ആത്മസൗരഭം

സഫലവസന്തം

സന്ധ്യകള്‍ പലത് ഉടഞ്ഞു.
വീണ്ടും പ്രഭാതങ്ങള്‍ ഉണര്‍ന്നു.
മരങ്ങളില്‍ ഇലകള്‍ കൊഴിഞ്ഞു.
വരണ്ട ചില്ലകള്‍ കൂടുതല്‍ മെലിഞ്ഞു.
ഇടിമുഴക്കങ്ങളില്‍ പതറാത്ത വൃക്ഷങ്ങള്‍ കാലചക്രത്തില്‍ ഉലഞ്ഞു.
നിലംപൊത്താറായെന്ന ആകുലതയിലും നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചു.
മരങ്ങള്‍ക്ക് തലയെടുപ്പ് മറയ്ക്കാനാവില്ല.
തായ്‌വേരിന്റെ ആഴവും പരപ്പും മരത്തിന് പോലും സങ്കല്‍പ്പിക്കാനാവാത്ത വിധം വിശാലമാണ്.

ഇലകൊഴിഞ്ഞ ചില്ലകളില്‍ ചെറുകിളികള്‍ ഊയലാടി.
പല്‍പ്പു ജനാലയിലൂടെ ആ കാഴ്ച നോക്കി ഇരുന്നു.
അടുക്കളയില്‍ ചുക്കുകാപ്പി ഇടുന്ന തിരക്കിലായിരുന്നു ആനന്ദി. അച്ഛന്റെ ശബ്ദം കുറച്ചു ദിവസമായി അടഞ്ഞിരിക്കുന്നു. പനിയോ കഫക്കെട്ടോ ജലദോഷമോ ഒന്നുമൊട്ടില്ല താനും. എന്തായാലും ചുക്കുകാപ്പി അച്ഛന് ഇഷ്ടമാണ്. അത് കുടിക്കുമ്പോള്‍ അടഞ്ഞ ശബ്ദം പതിയെ തുറക്കും.
കാപ്പിയുമായി ചെല്ലുമ്പോള്‍ ചാരുകസരയില്‍ മുകളിലേക്ക് ദൃഷ്ടിയൂന്നി ഏതോ ഗഹനമായ ആലോചനയിലാണ് അച്ഛന്‍.
കാപ്പി വച്ചു നീട്ടിയപ്പോള്‍ കൈകൊണ്ട് ടീപ്പോയിന്‍മേല്‍ വയ്ക്കാന്‍ പറഞ്ഞു. അപ്പോഴും ആലോചനാഭാവം കൈവിട്ടില്ല. അതുകണ്ട് ആനന്ദി തമാശയായി ചോദിച്ചു.
‘എന്താ ഇത്ര വല്യ ചിന്ത? ഇനി മക്കളെ കെട്ടിക്കാനൊന്നുമില്ലല്ലോ?’
‘ഉണ്ടല്ലോ. ഒരെണ്ണം മുന്നില്‍ തന്നെ നില്‍ക്കുകല്ലേ?’
ആനന്ദി പെട്ടെന്ന് ചിരിച്ചു.
‘അച്ഛന് ഞാനൊരു ഭാരമായി തോന്നുന്നുണ്ടോ?’
‘എന്നെക്കൊണ്ട് നിനക്കങ്ങനെ തോന്നരുതേയെന്നാണ് പ്രാര്‍ത്ഥന..’
‘പ്രാര്‍ത്ഥനയിലും വിശ്വസിച്ചു തുടങ്ങിയോ?’
‘പ്രകൃതിശക്തിയെ മുന്‍പും വിശ്വസിച്ചിരുന്നു’
‘എന്നാലും ദൈവത്തിന് വില തരില്ല’
‘നീ കാലത്ത് എന്നെ പ്രകോപിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?’
‘അയ്യോ…ഇല്ല. ഞാന്‍ സ്ഥലം വിടണു’
ആനന്ദി പോകാന്‍ ഒരുങ്ങിയപ്പോള്‍ പല്‍പ്പു കൈ ഉയര്‍ത്തി തടഞ്ഞു.
‘നവംബര്‍ രണ്ടിന് എന്റെ 88 -ാം പിറന്നാളാണ്’
‘അത് അച്ഛന്‍ പറഞ്ഞിട്ട് വേണോ ഞാനറിയാന്‍..’
‘അതല്ല. ഇത്തവണ മക്കളെയും പേരക്കുട്ടികളെയും കൂട്ടി കാര്യമായൊന്ന് ആഘോഷിക്കണം’
‘എന്ത് പറ്റി…പെട്ടെന്നിങ്ങനെയൊരു തോന്നല്..?’
‘അടുത്ത പിറന്നാളിന് ഞാനുണ്ടായില്ലെങ്കിലോ?’
ആനന്ദി ഒന്ന് വല്ലാതായി. ഉളളിലെ ആന്തല്‍ മറച്ചു വച്ച് അവര്‍ ചോദിച്ചു.
‘എന്നാര് പറഞ്ഞു?’
‘എന്തോ…മനസ് പറയുന്നു’
‘മനസാണോ ഇതൊക്കെ തീരുമാനിക്കുന്നത്..’
ആനന്ദി വിട്ടുകൊടുത്തില്ല.
‘അറിയില്ല.പക്ഷെ അങ്ങനെ തോന്നുന്നു’
‘ശരി. എന്തായാലും അച്ഛന്റെ ആഗ്രഹം ഞാന്‍ നടത്തിത്തരും. അത് മരിക്കാനല്ല. ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍. എന്നും എനിക്ക്
എന്റച്ഛനെ കാണാന്‍…’
അവള്‍ അച്ഛന്റെ മനസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു.
”അതിന് എനിക്ക് സന്തോഷമുണ്ടെന്ന് ആര് പറഞ്ഞു?”
‘ഇല്ലേ..?’
‘ഒരു കാര്യത്തിലുണ്ട്. ഇങ്ങനെ സ്‌നേഹിക്കുന്ന ഒരു മകളെ കിട്ടിയതില്‍…ബാക്കിയൊക്കെ വിഷമങ്ങള്‍ മാത്രം. അമ്മയുടെ സ്ഥിതി അറിയാല്ലോ?
സ്വബോധത്തോടെ അവളെ കണ്ടിട്ട് കാലം എത്രയായി..പിന്നെ സമുദായം..എല്ലാം വെളളത്തില്‍ വരച്ച വരപോലായില്ലേ? സ്വാമികള്‍ എന്ത് മനസില്‍ കണ്ടോ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ചിലര്‍..പിന്നെന്താ ഒരു സമാധാനം..’
‘മറുവശം കാണാതെ അതിന്റെ നല്ല വശം നോക്കൂ. അച്ഛനും സ്വാമിയും ആശാനും ആഗ്രഹിച്ചത് എന്തായിരുന്നു. അധകൃതര്‍ക്ക് മനുഷ്യരെ പോലെ ജീവിക്കാനുളള അവകാശം. അത് ലഭിച്ചില്ലേ? എത്രയോ ആളുകള്‍ ഉന്നതവിദ്യാഭ്യാസം നേടി. എത്രയോ പേര്‍ ഉയര്‍ന്ന ജോലികള്‍ സമ്പാദിച്ചു. ഇതൊക്കെ പണ്ട് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നോ?’
പല്‍പ്പു ഒന്ന് ദീര്‍ഘനിശ്വാസം ചെയ്തു. പിന്നെ മകളെ നോക്കി വശ്യമായി ചിരിച്ചു.
‘നീ പറഞ്ഞത് ശരിയാണ് .ഇപ്പോള്‍ എന്റെ ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടായതു പോലെ തോന്നുന്നു. നമ്മള്‍ എന്തിനു വേണ്ടി പരിശ്രമിച്ചുവോ അത് യാഥാര്‍ത്ഥ്യമായി. സംഘടന അതിന്റെ വഴിക്ക് പോകട്ടെ. അധസ്ഥിതര്‍ക്ക് അഭിമാനബോധത്തോടെ ജീവിക്കാന്‍ കഴിയുന്നുണ്ടല്ലോ. അതു മതി. അത് മാത്രം മതി’

ആനന്ദലക്ഷ്മിക്കും സമാധാനമായി. അച്ഛന്റെ നിരാശ അകന്നല്ലോ?
നിരാശ മനസ് കാര്‍ന്നാല്‍ അതോടെ എല്ലാം അവസാനിച്ചു.
ആനന്ദി തന്നെ മുന്‍കൈ എടുത്ത് എല്ലാ സഹോദരങ്ങളെയും കുടുംബസമേതം ക്ഷണിച്ചു വരുത്തി. പിറന്നാള്‍ സമുചിതമായി ആഘോഷിക്കാനുളള ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കി.
വിഭവസമൃദ്ധമായ സദ്യ, ചെറുമക്കളുടെ പാട്ടും കലാപരിപാടികളും..കളിയും ചിരിയും ആഹ്‌ളാദനിമിഷങ്ങളും കടന്ന് രാവേറെ ചെന്നിട്ടും ആരും ഉറങ്ങിയില്ല.
എല്ലാം അവസാനിച്ചപ്പോള്‍ ആനന്ദി പതുക്കെ അടുത്ത് ചെന്ന് ചോദിച്ചു.
‘അച്ഛന്‍ ഹാപ്പി ആയില്ലേ?’
പല്‍പ്പു ഒന്നും മിണ്ടിയില്ല. ഒരു മറുപടിക്കായി എല്ലാവരും കാതോര്‍ത്തു.
പെട്ടെന്ന് അദ്ദേഹം ചുണ്ടുകള്‍ ചലിപ്പിച്ചു.
‘മനസ് നിറഞ്ഞു മക്കളേ…മനസ് നിറഞ്ഞു. ഇനി മരിച്ചാലും സങ്കടമില്ല’
ആനന്ദിയുടെ സ്വരം പതിവിലും ഉയര്‍ന്നു. സ്‌നേഹം കലര്‍ന്ന രോഷം അതില്‍ കലര്‍ന്നു.

‘അച്ഛന്‍ എന്തിനാണ് മരണത്തെക്കുറിച്ച് എപ്പോഴും പറയുന്നത്’
‘ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണ്ടേ. ആരായാലും..പിന്നെ വയസും കുറെയായില്ലേ?’
‘നൂറ് കടന്നവരും ജീവിച്ചിരിക്കുന്നു. അപ്പഴാ..’
ആനന്ദി അച്ഛന്റെ നാവടക്കാന്‍ പണിപ്പെട്ടു.
‘കടക്കുന്നത് എത്രയെങ്കിലുമാവട്ടെ. മരിക്കും മുന്‍പ് ഒരാഗ്രഹമുണ്ട്. നമ്മുടെ വീട്ടുമുറ്റത്ത് ഒരു തെങ്ങിന്‍തൈ നടണം. മരിച്ചാല്‍ ശവം ദഹിപ്പിക്കരുത്. കുഴിച്ചിടണം. സ്മാരകത്തിനു വേണ്ടി തറകെട്ടരുത്. അവിടെ ഒരു ഈഴച്ചെമ്പകത്തിന്റെ തൈ നടണം. പൂജാദി കര്‍മ്മങ്ങള്‍ ചെയ്യരുത്. ആരും എന്നെയോര്‍ത്ത് കരയരുത്.’
ആരും മറുപടി പറഞ്ഞില്ല. ആഹ്‌ളാദത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയൊരു വര്‍ത്തമാനം ആരും ആഗ്രഹിച്ചിരുന്നില്ലെന്നതാണ് സത്യം.
ഈഴച്ചെമ്പകവും അതിന്റെ പൂക്കളും സുഗന്ധവും അച്ഛന് എക്കാലവും ഇഷ്ടമായിരുന്നല്ലോയെന്ന് ആനന്ദി ഓര്‍ത്തു.
‘എല്ലാം ആനന്ദിയെ ഏല്‍പ്പിക്കുന്നു. അവളാണല്ലോ എപ്പോഴും എന്നോടൊപ്പമുളളത്’
പല്‍പ്പു എടുത്ത് പറഞ്ഞു. ആനന്ദിയുടെ കണ്ണുകള്‍ അറിയാതെ നനഞ്ഞു. അച്ഛന്‍ കാണാതിരിക്കാന്‍ അവള്‍ മുഖം തിരിച്ചു. ഒരു ജന്മം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞെങ്കിലെന്താ? അച്ഛന്‍ തന്നെ മനസിലാക്കുന്നു. ഒരു ജനതയുടെ വിധി മാറ്റിവരച്ച മഹാനായ അച്ഛന്‍.
പല്‍പ്പുവിന്റെ ചുണ്ടുകള്‍ വീണ്ടും ചലിച്ചു.
‘പിന്നെ ഒരാഗ്രഹം കൂടിയുണ്ട്. ശവം അടക്കുന്നതിന് സമീപം ഒരു ടവര്‍ സ്ഥാപിക്കണം. അതിന്റെ ശീര്‍ഷകത്തില്‍ വിവിധ നിറങ്ങളിലുളള ബള്‍ബുകള്‍ ഘടിപ്പിക്കണം. അടിയില്‍ നിന്ന് പ്രവര്‍ത്തിക്കാവുന്ന വിധത്തിലായിരിക്കണം അതിന്റെ നിര്‍മ്മാണം. ബള്‍ബുകള്‍ ഘടിപ്പിച്ച സ്റ്റാന്‍ഡ് കറങ്ങുമ്പോള്‍ വിവിധ വര്‍ണ്ണങ്ങള്‍ വിലയിച്ച് ഏകവര്‍ണ്ണമായി തോന്നും. അത് കാണുമ്പോള്‍ മനുഷ്യരുടെ ജാതി ഒന്ന് എന്ന ബോധമുദിക്കും’
ശ്രമകരമായ ദൗത്യമാണെങ്കിലും ആ ആശയം ആനന്ദിക്ക് വളരെ ഇഷ്ടമായി. അച്ഛന്‍ എന്നും സ്വപ്‌നം കണ്ടിരുന്നത് ഏകലോകമായിരുന്നു. എല്ലാത്തരം വിഭാഗീയതകളും മറികടന്ന് മനുഷ്യര്‍ ഒന്നായിത്തീരുന്ന ഒരു സുവര്‍ണ്ണദിനം.
അത് പ്രതീകാത്മകമായി കലാപരമായി സൗന്ദര്യാത്മകമായി അഭിവ്യഞ്ജിപ്പിക്കാനുളള ശ്രമം ആകര്‍ഷകമായി തോന്നി. അച്ഛന്റെ ഉളളിന്റെയുളളില്‍ എവിടെയോ ഒരു കലാകാരന്‍ ഒളിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി.
‘എന്താ ആര്‍ക്കെങ്കിലും ഞാന്‍ പറഞ്ഞതില്‍ എതിര്‍പ്പുണ്ടോ’
ആരും എതിര് പറഞ്ഞില്ല.
‘ഇനിയൊരു കാര്യം? അതിനുളള പണം നിങ്ങള്‍ ചിലവഴിക്കേണ്ടതില്ല. അത് എന്റെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്’
അതിനും മറുപടി ഉണ്ടായില്ല.
അച്ഛന്‍ പതുക്കെ എണീറ്റ് കിടപ്പുമുറിയിലേക്ക് പോയി.
മക്കള്‍ പരസ്പരം നോക്കി.
ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.
എന്ത് തന്നെയായാലും അച്ഛന്‍ പറഞ്ഞത് മഹത്തായ ഒരു ആശയമാണെന്ന് ആനന്ദിക്ക് തോന്നി. അവള്‍ അച്ഛനെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുകയും ചെയ്തു.
ആ രാത്രി ആനന്ദിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ നടത്തി ഉറങ്ങാന്‍ കിടന്ന അച്ഛന്‍ കാലത്ത് ഉണര്‍ന്നില്ലെങ്കിലോ എന്ന ഭയം അവളെ അലട്ടി.
അടുത്ത ബന്ധുവായ ഒരു കാരണവര്‍ ഇതുപോലെ രാത്രിയില്‍ ഒരാഗ്രഹം പറഞ്ഞു.
”ഇപ്പോള്‍ കപ്പയും മീനും കഴിക്കണം”.
”രാത്രിയായില്ലേ? ഇനി നാളെ പോരേ?”
എന്ന മക്കളുടെ ചോദ്യത്തിന് ”നാളെ ഞാനുണ്ടായില്ലെങ്കിലോ?” എന്ന് മറുപടി.
മകന്‍ പിന്നെ ആലോചിച്ചു നിന്നില്ല. അപ്പോള്‍ തന്നെ ബൈക്കെടുത്ത് കടക്കാരെ വിളിച്ചുണര്‍ത്തി കപ്പയും മീനുമായി വന്നു.
അയാളും ഭാര്യയും ചേര്‍ന്ന് കറിവച്ച് വയറ് നിറയുവോളം അച്ഛനെ തീറ്റിച്ചു.
‘തൃപ്തിയായി’
അങ്ങനെയൊരു വാക്കും പറഞ്ഞ് അച്ഛന്‍ ഉറങ്ങാന്‍ കിടന്നു.
കാലത്ത് കട്ടന്‍കാപ്പിയുമായി വിളിച്ചുണര്‍ത്താന്‍ ചെന്ന മരുമകള്‍ നിലത്ത് വീണു കിടക്കുന്ന അച്ഛനെ കണ്ട് അമ്പരന്നു. കുലുക്കി വിളിച്ചപ്പോള്‍ ദേഹം തണുത്തിരിക്കുന്നു.
ശ്വാസം നിലച്ചിരിക്കുന്നു.
തലേന്ന് രുചിയോടെ കപ്പയും മീനും കഴിച്ച അതേ സമയമായിട്ടും ആ മനുഷ്യന്റെ ചിത കത്തിയടങ്ങിയിരുന്നില്ല.
അത് പറഞ്ഞ് കരഞ്ഞുകൊണ്ട് മരുമകള്‍ ആവര്‍ത്തിച്ചു.
‘അച്ഛന്‍ അവസാനമായി പറഞ്ഞ വാക്ക് ഇപ്പോഴും മനസീന്ന് പോകുന്നില്ല. തൃപ്തിയായി മോളെ…തൃപ്തിയായി’
ഇവിടെ ഒരുപടി കൂടി കടന്ന് ഇനി മരിച്ചാലും വേണ്ടില്ലെന്ന് അച്ഛന്‍ പറഞ്ഞിരിക്കുന്നു.
ആനന്ദിക്ക് വല്ലാത്ത ആധി തോന്നി. അവള്‍ അടുത്തു കിടന്ന അമ്മയെ ഉണര്‍ത്താതെ അടുത്തമുറിയുടെ അടുത്തു ചെന്ന് ജനാലയിലൂടെ അകത്തേക്ക് നോക്കി. ഇരുട്ടില്‍ അച്ഛന്‍ അസലായി കൂര്‍ക്കം വലിച്ചുറങ്ങുന്ന ശബ്ദം കേള്‍ക്കാം.
ആശ്വാസത്തോടെ തിരികെ വന്ന് കിടക്കുമ്പോള്‍ ക്ഷീണം കൊണ്ട് ഉറക്കം കണ്‍പോളകളെ തഴുകി.
പുറത്ത് മരച്ചില്ലകളില്‍ കാറ്റ് പിടിച്ചു.
അതിന്റെ അലകള്‍ വെന്‍ഡിലേഷനുകളിലൂടെ അകത്തേക്ക് ഒഴുകിയെത്തി.
ആനന്ദി ഒന്നും അറിഞ്ഞില്ല.
ഉണര്‍വിലും ഉറക്കത്തിലും അവള്‍ അച്ഛനെ അറിയുകയായിരുന്നു.
കാലത്ത് ആനന്ദി തന്നെയാണ് ചുക്കുകാപ്പിയുമായി ചെന്ന് വിളിച്ചുണര്‍ത്തുന്നത്.
അന്നും പതിവു സമയത്ത് കാപ്പിയുമായി ചെല്ലുമ്പോള്‍ കിടക്കയില്‍ അച്ഛനില്ല. ബാത്ത്‌റൂം തുറന്ന് കിടക്കുന്നു. ആശ്ചര്യത്തോടെ നടന്ന് പുറത്തെത്തുമ്പോള്‍ പൂമുഖത്ത് കസേരയില്‍ ചാരിക്കിടന്ന് പത്രം വായിക്കുകയാണ് അച്ഛന്‍.
‘ഇന്ന് ആള് മിടുക്കനായല്ലോ?’
അവള്‍ പ്രോത്സാഹിപ്പിച്ചു.
‘എന്നാണ് ഞാന്‍ മിടുക്കനല്ലാത്തത്’
പല്‍പ്പു വിട്ടുകൊടുത്തില്ല.ഉരുളയ്ക്കുപ്പേരി പണ്ടേ ആളുടെ ശീലമാണ്.
ആനന്ദി ചിരിച്ചു. തലേന്നത്തെ കൂട്ടായ്മ അച്ഛനില്‍ നഷ്ടപ്പെട്ട ഉന്മേഷം മടക്കി കൊണ്ടു വന്നിരിക്കുന്നു.
മക്കളും ചെറുമക്കളും യാത്ര പറഞ്ഞ് പിരിഞ്ഞു.
അവര്‍ പോകുമ്പോള്‍ അച്ഛന്‍ വിഷമിക്കുമെന്ന് ആനന്ദി ഭയന്നെങ്കിലും അതുണ്ടായില്ല.
നടരാജഗുരു കൈകള്‍ ചേര്‍ത്തുപിടിച്ച് വിടചൊല്ലുമ്പോള്‍ മാത്രം പല്‍പ്പു പറഞ്ഞു.
‘മറ്റുളളവര്‍ക്ക് പ്രാരാബ്ധങ്ങളുണ്ട്. അതില്ലാത്തത് നിനക്കും ആനന്ദിക്കും മാത്രം. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അമ്മയെ നോക്കണം. അവള്‍ക്കാരൂല്ലാതാവരുത്. വയ്യാത്തവളല്ലേ?’
അപ്പോള്‍ മാത്രം അച്ഛന്റെ ശബ്ദം ഒന്ന് ഇടറി. എന്നിട്ടും ആനന്ദി കരഞ്ഞില്ല. കരയരുതെന്ന് പഠിപ്പിച്ച അച്ഛന്റെ മകളാണ് ഞാന്‍.
ആഴ്ചകളും മാസങ്ങളും മുറ്റത്തെ ചാമ്പയുടെ കായ്കളും ഇലകളും പോലെ അടര്‍ന്നു വീണിട്ടും അച്ഛന്‍ ഉലഞ്ഞില്ല. ശാരീരിക അസ്വസ്ഥതകളൊന്നും കാണിച്ചില്ല.
കത്തുകള്‍ എഴുതുന്നതായിരുന്നു എക്കാലവും അച്ഛന്റെ വലിയ വിനോദം. ഈയിടെയായി അതും സാധിക്കുന്നില്ല. പേന നേരെ പിടിക്കാന്‍ സാധിക്കുന്നില്ല. കൈകള്‍ വിറയ്ക്കുന്നു. കണ്ണിനും സാരമായ മൂടലുണ്ട്. അത് കണ്ണാടിയില്‍ നില്‍ക്കുന്നില്ല. കൂടെക്കൂടെ കണ്ണില്‍ നിന്ന് വെളളം വരും.
കുറച്ചുകാലമായി കത്ത് എഴുതുന്നതും നിര്‍ത്തി. പ്രതികരിക്കാത്ത പല്‍പ്പുവിനെ അച്ഛന് പോലും ഇഷ്ടമല്ല.
അനീതിക്കെതിരെ ഏത് വിധേനയും ഇടപെടുന്നതിലായിരുന്നു പല്‍പ്പുവിന്റെ അസ്തിത്വം.
പക്ഷെ മനസ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല.
അതിന്റെ നിരാശയെ മറികടന്നാണ് അച്ഛന്‍ ഇപ്പോള്‍ പഴയ ഫോമിലെത്തിയിരിക്കുന്നത്.
ആ സന്തോഷത്തില്‍ മതിമറന്ന് വീട്ടുജോലികളില്‍ മുഴുകുമ്പോഴാണ് അകത്തു നിന്നും അമ്മയുടെ വിളി വന്നത്. അമ്മയ്ക്കിത് പതിവാണ്. ഇടക്കിടെ വിളിച്ച് ശല്യപ്പെടുത്തി കൊണ്ടിരിക്കും. പാവം മനസിന്റെ താളം തെറ്റിയ ഒരാള്‍ക്ക് വിവേചനബുദ്ധിയുണ്ടാവണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റുമോ?
ഓടി അകത്തേക്ക് ചെന്നു.
എന്താണെന്ന് ചോദിക്കേണ്ടി വന്നില്ല. അതിന് മുന്‍പേ അമ്മയുടെ ശബ്ദം ഉയര്‍ന്നു
‘കെഴക്കേലേ മാവ് വെട്ടിയോ?’
‘മാവോ? എന്തിന്? ‘
ആനന്ദി അത്ഭുതം കൂറി.
‘ഹ…നീയെന്ത് വര്‍ത്താനവാ ഈ പറേന്നത്…അച്ഛനെ ദഹിപ്പിക്കാനുളള മാവേ…കണ്ടില്യേ ചത്തുമലച്ച് കിടക്കണത്’
ആനന്ദിയുടെ ഉളളില്‍ നിന്ന് ഒരു ആന്തലുയര്‍ന്നു.
‘അമ്മേ…’
അവള്‍ അറിയാതെ വിളിച്ചുപോയി.
‘എന്തേ…നീ ക്ഷോഭിക്കണത്..മരിച്ചാല്‍ ഒന്നീല് കുഴിച്ചിടുക. അല്ലേല് ദഹിപ്പിക്ക്യ..അത്രന്നെ’
അമ്മ വീണ്ടും സംയമനത്തിന്റെ അതിരുകള്‍ കടന്ന് മറ്റെങ്ങോട്ടോ വ്യാപരിക്കുന്നയായി ആനന്ദിക്ക് തോന്നി. പിന്നില്‍ അനക്കം കേട്ട് തിരിയുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് വാതില്‍പ്പടിയില്‍ അച്ഛന്‍.
‘പണ്ടും ഇങ്ങന്യാ…അസുഖം കലശലാവുമ്പോ അവള്‍ എന്റെ മരണം മനസീ കാണും. മുജ്ജന്മത്തി ചിലപ്പോ ഞങ്ങള്‍ ശത്രുക്കളായിരിക്കാം’
‘അതിന് അച്ഛന് പുനര്‍ജന്മങ്ങളിലൊക്കെ വിശ്വാസംണ്ടോ?’
‘ഉണ്ടായാലെന്താ..ഇല്ലെങ്കിലെന്താ…അങ്ങനൊക്കെയല്ലേ പിതൃക്കള് പറഞ്ഞു പഠിപ്പിച്ചിരിക്കണത്’
ആനന്ദി ഒന്നും പറഞ്ഞില്ല. അമ്മയുടെ അടുത്തുചെന്ന് ആ തോളില്‍ മെല്ലെ സ്പര്‍ശിച്ചിട്ട് പറഞ്ഞു.
‘ദാ..നോക്ക് അമ്മേ…അച്ഛന്‍ ജീവനോടെ നില്‍ക്കുന്നു. നമ്മളെ ഇട്ടിട്ട് അച്ഛന്‍ എവിടേക്കാ പോവുക..അമ്മ സമാധാനായിട്ട് കിടക്ക്. അപ്പഴേക്കും ഞാന്‍ ഊണ് ശരിയാക്കി വരാം’
അവള്‍ ഭഗവതി അമ്മയെ മെല്ലെ ചായ്ച്ചു കിടത്തി. അച്ഛനെ ചുമതല ഏല്‍പ്പിച്ച് പതിയെ അടുക്കളയിലേക്ക് നടന്നു.
പല്‍പ്പു അല്‍പ്പസമയം അവരെ നോക്കി നിന്ന ശേഷം പുറത്തേക്ക് പോയി.
വേച്ചു വേച്ചാണ് അദ്ദേഹം നടക്കുന്നത്. പല ഘട്ടങ്ങളിലും വീല്‍ചെയറിന്റെ സഹായം വേണ്ടി വരും. തലചുറ്റല്‍ കൂടെക്കൂടെയുണ്ട്. രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകളും…
എന്നിരുന്നാലും അച്ഛനില്‍ വന്ന പുതിയ മാറ്റവും ഊര്‍ജ്ജവും ആനന്ദിയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവരെങ്കിലും അച്ഛനും അമ്മയും അവള്‍ക്ക് രണ്ട് നെടുംതൂണുകളായിരുന്നു. അവര്‍ ജീവനോടെയുണ്ടാകാന്‍ അവള്‍ തീവ്രമായി അഭിലഷിച്ചു.
പിറ്റേന്ന് കാലത്ത് മൂന്നുപേരും ഒരുമിച്ചാണ് പ്രാതലിന് ഇരുന്നത്.
അച്ഛന്‍ പലതും പറഞ്ഞ് ചിരിച്ച് തൊണ്ടയില്‍ കുരുങ്ങി വിക്കി. വെളളം കൊടുത്തും നെറുകയില്‍ തട്ടിയും ആനന്ദി അസ്വസ്ഥത മാറ്റിക്കൊടുത്തു.
വീണ്ടും നാട്ടുകാര്യങ്ങള്‍ പറഞ്ഞ് ഇഢലി ചട് ണിയില്‍ മുക്കി വായില്‍ വയ്ക്കുന്നതിനിടയില്‍ പെട്ടെന്ന് പല്‍പ്പു പിന്നാക്കം മറിഞ്ഞു. ആനന്ദി ഓടി വന്ന് താങ്ങിയതുകൊണ്ട് നിലത്തേക്ക് വീണില്ല. അപ്പോഴേക്കും ബോധം മറഞ്ഞിരുന്നു.
ആനന്ദി ആയാസപ്പെട്ട് താങ്ങി അകത്ത് കൊണ്ടുപോയി കിടത്തി.
ലാന്‍ഡ് ഫോണില്‍ ഡോക്ടറെ വിളിച്ചു.
അദ്ദേഹം വന്ന് ഇന്‍ജക്ഷന്‍ കൊടുക്കേണ്ട താമസം ബോധം തിരികെ വന്നു.
പല്‍പ്പൂ കണ്ണുകള്‍ വട്ടം ചുഴറ്റി ചുറ്റും നോക്കി.
‘സ്വാമികള്‍ എവിടെ? സ്വാമികള്‍ പോയോ? രണ്ട് ദിവസം തങ്ങീട്ട് പോയാ
മതീന്ന് ഞാന്‍ പറഞ്ഞതാണല്ലോ? തിരക്കായിരിക്കും. സാധാരണ ഞാന്‍ പറഞ്ഞാല്‍ സ്വാമി നിരസിക്കാറില്ല’
ഡോക്ടര്‍ കാര്യമറിയാതെ കണ്ണ് മിഴിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ആനന്ദി പറഞ്ഞു.
‘ഗുരുദേവനെക്കുറിച്ചാണ്. ബോധത്തിലും അബോധത്തിലും അച്ഛന്റെ
മനസില്‍ ഗുരുദേവനേയുളളു..’
ഡോക്ടര്‍ ചിരിച്ചുകൊണ്ട് തലയാട്ടി.
പെട്ടെന്ന് അയ്യോ എന്ന് നിലവിളിച്ചുകൊണ്ട് പല്‍പ്പു വയറ്റില്‍ ഇരുകരങ്ങളും ചേര്‍ത്ത് അമര്‍ത്തി.
‘വേദന സഹിക്കാന്‍ പറ്റുന്നില്ല’
ദീനമായ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്ത് സ്‌പെഷലിസ്റ്റുകളെ വരുത്തി.
വിശദമായ പരിശോധനകള്‍ക്ക് ശേഷം അവര്‍ ആനന്ദിയെ വിളിച്ച് മാറ്റി നിര്‍ത്തി പറഞ്ഞു.
‘ആന്തരിക രക്തസ്രാവമുണ്ട്. മരുന്നുകള്‍ക്ക് പരിമിതിയുണ്ട്. ആശുപത്രിയില്‍ എത്തിച്ചതു കൊണ്ടും പ്രതീക്ഷയ്ക്ക് വക കാണുന്നില്ല’
അവള്‍ കരയാതെ ഉളളിലെ നീറ്റല്‍ കടിച്ചമര്‍ത്തി.
ഡോക്ടര്‍മാര്‍ മടങ്ങി.
മണിക്കൂറുകള്‍ കഴിയും തോറും നില വഷളായി വന്നു.
തലേന്ന് വരെ കളിച്ചും ചിരിച്ചും നടന്ന അച്ഛന്‍ സംസാരിക്കാതായി. കണ്ണുകള്‍ തുറക്കാതെ സദാ മയക്കമായി.
പിന്നെ അബോധത്തിന്റെ താഴ്‌വരകളിലേക്ക് പതിയെ നടന്നിറങ്ങി.
അച്ഛന്‍ നഷ്ടപ്പെട്ടു തുടങ്ങിയെന്ന് ആനന്ദിയുടെ മനസ് അവളോട് പറഞ്ഞു.
അപ്പോഴും അവള്‍ മുറുകെ പിടിച്ചത് അച്ഛന്റെ വാക്കുകളായിരുന്നു.
”എന്ത് സംഭവിച്ചാലും എന്റെ മക്കള്‍ കരയരുത്.”
ആനന്ദി സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. ഓരോരുത്തരായി വീട്ടിലേക്ക് വീണ്ടും വന്നു.
പല്‍പ്പു ആരെയും തിരിച്ചറിഞ്ഞില്ല. ജീവച്ഛവം പോലെ തുറിച്ചു നോക്കി കിടന്നു.
കാണക്കാണെ ഉയര്‍ന്നു താഴുന്ന നെഞ്ചിന്‍കൂട് മാത്രമായി.
ശ്വാസത്തിന്റെ അവസാന കണികകള്‍ മാത്രം ശേഷിക്കുന്ന ശരീരം.
പതിയെ പതിയെ അതിന്റെ തീവ്രത കുറഞ്ഞു കുറഞ്ഞ് വന്ന് നാമാവശേഷമായി.
അന്ന് ഒരു ഞായറാഴ്ചയായിരുന്നു.
ക്ളോക്കില്‍ പതിനൊന്നു മണി അടിക്കുന്നത് അടുക്കളയില്‍ നിന്നാല്‍ ആനന്ദിക്ക് കേള്‍ക്കാം. അച്ഛന്റെ വായിലേക്ക് ഒരു സ്പൂണ്‍ കരിക്കിന്‍ വെളളം ഇറ്റിച്ചുകൊടുക്കാം എന്ന പ്രതീക്ഷയില്‍ മുറിയിലേക്ക് ചെന്നു. ഏട്ടത്തിയമ്മയുടെ നേര്‍ത്ത തേങ്ങലിന്റെ ചീളാണ് വരവേറ്റത്.
എന്ത് പറ്റിയെന്ന് ചോദിച്ചില്ല. ഏട്ടന്‍ വലതുകൈകള്‍ കൊണ്ട് പോയെന്ന് ആംഗ്യം കാണിച്ചു. ആനന്ദി കരയാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.
പക്ഷെ തന്ത്രികള്‍ പൊട്ടിപ്പോയ ഒരു വീണയായിരുന്നു അവള്‍.
പുറത്തേക്ക് വരാന്‍ മടിച്ച സങ്കടം ഉളളിലിരുന്ന് ഘനീഭവിച്ചു.
ഏടത്തി സ്വയം നിയന്ത്രിച്ചു.ആരും കരഞ്ഞില്ല. കരയരുതെന്ന് അച്ഛന്‍ പറഞ്ഞിരുന്നല്ലോ?
തലയ്ക്കല്‍ നാളികേരപ്പാതിയില്‍ ദീപം തെളിഞ്ഞു. കാല്‍ക്കല്‍ അഞ്ചു തിരിയിട്ട നിലവിളക്കും ചന്ദനത്തിരികളും കത്തി.
അച്ഛന്റെ ഗന്ധം വഴിമാറി.
പേരറിയാത്ത ആയിരങ്ങള്‍ ഡോ.പല്‍പ്പുവിനെ ഒരു നോക്ക് കാണാന്‍ വീട്ടിലെത്തി.
എല്ലാവരോടും ആനന്ദിക്ക് ഒന്നേ പറയാനുണ്ടായിരുന്നുളളു.
‘കരയരുത്..’
വീടിന്റെ തെക്കേപ്പുറത്ത് ആറടി ഒരുങ്ങി.
അച്ഛന്‍ മണ്ണിലേക്ക് മടങ്ങി.
അച്ഛന്‍ ഉറങ്ങുന്നിടത്ത് അവള്‍ ചെമ്പകം നട്ടു.
കാലം പിന്നെയും മുന്നോട്ട് പോയി.
അച്ഛന്‍ ആനന്ദിയുടെ ഓര്‍മ്മച്ചുവരിലെ മായാത്ത ചിത്രമായി.
ഈഴ ചെമ്പകം പൂത്തു.
അതിന്റെ സുഖദഗന്ധം വീട്ടിലും പരിസത്തും ഒഴുകി നടന്നു.
അച്ഛനെ പോലെ…
ആനന്ദിക്കുറപ്പുണ്ട്.
അച്ഛന്‍ മരിച്ചിട്ടില്ല. അല്ലെങ്കിലും അച്ഛന് മരിക്കാനാവില്ലല്ലോ?
അടുക്കള പണിയൊതുങ്ങിയ സന്ധ്യകളില്‍ ഉമ്മറത്ത് വിളക്ക് വച്ച് രാമനാമം ചൊല്ലി പിന്നെ നിശ്ശബ്ദതയുടെ അരികുപറ്റി തൂണില്‍ ചാരിയിരിക്കുമ്പോള്‍ ആനന്ദിക്ക് കാണാം.
ദൂരെ അച്ഛന്റെ പട്ടടയില്‍ കെടാതെ എരിയുന്ന മണ്‍വിളക്ക്.
ഈഴച്ചെമ്പകം ശുഭ്രസുന്ദരിയായി പൂത്ത് നറുമണം ചുരത്തുന്നു.
അച്ഛന്റെ ആത്മസുഗന്ധം…
ഒരു സ്വപ്‌നം മാത്രം അവശേഷിക്കുന്നു.
പല വര്‍ണങ്ങളിലുളള ബള്‍ബുകള്‍ ഘടിപ്പിച്ച ടവര്‍.
കറങ്ങുമ്പോള്‍ എല്ലാ വര്‍ണ്ണങ്ങളും സമന്വയിച്ച് ഏകവര്‍ണ്ണമാവുന്നു.
നാനാത്വത്തില്‍ ഏകത്വം.
അത് കണ്ട് അച്ഛന്റെ ആത്മാവ് നിറചിരി പൊഴിക്കും.
ഈഴച്ചെമ്പകങ്ങള്‍ നാടെങ്ങും പൂക്കും..
ജനങ്ങള്‍ ഒന്നടങ്കം അച്ഛനെ സ്മരിക്കും.
മഹാത്മന്‍…നിങ്ങള്‍ പൂക്കുന്നിടത്താണ് വസന്തം…!
(അവസാനിച്ചു)

Author

Scroll to top
Close
Browse Categories