ആത്മ സൗരഭം

നിരാകരണം

പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ സ്വപ്‌നങ്ങള്‍ക്ക് പകരം യാഥാര്‍ത്ഥ്യങ്ങള്‍ പല്‍പ്പുവിനെ തുറിച്ചു നോക്കി. കോളജ് വിദ്യാഭ്യാസം കഴിയാതെ ഉന്നതപഠനത്തിന് പോകാന്‍ നിര്‍വാഹമില്ല. പക്ഷെ എങ്ങനെ കോളജില്‍ ചേരും. ജ്യേഷ്ഠന്റെ പഠനച്ചിലവ് വരുത്തി വച്ച കടങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. വീട്ടുചിലവിന് പോലും പണം ജാസ്തിയാണ്. എന്നു കരുതി സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ എറിഞ്ഞുടയ്ക്കാൻ നിര്‍വാഹമില്ല. പരിചയമുളള ചിലരില്‍ നിന്നും ചെറിയ തുക കടം വാങ്ങി കോളജില്‍ ചേര്‍ന്നെങ്കിലും അത് ഫീസിന് പോലും തികഞ്ഞില്ല. രണ്ടുമാസത്തിനുളളില്‍ പഠനം മുളയിലേ അവസാനിപ്പിച്ച് മടങ്ങി.
പക്ഷേ, തോല്‍വി എന്നൊരു വാക്ക് പല്‍പ്പുവിന് വര്‍ജ്ജ്യമായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി കുട്ടികള്‍ക്ക് ഇംഗ്ളീഷ് ട്യൂഷനെടുത്ത് പണം സ്വരൂപിച്ചു.
അടുത്ത അദ്ധ്യയന വര്‍ഷം പല്‍പ്പൂ വീണ്ടും കോളജില്‍ ചേര്‍ന്നു.
കാലത്ത് ഏഴ് മണി മുതല്‍ ട്യുഷന്‍ എടുക്കാന്‍ പോകും. പത്തുമണിക്ക് കോളജിലെത്തും. വൈകിട്ട് അഞ്ചുമുതല്‍ വീണ്ടും ട്യുഷന്‍ എടുക്കും. രാത്രി ഉറക്കമിളച്ചിരുന്ന് പഠിക്കും. അദ്ധ്വാനത്തിന്റെ ആനന്ദം അറിഞ്ഞ കാലം. പഠനച്ചിലവ് കഴിഞ്ഞ് മിച്ചം വരുന്ന തുക വീട്ടുചെലവിനായി കുടുംബത്തിലെത്തിക്കും.

ജീവിതം ഒരു സമരമാണെന്ന് പല്‍പ്പുവിന് തോന്നി. അവനവനോട് തന്നെയുളള സമരം. പ്രതികൂലമായ സാഹചര്യങ്ങളോടുളള സമരം.
കാമ്പസ് ലൈബ്രറിയില്‍ ഇരിക്കുമ്പോഴാണ് പല്‍പ്പു ആ പത്രപ്പരസ്യം കണ്ടത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍വക മെഡിക്കല്‍ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളെ എടുക്കുന്നതിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
അഞ്ച് രൂപയാണ് പ്രവേശന ഫീസ്. ട്യൂഷനെടുത്ത വകയില്‍ സ്വരൂപിച്ച പണമടച്ച് പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ ആദ്യത്തെ പത്ത് റാങ്കുകാരുടെ പട്ടികയില്‍ ടി.കെ.പല്‍പ്പുവിന്റെ പേരുമുണ്ട്. സൂക്ഷ്മപരിശോധനയില്‍ അകം നിറഞ്ഞു. തനിക്ക് രണ്ടാം റാങ്ക്. പെട്ടെന്ന് മനസില്‍ വന്നത് അച്ഛന്റെയും അമ്മയുടെയും മുഖമാണ്. അവരുടെ കഷ്ടപ്പാടുകള്‍ക്ക് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. പിന്നാലെ ഫെര്‍ണാണ്ടസ് മാഷിനെയും ഓര്‍ത്തു. മനുഷ്യത്വം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ മാഷ്. ആദ്യം വിവരം പറഞ്ഞത് അദ്ദേഹത്തോടാണ്. എന്നെ ഒന്ന് അനുഗ്രഹിക്കൂ എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് മാഷ് പറഞ്ഞു.
‘എന്നും എന്റെ അനുഗ്രഹം നിനക്കുണ്ട്. നന്നായി വരും. ഇതിലും വലിയ പരീക്ഷകള്‍ പാസാകും. ആരും പ്രതീക്ഷിക്കാത്ത സ്ഥാനങ്ങളില്‍ എത്തിച്ചേരും’
ആ അനുഗ്രഹവര്‍ഷം ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതായി പല്‍പ്പുവിന് തോന്നി.

മാതയ്ക്കും പപ്പുവിനും സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ സമുദായത്തില്‍ നിന്ന് ഇതാദ്യമായി ഒരു ഭിഷഗ്വരന്‍ ജനിക്കാന്‍ പോകുന്നു. അവര്‍ മകനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. പക്ഷെ പല്‍പ്പുവിന്റെ മുഖം തെളിഞ്ഞില്ല. ജാതീയമായ അന്തരങ്ങളുടെ മുഖം എത്ര കണ്ട് ഭീതിദമാണെന്ന ബോധ്യം അവനുണ്ട്. ജ്യേഷ്ഠന്റെ അനുഭവം കണ്‍മുന്നിലുണ്ട്.
കഞ്ഞിപ്പശ മുക്കി അലക്കി ചിരട്ടക്കനലിട്ട ഇസ്തിരിപ്പെട്ടി കൊണ്ട് വടിപോലെ തേച്ച വെളളഷര്‍ട്ടും മുണ്ടും ധരിച്ച് പരമാവധി വൃത്തിയിലാണ് പല്‍പ്പു മെഡിക്കല്‍ സ്‌കൂളിലേക്ക് പുറപ്പെട്ടത്. അച്ഛന്‍ ഒപ്പം വരാമെന്ന് പറഞ്ഞിട്ടും അവന്‍ സമ്മതിച്ചില്ല. അശുഭകരമായ എന്തെങ്കിലും സംഭവിച്ചാല്‍ അത് അച്ഛന് വിഷമമാവേണ്ട എന്ന് വിചാരിച്ചു.

മെഡിക്കല്‍ സ്‌കൂളിന് പുറത്തെ നോട്ടീസ് ബോര്‍ഡില്‍ ക്ളാസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പട്ടികയുണ്ട്. പല്‍പ്പൂ പ്രതീക്ഷയോടെ അതിന് ചുവട്ടില്‍ പോയി നിന്ന് സാകൂതം നോക്കി. ടി.കെ.പല്‍പ്പു എന്നൊരു പേര് അതില്‍ ഇല്ല. പ്രതീക്ഷിച്ചിരുന്നതു കൊണ്ട് നടുങ്ങിയില്ല. പക്ഷെ ഈ അസമത്വത്തില്‍ അഗാധമായ ധാര്‍മ്മികരോഷം തോന്നി. രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് പഠിക്കാനുളള അവസരം നിഷേധിക്കുന്നതില്‍ എന്ത് നീതിയാണുളളത്. ജാതിക്കോമരങ്ങള്‍ക്ക് നീതിബോധമില്ലല്ലോ?
പപ്പു വര്‍ദ്ധീതവീര്യത്തോടെ നടന്ന് ആഫീസ് മുറിയിലെത്തി.
‘ഏയ്…പുറത്ത്…പുറത്ത് നില്‍ക്കണം’
നെറ്റിയില്‍ കുറിയിട്ട ഒരു കാരവണവര്‍ ശബ്ദമുയര്‍ത്തി.
‘സദ്യയുണ്ണാന്‍ വന്നതല്ല. ഒരു വിവരം അറിയണം. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ രണ്ടാം റാങ്ക് കിട്ടിയ എന്റെ പേര് ഈ നോട്ടീസ് ബോര്‍ഡില്‍ ഇല്ല’
കാരണവര്‍ എല്ലാമറിയുന്ന പോലെ ഒന്ന് തലയാട്ടി ചിരിച്ചു. എന്നിട്ട് ചോദിച്ചു.
‘ടി.കെ.പല്‍പ്പു…അതല്ലേ നിന്റെ പേര്?’
‘അതെ..’
പല്‍പ്പു ആകാംക്ഷയോടെ പറഞ്ഞു.
‘നിനക്ക് പ്രായം അധികരിച്ചിരിക്കുന്നു. പ്രായപരിധി കഴിഞ്ഞവരെ ക്ളാസിലെടുക്കാന്‍ നിയമമില്ല’
‘ആര് പറഞ്ഞു. പ്രായം കഴിഞ്ഞെന്ന്.ഞാന്‍ തെളിവുകള്‍ ഹാജരാക്കാം’
കാരണവര്‍ ഒന്ന് വിളറി.
‘എങ്കില്‍ പോയി തെളിവ് കൊണ്ടു വരു’
പല്‍പ്പു ഒറ്റ ഓട്ടമായിരുന്നു.
കൈതപ്പൊന്തകളും കമ്മ്യൂണിസ്റ്റ് പച്ചക്കാടുകളും നാട്ടുവഴികളും കടന്ന് അവന്‍ വീട്ടിലെത്തി. താളിയോലയില്‍ കുറിച്ച ജാതകം ഒരു കടലാസില്‍ ഭദ്രമായി പൊതിഞ്ഞെടുത്തു. അടുത്ത ഓട്ടത്തിന് റസിഡന്‍സി സര്‍ജനായ ഡോ. ഡയറ്റിന്റെ ആഫീസിലെത്തി. കാര്യം പറഞ്ഞപ്പോള്‍ തര്‍ക്കത്തിന് നില്‍ക്കാതെ അദ്ദേഹം പ്രായസര്‍ട്ടിഫിക്കറ്റ് നല്‍കി.

മെഡിക്കല്‍ സ്‌കൂളിലെ കാരണവര്‍ ഉച്ചയൂണ് കഴിഞ്ഞ് മുറുക്കുന്ന ഇടവേളയില്‍ ജനാലക്കപ്പുറം പല്‍പ്പുവിന്റെ മുഖം തെളിഞ്ഞു. കാരണവര്‍ക്ക് ഒരു തരം ഇരിക്കപ്പൊറുതിയില്ലായ്മയുണ്ടായി. ചെക്കന്‍ നിസാരക്കാരനല്ലെന്ന് ആദ്യദര്‍ശനത്തില്‍ തന്നെ മൂപ്പര്‍ക്ക് ബോധ്യമായിരുന്നു.
പല്‍പ്പു ഒന്നും മിണ്ടാതെ കയ്യിലെ പൊതിക്കെട്ടുകള്‍ അയാള്‍ക്ക് നേരെ നീട്ടി. കാരണവര്‍ ഒന്നുമറിയാത്ത മട്ടില്‍ ചോദിച്ചു.
‘എന്താ ഇത്?’
‘ഏജ് പ്രൂഫ്. ജാതകവും റസിഡന്‍സി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റും’
പല്‍പ്പുവിന്റെ സ്വരത്തിലെ ദാര്‍ഢ്യം കാരണവരെ തെല്ലൊന്ന് ഉലച്ചു.
‘ഞാനൊന്ന് പരിശോധിക്കട്ടെ’
എന്ന് മാത്രം പറഞ്ഞു.
‘ഞാന്‍ വെയ്റ്റ് ചെയ്യാം’
പല്‍പ്പു വിട്ടുകൊടുത്തില്ല.
‘വേണംന്നില്ല. നീ പൊയ്‌ക്കോളൂ. വിവരം തപാല്‍മാര്‍ഗം അറിയിക്കാം’
സുഖകരമല്ലായിരുന്നു കാരണവരുടെ ശബ്ദതാളം. ഒഴിവാക്കലിന്റെ, നിരാകരണത്തിന്റെ പുതിയ ഭാഷ്യമാണ് അതെന്ന് പല്‍പ്പുവിന് തോന്നി.
അവന്‍ മറുത്തൊന്നും പറയാതെ പടികളിറങ്ങി.
ദിവസങ്ങള്‍ ആഴ് ചള്‍ക്ക് വഴിമാറി.
ആഴ്ചകള്‍ മാസങ്ങള്‍ക്കും.

പല്‍പ്പുവിനെ തേടി ഒരു അറിയിപ്പും വന്നില്ല. അവന്‍ അത് പ്രതീക്ഷിച്ചതുമില്ല. മാതയ്ക്കും പപ്പുവിനും നിരാശയായി. അവര്‍ താടിക്ക് കൈ കൊടുത്ത് മുഖത്തോട് മുഖം നോക്കിയിരുന്നു പലപ്പോഴും. പല്‍പ്പുവിന്റെ മുഖത്തെ നിശ്ചയദാര്‍ഢ്യം അവരെ അതിശയിപ്പിച്ചു.
മെഡിക്കല്‍ സ്‌കൂളിലെ ശിപായി കേവശപിള്ളയെ അനുനയത്തില്‍ വിളിച്ച് സല്‍ക്കരിച്ച് പല്‍പ്പു കാര്യം തിരക്കി. ജാതിക്കുശുമ്പ് അശേഷമില്ലാത്ത പിളള ഉളളകാര്യം വെട്ടിത്തുറന്ന് പറഞ്ഞു.
‘പ്രായവും കോപ്പും ഒന്നുമല്ലെടാ കൊച്ചനേ വിഷയം…നീ പരീക്ഷ ജയിച്ച് ഡോക്ടറായാ നീ കൊടുക്കുന്ന മരുന്നില്‍ ചേര്‍ക്കുന്ന വെളളം മേല്‍ജാതിക്കാര് കുടിക്കണ്ടി വരും. അത് അവരടെ ആചാരങ്ങള്‍ക്ക് ചേര്‍ന്നതല്ല പോലും….അതുകൊണ്ട് നിന്നെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒക്കത്തില്ലെന്നും പറഞ്ഞ് കൊറേ മറ്റവന്‍മാര് ഒടുക്കത്തെ പോര്. പിന്നെ ബാക്കിയൊളേളാര് എന്നാ ചെയ്യാനാ..’

പപ്പു മറുപടി പറഞ്ഞില്ല. താന്‍ വിചാരിക്കുന്നതിലും മാരകമാണ് പലരുടെയും മനസുകളെന്ന് അവന് ബോധ്യപ്പെട്ടു.
‘നീ ഇനി എന്ത് ചെയ്യാന്‍ പോന്നു. എന്ത് തീരുമാനിച്ചു?’
കേശവപിളള മനുഷ്യസഹജമായ അലിവോടെ ചോദിച്ചു.
‘ഞാന്‍ ഡോക്ടറാവും പിളളച്ചേട്ടാ..ആളുകളെ ചികിത്സിക്കുകയും ചെയ്യും. തിരുവിതാംകൂര്‍ മാത്രമല്ല ലോകം. മേല്‍ജാതിക്കാര് മാത്രല്ല മനുഷ്യര്’
അത്രമാത്രം പറഞ്ഞ് പല്‍പ്പു ഇറങ്ങിപ്പോയി.
ചൂടുചായയില്‍ നിന്നും പറക്കുന്ന ആവിയും പല്‍പ്പുവിന്റെ ആ തകര്‍ന്ന നടപ്പും നോക്കിയിരുന്ന കേശവപിളളയുടെ മനുഷ്യത്വം നിസഹായമായിരുന്നു.
(തുടരും)

Author

Scroll to top
Close
Browse Categories