ആശാൻ കവിതയിലെ ബുദ്ധദർശനം
കുമാരനാശാൻ കൃതികളെ ബുദ്ധദർശനത്തിന്റെ വീക്ഷണത്തിലൂടെ വിലയിരുത്തുകയാണ് ഡോ. ബീന കെ ആറിന്റെ ‘ബുദ്ധദർശനവും ആശാൻ കവിത’യും എന്ന പുസ്തകം. ആശാൻ കൃതികളുടെ വൈവിധ്യമാർന്ന പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ നിലയിലുള്ള ചിന്ത പുസ്തകത്തെ വേറിട്ടതാക്കുന്നു.
ജീവിതം മരണത്തിലവസാനിക്കുന്ന കേവല സത്യം. ഗുണസമ്പൂര്‍ണമായ ഹ്രസ്വജീവിതം, അതിലേറെ മികച്ചതാവുമെന്നുമുള്ള സന്ദേശം. കുമാരനാശാന്റെ ‘വീണപൂവ്’ കാലാതിവർത്തിയായ കൃതിയായി ആസ്വാദകൻ എന്നും നെഞ്ചോട് ചേർത്തുവെക്കുന്നതിന്റെ കാരണവും മറ്റൊന്നാകില്ല.
കുമാരനാശാൻ കൃതികളെ ബുദ്ധദർശനത്തിന്റെ വീക്ഷണത്തിലൂടെ വിലയിരുത്തുകയാണ് ഡോ. ബീന കെ ആറിന്റെ ‘ബുദ്ധദർശനവും ആശാൻ കവിത’യും എന്ന പുസ്തകം. ആശാൻ കൃതികളുടെ വൈവിധ്യമാർന്ന പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഈ നിലയിലുള്ള ചിന്ത പുസ്തകത്തെ വേറിട്ടതാക്കുന്നു.
കേരളത്തിലെ ഫ്യൂഡല്‍ ഘടനകളിൽ ആശയപരമായി പ്രക്ഷോഭങ്ങള്‍ ഇളകിമറിയുന്ന കാലത്താണ് ആശാന് കവിതകളിലെ അക്ഷരവെളിച്ചം കൂടുതൽ ദീപ്തമാവുന്നത്. ആശയപരമായും ജാതീയമായും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്ന അവസ്ഥ. അവയെല്ലാം അതിജീവിച്ചുകൊണ്ടായിരുന്നു ഓരോ മുന്നേറ്റവും. നിത്യജീവിതത്തിലും കാവ്യജീവിതത്തിലും വൈരുദ്ധ്യങ്ങളുടെ സങ്കലനം പ്രകടം.
‘ചിന്നസ്വാമി’ എന്ന വിളിപ്പേരോടെ ആശാൻ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി. തുടർന്നുള്ള ഘട്ടത്തിലെ സംഘടനാപ്രവര്‍ത്തനം അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കി. ഈ സംഘടനാപ്രവര്‍ത്തനവും ഗുരുവിന്റെ ശിഷ്യത്വവും ആശാനെ ബാഹ്യമായി ഹിന്ദുമതത്തിനോട് ഐക്യപ്പെടുത്തി. ആ കാലത്ത് സഹപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മതപരിവര്ത്തനചിന്തകള് സമുദായത്തിന്റെ കെട്ടുറപ്പിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ മതപരിവര്‍ത്തന രസവാദം എഴുതി അദ്ദേഹം മറുപടി നൽകി. ഇസ്ലാം, ബൗദ്ധം, ക്രൈസ്തവം എന്നിങ്ങനെ വിവിധ മത പദ്ധതികളിലേക്ക് സമുദായാംഗങ്ങൾ മാറണമെന്ന ആവശ്യം ശക്തമായിരുന്ന കാലമായിരുന്നു അത്. സി വി കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ പ്രമുഖ ഗുരുശിഷ്യന്മാർ പരിവർത്തന ചിന്തക്കൊപ്പമായിരുന്നു. സംഘടന ഉത്തരവാദിത്തം ഉള്ളതുകൊണ്ടു തന്നെ ആശാന് എതിർ ചേരിയിൽ നിൽക്കേണ്ടി വന്നു. ഇങ്ങനെ താന്‍ ഉറച്ച ഒരു ഹിന്ദുമതവാദി ആയിരിക്കുമ്പോൾ തന്നെയാണ് അദ്ദേഹത്തിന്റെ ആന്തരികലോകത്തെ കീഴ്പ്പെടുത്തിയിരുന്ന ബുദ്ധദര്‍ശനത്തിന്റെ ബഹിര്ഗമനങ്ങളായി ‘വീണപൂവ്’ തുടങ്ങിയ കാവ്യങ്ങള്‍ ആ തൂലികയില്‍ നിന്നും ജനിച്ചത്.
ഗുരു ചികിത്സാർത്ഥം പാലക്കാട് താമസിക്കെ പരിചരിക്കാൻ ഒപ്പം കുമാരനാശാനുമുണ്ടായിരുന്നു. ആ അവസരത്തിൽ താമസിച്ചിരുന്ന ജൈന മേടയിലിരുന്നാണ് ഈ കാവ്യമെഴുതിയത്.
വീണപൂവിന്റെ സൃഷ്ടി മലയാള കാവ്യലോകത്തിന് വേറിട്ട രചനാശൈലിയും പ്രമേയവും പരിചയപ്പെടുത്തി. ജീവിതം ക്ഷണികമാണ്, അനിത്യമാണ്, അസ്ഥിരമാണ് എന്നു പറയുന്ന ബുദ്ധന്റെ ദര്‍ശനത്തെ തുറന്നുകാട്ടുകയാണ് ഈ കൃതി.
മദിരാശി, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലേക്ക് ഗുരു ആശാനെ ഉന്നതവിദ്യാഭ്യാസം നേടുന്നതിനായി പറഞ്ഞയച്ചു. ഡോ. പല്പുവിന്റെ സഹായം ഇതിനു ലഭിക്കുകയും ചെയ്തു. നഗരജീവിതം ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടുന്നതിന് ആശാനെ സഹായിച്ചു. ബുദ്ധനിലേക്കും ബുദ്ധന്റെ ദര്‍ശനങ്ങളിലേക്കും ചെന്നെത്തുകയാണ് ഇതിലൂടെ സംഭവിച്ചത്. പ്രത്യേകിച്ചും അന്നത്തെ ബംഗാൾ അതിശക്തമായ ബുദ്ധ ദർശന സ്വാധീനമുള്ള പ്രവിശ്യയായിരുന്നു. അന്നേ വരെ അദ്വൈത വേദാന്ത ചിന്തകളും ഭക്തിയുമായിരുന്നു ആശാന് കൃതികളിലുണ്ടായിരുന്നത്. ഈ ഭക്തിചിന്തയില് നിന്നുള്ള വ്യതിചലനമാണ് വീണപൂവിന്റെ രചനയിലൂടെ പുറത്തുവരുന്നത്.
ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കൃതികളിലും ബുദ്ധദര്‍ശനം തെളിഞ്ഞുകാണാം. പ്രണയകാവ്യങ്ങളെന്ന് മുദ്രചാര്‍ത്തപ്പെട്ട നളിനിയും ലീലയും ബുദ്ധദര്‍ശനത്തെ എത്രമാത്രം ഉള്‍ക്കൊണ്ടവയാണെന്ന് ഡോ. ബീനയുടെ പഠനം വെളിപ്പെടുത്തുന്നു. നളിനിയിലെ നായകൻ ദിവാകരൻ അഭയനും കരുണയുള്ളവനുമാണെന്നു പറഞ്ഞു കൊണ്ടുതന്നെയാണ് കവി അവതരിപ്പിച്ചിട്ടുള്ളത്. അഭയവും കരുണയും ബുദ്ധദര്‍ശനത്തിന്റെ വ്യക്തമായ സൂചനകളാണ്. ദിവാകരനെ മഹായാന ബുദ്ധമതത്തിലെ ഭിക്ഷുവായിത്തന്നെയാണ് കാവ്യത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. ദിവാകര- നളിനീയോഗത്തെ ശിവശക്തി സംഗമമായി വിലയിരുത്തിയ വിമർശനസമ്പ്രദായങ്ങളെ ഇവിടെ തിരുത്തുന്നു.
ലീലാകാവ്യവും ബുദ്ധദര്‍ശന സമ്പുഷ്ടമായ രചനയാണ്. ലീലാകാവ്യത്തിലെ നായിക ലീല ഭോഗതൃഷ്ണയില്നിന്നും പ്രബുദ്ധതയിലേക്കുള്ള പ്രയാണമനുഷ്ഠിക്കുകയാണ്. അവസാനത്തിലെ ഒഴുക്കിൽ ചേരൽ എന്നത് ബൗദ്ധ കല്പനയാണ്.
ഫെമിനിസ്റ്റ് കാവ്യമെന്നും ഹൈന്ദവദര്‍ശനത്തെ തൊട്ടറിയുന്ന കാവ്യമെന്നുമാണ് ചിന്താവിഷ്ടയായ സീതയെക്കുറിച്ചുള്ള മുന്‍കാല പഠനങ്ങളിലുള്ളത്. രാമായണത്തെ ഉപജീവിച്ചെഴുതിയ ഈ കൃതി ബുദ്ധന്റെ വേദവിമര്ശനം പ്രത്യക്ഷമായി പറയുന്നു.
സീത പലവട്ടം ചിന്തിക്കുന്ന ഒരു പദമാണ് കര്‍മ്മം. മഹായാന ബുദ്ധമതക്കാര്‍ പുനര്ജന്മവിശ്വാസികളായാണ് കണക്കാക്കപ്പെടുന്നത്. ഈ പുനര്‍ജന്മത്തെ കര്മ്മചിന്തയുമായാണവര് ബന്ധപ്പെടുത്തുന്നത്. വീണപൂവിലും നമ്മള് ഈ ദര്‍ശനമാണ് കാണുന്നത്. ആശാനുശേഷമുള്ള ഒരു നൂറ്റാണ്ടിനിടെ , ആശാൻ കവിതകളെ ബുദ്ധ ദർശനത്തിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന സമഗ്ര പഠനമാണ് ബുദ്ധദർശനവും ആശാൻ കവിതയും. ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയത് കവിയും ബൗദ്ധ പണ്ഡിതനുമായ മാധവൻ അയ്യപ്പത്താണ്.
ജിഷ അഭിനയ :
9446722541