ആത്മസൗരഭം
ആത്മവേദന
ഭഗിയുടെ മുഖം മ്ലാനമായിരുന്നു. പല്‍പ്പുവിന്റെ കൂസലില്ലായ്മ അവരെ അത്ഭുതപ്പെടുത്തി. സ്വന്തം ജോലിയും വരുമാനമാര്‍ഗവും അടഞ്ഞുപോയിട്ടും കല്ലിന് കാറ്റ് പിടിച്ചതു പോലെ ഇരിക്കാന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന് അവര്‍ ഓര്‍ത്തു.
ചായ കുടിച്ച് പത്രവും വായിച്ച് ഇരിക്കുന്നതിനിടയില്‍ ഭഗി പൂച്ചയെ പോലെ പമ്മിപതുങ്ങിച്ചെന്ന് എന്തോ ചോദിക്കാനൊരുങ്ങി. ചോദ്യമുന അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് മുന്‍കൂട്ടി കണ്ട പല്‍പ്പു മറ്റൊരു വിഷയം എടുത്തിട്ടു.
‘നല്ല ചെമ്മീന്‍ കഴിച്ച കാലം മറന്നു. എന്താണെന്നറിയില്ല, ഇന്നലെ മുതല്‍ വല്ലാത്ത ഒരു കൊതി. ഞാനൊന്ന് മാര്‍ക്കറ്റില്‍ പോയി വരാം. നല്ല വറ്റല്‍ മുളകും കുടമ്പുളിയുമിട്ട് കറിവയ്ക്കുന്നതാ എനിക്കിഷ്ടം.’
പല്‍പ്പു പതുക്കെ എഴുന്നേല്‍ക്കാന്‍ ഭാവിച്ചു. ഭഗി വീണ്ടും എന്തോ പറയാന്‍ ചുണ്ടനക്കി.അതിന് തടയിടാനെന്നോണം പല്‍പ്പു അടുത്ത പരിച പുറത്തെടുത്തു.
‘ഈ മാസത്തിലല്ലേ ആനന്ദീടെ പിറന്നാള്‍. ഇത്തവണ നമുക്ക് കഴിഞ്ഞതിലും ഗംഭീരമായി ആഘോഷിക്കണം. മറ്റുളളവരെ പോലല്ല. അവൾക്ക് പിറന്നാളെന്ന് വച്ചാല്‍ ഒരു ഹരാണ്. കഴിഞ്ഞ പ്രാവശ്യം കൂടെ പഠിക്കുന്ന കുട്ടികളെ വിളിച്ചില്ലെന്ന് പരാതിയുണ്ട്’
ഭഗി പെട്ടെന്ന് അതില്‍ കയറിപിടിച്ചു.
‘ജോലി പോലും ഇല്ലാത്ത സമയത്ത് ആഘോഷങ്ങളൊക്കെ വേണോ?’
‘ജോലി ഇല്ലെന്ന് ആര് പറഞ്ഞു?’
‘അല്ല..ഇന്നലത്തെ ആ ഇണ്ടാസ്..’
‘അത് മൈസൂര്‍ സര്‍ക്കാര്‍ വക…സര്‍ക്കാരുകള്‍ വേറെയുമുണ്ട്. സ്വദേശത്തും വിദേശത്തും. കാര്യശേഷിയുള്ള ഡോക്ടര്‍മാര്‍ അധികമില്ല താനും..’
ആ മറുപടി ഭഗിക്കും ഇഷ്ടപ്പെട്ടു. പുരുഷന്‍ ആത്മവിശ്വാസത്തിന്റെയും വിപദിധൈര്യത്തിന്റെയും നിറകുടമായിരിക്കണമെന്ന് അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയൊരാളെ തന്നെ ദൈവം തനിക്ക് സമ്മാനിച്ചു. അതേക്കുറിച്ച് ഓര്‍ത്ത് അവര്‍ക്ക് ചെറുതല്ലാത്ത അഭിമാനം തോന്നി.
പല്‍പ്പു ഷര്‍ട്ടെടുത്ത് ധരിക്കുമ്പോള്‍ അവര്‍ പിന്നാലെ ചെന്നു.
‘നാട്ടിലേക്ക് മടങ്ങുന്നുണ്ടോ?’
‘എന്തിന്?’
‘അല്ല..ജോലി പോയ സ്ഥിതിക്ക് ഇവിടെ ഇനി..’
‘പോയെന്ന് ആര് പറഞ്ഞു. ഇതൊക്കെ അവരുടെ ഒരു തരം വിരട്ടല്‍ അല്ലേ? ഗരിസപ്പ വെളളച്ചാട്ടം കാണാന്‍ വൈസ്രോയി കഴ്‌സന്‍ പ്രഭു വരുന്നുണ്ട്. അദ്ദേഹത്തെ പോയൊന്ന് കാണണം’
ഭഗി അലസമായി മൂളി. വലിയ ആപത്തുകളിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന ആശങ്ക അവരെ കീഴടക്കി.
പല്‍പ്പു ഒന്നും സംഭവിക്കാത്ത മട്ടില്‍ കുതിവണ്ടിയില്‍ പുറത്തേക്ക് പോയി.
വൈസ്രോയിയെ സന്ദര്‍ശിക്കാനുളള അനുമതിക്ക് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നു. എല്ലാം മറികടന്ന് പല്‍പ്പു അദ്ദേഹത്തെ പോയി കണ്ടു. സ്വകാര്യ സന്ദര്‍ശനത്തിനിടയില്‍ ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. എന്നിട്ടും പല്‍പ്പുവിന്റെ നിര്‍ബന്ധം മൂലം അദ്ദേഹം കേള്‍ക്കാന്‍ തയ്യാറായി.
പിന്നില്‍ നുരയ്ക്കുന്ന വെളളച്ചാട്ടത്തിന്റെ കുത്തൊഴുക്ക് പോലെ പരാതികള്‍ അനുസ്യൂതം പ്രവഹിച്ചു. പുസ്തകത്തിന്റെ ഒരു കോപ്പിയും എഴുതിക്കൊണ്ടു വന്ന ഒരു പരാതിയും പല്‍പ്പു വൈസ്രോയിക്ക് സമര്‍പ്പിച്ചു. എല്ലാം കേട്ട ശേഷം അദ്ദേഹം പറഞ്ഞു.
‘പ്രാദേശിക ഭരണകാര്യങ്ങളില്‍ ഇടപെടുന്നതില്‍ ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ഞാനൊന്ന് നോക്കട്ടെ..’
വൈസ്രോയി വാക്ക് പാലിച്ചു.
അദ്ദേഹം തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഭിന്നജാതിക്കാരെ തുല്യമായി പരിഗണിക്കണമെന്ന് രാജാവിനെ സൗമ്യമായി ഉപദേശിച്ചതായി കുമാരനാശാന്‍ ഡോക്ടറോട് പറഞ്ഞു.
‘കുമാരു എങ്ങനെയറിഞ്ഞു?..’
‘കൊട്ടാരത്തില്‍ എനിക്ക് വേണ്ടപ്പെട്ട ചിലരുണ്ട്.’
‘ങും..’
‘പക്ഷെ..?’
‘പറയൂ…’
‘വൈസ്രായി അല്ല സാക്ഷാല്‍ ദൈവം തമ്പുരാന്‍ നേരിട്ടിറങ്ങി വന്ന് ഉപദേശിച്ചാലും ഇക്കൂട്ടരുടെ ജാതിക്കുശുമ്പ് മാറുമെന്ന് തോന്നുന്നില്ല’
‘മാറുകയല്ലല്ലോ? നമ്മള്‍ മാറ്റുകയല്ലേ…’
പല്‍പ്പുവിന്റെ വാക്കുകള്‍ മുന്‍നിലപാടുകളില്‍ നിന്ന് അദ്ദേഹം കഴയിഞ്ച് പോലും മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
‘പക്ഷെ അതെങ്ങനെ സാധിക്കും ഡോക്ടര്‍. പരമോന്നത ഭരണാധികാരിയായ വൈസ്രോയി നിര്‍ദ്ദേശിച്ചിട്ട് പോലും കുലുങ്ങാത്തവര്‍ സാധുക്കളായ നമ്മെ കാര്യമാക്കുമോ?’
പല്‍പ്പു വാത്സല്യത്തോടെ കുമാരുവിന്റെ തോളില്‍ കൈവച്ചു.
‘കുമാരു..തലയ്ക്ക് മീതെ വെളളം വന്നാല്‍ അതുക്ക് മീതെ വഞ്ചി എന്ന് കേട്ടിട്ടില്ലേ? വൈസ്രോയിക്കപ്പുറത്തും അധികാര കേന്ദ്രങ്ങളുണ്ട്’
‘ഡോക്ടര്‍ ഉദ്ദേശിക്കുന്നത്..?’
‘നമ്മള്‍ ഈ പ്രശ്‌നം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കുന്നു. അവിടെ വരെ പോയി താമസിച്ച് പ്രവര്‍ത്തിക്കാന്‍ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ സാമ്പത്തികം അനുവദിക്കുന്നില്ല. അതുകൊണ്ട് ബാരിസ്റ്റര്‍ ജി.പി.പിളളയെ ചുമതല ഏല്‍പ്പിക്കുന്നു’
കുമാരുവിന് അത്യത്ഭുതം തോന്നി. ഡോക്ടര്‍ എല്ലാ അതിരുകളും കടന്ന് ചിന്തിക്കുന്നു. പ്രവര്‍ത്തിക്കുന്നു.
‘ജന്മംകൊണ്ട് സവര്‍ണ്ണനെങ്കിലും അദ്ദേഹം നമ്മോട് അലിവുളള ആളാണ്. മനുഷ്യസ്‌നേഹി..’
കുമാരു പറഞ്ഞത് ഡോക്ടര്‍ തലകുലുക്കി ശരിവച്ചു.
‘അദ്ദേഹത്തെ കാണണ്ടേ?’
‘കണ്ടു. സമ്മതിക്കുകയും ചെയ്തു. പ്രശ്‌നം ഇവിടം കൊണ്ടൊന്നും തീരില്ലെന്ന് ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു.’
‘എന്നിട്ട്?’
‘1500 രൂപ ചിലവ് വരും. 1200 കയ്യില്‍ നിന്നെടുത്തു. ബാക്കി കടം വാങ്ങി. പണം അദ്ദേഹത്തെ ഏല്‍പ്പിച്ചു. അപ്പോഴും ഒരു സാങ്കേതിക പ്രശ്‌നം. വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെങ്കില്‍ അംഗങ്ങളുടെ സഹകരണം വേണം. സ്വാമി വിവേകാനന്ദന്റെ ശിഷ്യ മിസ് മാര്‍ഗരറ്റ് നോബിളിന് പാര്‍ലമെന്റ് അംഗങ്ങളുമായി പരിചയമുണ്ട്. അവര്‍ക്ക് കൊടുക്കാന്‍ സ്വാമിയെ കണ്ട് ഒരു കത്ത് വാങ്ങി അതും ബാരിസ്റ്ററെ ഏല്‍പ്പിച്ചിട്ടുണ്ട്’
കുമാരു ആദരവിന്റെ അഗാധതയില്‍ നിന്നെന്നോണം ഡോക്ടറെ തൊഴുതു.
‘അങ്ങയെ പോലൊരാള്‍ ഈഴവസമുദായത്തില്‍ ജനിച്ചത് ഈ സമുദായത്തിന്റെ മഹാഭാഗ്യമാണ്. ഞാന്‍ അഭിമാനിക്കുന്നു. അങ്ങയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതില്‍. അങ്ങേയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍..’
പല്‍പ്പു നിസാരമായി ചിരിച്ചു.
‘ഞാന്‍ എന്ന വ്യക്തിക്കോ എന്റെ അഹംബോധത്തിനോ കഴിവുകള്‍ക്കോ ഒന്നും ഇവിടെ പ്രസക്തിയില്ല. മനുഷ്യന്‍ മനുഷ്യനെ സമമായി കാണണം. എല്ലാവര്‍ക്കും തുല്യപരിഗണന കിട്ടണം. പലര്‍ക്ക് പല നീതി എന്നത് ഇനി നടക്കില്ല. അത് ഉറപ്പാ..’
ഡോക്ടറുടെ നിശ്ചയദാര്‍ഢ്യം മറ്റാരിലും കണ്ടിട്ടില്ലെന്ന് കുമാരുവിന് തോന്നി.
എന്തിനാണ് അധികം? ഇങ്ങനെ ഒരാള്‍ മതിയല്ലോ…
ഇംഗ്ളണ്ടില്‍ വിമാനമിറങ്ങിയ ബാരിസ്റ്റര്‍ ഒരു ടാക്‌സിയില്‍ പാര്‍ലമെന്റ് അംഗമായ ഡബ്ലൂ എസ് കെയ്‌നിനെ പോയി കണ്ടു. മാര്‍ഗരറ്റ് മുന്‍കൂട്ടി വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി.
‘എന്റെ രണ്ട് സണ്‍ ഇന്‍ ലാസ് പാര്‍ലമെന്റിലുണ്ട്. അവരെക്കൊണ്ട് വിഷയം ഉന്നയിക്കാം.പോരേ?’
കെയ്‌നില്‍ നിന്നും അത്ര ഉദാരവും സത്വരവുമായ സ്വീകരണം ബാരിസ്റ്റര്‍ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം അടുത്തുളള ഐ.എസ്.ഡി ബൂത്തില്‍ നിന്നും മൈസൂരിലേക്ക് വിളിച്ച് വിവരങ്ങള്‍ അപ്പപ്പോള്‍ പല്‍പ്പുവിനെ അറിയിച്ചു.
ഹെര്‍ബര്‍ട്ട് റോബര്‍ട്‌സ് എന്ന അംഗം പിന്നാക്കക്കാരായ തിരുവിതാംകൂറുകാരുടെ അവശതകളെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഘോരഘോരം ചോദ്യങ്ങള്‍ ഉന്നയിച്ചു.
”യോഗ്യതയുണ്ടായിട്ടും താഴ്ന്ന ജാതിക്കാര്‍ എന്ന ഏകകാരണത്താല്‍ തിരുവിതാംകൂറില്‍ നിന്നും ഒഴിവാക്കപ്പെട്ട രണ്ടുപേര്‍ ടി.കെ.വേലായുധനും ടി.കെ.പല്‍പ്പുവും യഥാക്രമം മദ്രാസ് സര്‍ക്കാരിന്റെ കീഴിലും മൈസൂര്‍ സര്‍ക്കാരിന്റെ കീഴിലും ജോലി ചെയ്യുന്നുണ്ടോ?”
എന്ന ചോദ്യം പലകുറി ആവര്‍ത്തിച്ചു.
അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് ഇന്ത്യാ സെക്രട്ടറി ജോര്‍ജ് ഹാമില്‍ട്ടന്‍ ഉറപ്പ് നല്‍കി.
പിറ്റേന്ന് കാലത്ത് പതിവുളള ചൂടുചായക്കൊപ്പം ഇംഗ്ളിഷ് പത്രങ്ങള്‍ നോക്കിയ പല്‍പ്പു അഭിമാനം കൊണ്ട് വിജ്രംഭിതനായി. എല്ലാ പത്രങ്ങളിലും വന്‍പ്രാധാന്യത്തോടെ വാര്‍ത്ത അച്ചടിച്ചു വന്നിരിക്കുന്നു. വിവരം അറിയിക്കാനായി ബാരിസ്റ്ററെ ട്രങ്ക് ബുക്ക് ചെയ്ത് ഐ.എസ്.ഡി വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഡോക്ടറെ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു. ഇവിടെയും പ്രധാനപത്രങ്ങളിലെല്ലാം വാര്‍ത്ത വന്നിട്ടുണ്ട്’
പല്‍പ്പുവിന് സന്തോഷം അടക്കാനായില്ല. ഏത് നേട്ടത്തിലും ഇളകാത്ത ഏത് കോട്ടത്തിലും പതറാത്ത നിസംഗതയും നിര്‍മ്മതയും കൂടെക്കൊണ്ടു നടക്കുന്ന പല്‍പ്പു പത്രവുമായി അടുക്കളയിലേക്ക് ചെന്ന് ഭഗിയെ കാണിച്ചുകൊടുത്തു.
അവര്‍ പരിസരം മറന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആ കവിളില്‍ ഉമ്മ വച്ചു.
പല്‍പ്പു നിലാവ് പോലെ പുഞ്ചിരിച്ചു. ചരിത്രം വഴിമാറുകയാണ്. തിരുത്തപ്പെടുകയാണ്.
അധസ്ഥിതന്റെ ശബ്ദത്തിനും ഇതാ വിലയുണ്ടായിരിക്കുന്നു…
ജീവിതത്തില്‍ ഏറ്റവും സമാധാനത്തോടെ ഉറങ്ങിയത് അന്നാണ്. എല്ലാം മറന്ന് കൂര്‍ക്കം വലിച്ചുളള ഉറക്കം.
പതിവില്ലാതെ അസമയത്ത് എസ്.ടി.ഡി വന്നപ്പോള്‍ ഒന്ന് അമ്പരന്നു. നാട്ടില്‍ നിന്നാണ് കാള്‍. അച്ഛന്റെ ശബ്ദമാണ് കേട്ടത്. സാധാരണ അമ്മയാണ് വിളിക്കാറുളളത്. ഫോണില്‍ ദീര്‍ഘഭാഷണം അച്ഛന്റെ രീതിയല്ല.
‘നീ ഉറങ്ങിയോ?’
‘ഇല്ല. എന്താ അച്ഛാ..വിശേഷിച്ച്?’
‘ഞാന്‍ പറയുന്നത് കേട്ട് വിഷമിക്കരുത്. നേരിടാന്‍ മനസിനെ പാകപ്പെടുത്തണം.’
‘എന്താച്ഛാ..’
ഫെര്‍ണാണ്ടസ് മാഷ് പോയി..’
പല്‍പ്പു ഒരു നിമിഷം മൗനിയായി. പിന്നെ പറഞ്ഞു.
‘ശരി..’
‘വരുന്നില്ലേ കാണാന്‍..’
‘ഇല്ല..
‘എന്തേ..?’
‘ആ സ്ഥിതിയില്‍ എനിക്ക് അദ്ദേഹത്തെ കാണാന്‍ വയ്യ..’
‘ങും..?
വീണ്ടും മൗനം.
‘നമ്മള്‍ എന്തെങ്കിലും ചെയ്യണ്ടേ?’
‘എന്തെങ്കിലുമല്ല. മരണാനന്തരച്ചെലവുകള്‍ മുഴുവന്‍ വഹിക്കണം. കുറച്ച് പണം ഞാന്‍ അമ്മയുടെ കയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. പിന്നെ മാഷിന് കൊടുത്തുകൊണ്ടിരുന്ന മാസപ്പടി കഴിയുന്നത്ര കാലം തുടരണം. ”
‘വേറെന്തെങ്കിലും..?’
‘ഇല്ല. രണ്ട് കാര്യങ്ങള്‍ മാഷ് എന്നോട് ആവശ്യപ്പെട്ടിരുന്നു. അനന്തരവള്‍ക്ക് ഒരുദ്യോഗം. മൈസൂരില്‍ സാനിട്ടറി വകുപ്പില്‍ അത് വാങ്ങിക്കൊടുത്തിരുന്നു. പിന്നെ ബന്ധുതയിലുളള വേറൊരു കുട്ടിയെ ഹോസ്പിറ്റല്‍ അസിസ്റ്റ ന്റ് ക്ളാസില്‍ ചേര്‍ത്ത് പഠിപ്പിക്കണം. അതും ചെയ്തിട്ടുണ്ട്’
‘ങും..’
മൗനം.
‘പല്‍പ്പു..’
‘എന്താച്ഛാ..?’
‘ദൈവാധീനം പോലെ തന്നെ വലുതാണ് മോനെ ഗുരുത്വം. നിനക്കത് ആവശ്യത്തിലേറെയുണ്ട്. അഭിമാനം തോന്നുന്നു. നിന്റച്ഛനായതില്‍..’
പല്‍പ്പു അന്ന് ആദ്യമായി കരഞ്ഞു. അച്ഛന്റെ നാവില്‍ നിന്ന് അങ്ങനെ കേട്ടപ്പോള്‍…പിന്നെ മാഷ് മരിച്ച സങ്കടം വേറെ..
‘വയ്ക്കുകാ..’
അപ്പുറത്ത് ഫോണ്‍ വയ്ക്കുന്ന ശബ്ദം.
ഭഗി ഉറക്കം മുറിഞ്ഞ ഈര്‍ഷ്യയോടെ എണീറ്റു.
‘എന്ത് പറ്റി?’
അവര്‍ ഉദ്വിഗ്നയായി.
‘എന്റെ ദൈവം മരിച്ചു..’
അവര്‍ ഒന്നും മനസിലാകാതെ കണ്ണ് മിഴിച്ചു.
‘ഫെര്‍ണാണ്ടസ് മാഷ് ഇനിയില്ല’
വിളക്കുകള്‍ വീണ്ടും അണഞ്ഞു.
ഇരുട്ടില്‍ പല്‍പ്പുവിന്റെ തേങ്ങല്‍ ഭഗി കേട്ടു.
അവര്‍ അയാളുടെ പുറത്ത് താളം പിടിച്ചു.
‘കരയരുത്..കരയരുത്..’
നിയന്ത്രണസീമകള്‍ ലംഘിക്കാനൊരുങ്ങിയ ഒരു തേങ്ങലിന്റെ ചീള് പല്‍പ്പു പണിപ്പെട്ട് അടക്കി.
പോരാളികള്‍ കരയാന്‍ പാടില്ലല്ലോ? (തുടരും)