ശ്രീനാരായണഗുരു മഹാനിഘണ്ടു


ഖുർ-ആൻ :-
ഇസ്ലാം വൈദിക ഗ്രന്ഥം. വായിക്കപ്പെടുന്ന എന്ന് അർത്ഥം. 114 അധ്യായങ്ങളിലായി 6236 സൂക്തങ്ങൾ ഉള്ളടങ്ങിയിരിക്കുന്നു. ദൈവത്തിൽ – അല്ലാഹുവിൽ നിന്നു നേരിട്ടുള്ള വെളിപ്പെടുത്തലുകളെന്നു വിശ്വസിക്കുന്നു. മുഹമ്മദു നബി മുഖേനെ ഈ വചനങ്ങൾ ഭൂമിയിൽ അവതരിച്ചു. ഭാഷ അറബി.ഇസ്ലാം മതവിശ്വാസികളുമായി ഉറ്റ ബന്ധം പുലർത്തിയിരുന്ന ഗുരു ഖുർ-ആൻ നന്നായി മനസ്സിലാക്കിയിരുന്നു. അനുകമ്പാ ദശകത്തിലെ കരുണാവാൻ നബിമുത്തുരത്നമോ എന്ന പ്രയോഗത്തിലൂടെ ആദരവ് പ്രകടമാക്കി. ശിവഗിരി സർവ്വ മതപാഠശാലയിൽ ഖുർ- ആൻ പഠിപ്പിക്കുന്നു. ആവശ്യമെങ്കിൽ ശിവഗിരിയിൽ പള്ളി പണികഴിപ്പിക്കാമെന്നു് ഒരു മുസ്ലീം മതപണ്ഡിതനോടു ഗുരു പറഞ്ഞിരുന്നുവെന്നത് പ്രസിദ്ധമാണ്.
ഗുരു:-
ഗു – ഇരുട്ട് രു – രോധിക്കുന്നത്
ഇരുട്ടിനെ (അജ്ഞതയെ)ഇല്ലാതാക്കുന്നതാരോ അദ്ദേഹമാണ് ഗുരു. അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കി അറിവാകുന്ന വെളിച്ചത്തെ നല്കുന്നതയാള് എന്നര്‍ത്ഥം.
അജ്ഞാനതിമിരാന്ധസ്യ ലോകസ്യ
ജ്ഞാനാഞ്ജന ശലാകയാഃ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമഃ
(അജ്ഞാനമാകുന്ന തിമിരത്താൽ അന്ധരായവരുടെ കണ്ണുകൾ ജ്ഞാനമാകുന്ന അഞ്ജനശലാക കൊണ്ടെഴുതി ,തെളിയിക്കുന്നവനാണു ഗുരു.)
ഗുരുകുലം :-
ദാര്‍ശനിക മാസിക.നാരായണ ഗുരുകുലത്തിൻ്റെ മുഖപത്രം.1952ൽ പ്രസിദ്ധീകരണമാരംഭിച്ചു. ആദ്യ പത്രാധിപർ -മംഗലാനന്ദസ്വാമി
ഗുരുധര്‍മ്മ പ്രചാരണ സഭ:-
1963 മുതല്‍ ശിവഗിരിയിലും ഗുരുവുമായി ചരിത്രപ്രാധാന്യത്തോടെ ബന്ധപ്പെട്ട സ്ഥലങ്ങളിലും ശ്രീനാരായണധര്‍മ്മമീമാംസ പരിഷത്ത് നടത്തിയിരുന്നു. ഗുരുവിന്റെ കൃതികളുടെ പഠനവും മനനവുമാണ് പരിഷത്ത് വേദിയില്‍ അരങ്ങേറിയിരുന്നത്. ഇവയില്‍ നിന്നു ലഭിച്ച ആവേശമാണ് ഗുരുധര്‍മ്മ പ്രചാരണസഭയുടെ രൂപീകരണത്തിനു വഴി തെളിയിച്ചത്. പേരു സൂചിപ്പിക്കുന്നതു പോലെ ഗുരുധര്‍മ്മം പ്രചരിപ്പിക്കലാണു സഭയുടെ ലക്ഷ്യം.ശിവഗിരി മഠവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
ഗുരുധർമ്മം: –
ഗുരുവിന്റെ ധര്‍മ്മ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ഒരു ജാതി ഒരു മതം ഒരു ദൈവം ആണ്. സമൂഹജീവിതത്തില്‍ സദാചാരനിരതരായും പരോപകാര സേവന നിരതരായും ജീവിക്കുന്ന മനുഷ്യര്‍ ധര്‍മ്മം പാലിക്കുന്നുവെന്നു മനസ്സിലാക്കാം. ധര്‍മ്മ ഏവ പരം ദൈവം എന്ന ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം, അപരപ്രിയമെന് പ്രിയം തുടങ്ങിയവയില്‍ ഗുരുവിന്റെ ധര്മ്മസങ്കല്പം തെളിഞ്ഞുകാണാം. ഒരു ജാതി = മനുഷ്യജാതി, ഒരു മതം = ആത്മസുഖപ്രയത്നം, ഒരു ദൈവം = അറിവ്. ഗുരുവിന്റെ ദര്‍ശനവും മതവും ഇതില്‍ അടങ്ങിയിരിക്കുന്നു.
ഗുരുവരുൾ:-
നാരായണ ഗുരുവിനു സമർപ്പിച്ച ജീവിതമായിരുന്നല്ലോ നടരാജഗുരുവിന്റേത്.നാരായണ ഗുരുവിന്റെ ജീവിതം, ദർശനം എന്നിവയെ അധികരിച്ച് നടരാജഗുരു എഴുതിയ The Word of the Guru എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ഗുരുവരുൾ.342 പേജ്, രണ്ടു ഭാഗങ്ങളായി 20 അധ്യായങ്ങൾ പ്രസിദ്ധീകരണം വർക്കല നാരായണ ഗുരുകുലം
ഗോവിന്ദാനന്ദ സ്വാമികള്‍:-
ജനനം 1882. മരണം 1930 ഡിസംബര്‍ 13.
ഗുരുവിന്റെ വില്പത്രപ്രകാരം പിൻതുടർച്ച അവകാശി ബോധാനന്ദ സ്വാമികള്‍ ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഗുരു സമാധിയടഞ്ഞതിന്റെ മൂന്നാമത്തെ ദിവസം ബോധാനന്ദസ്വാമികള്‍ നിര്യാതനായി. തുടര്‍ന്ന് ധര്‍മ്മസംഘത്തിന്റെ മഠാധിപതിയായത് ഗോവിന്ദാനന്ദ സ്വാമികളാണ്. കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തിന്റെ സ്ഥാപകനും അധിപതിയും ആയിരുന്നു.
ജപ്പാന്, ബര്‍മ്മ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങള്‍ ഗുരുധര്‍മ്മ പ്രചാരണത്തിനായി സഞ്ചരിച്ചു. ഈ നിലയിൽ ആദ്യമായാണ് ഒരു ഗുരുശിഷ്യന് സേവനം ചെയ്തത്.
ഫോര്‍ട്ട് കൊച്ചിയിലെ ചിരട്ടപ്പാലം എന്ന സ്ഥലത്ത് പടിപ്പുരയ്ക്കല്‍ ജനിച്ച ഗോവിന്ദന് വളര്‍ന്നപ്പോള്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടി മുന്‍സിപ്പല്‍ ഉദ്യോഗസ്ഥനായും പിന്നീട് പോലീസ് വകുപ്പില്‍ സബ് ഇന്‍സ്പെക്ടറായും ജോലി ചെയ്തു. ബോധാനന്ദസ്വാമികളെ പരിചയപ്പെടുകയും സ്വാമികളില്‍ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചെയ്തു. അങ്ങനെ ഗുരുവിന്റെ അടുക്കല്‍ എത്തിച്ചേര്‍ന്നു. കുറച്ചു കഴിഞ്ഞു ഗുരുവിന്റെ ആശിസ്സുകളോടെ ഇന്ത്യയിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. തീര്‍ത്ഥാടനം കഴിഞ്ഞു വരവെ മദ്രാസിലെ കാഞ്ചീപുരത്തെ ജനങ്ങളുടെ ദുരിത ജീവിതം സ്വാമികളുടെ ശ്രദ്ധയില്‍പ്പെട്ടു അവിടെ ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ച് ജാതി വ്യത്യാസങ്ങള്‍ക്കും മറ്റു ദുരിതങ്ങള്‍ക്കും എതിരെ പ്രവര്‍ത്തനം നടത്തി. പിന്നീട് നിശാ പാഠശാല സ്ഥാപിച്ചു. ലോകത്തിന്റെ തന്നെ ശ്രദ്ധകേന്ദ്രമാകും വിധം ശ്രീനാരായണ സേവാശ്രമം വളര്‍ന്നു. ഗോവിന്ദസ്വാമികളുടെ ഖ്യാതിയും. ഗുരുവുമായി വളരെ അടുപ്പമായിരുന്നു. ശ്രീനാരായണ ധര്‍മ്മസംഘം സ്ഥാപിച്ചപ്പോള്‍ അതില്‍ രണ്ടാമതായി ഒപ്പിട്ടത് ഗോവിന്ദ സ്വാമികളാണ്.
ഗോവിന്ദദാസ്.എ .കെ,:-
ഗുരുവിന്റെ ഗൃഹസ്ഥശിഷ്യരിൽ പ്രമുഖനായിരുന്നു ആലുംമൂട്ടിൽ ഗോവിന്ദദാസ്.ശ്രീമൂലം പ്രജാസഭയിൽ അംഗം. അധ:സ്ഥിത ജനതയുടെ ക്ഷേമത്തിനായി സഭയ്ക്കകത്തും പുറത്തും പ്രവർത്തിച്ചു.അകാലത്തിൽ മരിച്ച മകളുടെ പേരിൽ ശാരദാമoത്തിനു സമീപം വനജാക്ഷി മണ്ഡപം നിർമ്മിച്ചു.ഗുരു സമാധിയായപ്പോൾ ഭൗതിക ശരീരം ഇവിടെയാണു പ്രദർശിപ്പിച്ചത്. ഗുരുവിൻ്റെ എല്ലാ മേഖലയിലെ പ്രവർത്തനങ്ങൾക്കും ആളും അർത്ഥവുമായി സഹകരിച്ചു. വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുത്തു.1925 ലെ ഗുരു – ഗാന്ധി സന്ദർശനത്തിനു വേദിയായ കെട്ടിടം ഗോവിന്ദദാസ് വകയാണ്.ഗാന്ധി ആശ്രമം എന്ന പേരിൽ കെട്ടിടം അറിയപ്പെടുന്നു.
ഗോവിന്ദന് വൈദ്യര്, വല്ലഭശേരി: –
ജനനം 1872 ഏപ്രില്‍ 15. മരണം 1953 നവംബര്‍ 14.മാതാപിതാക്കള്‍ ചങ്ങനാശ്ശേരി ആലുംതുരുത്തില് വല്ലഭശേരി കുടുംബത്തില്‍ കുഞ്ഞമ്മയും മാവേലിക്കര പുതിയകാവ് കരയിലെ കുടുംബത്തിലെ കൊച്ചു പണിക്കരും. ഗുരുകുലരീതിയില്‍ സംസ്കൃതപഠനം നടത്തി. പഠനാനന്തരം കളരി ഉണ്ടാക്കി കുട്ടികളെ പഠിപ്പിച്ചു. ആശാന് എന്ന പേര് സമ്പാദിച്ചു. അധ്യാപകനായിരിക്കെ ആയുര്‍വേദം പഠിച്ചു വൈദികവൃത്തിയില്‍ ഏര്‍പ്പെട്ടു. ഗുരുവുമായി കണ്ടുമുട്ടിയതോടെ സമുദായ പ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജസ്വലമായി ഇടപെട്ട് തുടങ്ങി. ചെറിയ ചെറിയ യോഗങ്ങള്‍ സംഘടിപ്പിച്ചു ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചു. കോട്ടയം നാഗമ്പടത്ത് ആരംഭിച്ച ആചന്ദ്രതാര പ്രശോഭിനി സഭയുടെ സ്ഥാപക നേതാവാണ്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു.
ഗുഹാഷ്ടകം:-
ഗുരു രചിച്ചതായി കണക്കാക്കുന്ന ഈ അഷ്ടകം ശിവപുത്രനായ ഗുഹനെ പ്രണമിക്കുന്നതാണ്. സുബ്രഹ്മണ്യനെ പ്രണയിക്കുവാനും വണങ്ങുവാനും കുമ്പിടുവാനും തൊഴാനും കൈകൂപ്പാനും നമിക്കുവാനും ഓരോ അഷ്ടകവും അഭ്യര്‍ത്ഥിക്കുന്നു.

ഗൃഹസ്ഥാശ്രമം:-
ആർഷ ധർമ്മശാസ്ത്രo മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളാക്കി അഥവാ ആശ്രമങ്ങളായി വിഭജിച്ചിരിക്കുന്നു. സവർണ്ണ വിഭാഗങ്ങൾ , അവരിൽ തന്നെ ബ്രാഹ്മണർ ആണിത് കൃത്യമായി ആചരിച്ചിരുന്നത്.വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന ബ്രഹ്മചര്യാശ്രമത്തിനു ശേഷം കുടുംബ ജീവിതത്തിലേക്കും സമൂഹകാര്യങ്ങളിലേയ്ക്കും പ്രവേശിക്കുന്ന ഘട്ടമാണ് ഗൃഹസ്ഥാശ്രമം.തുടർന്നു വാനപ്രസ്ഥം, സന്യാസം എന്നിവയും
ചതയദിനം:-
ശ്രീനാരായണഗുരുവിന്റെ ജന്മദിനം. 1032 ചിങ്ങം 5 ചതയം നാൾ. ഇംഗ്ലീഷ് രീതിയിൽ 1856 ആഗസ്റ്റ് .ലോകമെമ്പാടുമുള്ള മലയാളികൾ ശ്രീ നാരായണ ജയന്തി പുണ്യദിനമായി ആചരിക്കുന്നു. ഘോഷയാത്ര, മതസൗഹാർദ്ദ സദസ്സുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.
ചതുർവേദങ്ങൾ :-
അദ്വൈത സിദ്ധാന്തത്തിന് ആധാരമായത് ചതുർവ്വേദങ്ങളാണ്.ഋഗ്വേദമാണ് പ്രഥമം. ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയാണ് മറ്റു മൂന്നു വേദങ്ങൾ
ചതുര്വേദസാരം :-
സത്യം ജ്ഞാനമനന്ദം ബ്രഹ്മ, വിജ്ഞാനമാനന്ദം ബ്രഹ്മ:, തത്ത്വമസി, അയമാത്മാ ബ്രഹ്മ, അഹം ബ്രഹ്മാസ്മി ഇവയാണ് ചതുർവേദസാരം

ചതുഷ്പദി :-
”ജാതിഭേദം മതദ്വേഷ –
മേതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാമിത്”
അരുവിപ്പുറം പ്രതിഷ്ഠ ദിനത്തിൻ്റെ തലേന്നാൾ തന്നെ ഗുരുവിൻ്റെ ആശ്രമത്തിനരികെയുള്ള രണ്ടു മരങ്ങളുടെ മധ്യഭാഗം വരുന്ന നിലയിൽ, ഈ ചതുഷ്പദി ആലേഖനം ചെയ്ത വെള്ളത്തുണി ഉയർത്തി കെട്ടിയിരുന്നു .
ചട്ടമ്പിസ്വാമികള്‍:-

1853 ആഗസ്റ്റ് 25 തിരുവനന്തപുരത്തെ കണ്ണന്‍മൂലയിലാണ് ചട്ടമ്പിസ്വാമികള്‍ ജനിച്ചത്. അച്ഛന് ക്ഷേത്രപൂജാരിയായിരുന്ന താമരശ്ശേരി ഇല്ലത്തു വാസുദേവശര്‍മ്മ. അമ്മ നങ്ങമ്മപ്പിള്ള. അയ്യപ്പന്, കുഞ്ഞന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടു. പിന്നീട് ഷണ്മുഖദാസന് എന്നു വിളിച്ചു. പഠനകാലത്ത് ക്ലാസ്സില്‍ ലീഡറായിരുന്നതുകൊണ്ട് ചട്ടമ്പിയെന്നും പേരു കിട്ടി. ആത്മീയജീവിതം തെരഞ്ഞെടുത്തോടെ ചട്ടമ്പിസ്വാമികള്‍ എന്നു പ്രശസ്തമായി.
കലാശാസ്ത്രതത്ത്വങ്ങള്, താളവാദ്യകലപ്രയോഗം, വേദവേദാന്തപാണ്ഡിത്യം ഇവയിലെല്ലാം അഗ്രഗണ്യനായിരുന്നു. സാമ്പത്തിക ഉച്ചനീചത്വങ്ങളോ സാമുദായികഭിന്നതയോ സ്ത്രീപുരുഷവ്യത്യാസമോ പരിഗണിക്കാതെ താനാര്‍ജ്ജിച്ച പാണ്ഡിത്യം പകര്‍ന്നു നല്കുന്നതില് മടിയില്ലായിരുന്നു. നായര്സമുദായത്തില് നിലനിന്ന അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ബ്രാഹ്മണര്‍ക്കല്ലാതെ വേദം പഠിക്കാന്‍ പാടില്ലെന്ന നിശ്ചയത്തെ ഖണ്ഡിച്ചുകൊണ്ട് വേദാധികാരനിരൂപണം രചിച്ചു. ബ്രാഹ്മണര്‍ക്കു പരശുരാമനില്‍ നിന്നു ലഭിച്ചതാണ് കേരളമെന്ന ഐതിഹ്യത്തെ പൊളിച്ചു കാണിക്കുന്ന കൃതിയാണ് പ്രാചീനമലയാളം.
1883 നോടടുപ്പിച്ച് ചെമ്പഴന്തിക്കടുത്തുള്ള ആണിയൂര് ക്ഷേത്രത്തില്‍ വെച്ചാണ് നാരായണഗുരുവും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയത്. ആദ്യസന്ദര്‍ശനത്തില്‍ തന്നെ പരസ്പരം ആകൃഷ്ടരായി. പരസ്പരം സ്നേഹബഹുമാനം അവസാനകാലം വരെ പുലര്‍ത്തി. യോഗശാസ്ത്രം പഠിക്കുന്നതിന് ചട്ടമ്പിസ്വാമികള്‍ തന്റെ ഗുരുവായ തൈക്കാട്ട് അയ്യാവിന്റെ അരികില്‍ നാരായണഗുരുവിനെ എത്തിച്ചു. അവിടുത്തെ പഠനശേഷം രണ്ടുപേരും ചേര്‍ന്ന് മരുത്വാമലയിലേക്ക് പുറപ്പെട്ടു. ഏതാനും ദിവസത്തെ ഏകാന്തവാസത്തിനുശേഷം ചട്ടമ്പിസ്വാമികള്‍ തിരിച്ചുപോന്നു. ഗുരു ജ്ഞാനോദയം ഉണ്ടാകുന്നതുവരെ അവിടെ തുടര്‍ന്നു.
1924 മെയ് അഞ്ചിന് പന്മനയില് അന്തരിച്ചു.