വനിതാ സംരംഭകര്‍ക്ക്പ്രോത്സാഹനം

വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്നുണ്ട്. 2013 ലെ കേന്ദ്ര സര്‍ക്കാരിന്റെ പഠനപ്രകാരം ഇന്ത്യയിലെ എം.എസ്.എം.ഇ. കളില്‍ വനിതാപ്രാതിനിധ്യം 13.76 % മാത്രമാണ്. ഇത് ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് നിരവധി ആനുകൂല്യങ്ങളും പ്രത്യേക പരിഗണനകളും വനിതകള്‍ക്ക് നല്‍കി വരുന്നുണ്ട്. വനിതകള്‍ക്ക് മാത്രമായും പ്രത്യേക പരിഗണന നല്‍കിയും നടപ്പാക്കുന്ന 10 പ്രധാന പദ്ധതികള്‍ ഇവയാണ്.

1 സ്റ്റാന്റ് അപ് ഇന്ത്യ
2016-17 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നു.

10 ലക്ഷം രൂപയ്ക്ക് മുകളിലും ഒരു കോടി രൂപയ്ക്ക് താഴേയും വായ്പ അനുവദിക്കുന്നു. ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു എസ്.സി/എസ് ടി സംരഭകനും ഓരോ വായ്പകള്‍ ഓരോ വര്‍ഷവും നല്‍കിയിരിക്കണം എന്നാണ് നിബന്ധന. പ്രത്യേക സബ്‌സിഡി പറയുന്നില്ലെങ്കിലും മറ്റ് സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് അര്‍ഹത ഉണ്ടാകും. പുതിയ പദ്ധതികള്‍ക്ക് കൊലാറ്ററല്‍ സെക്യൂരിറ്റി നല്‍കാതെ തന്നെ വായ്പ അനുവദിക്കും. ബന്ധപ്പെട്ട ബാങ്കിനെ വായ്പക്കായി സമീപിക്കാം.

2 പി.എം.ഇ.ജി. പി.
(Prime ministers employment gen. programme)

2008 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നു.

സേവന സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപയും നിര്‍മ്മാണ സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപയും വായ്പ. വനിതകളെ പൂര്‍ണ്ണമായും പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ പദ്ധതികള്‍ക്ക് ഗ്രാമപ്രദേശത്ത് 35%വും മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ പ്രദേശത്ത് 25% വും സബ്‌സിഡി നല്‍കി വരുന്നു. വനിതകള്‍ക്ക് 30%സംവരണവും പദ്ധതിയില്‍ ഉണ്ട്. കെ.വി.ഐ.സി യുടെ (KVIC ) വെബ് വഴി അപേക്ഷ സമര്‍പ്പിക്കാം.

3 എന്റെ ഗ്രാമം
സംസ്ഥാന സര്‍ക്കാര്‍ ഖാദി ബോര്‍ഡ് വഴി നടപ്പാക്കി വരുന്ന പദ്ധതിയാണ്.

5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി 30% വരെ ഗ്രാന്റ് അനുവദിച്ചു വരുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഖാദിബോര്‍ഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

4 ശരണ്യ
സംസ്ഥാന സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് വഴി നടപ്പാക്കി വരുന്ന പദ്ധതിയാണ്.

വിധവകള്‍ വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീകള്‍, എസ്.സി/എസ് ടി വിഭാഗത്തില്‍പ്പെടുന്ന അവിവാഹിതരായ അമ്മമാര്‍ ഇവര്‍ക്ക് പ്രയോജനം ലഭിക്കും. 50,000 രൂപ വരെ വായ്പയും 50% പരമാവധി 25000 രൂപ വരെ സബ്‌സിഡിയും നല്‍കുന്നു. സര്‍ക്കാര്‍ ഫണ്ട് ആണ് വായ്പയായി വിതരണം ചെയ്യുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെടണം.

5 നാനോ പലിശ സബ്‌സിഡി
സംസ്ഥാന സര്‍ക്കാര്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കി വരുന്ന പദ്ധതിയാണ് ഇത്

5 ലക്ഷം രൂപയില്‍ താഴെ വായ്പ എടുത്ത് സ്വന്തം ഭവനങ്ങളിലോ, മറ്റ് സ്ഥലത്തോ സംരംഭം നടത്തുന്നവര്‍ക്ക് വാര്‍ഷിക പലിശ തിരികെ നല്‍കുന്ന പദ്ധതിയാണിത്.തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കും ഇതിന് അര്‍ഹതയുണ്ട്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി 8 % പലിശ സബ്‌സിഡി അനുവദിച്ചു വരുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങളെയോ, ആയതിന്റെ സബ്ഓഫീസുകളെയോ ഇതിനായി കാണാവുന്നതാണ്.

6 എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം (ESS)
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കുന്നു.

നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് സ്ഥിരനിക്ഷേപത്തെ അടിസ്ഥാനമാക്കി 30 ലക്ഷം രൂപ വരെ സബ്‌സിഡിയായി അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണ്ട് സ്ഥിരനിക്ഷേപത്തിന്റെ 20% (കോവിഡിന്റെ പശ്ചാത്തലത്തില്‍ 25%ആയി ഉയര്‍ത്തി) പരമാവധി 30 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന സംരംഭകയ്ക്ക് ഇപ്പോള്‍ 35% വരെ സബ്‌സിഡി ലഭിക്കുവാന്‍ സാഹചര്യം ഉണ്ട്. വായ്പ എടുക്കാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ജില്ലാ വ്യവസായകേന്ദ്രം/സബ് ഓഫീസുകളെ ഇതിനായി കാണുക.

7 നാരീ ശക്തി വായ്പ
കേന്ദ്രസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കി വരുന്ന വായ്പാ പദ്ധതിയാണ് നാരീ ശക്തി.

സംരംഭകയുടെ വിഹിതം 5% ആയി നിജപ്പെടുത്തുന്നു. രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശയില്‍ 0.5% കണ്‍സഷന്‍ അനുവദിക്കുന്നു. 5 ലക്ഷം രൂപ വരെ യാതൊരു ഈടും ഇല്ലാതെ വായ്പ അനുവദിക്കുന്നു. ബന്ധപ്പെട്ട ധനകാര്യസ്ഥാപനത്തെയാണ് കാണേണ്ടത്.

8 നാനോ സംരംഭങ്ങള്‍ക്ക് 40% വരെ ഗ്രാന്റ്
സംസ്ഥാന സര്‍ക്കാര്‍ ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കി വരുന്ന പദ്ധതിയാണ്.

10 ലക്ഷം രൂപയില്‍ താഴെ പദ്ധതി ചെലവ് വരുന്ന നിര്‍മ്മാണ യൂണിറ്റുകള്‍ക്കും, ജോബ്‌വര്‍ക്ക് ചെയ്യുന്ന യൂണിറ്റുകള്‍ക്കും പ്രയോജനം കിട്ടും വായ്പ എടുക്കുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതി ചെലവിന്റെ 40% പരമാവധി 4 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍/താലൂക്ക് വ്യവസായ ഓഫീസുകളെ സമീപിക്കാം.

9 വനിതാസ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സഹായങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍ കേരള സ്റ്റാര്‍ട്ട്അപ്പ്മിഷന്‍ വഴി നടപ്പാക്കി വരുന്ന പദ്ധതികള്‍ ആണ്.

ടെക്‌നോളജി ട്രാന്‍സ്ഫര്‍ സ്‌കീം, സോഫ്റ്റ് ലോണ്‍ സ്‌കീം പ്രധാനപ്പെട്ട രണ്ട് വനിതാ സ്റ്റാര്‍ട്ട് അപ്പ് പദ്ധതികളാണ്. ടെക്‌നോളജി വാങ്ങുന്നതിന് വരുന്ന നിക്ഷേപത്തിന്റെ 90% പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. വനിതാ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ലഭിച്ച ഓര്‍ഡറുകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായി വരുന്ന തുകയുടെ 80% പരമാവധി 15 ലക്ഷം രൂപ വരെ സോഫ്റ്റ് ലോണ്‍ അനുവദിക്കുന്നു. കേരള സ്റ്റാര്‍ട്ട് അപ്പ്മിഷനുമായി ബന്ധപ്പെട്ട് വേണംഅപേക്ഷ സമര്‍പ്പിക്കുവാന്‍.

10 ആഷ
കരകൗശല തൊഴിലാളികള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കി വരുന്ന പദ്ധതിയാണ്.

ആര്‍ട്ടിസാന്‍ കാര്‍ഡ് ഉള്ള സംരംഭകയായിരിക്കണം ഗാര്‍മെന്റ് യൂണിറ്റുകള്‍ക്ക് പോലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്ഥിരനിക്ഷേപത്തിന്റെ 50% പരമാവധി 3 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. വായ്പ എടുക്കാത്തവര്‍ക്കും ഈ സബ്‌സിഡി ലഭിക്കുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. വനിതാ വികസന കോര്‍പ്പറേഷന്‍ 6 മുതല്‍ 8% വരെ പലിശയ്ക്ക് സംരംഭവായ്പകള്‍ അനുവദിച്ചു തരുന്നുണ്ട്. വനിതകള്‍ക്ക് എസ്.സി/എസ്.ടി. കോര്‍പ്പറേഷന്‍, ഒബിസി കോര്‍പ്പറേഷന്‍, മൈനോറിറ്റികോർപ്പറേഷൻ, വികലാംഗക്ഷേമകോർപ്പറേഷൻ,മുന്നാക്ക കോര്‍പ്പറേഷന്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കുന്നതാണ്. കൃത്യമായ ഒരു പദ്ധതി ഉണ്ടെങ്കില്‍ വായ്പയും സബ്‌സിഡിയുമായി വനിതകള്‍ക്കൊപ്പമുണ്ടാകും.

Author

Scroll to top
Close
Browse Categories