ആത്മസൗരഭം

കര്‍മ്മകാണ്ഡം

തിരുവിതാംകൂറിലെ സവര്‍ണ്ണരുടെ സങ്കുചിതത്വം തമിഴനില്ല. ബ്രിട്ടീഷുകാര്‍ക്ക് തീരെയില്ല. അനുഭവങ്ങളില്‍ നിന്ന് പല്‍പ്പു അങ്ങനെയാണ് മനസിലാക്കിയത്.
പല്‍പ്പുവിന്റെ കാര്യക്ഷമതയും ഉത്തരവാദിത്ത ബോധവും അവരെ വളരെ പെട്ടെന്ന് ആകര്‍ഷിച്ചു. ജോലിയില്‍ ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുളളില്‍ വകുപ്പ് മേധാവി കര്‍ണ്ണില്‍ കിംഗ് പല്‍പ്പുവിനെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ചു.
ഇരിക്കാന്‍ പറഞ്ഞശേഷം അദ്ദേഹം ആമുഖമായി പറഞ്ഞു.
‘ഒരു ജോലി നമുക്ക് പല വിധത്തില്‍ ചെയ്യാം. ഏറ്റവും സമര്‍പ്പിത മനസോടെ, പൂര്‍ണ്ണതയോടെ നിങ്ങള്‍ അത് ചെയ്യുന്നു എന്നതില്‍ സന്തോഷമുണ്ട്. നിങ്ങള്‍ ഇതിലും നന്നായി പ്രവര്‍ത്തിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അതിനാല്‍ ഇത് സ്വീകരിച്ചാലും..’
അദ്ദേഹം സര്‍ക്കാരിന്റെ മുദ്ര പതിച്ച ഒരു കടലാസ് പല്‍പ്പുവിന് നീട്ടി. അതിലെ വരികളിലുടെ കണ്ണോടിച്ച പല്‍പ്പു വിശ്വസിക്കാനാവാതെ ശില പോലെ ഇരുന്നു.
മദ്രാസ് സര്‍ക്കാര്‍ തുടക്കക്കാരനായ തന്നെ സീനിയര്‍ സൂപ്രണ്ടായി പ്രമോട്ട് ചെയ്തിരിക്കുന്നു. ഒപ്പം കൂടുതല്‍ ഉത്തരവാദിത്തം ആവശ്യമുളള ഒരു ചുമതലയും പല്‍പ്പുവിനെ ഏല്‍പ്പിച്ചു.
”നിലവില്‍ മികച്ച വാക്‌സിനാണ് മദ്രാസ് ഡിപ്പോയില്‍ ഉത്പാദിപ്പിക്കുന്നത്. പക്ഷെ ഉത്പാദനത്തിന് തണുപ്പ് ആവശ്യമാണ്. മദ്രാസിലേക്കാള്‍ കൂടുതല്‍ തണുപ്പുളള സ്ഥലം എന്ന നിലയില്‍ ബാംഗ്ളൂരിലേക്ക് ഡിപ്പോ മാറ്റുകയാണ്. വിപണിസാധ്യതയും അവിടെയാണ് കൂടുതല്‍. ഡിപ്പോ മേധാവിയായ എനിക്കൊപ്പം പല്‍പ്പുവും അവിടേക്ക് പോരണം. ‘കാര്യക്ഷമതയുളള ഒരാള്‍ എന്ന നിലയില്‍ നിങ്ങളുടെ സേവനം ഈ പദ്ധതിയുടെ വിജയത്തിന് അത്യാവശ്യമാണ്’
നിന്ന നില്‍പ്പില്‍ നിന്ന് നൂറടി ഉയരത്തിലേക്ക് പറന്നു പോയതു പോലെ തോന്നി പല്‍പ്പുവിന്. സ്ഥാനക്കയറ്റം അംഗീകാരമാണെങ്കിലും അതിനേക്കാള്‍ പല മടങ്ങ് മനസില്‍ കൊളളുന്നതാണ് അദ്ദേഹം പറഞ്ഞ വാക്കുകള്‍. കാര്യക്ഷമതയുളള നിങ്ങളുടെ സേവനം ഒരു അനിവാര്യതയാണ് പോലും.തിരുവിതാംകൂറില്‍ കറിവേപ്പില പോലെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയപ്പെട്ട ഒരു ജന്മത്തെക്കുറിച്ചാണ് കര്‍ണ്ണല്‍ കിംഗ് പറയുന്നത്. വേലുവണ്ണന്റെ സ്ഥിതിയും സമാനമായിരുന്നു. നാട്ടില്‍ അവഗണിക്കപ്പെട്ട അദ്ദേഹം മദ്രാസില്‍ അംഗീകരിക്കപ്പെട്ടു.
പിറ്റേ ആഴ്ച തന്നെ പല്‍പ്പുവും കിംഗും താമസം ബാംഗ്ളൂരിലേക്ക് മാറ്റി.കഴിവിന്റെ പരമാവധി പ്രവര്‍ത്തിച്ച് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് പല്‍പ്പു മനക്കോട്ട കെട്ടി.
പക്ഷെ സങ്കുചിത മനസുകള്‍ വെളളക്കാര്‍ക്കിടയിലുമുണ്ടെന്ന് അദ്ദേഹം നിനച്ചില്ല.

”നിലവില്‍ മികച്ച വാക്‌സിനാണ് മദ്രാസ് ഡിപ്പോയില്‍ ഉത്പാദിപ്പിക്കുന്നത്. പക്ഷെ ഉത്പാദനത്തിന് തണുപ്പ് ആവശ്യമാണ്. മദ്രാസിലേക്കാള്‍ കൂടുതല്‍ തണുപ്പുളള സ്ഥലം എന്ന നിലയില്‍ ബാംഗ്ളൂരിലേക്ക് ഡിപ്പോ മാറ്റുകയാണ്. വിപണിസാധ്യതയും അവിടെയാണ് കൂടുതല്‍. ഡിപ്പോ മേധാവിയായ എനിക്കൊപ്പം പല്‍പ്പുവും അവിടേക്ക് പോരണം. ‘കാര്യക്ഷമതയുളള ഒരാള്‍ എന്ന നിലയില്‍ നിങ്ങളുടെ സേവനം ഈ പദ്ധതിയുടെ വിജയത്തിന് അത്യാവശ്യമാണ്’

കിംഗും പല്‍പ്പുവും ചേര്‍ന്നുളള കൂട്ടുകെട്ട് മുന്‍കാല ചരിത്രങ്ങള്‍ പൊളിച്ചെഴുതുമെന്ന് കണ്ടപ്പോള്‍ സാനിട്ടറി കമ്മീഷണര്‍ കര്‍ണ്ണല്‍ ലീക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ക്ക് പുറമെ ബര്‍മ്മ, അഫ് ഗാനിസ്ഥാന്‍, ആഫ്രിക്ക, പേര്‍ഷ്യ എന്ന് വേണ്ട പ്രധാനപ്പെട്ട നിരവധി രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റി അയക്കാന്‍ തുടങ്ങി.
കിംഗും പല്‍പ്പുവും അടങ്ങുന്ന സ്‌പെഷല്‍ ഡിപ്പോക്കാര്‍ നിര്‍മ്മിക്കുന്ന വാക്‌സിന്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് ലീ സര്‍ക്കാരില്‍ പരാതിപ്പെട്ടു.
ഇത് സംബന്ധിച്ച് ഒരു അന്വേഷണം പോലും ഉണ്ടായില്ല. കിംഗിനെ തരംതാഴ്ത്തി ബര്‍മ്മയിലേക്ക് നാടുകടത്തി. പല്‍പ്പു അടക്കം ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടു. ഇരുട്ടത്ത് അടിയേറ്റ അവസ്ഥയിലായിരുന്നു പല്‍പ്പു.
നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് പോംവഴിയില്ല. യാത്ര പറയാനായി കിംഗിനെ മുഖം കാണിക്കാന്‍ ചെന്നു. ഉളളില്‍ വിഷാദസാഗരം അലയടിക്കുമ്പോഴും പുറമെ പല്‍പ്പു അക്ഷോഭ്യനായിരുന്നു. അയാളുടെ അപാരമായ ആത്മവിശ്വാസം അപ്പോഴും കിംഗ് ശ്രദ്ധിച്ചു.
‘വിഷമിക്കരുത്. സൂര്യനെ കുറച്ചുസമയം മറച്ചുപിടിയ്ക്കാന്‍ കാര്‍മേഘങ്ങള്‍ക്ക് സാധിക്കും. ദീര്‍ഘനാള്‍ കഴിയില്ല. സൂര്യന്‍ എന്നും സൂര്യന്‍ തന്നെയാണ്. അതിന്റെ അഗ്നി കെടുത്താന്‍ ആര്‍ക്കാണ് സാധിക്കുക?’
‘സാറിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉളള സങ്കടം കൂടി അലിഞ്ഞു പോകുന്നു. അല്ലെങ്കിലും നാം തോല്‍ക്കാന്‍ ജനിച്ചവരല്ലല്ലോ സര്‍’
കിംഗ് ദൃഢമായി ഹസ്തദാനം ചെയ്തു.
‘ഭൂമി ഉരുണ്ടതല്ലേ മി.പല്‍പ്പു. ജീവനോടെയുണ്ടെങ്കില്‍ നമുക്ക് എവിടെയെങ്കിലും വച്ച് കാണാം’
‘ശരി സര്‍. നാം കണ്ടുമുട്ടുക തന്നെ ചെയ്യും’
പല്‍പ്പു ആ കൈകളില്‍ അമര്‍ത്തിപ്പിടിച്ച് പല തവണ കുലുക്കി യാത്ര പറഞ്ഞു.
പിന്നെ പെട്ടിയെടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് വിട്ടു.
തൊഴില്‍രഹിതനായി മടങ്ങിയെത്തിയ പല്‍പ്പുവിനെ കണ്ട് മാതയും പത്മനാഭനും തകര്‍ന്നുപോയി. വലിയ പ്രതീക്ഷകളുടെ സൗധം പൊടുന്നനെ ഇടിഞ്ഞുവീഴുകയാണ്. ഇനി എന്ത് എന്ന ചിന്ത അവരെ ആകെ ഉലച്ചു. മക്കളില്‍ ഏറ്റവും പ്രതീക്ഷ പല്‍പ്പുവിലായിരുന്നു. വേലു വലിയ കുഴപ്പമില്ലാതെ കുടുംബമായി കഴിയുന്നു. പല്‍പ്പുവിന് വിവാഹം ആലോചിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് അവിചാരിതമായ ഈ ദുരന്തം.
ഇരുളടഞ്ഞ ഭാവിയിലേക്ക് നോക്കി പല്‍പ്പു വിഷമിച്ചില്ല. പകരം
അനിതരസാധാരണമായ ആത്മവിശ്വാസവും ചങ്കൂറ്റവും പ്രകടിപ്പിക്കുന്നത് കണ്ട് സഹോദരങ്ങള്‍ പോലും അത്ഭുതപ്പെട്ടു. അനുജത്തി അത് തുറന്ന് ചോദിക്കുകയും ചെയ്തു.
പല്‍പ്പു ചിരിച്ചു.

പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരുന്നവനല്ല പല്‍പ്പുവെന്ന് അവള്‍ക്കറിയാം. പ്രതിസന്ധിയായി കാണുമ്പോഴാണ് ഏതൊരു പ്രശ്‌നവും വലുതായി തോന്നുന്നത്.
ചില വിശ്വാസങ്ങള്‍ നിയതിയെ പോലും അട്ടിമറിക്കുമെന്ന് പറയപ്പെടാറുണ്ട്. മനസിന്റെ ശക്തികള്‍ക്ക് ഏത് പ്രതികൂലാവസ്ഥയെയും ഉഴുതുമറിക്കാന്‍ കഴിയും.

‘മനുഷ്യര്‍ രണ്ട് സന്ദര്‍ഭങ്ങളിലേ കരയാന്‍ പാടുളളു. ജനിക്കുമ്പോഴും വേണമെങ്കില്‍ മരിക്കുമ്പോഴും. ഇടയ്ക്കുളള ചെറിയ സമയത്ത് കരയാന്‍ നിന്നാല്‍ ജീവിതം ഇരുളടഞ്ഞതാവും. ഞാനൊരു പ്രൊഫഷനല്‍ കോഴ്‌സ് കഴിഞ്ഞയാളാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു വാതില്‍ തുറക്കുമെന്ന് എനിക്കുറപ്പുണ്ട്. ചിലപ്പോള്‍ കുറച്ച് സമയം എടുത്തേക്കാം. അതുമല്ലെങ്കില്‍ ഒരു മുറിവാടകയ്ക്ക് എടുത്ത് ചികിത്സിക്കാനിറങ്ങും. എന്താ പോരേ?’
അനുജത്തി മറുപടി പറഞ്ഞില്ല.
പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരുന്നവനല്ല പല്‍പ്പുവെന്ന് അവള്‍ക്കറിയാം. പ്രതിസന്ധിയായി കാണുമ്പോഴാണ് ഏതൊരു പ്രശ്‌നവും വലുതായി തോന്നുന്നത്.
ചില വിശ്വാസങ്ങള്‍ നിയതിയെ പോലും അട്ടിമറിക്കുമെന്ന് പറയപ്പെടാറുണ്ട്. മനസിന്റെ ശക്തികള്‍ക്ക് ഏത് പ്രതികൂലാവസ്ഥയെയും ഉഴുതുമറിക്കാന്‍ കഴിയും.
മൈസൂറില്‍ സംഭവിച്ചതും അത് തന്നെയായിരുന്നു. മൈസൂര്‍ സര്‍ക്കാരിലെ സീനിയര്‍ സര്‍ജന്‍ ഡോ.ബെന്‍സണ്‍ ധ്വരയ്ക്ക് ഡിപ്പോയില്‍ ഉത്പാദിപ്പിച്ച വാക്‌സിന്‍ ഒന്ന് പരിശോധിക്കണമെന്ന് തോന്നി. നൂതനസാങ്കേതികതയുടെ പിന്‍ബലത്തോടെ പരിശോധിച്ചപ്പോള്‍ അതിന് ഗുണനിലവാരമുളളതായി കണ്ടെത്തി. മൈസുര്‍ സര്‍ക്കാര്‍ നേരിട്ട് ലിംഫ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. വിദഗ്ദ്ധനായ ഒരു ഡോക്ടറുടെ സഹായം ഇക്കാര്യത്തില്‍ ആവശ്യമാണ്. ബെന്‍ ബര്‍മ്മയിലുള്ള കര്‍ണ്ണല്‍ കിംഗുമായി ബന്ധപ്പെട്ടു. കിംഗ് ഉടന്‍ തന്നെ അറിയിച്ചു.
‘നിങ്ങളുടെ ആവശ്യത്തിന് ഉതകുന്ന ഒരു പേരേയുളള എന്റെ അറിവില്‍. തിരുവിതാംകൂറിലുള്ള ഡോ.പല്‍പ്പു’
ബെന്‍ നൂറു രൂപ ശമ്പളത്തില്‍ മൈസൂര്‍ സര്‍ക്കാരിന്റെ കീഴില്‍ പല്‍പ്പുവിനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
അത്തവണ പല്‍പ്പു നാട്ടില്‍ തീവണ്ടിയിറങ്ങിയത് ആത്മാഭിമാനത്തിന്റെ മഹാനിമിഷത്തിലായിരുന്നു. നാട്ടുകാരെയും ബന്ധുക്കളെയും വീട്ടുകാരെയുമെല്ലാം പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് അറിയിക്കുമ്പോള്‍ അമ്മയുടെ മുഖത്ത് മാത്രം പതിവുള്ള നനവിനപ്പുറം ഒരു കളളച്ചിരി കണ്ടു. കാരണമറിയാതെ പകച്ച പല്‍പ്പുവിനെ അനുജത്തി അകത്തേക്ക് വിളിച്ച് അടക്കം പറഞ്ഞു.
‘ചേട്ടന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നു’
‘എന്റെ വിവാഹം ഞാനറിയാതെയോ?’
‘അതെ. ഏട്ടനെ അറിയുന്ന ഒരാളാണ് പെണ്ണിനെ നിശ്ചയിച്ചത്. അച്ഛനും അദ്ദേഹവുമായി സംസാരം നടന്നു കഴിഞ്ഞു’
‘അതാരാ..എന്റെ കാര്യത്തില്‍ അത്ര ഉത്തരവാദിത്തമുളള ഒരാള്‍’
‘നാരായണഗുരുസ്വാമികള്‍ അല്ലാതാര്. അദ്ദേഹത്തിന്റെ സഹപാഠിയുടെ മകളാണ്. ഭഗവതിയമ്മ. എന്തായാലും ദേവിയുടെ പേരുളള പെണ്ണല്ലേ. വിട്ടുകളയണ്ട’

പല്‍പ്പു ഒന്നാലോചിച്ചിട്ട് പറഞ്ഞു.
‘സ്വാമികള്‍ടെ തീരുമാനമല്ലേ? അതെന്തായാലും എനിക്ക് സമ്മതം. പെണ്ണിനെ കാണണംന്നു പോലുമില്ല.’
അനുജത്തി ഉറക്കെ ചിരിച്ചു.
ആ ചിരിയില്‍ ഒരു കതിര്‍മണ്ഡപം തെളിഞ്ഞു.
അഞ്ചുതിരിയിട്ട നിലവിളക്കുമായി ഭഗവതി തച്ചനക്കുന്ന് വീടിന്റെ പടികയറി.
ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ശൃംഗാരദ്യോതകമായ വചനങ്ങള്‍ക്കും മധുരഭാഷണങ്ങള്‍ക്കും കാതോര്‍ത്തിരുന്ന ഭഗവതിയമ്മ പല്‍പ്പുവിന്റെ വാക്കുകള്‍ കേട്ട് ഒന്ന് അമ്പരന്നു.
‘ഭഗി…നമ്മുടെ ജീവിതം നമുക്ക് വേണ്ടി മാത്രമുളളതല്ല. നമുക്കൊപ്പം ഈ ഭൂമിയില്‍ വന്നുപെട്ടവര്‍ക്കു കൂടിയുളളതാണ്. ഭഗിയെ ഞാന്‍ അത്തരം കാര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നിര്‍ബന്ധിക്കുന്നില്ല. പക്ഷെ എന്റെ വഴിയില്‍ അങ്ങനെ ചില ദൗത്യങ്ങള്‍ കൂടിയുണ്ട്. ദയവുചെയ്ത് അതിന് എതിര് നില്‍ക്കരുത്’
‘ഇല്ല..ഞാനായിട്ട് ഒന്നിനും എതിര് നില്‍ക്കില്ല’
അതൊരു ആജന്മ വാഗ്ദ്ധാനമായിരുന്നു. ഭഗി പിന്നീടൊരിക്കലും എതിര്‍പ്പുകള്‍ ഉന്നയിച്ചില്ല. പല്‍പ്പുവിന്റെ പൊതുപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചതുമില്ല.
പിന്നിട്ട കാലമത്രയും രണ്ട് വ്യത്യസ്ത കൈവഴികളിലുടെ ഒഴുകുന്ന നദിയായിരുന്നു അവര്‍.
അതിനിടയില്‍ കുഞ്ഞുങ്ങള്‍ പിറന്നു. അവര്‍ വളര്‍ന്നു.
കുടുംബത്തിന്റെയും സ്വകാര്യതകളുടെ ചെറിയ ലോകത്തിനുമപ്പുറം എന്തൊക്കെയോ വലിയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുളള വ്യഗ്രത പല്‍പ്പുവിനെ ഭരിച്ചു.
ബെന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി പല്‍പ്പു ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുത്തു.
മറ്റാര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയര്‍ന്ന ഗുണമേന്മയുള്ള വാക്‌സിന്‍ നിര്‍മ്മിക്കണമെന്ന വാശിയിലായിരുന്നു പല്‍പ്പു. പരീക്ഷണം ഫലപ്രാപ്തിയോടടുത്തു എന്ന വിവരം ബെനിനെ അറിയിക്കാന്‍ ചെന്നതാണ്. ആ മുഖത്തെ മ്ലാനത കണ്ട് പല്‍പ്പു ഒന്ന് പതറി. ഒന്നിലും കുലുങ്ങാത്ത ധീരനായ ബെന്‍ മൂടിക്കെട്ടിയ ഭാവത്തില്‍ ഇരിക്കുന്നു.
‘എന്ത് പറ്റി സര്‍?’ പല്‍പ്പു ആരാഞ്ഞു.
‘സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമല്ല പല്‍പ്പു. എനിക്ക് സര്‍വീസില്‍ നിന്ന് വിട്ടുപോരേണ്ടി വന്നിരിക്കുന്നു’
‘അതെന്താണ് സര്‍..പെട്ടെന്നിങ്ങനെ..’
‘ചില കാര്യങ്ങള്‍ അങ്ങനെയാണ് പല്‍പ്പു..നല്ലത് കാണാന്‍ ചിലര്‍ക്ക് കണ്ണുണ്ടായെന്ന് വരില്ല’
ആ ഉത്തരത്തില്‍ എല്ലാം അടങ്ങിയിരിക്കുന്നതായി പല്‍പ്പുവിന് തോന്നി. കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് അദ്ദേഹം നിന്നില്ല.
അടുത്ത ആഴ്ച ബെന്നിന് പകരം വന്ന ഡോക്ടര്‍ പല്‍പ്പുവിനെ കാണാത്ത മട്ട് നടിച്ചു. അതിന്റെ കാരണങ്ങള്‍ അജ്ഞാതമായിരുന്നു.
മൈസൂര്‍ ദിവാന്‍ ശേഷാദ്രി അയ്യരുടെ ഒരു ഉത്തരവ് അധികം വൈകാതെ ലഭിച്ചു.
പല്‍പ്പുവിനെ വാക്‌സിന്‍ യൂണിറ്റില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നു. പകരം ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, മെഡിക്കല്‍ സ്റ്റോഴ്‌സ് എന്നിവയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നു.
ജ്യേഷ്ഠനും അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കുമെല്ലാം വിഷമമായി. സ്വപ്‌നങ്ങളുടെ ആകാശത്തു നിന്ന് ആരൊക്കെയോ ചേര്‍ന്ന് പല്‍പ്പുവിനെ നിര്‍ദ്ദാക്ഷിണ്യം ഒരു മൂലയ്ക്ക് ചുരുട്ടിക്കൂട്ടി എറിഞ്ഞിരിക്കുകയാണ്. പല്‍പ്പു അതിലൊന്നും ഉലഞ്ഞില്ല. ചെറുചിരിയോടെ അക്ഷോഭ്യനായി നിന്നു.
മൈസൂരിലെ തെരുവുകളിലൂടെ നഗരഭംഗി കണ്ട് നടന്നു.
‘സത്യം ചാരം മൂടിയ കനല് പോലെയാണ്. എന്നെങ്കിലും തെളിഞ്ഞു വരും. ആളിക്കത്തും. ജ്വലിക്കും. അതിന്റെ താപത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല’
അത് കേട്ട് ഭഗി മറുവാദം ഉയര്‍ത്തി.

മറ്റാര്‍ക്കും സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയര്‍ന്ന ഗുണമേന്മയുള്ള വാക്‌സിന്‍ നിര്‍മ്മിക്കണമെന്ന വാശിയിലായിരുന്നു പല്‍പ്പു. പരീക്ഷണം ഫലപ്രാപ്തിയോടടുത്തു എന്ന വിവരം ബെനിനെ അറിയിക്കാന്‍ ചെന്നതാണ്. ആ മുഖത്തെ മ്ലാനത കണ്ട് പല്‍പ്പു ഒന്ന് പതറി. ഒന്നിലും കുലുങ്ങാത്ത ധീരനായ ബെന്‍ മൂടിക്കെട്ടിയ ഭാവത്തില്‍ ഇരിക്കുന്നു.

‘തത്ത്വം പറയാന്‍ കൊളളാം. പക്ഷെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്’
പല്‍പ്പു അപ്പോഴും ചിരിച്ചു.നമുക്ക് കാണാം എന്ന ശുഭസൂചകമായ ചിരി.
മൈസൂറിലെ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. നിലവില്‍ ആവശ്യത്തിനുളള വാക്‌സിന്‍ ലഭ്യമല്ലാതായി. കൂടുതല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പല്‍പ്പുവിനെ വാക്‌സിന്‍ നിര്‍മ്മാണയൂണിറ്റിന്റെ മേധാവിയായി നിയമിച്ചുകൊണ്ട് ഉത്തരവ് വന്നു.
പല്‍പ്പു അപ്പോഴും ചിരിച്ചു. ഭഗി നിയമന ഉത്തരവിലേക്ക് നോക്കി അന്തം വിട്ടു നിന്നു. ഇദ്ദേഹം ആര് മാന്ത്രികനോ? കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നു.
എന്താണ് ഇതിന്റെ രഹസ്യം? ഭഗി തുറന്ന് തന്നെ ചോദിച്ചു.
‘എല്ലാം സ്വാമികളുടെ അനുഗ്രഹം..അവിടത്തെ മനസില്‍ ഞാനുണ്ട്. പിന്നെ കാവ്യനീതി എന്നൊന്നുണ്ട്. അത് പ്രകൃതിയുടെ തീരുമാനമാണ്’
പല്‍പ്പു അത്രമാത്രം പറഞ്ഞു.
ജോലിയില്‍ പ്രവേശിക്കും മുന്‍പ് പല്‍പ്പു ചില കാര്യങ്ങള്‍ മനസില്‍ സ്വരൂപിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ തന്നെ അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.
മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ ഉപയോഗിക്കപ്പെടാതെ കിടന്ന പണം കൊണ്ട് കന്നുകുട്ടികളെ വാങ്ങി ലിംഫ് എടുക്കുന്നതിനുളള അനുമതി തേടി. സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. പല്‍പ്പുവില്‍ വിശ്വാസം തോന്നിയ അധികൃതര്‍ കൂടുതയായി ഫണ്ട് അനുവദിച്ചു.
ഡിപ്പോയില്‍ ഉത്പാദിപ്പിക്കുന്ന ലിംഫിന് വന്‍പ്രസിദ്ധി ലഭിച്ചു. ധാരാളം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി.
മുന്‍പ് പല്‍പ്പുവിനെ പിരിച്ചുവിട്ട മദ്രാസ് സര്‍ക്കാര്‍ പോലും എല്ലാ മുനിസിപ്പാലിറ്റിയിലും മൈസൂര്‍ ലിംഫ് വാങ്ങാന്‍ ഉത്തരവ് നല്‍കി.
വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ഭഗി സന്തോഷം കൊണ്ട് മതിമറന്നു. പല്‍പ്പു അപ്പോഴും ചിരിച്ചതല്ലാതെ ഉരിയാടിയില്ല.
‘നിങ്ങള്‍ എന്താണ് ഒന്നും മിണ്ടാത്തത്?’ ക്ഷമ നശിച്ച് ഭഗി ചോദിച്ചു.
‘ചില നിയോഗങ്ങള്‍ക്ക് നിന്നുകൊടുക്കുകയേ വഴിയുള്ളു’ പല്‍പ്പു പറഞ്ഞു.
പിറ്റേന്ന് കാലത്ത് ദിവാന്‍ ശേഷാദ്രി അയ്യര്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ പഴയ ഓര്‍മ്മയില്‍ പല്‍പ്പു ഒന്ന് പതറി.
കൂടിക്കാഴ്ചയ്ക്ക് നിശ്‌യിച്ച സമയത്ത് തന്നെ ദിവാന്റെ മുന്നില്‍ ചെന്നു.
അദ്ദേഹം വലതുകരം നീട്ടി ഹസ്തദാനം നല്‍കി. പിന്നെ മൂന്നേ മൂന്ന് വാക്കുകളില്‍ കാഴ്ചയുടെ കാരണം വെളിപ്പെടുത്തി.
‘മി.പല്‍പ്പു..നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്’
വിജൃംഭിതമാവുന്ന രോമരാജികളെ ഒതുക്കി നിര്‍ത്താന്‍ പല്‍പ്പു പണിപ്പത് ശ്രമിച്ചു.

ഒരിക്കല്‍ തളളിപ്പറഞ്ഞവര്‍, നിരാകരിച്ചവര്‍, പതിന്‍മടങ്ങ് തീവ്രതയോടെ അഭിനന്ദിക്കുക, വാഴ്ത്തിപ്പാടുക…പ്രപഞ്ചത്തിന്റെ വൈരുദ്ധ്യങ്ങള്‍ പല്‍പ്പുവിനെ വിസ്മയിപ്പിച്ചില്ല. അയാള്‍ അതേക്കുറിച്ച് ബോധവാനായിരുന്നു.
ഗുരുസ്വാമികളുടെ അനുഗ്രഹപൂര്‍ണ്ണമായ ആ കരസ്പര്‍ശത്തില്‍ അയാള്‍ക്ക് എന്നും വിശ്വാസമുണ്ടായിരുന്നു.

ഒരിക്കല്‍ തളളിപ്പറഞ്ഞവര്‍, നിരാകരിച്ചവര്‍, പതിന്‍മടങ്ങ് തീവ്രതയോടെ അഭിനന്ദിക്കുക, വാഴ്ത്തിപ്പാടുക…പ്രപഞ്ചത്തിന്റെ വൈരുദ്ധ്യങ്ങള്‍ പല്‍പ്പുവിനെ വിസ്മയിപ്പിച്ചില്ല. അയാള്‍ അതേക്കുറിച്ച് ബോധവാനായിരുന്നു.
ഗുരുസ്വാമികളുടെ അനുഗ്രഹപൂര്‍ണ്ണമായ ആ കരസ്പര്‍ശത്തില്‍ അയാള്‍ക്ക് എന്നും വിശ്വാസമുണ്ടായിരുന്നു.
”നിങ്ങളെ പോലെ സമര്‍ത്ഥനായ ഒരാള്‍ ഇതിനപ്പുറം വളരേണ്ടതുണ്ട്. അതിന് യൂറോപ്യന്‍ പരിശീലനം ആവശ്യമാണ്. എന്താ യൂറോപ്പിലേക്ക് പോകാന്‍ വിരോധമുണ്ടോ?’
വിശ്വസിക്കാനാവാതെ പല്‍പ്പു നിന്നു.
കേള്‍ക്കുന്നതൊക്കെയും സത്യമാണോ?
തന്റെ സ്ഥിതിയിലുളള ഒരാള്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത ഒരു അവസരത്തെക്കുറിച്ചാണ് ദിവാന്‍ പറയുന്നത്.
പൂര്‍ണ്ണസമ്മതം അറിയിച്ച് തൊഴുതു.
ഭഗിയുടെ അത്യുത്സാഹം കണ്ട് കുട്ടികളും തുളളിച്ചാടിയപ്പോള്‍ പല്‍പ്പു പറഞ്ഞു.
‘ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന പോലെയാണ് എന്റെ അനുഭവങ്ങള്‍. വലിയൊരു അവസരം വച്ചു നീട്ടും. അടുത്ത നിമിഷം തട്ടിപ്പറിക്കും. വീണ്ടും കൈവരും. വീണ്ടും നഷ്ടപ്പെടും. അതുകൊണ്ട് യുറോപ്പിലെത്തിക്കഴിഞ്ഞേ ഞാന്‍ സന്തോഷിക്കൂ’
‘ദിവാന്‍ തന്നെ നേരിട്ട് അറിയിച്ച സ്ഥിതിക്ക് ഇനിയിപ്പോ ആര് വിലക്കാന്‍?’
ഭഗിയുടെ സംശയം ന്യായമായിരുന്നു. അപ്പോഴും പല്‍പ്പു പറഞ്ഞു.
‘വിലങ്ങുതടിയാവുന്നത് വ്യക്തികള്‍ മാത്രമല്ലല്ലോ. സാഹചര്യങ്ങളും ആയിക്കൂടെ?’
‘അതിനിപ്പോ ഇവിടെ വേറെന്ത് സാഹചര്യം?’
‘ഈ നിമിഷം കാണുന്നതല്ലല്ലോ അടുത്ത നിമിഷം’
‘നിങ്ങള്‍ വിപരീതമായി ചിന്തിക്കാതെ ശുഭകരമായി കാണു’
അത്രമാത്രം പറഞ്ഞ് ഭക്ഷണം വിളമ്പാനായി ഭാഗി അകത്തേക്ക് പോയി.
കാലത്ത് ആഫീസിലെത്തിയ പല്‍പ്പുവിനെ ദിവാന്‍ വിളിപ്പിച്ചു.
‘പല്‍പ്പു…ഒരു പ്രശ്‌നമുണ്ട്’
അഹിതമായ എന്തോ കേള്‍ക്കാന്‍ പോകുന്നതിന്റെ സൂചന അദ്ദേഹത്തിന്റെ സ്വരത്തിലെ താളഭംഗത്തില്‍ നിന്നും പല്‍പ്പു വായിച്ചു.
‘മൈസൂരില്‍ അനുദിനം പ്ലേഗ് പടര്‍ന്നുപിടിക്കുകയാണ്. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന്ആളുകള്‍ രോഗബാധിതരായി കഴിഞ്ഞു. അതിലും ആശങ്കപ്പെടുത്തുന്നത് നിങ്ങളുടെ സീനിയര്‍ ഡോക്ടര്‍മാരെല്ലാം ജീവല്‍ഭയം കൊണ്ട് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അവധിയിലാണ്. നിങ്ങളും കൂടി ഒഴിഞ്ഞുമാറിയാല്‍ പതിനായിരങ്ങള്‍ ചത്ത് വീഴും. എന്ത് ചെയ്യും?’
പല്‍പ്പു ഒരു മാത്ര പോലും ആലോചിക്കാതെ പറഞ്ഞു.
‘ഞാന്‍ അവധിയെടുക്കില്ല. കൃത്യനിര്‍വഹണം നിര്‍വഹിക്കുക തന്നെ ചെയ്യും’
ദിവാന്‍ പുഞ്ചിരിച്ചു.
‘അപകടസാധ്യതകളെക്കുറിച്ച് ശരിയായ ധാരണയുണ്ടല്ലോ..അല്ലേ? ജീവന്‍മരണ പോരാട്ടം വേണ്ടി വരും’
‘അറിയാം. ഒരാളുടെ ജീവന്‍ നഷ്ടമായാലും കുറെയധികമാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാലോ?’
ആ മറുപടിയില്‍ തൃപ്തനായതു പോലെ ദിവാന്‍ മന്ദഹസിച്ചു.
‘ആരെയും ഞാന്‍ നിര്‍ബന്ധിക്കില്ല. തീരുമാനം നിങ്ങളുടേതാണ്’
‘പൂര്‍ണ്ണമനസോടെ ഞാനിത് ഏറ്റെടുക്കുന്നു’
പല്‍പ്പുവിന്റെ വാക്കുകളിലെ ആത്മാര്‍ത്ഥത ദിവാനെ അതിശയിപ്പിച്ചു. അദ്ദേഹം ആരാധന വഴിയുന്ന കണ്ണുകളാല്‍ പല്‍പ്പുവിനെ നോക്കി.
മുതിര്‍ന്നവര്‍ വിപരീതഘട്ടത്തില്‍ സുരക്ഷിത ലാവണങ്ങളിലേക്ക് ഓടിയൊളിച്ചപ്പോള്‍ ജീവിതം തുടങ്ങിയിട്ടില്ലാത്ത ഈ യുവാവ് ജീവന്‍ പോലും മറന്ന് ആതുരസേവനത്തിന് ഇറങ്ങുന്നു.
ഒരു ഭിഷഗ്വരന്റെ ധാര്‍മ്മികത എന്നത് ഇതാണെന്ന് ശേഷാദ്രി അയ്യര്‍ക്ക് തോന്നി. ഒരിക്കല്‍ ഇയാളെ നിരസിച്ചതില്‍ കുറ്റബോധവും തോന്നി.
അദ്ദേഹം പല്‍പ്പുവിന് കൈകൊടുത്തു.
പിരിയും മുന്‍പ് സംശയനിവൃത്തി വരുത്താനായി ചോദിച്ചു.
‘പ്ലേഗ് ചികിത്സയിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ യൂറോപ്യന്‍ യാത്ര മുടങ്ങില്ലേ?’
കേള്‍ക്കുന്ന മാത്രയില്‍ പല്‍പ്പു ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ദിവാന്‍ കണക്ക് കൂട്ടി. പക്ഷെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ പല്‍പ്പു പറഞ്ഞു.
‘ഇത്രയധികം ആളുകള്‍ മരണത്തോട് മല്ലിടുമ്പോള്‍ എന്റെ വ്യക്തിപരമായ ഉയര്‍ച്ചയ്ക്ക് എന്ത് സാംഗത്യമാണുളളത്’
ദിവാന്‍ ചിരിച്ചു.
‘നിങ്ങളെ പോലെ ചിന്തിക്കുന്നവര്‍ കുറവാണ്’
‘ആരെങ്കിലുമൊക്കെ ഇങ്ങനെയും ചിന്തിക്കണ്ടേ?’
‘ഗുഡ്..നിങ്ങള്‍ക്ക് നല്ലത് വരട്ടെ’
‘എനിക്കല്ല. പ്ലേഗ് മൂലം കഷ്ടപ്പെടുന്നവര്‍ക്ക് നല്ലത് വരട്ടെ’
അത്രമാത്രം പറഞ്ഞ് പല്‍പ്പു തിരിഞ്ഞു നടന്നു.
ദിവാന്‍ മാനുഷികതയുടെ ആ മഹാത്ഭുതത്തെ സാകൂതം നോക്കി നിന്നു.
വീട്ടില്‍ വന്ന് വിവരം പറഞ്ഞപ്പോള്‍ ഭാഗിയുടെ മുഖം മങ്ങി.
‘ഈശ്വരന്‍ നമ്മെ വീണ്ടും പരീക്ഷിക്കുകയാണല്ലോ?’
പല്‍പ്പു ചിരിച്ചു. പതിവുളള നിസംഗമായ ചിരി.
‘ഒരിക്കലുമല്ല. പരീക്ഷണങ്ങളില്‍ പെട്ടവരെ രക്ഷിക്കാന്‍ നമ്മെ നിയോഗിക്കുകയാണ്. വിദേശത്ത് പോകാന്‍ ഇനിയും സമയമുണ്ട്. പക്ഷെ ഈ കര്‍മ്മത്തിന് ഇതാണ് സമയം’
കോട്ടും സ്യൂട്ടും അഴിച്ച് വെളളമുണ്ടിലേക്ക് മാറിയ പല്‍പ്പു ഉറങ്ങാന്‍ കിടന്നു.
‘അത്താഴം കഴിക്കുന്നില്ലേ?’
ഭാഗി ചോദിച്ചു.
‘കഴിച്ചു. നീ കഴിച്ചിട്ട് കിടന്നോളൂ’
ഭാഗി കഞ്ഞി കുടിച്ച് മടങ്ങി വന്നപ്പോഴേക്കും കൂര്‍ക്കം വലിയുടെ ആരോഹണാവരോഹണങ്ങള്‍ ശ്രവ്യമായി.
വിളക്ക് അണയ്ക്കാന്‍ പോലും മറന്ന് ഭാഗി ഭര്‍ത്താവിനെ നോക്കിയിരുന്നു.
പുറത്ത് കാലം തെറ്റിയ ഒരു പുലര്‍ച്ചക്കോഴി നീട്ടിക്കൂവി.
(തുടരും)

Author

Scroll to top
Close
Browse Categories