ശാസ്ത്രരസത്തിലേക്കൊരു മുങ്ങാംകുഴിയിടല്‍
ശാസ്ത്രത്തിന്റെ അഗാധമായ ആഴങ്ങള്‍ തേടുന്ന ഒരു ഗ്രന്ഥമല്ലിത്, മറിച്ച് ശാസ്ത്രവും അനുബന്ധ മേഖലകളും, ചില പൊതുവിഷയങ്ങളും സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ ചർച്ച ചെയ്യുന്ന ഒരു പുസ്തകമാണിത്. കെട്ടിലും മട്ടിലും മാത്രമല്ല ആഖ്യാനരീതിയിലും ഡോ. അബേഷ് രഘുവരന്‍ പുതുമയാർന്ന വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട്.
ആദ്യ അദ്ധ്യായമായ ‘പ്രണയത്തിന്റെ ന്യൂറോണുകള്‍, പ്രണയം ഹൃദയത്തില്‍ അല്ല, തലച്ചോറിലാണ്’ എന്ന ലേഖനം മുതല്‍ അവസാന അദ്ധ്യായമായ ‘ഇസ്രോ എന്ന അദ്ഭുതം’ വരെ, സാധാരണ മനുഷ്യരുടെ അറിവിനോടുള്ള ജന്മനായുള്ള കൗതുകത്തെ ഉണര്‍ത്തുന്ന രീതിയില്‍ എഴുതി യിട്ടുണ്ട്.. എഴുത്തില്‍ ഭൗതികശാസ്ത്രവും രസതന്ത്രവും ജീവശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും ഗണിതവും സാങ്കേതികതയും പരിസ്ഥിതിയും എന്നു വേണ്ട വൈകാരികത വരെ ലളിതമായ ഭാഷയില്‍ വൈവിദ്ധ്യമാര്‍ന്ന ഫ്രെയിമുകളില്‍ വരച്ചു കാട്ടുന്ന ഒരു പുസ്തകമാണിത്.
ഒരു ശാസ്ത്രാദ്ധ്യാപിക എന്ന നിലയിലും ജന്മനായുള്ള കൗതുകത്തോടെയും ആണ് ഞാന്‍ ഓരോ അദ്ധ്യായങ്ങളിലൂടെയും കടന്നു പോയത്. പുസ്തകം കയ്യിലെടുത്തപ്പോള്‍ എന്റെ മനസ്സില്‍ മിന്നി മാഞ്ഞത്, കോവിഡ് കാലത്ത് സര്‍ഗ്ഗാത്മകത നഷ്ടപ്പെട്ടുപോയ, നവമാധ്യമങ്ങളിലും സാങ്കേതികതയിലും തളച്ചിടപ്പെട്ട ഒരു കൂട്ടം കുഞ്ഞുങ്ങളുടെ മുഖങ്ങളാണ്. കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കേണ്ടത് അത്യാവശ്യമാണ്. വിഷയങ്ങളില്‍ പഠനങ്ങളും പുനർപഠനങ്ങളും നടക്കേണ്ടതിന് സമഗ്രമായ അറിവ് കുട്ടികള്‍ക്ക് ആവശ്യമാണ്. ശാസ്ത്ര സാക്ഷരത എന്നതിലേക്ക് നമ്മുടെ സമൂഹം ഇനിയും കാതങ്ങളെത്രയോ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഈ പുസ്തകത്തിലെ വിവിധ ലേഖനങ്ങളില്‍ അന്ധവിശ്വാസങ്ങളും അതിന്റെ പിറകിലുള്ള ശാസ്ത്രവും പ്രതിപാദിക്കുന്നു.
ഡോ.അബേഷിന്റെ ലേഖനസമാഹാരം സുസ്ഥിര വികസനത്തിന്റെ അന്താരാഷ്ട്ര ശാസ്ത്രവർഷമായ 2022 ല്‍ത്തന്നെയാണ് എന്നത് യാദൃശ്ചികമാവാം. അടിസ്ഥാന ശാസ്ത്രത്തിന്റെ പ്രസക്തിയും പരിമിതികളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. കോവിഡ് മഹാമാരിക്കാലത്ത് അടിസ്ഥാനശാസ്ത്രങ്ങളുടെ അടിത്തറ നമ്മുടെ രക്ഷക്കെത്തി എന്നു പറയുന്നുണ്ട് ലേഖകന്‍. പുതുമയാർന്ന കോഴ്‌സുകള്‍ തേടിപ്പോകുന്ന പുതിയ തലമുറ അടിസ്ഥാന ശാസ്ത്രത്തില്‍ അഗാധമായ അറിവ് നേടുകയും ഗവേഷണനൈപുണികള്‍ സ്വന്തമാക്കുകയും വേണമെന്ന തിരിച്ചറിവ് ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാനാകും. അറിവ് സമൂഹ്യനന്മയ്ക്കായി പരിണമിക്കണം എന്ന സന്ദേശം ഒട്ടുമിക്ക അദ്ധ്യായങ്ങളിലും എഴുത്തുകാരന്‍ ഓർമ്മിപ്പിക്കുന്നു. ശാസ്ത്രവും മറ്റു വിഷയങ്ങളും കാച്ചിക്കുറുക്കിയ ഭാഷയില്‍ പറഞ്ഞു വെയ്ക്കുമ്പോഴും, ഒരു കഥ പറച്ചിലിന്റെ മാസ്മരികതയോടെയും നിപുണതയോടെയും എഴുത്തുകാരന്‍ വായനക്കാരനിലേക്ക് നടന്നടുക്കുന്നുണ്ട്.
ആല്‍ബർട്ട് ഐന്‍സ്റ്റീന്‍, നിക്കോള ടെസ്‌ള, തോമസ് ആല്‍വ എഡിസണ്‍ തുടങ്ങിയ ശാസ്ത്ര പ്രതിഭകളെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങളില്‍ ശാസ്ത്രകുതുകികളെ കോള്‍മയിർകൊള്ളിക്കുന്ന രീതിയില്‍ ഭാഷയും, ശൈലിയും, വസ്തുതകളും കൈകാര്യം ചെയ്യുന്നുണ്ട് ലേഖകന്‍.
മൃഗങ്ങളും സസ്യങ്ങളും കടലും മത്സ്യങ്ങളും എന്നുവേണ്ട ഈ പ്രപഞ്ചമൊന്നാകെ മനുഷ്യരുടെ വികസനങ്ങളില്‍ പങ്കാളിയാകുന്നുവെന്നും, പരീക്ഷണങ്ങളില്‍ ബലിയാകേണ്ടി വന്ന മൃഗങ്ങളെക്കുറിച്ചുള്ള ദയനീയ വസ്തുതകളും വായനക്കാരുടെ മനസ്സിനെ മഥിക്കുന്നുണ്ട്.
ശാസ്ത്രലേഖനങ്ങളുടെ സമാഹാരം എന്ന് ലേബല്‍ ചെയ്ത പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം പ്രണയമാണ് ചർച്ച ചെയ്യുന്നത്. ഇത് യാഥാസ്ഥിതിക ശൈലികളെ ഉടച്ചു വാർക്കുന്ന രീതിയാണ്. ‘ഹൈപ്പർലൂപ്പ്- ശബ്ദത്തിന്റെ വേഗതയില്‍ ഒരു സഞ്ചാരം’ എന്ന അദ്ധ്യായം വായിക്കുന്ന നേരത്ത് അറിയാതെ ഒരു ക്യാപ്‌സൂളിനകത്തിരുന്ന് ശബ്ദ വേഗത്തില്‍ സഞ്ചരിക്കുന്ന, പുറം കാഴ്ചകള്‍ നഷ്ടമാകുന്ന ഒരു സഞ്ചാരിയായി നമ്മെ മാറ്റാന്‍ പാകത്തില്‍ തന്മയത്വത്തോടെ ഡോ.അബേഷ് എഴുതി .
‘നവശാസ്ത്രസങ്കേതങ്ങളും മോഷ്ടിക്കപ്പെട്ട തലച്ചോറും’
ഡോ.അബേഷ് രഘുവരന്‍
പ്രസാധകര്‍ : പ്രണത ബുക്‌സ്, കൊച്ചി
കോപ്പികള്‍ക്ക് : 9447194038