കണ്ണ് തുറന്ന്കാണണം വിവേചനം
കേരളത്തിന്റെ ജനസംഖ്യയില്‍ 37% വരുന്ന പിന്നോക്ക സമുദായത്തിന് (അതില്‍ 28% ഈഴവരാണ്) 16 കോടി അനുവദിച്ചപ്പോള്‍ കേവലം 17% മാത്രമുള്ള മുന്നോക്ക സമുദായത്തിന് സര്‍ക്കാര്‍ വകയിരുത്തിയത് 38.05 കോടി. ഇതെന്ത് നീതിയാണ് . പണ്ടൊക്കെ തൊട്ടുകൂടായ്മയും, തീണ്ടലും അവഗണനയുമായിരുന്നെങ്കില് ഇന്നത് സാമ്പത്തിക അവഗണനയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.
ലോകത്ത് എവിടെയൊക്കെ അവഗണിക്കപ്പെടുന്ന സമൂഹമുണ്ടോ അവിടെയൊക്കെ സംഘടിച്ച് അതിജീവിക്കുവാനുള്ള ഒരു ശ്രമം ആ സമൂഹം നടത്താറുണ്ട്. അത്തരത്തിലുള്ള ശ്രമമായിരുന്നു 1891 ജനുവരി ഒന്നിന് തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് 10028 പേര് ഒപ്പിട്ട മലയാളി മെമ്മോറിയല്‍. അതിന്റെ അണിയറ ശില്പിയായി ഗുരുദേവന്റെ അനുഗ്രഹാശംസകളോടെ ഡോ.പല്‍പ്പുവും ഉണ്ടായിരുന്നു. അക്കാലത്ത് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ മുഴുവന്‍ വഹിച്ചിരുന്നത് പരദേശി ബ്രാഹ്മണര്‍ മാത്രമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആയിരുന്നു മെമ്മോറാണ്ടം സമര്‍പ്പിച്ചത്. എല്ലാവര്ക്കും തുല്യനീതി എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ച ഈ മെമ്മോറിയലിന്റെ ഗുണം ലഭിച്ചത് നായര്‍ സമൂദായത്തിനായിരുന്നു.
തിരുവിതാംകൂര്‍ രാജാവ് നായര്‍ സമുദായത്തെ നിയമിക്കുവാന്‍ തുടങ്ങിയപ്പോള്‍ 1896 സെപ്തംബര്‍ 3 ന് 13176 ഈഴവരുടെ ഒപ്പോടുകൂടി ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച ഈഴവമെമ്മോറിയല്‍ ചരിത്രതാളുകളില്‍ സമുദായത്തിന്റെ അതിജീവനത്തിനുള്ള പോരാട്ടത്തിന് പ്രചോദനമായി തുടരുകയാണ്. 1895 മെയ് 13 ന് ഇത്തരത്തിലുള്ള ഒരു മെമ്മോറാണ്ടം അന്നത്തെ ദിവാനായിരുന്ന എസ്.ശങ്കരസുബ്ബയ്യര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അതില്‍ തീരുമാനം വൈകിയതുകൊണ്ടാണ് രാജാവിന് നേരിട്ട് നിവേദനം കൊടുത്തത്.
ഒരു വലിയ വിഭാഗത്തെ പിണക്കിക്കൊണ്ട് മുന്നോട്ട് പോകുവാന്‍ വയ്യാത്ത അവസ്ഥ സംജാതമായതോടെ അഞ്ചുരൂപയില്‍ താഴെ ശമ്പളസ്കെയിലുള്ള ഉദ്യോഗങ്ങളില്‍ തിരുവിതാംകൂറൂകാരായ ഈഴവരെ കുറച്ചൊക്കെ പരിഗണിച്ചു. പിന്നീട് മാറി മാറി വന്ന ജനാധിപത്യ വ്യവസ്ഥകളില്‍ ഈഴവരുടെ സംഘടിതശേഷി വിവിധ രാഷ്ട്രിയക്കാര്‍ പ്രയോജനപ്പെടുത്തിയെങ്കിലും കേരളത്തില്‍ ഇന്നും ജനസംഖ്യാനുപാതികമായ ഉദ്യോഗസ്ഥ പ്രാതിനിധ്യം ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് യോഗം ജനറല്‍ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന് 2001 മാര്‍ച്ച് 10 ന് എറണാകുളം മറൈന്‍ഡ്രൈവില്‍ കൂടിയ മഹാസമ്മേളനത്തില്‍ ഈഴവര്‍ക്ക് നിയമനിര്‍മ്മാണസഭയിലും, ഭരണാധികാരത്തിലും ന്യായാസനത്തിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം വേണമെന്ന് കാണിച്ച് അവകാശപ്രഖ്യാപനങ്ങള്‍ നടത്തി. കാര്‍ഷിക, വ്യവസായിക, വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ഈഴവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചാണ് അവകാശപ്രഖ്യാപനത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്.
അധികാരങ്ങളില്‍ ഇടം തരണമെന്ന ആവശ്യം യോഗം ജനറല്‍ സെക്രട്ടറി മുന്നോട്ട് വെച്ചപ്പോള്‍ ഈ ആവശ്യത്തെ ദുര്‍ബലപ്പെടുത്താനായി സംഘടനയില്‍ വിള്ളലുണ്ടാക്കി ഇല്ലാതാക്കാന്‍ ഇന്നും ഒരുകൂട്ടര്‍ ശ്രമിക്കുകയാണ്. ആധുനിക കാലഘട്ടത്തില്‍ നമുക്ക് അതിനെ ഓമനപ്പേരായി ലോബി എന്ന് വിളിക്കാമെങ്കിലും ഈ ലോബി പണ്ടുകാലം മുതല്ക്കേ ഈഴവരാദി പിന്നോക്ക സമുദായത്തെ എങ്ങനെയൊക്കെ അവഗണിക്കാം എന്നതിനെക്കുറിച്ച് പുതിയ പുതിയ ഗവേഷണങ്ങളുമായി എത്തുകയാണ്. ഭരണകര്‍ത്താക്കളായ രാഷ്ട്രിയക്കാര്‍ ഇത്തരത്തിലുള്ള അവഗണന പഠിക്കുവാനോ, പരിഹാരം കാണുവാനോ ശ്രമിക്കുന്നില്ല. അവകാശങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ വേണ്ടി പോരാടുവാന്‍ നാം തയ്യാറാവണം.
അങ്ങനെ തയ്യാറാകുമ്പോള്‍ സംഘടനയ്ക്ക് എതിരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ ചെറുത്ത് തോല്പ്പിക്കുവാന് കരുതലോടെ നീങ്ങുവാന്‍ നമുക്ക് സാധിക്കും. മറ്റ് സമുദായക്കാര്‍ അവരുടെ സംഘടനയോട് കാണിക്കുന്ന കൂറും, സ്നേഹവും നമ്മള് കണ്ട് പഠിക്കുകയും, ആര്ജ്ജിതശേഷിയോടെ എസ്.എന്‍.ഡി.പി.യോഗത്തോട് ഒപ്പം നില്ക്കുവാനും സാധിക്കണം.
ഇങ്ങനെ എഴുതി എങ്ങോട്ടാ പോകുന്നേ…… എന്ന് ചിന്തിച്ചാല്‍ അത് ശരിയാണ്. എന്റെ വിഷയം ബഡ്ജറ്റ് വിശേഷങ്ങള്‍ ആണല്ലോ, തീര്‍ച്ചയായും നമുക്ക് ആ വിഷയത്തിലേയ്ക്ക് കടക്കാം. വായിക്കുവാന്‍ ഇന്ന് എല്ലാവര്ക്കും സമയക്കുറവ് ഉണ്ട് എന്നറിയാം. എന്നാലും ഇത് നാം അറിയേണ്ട വിശേഷങ്ങളാണ്.
മാറി മാറി വരുന്ന കേന്ദ്ര-സംസ്ഥാന ബഡ്ജറ്റുകള്‍ ഈഴവ സമുദായത്തിന്റെ ഐശ്വര്യത്തിനും, ക്ഷേമത്തിനും ജനസംഖ്യാനുപാതികമായി എടുത്താല്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്കിയിട്ടില്ലായെന്ന് കാണുവാന്‍ സാധിക്കും. പിന്നോക്ക സമുദായത്തിന്റെ എണ്ണത്തില്‍ ഈഴവര്‍ ഒരുപാട് ഉണ്ടെങ്കിലും കേരളത്തിലെ മാത്രം പിന്നോക്ക ജാതികളുടെ ലിസ്റ്റ് എടുത്താല്‍ 83 എന്നും ഇന്ത്യാമഹാരാജ്യം എടുത്താല്‍ 2500 ല്‍ ഏറെ ജാതികളുണ്ടെന്ന് കാണുവാന്‍ സാധിക്കും. പട്ടികജാതി-ഗോത്രവര്‍ഗ്ഗ പട്ടിക പരിശോധിച്ചാല്‍ 40 ല്‍ താഴെയേ വരൂ. ഇനി നമുക്ക് ന്യൂനപക്ഷ ജാതിക്കാര്‍ ആരെല്ലാം എന്ന് പരിശോധിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമതം, പാര്‍സികള്‍, ജെയിന് ഇങ്ങനെ ആറ് വിഭാഗക്കാരാണ് ഇന്ത്യയിലെ ന്യൂനപക്ഷക്കാര്‍. ഇനി നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം. 2023-2024 ലെ കേന്ദ്രബഡ്ജറ്റിലെ ചില വിശേഷങ്ങള്‍ പഠിച്ചശേഷം ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് വരാം.
ഇതില്‍ നിന്നും പിന്നോക്കക്ഷേമത്തിന് സര്‍ക്കാര്‍ വകയിരുത്തിയ തുക 2023-2024 ലേ യ്ക്ക് 2193.97 കോടിരൂപ എന്ന് വായിക്കുമ്പോള്‍ ഓരോ ഈഴവരുടെയും ഉള്ളില്‍ ഇത്തവണ നമ്മളെ കാര്യമായി സര്‍ക്കാര്‍ പരിഗണിച്ചു എന്നാണ് ആദ്യം കരുതുക. ഈ തുക 2508 ജാതിക്കായി വീതിച്ചാല്‍ വെറും 87 ലക്ഷം രൂപമാത്രമേ ഈഴവര്‍ക്ക് കിട്ടുകയുള്ളു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. എന്നാല്‍ ഇതേ ചിന്ത ന്യൂനപക്ഷസമുദായത്തിന്റെ കാര്യത്തില്‍ എടുത്താല്‍ 2023-2024 ബഡ്ജറ്റില്‍ 3097.60 കോടി രൂപ വകയിരുത്തുന്നത് തുല്യമായി ഈ ആറ് ജാതികള്‍ക്ക് വീതിച്ചാല്‍ ഒരോ സമുദായത്തിനും 516.27 കോടി രൂപയുടെ ആനുകൂല്യം ലഭിക്കും. അവര്‍ക്ക് പാര്‍പ്പിടം, വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാനവികസനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പണം സുലഭമായി ലഭിക്കുമ്പോള്‍ ഓണം വന്നാലും ഉണ്ണിപിറന്നാലും ഈഴവര്‍ക്ക് കുമ്പിളില്‍ പോലും കഞ്ഞി കിട്ടാത്ത അവസ്ഥയാണ്.
പോസ്റ്റര്‍ ഒട്ടിക്കുവാനും, പശകുറുക്കുവാനും, കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് അവരവര്‍ വിശ്വസിക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ ബലിയാടാകാന്‍ നിങ്ങള്‍ നിശ്ചയിച്ചുവെങ്കില്‍ മുകളില്‍ സൂചിപ്പിച്ച 87 ലക്ഷം തികയുമോ ? മറ്റ് സമുദായക്കാര്‍ക്ക് തഴച്ചുവളരുവാന്‍ ഈഴവരുടെ നിസ്വാര്‍ത്ഥ രാഷ്ട്രിയ അടിമത്തം രാഷ്ട്രിയക്കാര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ നാം ഒന്നോര്‍ക്കുക നമുക്ക് അവകാശപ്പെട്ടത് കിട്ടേണ്ടേ ? കാലാകാലങ്ങളായി നമ്മളെ അവഗണിക്കുന്നവര്‍ക്കെതിരെ ഒരു തവണയെങ്കിലും ഒരു ചെറുവിരലെങ്കിലും അനക്കേണ്ടേ! അതിന് സംഘടിച്ച് ശക്തരാകണം. ഒന്നായി നിന്ന് നന്നാകണമെന്ന യോഗം ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനം നാം തിരിച്ചറിയണം. ഇനി നമുക്ക് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ബഡ്ജറ്റിലുടെ ഒന്ന് കണ്ണോടിക്കാം.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിപ്ലവം നെഞ്ചിലേറ്റിയ പിന്നോക്കക്കാര്‍ക്ക് 16 കോടി അനുവദിച്ചപ്പോള്‍ മുന്നോക്കക്കാര്‍ക്ക് അനുവദിച്ചത് 38.05 കോടി. കേരളത്തിന്റെ ജനസംഖ്യയില്‍ 37% വരുന്ന പിന്നോക്ക സമുദായത്തിന് (അതില്‍ 28% ഈഴവരാണ്) 16 കോടി അനുവദിച്ചപ്പോള്‍ കേവലം 17% മാത്രമുള്ള മുന്നോക്ക സമുദായത്തിന് സര്‍ക്കാര്‍ വകയിരുത്തിയത് 38.05 കോടി. ഇതെന്ത് നീതിയാണ് . പണ്ടൊക്കെ തൊട്ടുകൂടായ്മയും, തീണ്ടലും അവഗണനയുമായിരുന്നെങ്കില് ഇന്നത് സാമ്പത്തിക അവഗണനയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എവിടെയൊക്കെ അവഗണിക്കപ്പെടുന്നുവോ അവിടെയൊക്കെ സംഘടിതമായി പോരാടാന്‍ ഒരു സമൂഹം ഉണ്ടാകും.
അവഗണന അനുഭവിക്കുന്ന പിന്നോക്ക വിഭാഗക്കാരെ കേന്ദ്രവും കേരളവും സാമ്പത്തികമായി അവഗണിക്കുന്ന സാഹചര്യത്തില്‍ സംഘടിതരായി ഈ നഗ്ന വിവേചനത്തിനെതിരായി പോരാടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥ ലോബികള്‍ നടത്തുന്ന സാമ്പത്തിക അവഗണന ഉടന്‍ അവസാനിപ്പിച്ച് അനുഭാവപൂര്‍ണ്ണമായ സമീപനങ്ങള്‍ സ്വീകരിച്ച് ജനസംഖ്യാനുപാതികമായ പരിഗണന നല്കുവാന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം