ആത്മസൗരഭം
ജയില്‍കാലം
പ്രവര്‍ത്തനമേഖല ഏതായിരുന്നാലും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുക എന്നത് മാത്രമായിരുന്നു പല്‍പ്പുവിന്റെ മനസില്‍. ജാതീയമായ അന്തരങ്ങളും തൊട്ടുകൂടായ്മകളുമൊന്നും മൈസൂരില്‍ ഇല്ല. തന്നെ ആഴത്തില്‍ മനസിലാക്കുന്ന അധികാരികളുമുണ്ട്.
പക്ഷെ എല്ലായിടത്തുമെന്ന പോലെ അവിടെയുമുണ്ട് ഇത്തിള്‍ക്കണ്ണികള്‍. എന്ത് നല്ലകാര്യം ചെയ്താലും വഴിമുടക്കാന്‍ അവര്‍ മുന്നില്‍ തന്നെയുണ്ടാവും. ആ ബോധം മനസില്‍ വേരൂന്നിയ ശേഷം പല്‍പ്പുവിന് നിരാശയൊന്നും ഉണ്ടായില്ല. ഏത് സാഹചര്യത്തെയും നിര്‍മ്മമതയോടെ സ്വീകരിക്കാന്‍ മനസിനെ പാകപ്പെടുത്തി.
എന്തും നേരിടാമെന്ന ആത്മധൈര്യം ഒപ്പമുണ്ട്. പിന്നെ പ്രത്യാഘാതങ്ങള്‍ എന്തു തന്നെയായിരുന്നാലും സത്യത്തിന്റെ വഴിയില്‍ നിന്ന് അശേഷം ചലിക്കാന്‍ തനിക്ക് കഴിയില്ല. സ്വാമികളെ ആത്മാവില്‍ കൊണ്ടുനടക്കുന്ന ഒരാള്‍ക്ക് അതേ കഴിയൂ.എന്നും തന്റെ ഗുരുവും വഴികാട്ടിയും കാരണവരും ഈശ്വരനുമെല്ലാം സ്വാമി തൃപ്പാദങ്ങളാണ്. അവിടന്ന് പറയുന്ന വഴികളിലേ സഞ്ചരിച്ചിട്ടുള്ളു. ഇനിയും അങ്ങനെ തന്നെ. പ്രശ്നങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ്. മനുഷ്യന് ഉളളിടത്തെല്ലാം അത് സംഭവിക്കുക തന്നെ ചെയ്യും.
എന്തൊക്കെ പറഞ്ഞാലും ജയില്‍ അസ്വാതന്ത്ര്യത്തിന്റെ തടവറയാണ്. ഒരു പകല്‍ നീണ്ട ജോലികള്‍ കഴിഞ്ഞാല്‍ പല്പ്പൂ മൈസൂര്‍ നഗരത്തിലുടെ വെറുതെ നടക്കാനിറങ്ങും. പെട്ടെന്ന് മദ്രാസ് കാലം ഓര്‍മ്മവരും. റിക്ഷാക്കാരും പെട്ടിക്കടക്കാരുമായ അസംഖ്യം സുഹൃത്തുക്കള്‍. ജീവിതത്തിന്റെ സ്വാഭാവികമായ താളലയങ്ങള്‍ കുടികൊളളുന്നത് സാധാരണക്കാര്‍ക്കിടയിലാണ്. അവരുമായി ഏറെ സമയം സംസാരിച്ചിരിക്കുന്നത് ഒരു ഹരമാണ്. നിഷ്കളങ്കരായ അവര്‍ മറയില്ലാതെ എല്ലാം വെട്ടിത്തുറന്ന് പറയും.
മൈസൂരിലെ സായാഹ്നങ്ങളും അത്തരം ചില സുഹൃത്തുക്കളെ സമ്മാനിച്ചിട്ടുണ്ട്. അവരില്‍ നിന്നാണ് പുറമെ സമ്പന്നമെന്ന് തോന്നുന്ന ഈ നഗരത്തെക്കുറിച്ച് ഒരു ചിത്രം ലഭിക്കുന്നത്. തൊഴിലില്ലാതെ അലയുന്ന എത്രയോ ചെറുപ്പക്കാര്‍. ചിലര്‍ പട്ടിണികൊണ്ട് വലയുന്നു. മറ്റ് ചിലര്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നു. പലപ്പോഴും പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. ആകെ അരാജകത്വം നിറഞ്ഞ അന്തരീക്ഷം. ഭരണാധികാരികള്‍ അവരുടെ സുരക്ഷിതമണ്ഡലങ്ങളില്‍ മാത്രം വ്യാപരിക്കുന്നു. അടിസ്ഥാന വര്‍ഗത്തിന്റെ പുരോഗതിയില്‍ ആര്‍ക്കൂം താത്പര്യമില്ല.പട്ടിണിയുടെ വില അറിഞ്ഞവന് മറ്റുള്ളവരുടെ ദുഖം കണ്ട് മുഖം തിരിക്കാനാവില്ല.
എല്ലാവര്ക്കും ജോലി തരപ്പെടുത്താന്‍ സര്‍ക്കാരിനെക്കൊണ്ടും ആവില്ല. കുടില്‍ വ്യവസായങ്ങള്‍ പരിപോഷിപ്പിച്ചാല്‍ ചെറുപ്പക്കാരെ കര്മ്മോത്സുകരാക്കാമെന്നും തൊഴിലില്ലായ്മ ഒരുപരിധി വരെ പരിഹരിക്കാമെന്നും പല്‍പ്പു കണക്ക് കൂട്ടി. ചുരുങ്ങിയ ചിലവില്‍ തുടങ്ങാവുന്ന കുടില്‍ വ്യവസായങ്ങളുടെ ഒരു പട്ടികയുണ്ടാക്കി. അനാവശ്യമെന്ന് കരുതി ആളുകള്‍ വലിച്ചെറിയുന്ന സാധനങ്ങള്‍ കൊണ്ട് ഉണ്ടാക്കാവുന്ന കരകൗശല വസ്തുക്കളെക്കുറിച്ച് മനസിലാക്കി.
ആദ്യപടിയായി ജയിലിലുള്ള തടവുകാര്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ ഒരു ബിസിനസ് മ്യൂസിയം ഒരുക്കി. ജയില്‍ സന്ദര്‍ശിക്കാനെത്തിയവര്‍ അത് കണ്ട് അതിശയിച്ചു. സാധാരണക്കാര്‍ മുതല്‍ വന്‍കിടക്കാര്‍ വരെ അതിനെ പ്രകീര്‍ത്തിച്ചുകൊണ്ട് കുറിപ്പുകള്‍ എഴുതി.
ചായങ്ങള്‍, നാരുകള്‍, പുല്ലുകള്‍, ഇലകള്‍, എണ്ണകള്‍, കളിമണ്ണ്, ആഹാരസാധനങ്ങള്‍, ഉപയോഗമില്ലാത്ത മറ്റ് സാധനങ്ങള്‍ എന്നിവ കൊണ്ടാണ് പല്‍പ്പു ഇതൊക്കെ നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തത്.
തടവുകാര്‍ക്കും തൊഴിലില്ലാത്ത യുവാക്കള്ക്കൂം ഒരു വരുമാനമാര്‍ഗം എന്നതിലുപരി സര്‍ക്കാരിന്റെ ആദായം വര്‍ദ്ധിപ്പിക്കാനുതകുന്ന ഒരു പദ്ധതി കൂടിയായിരുന്നു.
ജയില്‍സൂപ്രണ്ടിന്റെ ജോലിയും ഒപ്പം മൈസൂരിലെ വസൂരി രോഗ ചികിത്സയും സമാന്തരമായി കൊണ്ടുപോയി. രണ്ടിലും നല്ല ഫലം കണ്ടപ്പോള്‍ മെഡിക്കല്‍ സ്റ്റോറുകളുടെ അധികച്ചുമതല കൂടി നല്കി. പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു.
വര്‍ഷം തോറും യൂറോപ്പില്‍ നിന്നും ലക്ഷകണക്കിന് രൂപയുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്തു. മൈസൂറിലെ പ്രഭുക്കന്മാര് പല്പ്പുവിനെ രഹസ്യമായി വന്നു കണ്ടു. ഔദ്യോഗിക വസതിയില്‍ നിന്ന് മാറി മറ്റൊരിടത്ത് കൂടിക്കാഴ്ച നിശ്ചയിച്ചതില്‍ തന്നെ അസ്വാഭാവികതയുളളതായി പല്‍പ്പുവിന് തോന്നി. എന്നിട്ടും ദിവാന്‍ജിയുടെ കുടുംബക്കാരും അക്കൂട്ടത്തിലുണ്ടല്ലോ എന്ന ഏകകാരണത്താല്‍ അനുമതി നല്കി.
നയപരമായാണ് അവര്‍ സംസാരിച്ച് തുടങ്ങിയത്.
‘ഡോക്ടര്‍ക്ക് മറ്റൊന്നും തോന്നരുത്. നമ്മുടെ നാട്ടില്‍ തന്നെ ആവശ്യത്തിന് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന സ്ഥിതിക്ക് യൂറോപ്പില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ സാധ്യതകളാണ്’
‘നമ്മുടെ നാട്ടിലെ മരുന്നുകള്‍ തന്നെ പരമാവധി ഉപയോഗിക്കണമെന്നാണ് എന്റെയും ആഗ്രഹം’
പല്‍പ്പുവിന്റെ മറുപടിയില്‍ ഇടപ്രഭുക്കളില് പ്രധാനിയായ കരിയപ്പയുടെ മുഖം തെളിഞ്ഞു. തുടര്‍ന്നുളള വാക്കുകള്‍ കേട്ട് തെളിഞ്ഞ മുഖം മഞ്ഞളിക്കുകയും ചെയ്തു.
”പക്ഷെ നമ്മുടെ നാട്ടിലെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലല്ലോ? പിന്നെങ്ങനെ അത് വാങ്ങി ജനങ്ങള്‍ക്ക് നല്‍കും?’
‘എന്നാര് പറഞ്ഞു?’
‘ഒരു ഡോക്ടറെന്ന നിലയില്‍ ഇപ്പോള്‍ ഞാനാണ് പറയുന്നത്?’
‘അത് നിങ്ങള്‍ തീരുമാനിച്ചാല്‍ മതിയോ?’
‘മെഡിക്കല്‍ സ്റ്റോറുകളുടെ ചുമതലയുളള ആളല്ലേ തീരുമാനിക്കേണ്ടത്’
‘നിങ്ങള്‍ക്ക് മുകളില്‍ വേറെയും ആളുകളുണ്ട്. നോക്ക്..ഞാന്‍ ദിവാന്‍ജിയുടെ ബന്ധുവാണ്. ഇത് അദ്ദേഹത്തിന്റെ കൂടി തീരുമാനമാണ്.’
‘എങ്കില്‍ അദ്ദേഹം എന്നോട് പറയട്ടെ’
പല്‍പ്പു ഒട്ടും വിട്ടുകൊടുത്തില്ല. കരപ്രമാണിമാര്‍ക്ക് വാശി കയറി.
‘നിങ്ങളെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്’
അവര്‍ വിറഞ്ഞ് തുളളി.
‘വിദേശത്തു നിന്നടക്കം ആവശ്യത്തിന് പാഠങ്ങള്‍ പഠിച്ചിട്ടാണ് ഞാന്‍ ഈ തസ്തികയില്‍ എത്തിയത്’
പല്‍പ്പു പുഞ്ചിരിയോടെ പരിഹസിച്ചു.
‘കാണിച്ചു തരാം’
ഭീഷണി മുഴക്കികൊണ്ട് പ്രമാണിമാര്‍ സ്ഥലമൊഴിഞ്ഞു.
‘ഒരുപാടൊക്കെ കണ്ടും കേട്ടും അനുഭവിച്ചും ഇവിടെ വരെ എത്തിയ ഒരാളാണ് ഞാന്‍. നിങ്ങള്‍ക്ക് കഴിയുന്നത് നിങ്ങളും കാണിക്ക്’
പല്‍പ്പുവിന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ പ്രമാണിമാര്‍ അവരുടെ വഴിക്ക് പോയി.
പല്‍പ്പു നിസംഗമായ ചിരിയോടെ അതും നോക്കി നിന്നു.
പിറ്റേന്ന് തന്നെ സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ പുറത്തിറക്കി.
മേലില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ തന്നെ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് വാങ്ങണം.
പല്‍പ്പു വിശദമായ ഒരു മറുപടി അയച്ചു. സ്വദേശത്തുളളവര് നിര്‍മ്മിച്ചു എന്ന ഏകകാരണത്താല്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങി നല്കാന് സാധിക്കില്ല എന്നതായിരുന്നു അതിന്റെ ഉളളടക്കം.
സര്‍ക്കാര്‍ പല തവണ ഇതേ ആവശ്യം ഉന്നയിച്ച് കത്തയച്ചു. ഓരോ കത്തിനും പല്‍പ്പു അതേ മറുപടി തന്നെ നല്കി. ”സ്വദേശത്തു നിന്നും മരുന്ന് എടുക്കാന്‍ സാധിക്കുമോ?” എന്ന് ഒറ്റ വാചകത്തില്‍ സര്‍ക്കാര്‍ എഴുതിചോദിച്ചു. പല്‍പ്പു അതിന് ഒറ്റവാക്കില്‍ മറുപടി നല്കി.
”നോ…”
പിന്നീട് കത്തിടപാടുകള്‍ ഉണ്ടായില്ല. അധികാരവര്‍ഗത്തിന്റെ ഭീഷണിക്ക് വഴങ്ങി അധാര്‍മ്മികമായ ഒരു കാര്യം ചെയ്യാന്‍ പല്‍പ്പു തയ്യാറാവില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. കൂടുതല്‍ നിര്‍ബന്ധം ചെലുത്തുകയും മാധ്യമങ്ങള്‍ അത് പരസ്യപ്പെടുത്തുകയും ചെയ്താല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കും. അതുകൊണ്ട് പല്‍പ്പുവിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിന്നില്ല. പക്ഷെ ഇദ്ദേഹത്തെ പോലെ സത്യസന്ധനായ ഒരാള്‍ തുടരുന്നത് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന തിരിച്ചറിവില്‍ അനുകൂലമായ ഒരു അവസരത്തിനായി കാത്തിരുന്നു.
ബറോഡയിലെ സാനിട്ടറി ഡിപ്പാര്‍ട്ടുമെന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആയതിനാല്‍ രണ്ടുവര്‍ഷത്തേക്ക് ഡോ.പല്‍പ്പുവിന്റെ സേവനം വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ബറോഡ സര്‍ക്കാര്‍ മൈസൂര്‍ സര്‍ക്കാരിലേക്ക് കത്തയച്ചു.
ആ കത്ത് അസ്വാഭാവികമാണെന്ന് ഭഗിയും വേലുവും അടക്കം പലരും സംശയിച്ചു. ബറോഡ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി മൈസൂരിലുളളവര് തന്നെ സംഘടിപ്പിച്ച നാടകമാണിതെന്നായിരുന്നു അവരുടെ നിഗമനം. അപ്പോഴും പല്‍പ്പു ചിരിച്ചു.
‘ഇതും ഒരു അവസരമായി കരുതണം. ബറോഡ പോലൊരു സ്ഥലത്ത് ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ അത് പരിഹരിക്കാന്‍ നമ്മള് യോഗ്യനാണെന്ന് അവര്‍ കണ്ടെത്തിയില്ലേ? അതിനെ ഒരു അംഗീകാരമായി എന്തുകൊണ്ട് കണ്ടുകൂടാ..’
ഭഗി മൗനത്തെ കൂട്ടുപിടിച്ചു.
‘എല്ലാം ഒരു അനുഭവമായി കരുതിയാല്‍ മതിയെന്റെ ഭഗവതിയമ്മേ..പറ്റുമെങ്കില്‍ നീയും കുട്ടികളും കൂടെ വാ..ഒന്നുമില്ലെങ്കിലും സ്ഥലം കണ്ട് വരാമല്ലോ?”
‘എന്തായാലും ഞങ്ങളില്ല. നിങ്ങള്‍ തനിയെ പോയാല്‍ മതി. അവിടെയും അധികകാലം നില്‍ക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം’
പല്‍പ്പു ചിരിച്ചുകൊണ്ട് അവളുടെ തോളില്‍തട്ടി.
‘നീയിങ്ങനെ തൊട്ടാവാടിയാവാതെ..ഒന്നൂല്ലെങ്കിലും സ്വാമികളുടെ സഹപാഠി കൃഷ്ണന് വൈദ്യരുടെ സഹോദരിയാണ് നീ. സ്വാമികള്‍ എനിക്ക് കാണിച്ചു തന്ന നല്ലപാതി. ആ ഗുണം കാണിക്കണ്ടേ?’
ഇക്കുറി ഭഗവതിയമ്മ വിടര്‍ന്ന് ചിരിച്ചു. അപൂര്‍വമായി മാത്രം ആ മുഖത്ത് വിരിയുന്ന ഒന്നാണ് പുഞ്ചിരി. ആകുലതയാണ് അവരുടെ സ്ഥായീഭാവം. പല്‍പ്പു നേരെ മറിച്ചും. പാലന് കുലുങ്ങിയാലും കേളന് കുലുങ്ങില്ല. ഒരു മല ഇടിഞ്ഞു വന്നാലും നില്ക്കുന്ന നില്‍പ്പ് നില്ക്കും. ഒറ്റയാനെ തനിച്ച് നേരിടാനുളള കരളുറപ്പുണ്ട്.
ബറോഡയില്‍ ചെന്നിറങ്ങിയ പല്‍പ്പു രണ്ട് ദിവസം നഗരം മുഴുവന്‍ ചുറ്റിക്കണ്ടു. ഒരു ഇടത്തരം ലോഡ് ജിലായിരുന്നു താമസം. മൂന്നാംപക്കം ജോലിയില്‍ ചേരാനുളള സമയമായി.നിയമന ഉത്തരവ് കയ്യില്‍ വാങ്ങിയ പല്‍പ്പു അമ്പരന്നു. സര്‍ക്കാരിന്റെ സാനിട്ടറി അഡ്വൈസര്‍ എന്നതാണ് തസ്തിക. ശമ്പളം 1200 ഉറുപ്പിക. മൈസൂരിലേക്കാള് 300 രൂപ കൂടുതല്‍. അലവന്‍സുകള്‍ വേറെ.
സര്‍ക്കാര്‍ അനുവദിച്ച ക്വാര്‍ട്ടേഴ്സില്‍ എല്ലാവിധ സൗകര്യങ്ങള്‍ക്കിടയില്‍ കഴിയുമ്പോഴും പല്‍പ്പു ആലോചിച്ചത് മറ്റൊന്നായിരുന്നു. വെറുതെ ബറോഡ കാണാന്‍ ഇറങ്ങിത്തിരിച്ചവനല്ല താന്‍. സ്ഥലം ഏതുമാകട്ടെ. സര്‍ക്കാര്‍ ഏതുമാകട്ടെ. സ്വന്തം കര്‍മ്മവീഥിയില്‍ തനത് വ്യക്തിമുദ്ര പതിപ്പിക്കുക എന്നതാണ് പ്രധാനം.
വ്യത്യസ്തമായ എന്തെങ്കിലും ഇവിടെയും ചെയ്യണം. ബറോഡയിലെ ആരോഗ്യമേഖലയെ പുരോഗതിയിലേക്ക് നയിക്കണം.
പല്‍പ്പു സാനിട്ടറി വകുപ്പിനെ അടിമുടി അഴിച്ചുപണിയാന്‍ വിശദമായ ഒരു പദ്ധതിരേഖ തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് വരാതെ നോക്കുന്നതാണ് എന്നതായിരുന്നു അതിന്റെ കാതല്‍. സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് അംഗീകരിച്ചു. പല്‍പ്പു ലഘുലേഖകളും പത്രമാസികകളിലെ ലേഖനങ്ങളും വഴി ഈ ദൗത്യത്തിന് പ്രചരണം നല്കാന് പരമാവധി ശ്രമിച്ചെങ്കിലും എവിടെയോ ഒരു അപര്യാപ്തത ബാക്കി നില്ക്കുന്നതായി അദ്ദേഹത്തിന് തോന്നി.
ശുചീകരണത്തെക്കുറിച്ച് പറയുമ്പോള്‍ നല്ല കാര്യമെന്ന മട്ടില്‍ എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും സ്വന്തം പരിസരം പോലും വൃത്തിയായി സൂക്ഷിക്കാന്‍ ആരും തയ്യാറാവുന്നില്ല. ഡോക്ടര്‍മാര്‍ വരെ ഇക്കാര്യത്തില്‍ ഉദാസീനത കാട്ടുന്നു.
ജനഹൃദയങ്ങളിലേക്ക് ഈ ആശയം ആഴത്തില്‍ വേരുപിടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കലാപരമായ ഒന്നിലൂടെ അത് അവതരിപ്പിക്കുക എന്നതാണെന്ന് തോന്നി. കഥയും കവിതയുമൊക്കെ നല്ലതെങ്കിലും അതിനേക്കാള്‍ ഫലപ്രദമാവുക ദൃശ്യകല ആയിരിക്കുമെന്ന തോന്നല്‍ ശക്തിപ്പെട്ടു. പല്‍പ്പു ഈ ആശയം ഉള്‍ക്കൊളളുന്ന ഒരു നാടകം എഴുതി തയ്യാറാക്കി. ഹെല്‍ത്ത് ഡ്രാമ എന്ന് പേരുമിട്ടു.
പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വരുന്നവര്‍ കുറവായിരുന്നെങ്കില്‍ നാടകം കാണാന്‍ ധാരാളം പേര് എത്തി.
നാടകത്തിലെ കഥാപാത്രങ്ങള്‍ രോഗങ്ങളും ഔഷധങ്ങളുമാണെന്നത് ഏറെ കൗതുകം പകര്‍ന്നു. ആമുഖമായി ഡോക്ടര്‍ പറഞ്ഞു.
‘നൂറ് പ്രസംഗത്തേക്കാള്‍ ജനങ്ങള്‍ക്ക് കാര്യം മനസിലാക്കാന്‍ പറ്റിയ മാധ്യമം നാടകമാണ്’ കാഴ്ചക്കാര്‍ ഒന്നടങ്കം കയ്യടിച്ച് സ്വീകരിച്ചു. നാടകം ആളുകള്‍ക്ക് ഇഷ്ടമായി എന്ന് മാത്രല്ല രോഗകാരണങ്ങളും സംരക്ഷണ മാര്‍ഗങ്ങളും എന്തെന്നത് സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ ധാരണ ലഭിച്ചു. വൃത്തിയുടെ കാര്യത്തില്‍ പഴയ ശീലങ്ങള്‍ വെടിഞ്ഞ് പരമാവധി ശുചിത്വം പാലിക്കാന്‍ തീര്‍ച്ചപ്പെടുത്തിയതായി പലരും പല്‍പ്പുവിനോട് തന്നെ പറഞ്ഞു.
ബറോഡ മഹാരാജാവ് നാടകം ആസ്വദിച്ച് ചിരിച്ചു. മനുഷ്യശരീരത്തെ ഒരു യുദ്ധക്കളമാക്കി രോഗങ്ങളും മരുന്നും തമ്മില്‍ ഏറ്റുമുട്ടി ഒടുവില്‍ മരുന്ന് വിജയിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം.
ദൃശ്യാത്മകതയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പല്‍പ്പു വാദിച്ചപ്പോള്‍ അതില്‍ കാര്യമുണ്ടെന്ന് മഹാരാജാവും സമ്മതിച്ചു.
സര്‍ക്കാര്‍ ചെലവില്‍ തന്നെ ബറോഡയില്‍ ആരോഗ്യവിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടു. ഓരോ ദിവസവും അതാത്മേഖലയില് പ്രഗത്ഭരായവരെ കൊണ്ടുവന്ന് പ്രഭാഷണങ്ങള്‍ നടത്തി. സമാപന ദിവസം മഹാരാജാവ് ഡയാജി റാവു ഗയിക്കുവാഡ് പ്രസംഗിക്കാനെത്തി. അദ്ദേഹം എല്ലാവരും കേള്‍ക്കെ പറഞ്ഞു.
‘ഡോ. പല്‍പ്പു ചെയ്തിട്ടുളള എല്ലാ സേവനങ്ങള്‍ക്കും പദ്ധതികള്‍ക്കും ഞാന്‍ ഹൃദയപൂര്‍വം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ മഹത്തരമാണ്. പാശ്ചാത്യ ശാസ്ത്ര തത്ത്വങ്ങള്‍ പഠിച്ച് അഗാധമായ അറിവ് സമ്പാദിച്ച ഇത്തരം ആളുകളാണ് വാസ്തവത്തില്‍ ഇന്ത്യന്‍ ജനതയുടെ ഉന്നമനത്തിന് ആവശ്യമായിട്ടുളളത്.’
രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ബറോഡാ സര്‍ക്കാര്‍ രാജോചിതമായ ഒരു സ്വീകരണം നല്കി. മൈസൂരില്‍ മടങ്ങിയെത്തിയ പല്‍പ്പു ജയില്‍ സൂപ്രണ്ട് തസ്തികയില്‍ വീണ്ടും ചേര്‍ന്നു.
(തുടരും)