മേപ്പിള്‍ മരങ്ങളില്‍ മഞ്ഞു വീഴുന്നു

സ്വര്‍ഗ്ഗവാതിലിലേക്കുള്ള പടികള്‍

സാമാന്യം വലിയൊരു മഞ്ഞുപാളിയുടെ കരങ്ങളെന്നെ ചുറ്റിവളഞ്ഞു. കാഴ്ചകള്‍ മങ്ങുമ്പോള്‍ ഇന്‍സ്‌പെക്ടര്‍ ചോദിക്കുന്നു. ”നിങ്ങളുടെ ആരാണിയാള്‍?”
മരിച്ചു കിടക്കുന്ന മനുഷ്യനെ ചൂണ്ടി ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നു. നിങ്ങളുടെ ആരാണിയാള്‍?
ഒരു നിമിഷം പകച്ചു നിന്നു. എന്താ പറയുക? ആരെയെങ്കിലും ചൂണ്ടി ആരാണിയാള്‍ എന്ന് ചോദിച്ചാല്‍ നമുക്ക് എന്തെങ്കിലും ഉത്തരം പറയാനുണ്ടാകും. എന്നാല്‍ നിങ്ങളുടെ ആരാണിയാള്‍ എന്ന് ചോദിച്ചാലോ? ചോദ്യം പെട്ടെന്ന് ഒരു പ്രഹേളികയാകും. അതിന് ഒരുപാട് അര്‍ത്ഥങ്ങള്‍ വന്നു ചേരും. നിങ്ങളുടെ എന്ന ഒരൊറ്റ വാക്ക് ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടിക്കും, വല്ലാണ്ട്.
ഞാനും ആയാളും തമ്മിലുള്ള ബന്ധം എന്താണ്? ഭൗതിക ബന്ധങ്ങള്‍ക്കപ്പുറം കര്‍മ്മ ബന്ധങ്ങളുടെ ഏതോ കാണാനൂലിഴകള്‍ രണ്ടാളേയും പരസ്പരം ബന്ധിപ്പിക്കുന്നില്ലേ? പരസ്പരം പൂരകങ്ങളാകുന്ന ജീവിത നിയോഗങ്ങളുടെ എന്തോ ഒന്ന്.
ഇരുളടഞ്ഞ ഒറ്റപ്പെട്ട വീഥികളില്‍ കൂടി വര്‍ഷങ്ങളോളം അലഞ്ഞു നടന്നിട്ടവസാനം ദിക്കറിയാതെ നല്‍ക്കവലയില്‍ പകച്ചു നില്‍ക്കുന്നൊരു ജീവന്‍. വിട്ടെറിഞ്ഞു പോകാനാകാത്തവിധം മനസ്സ് മരവിപ്പിക്കുന്ന മരണങ്ങള്‍ വലിച്ചടുപ്പിക്കുന്ന അദൃശ്യമായ ജീവബിന്ദുക്കളുടെ വിധിതീര്‍പ്പുകളില്ലേ? എനിക്ക് എന്നെപ്പോലും ശരിക്ക് അറിയാന്‍ കഴിയാത്തപ്പോള്‍ ഞാന്‍ എങ്ങനെ ഈ ചോദ്യത്തിന് ഉത്തരം പറയും. റാം ബഹാദൂര്‍ താപ്പ, നിങ്ങളെന്റെ ആരാണ്?
പെട്ടെന്നൊരു തോന്നല്‍, ജോണ്‍ ഏബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന സിനിമയില്‍ ഹരിയുടെ മൃതദേഹവുമായി അവന്റെ വീട്ടിലേക്ക് പോയ പുരുഷന്‍ തന്നെയല്ലേ താനും.
”ഒരു ചായ കുടിക്കാം സാബ്. അങ്ങിതുവരെയൊന്നും കഴിച്ചില്ലല്ലോ.” അശുതോഷ് വിളിക്കുന്നു.
സ്റ്റൂളില്‍ ടാബ്ലോ പോലിരുന്ന വൃദ്ധന്‍ വേഗം ഉഷാറായി. ചായത്തട്ടിന്റെ കീഴ് ഭാഗം മറയ്ക്കാനായി തുക്കിയിട്ടിരുന്ന കീറിയ ചാക്കുകഷണങ്ങളില്‍ ഒന്ന് പൊക്കി അടിയില്‍ സൂക്ഷിച്ചിരുന്ന കല്‍ക്കരിയില്‍ നിന്നും വളരെ ശ്രദ്ധാപൂര്‍വ്വം രണ്ടുമൂന്ന് ചെറിയ കഷണങ്ങളും അല്പം പൊടിയും എടുത്തു. ലോഡ് വണ്ടികളില്‍ നിന്നും റോഡില്‍ പൊഴിഞ്ഞുപോയി അയാള്‍ പെറുക്കി സൂക്ഷിച്ചവയാണവ. കല്‍ക്കരിപ്പൊടി തണുത്ത അടുപ്പില്‍ കീഴെയിട്ട് രണ്ട് ഉണങ്ങിയ ചുള്ളിലും വച്ചു. പിന്നീട് ഒരു ചിത്രകാരന്‍ തന്റെ ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ ചെയ്യും പോലെ വളരെ സൂക്ഷിച്ച് സാവധാനം കല്‍ക്കരിക്കഷണങ്ങള്‍ അടുപ്പിനുള്ളില്‍ അടുക്കി തീ പൂട്ടി. ചായ തിളച്ചു തുടങ്ങിയപ്പോള്‍ അയാള്‍ പല്ലുകള്‍ മുഴുവനും കാട്ടി ഒരു കുട്ടിയെപ്പോലെ എന്നേ നോക്കി പുഞ്ചിരിച്ചു.
”ആരുടെ ശവമാണ്?”
ഒരുപക്ഷേ ഈ വൃദ്ധന് ആളെ അറിയാമെങ്കിലോ? കാഴ്ചകള്‍ മങ്ങിയാലും വൃദ്ധര്‍ക്ക് മനുഷ്യരെ വേഗം മനസ്സിലാകും. അവഗണനയും നൊമ്പരങ്ങളും അകക്കണ്ണില്‍ തെളിച്ചം കൂട്ടും.
”റാം ബഹാദൂര്‍ താപ്പയെ അറിയുമോ?”
”ഏത് റാം ബഹാദൂര്‍? ഇവിടെ നാലഞ്ചാളുണ്ട്.” അരഹിന്ദിയില്‍ അയാള്‍ പറഞ്ഞു.
”വരൂ. ആളെ കാട്ടാം.” അശുതോഷ് വൃദ്ധനെയും കൂട്ടി ആംബുലന്‍സിന്റെ പുറകിലേക്ക് പോയി.
‘ഇയാളെ അറിയില്ല. കഴിക്കാന്‍ ബിസ്‌കറ്റോ ബണ്ണോ വേണോ സാബ്.’
”വേണ്ട.”
”കേട്ടോ സാബ് ഒരഞ്ച് കൊല്ലം മുന്‍പാണ്. ഇതുപോലെ ആംബുലന്‍സും ബോഡിയുമൊന്നും വന്നില്ല. ഫോണ്‍ വന്നു, താഴെ പെട്രോള്‍ ബങ്കിലെ രണ്‍വീര്‍ സേട്ടിന്. ഏഴാമത്തെ നിലയില്‍ നിന്നും കാലുതെറ്റി വീണ് മന്‍ബഹാദൂര്‍ മരിച്ചെന്ന്. ഞാനും എന്റെ മകനും കൂടിയാണ് ഗുജറാത്തിന് പോയത്. ബോഡി കൂടി കിട്ടിയില്ല. ആളെ തിരിച്ചറിയാഞ്ഞതിനാല്‍ അനാഥ ശവമായി രണ്ടാഴ്ച മുന്‍പേ ദഹിപ്പിച്ചത്രേ.
സേട്ടിന്റെ ഏതോ ബന്ധുവിന്റെ കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് വീണത്. അയാള്‍ ഒരു ലക്ഷം രൂപാ തന്നു. നമ്മളൊക്കെ കേസിന് പോയിട്ട് വല്ല കാര്യവുമുണ്ടോ? കേസൊന്നും ഇല്ലായെന്ന് എഴുതി കൊടുത്തു. കുറേക്കഴിഞ്ഞറിഞ്ഞു ഫാക്ടറിയില്‍ എന്തോ മോഷണം പോയത് ചോദ്യം ചെയ്തതാണ്. ചോദിച്ച സേട്ടിന് ദേഷ്യം വന്നപ്പോള്‍ ചവുട്ടിയതാണ്. എടുത്തു താഴോട്ടിട്ടു. അതോടെ കേസ് തീര്‍ന്നല്ലോ. അത്രേ വിലയുള്ളൂ സാധുക്കളുടെ ജീവന്. എന്റെ കൊച്ചുമോനായിരുന്നു. നിങ്ങള്‍ ബോഡിയെങ്കിലും കൊണ്ടുവന്നല്ലോ.”
അയാള്‍ ചില്ലു ഗ്ലാസ്സുകളില്‍ ചായ പകര്‍ന്നു നീട്ടി. ഞെട്ടിപ്പോയി. അശുതോഷ് അപകട സൂചനയോടെ എന്നെ നോക്കി.
വൃദ്ധന്‍ മടിയഴിച്ചു ചെറിയൊരു പുകയില ഞെട്ടെടുത്തു. ഒരുതുണ്ട് പാടുപെട്ട് മുറിച്ചെടുത്ത് കീഴ്ച്ചുണ്ടിനടിയില്‍ വച്ചിട്ട് തന്നോടെന്നപോലെ അയാള്‍ പറഞ്ഞു. ”മരിച്ചവര്‍ക്ക് നമ്മളെ വേണ്ട. നമുക്കവരെയും. വെറുതെ സങ്കടപ്പെടുത്താന്‍ ഓരോ ഓര്‍മ്മകള്‍.” വീണ്ടും മരസ്റ്റൂളില്‍ ടാബ്ലോ ആയി. അയാളുടെ വെളിച്ചം നഷ്ടപ്പെട്ട കണ്ണുകള്‍. അവയെന്നോട് പറഞ്ഞു.
മനസ്സിലെ സങ്കടങ്ങള്‍ കെട്ടി നിര്‍ത്തിയ മണ്ണുകൊണ്ടുള്ള വെറും തടയണകള്‍ മാത്രമാണ് കണ്ണുകള്‍. പൊട്ടിയൊലിക്കുന്ന ലാവജലം വല്ലാതെ പൊള്ളുന്നത് അതുകൊണ്ടാണ്.
ചായയുമായി പുറത്തേക്ക് നടക്കുമ്പോള്‍ അശുതോഷ് പുറകെ വന്നു, ‘പുലിവാലാകുമോ സാബ്?’
‘ഹേയ്. അതയാളുടെ സങ്കടം പറഞ്ഞതാണ്.’
‘സാറന്മാര്‍ മലവക്കിനെങ്ങും പോണ്ട. കോട കണ്ണുമൂടുമ്പോള്‍ അനങ്ങല്ല്. കൊക്ക കൈനീട്ടി വലിക്കും.’ വൃദ്ധന്‍ വിളിച്ചു പറഞ്ഞു.
ഗ്ലാസ്സ് തിരികെ വച്ചിട്ട് ലാച്ചിമാന്‍ കയറിപ്പോയ ഒറ്റയടി പാതയിലേക്ക് അല്പദൂരം നടന്നു. ഇടയ്ക്കിടെ നേരിയ തണുപ്പുമായി പഞ്ഞിച്ചുരുരുളുകള്‍ ഉമ്മവച്ചു പോയി. പൈന്‍മരങ്ങള്‍ കൂനിക്കൂടി നിന്നു. വര്‍ഷങ്ങളോളം മനുഷ്യര്‍ നടന്ന വഴികളാണെങ്കിലും മെരുങ്ങാത്ത പാറകള്‍. അങ്ങിങ്ങ് തെളിയുന്ന വഴിച്ചാലുകള്‍. വീണ്ടും പാറകളും കൂര്‍ത്ത കല്ലുകളും. ഇടയിലൊക്കെ ചെറിയ മുള്‍ച്ചെടികള്‍, കടന്നല്‍ കൂട്ടങ്ങള്‍. നട്ടുച്ചയാണെങ്കിലും സൂര്യന്‍ തെളിഞ്ഞിട്ടില്ല. മൂടല്‍ മഞ്ഞ് മുന്നോട്ടുള്ള കാഴ്ചകള്‍ മിനിറ്റുകളോളം മറച്ചപ്പോള്‍ പേടി തോന്നി. കാഴ്ചകള്‍ തെളിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി. മനസ്സ് ഇടറി ഒരുപാട് പുറകോട്ട് പോയി
”സാബ് ഹിമാലയത്തില്‍ പോയിട്ടുണ്ടോ?”
”ഇല്ല. പോകണം. കല്‍ക്കത്ത വിടും മുന്‍പ് ഗാംഗ്‌ടോക്കും നേപ്പാളുമൊക്കെ പോകണം.”
‘എന്നാണെന്ന് സാബ് പറഞ്ഞാല്‍ മതി. എല്ലായിടത്തും സാബിനെ ഞാന്‍ കൊണ്ടുപോകാം.”
റാം ബഹാദൂര്‍ നീയെന്നെ ഇന്ന് ഇങ്ങ് കൊണ്ടുവന്നിരിക്കുന്നു. നിന്റെ നാട്ടില്‍, നിന്റെ വീട്ടിലേക്ക്. ഒരിക്കല്‍ പോലും നിങ്ങളെയോ നിങ്ങളുടെ വാക്കുകളെയോ ഞാന്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല. അതില്‍ പോലും നിങ്ങളെന്ന കുറ്റപ്പെടുത്തുകയില്ലെന്ന് എനിക്കറിയാം.
ഞാനറിയുന്നു, നൊമ്പരങ്ങളറിയുന്നവന്റെ മനസ്സിലാകും എപ്പോഴും കൂടുതല്‍ കരുതലും കരുണയും.
5.
മണ്ട ഒടിഞ്ഞുപോയ ഒരു ചെറു പൈന്‍മരത്തില്‍ പിടിച്ച് മൂടല്‍മഞ്ഞിന്റെ മറയില്‍ നില്‍ക്കുകയായിരുന്നു വൃദ്ധന്‍. പുകയില ഞെട്ടിന്റെ നീരിറക്കി, മുഖം തുടച്ച് കൊത്ത് ചവച്ചുകൊണ്ട് വൃദ്ധന്‍ പറഞ്ഞു. ”കഴിഞ്ഞാഴ്ച ഇവിടെ ആദ്യമായി പോലീസ് വന്നിരുന്നു. ദാ, ഇപ്പോള്‍ ശവവും. മലദൈവങ്ങള്‍ കോപിച്ചതാണെന്ന് മൂപ്പന്‍ പറഞ്ഞത് സത്യം.’
‘പോലീസ് എന്തിനാണ് വന്നത്?’
സാധു എന്നൊരു ഗൂര്‍ഖയുണ്ടിവിടെ. ശരിക്കുള്ള പേര് വേറെന്തോ ആണ്. നിങ്ങള്‍ കൊണ്ടുവന്ന ശവം കണ്ടപ്പോള്‍ ആദ്യം അവന്റെ ഛായ തോന്നി. അതെങ്ങനെ? കണ്ണില്‍ പാടയാ. ശരിക്കു കാണത്തില്ല. അവനും കല്‍ക്കത്തയില്‍ കാവലാ. പേരുപോലെ തന്നെ സാധു. ഊരുകാര്‍ക്ക് അവന്‍ ദൈവത്തെപ്പോലെയാ. എല്ലാവര്‍ക്കും സഹായിയാ. കഴിഞ്ഞ തവണ വന്നപ്പോള്‍ എനിക്ക് തന്നതാ ഈ കമ്പളം. ഏത് നേരവും പാതി വയറെ കഴിക്കു. പറയുന്ന ന്യായമാ നോവിക്കുന്നത്, ‘ദാദാ, വിശപ്പിന്റെ വില എപ്പോഴും ഓര്‍ത്തിരുന്നാലെ മറ്റുള്ളവരുടെ വിശപ്പിനെപ്പറ്റി നമ്മള്‍ ഓര്‍ക്കു. അതാണ്. സ്‌നേഹവുമതുപോലെയാണ്.”
പട്ടിണിയും പരിവട്ടവുമാണ്, എന്നാലും ചിരിച്ചല്ലാതെ അവനെ കാണാനാവില്ല. ഒരു ചെക്കനെ എടുത്തു വളര്‍ത്തുന്നുണ്ട്. ട്രെയിനില്‍ നിന്നും കിട്ടിയതാ. അവന്റെ കൂടെ ഇരുന്ന കുടുംബമാണ്. അര്‍ദ്ധരാത്രി കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. ഒരു കത്തും അഞ്ഞൂറ് രൂപയും ചോരക്കുഞ്ഞിനെയും ബ്ലാങ്കറ്റില്‍ പൊതിഞ്ഞു വച്ചിട്ട് കോളേജ് പിള്ളേരായ അച്ഛനും അമ്മയും രാത്രിവണ്ടിയില്‍ നിന്നും ആരുമറിയാതെ ഇരുളിലേക്ക് ഇറങ്ങിപ്പോയി. ആ കുഞ്ഞിനെ അന്നെടുത്തു നെഞ്ചോട് ചേര്‍ത്തതാണവന്‍.
പക്ഷേ അവന്റെ വലിയ സങ്കടം മറ്റൊന്നാണ്. മോളുടെ ജീവിതം. എട്ടൊമ്പത് വര്‍ഷം മുന്‍പ് അവള്‍ക്ക് രണ്ടാമത്തെ കൊച്ചിനെ വയറ്റിലുള്ളപ്പോള്‍ ഉപേക്ഷിച്ചു പോയതാണ് മരുമോന്‍. ഒരുമാസം മുന്‍പാണ് അയാള്‍ തിരികെ വന്നത്. കള്ളുകുടിയും മരുന്നടിയും നിര്‍ത്തി. ഇനിമേലില്‍ പെണ്ണിനെ തല്ലില്ല എന്ന് സത്യം ചെയ്ത് അവളുടെ കാലുപിടിച്ചു മാപ്പ് പറഞ്ഞു. മൂപ്പനേയും ചെന്നു കണ്ടു. ഒത്തിരി സങ്കടപ്പെട്ടു കരഞ്ഞു. നല്ലവനായി ജീവിക്കാനും മലയോരത്തു പാറപ്പണിക്ക് പോകാനും തുടങ്ങി. അങ്ങനെ എല്ലാവരും സന്തോഷിച്ചിരിക്കുമ്പോള്‍ കഴിഞ്ഞാഴ്ച മൂക്കുമുട്ടെ ചാരായം അടിച്ചുവന്ന അവന്‍ ആ പെണ്ണിനെ പൊതിരെ തല്ലി. എന്നിട്ട് പാതിരാക്ക് സ്വന്തം മോളുടെ കാതില്‍ കിടന്ന കമ്മലടിച്ചു മാറ്റാന്‍ നോക്കി. കൊച്ചിന്റെ കരച്ചില്‍ കേട്ടുണര്‍ന്ന തള്ള കേറി തടഞ്ഞു.
‘കാലമാടാ നീയെന്താ ചെയ്യുന്നേ? എന്റെ അച്ഛന്‍ പട്ടിണി കിടന്ന് അയച്ചു തന്ന പണത്തില്‍ ഒന്നും ഒന്നരയും മാറ്റി വച്ച് എന്റെ കുഞ്ഞിന് ഒരു തരി പൊന്ന് വാങ്ങിയത് നീ തട്ടിപ്പറിക്കുന്നോ? വിടടാ കുഞ്ഞിനെ.’
കൊച്ചുങ്ങളുടെ കരച്ചിലിനും ബഹളത്തിനുമിടക്ക് അയാള്‍ കമ്മല്‍ വലിച്ചുപറിച്ചു. കൊച്ചിന്റെ കാത് കീറി ചോര വന്നു.
”രണ്ട് ഗ്രാം പൊന്നിന് വേണ്ടി നീയെന്റെ കുഞ്ഞിനെ കൊന്നോടാ?” എന്ന് ചോദിച്ചവള്‍ അടുത്ത് കിടന്ന കമ്പെടുത്ത് അയാളെ അടിച്ചു. പിന്നെല്ലാം വേഗമായിരുന്നു. സ്റ്റൂളിലിരുന്ന കൃപാണെടുത്ത് അയാള്‍ അവളെയും മോളേം കുത്തി. ദത്തുപുത്രന്‍ തടഞ്ഞപ്പോള്‍ അയാള്‍ അവനെ വെട്ടി. അവനിറങ്ങിയോടി. അന്ന് രാത്രി തലനാരിഴക്കാണ് ആ പയ്യന്‍ രക്ഷപെട്ടത്. ആ ദുഷ്ടന്‍ കൊലവെറിയുമായി നാടുമുഴുവന്‍ അവനെ തേടി നടന്നതാണ്. രാവിലെ തട്ടി തുറന്ന് തീ പൂട്ടാന്‍ കരിയെടുക്കാന്‍ ചാക്കുമറ മാറ്റിയപ്പോഴാണ് ഞാന്‍ കാണുന്നത്. കൊടും തണുപ്പത്ത് ചെക്കന്‍ പേടിച്ചു വിറച്ചിരിക്കുന്നു. അമ്മേം മോളും ചത്തുപോയി.’
ചില്ല് ഭരണി തുറന്നു ബണ്‍ എടുത്തു കടിച്ചുകൊണ്ട് അശുതോഷ് അരികിലേക്ക് വന്നു. ”ആരെയും കാണുന്നില്ലല്ലോ സാബ്?”
വൃദ്ധനാണ് മറുപടി പറഞ്ഞത്. ”നാട്ടിലെ ആവതുള്ള ആണുങ്ങളെല്ലാം അന്യദേശങ്ങളില്‍ കാവലല്ലേ, നാടിനും നാട്ടാര്‍ക്കും. മഞ്ചല്‍ എടുക്കാന്‍ ആളെ കിട്ടാനുള്ള താമസമാണ്. വരും.’
എവിടെനിന്നോ ഒരു ചാവാലി പട്ടി വന്ന് എന്നെ ചുറ്റിപറ്റി നിന്നു. അശുതോഷതിന് ബണ്‍ മുറിച്ചിട്ട് കൊടുത്തു. അത് വാലാട്ടി നിന്നു. വൃദ്ധന്‍ പറഞ്ഞു, ”ഗൂര്‍ഖയും നായയാണ് സാറെ, വെറും കാവല്‍ നായ.”
വളരെ വേഗം അന്തരീക്ഷം മാറി. ഉണ്ടായിരുന്ന നേരിയ വെളിച്ചവും മങ്ങി. കോടമഞ്ഞിന്റെ കാഠിന്യം കൂടി. മഞ്ഞുപാളികള്‍ ഞങ്ങള്‍ക്കിടയില്‍ മാറിമാറി മതിലുകളില്‍ തീര്‍ത്തു കളി തുടങ്ങി.
‘നിങ്ങള്‍ക്ക് കൂട്ടില്ലല്ലോന്ന് കരുതിയാണ്. സാധാരണ ഉച്ച കഴിയുമ്പോഴേക്ക് തട്ടിയിടും. അല്ലേല്‍ കോട കേറും, ഉള്ള കാഴ്ചയും പോകും. വയസായില്ലേ?’
ഇളംകാറ്റ് ശവഗന്ധം പടര്‍ത്തി ചുറ്റിനടന്നു. അതിപ്പോള്‍ കുറച്ചു ദുസ്സഹമായിട്ടുണ്ട്. ‘സാറെ ഇനി കുഴപ്പമാ. വണ്ടിയുടെ അടുത്തെങ്ങും പോകാനേ പറ്റാത്തവിധം നാറ്റമടിച്ചു തുടങ്ങി. ദിവസമെത്രയായി?’ ഡ്രൈവര്‍ പറഞ്ഞു.
അശുതോഷും പവനും അതുതന്നെ പറഞ്ഞു. ”എന്ത് ചെയ്യും?”
‘നിങ്ങളുടെ നാറ്റവും മനം പിരട്ടലും ഒന്ന് കുളിച്ചാല്‍ തീരും. ശവത്തിന്റെ ഗതിയോ? എങ്ങോട്ട് പോകും?’ വൃദ്ധന്റെ പിറുപിറുക്കല്‍. ഞെട്ടിപ്പോയി.
ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ വന്നിട്ട്? വീട്ടുകാരെ വിളിക്കാന്‍ പോയവനെക്കൂടി കാണുന്നില്ല. ഇനി ഇതുതന്നെയാണ് ആളെന്ന് പറഞ്ഞു വിളിച്ചു കൊണ്ടുവന്നിട്ട് ആളുതെറ്റിയതു കാരണം ലാച്ചിമാന്‍ ഗുരുങ്ങ് വേറെ വഴിയേ അങ്ങ് മുങ്ങിയതാണോ? അയാള്‍ പറഞ്ഞതനുസരിച്ചു പോയിവരേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
‘നേരാന്നോ ദാദാ. മലമുകളില്‍ പോയിട്ട് വരാനുള്ള സമയം കഴിഞ്ഞോ?’
‘എപ്പോഴേ? പിന്നെ പറയാനൊക്കില്ല. മഞ്ചലെടുക്കാന്‍ ആളെ കിട്ടിക്കാണില്ല. ഇത്തിരികൂടി വൈകിയാല്‍ മല കേറാനുമൊക്കില്ല. മഞ്ഞു വീഴ്ചതുടങ്ങും. തറ കാണില്ല.’ ശവം വായനക്കുന്നതുപോലെ ഒരുചലനവുമില്ലാതെ ചത്ത കണ്ണുകളോടെ വൃദ്ധന്‍ മരസ്റ്റൂളില്‍ ടാബ്ലോ കണക്കെ ഇരുന്നു.
അങ്ങ് മേലെ മലമുകളില്‍ നേരിയ പുകച്ചുരുളുകള്‍ കാണാം. ആകാശം മുട്ടിനില്‍ക്കുന്ന കൊടുമുടികള്‍. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിപോലെ. സ്വര്‍ഗ്ഗത്തിലേക്കാണോ ബഹാദൂറിന് പോകേണ്ടത്? കാഴ്ചകള്‍ മങ്ങിത്തുടങ്ങി. അവിടേക്കുള്ള വഴിയടഞ്ഞാല്‍ എന്ത് ചെയ്യും? മരക്കാലില്‍ നിന്നുമാറി മലയുടെ മുനമ്പിലേക്കു ചെന്നുനിന്ന് നോക്കി.
നിറം മങ്ങിയ മധ്യാഹ്നവെയിലില്‍ മേലാകാശത്തിനോട് മുട്ടിയുരുമ്മി റാം ബഹാദൂര്‍ താപ്പയുടെ സ്വര്‍ഗ്ഗം. ചുറ്റിലും വെഞ്ചാമരം വീശി പഞ്ഞിത്തുണ്ടുകള്‍. നോക്കിനില്‍ക്കെ ലേശം ചാരനിറമാര്‍ന്ന വെളുത്തഷാള്‍ വാരിപ്പുതച്ച് മലയും മേലാകാശവും പുണര്‍ന്നു കിടന്നു. ബഹാദൂര്‍ നീയെനിക്ക് അല്‍പ്പം കൂടി സമയം താ. ഞാന്‍ നിന്നെ സ്വര്‍ഗ്ഗത്തിലെത്തിക്കും.
സ്വര്‍ഗ്ഗത്തിനെപ്പറ്റിയുള്ള ചിന്തകള്‍ പെട്ടെന്ന് എന്നിലൊരു കുളിര് കോരിനിറച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു. വഴികള്‍ തെളിഞ്ഞു. എനിക്കറിയാം ബഹാദൂര്‍ നിനക്ക് പോകേണ്ടത് സ്വര്‍ഗ്ഗത്തിലേക്കാണ്. ഹിമവാന്റെ കൊടുമുടിയില്‍ കൈലാസ പര്‍വ്വതത്തില്‍ പരമശിവന്റെ സന്നിധിയിലേക്കാണെന്ന്. മഞ്ഞുപൂക്കള്‍ക്കിടയില്‍ ശരീരം ഉപേക്ഷിച്ചു അവിടത്തെ പാദാരവിന്ദങ്ങളില്‍ വിഭൂതികള്‍ക്കിടയില്‍ വിലയം പ്രാപിക്കണം. അവിടേക്ക് തന്നെയാണ് ഞാന്‍ നിന്നെ കൊണ്ടുവന്നിരിക്കുന്നത്. വേഗം എല്ലാവരെയും വിളിച്ചു, ‘സ്ഥലം ഇതുതന്നെയാണ്. ഇനി ആരെയും കാത്തിരിക്കേണ്ടതില്ല. വേഗം പുറപ്പെടണം.’
വൃദ്ധന് കയ്യില്‍ കുറച്ചു പണം വച്ചുകൊടുത്തു. അയാള്‍ വേഗം കടയുടെ പുറകില്‍ കിടന്ന പൈന്‍മരക്കമ്പുകള്‍ മുറിച്ച് മഞ്ചം ഒരുക്കി. മൊബൈല്‍ മോര്‍ച്ചറിയില്‍ നിന്നും ശവമെടുത്തു മഞ്ചത്തില്‍ കിടത്തി. അയ്യോ ഇതെന്റെ സാധുവാണെന്ന് പറഞ്ഞു
ആര്‍ത്തലച്ചു കരഞ്ഞ വൃദ്ധന്‍ ശവത്തിനു മേലേക്ക് വീണു. സമാധാനിപ്പിച്ചു പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ അയാള്‍ എഴുന്നേറ്റിരുന്ന് ശവത്തെ വീണ്ടും തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ തുടങ്ങി.
‘ഇതെന്റെ സാധു തന്നെയല്ലേ? അതോ…. അയ്യോ അവന്റെ വീട്ടില്‍ ആരുമില്ലല്ലോ, ഭാര്യ പണ്ടേ മരിച്ചു. ദത്തുപുത്രന്‍ മരുമോനെ പേടിച്ചോടിയും പോയി.’
ശവമഞ്ചം തോളിലേറ്റുമ്പോള്‍ വഴികള്‍ എന്റെ മുന്‍പില്‍ തെളിഞ്ഞു നിന്നു. സ്വര്‍ഗ്ഗവാതിലിലേക്കുള്ള പടികള്‍ കയറുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. എന്ത് ഭംഗിയാണ് ഈ മലനിരകള്‍ക്ക്. സത്യം. അപ്പോഴാണ് ഹിമവാന്റെ ഭംഗി ഞാന്‍ ആദ്യമായി കാണുന്നത്. പൈന്‍ മരങ്ങളും, ഫിഗ് മരങ്ങളും, സാല്‍ മരങ്ങളും ഓക്ക് മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന സുന്ദരമായ താഴ്വാരങ്ങള്‍. അങ്ങിങ്ങ് കാശ്മീരിലെ ചിന്നാര്‍ മരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന മേപ്പിള്‍ മരങ്ങളും. മനസ്സില്‍ സ്‌നേഹം നിറഞ്ഞു തുളുമ്പുന്നത് ഞാനറിഞ്ഞു. ആരോ കാതില്‍ മന്ത്രിച്ചു, ‘മനുഷ്യന്‍ മുഴുവന്‍ സ്‌നേഹമാണ്.’
98848 59633