മനുഷ്യമുഖമുള്ള ഒരു സന്യാസിയുടെ ജീവിതയാത്ര

താൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളെക്കാളും പുരാതനമായ സംസ്കാരവും ദർശനസമ്പത്തുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ലോകത്തു മറ്റെങ്ങുമില്ലാത്ത മൂല്യത്തകർച്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അനുഭവിച്ചത്‌. തന്റെ തുടർച്ചയായുള്ള ലോകസഞ്ചാരത്തെപ്പറ്റി യതി ഇങ്ങനെ പറഞ്ഞു. ” ഞാനെന്തിനാണ് അമേരിക്കയിലും ഓസ്‌ട്രേലിയയിലും മറ്റു രാജ്യങ്ങളിലും പോകുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ശൂന്യതയിൽ അധികകാലം കഴിയാൻ ആർക്കും സാധിക്കുകയില്ല. നിങ്ങൾ തത്വചിന്തയിലേക്കു കടന്നാൽ അധികം താമസിയാതെ തീർത്തും അപ്രസക്തനായിത്തീരും. സംസാരിക്കാനായി അധികം സുഹൃത്തുക്കൾ ഉണ്ടായിരിക്കുകയില്ല..” ‘നിത്യതയുടെ ചൈതന്യം’ എന്ന പി.ആർ. ശ്രീകുമാർ രചിച്ച ജീവചരിത്രം മനുഷ്യസ്നേഹിയായൊരു പരിവ്രാജകന്റെ വസ്തുനിഷ്ഠമായ ജീവിതത്തിന്റെ കഥയാണ്.

ഗുരു നിത്യചൈതന്യയതി സമാധിയായിട്ടു ഇരുപത്തിയഞ്ചു വർഷം കടന്നുപോയി. അദ്ദേഹത്തിന്റെ ജന്മശതാബ്‌ദിവർഷത്തിൽ സമഗ്രമായൊരു ജീവചരിത്രം വായനക്കാർക്ക് മുന്നിലെത്തുന്നു. ‘നിത്യതയുടെ ചൈതന്യം’ എന്ന ജീവചരിത്രം ഗുരുവുമായും നാരായണ ഗുരുകുല പ്രസ്‌ഥാനവുമായും അടുത്തിടപഴകാൻ അവസരം ലഭിച്ച പി.ആർ. ശ്രീകുമാർ എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്.

പൂർവാശ്രമത്തിൽ ജയചന്ദ്രൻ എന്ന പേരിൽ ബാല്യകൗമാരങ്ങൾ പിന്നിട്ട യുവാവായ നിത്യൻ പിൽക്കാലം വിദ്യാഭ്യാസത്തിനു ശേഷം സംന്യാസം സ്വീകരിക്കുകയും നടരാജഗുരുവിന്റെ ശിക്ഷണത്തിൽ ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം തുടരുകയുമാണ് ചെയ്തത്. എഴുപത്തിയഞ്ച് വർഷം നീണ്ട യതിചര്യ അന്ത്യശ്വാസം വരെ അവസാനിക്കാത്ത തുടർവിദ്യാഭ്യാസമായിരുന്നു എന്ന് പുസ്തകം വായിച്ചുതീരുമ്പോൾ നമുക്ക് മനസ്സിലാവും. തികച്ചും വസ്തുനിഷ്ഠമായിട്ടാണ് ശ്രീകുമാർ യതിയുടെ ജീവിതയാത്ര വിവരിക്കുന്നത്. അളവിൽ കവിഞ്ഞ ആരാധനയോ ഗുരുഭക്തിയോ ഈ ഗ്രന്ഥ രചനയെ സ്വാധീനിച്ചിട്ടില്ലെന്നു ഓരോ അധ്യായം കഴിയുമ്പോഴും വായനക്കാർക്കു മനസ്സിലാകും. ഗുരു നിത്യയുമായുള്ള സഹവാസവും ഫേൺഹിൽ ഗുരുകുലത്തിലെ സ്വാധ്യായവും നിരീക്ഷണബുദ്ധിയും ഈ കൃതിയെ രൂപപ്പെടുത്താൻ സഹായകമായിട്ടുണ്ട്.

പത്രപ്രവർത്തകൻ ശ്രീ. റ്റി. ജെ.എസ്. ജോർജ് എഴുതിയ, വിശ്രുത സംഗീതജ്ഞയായ എം. എസ്. സുബ്ബുലക്ഷ്മിയുടെ ജീവചരിത്രം ഈയവസരത്തിൽ ഓർമയിലെത്തുന്നു. മഹാഗായികയുടെ സംഗീതജീവിതം ഒട്ടും വൈകാരികാംശം കലരാതെ അടുക്കും ചിട്ടയും നിലനിർത്തിയാണ് ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയത്. സംന്യാസിയായ നിത്യയുടെ ഗുരുകുല ജീവിതവും നിർമമതയോടെ അടയാളപ്പെടുത്താൻ ശ്രീകുമാറിന് കഴിഞ്ഞിട്ടുണ്ട്.
യതിയുടെ ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി സ്മാരകമായി സമാഹരിക്കപ്പെട്ട ജീവിതരേഖയും ഗുരുവിന്റെ സമാധിക്ക് ശേഷം മലയാള പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ‘യതി ചരിതം’ എന്ന ആത്മകഥയും ഈ ജീവചരിത്ര നിർമിതിയിൽ സഹായകമായിട്ടുണ്ട്. നിത്യയുടെ യതിചര്യ, ഗുരുവും ശിഷ്യനും , നടരാജ ഗുരുവും ഞാനും, ഇറങ്ങിപ്പോക്ക് , യാത്ര തുടങ്ങിയ ആത്മകഥാ സൂചകങ്ങളായ ഇതര കൃതികളും ജീവചരിത്ര രചനക്ക് നിമിത്തമായിട്ടുണ്ടെന്നു മനസ്സിലാക്കാം. എന്തിന്, നിത്യ ചൈതന്യ യതി എഴുതിയ ഓരോ പുസ്തകവും, ലേഖനവും തന്നെ തേടിയെത്തിയ പതിനായിരക്കണക്കിന് കത്തുകൾക്ക് അദ്ദേഹം എഴുതിയ മറുപടികളും വരെ ജീവചരിത്രം രേഖപ്പെടുത്തുന്നതിൽ റഫറൻസ് ആയി വന്നിരിക്കുമല്ലോ. ജീവിച്ചിരുന്ന കാലത്ത് കേരളത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാർക്കിടയിൽ നിത്യ തലയെടുപ്പോടെ നിന്നു. എഴുത്തുകാരും കവികളും മനഃശാസ്ത്രജ്ഞന്മാരും അഭിഭാഷകരും ഭിഷഗ്വരന്മാരും എന്നുവേണ്ട സമൂഹത്തിന്റെ നാനാ തുറയിലുമുള്ള വ്യക്തികൾ യതിയുടെ വാക്കുകൾക്ക് ചെവിയോർത്തു . ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിയ നിരവധി ലേഖനങ്ങൾ കേരളത്തിലെ ഗൃഹസ്‌ഥാശ്രമികളായ വായനക്കാർ എക്കാലവും ഓർക്കാനിടയുള്ള ആശയസംപുഷ്ടമായ വാക്കുകൾ ആയിരുന്നു.
അദ്വൈതബോധവും മന:ശാസ്ത്ര ജ്ഞാനവും സർഗാത്മകതയും ഇത്രമാത്രം ഒത്തിണങ്ങിയ ഒരു ആധ്യാത്മിക പ്രബോധകൻ കേരളത്തിൽ അടുത്തകാലത്ത്‌ ഉണ്ടായിട്ടില്ല എന്നും കഴിഞ്ഞ ശതാബ്ദത്തിന്റെ ഒടുവിലത്തെ നാല് ദശാബ്ദങ്ങളിൽ കേരളത്തിന്റെ കണ്ണും കാതും യതിയുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു എന്നും ശ്രീ സുകുമാർ അഴീക്കോട് രേഖപ്പെടുത്തുന്നുണ്ട്.

നിത്യ ചൈതന്യ യതി

അടിസ്ഥാനപരമായി നോക്കിയാൽ അദ്ദേഹത്തിന്റെ ചിന്തയെ നയിച്ചിരുന്നത് ശ്രീനാരായണ ദർശനവും ചിന്താപദ്ധതിയെ രൂപപ്പെടുത്തിയത് നടരാജഗുരുവിന്റെ വീക്ഷണവുമാണ്. നിത്യ അതിനെ അവതരിപ്പിച്ചത് അങ്ങേയറ്റം കാവ്യാത്മകമായും അതേസമയം ശാസ്ത്ര സമ്മതിയുള്ള രീതിയിലുമാണ് എന്ന് നാരായണഗുരുകുലത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷൻ മുനി നാരായണ പ്രസാദ് ജീവചരിത്രത്തിൽ പറയുന്നുണ്ട്. കോളേജ് ജീവിതകാലത്തെ അധ്യാപകനായ ശ്രീ എസ് ഗുപ്തൻ നായരും സതീർഥ്യരും സമകാലികരുമായ കവികൾ ചെമ്മനം ചാക്കോ, സുഗതകുമാരി എന്നിവരും അന്നത്തെ യുവ സംന്യാസിയായ ജയചന്ദ്രനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടുന്നുണ്ട്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു സി കോളേജിലും മദ്രാസ് വിവേകാനന്ദ കോളേജിലും അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് ജയചന്ദ്രൻ സംന്യാസത്തിലേക്കു പോകുന്നത്. തിരുവണ്ണാമലയിലുള്ള രമണമഹർഷിയുടെ ആശ്രമത്തിൽ വെച്ച് ജയചന്ദ്രൻ സംന്യാസദീക്ഷ സ്വീകരിക്കുകയും നിത്യചൈതന്യയതി എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ജയചന്ദ്രന്റെ മാതാവ് വാമാക്ഷിയമ്മയുടെ ആഗ്രഹവും സ്വപ്ന സാഫല്യവുമായിരുന്നു മകന്റെ സംന്യാസം. മകൻ സന്യസിച്ചു പോയ അന്ന് ഒരൊറ്റ രാത്രി കൊണ്ട് തന്റെ മുടി മുഴുവൻ വെള്ളിക്കമ്പികളായി നരച്ചുപോയി എന്ന് അമ്മ പിന്നീട് തന്റെ അടുത്ത ബന്ധുവിനോട് പറഞ്ഞതായി ജീവചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരമ്മയുടെ സ്നേഹവും മമതയും മകൻ വിട്ടുപോകുമ്പോഴുള്ള വേദനയും എല്ലാം ആ വാക്കുകളിൽ കാണാം. പിതാവ് കവിയായ പന്തളം രാഘവപ്പണിക്കർക്കും മകന്റെ ഉറച്ച തീരുമാനത്തെക്കുറിച്ചു അഭിപ്രായ വ്യത്യാസമൊന്നും ഉണ്ടായില്ല. നാരായണ ഗുരുവിനോടും നടരാജ ഗുരുവിനോടും ആ കുടുംബത്തിനുണ്ടായിരുന്ന അളവറ്റ ആദരവും വിനമ്രതയും യതിയുടെ തീരുമാനത്തിന് അംഗീകാരം നൽകിയെന്ന് വേണം മനസ്സിലാക്കാൻ.
1956 മുതൽ 59 വരെ നിത്യ, കാശിയിലും ഹരിദ്വാർ ഋഷീകേശ് തുടങ്ങിയ സ്‌ഥലങ്ങളിലുള്ള ആശ്രമങ്ങളിൽ താമസിച്ചു വേദാന്തവും ന്യായവും യോഗവിദ്യയും അഭ്യസിച്ചു. 1973 ൽ പൂജ്യ നടരാജഗുരുവിന്റെ സമാധിക്ക് ശേഷം നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും ഗുരുവുമായി. നടരാജഗുരുവാണ് നിത്യചൈതന്യയതി എന്ന സംന്യാസിയെ വാർത്തെടുത്തത്. വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും പരുക്കൻ രീതികളുമായിരുന്നു നടരാജ ഗുരുവിന്റേത്. നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല.കോപവും താപവും സ്നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ ക്ഷമാപണം നടത്തുന്നതായോ താൻ കണ്ടിട്ടില്ല എന്ന് നിത്യ പറയുന്നുണ്ട്. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും.”ഗുരുതരമായ രോഗത്തിനു ഗൗരവമായ ചികിത്സ ആവശ്യമാണ് ” എന്ന് ഗുരു പറയുമായിരുന്നു. ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു നിത്യൻ ചോദിച്ചു : ‘ ഗുരൂ, നമ്മള്‍ തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമാണുള്ളത്? ഗുരു പറഞ്ഞു “വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത്‌ വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക.” ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള തന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ആ ഉടമ്പടി പരിപാലിച്ചു പോന്നു എന്ന് ‘യതി ചരിതം’ എന്ന ആത്‌മകഥയിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപകനായും പ്രഭാഷകനായും ശ്രീനാരായണീയ ദർശനത്തിന്റെ പിൻബലത്തോടെ നടരാജഗുരു ആവിഷ്കരിച്ച ഏകലോക വിദ്യാഭ്യാസപദ്ധതി സ്വാംശീകരിക്കാനും പ്രചരിപ്പിക്കാനും യതിയും പരിശ്രമിച്ചുപോന്നു. ദില്ലിയിൽ അന്നത്തെ നിയുക്ത പ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദയുടെ നിർദ്ദേശപ്രകാരം സൈക്കിക്ക് ആൻഡ് സ്പിരിച്വൽ ഇൻസ്റ്റിറ്റൂട്ടിന്റെ അധ്യക്ഷനായും യതി പ്രവർത്തിച്ചു. യോഗികളെന്ന് അവകാശപ്പെടുന്നവർക്ക് അമാനുഷികമായ സിദ്ധികൾ ശരിക്കും ഉണ്ടോ എന്നൊരു അന്വേഷണമായിരുന്നു അത്. നേരത്തെ കുറച്ചു നാൾ മഹാത്മജിയോടൊപ്പം സഹവസിക്കാൻ കഴിഞ്ഞപ്പോൾ യുവാവായിരുന്ന നിത്യനിൽ കണ്ട ശാസ്ത്രാന്വേഷണ ബുദ്ധിയാവാം ഇങ്ങനെയൊരു പ്രൊജക്റ്റ് ഏറ്റെടുക്കാൻ നിമിത്തമായത്. അധികനാൾ നീണ്ടുനിന്നില്ല അവിടത്തെ പ്രവർത്തനം. വിഫലമായൊരു വൃഥാവ്യായാമമായി അക്കാലത്തെക്കുറിച്ചു നിത്യചൈതന്യയതി പിൽക്കാലത്ത്‌ രേഖപ്പെടുത്തി. ഹിമാലയഭൂവിന്റെ അജ്ഞാതമായ ഇടങ്ങളിൽ അപൂർവം യോഗിവര്യന്മാരെ അദ്ദേഹം കണ്ടുമുട്ടിയെങ്കിലും ( അവരാകട്ടെ ഒരവകാശവാദവും ഉള്ളവരായിരുന്നില്ല) തൻ കണ്ടുമുട്ടിയ തൊണ്ണൂറു ശതമാനം മനുഷ്യരും പ്രത്യേകിച്ച് എന്തെങ്കിലും സിദ്ധിയോ സാധനയോ ഉള്ളവരായി അനുഭവപ്പെട്ടില്ല എന്ന് സംശയംവിനാ അദ്ദേഹം റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഏറ്റെടുക്കുന്ന ദൗത്യത്തിൽ നൂറു ശതമാനം സത്യസന്ധത പുലർത്തുക എന്നത് നടരാജഗുരുവിൽ നിന്ന് നേടിയ ശിക്ഷണമായിരുന്നു .
നിരന്തരമായ ലോകയാത്രകൾ അദ്ദേഹത്തിന്റെ വീക്ഷണ ചക്രവാളത്തെ വികസ്വരമാക്കി എന്ന് കാണാം. വിശ്വ സാഹിത്യകൃതികളും കാവ്യങ്ങളും ഏഴു ഭൂഖണ്ഡങ്ങളിലും നടത്തിയ യാത്രയും അദ്ദേഹത്തിന്റെ രചനകളെയും വിശ്വമാനവികതയുടെ സമുന്നത തലങ്ങളിൽ പ്രതിഷ്ഠിച്ചു. താൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളെക്കാളും പുരാതനമായ സംസ്കാരവും ദർശനസമ്പത്തുമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ലോകത്തു മറ്റെങ്ങുമില്ലാത്ത മൂല്യത്തകർച്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അനുഭവിച്ചത്‌. തന്റെ തുടർച്ചയായുള്ള ലോകസഞ്ചാരത്തെപ്പറ്റി ഗുരു ഇങ്ങനെ പറഞ്ഞു. ” ഞാനെന്തിനാണ് അമേരിക്കയിലും ഓസ്‌ട്രേലിയയിലും മറ്റു രാജ്യങ്ങളിലും പോകുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ശൂന്യതയിൽ അധികകാലം കഴിയാൻ ആർക്കും സാധിക്കുകയില്ല. നിങ്ങൾ തത്വചിന്തയിലേക്കു കടന്നാൽ അധികം താമസിയാതെ തീർത്തും അപ്രസക്തനായിത്തീരും. സംസാരിക്കാനായി അധികം സുഹൃത്തുക്കൾ ഉണ്ടായിരിക്കുകയില്ല. നിങ്ങളിൽ നിന്ന് ഏറ്റവും മികച്ച ഫലങ്ങൾ പുറത്തു കൊണ്ടുവരുന്നതിന് അനുകൂലമായൊരു സാഹചര്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം. “

പി ആർ ശ്രീകുമാർ

ശ്രീകുമാർ രചിച്ച ജീവചരിത്രത്തിലെ ‘ യതിപ്രഭാവം’ എന്ന അധ്യായത്തിൽ ഗുരു നിത്യയുടെ സംന്യാസ ജീവിതത്തിന്റെ അവസാന കാലഘട്ടം വിവരിക്കുന്നത് ഇങ്ങനെയാണ്. 1999 മെയ് 14 നു സമാധിയാകുന്നതിനു മുമ്പുള്ള ഏതാണ്ട് ഇരുപതു വർഷക്കാലം ഗുരു നിത്യ ചൈതന്യ യതിയുടെ ജീവിതത്തിലെ പുഷ്‌കല കാലമായിരുന്നു. മാധ്യമങ്ങളിൽ, കോളേജ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സുകളിൽ, നാരായണഗുരുകുലത്തിൽ, സാഹിത്യ സാംസ്കാരിക വേദികളിൽ, രാഷ്ട്രീയ സാമൂഹ്യ കൂട്ടായ്മകളിൽ, കുടുംബ സദസ്സുകളിൽ അദ്ദേഹം എന്നും ക്ഷണിതാവായിരുന്നു. ഏതു സദസ്സിനെയും തന്റെ പ്രഭാവം കൊണ്ട് സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സംന്യാസി എന്ന മഹിമക്കൊപ്പം അദ്വൈത വേദാന്തത്തിൽ നിന്നാരംഭിച്ച് കുമാരിലഭട്ടന്റെ സാഹിത്യ സിദ്ധാന്തങ്ങളിലൂടെയും ഫ്രോയിഡിലൂടെയും വാന്‍ഗോഗിലൂടെയും കടന്നു കുമാരനാശാനിലും കുഞ്ഞുണ്ണി മാഷിലുമെത്തുന്ന പ്രതിപാദന രീതി ഏവർക്കും പുതുമയുള്ളതായി തോന്നി. അകൃത്രിമമായ ഭാഷാ ശൈലിയും പദപ്രയോഗങ്ങളും നടരാജ ഗുരുവിൽ നിന്ന് ആർജിക്കാൻ കഴിഞ്ഞ ഡയലക്റ്റിക്സിന്റെ പിൻബലവും അദ്ദേഹത്തിന്റെ ചിന്താരീതിയിൽ നൂതനമായ രീതിയിൽ പ്രവർത്തിച്ചു.

സന്യാസം അദ്ദേഹത്തിന് ഒരു ഓഫീസ് ആയിരുന്നില്ല. പോസ്റ്റുമാൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ ആയിരിക്കുന്നതുപോലെയാണ് താൻ ഗുരുവായിരിക്കുന്നത്‌ എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആനുഷംഗികമായി നാരായണ ഗുരുകുലത്തിന്റെ അധിപൻ എന്ന സ്‌ഥാനം വഹിച്ചു പോന്നുവെങ്കിലും ശിഷ്യഗണങ്ങളെ വാർത്തെടുക്കാനോ പിൻഗാമികളെ നിലനിർത്തി ഗുരുകുലം സ്‌ഥാപിക്കാനോ അദ്ദേഹം ഒരിക്കലും മുതിർന്നില്ല. പൂ വിരിയുന്ന പോലെ സഹജവും സ്വാഭാവികമായും സംഭവിക്കുന്ന ഒന്നായി സംന്യാസത്തെ അദ്ദേഹം നിർവചിച്ചിരിക്കാം. എന്നിരുന്നാലും ഗുരുകുല സമ്പ്രദായത്തെ മാനിച്ചുകൊണ്ട് വിൽപ്പത്രം തയ്യാറാക്കുകയും ഗുരുകുല അന്തേവാസികളായി തനിക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച ഏതാനും വ്യക്തികളെ തന്റെ പിന്മുറക്കാരായി അദ്ദേഹം കർമ്മമണ്ഡലം ഏല്പിച്ചതായും കാണാം.

ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ നാമനുഭവിച്ച വജ്രകാന്തിയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഇനിയും മറ്റൊരിടത്ത് സംഭവിക്കുക എളുപ്പമല്ല. ലോകോത്തരമായ സംഗീതവും സിംഫണിയും ദൃശ്യലേഖനങ്ങളും ചിത്രകലയും ഇടതിങ്ങി വളര്‍ന്ന ‘ഈസ്റ്റ്‌ വെസ്റ്റ് യൂണിവേര്‍സിറ്റി എന്ന മലര്‍വാടി നാരായണഗുരുകുലത്തിന്റെ പ്രകാശം നിറഞ്ഞ ആവിഷ്കാരമായിരുന്നു .

സാഹിത്യത്തിലെ സർജ്ജനരഹസ്യം എന്ന വിഷയത്തെ അധികരിച്ചു ഗുരു പറയുന്ന വാക്കുകൾ നമ്മെ കേൾപ്പിച്ചുകൊണ്ടാണ് ശ്രീകുമാർ ജീവചരിത്രം അവസാനിപ്പിക്കുന്നത്. ഗുരു എഴുതി : ആനന്ദ ദർശനം ലാവണ്യദർശനമാകാം ലാവണ്യ ദർശനം ഇന്ദ്രിയാനുഭൂതിയിലെ രസവൈചിത്ര്യങ്ങളിൽ സംഭവിക്കുന്നതാണ്. എല്ലാ രസങ്ങളും നീലവിഹായസ്സിൽ ഒഴുകിവന്ന് രൂപാന്തരപ്പെട്ടു മറഞ്ഞുപോകുന്ന മേഘത്തെ പ്പോലെയോ മരുഭൂമിയിൽ കാണുന്ന കാനൽജലം പോലെയോ നീരാവിയിൽ പ്രകാശം കൊണ്ട് തിളങ്ങുന്ന മഴവില്ലു പോലെയോ പ്രതിഭാസികമാണ്. നൈമിഷകവും. മഴവില്ലു മറഞ്ഞാലും അതിന്റെ കീർത്തി മറയുന്നില്ല. പൂവ് കൊഴിഞ്ഞുവീണാലും അതിന്റെ ഓർമ നിത്യസുന്ദരമാണ്. കാമുകൻ കടന്നുപോയാലും കാമുകിക്ക് ലഭിച്ച ആദ്യചുംബനം അനശ്വരമായ ഓർമയിലിരിക്കുന്നു. അങ്ങനെ അനിത്യതയുടെ ഹൃദയത്തിൽ നിത്യത സുപ്രതിഷ്ഠിതമാണ്.

9495406530

Author

Scroll to top
Close
Browse Categories