ശനമാണെന്ന് ആത്മോപദേശശതകം, അദ്വൈതദീപിക, വേദാന്തസൂത്രം, ദര്‍ശനമാല തുടങ്ങി സ്‌തോത്രാദികള്‍ ഉള്‍പ്പെടെ എല്ലാ ജ്ഞാനാമൃതങ്ങളിലൂടെയും പ്രകാശിപ്പിച്ചിട്ടുണ്ട്. എന്നുമാത്രമല്ല തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനോട് ”തത്ത്വശാസ്ത്രത്തില്‍ നാം ശങ്കരനെ പിന്‍തുടരുന്നു” എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഗുരുവിന്റെ ദര്‍ശനം അദ്വൈതം തന്നെയെന്ന് പ്രകാശിതമാക്കിക്കൊണ്ടാണ് ആലുവായില്‍ സ്ഥാപിച്ച സന്ന്യാസാശ്രമത്തിന് അദ്വൈതാശ്രമം എന്നു നാമകരണം നല്കിയത്. അതോടൊപ്പം ഗുരു രൂപം നല്കിയ സന്ന്യാസി പരമ്പരയും സനാതനധര്‍മ്മ പ്രകാരമുള്ളതുതന്നെയാണ്.
ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെയുള്ള ചതുരാശ്രമങ്ങളെക്കുറിച്ചാണ് വേദങ്ങളില്‍ പറയുന്നതെങ്കിലും ഗുരു കാലഘട്ടത്തിനനുരൂപമായി മൂന്ന് ആശ്രമങ്ങള്‍ക്കാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. ഗൃഹസ്ഥര്‍ക്കുവേണ്ടുന്ന ക്ഷേത്രങ്ങളും, ബ്രഹ്മചാരികള്‍ക്കുള്ള മഠവും, സന്ന്യാസിമാര്‍ക്കുള്ള ആശ്രമവും മാത്രമാണ് ഗുരു സ്ഥാപിച്ചിട്ടുള്ളത്. വാനപ്രസ്ഥത്തിന് ഗുരു പ്രാധാന്യം നൽകിയിട്ടില്ല. കാരണം അത് ഇന്നത്തെ കാലഘട്ടത്തിന് അനുരൂപമല്ല.
പരമപുരുഷാര്‍ത്ഥം നേടാന്‍ എല്ലാവരും പഞ്ചേന്ദ്രിയങ്ങളെ ഉള്ളടക്കിക്കൊണ്ട് സത്തായ ”ഓം” തെരുതെരെ വീണ് വണങ്ങി അതില്‍ മൃദുവായ് മൃദുവായ് അമരണം എന്ന് ഗുരു ആത്മോപദേശശതകത്തിലൂടെ ആദേശിച്ചതിനുപുറമേ സന്ന്യാസിമാരായ ശിഷ്യന്മാര്‍ എല്ലാദിവസവും പ്രഭാതത്തിലും പ്രദോഷത്തിലും കുളികഴിഞ്ഞുവന്ന് ആറുപ്രാവശ്യം ലഘുപ്രാണായാമം ചെയ്തശേഷം നൂറ്റിയെട്ട് (108) പ്രാവശ്യം ഓങ്കാരം ജപിക്കണമെന്ന് ശ്രീനാരായണസ്മൃതിയിലൂടെ ഗുരു ആദേശിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. അദ്വൈതമന്ത്രമായ ”ഓം” അദ്വൈതിയായ ഗുരുവിന്റെ മന്ത്രമാണ്.
വേദാഗമസാരങ്ങളറിഞ്ഞ ഗുരു ആദേശിച്ചുതന്ന ജ്ഞാനാമൃതങ്ങളില്‍ വേദങ്ങളുടെ ശ്രേയസ്‌ക്കരമായ പ്രാധാന്യം പ്രാര്‍ത്ഥനാപരമായി പ്രകടിതമാക്കിയിട്ടുണ്ട്. ”ലസദ്വേദകന്ദം”–വേദങ്ങളുടെ മൂലമായവനേ (വിനായകാഷ്ടകം), ”അരുമറനാല് ”- ശ്രേഷ്ഠമായ നാലുവേദങ്ങള്‍ (ശിവശതകം), ”വേദപ്പൊരുള്‍” (കുണ്ഡലിനിപ്പാട്ട്), ”അരുമറ”(സ്വാനുഭവഗീതി), ”നാന്മറക്കും മണിപ്പൂം വിളക്കേ”(കാളിനാടകം), ”ആഗമന്തനിലയേ”(ജനനീനവരത്‌നമഞ്ജരി), ”അരുമാമറയോതുമര്‍ത്ഥവും”-ശ്രേഷ്ഠമായ വേദങ്ങളില്‍ പറഞ്ഞിട്ടുള്ളതിന്റെ അര്‍ത്ഥവും; ”പരമാര്‍ത്ഥമുരച്ചു തേര്‍വിടും”- തേരുതെളിക്കുന്ന ശ്രീകൃഷ്ണന്‍ പരമമായ സത്യം ഓതിക്കൊണ്ടാണ് എന്നുപറഞ്ഞാല്‍ ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ ഓതുന്നതെല്ലാം പരമാര്‍ത്ഥമാണെന്നര്‍ത്ഥം (അനുകമ്പാദശകം), ”ഉപനിഷദ്യുക്തിരഹസ്യമോര്‍ത്തിടേണം” (ആത്മോപദേശശതകം) എന്നിവ ഏതാനും ചിലതുമാത്രം. ഇതോടൊപ്പം സനാതനത്തെ ഉള്‍ക്കൊണ്ട് ”സനാതനം സന്മതിശോധിതം പരം”- സനാതനമായ മഹാവിഷ്ണു സജ്ജനങ്ങളുടെ ബുദ്ധിയില്‍ ശോധിതനും പരനുമാണ് (വിഷ്ണ്വഷ്ടകം) എന്ന് പാടിയതും ശ്രദ്ധേയമാണ്.
സനാതനധര്‍മ്മത്തിലെ ഏറ്റവും സര്‍വ്വംസ്വീകാര്യമായ പ്രാര്‍ത്ഥനയും വേദസര്‍വ്വസ്വവുമായ ഈശാവാസ്യോപനിഷത്തിന് ഗുരു നല്കിയ ഭാഷ ഗുരു വേദത്തിന് നല്കിയ പ്രാമുഖ്യതയെ പ്രകാശിപ്പിക്കുന്നു. വേദത്തിലെ കര്‍മ്മകാണ്ഡത്തേയും ജ്ഞാനകാണ്ഡത്തേയും പാരസ്പര്യപ്പെടുത്തിക്കൊണ്ട് പ്രേയസ്സിനും ശ്രേയസ്സിനും വേണ്ടി ഗുരു അരുളിത്തന്ന ഹോമമന്ത്രവും, വേദാന്തത്തെ കാച്ചിക്കുറുക്കി നല്കിയ വേദാന്തസൂത്രവും, ഉപനിഷത് സാരസഞ്ചയമായ ദൈവദശകവും, മാനവജീവിതത്തെ പ്രേയസ്‌ക്കരവും ശ്രേയസ്‌ക്കരവും ആക്കാന്‍ അനുഷ്ഠിക്കേണ്ട ആചാരാനുഷ്ഠാനങ്ങളടങ്ങിയ ”ശ്രീനാരായണസ്‌മൃതി” അഥവാ ശ്രീനാരായണധര്‍മ്മവും എല്ലാം സനാതനം തന്നെയാണ്.

വൈക്കം ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രം പ്രതിഷ്ഠ

വേദത്തിലെ കര്‍മ്മകാണ്ഡപരമായ ശിവനെ അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചശേഷം സമൂഹത്തിന്റെ സര്‍വ്വോത്ക്കര്‍ഷതക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ രൂപം നല്കിയ എസ്. എന്‍. ഡി പി യോഗമെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അരുവിപ്പുറം ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റ പേരിലെ ‘അ’കാരത്തിലാരംഭിക്കുന്ന അരുവിപ്പുറം എന്ന നാമപദം സനാതനമായ ആത്മീയതയെ പ്രതിനിധാനം ചെയ്യുന്നതാണ്. ഒപ്പം ക്ഷേത്രത്തിന്റെ നടത്തിപ്പും മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ വേണ്ടവണ്ണം നടത്തുന്നതിനും വേണ്ടിയാണ് ദേവസ്വം സെക്രട്ടറി എന്ന സ്ഥാനം സംഘടനയില്‍ ഉണ്ടാക്കിയിട്ടുള്ളത്. യോഗം പ്രവര്‍ത്തനം സംബന്ധിച്ച് കാലാകാലങ്ങളില്‍ ഗുരു നേരിട്ട് നൽകിയിട്ടുള്ള ഉപദേശങ്ങളിലും ഗുരു യോഗത്തിനയച്ചിട്ടുള്ള കത്തുകളിലും ജനങ്ങളില്‍ ഈശ്വരഭക്തി വളര്‍ത്തുന്നതിനും മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ പരിഷ്‌ക്കരിച്ച് കാലോചിതമാക്കാനും വേണ്ടി യോഗത്തില്‍ നിന്നും പ്രഭാഷകരെ എല്ലാസ്ഥലങ്ങളിലും അയച്ച് പ്രസംഗിപ്പിക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവിടെ മതം എന്നത് ഹിന്ദുമതം തന്നെയാണ്. മാത്രമല്ല ഹിന്ദുമതത്തിലെ ജാതീയമായ ഉച്ഛനീചത്ത്വങ്ങളിലും മറ്റും പ്രതിഷേധിച്ചു മതപരിവര്‍ത്തനവാദം ശക്തമായപ്പോള്‍, ”മോക്ഷത്തിനുവേണ്ടിയാണ് മതപരിവര്‍ത്തനം നടത്തുന്നതെങ്കില്‍ മോക്ഷത്തിനുള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ ഹിന്ദുമതത്തിലുണ്ടല്ലോ അപ്പോള്‍ പിന്നെ എന്തിന് മതപരിവര്‍ത്തനം നടത്തുന്നു എന്ന് ഗുരു പരിവര്‍ത്തനവാദികളോട്” ചോദിച്ചതും, ”പഞ്ചശുദ്ധിപാലിച്ച് വൃത്തിയും പഠിപ്പും ഉള്ളവരായാല്‍ ആരും മാറ്റി നിര്‍ത്തില്ല”- എന്ന് ഗുരു മറ്റൊരു സന്ദര്‍ഭത്തില്‍ ഉപദേശിച്ചതും ഇവിടെ ശ്രദ്ധേയമാണ്.
ശിവഗിരിയില്‍ ശാരദയെ പ്രതിഷ്ഠിച്ച ശേഷം ഗുരു ശിഷ്യനായ ശിവപ്രസാദ് സ്വാമികളോട് പറഞ്ഞു: ഭക്തജനങ്ങള്‍ക്ക് ശാരദയെ ഭജിക്കുന്നതിനുവേണ്ടി ലളിതമായ ഭാഷയില്‍ ഒരു സ്‌തോത്രം ശിവപ്രസാദ് എഴുതുക. അതനുസരിച്ച് സ്വാമി ശിവപ്രസാദ് എഴുതിയതാണ് പ്രശസ്തമായ ”വര്‍ക്കലേശ്വരി ശാരദേ പാഹിമാം” എന്ന പല്ലവിയോടുകൂടിയ ”ശാരദകര്‍ണ്ണാമൃതം”. അത് ഗുരു കണ്ടും കേട്ടും അംഗീകരിച്ച് അഭിനന്ദിച്ചു. അതിലെ ഒരു ശ്ലോകം ഹിന്ദുധര്‍മ്മത്തെ പുകഴ്ത്തുന്നതാണ്.
” ഹിന്ദുധര്‍മ്മത്തിലില്ലാത്തതംബികേ
എന്തിരിക്കുന്നു അന്യമതങ്ങളില്‍
സന്തതം നിന്‍ പ്രഭാവമോതീടുവാന്‍
ഹിന്ദുധര്‍മ്മമേ പാരില്‍ പ്രശസ്തമാം.”
ശിവഗിരി ശാരദ ഹിന്ദുധര്‍മ്മത്തെയാണ് പ്രകാശിതമാക്കുന്നത് എന്നുള്ളതിന് മലയാളഭാഷയില്‍ ഇതിനേക്കാള്‍ വലിയ രേഖയൊന്നും വേണ്ട. ജാതീയമായ ഉച്ചനീചത്വം കാരണം മതപരിവര്‍ത്തനപ്രേരണ ശക്തിപ്രാപിച്ചപ്പോള്‍ ” ആത്മീയമായ മോക്ഷത്തിനുവേണ്ടിയാണ് മതം മാറുന്നതെങ്കില്‍; മോക്ഷം ലഭിക്കാനുള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ ഹിന്ദുമതത്തിലുണ്ടല്ലോ. അപ്പോള്‍ പിന്നെ എന്തിന് മതം മാറണം ?” എന്ന ഗുരുവിന്റെ പ്രസ്താവനയും ചോദ്യവും ഈ സ്‌തോത്രത്തോട് ചേര്‍ത്ത് ഗ്രഹിക്കേണ്ടതാണ്. ശിവഗിരിയില്‍ ജപിക്കുന്ന മന്ത്രം ആത്മപ്രബോധോപനിഷത്ത് ആദേശിച്ചിരിക്കുന്ന സനാതനമായ ” ഓം നമോ നാരായണായ” എന്ന മന്ത്രമാണ്. മാത്രമല്ല, ശിവഗിരിയിലും ഗുരുപൂജ ക്കും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ജപിക്കുന്നത് ശ്രീമദ് ഭഗവദ് ഗീതയിലെ :
”ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍
ബ്രഹ്മാഗ്നൗ ബ്രഹ്മണാ ഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകര്‍മ്മ സമാധിന” (4:24) എന്ന മന്ത്രമാണ്.

ഗുരു നവോത്ഥാനനായകനല്ല ? !
കേരളത്തില്‍ ഹിന്ദുമതത്തിന്റെ പേരില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും അസമത്വങ്ങൾക്കും എതിരെ കരബലം കൊണ്ടും അല്ലാതെയും വ്യക്തിഗതമായും സംഘടിതമായും ധാരാളം നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം പരിതാപകരമായി പരാജയപ്പെട്ടിരുന്നു.
എന്നാല്‍ ഇരുളിനെയീര്‍ന്നെഴും സൂര്യനെപോലെ വേദാന്താംബുജ സൂര്യനായ നാരായണഗുരു സമൂഹത്തില്‍ ആത്മജ്ഞാനം പകര്‍ന്ന് ജനങ്ങളെ അജ്ഞതയില്‍ നിന്നും ഉണര്‍ത്തി ഉയര്‍ത്തി. നാരായണഗുരു തെരുവുപ്രകടനങ്ങളോ പ്രസംഗങ്ങളോ ധര്‍ണ്ണകളോ പിക്കറ്റിംഗുകളോ നിരാഹാരസത്യഗ്രഹങ്ങളോ ഒന്നും കൂടാതെ അത്ഭുതാവഹമായ ഉണര്‍വ്വും ഉയര്‍ച്ചയും സമൂഹത്തിലുണ്ടാക്കി. ഗുരുവിന്റെ സര്‍വ്വംസ്വീകാര്യമായ സനാതനജ്ഞാനോപദേശങ്ങള്‍ ജനങ്ങളെ ജാതിമതദേശഭേദമെന്യേ പരിവര്‍ത്തനത്തിന് പരിപക്വമാക്കി. അവര്‍ കര്‍മ്മോത്സുകരായി പ്രവര്‍ത്തിച്ചു വിജയിച്ചു. അതാണ് മഹാകവി കുമാരനാശാന്‍: ” ആഹാ ബഹുലക്ഷം ജനമങ്ങേതിരുനാമാവ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ.” എന്ന് പാടിയതോടൊപ്പം അതേ ശ്വാസത്തില്‍: ”വാദങ്ങള്‍ചെവിക്കൊണ്ട് മതപ്പോരുകള്‍ കണ്ടും മോദസ്ഥിതനായങ്ങുവസിപ്പൂ മലപോലേ .”എന്നും പാടിയത്. ഗുരു സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി എന്തൊക്കെയോ പ്രവര്‍ത്തിച്ചു എന്ന അര്‍ത്ഥത്തില്‍ നവോത്ഥാനനായകനെന്ന് ഇന്ന് ചിലര്‍ ഗുരുവിന് മുദ്ര ചാര്‍ത്തുമ്പോള്‍, അന്നിത് ആശാന്‍ പാടിയതുകേട്ട് ഗുരു: ”അല്ല, കുമാരൂ, കൊള്ളാമല്ലോ”എന്നാണ് പറഞ്ഞത്. ഇതിന്റെ പൊരുളും, വിശ്വമഹാകവി രബീന്ദ്രനാഥടാഗൂര്‍ ഗുരുവിനോട് ”മലയാളക്കരയിലെ അധഃസ്ഥിത ജനങ്ങളുടെ ഉന്നതിക്ക് സ്വാമി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായതാണെന്ന് അഭിനന്ദനരൂപേണ പറഞ്ഞപ്പോള്‍ ”അതിന് നാം ഒന്നും ചെയ്യുന്നില്ലല്ലോ, ചെയ്യുന്നുമില്ല, ചെയ്യാനൊട്ട് ഉദ്ദേശിക്കുന്നുമില്ലല്ലോ എന്നും; ആര്യസമാജത്തിന്റെ ആചാര്യനായ സ്വമി ശ്രദ്ധാനന്ദജി ഗുരുവിനോട് ” അധഃസ്ഥിതരുടെ ഉദ്ധാരണത്തിനായി സ്വാമികള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നു” എന്ന് പറഞ്ഞപ്പോള്‍ ” അതിന് നാം ഒന്നും പ്രവര്‍ത്തിക്കുന്നില്ലല്ലോ” എന്നും ഗുരു പറഞ്ഞതിന്റെ അര്‍ത്ഥം ഉപനിഷദ്യുക്തിയുള്ളവരായ ആ മഹാത്മാക്കള്‍ ഗ്രഹിച്ച് അത്ഭുതത്തോടെ ഗുരുവിനെ വണങ്ങി.

ദേവാസുരയുദ്ധത്തില്‍ ഒരിക്കല്‍ ദേവന്മാര്‍ ജയിച്ചു. തങ്ങളുടെ ശക്തികൊണ്ടാണ് ജയിച്ചത് എന്ന് ചിന്തിച്ച് വിജയാഹ്ളാദ പ്രകടനം നടത്താന്‍ ഒരുമ്പെട്ട ദേവന്മാര്‍ക്ക് അവരുടെ മുമ്പില്‍ മാര്‍ഗ്ഗതടസ്സമായി പ്രത്യക്ഷപ്പെട്ട യക്ഷരൂപത്തില്‍ നിന്നും ബോദ്ധ്യമായി അവര്‍ക്ക് യാതൊരു കഴിവുമില്ലെന്നും അതേ; ഒരു പുല്ലിന്റെ ശക്തിപോലുമില്ലെന്ന് ബോദ്ധ്യമായി. എന്നാല്‍ യുദ്ധം ജയിച്ചത് യാതൊന്നും ചെയ്യാതെ എല്ലാം ചെയ്യുന്ന – ചെയ്യിക്കുന്ന – ബ്രഹ്മത്തിന്റെ ശക്തികൊണ്ടാണെന്നും ദേവന്മാര്‍ക്ക് ബോദ്ധ്യമായി. (കേനോപനിഷത്ത്). സനാതനധര്‍മ്മത്തിലെ – കേനോപനിഷത്തിലെ – ദേവനും അതീതമായ ബ്രഹ്മതത്ത്വം ആണ് സാക്ഷാത് ബ്രഹ്മമായ ഗുരുവിനാല്‍ ഇവിടെ സംഭവിച്ചത്. അജ്ഞാനാന്ധകാരത്താലുള്ള അധര്‍മ്മത്തിന്മേല്‍ ജ്ഞാനത്താലുള്ള ധര്‍മ്മത്തിന്റെ വിജയം സംഭവിച്ചത് ഗുരുവിന്റെ തപശക്തി – ആത്മജ്ഞാനശക്തി ഒന്നുകൊണ്ട് മാത്രമാണ്. അതാണ് മഹാകവി ”അന്യര്‍ക്ക് ഗുണംചെയ്‌വതിനായുസ്സുവപുസ്സും, ധന്യത്വമൊടുങ്ങാത്ത തപസ്സും ബലിചെയ്‌വൂ” എന്ന് പാടിയത് . സനാതനതത്ത്വമായ ഈ മഹിമ അവശ്യം അറിയാത്തവര്‍ തപസ്സുചെയ്തു സത്യസാക്ഷാത്ക്കാരം നേടി ലോകരക്ഷാര്‍ത്ഥം യാതൊരു ജ്ഞാനോപദേശങ്ങളും ആദ്ധ്യാത്മിക ആചരണങ്ങളും ചെയ്തിട്ടില്ലാത്തവരോടൊപ്പംകൂട്ടി ഗുരുവിനെ നവോത്ഥാനനായകനാക്കാന്‍ ശ്രമിക്കുന്നു.

ഒരിക്കല്‍ ഒരു ആന താമരപ്പൊയ്കയില്‍ നീരാടുന്നത് അനേകം ആളുകള്‍ കൗതുകത്തോടെ നോക്കിനില്ക്കുകയായിരുന്നു. ഈ വേളയില്‍ അവിടെ വൃക്ഷശിഖരത്തിലിരുന്നു ഇതെല്ലാം ശ്രദ്ധിച്ച് അസൂയാലുവായ ഒരു അണ്ണാറക്കണ്ണന്‍ ജനങ്ങളുടെ ശ്രദ്ധ തന്നിലേക്ക് ആകര്‍ഷിക്കാന്‍വേണ്ടി അത്യുച്ചത്തില്‍ ”ഹേ ആനച്ചേട്ടാ…..ആനച്ചേട്ട” എന്നിങ്ങനെ ആവര്‍ത്തിച്ചു വിളിച്ചു. ആന അതൊന്നും കേള്‍ക്കാതെ താമര പറിച്ചുതിന്നുകൊണ്ടുള്ള നീരാട്ട് തുടര്‍ന്നു. സഹികെട്ട അണ്ണാറക്കണ്ണന്‍ തുടര്‍ന്നു വിളിച്ചുപറഞ്ഞു: ”ഹേ ആനച്ചേട്ട… ചേട്ടന്‍ വലിയ ആളാണെന്നൊന്നും ചിന്തിച്ച് അഭിമാനിക്കേണ്ട. ചേട്ടന്‍ വലിയ ആളാണെന്ന് ഞാന്‍ സമ്മതിച്ചുതരണമെങ്കില്‍ ഞാന്‍ ഉടുത്തുകുളിക്കുന്ന തോര്‍ത്ത് ഉടുത്തു കുളിച്ചു കാണിക്കണം.! ജഗത്തോളം വിശാലമായ സനാതനധര്‍മ്മത്തില്‍ ശോഭിക്കുന്ന വേദാന്താംബുജസൂര്യനായ ഗുരുവിനെ സനാതനധര്‍മ്മം എന്തെന്നറിയാത്ത അണ്ണാറക്കണ്ണന്മാര്‍ കൊച്ചുകേരളത്തിന്റെ നവോത്ഥാനനായകനാക്കാന്‍ ശ്രമിക്കുന്നു.
ഓം തത് സത്.
(അവസാനിച്ചു)

Author

Scroll to top
Close
Browse Categories