ആത്മസൗരഭം

നവപ്രതീക്ഷ

തോല്‍ക്കാന്‍ എളുപ്പമാണ്. തോല്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍ എന്നും തോറ്റുകൊണ്ടേയിരിക്കും. വിലങ്ങ് തടികള്‍ക്ക് മുന്നില്‍ പല്‍പ്പു കൂസിയില്ല. ഒരു വഴി അടയുമ്പോള്‍ പല വഴികള്‍ തുറക്കുന്നു എന്ന് അര്‍ത്ഥമുളള ഒരു ഇംഗ്‌ളീഷ് പഴമൊഴി ഓര്‍ത്തു. ഫെര്‍ണാണ്ടസുമായി ആലോചിച്ചപ്പോള്‍ അദ്ദേഹവും ചില വഴികള്‍ പറഞ്ഞു തന്നു. മദ്രാസ് എന്ന മൂന്നക്ഷരം പ്രതീക്ഷയോടെ മനസില്‍ തെളിഞ്ഞു. വേലുവേട്ടനും കുടുംബവും അവിടെയുണ്ട്. ജ്യേഷ്ഠന് അവിടെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുമുണ്ട്. ചിലവുകള്‍ക്ക് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. പക്ഷെ തത്കാലം താമസം അദ്ദേഹത്തോടൊപ്പമാവാം. മാതയ്ക്കും പത്മനാഭനും അത് നല്ല ആശയമായി തോന്നി. വേലു എതിരൊന്നും പറഞ്ഞില്ല. പല്‍പ്പുവിനോട് അളവറ്റ വാത്സല്യമുണ്ടായിരുന്നു അദ്ദേഹത്തിന്. പല്‍പ്പു കുടുംബത്തിന്റെ അഭിമാനമായി വളരുമെന്ന് അവര്‍ മുന്‍പേ കണക്ക് കൂട്ടിയിരുന്നു. പല്‍പ്പു കാര്യങ്ങള്‍ മനസില്‍ സ്വരുക്കൂട്ടി. നാല് വര്‍ഷം മദ്രാസില്‍ പഠിക്കണം. പ്രതിവര്‍ഷം 150 രൂപയാണ് ഫീസ്. മറ്റ് ചിലവുകള്‍ വേറെ. ആദ്യവര്‍ഷത്തേക്കുളള തുക എങ്ങനെയും സംഘടിപ്പിക്കണം. പലരെയും കണ്ട് സംസാരിച്ച് 75 രൂപ തരപ്പെടുത്തി. ബാക്കിയുളള തുകയ്ക്ക് എന്ത് ചെയ്യുമെന്ന് ഓര്‍ത്ത് വിഷമിച്ചിരിക്കുമ്പോള്‍ അമ്മ കയറി വന്നു. ഒന്നും മിണ്ടാതെ അവര്‍ ദേഹത്ത് അവശേഷിച്ചിരുന്നു മുഴുവന്‍ ആഭരണങ്ങളും അഴിച്ച് കൊടുത്തു. പല്‍പ്പുവിന്റെ മനസ് ഉടഞ്ഞു.
‘ഇത് വേണ്ടമ്മേ…ശരിയാവില്ല..’
മാത ചിരിച്ച് ലാഘവത്തോടെ പറഞ്ഞു.
‘നീ പഠിച്ച് ഡോക്ടറാവുമ്പം ഇതിന്റെ ഇരട്ടി എനിക്ക് വാങ്ങിത്തരൂല്ലോ..പിന്നെന്താ പ്രശ്നം?’

രാജാ സര്‍ മാധവറാവു മാത്രം ചോദിച്ച ഉടന്‍ 50 രൂപ നല്‍കി. സര്‍ ഭാഷ്യം അയ്യങ്കാര്‍ 10 രൂപയും നല്‍കി. പല്‍പ്പു നന്ദി പറഞ്ഞ് പുറത്തേക്ക് നടന്നു. പെട്ടെന്ന് വലിയ ഒരു ആരവത്തോടെ ശ്രീമൂലം തിരുനാള്‍ മഹാരാജാവും പരിവാരങ്ങളും അവിടേക്ക് എഴുന്നള്ളി.

‘ഇതൊന്നും തന്നില്ലെങ്കിലും അതൊക്കെ ഞാന്‍ ചെയ്യും. പക്ഷെ അമ്മയിങ്ങനെ ഒഴിഞ്ഞ കഴുത്തുമായി നടക്കുന്നത് എനിക്ക് സങ്കടമാ..’
‘ഞാനൊരു വരവ് മാല വാങ്ങിയിട്ടോളാം. ഇപ്പോള്‍ അതല്ല പ്രധാനം. നിന്റെ പഠിത്തമാണ്. അത് നടത്തി തരിക എന്നത് എന്റെ കൂടി ഉത്തരവാദിത്തമാണ്’
പല്‍പ്പു പിന്നെ മറ്റൊന്നും പറഞ്ഞില്ല.
അമ്മ നല്‍കിയ സ്വര്‍ണ്ണവും വാങ്ങി നടന്നു.
മാത നനഞ്ഞ കണ്ണുകളുമായി ആ കാഴ്ച നോക്കി നിന്നു.
യാത്ര അയയ്ക്കാന്‍ ആരും വരേണ്ടതില്ലെന്ന് പല്‍പ്പു തീര്‍ത്ത് പറഞ്ഞു.
കരയുന്ന മുഖങ്ങള്‍ കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല.
സങ്കടങ്ങള്‍ക്ക് അറുതി വരുത്താനാണ് ഈ യാത്ര. അതിനിടയില്‍ കണ്ണീര് കടന്നു വരാന്‍ പാടില്ല.
തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ പല്‍പ്പു തനിയെ മദ്രാസിലേക്ക് തിരിച്ചു.
കത്തിലൂടെ ജ്യേഷ്ഠന്‍ എഴുതി അറിയിച്ച അഡ്രസ് തേടിപ്പിടിച്ച് അദ്ദേഹം താമസിക്കുന്ന വീട്ടിലെത്തി.
റെയില്‍വെ സ്റ്റേഷനില്‍ വന്ന് കൊണ്ടുപൊയ്ക്കൊളളാമെന്ന് വേലു പറഞ്ഞെങ്കിലും പല്‍പ്പു സമ്മതിച്ചില്ല. ആരെയും കണക്കില്‍ കവിഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് പല്‍പ്പുവിന് ഇഷ്ടമായിരുന്നില്ല.
എല്‍.എം.എസ് കോഴ്സിന് ചേര്‍ന്ന് പഠനം ആരംഭിച്ചെങ്കിലും പല്‍പ്പുവിന്റെ ഉളളില്‍ തീയായിരുന്നു. മനസുണ്ടെങ്കില്‍ വഴിയുമുണ്ട് എന്നൊക്കെ പരിചയക്കാരോട് വീമ്പ് പറഞ്ഞെങ്കിലും ഇത്രയധികം പണം കണ്ടെത്തുക എളുപ്പമല്ലെന്ന് അവനറിയാം. എന്തും ഏതും വരുന്നിടത്തു വച്ച് കാണാം എന്നതാണ് പല്‍പ്പുവിന്റെ രീതി.
ക്‌ളാസ് സമയത്തിന് മുന്‍പ് ചേട്ടന്റെ വീട്ടില്‍ നിന്നിറങ്ങും. മടങ്ങി വരുന്നത് ഏറെ വൈകിയും. കൂട്ടുകാര്‍ക്കൊപ്പം ഒരുമിച്ച് പഠിക്കാനുണ്ടെന്ന് ചേട്ടനോട് കളവ് പറയും. ക്‌ളാസ്സില്ലാത്ത സമയങ്ങളിലൊക്കെ റെയില്‍വെ പോര്‍ട്ടറായി ജോലി ചെയ്തു.
പരിചയക്കാരന്‍ വഴി ഒരു റിക്ഷാ സംഘടിപ്പിച്ച് ആളുകളെ ഓട്ടം കൊണ്ടുപോയി.
സുഹൃത്തിനെ യാത്ര അയയ്ക്കാന്‍ സ്റ്റേഷനില്‍ വന്ന വേലു ഒന്ന് നടുങ്ങി.
പ്ലാറ്റ്ഫോമിലൂടെ തലയിലും വലതുകയ്യിലും ചുമടുമായി ഒരു യാത്രക്കാരനൊപ്പം നടന്നു നീങ്ങുന്ന പല്‍പ്പു.
വേലു അത് കണ്ടതായി ഭാവിച്ചില്ല. വൈകിട്ട് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അനുജന് നേരെ തട്ടിക്കയറി. പല്‍പ്പു നിസ്സാര മട്ടില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘സമയവും ആരോഗ്യവും അനുവദിക്കുമെങ്കില്‍ ഒരു തൊഴില്‍ ചെയ്യുന്നതില്‍ എന്താണ് ഏട്ടാ തെറ്റ്. നമ്മള്‍ കക്കാനും മോഷ്ടിക്കാനുമൊന്നും പോകുന്നില്ലല്ലോ?’
‘നിനക്ക് ആവശ്യങ്ങളുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ പോരേ? ഞാന്‍ എവിടുന്നെങ്കിലും സംഘടിപ്പിച്ച് തരില്ലേ?’
‘ചേട്ടനെ എന്നല്ല ഒരു പരിധിക്കപ്പുറം ആരെയും ബുദ്ധിമുട്ടിക്കുന്നത് എനിക്ക് ഇഷ്ടമല്ല’

റോഡിലൂടെ സഞ്ചരിക്കുന്ന ബേക്കറി ഉന്തിക്കൊണ്ട് പോകുന്ന നീണ്ടതാടി വച്ച തലപ്പാവുകാരനായ ഒരു മുസ്ലിം. അയാള്‍ ഏറെ നേരമായി തന്നെ ശ്രദ്ധിക്കുന്നു. എന്താവും അയാളുടെ ഉദ്ദേശം എന്നറിയാതെ ഇരിക്കുമ്പോള്‍ വണ്ടി വഴിയരികിലേക്ക് അടുപ്പിച്ച് അതില്‍ നിന്നും ഒരു വലിയ റൊട്ടി എടുത്ത് അയാള്‍ അരികില്‍ വന്ന് വച്ചു നീട്ടി.

പല്‍പ്പുവിന്റെ അഭിമാനബോധം വേലുവിന് ഉള്‍ക്കൊളളാന്‍ കഴിയുന്നതായിരുന്നു.
നിര്‍ബന്ധം കൊണ്ടും ശാസന കൊണ്ടും അത് മാറ്റിമറിക്കാനാവില്ലെന്നും അയാള്‍ക്ക് അറിയാം. വൈകിട്ട് അത്താഴത്തിനിരിക്കുമ്പോള്‍ പല്‍പ്പു ശബ്ദം താഴ്ത്തി പറഞ്ഞു.
‘ചേട്ടനെ ഞാനൊരു അന്യനായി കാണുന്നു എന്ന് തോന്നരുത്. അങ്ങനെയല്ലാത്തതുകൊണ്ടാണ് ഈ വീട്ടില്‍ വന്ന് താമസിക്കുന്നത്. പക്ഷെ ചേട്ടന് തന്നെ ആവശ്യത്തിലേറെ പ്രാരാബ്ധങ്ങളുണ്ട്. എല്‍.എം.എസ് കോഴ്സ് നമ്മള്‍ വിചാരിക്കുന്നതിലും ചിലവേറിയതാണ്. ആരെക്കൊണ്ടും തനിച്ച് താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് പണം കണ്ടെത്താന്‍ ഞാന്‍ എന്റേതായ രീതിയില്‍ ചില കാര്യങ്ങള്‍ ചെയ്തേ മതിയാവു’
പല്‍പ്പു പറയുന്നതില്‍ കാര്യമുണ്ടെന്ന് വേലായുധനും തോന്നി. അയാള്‍ തര്‍ക്കത്തിന് നിന്നില്ല. പകരം ഇത്രമാത്രം പറഞ്ഞു.
‘എന്നേക്കൊണ്ട് ആവുന്നത് ഞാന്‍ സഹായിക്കും. അതിന് നീ എതിര് പറയരുത്’
പല്‍പ്പു ചോറില്‍ വിരലോടിച്ച് കുനിഞ്ഞിരുന്ന് പതിയെ ചിരിച്ചു.
പുറമെ ചിരിക്കുമ്പോഴും ആ രാത്രി പല്‍പ്പു ഉറങ്ങിയില്ല. നാളെ അത്യാവശ്യമായി കുറെ പണം കണ്ടെത്തണം.
പല്‍പ്പു ഉറങ്ങാതെ ഇരുന്ന് ഒരു വെളളക്കടലാസില്‍ അപേക്ഷ എഴുതിയുണ്ടാക്കി. ഡോക്ടറാവണം എന്ന തന്റെ ആഗ്രഹവും എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാം അതില്‍ വിശദമായി തന്നെ എഴുതിയിരുന്നു. ഫീസ് ഇളവുചെയ്ത് തരണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് ഒരു കത്ത് നല്‍കി.
അത് പിറ്റേന്ന് തന്നെ നിരസിക്കപ്പെട്ടു. ഫീസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോളജ് അധികൃതര്‍ തയ്യാറായിരുന്നില്ല.
പല്‍പ്പു മദ്രാസിലുള്ള പല മാന്യദേഹങ്ങളെയും നേരില്‍ കണ്ട് സംസാരിച്ചു. തന്റെ വിഷമതകള്‍ അവരെ അറിയിച്ചു. ചിലര്‍ക്ക് വിശദമായി തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിച്ചു. പലരും ഭംഗിവാക്കുകള്‍ പറഞ്ഞതല്ലാതെ കനിഞ്ഞില്ല. ചിലര്‍ സഹായിക്കുന്നു എന്ന് വരുത്തി തീര്‍ക്കാനായി ചില്ലറ നല്‍കി ഒഴിവായി.
രാജാ സര്‍ മാധവറാവു മാത്രം ചോദിച്ച ഉടന്‍ 50 രൂപ നല്‍കി. സര്‍ ഭാഷ്യം അയ്യങ്കാര്‍ 10 രൂപയും നല്‍കി. പല്‍പ്പു നന്ദി പറഞ്ഞ് പുറത്തേക്ക് നടന്നു. പെട്ടെന്ന് വലിയ ഒരു ആരവത്തോടെ ശ്രീമൂലം തിരുനാള്‍ മഹാരാജാവും പരിവാരങ്ങളും അവിടേക്ക് എഴുന്നള്ളി.
അയ്യങ്കാരുടെ സഹായിയായ ഒരു യുവാവ് പല്‍പ്പുവിനെ പിന്‍വിളിച്ചു.
‘സര്‍ വിളിക്കുന്നു’
പല്‍പ്പു മടങ്ങിച്ചെന്ന് അയ്യങ്കാരെ തൊഴുതു. വളരെ അടിയന്തിരമായ കൂടിക്കാഴ്ചയ്ക്കിടയിലും അയ്യങ്കാര്‍ പല്‍പ്പുവിനെ മഹാരാജാവിന് പരിചയപ്പെടുത്തി.

എവിടെയെങ്കിലും ആ റൊട്ടിക്കാരനുണ്ടോ? സമചതുരാകൃതിയിലുള്ള സഞ്ചരിക്കുന്ന വണ്ടിയും തളളി പതിയെ നീങ്ങുന്ന മനുഷ്യത്വത്തിന്റെ തലപ്പാവ് വച്ച താടിക്കാരന്‍.
ഒരിടത്തും കാണാനായില്ല. പരിചയമുളള പല കടക്കാരോടും ചോദിച്ചു. ചുമട്ടുകാരോടും ചോദിച്ചു. എല്ലാവര്‍ക്കും ഉത്തരം ഒന്ന് മാത്രം. അറിയില്ല..അറിയില്ല..

‘പഠിക്കാന്‍ താത്പര്യമുളള കുട്ടിയാണ്. ഇല്ലായ്മ കൊണ്ട് അതിന് കഴിയാതെ പോവരുതല്ലോ? തിരുമനസുകൊണ്ട് സഹായിക്കണം എന്ന് ഒരു അപേക്ഷയുണ്ട്’
മഹാരാജാവ് 2 രൂപ അനുവദിക്കാന്‍ ഉത്തരവിട്ടു.
പല വഴികളിലൂടെ സ്വരൂപിച്ച പണം കൊണ്ട് അടുത്ത വര്‍ഷത്തെ ഫീസും കെട്ടി. പക്ഷെ വര്‍ഷങ്ങള്‍ അവസാനിക്കുന്നില്ല.
അതിനടുത്ത വര്‍ഷം വേഗം ഇങ്ങ് വരും. ഫീസ് മുടങ്ങിയാല്‍ പഠനവും മുടങ്ങൂം. അതേക്കുറിച്ച് ഉത്തമബോധ്യമുളളതു കൊണ്ട് പല്‍പ്പൂ വീടുവീടാന്തരം കയറിയിറങ്ങി കാര്യങ്ങള്‍ വിശദീകരിച്ചു.
കോളജിലെ ഒരു ക്യാമ്പെന്ന് ചേട്ടനോട് കളളം പറഞ്ഞായിരുന്നു ദേശാടനം. മൂന്ന് ദിവസം തുടര്‍ച്ചയായ അലച്ചില്‍. കൊടുംവെയിലില്‍ ഒഴിഞ്ഞ വയറുമായി വീടുകള്‍ കയറിയിറങ്ങി. പലരും ചെറിയ ചെറിയ തുകകള്‍ തന്നു. അത് എങ്ങുമെത്തില്ല. വീണ്ടും നടന്നു. വീണ്ടും അലഞ്ഞു. പൈപ്പ് വെളളം ഉദരപൂര്‍ത്തിയായി.
ഇടയ്ക്ക് ഒരു തണല്‍മരത്തിന് ചുവട്ടില്‍ വിശ്രമിച്ചു. വീണ്ടും നടന്നു.
മൂന്നാംപക്കം എത്തിയപ്പോഴേക്കും ആകെ തളര്‍ന്ന് അവശനായിരുന്നു.
ഇനി ഒരു ചുവട് മുന്നോട്ട് വച്ചാല്‍ ചിലപ്പോള്‍ കുഴഞ്ഞ് വീഴാം. അത്രയ്ക്ക് മോശമാണ് സ്ഥിതി. സമീപത്തെങ്ങും ഒരു പൈപ്പ് പോലും കാണാനില്ല.
ഫീസിനായി ശേഖരിച്ച പണത്തില്‍ നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കാം. അപ്പോള്‍ ഫീസടയ്ക്കാന്‍ പണം തികയാതെ വരും. മാത്രമല്ല പണം നല്‍കിയവരോടുളള വഞ്ചനയാവും. വേണ്ട. വിശന്ന് മരിക്കുന്നെങ്കില്‍ മരിക്കട്ടെ.
തത്കാലം എവിടെയെങ്കിലും ഒന്ന് ഇരിക്കണം.പെട്ടെന്ന് ഒരു ക്രിസ്ത്യന്‍ പളളി കണ്ടു. അതിന്റെ ഗേറ്റുകള്‍ തുറന്നിട്ടിരിക്കുന്നു. അതിലെ പതുക്കെ നടന്ന് പടിക്കെട്ടില്‍ ഇരുന്നു. ചെറിയൊരു ആശ്വാസം തോന്നി. അപ്പോഴും അഗ്‌നികുണ്ഠം പോലെ വയര്‍ എരിയുകയാണ്. മൂന്ന് ദിവസമായി പച്ചവെളളം മാത്രമാണ് ഭക്ഷണം. അതിനപ്പുറം പിടിച്ചു നില്‍ക്കാന്‍ പാവം വയറിന് ത്രാണിയില്ല.
കണ്ണില്‍ ഇരുട്ടു കയറുന്നു. കാഴ്ച മന്ദീഭവിക്കുന്നു. ആ വിഷമഘട്ടത്തിലും കണ്ടു.
റോഡിലൂടെ സഞ്ചരിക്കുന്ന ബേക്കറി ഉന്തിക്കൊണ്ട് പോകുന്ന നീണ്ടതാടി വച്ച തലപ്പാവുകാരനായ ഒരു മുസ്ലിം. അയാള്‍ ഏറെ നേരമായി തന്നെ ശ്രദ്ധിക്കുന്നു. എന്താവും അയാളുടെ ഉദ്ദേശം എന്നറിയാതെ ഇരിക്കുമ്പോള്‍ വണ്ടി വഴിയരികിലേക്ക് അടുപ്പിച്ച് അതില്‍ നിന്നും ഒരു വലിയ റൊട്ടി എടുത്ത് അയാള്‍ അരികില്‍ വന്ന് വച്ചു നീട്ടി.
‘വേണ്ട..വിശപ്പില്ല..’
‘കളളം..വിശപ്പുണ്ടെന്ന് മുഖം കണ്ടാലറിയാം..വാങ്ങിക്കോളൂ’
അയാള്‍ ചെറുചിരിയോടെ പറഞ്ഞു.
പല്‍പ്പു ഒന്നറച്ചു. പറയണോ വേണ്ടയോ എന്ന് ആലോചിച്ചു. പിന്നെ സത്യം തുറന്ന് പറയാന്‍ തീരുമാനിച്ചു.
‘വിശപ്പുണ്ട്. പക്ഷെ കയ്യില്‍ കാശില്ല’
‘അതിന് കാശ് ആര് ചോദിച്ചു. വിശപ്പടക്കാനാണ് ഞാനീ ജോലി ചെയ്യുന്നത്. കാശില്ലാത്തതുകൊണ്ട് ഒരാള്‍ വിശന്നിരിക്കാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്’
പല്‍പ്പുവിന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ ബലമായി റൊട്ടി കയ്യിലേക്ക് വച്ചുകൊടുത്ത് തിരിഞ്ഞ് നടന്നു. പിന്നെ വണ്ടി ഉന്തിക്കൊണ്ട് തിരക്കില്‍ മറഞ്ഞു.
ഒറ്റശ്വാസത്തില്‍ പല്‍പ്പു റൊട്ടി കടിച്ചു തിന്നു. ദാരിദ്ര്യദു:ഖത്തേക്കാള്‍ വലുതായി ഈ ഭൂമിയില്‍ മറ്റൊന്നുമില്ലെന്ന് അവന് തോന്നി. വിശക്കുമ്പോള്‍ ഭക്ഷണം കിട്ടുന്നതില്‍ പരം ഒരു സൗഭാഗ്യമില്ല. വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതില്‍ പരം ഒരു പുണ്യവുമില്ല. ആ ഇസ്ലാം അളളാവിന്റെ പ്രതിരൂപമാണ്. ആ മനസാണ് മനുഷ്യത്വം. അത് തന്നെയാണ് ദൈവത്വം. മനുഷ്യനും ദൈവവും ഒന്നു തന്നെയെന്ന് പല്‍പ്പുവിന് തോന്നി.
പിറ്റേന്ന് ക്‌ളാസിലെത്തിയപ്പോള്‍ അവന്‍ കൂട്ടുകാരോട് പറഞ്ഞു.
‘ഇന്നലെ ഞാന്‍ പടച്ചോനെ നേരില്‍ കണ്ടു’
‘നുണ..ഈ പല്‍പ്പുന് നന്നായി കളളം പറയാനും അറിയില്ല’
സഹപാഠിയായ മുത്തുലക്ഷ്മി കളിയാക്കി.
‘ഈ കുളൂസൊക്കെ ആര് വിശ്വസിക്കും പല്‍പ്പു..’

മാസങ്ങളോളം ശ്രമിച്ചു. ഒരിക്കല്‍…ഒരിക്കലെങ്കിലും ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍…ശ്രീരാമകൃഷണന്‍ അയച്ചു തന്ന പണത്തില്‍ നിന്നും ചെറിയൊരംശം ആ മനുഷ്യന് കൊടുക്കണം. റൊട്ടിയുടെ വില…അതിലേറെ തന്റെ വിശപ്പിന്റെ വില…

ഒറ്റപ്പാലത്തു നിന്നും വൈദ്യപഠനത്തിനെത്തിയ സതീദേവിയും കളിയാക്കി
പല്‍പ്പു പിന്നെ വിശദീകരണങ്ങള്‍ക്ക് നിന്നില്ല. കുടുതല്‍ പറയാന്‍ നിന്നാല്‍ താന്‍ പിച്ചതെണ്ടി പഠിക്കുന്ന ഒരു കുട്ടിയാണെന്ന് എല്ലാവരും അറിയും. കോളജ് അന്തരീക്ഷത്തില്‍ അതത്ര ഗുണം ചെയ്യില്ല.
വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ചേട്ടന്‍ പറഞ്ഞു.
‘നിനക്കൊരു മണിയോര്‍ഡറുണ്ടെന്ന് പോസ്റ്റുമാന്‍ വിളിച്ചു പറഞ്ഞു. നാളെ കോളജില്‍ പോവും മുന്‍പ് പോസ്റ്റ് ആഫീസിലൊന്ന് കയറിയേക്ക്’
അത്ഭുതം തോന്നി. അച്ഛനും അമ്മയുമല്ലാതെ ആര് മണിയോര്‍ഡര്‍ അയക്കാന്‍. അങ്ങനെയുണ്ടെങ്കില്‍ അവര്‍ മുന്‍കൂട്ടി ഫോണില്‍ വിളിച്ച് പറയും. മാത്രമല്ല അമ്മ ഇന്നലെയും വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പണം അയക്കുന്നെങ്കില്‍ അത് അപ്പോള്‍ സൂചിപ്പിക്കുമായിരുന്നു.
പിന്നിതെങ്ങനെ സംഭവിച്ചു? ഏതായാലും പത്ത് പൈസ കിട്ടുന്ന കാര്യമല്ലേ? ഒന്ന് പോയി നോക്കാം..
പിറ്റേന്ന് പോസ്റ്റ് ആഫീസ് തുറക്കും മുന്‍പ് പല്‍പ്പു അവിടെയെത്തി.
നീണ്ട കൃതാവും കപ്പടാമീശയുമുളള കറുത്ത് ഉരുണ്ട മനുഷ്യനായിരുന്നു പോസ്റ്റുമാന്‍. മുത്തുസ്വാമി.
പല്‍പ്പുവിനെ അയാള്‍ക്ക് കണ്ടുപരിചയമുണ്ട്. അമ്മ അയക്കുന്ന പണമൊക്കെ കൊണ്ടുത്തരുന്നത് അയാളാണ്. അതിന് ചെറിയ കൈനീട്ടവും വാങ്ങും. അതുകൊണ്ട് തന്നെ പല്‍പ്പുവിനെ കാണുമ്പോള്‍ അയാള്‍ വെറ്റിലക്കറ പുരണ്ട മുഴുവന്‍ പല്ലുകളും പുറത്തുകാട്ടി ചിരിക്കും.
മണിയോര്‍ഡറുകള്‍ തനിക്ക് സന്തോഷം കൊണ്ടുവരുന്നുവെന്ന് അയാള്‍ തന്നെ പറയാറുണ്ട്. ഇതിപ്പോള്‍ എവിടെ നിന്ന് എന്നതിലായിരുന്നു ആകാംക്ഷ.
ഒപ്പിട്ട് വാങ്ങുമ്പോള്‍ അയച്ച ആളുടെ പേര് ശ്രദ്ധിച്ചു. ശ്രീരാമകൃഷ്ണന്‍. 20 രൂപ..!
പല്‍പ്പു ഒന്ന് നടുങ്ങി. 20 രൂപ വലിയ തുകയാണ്. അയച്ചിരിക്കുന്ന ശ്രീരാമകൃഷ്ണന്റെ പേരും മേല്‍വിലാസവും നോക്കിയിട്ട് ഒരു പരിചയവുമില്ല. തൃച്ചമ്പലത്തു നിന്നാണ് മണിയോര്‍ഡര്‍. ആ സ്ഥലം കണ്ടിട്ടില്ലെന്ന് മാത്രമല്ല കേട്ടിട്ടുപോലുമില്ല.
മുത്തുച്ചാമിക്ക് പതിവുളള കൈമടക്ക് കൊടുത്ത് പല്‍പ്പു സ്വര്‍ഗ്ഗം വീണുകിട്ടിയ ആഹ്ളാദത്തോടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
അന്ന് പകല്‍ മുഴുവന്‍ ചിന്തിച്ചിട്ടും ഉത്തരം കിട്ടിയില്ല. ഉറക്കമില്ലാത്ത രാത്രിയുടെ ഏതോ വിശുദ്ധ നിമിഷത്തില്‍ ഒരു കാര്യം ഊഹിച്ചെടുത്തു. എത്രയോ വീടുകളില്‍ എത്രയോ ആളുകള്‍ക്ക് താന്‍ പേരും മേല്‍വിലാസവും അടങ്ങുന്ന വെളളപേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ അപേക്ഷ കൈമാറിയിരിക്കുന്നു. അതിലൊന്ന് അവര്‍ ആര്‍ക്കെങ്കിലും കൊടുത്തു കാണും. അജ്ഞാതനായ വലിയ മനസുളള ഒരാള്‍ക്ക്. അയാളാവാം ഈ ശ്രീരാമകൃഷ്ണന്‍. ദൈവത്തിന്റെ പേരുളള ഒരാള്‍. ദൈവം കൊണ്ടു വന്ന് തന്നതു പോലെ ഒരു കൈസഹായം.
ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പുറമെ ഭാവിക്കുമ്പോഴും അയാള്‍ മനസില്‍ ചോദിച്ചു.
‘ദൈവം ഇല്ലാതെ വരുമോ?’
അനുനിമിഷം അപ്രതീക്ഷിത വിസ്മയങ്ങള്‍ കാത്തുവയ്ക്കുന്ന ഒരു ദൈവം അദൃശ്യനായി അസ്പര്‍ശ്യനായി ഏതോ കോണില്‍ മറഞ്ഞിരിക്കുന്നില്ലേ?
ഇല്ലേ…
‘പല്‍പ്പു…നേരം വെളുത്തു. നിനക്കിന്ന് ക്‌ളാസില്‍ പോകണ്ടേ?’
ചേട്ടന്റെ വിളികേട്ടപ്പോഴാണ് സമയത്തെക്കുറിച്ച് ബോധമുണ്ടായത്.
എണീറ്റ് കുളിച്ച് പ്രാതല്‍ കഴിഞ്ഞ് തിടുക്കത്തില്‍ പുറത്തേക്ക് ഓടി.
റെയില്‍വെ സ്റ്റേഷനില്‍ ഇപ്പോള്‍ തിരക്കായിട്ടുണ്ടാവും. ചുമടുകള്‍ എന്നെയും കാത്തുനില്‍ക്കില്ല. അതിന് അവകാശികള്‍ വേറെയുമുണ്ട്. ഞാന്‍ ഓടിയാല്‍ എനിക്ക് ജീവിക്കാം. ഇല്ലെങ്കില്‍ ഇല്ല. പല്‍പ്പു സ്വന്തം മനസിനോട് പറഞ്ഞു.
ഒരു നീണ്ട ചൂളം വിളിയുടെ മുഴക്കം അവന്റെ മനസില്‍ പ്രതീക്ഷകള്‍ നിറച്ചു.
അന്ന് അഭിമാനത്തോടെ പല്‍പ്പു കോളജിന്റെ പടികളിറങ്ങി. മൂന്നാം വര്‍ഷത്തേക്കുളള ഫീസ് കൃത്യസമയത്ത് തന്നെ തീര്‍ത്തടച്ചു. ആഫീസ് ക്‌ളാര്‍ക്ക് അഭിനന്ദനസൂചകമായി ഒരു ചിരിയോടെ അവനെ നോക്കി. സാധാരണ ഏറ്റവും വൈകിക്കാറുളളത് പല്‍പ്പുവാണ്. ഇക്കുറി ആദ്യം ഫീസ് അടച്ചതും പല്‍പ്പുവാണ്.
‘എന്താടോ തനിക്ക് ഭാഗ്യക്കുറിയടിച്ചോ?’
പനീര്‍ശെല്‍വം എന്ന സീനിയര്‍ ക്‌ളാര്‍ക്ക് തിരക്കി

പുലര്‍ച്ചക്കിളികള്‍ കരഞ്ഞപ്പോള്‍ ഡ്യൂട്ടി റൂമിലെ മേശപ്പുറത്ത് തലവച്ചുള്ള അര്‍ദ്ധമയക്കം മുറിഞ്ഞതിന്റെ ഈര്‍ഷ്യയോടെ നഴ്സ് സുകന്യ എണീറ്റ് ജനറല്‍ വാര്‍ഡിലേക്ക് നടന്നു. വേലുവിന് ജോലിക്ക് പോകാനുളളതുകൊണ്ട് ബെഡില്‍ പല്‍പ്പു തനിച്ചായിരുന്നു.

‘ചെറുതായിട്ട്…’
പല്‍പ്പു അയാളെ നോക്കി കണ്ണിറുക്കി.
പിന്നെ മൂളിപ്പാട്ടും പാടി ഇറങ്ങി നടന്നു.
സ്‌കൂള്‍ പിരിഞ്ഞ ശേഷം ചുമടെടുക്കാന്‍ പോയില്ല. പകരം തെരുവില്‍ വെറുതെ അലഞ്ഞു.
സൈക്കിള്‍ റിക്ഷകളും കുതിരവണ്ടികളും കലമ്പല്‍ കൂട്ടുന്ന നഗരം. ഒറ്റപ്പെട്ട ചില പ്ലിമത്ത് കാറുകളും അംബാസിഡറും ഫിയറ്റും മിന്നായം പോലെ കടന്നു പോകുന്നു.
ഉച്ചത്തില്‍ സംസാരിച്ചും തോളില്‍ കയ്യിട്ടും ആഹ്ളാദത്തോടെ നടന്നു നീങ്ങുന്ന വഴിപോക്കര്‍. കൂടുതലും തമിഴരാണ്. അവരുടെ മനസില്‍ ജാതിയില്ല. ചുറ്റിലും ജാതിയില്ല.
മദ്രാസ് ഇടതടവില്ലാതെ അനസ്യൂതം ചലിക്കുകയാണ്. ഒഴുകുകയാണ്.
ആ തിരക്കില്‍ ഓരോ മുക്കിലും മൂലയിലും പല്‍പ്പുവിന്റെ കണ്ണുകള്‍ സൂക്ഷ്മതയോടെ അലഞ്ഞു. തിരഞ്ഞു.
എവിടെയെങ്കിലും ആ റൊട്ടിക്കാരനുണ്ടോ? സമചതുരാകൃതിയിലുള്ള സഞ്ചരിക്കുന്ന വണ്ടിയും തളളി പതിയെ നീങ്ങുന്ന മനുഷ്യത്വത്തിന്റെ തലപ്പാവ് വച്ച താടിക്കാരന്‍.
ഒരിടത്തും കാണാനായില്ല. പരിചയമുളള പല കടക്കാരോടും ചോദിച്ചു. ചുമട്ടുകാരോടും ചോദിച്ചു. എല്ലാവര്‍ക്കും ഉത്തരം ഒന്ന് മാത്രം. അറിയില്ല..അറിയില്ല..
മാസങ്ങളോളം ശ്രമിച്ചു. ഒരിക്കല്‍…ഒരിക്കലെങ്കിലും ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍…ശ്രീരാമകൃഷണന്‍ അയച്ചു തന്ന പണത്തില്‍ നിന്നും ചെറിയൊരംശം ആ മനുഷ്യന് കൊടുക്കണം. റൊട്ടിയുടെ വില…അതിലേറെ തന്റെ വിശപ്പിന്റെ വില…
അന്നും വഴിവക്കിലെ കടലവണ്ടിക്കാരനില്‍ നിന്നും മുളകിട്ട് വറുത്ത എരിവുളള കടല വാങ്ങികൊറിച്ചുകൊണ്ട് തെരുവുകളിലുടെ അലക്ഷ്യമായി നടന്നു. കാഴ്ചകളുടെ വസന്തം മനസിനെ വന്ന് പൊതിഞ്ഞു. അതിനിടയിലും പല്‍പ്പു തന്നെക്കുറിച്ച് ആലോചിച്ചു. ഇനി കഷ്ടിച്ച് ഒരു വര്‍ഷം മാത്രം. അതോടെ എല്‍.എം.എസ് പഠനം പുര്‍ത്തിയാക്കും. താന്‍ ഒരു ഡോക്ടറാവും. അച്ഛന്റെയും അമ്മയുടെയും ഫെര്‍ണാണ്ടസ് മാഷിന്റെയും അഭിമാനഭാജനമായി അവരുടെ പ്രശംസാവചനങ്ങളില്‍ പുളകിതനാവും. അതിനപ്പുറം തന്റെ സ്വപ്നങ്ങളിലേക്കുളള ദൂരത്തിന്റെ ആദ്യഘട്ടം നടന്നു തീര്‍ത്തിരിക്കും.
മാസങ്ങള്‍ ദിവസങ്ങളേക്കാള്‍ വേഗതയിലാണ് ഓടി പോകുന്നത്.
മദ്രാസിലെ കൊടുംചൂടിലും കാലം ആര്‍ക്ക് വേണ്ടിയും കാത്തു നിന്നില്ല.
കണ്ണടച്ച് തുറക്കും മുന്‍പ് അവസാന വര്‍ഷത്തെ അവസാന മാസം എത്തി.
ഇനി പരീക്ഷയാണ്.
പല്‍പ്പു രാത്രികള്‍ പകലാക്കി പഠിച്ചു. ഊണും ഉറക്കവും പരിഗണിച്ചില്ല. ഉറക്കം വരാതിരിക്കാന്‍ കാലുകള്‍ തണുത്ത വെളളത്തില്‍ മുക്കി വച്ചു.
ഇടതടവില്ലാത്ത അദ്ധ്വാനം തളര്‍ത്തിയതാണോ അനിവാര്യമായ വിധിവൈപരീത്യമാണോ എന്നറിയില്ല പരീക്ഷ തുടങ്ങുന്നതിന് തലേന്ന് പല്‍പ്പൂ അതിതീവ്രജ്വരം ബാധിച്ച് ആശുപത്രിയിലായി. 103 ഡിഗ്രിയാണ് പനി. വിറച്ച് തുളളുകയാണ് ശരീരം.
ഈ അദ്ധ്യയന വര്‍ഷം മറന്നു കളയാനും അടുത്ത വര്‍ഷം പരീക്ഷയെഴുതാമെന്നും അദ്ധ്യാപകരും വേലുവും ഉപദേശിച്ചു.
ആശുപത്രിയില്‍ കിടന്ന് പരീക്ഷ എഴുതുമെന്നായി പല്‍പ്പൂ.
കിടന്നുകൊണ്ട് അപേക്ഷ എഴുതി അധികാരികള്‍ക്ക് സമര്‍പ്പിച്ചു.
പല്‍പ്പുവിന്റെ ആത്മവീര്യം കണ്ട് അധ്യാപകരുടെ കണ്ണുകള്‍ നിറഞ്ഞു.
രാത്രി പല്‍പ്പു മനകണക്ക് കൂട്ടി.
നാളെ പകല്‍ താന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാനായി അധികാരികള്‍ വരും. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പിന്നെയും ദിവസങ്ങളെടുക്കും തീരുമാനങ്ങള്‍ക്ക്. അപ്പോഴേക്കും കുറെ പരീക്ഷകള്‍ നഷ്ടപ്പെടും. എന്തും വരട്ടെ.
പിന്‍തിരിയുക തന്റെ ശൈലിയല്ല.
പല്‍പ്പു പോരാടാന്‍ ജനിച്ചവനാണ്. ഈ ചെറിയ കാര്യത്തിലും തോറ്റുകൊടുക്കാനാവില്ല
പുലര്‍ച്ചക്കിളികള്‍ കരഞ്ഞപ്പോള്‍ ഡ്യൂട്ടി റൂമിലെ മേശപ്പുറത്ത് തലവച്ചുള്ള അര്‍ദ്ധമയക്കം മുറിഞ്ഞതിന്റെ ഈര്‍ഷ്യയോടെ നഴ്സ് സുകന്യ എണീറ്റ് ജനറല്‍ വാര്‍ഡിലേക്ക് നടന്നു. വേലുവിന് ജോലിക്ക് പോകാനുളളതുകൊണ്ട് ബെഡില്‍ പല്‍പ്പു തനിച്ചായിരുന്നു.
രക്തസമ്മര്‍ദ്ദം പരിശോധിക്കാനുളള അപ്പാരറ്റസും പനി നോക്കാനുളള തെര്‍മോമീറ്ററുമായാണ് സുകന്യ വാര്‍ഡിലേക്ക് ചെന്നത്. ബെഡില്‍ പല്‍പ്പുവിനെ കണ്ടില്ല. ബാത്ത്റൂമില്‍ പോയതാവുമെന്ന് കരുതിയെങ്കിലും അതിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് കിടന്നു. പല്‍പ്പു എവിടെ എന്ന സന്ദേഹവുമായി നില്‍ക്കുമ്പോള്‍ ഒരു നനുത്ത പുഞ്ചിരിയോടെ പരീക്ഷാഹാളിലിരുന്ന് അതിവേഗം ഉത്തരങ്ങള്‍ എഴുതുകയായിരുന്നു പല്‍പ്പു.
മേല്‍നോട്ടത്തിന് വന്ന പ്രിന്‍സിപ്പല്‍ ഒന്ന് പകച്ചു. പിന്നെ അടുത്തു വന്ന് അവന്റെ മുടിയിഴകളില്‍ തലോടി.
‘നിന്റെ പനി കുറഞ്ഞോ?’
‘അറിയില്ല. രണ്ട് ഗുളിക വിഴുങ്ങി’
മറുപടിക്ക് നില്‍ക്കാതെ ഉത്തരക്കടലാസിലൂടെ വിരലുകള്‍ അനവരതം ചലിച്ചു.
പ്രിന്‍സിപ്പല്‍ ആരാധനയോടെ ആ വിദ്യാര്‍ത്ഥിയെ നോക്കി. പിന്നെ പതിയെ മനസില്‍ മന്ത്രിച്ചു.
‘പല്‍പ്പു നീ ചരിത്രത്തിനൊപ്പം നടക്കും. അല്ല ചരിത്രം നിന്നോടൊപ്പം നടക്കും’
പരീക്ഷാഫലം വന്നപ്പോഴും പല്‍പ്പു അവശനിലയില്‍ ആശുപത്രിയിലായിരുന്നു. വിശ്രമമില്ലാത്ത അദ്ധ്വാനം അസുഖത്തിന് ആക്കം കൂട്ടിയിരുന്നു.
പക്ഷെ ഇന്ന് മനസില്‍ രോഗം വഴിമാറും.
ഇത് എന്റെ ജീവിതത്തില്‍ മാത്രമല്ല തിരുവിതാംകൂറിന്റെ മനസാക്ഷിയില്‍ തന്നെ മാറ്റത്തിന്റെ സുദിനമാണ്.
ഈഴവന്‍ ഭിഷഗ്വരനാവില്ലെന്ന് വിധിച്ച തക്ഷകന്‍മാരുടെ ബോധമണ്ഡലത്തില്‍ നാം തിരിഞ്ഞുകൊത്തുന്ന ചരിത്രമുഹൂര്‍ത്തം
പരീക്ഷയ്ക്കെന്ന പോലെ അന്നും പല്‍പ്പു ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ ആശുപത്രിയുടെ പടികളിറങ്ങി.
പകരം സര്‍വകലാശാലയുടെ പടികള്‍ കയറി.
ഏറെ ദൂരം യാത്ര ചെയ്താണ് എത്തിയത്.
സന്ധ്യയായിരുന്നു. ക്ഷീണിതനായിരുന്നു.
പക്ഷെ മനസ് ഒരു പൂത്തുമ്പിയെ പോലെ പറക്കുകയാണ്.
ഒരു കറുത്തപക്ഷി ആകാശത്തെ കീറിമുറിച്ചുകൊണ്ട് അനന്തതയിലേക്ക് സഞ്ചരിക്കുകയാണ്.
വിജയികളുടെ പട്ടികയില്‍ മുന്‍നിരയില്‍ അവന്‍ ആ നാമധേയം വായിച്ചു.
‘ഡോ.ടി.കെ.പല്‍പ്പു..’
അറിയാതെ തുളളിച്ചാടി പല്‍പ്പു.
പനിയുടെ തീക്ഷ്ണതാപം അകന്നു.
ശരീരം തണുത്തു. മനസ് ഉയര്‍ന്നു.
മനസേ…അസാധ്യമായി ഒന്നുമില്ല.
നമുക്കും കഴിയും…കഴിയണം..
ഈഴച്ചെമ്പകത്തിന്റെ മണം അവിടെയാകെ പരന്നു.
അത് സ്വന്തം ആത്മാവിന്റെ സുഗന്ധമായി പല്‍പ്പുവിന് തോന്നി.
(തുടരും)

Author

Scroll to top
Close
Browse Categories