ആത്മസൗരഭം
നിവേദനം
രാത്രി തെങ്ങിന്‍തലപ്പുകള്‍ക്കിടയിലുടെ മാനത്ത് തിളങ്ങുന്ന ചന്ദ്രബിംബം നോക്കി കിടക്കുമ്പോള്‍ പല്‍പ്പു ഗാഢമായി ആലോചിച്ചു. അധ:സ്ഥിതരുടെ മോചനത്തിനായി സൂത്രവിദ്യകളൊന്നും മനസിലില്ല. യോജിച്ചുളള പോരാട്ടത്തിന് ധൈര്യപ്പെടുന്ന എത്ര പേരുണ്ടാവുമെന്നും അറിയില്ല. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ സ്ഥാപിച്ച ഗുരുസ്വാമികള്‍ പോലും അഹിംസയുടെയും സമാധാനത്തിന്റെയും വഴിയാണ് സ്വീകരിച്ച് കണ്ടിട്ടുളളത്. അതിലൊന്നും സ്വാധീനിക്കപ്പെടുന്നവരല്ല സവര്‍ണ്ണര്‍.
വ്യക്തിഗതമായ ശ്രമങ്ങള്‍-ഒറ്റയാള്‍ പോരാട്ടങ്ങള്‍..അതിനെല്ലാം പരിമിതികളുണ്ട്. എന്ന് കരുതി നിശ്ശബ്ദനായിരിക്കാന്‍ പറ്റില്ല. സാധ്യമായ എല്ലാ വഴികളിലൂടെയും പരിശ്രമിക്കുക. ചെറിയ ചലനങ്ങള്‍ക്ക് പോലും ചിലപ്പോള്‍ വലിയ ഫലങ്ങളുണ്ടാക്കാന്‍ സാധിച്ചെന്ന് വരും.
പല്‍പ്പു അധസ്ഥിതരുടെ അവസ്ഥ വിവരിച്ചുകൊണ്ട് അധികാരികള്‍ക്ക് നിരന്തരം കത്തുകള്‍ എഴുതി. ചിലതിന് മറുപടി വന്നു. ചിലതിന് വന്നില്ല. പല മറുപടികളും ഒഴിഞ്ഞുമാറിക്കൊണ്ടുളളതായിരുന്നു. പ്രതീക്ഷയുടെ അംശം പോലും അതിലൊന്നുമുണ്ടായിരുന്നില്ല. പല്‍പ്പു നിരാശനായില്ല. ഈ ലോകത്തിന്റെ ഒരു കോണില്‍ ഇതാ ഒരാളെങ്കില്‍ ഒരാള്‍ ഈ ദുസ്ഥിതിക്ക് എതിരെ പ്രതികരിക്കുന്നു. അയാളുടെ ശബ്ദം നിങ്ങള്‍ കേള്‍ക്കൂ..അത് അയാളുടെ മാത്രമല്ല, അവശത അനുഭവിക്കുന്ന എല്ലാവരുടെയും ശബ്ദമാണെന്ന് പലകുറി മനസില്‍ വിളിച്ചു പറഞ്ഞു.
ആര് കേള്‍ക്കുന്നു, എന്ത് നടപടിയെടുക്കുന്നു എന്നതല്ല പ്രതികരിക്കുന്നു എന്നതാണ് പ്രധാനം.
സംഘടിതശക്തിയുടെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പല്‍പ്പുവിന്റെ മനസില്‍ വന്നത് മറ്റൊരാശയമായിരുന്നു.
തിരുവിതാംകൂറില്‍ അതിശയകരമായ ഒരു വൈരുദ്ധ്യം നടമാടുന്നുണ്ട്. ജാതീയമായ പീഢനങ്ങള്‍ സഹിക്കവയ്യാതെ ധാരാളം ആളുകള്‍ ക്രിസ്തുമതത്തിലേക്കും അപൂര്‍വം ചിലര്‍ ഇസ്ലാംമതത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെടുന്നു. അവര്‍ക്ക് പിന്നെ അയിത്തമില്ല. സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ ലഭിക്കുന്നതിന് വിലക്കുകളില്ല. അവരെ മേല്‍ജാതിക്കാര്‍ തീണ്ടാപ്പാട് അകലെ നിര്‍ത്തുന്നില്ല. അപ്പോള്‍ ഇക്കൂട്ടര്‍ക്ക് മതമാണോ പ്രശ്‌നം? ഹിന്ദുമതത്തില്‍ ജനിച്ചു പോയെന്ന ഏകകാരണത്താല്‍ അവര്‍ ജാതീയമായ മതിലുകളും വിലക്കുകളും തീര്‍ക്കുന്നു. ഇന്നലെ വരെ അസ്പർശ്യരായവര്‍ മതപരിവര്‍ത്തനം ചെയ്തതോടെ സ്വീകാര്യരായിത്തീരുന്നു. എത്ര പൊളളയായ കാഴ്ചപ്പാടുകളും നിലപാടുകളുമാണിതൊക്കെ? വന്നു വന്ന് ആയിരക്കണക്കിന് ആളുകളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പലയാനം ചെയ്യുന്നത്. അങ്ങനെ ഭാരതീയസംസ്‌കൃതിയുടെ ആധാരശിലയായ ഒരു മഹാമതത്തിന് അനുയായികള്‍ നഷ്ടപ്പെടുന്നു. എന്നിട്ടും ഇതൊന്നും കൂസാതെ മേല്‍ജാതിക്കാര്‍ കീഴ് ജാതിക്കാരുടെ മേലുളള ക്രൂരത തുടരുന്നു. സാമൂഹ്യപദവിയില്‍ മാറ്റം വരുന്നു എന്ന ഏകകാരണത്താല്‍ മതംമാറ്റം വ്യാപകമായി തുടര്‍ന്നു വന്നു. ഇതൊക്കെ കണ്ടിട്ടും സവര്‍ണ്ണമാടമ്പിമാര്‍ കൂസുന്നില്ല. തങ്ങള്‍ കൂടി ജനിച്ച മതം ശുഷ്‌കമായാലും നാമാവശേഷമായാലും അധസ്ഥിത വിഭാഗത്തെ ദ്രോഹിക്കുന്നതിലാണ് ഇക്കൂട്ടര്‍ ആനന്ദം കണ്ടെത്തുന്നത്.
പല്‍പ്പുവിന് അത്ഭുതം മറ്റൊന്നുമായിരുന്നില്ല. കോരന്‍ എന്ന പേരുകാരന്‍ ചാക്കോ ആയാല്‍ അവന് പൊതുവഴിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നു. സവര്‍ണ്ണര്‍ക്ക് മുന്നില്‍ തീണ്ടല്‍ ആചരിക്കേണ്ടതില്ല.ജാതീയ മര്‍ദ്ദനങ്ങളില്ല. സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗത്തിന് വിലക്കുകളുമില്ല.
ഈ പരിഹാസ്യമായ നിലപാടിന് തിരിച്ചടി കൊടുക്കാന്‍ എല്ലാവരും കൂട്ടത്തോടെ മതംമാറണമെന്ന് പലരും ഉപദേശിച്ചെങ്കിലും പല്‍പ്പുവിന് അതിനോട് മാനസികമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ഹിന്ദുമതത്തിനുളളില്‍ നിന്നുകൊണ്ട് ഈ ആചാരങ്ങളോട് പൊരുതി ജയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഗുരുസ്വാമികളും അതുതന്നെയായിരുന്നു ലക്ഷ്യമിട്ടത്.
ഈ വിഷയം വിശദമായി സൂചിപ്പിച്ചുകൊണ്ട് ദിവാന്‍ ശങ്കരസുബ്ബയ്യര്‍ക്ക് പല്‍പ്പു കത്തെഴുതി. പല കത്തുകളും ജലരേഖകളായി.
മൈസൂരിലെ ജോലിത്തിരക്കിനിടിയില്‍ വീണുകിട്ടുന്ന അവധിക്കാലങ്ങള്‍ കുടുംബത്തിനും കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്നതിന് പകരം ഈ സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ പോരാടാനാണ് പല്‍പ്പു വിനിയോഗിച്ചത്.
അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങളെക്കുറിച്ച് അറിയാവുന്ന പല അധസ്ഥിതരുംസഹായത്തിനായി പല്‍പ്പുവിനെ സമീപിച്ചിരുന്നു. പല്‍പ്പു എല്ലാവരുടെയും പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. എത്ര അവഗണിച്ചിട്ടും തുടര്‍ച്ചയായി അധികൃതര്‍ക്ക് കത്തുകള്‍ അയച്ചു.
അരുവിപ്പുറത്ത് സ്വാമികളെ കാണാന്‍ പോകുന്നതിനുള്ള ഒരുക്കങ്ങളില്‍ നില്‍ക്കുമ്പോള്‍ ആരോ കാണാന്‍ വന്നതായി ഭഗി പറഞ്ഞു.
കായംകുളത്തുളള ചിലരാണ്. കണ്ടിട്ട് മുന്‍പരിചയമില്ല. ആരോ പറഞ്ഞുകേട്ടറിഞ്ഞ്
വന്നതാണ്.
‘വന്ന കാര്യം പറഞ്ഞില്ല?’
പല്‍പ്പു ആതിഥ്യമര്യാദയോടെ ചോദിച്ചു.
‘ഞങ്ങള്‍ അങ്ങയുടെ സമുദായത്തില്‍പെട്ടവരാണ്. ഞങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ നടത്തുന്ന ഇംഗ്ളീഷ് പളളിക്കൂടത്തില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് ഒരാഗ്രഹം. സ്ഥലത്തെ സ്‌കൂളുകളില്‍ അപേക്ഷിച്ചിട്ട് അവര്‍ പ്രവേശനം തരുന്നില്ല. ഈഴവരെ ചേര്‍ക്കാന്‍ നിര്‍വാഹമില്ലെന്നാണ് പറയുന്നത്. അങ്ങ് ഇടപെട്ട് ഒരു വഴിയുണ്ടാക്കി തരണം’
പല്‍പ്പു ഒന്ന് ആലോചിച്ചു. കായംകുളത്തുളള കുട്ടികള്‍ക്ക് അവര്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ പഠിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു.
അരുവിപ്പുറത്തേക്കുളള യാത്ര മാറ്റി വച്ച് അപ്പോള്‍ തന്നെ കാര്യകാരണസഹിതം സര്‍ക്കാരിലേക്ക് കത്തെഴുതി.
’25 ലക്ഷം ആകെ ജനസംഖ്യയുളള തിരുവിതാംകൂറില്‍ 5 ലക്ഷം പേര്‍ ഈഴവരാണ്. രണ്ടാം സ്ഥാനത്തുളള സമുദായം. മറ്റ് സമുദായക്കാരേക്കാള്‍ സര്‍ക്കാരിലേക്ക് നികുതി കൊടുക്കുന്നതും ഈഴവരാണ്.അങ്ങനെയുളള സമുദായത്തില്‍പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക ഇംഗ്ളീഷ് മീഡിയം സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കണം’ എന്നായിരുന്നു കത്തിന്റെ ഉളളടക്കം.
ഒറ്റ വാചകത്തില്‍ അതിന് മറുപടി വന്നു.
നമ്പര്‍ 217
നിങ്ങളുടെ ഹര്‍ജിക്കാരുടെ കുട്ടികളെ സര്‍ക്കാര്‍ പളളിക്കൂടത്തില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വ്യസനിക്കുന്നു.
(ഒപ്പ്)
ജെ.എ.ഡത്തി എം.എ
ഡിസ്ട്രിക്റ്റ് സ്‌കൂള്‍ സൂപ്രണ്ട്
സമാനസ്ഥിതി ആയിരുന്നു തിരുവിതാംകൂറില്‍ എമ്പാടും. ഒരു കാര്യം പല്‍പ്പുവിന് ബോധ്യമായി. നീതി ലഭിക്കുക എന്നത് ഒട്ടും എളുപ്പമല്ല. പ്രതികരണങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മൂര്‍ച്ച കൂട്ടാന്‍ സമയമായിരിക്കുന്നു.
എന്നാല്‍ മറ്റൊരു വൈരുദ്ധ്യവും ഇതിനിടയില്‍ പല്‍പ്പു കണ്ടെത്തി. തിരുവിതാംകൂറിനെ അപേക്ഷിച്ച് മലബാറില്‍ സ്ഥിതി ഇത്ര കണ്ട് രൂക്ഷമായിരുന്നില്ല.
അവിടെ ഈഴവ/ തീയ്യ വിഭാഗത്തില്‍ പെട്ടവര്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടര്‍മാരായിരുന്ന ചൂര്യയി കണാരന്‍, ഒപ്പോട്ട് കണ്ണന്‍, ശിരസ്തദാറായിരുന്ന ഒണ്ടേന്‍ അമ്പു…തുടങ്ങിയവരൊക്കെ അധസ്ഥിത സമുദായത്തില്‍ പെട്ടവരായിരുന്നു.
ഈ ഉദാഹരണങ്ങളൊന്നും തിരുവിതാംകൂറിലെ ഭരണാധികാരികള്‍ക്ക് മുന്നില്‍ വിലപ്പോയില്ല. ജാതീയമായ അന്തരങ്ങള്‍ സംഹാരനൃത്തം ആടിയിരുന്ന ഇവിടെ അത് നിലനിര്‍ത്താന്‍ സവര്‍ണ്ണപ്രമാണിമാര്‍ക്കൊപ്പം അധികാരികളും മത്സരിച്ചു. ഭരണതലത്തില്‍ ഏറെയും മുന്നോക്ക വിഭാഗക്കാരായിരുന്നു എന്നതാണ് ഒരു കാരണം.
കൂട്ടായ പരിശ്രമത്തിലൂടെ ഇതിനെ എങ്ങിനെ നേരിടാമെന്ന് പല്‍പ്പു ആലോചിച്ചു.
അന്ന് തിരുവിതാംകൂറില്‍ 2000 രൂപയും അതിന് മുകളിലും ശമ്പളമുളള ഉദ്യോഗങ്ങളെല്ലാം പരദേശി ബ്രാഹ്മണര്‍ക്ക് സ്വന്തം. 500 രൂപയ്ക്ക് മുകളില്‍ ശമ്പളം പറ്റുന്ന തസ്തികകളില്‍ നായര്‍ വിഭാഗത്തില്‍ പെടുന്നവര്‍ പോലും ഉണ്ടായിരുന്നില്ല.
ജന്മംകൊണ്ട് സവര്‍ണ്ണനെങ്കിലും മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന ബാരിസ്റ്റര്‍ ജി.പി.പിളളയെ സന്ദര്‍ശിച്ച് പല്‍പ്പു ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
സങ്കടപരിഹാരത്തിനായി ഒരു മെമ്മോറാണ്ടം തയ്യാറാക്കി മഹാരാജാവിന് സമര്‍പ്പിക്കുക എന്നതാണ് ദൗത്യം. അതില്‍ ഇതരസമുദായക്കാര്‍ സഹകരിക്കുകയും വേണം.
പിളള അതിന് മദ്ധ്യസ്ഥത വഹിച്ചു. 10037 പേര്‍ ഒപ്പിട്ട ഒരു പരാതി എഴുതി തയ്യാറാക്കി രാജാവിന് സമര്‍പ്പിച്ചു. അതിന് മലയാളി മെമ്മോറിയല്‍ എന്ന് പേരുമിട്ടു. മെമ്മോറിയലില്‍ ആദ്യത്തെ രണ്ട് പേരും ഒപ്പും നായര്‍ വിഭാഗത്തില്‍ പെട്ടവരുടേതായിരുന്നു. മൂന്നാം പേരും ഒപ്പും പല്‍പ്പുവിന്റേതും. അതില്‍ ഈഴവര്‍ക്കു വേണ്ടി ഒരു ഖണ്ഡിക പ്രത്യേകമായി ചേര്‍ക്കണമെന്ന് പല്‍പ്പു ആവശ്യപ്പെട്ടത് ഇപ്രകാരം ഉള്‍പ്പെടുത്തുകയും ചെയ്തു.
‘എല്ലാറ്റിനേക്കാളും, കഷ്ടതരമായിട്ടുളളത് മാസം അഞ്ച് രൂപയോ അതിന് മേലോ ശമ്പളമുളള ഒരീഴവനെങ്കിലും തിരുവിതാംകൂര്‍ സര്‍വീസില്‍ ഇല്ലാത്തതാകുന്നു. ബുദ്ധിമാന്മാരും വിദ്യാഭ്യാസം ചെയ്തിട്ടുളളവരും ആയ ആളുകള്‍ അവരില്‍ ഇല്ലാഞ്ഞിട്ടല്ല. മലബാറില്‍ ഇന്ത്യാക്കാര്‍ക്ക് പ്രവേശിക്കാവുന്ന സര്‍വീസില്‍ ഏറ്റവും ഉ യര്‍ന്ന ഉദ്യോഗങ്ങളില്‍ ഇവരുടെ ജാതിക്കാരില്‍ പലരും ഇരിക്കുന്നുണ്ട്’
വര്‍ഗഭേദം കൂടാതെയുളള ആദ്യത്തെ രാഷ്ട്രീയ പ്രക്ഷോഭമാണിതെന്ന് ജി.പി.പിളള വിലയിരുത്തി. മലയാളി മെമ്മോറിയലിനെ തുടര്‍ന്നുളള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പിളള ചോദിച്ചു.
‘മെമ്മോറിയലിന്റെ ചിലവിലേക്കായി നടന്ന പണപ്പിരിവില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 101 രൂപ നല്‍കിയത് ഡോക്ടറാണെന്ന് കേട്ടു. അതെന്താ അതിലും വലിയ സമ്പന്നൻമാരുണ്ടായിരുന്നല്ലോ കൂട്ടത്തില്‍…’
പല്‍പ്പു ചിരിച്ചു.
‘ഒന്നും കാണാതെ ഞാനത് ചെയ്യുമെന്ന് കരുതിയോ?’
‘മനസിലായില്ല’
‘നമ്പൂതിരിമാര്‍, നായന്‍മാര്‍, ക്രൈസ്തവര്‍…എല്ലാ വിഭാഗക്കാരുമുളള കൂട്ടത്തില്‍ ആകെയുളള ഒരേയൊരു പിന്നോക്കക്കാരന്‍ ഞാനാണ്. പക്ഷെ അവിടെ ഏറ്റവും ഉയര്‍ന്നു നില്‍ക്കേണ്ട ശിരസ് നമ്മുടേതായിരിക്കണം. മെമ്മോറാണ്ടത്തില്‍ മൂന്നാം സ്ഥാനക്കാരനായിരിക്കണമെന്ന് നിര്‍ബന്ധം പിടിച്ചതും അതുകൊണ്ടാണ്’
പിളള ഉറക്കെ പൊട്ടിച്ചിരിച്ചു. അദ്ദേഹം ചിരി ഇങ്ങനെ പൂരിപ്പിച്ചു.
‘പല്‍പ്പു ഈഴവസമുദായത്തിന്റെ അഭിമാനതാരകമാണ്’
’എനിക്ക് വ്യക്തിപരമായി പ്രാധാന്യം ലഭിക്കുക എന്നതല്ല ലക്ഷ്യം. ഓരോ അധസ്ഥിതനും ഈ തിരുവിതാംകൂറില്‍ അഭിമാനബോധത്തോടെ ജീവിക്കാന്‍ കഴിയണം’
ജി.പി.പിളള ചിരി വിട്ട് ഗൗരവത്തോടെ പല്‍പ്പുവിനെ നോക്കി. എന്നിട്ട് പറഞ്ഞു.
‘കഴിയും ഡോക്ടര്‍. നിങ്ങളുടെ കാലത്ത് തന്നെ നിങ്ങള്‍ അതിന് സാക്ഷിയാവും. അധികകാലം സൂര്യനെ മറയ്ക്കാന്‍ ആര്‍ക്ക് കഴിയും. പല്‍പ്പുവിനെ പോലെ തന്നെ എത്രയോ ചുണക്കുട്ടികള്‍ ഈ സമുദായത്തിലുണ്ട്. അവര്‍ ഉയരും. വളരും. എല്ലാ അസമത്വങ്ങളും അവര്‍ക്ക് മുന്നില്‍ വഴിമാറും’
പല്‍പ്പു ബാരിസ്റ്ററെ ആശ്ലേഷിച്ചു. അദ്ദേഹം കേള്‍ക്കാനാഗ്രഹിച്ചതാണ് ബാരിസ്റ്റർ പറഞ്ഞത്.
എന്നാല്‍ മലയാളി മെമ്മോറിയലിന് സര്‍ക്കാര്‍ നല്‍കിയ മറുപടി ബാരിസ്റ്റര്‍ ഫോണില്‍ അറിയിക്കുമ്പോള്‍ പല്‍പ്പു കുടുംബത്തിനൊപ്പം വനാന്തരത്തില്‍ യാത്രയിലായിരുന്നു. വന്യമൃഗങ്ങളെ നേരില്‍ കണ്ട് കുട്ടികള്‍ ഹരം പിടിച്ചു. കാഴ്ചബംഗ്ളാവിലെ കൂട്ടില്‍ പൂച്ചയെ പോലെ ഭയന്ന് പതുങ്ങിയിരിക്കുന്ന കടുവയും പുലിയും സിംഹവും ആനയും അവരുടെ തനിനിറം കാട്ടുന്ന വനം.
വിനോദത്തിനായി ഉള്‍ക്കാട്ടില്‍ നില്‍ക്കുമ്പോഴും മനസ് അശാന്തമായിരുന്നു. ബാരിസ്റ്റര്‍ വായിച്ചു കേള്‍പ്പിച്ച കത്ത് പല്‍പ്പുവിനെ ശുണ്ഠി പിടിപ്പിച്ചിരുന്നു.
അധ:സ്ഥിതരായ ഈഴവര്‍ സവര്‍ണ്ണര്‍ക്കൊപ്പം ചേര്‍ന്ന് പരാതിപ്പെട്ടത് ബ്രാഹ്മണര്‍ക്ക് ദഹിച്ചില്ല. അവര്‍ മറുപടിയില്‍ ഈഴവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്തത്. ലക്ഷകണക്കിന് ഈഴവരില്‍ രണ്ടേ രണ്ടു പേര്‍ മാത്രമാണ് യൂണിവേഴ്‌സിറ്റി പരീക്ഷ ജയിച്ചിട്ടുളളതെന്നും ആ സ്ഥിതിക്ക് ഈഴവര്‍ സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാതെ സ്വന്തം തൊഴിലുകളായ കള്ളുചെത്ത്, കയറുപിരിപ്പ്, കൃഷി എന്നിവ ചെയ്യുകയാണ് ഉചിതം എന്ന ഉപദേശരൂപേണയുളള പരിഹാസം പല്‍പ്പുവിനെ നോവിച്ചു.
‘നോവിച്ചു വിട്ട പാമ്പിനെ ഇവര്‍ക്കറിയില്ല’
പല്‍പ്പു വര്‍ദ്ധിതവീര്യത്തോടെ മനസില്‍ പറഞ്ഞു.
‘എന്ത് വില കൊടുത്തും മനുഷ്യരെ പോലെ ജീവിക്കാനുളള അവകാശം നമ്മള്‍ നേടിയിരിക്കും’
ഉള്‍വനങ്ങളിലെങ്ങു നിന്നോ ഒരു സിംഹം മുരണ്ടു.
മദഗജങ്ങളുടെ ചിന്നം വിളിയില്‍ ഗര്‍ജനം അലിഞ്ഞു.
കാട് ഉണരുകയാണ്. വിമതശബ്ദങ്ങളും…
‘ഇരുട്ടും മുന്‍പ് വീട്ടില്‍ തിരിച്ചെത്തണം’
പല്‍പ്പു ഭഗിയോട് പറഞ്ഞു.
കുട്ടികള്‍ ഏറുമാടത്തിന്റെ ഉയരങ്ങളിലിരുന്ന് കാടിന്റെ വന്യതയെ സാകൂതം നോക്കി.
സിംഹം കൂടുതല്‍ വീര്യത്തോടെ വീണ്ടും അലറി.
പല്‍പ്പു പറഞ്ഞു.
‘വണ്ണത്തിലും ഉയരത്തിലും വലിയ ജീവിയെങ്കിലും ആനകളെ നെറ്റിയ്ക്കടിച്ച് വീഴ്ത്താന്‍ സിംഹങ്ങള്‍ക്ക് കഴിയും. പക്ഷെ ആനകള്‍ക്ക് അതറിയില്ല’
പല്‍പ്പു ഉറക്കെ പൊട്ടിച്ചിരിച്ചു. ഭഗി ഒരു അംബന്ധനാടകം കണ്ടിട്ടെന്ന പോലെ മിഴിച്ച് നിന്നു.
(തുടരും)