ശ്രീനാരായണ മഹാനിഘണ്ടു


ബോധാനന്ദസ്വാമികള്‍:
സന്യസ്തശിഷ്യരില്‍ പ്രമുഖന്‍. തൃശൂര്‍ ജില്ലയില്‍ കരുവന്നൂര്‍പ്പുഴയുടെ തീരത്ത് ചിറക്കലില്‍ ഈഴവന്‍ പറമ്പു തറവാട്ടില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ സര്‍വ്വസംഗ പരിത്യാഗിയായി വീടുവിട്ടിറങ്ങി. ഇന്ത്യയിലെമ്പാടും ചുറ്റിക്കറങ്ങി. ഹിമാലയത്തിലെത്തി. ശങ്കരാചാര്യപരമ്പരയില്‍പ്പെട്ട കാശിയിലെ ജ്യോതിര്‍ മഠത്തില്‍ നിന്നു സന്യാസം സ്വീകരിച്ചു. നാട്ടില്‍ തിരിച്ചെത്തിയശേഷം അയിത്തത്തിനും ജാതി അനാചാരങ്ങള്‍ക്കുമെതിരെ ധര്‍മ്മഭട സംഘത്തിനു രൂപം നല്‍കി. സവര്‍ണ്ണര്‍ ബലം പ്രയോഗിച്ചാണ് ജാതീയമായ അനാചാരങ്ങള്‍ അടിച്ചേല്പിച്ചിരുന്നത്. അതിനെതിരെ ബലപ്രയോഗത്തിലൂടെ അറുതി വരുത്തുകയെന്നതായിരുന്നു ധര്‍മ്മഭടസംഘത്തിന്റെ മാര്‍ഗ്ഗം. കായിക പരിശീലനം നേടിയ യുവാക്കളെ ഇതിനായി ഒരുക്കി. കൊച്ചി മലബാര്‍ മേഖലകളിലെ ധര്‍മ്മഭടസംഘത്തിന് അനേകം യൂണിറ്റുകള്‍ രൂപംകൊണ്ടു. ഈ പ്രദേശങ്ങളില്‍ അവര്‍ണ്ണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ സംഘമായിരുന്നു ധര്‍മ്മമഭടസംഘം പിന്നീട് ശ്രീനാരായണഗുരുവിന്റെ അനുയായി തീര്‍ന്നു. മാത്രവുമല്ല, ഗുരുദേവന്റെ അനന്തരഗാമിയായി ഗുരുദേവനാല്‍ അഭിഷിക്തനാവുകയും ചെയ്തു. 1928 ല്‍ ശിവഗിരി മഠം കേന്ദ്രമാക്കി ശ്രീനാരായണ ധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിക്കുവാന്‍ നേതൃത്വം കൊടുത്തത് സ്വാമികളാണ്. ആദ്യ അധ്യക്ഷനായി ഗുരു നിയോഗിച്ചത് ബോധാനന്ദ സ്വാമികളെ ആയിരുന്നു. ഗുരു എസ്എന്‍ഡിപി യോഗത്തിന്റെ പ്രസിഡന്റായിരിക്കെ ബോധാനന്ദസ്വാമികള്‍ വൈസ്‌പ്രസിഡ ന്റായിരുന്നു. ഗുരുവിന്റെ സമാധിക്കു മൂന്നാം നാള്‍ ബോധാനന്ദസ്വാമികളും സമാധിയായി(1928 സെപ്തംബര്‍ 24ന് വെളുപ്പിനു മൂന്നര മണിക്ക്). കൊച്ചി എസ് എന്‍ ഡി പി യോഗത്തിന്റെ (കൊച്ചി നിയമമഹാസഭ) പ്രസിഡന്റായി പതിമൂന്നു വര്‍ഷം ചുമതല വഹിച്ചു. സാധുക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗം ,ജീവിതവൃത്തി എന്നിവയെ സഹായിക്കുന്നുന്നതിന് വേണ്ടി കൊച്ചി നാഷണല്‍ ബാങ്ക് സ്ഥാപിച്ചു. ബോധാനന്ദനോളം ത്യാഗം സമുക്കില്ലല്ലോ എന്ന ഗുരുവിന്റെ വാക്കുകള്‍ മാത്രം മതി സ്വാമികളുടെ മഹത്വം മനസ്സിലാക്കാന്‍.

ബോധേശ്വരന്‍:
ജനനം: അരുവിപ്പുറത്ത് നെയ്യാറ്റിന്‍കര ചമ്പയില്‍. അച്ഛന്‍: ഗുരുഭക്തനായിരുന്ന കുഞ്ഞന്‍പിള്ള. കേശവപ്പിള്ള എന്ന് അച്ഛനമ്മമാര്‍ വിളിച്ച പേര്. വേദാന്തത്തിലും ആധ്യാത്മിക വിഷയങ്ങളിലും താല്പര്യമുണര്‍ന്ന കേശവപ്പിള്ള ആ മാര്‍ഗ്ഗത്തിലേക്കു നീങ്ങി. ഗുരുവിന്റെ അനുഗ്രഹത്തോടെ ശിവഗിരിയിലെ അന്തേവാസിയായി. ഗുരുവിനൊപ്പം സഞ്ചരിച്ചു. യോഗങ്ങളില്‍ പ്രസംഗിച്ചു. മൂന്നു വര്‍ഷത്തിനുശേഷം കാശി, രാമേശ്വരം തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ബോധേശ്വരനെന്ന പേര് സ്വീകരിച്ചു. ധാരാളം കവിതകളെഴുതി. ദേശീയപ്രസ്ഥാനത്തെ ചലനം കൊള്ളിച്ചു. പിന്നീട് ഗൃഹസ്ഥാശ്രമിയായി. പ്രശസ്തകവയിത്രി സുഗതകുമാരി മകള്‍.

ബുദ്ധമതം:
കപിലവസ്തുവില്‍ ജനിച്ച ബുദ്ധന്റെ ദര്‍ശനങ്ങളെ ആസ്പദമാക്കി പടര്‍ന്നു പിടിച്ച ബുദ്ധമതം ക്രിസ്തുവിനു മുന്‍പ് മൂന്നാം നൂറ്റാണ്ടു മുതലെ കേരളത്തിലെത്തിയിരുന്നു. ലോകത്തെ പ്രഥമ മതമായി വിലയിരുത്തപ്പെടുന്നു. സംഘം ശരണം, ധര്‍മ്മം ശരണം,ബുദ്ധം ശരണം എന്നീ ത്രിശരണങ്ങളാണ് ബുദ്ധദര്‍ശനത്തിന്റെ കാതല്‍.ആയിരം വര്‍ഷം ബുദ്ധദര്‍ശനം കേരളത്തിലെ ജനങ്ങളെ ആകര്‍ഷിച്ചു. ഈഴവസമുദായം ബുദ്ധമതത്തിന്റെ അനുയായികളാണെന്നു വിശ്വസിക്കുന്നു. അദ്വയവാദിയായ ബുദ്ധന്റെ ആശയങ്ങള്‍ നാരായണഗുരുവില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

ബൗദ്ധര്‍:
ബുദ്ധമതക്കാര്‍ക്കൊപ്പം മുഹമ്മദീയരെയും ബൗദ്ധര്‍ എന്നു വിശേഷിപ്പിച്ചു കാണുന്നു. ബ്രാഹ്‌മണാധിപത്യക്കാലത്ത് നിരവധി ബുദ്ധമതാനുയായികള്‍ ഇസ്ലാം മതത്തില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാകണം മുഹമ്മദീയരെയും ബൗദ്ധരെന്നു വിളിക്കാന്‍ കാരണം.ക്രിസ്തുമതത്തിലേയ്ക്കും കൂടുമാറ്റം നടന്നിട്ടുണ്ട് .ബുദ്ധമതത്തിന്റെ ആരാധനാ കേന്ദ്രങ്ങളെ വിളിച്ചിരുന്ന പള്ളി എന്ന വാക്ക് ഇന്ന് ഇസ്ലാം -ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു.
ബ്രഹ്‌മവിദ്യാ പഞ്ചകം:
ഗുരുകൃതി. 1887-97 കാലത്തു രചന നടത്തിയതായി കണക്കാക്കുന്നു. വിദ്യ ആഗ്രഹിച്ചു ഗുരുവിന്റെ അരികിലെത്തി ബ്രഹ്‌മത്തെക്കുറിച്ചു വിശദീകരിച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ശിഷ്യന് ഗുരു നല്‍കുന്ന ഉപദേശമാണ് ബ്രഹ്‌മവിദ്യാപഞ്ചകം. സംസ്‌കൃതത്തിലാണു ശ്ലോകങ്ങള്‍.

ബ്രഹ്‌മവിദ്യാലയം:
ബ്രഹ്‌മവിദ്യാപഠനത്തിനു ഉതകും വിധം ഒരു മതമഹാപാഠശാല സ്ഥാപിക്കണമെന്ന് ഗുരു ആഗ്രഹിച്ചിരുന്നു. ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ അവസാനം ഗുരു പുറപ്പെടുവിച്ച പ്രസ്താവന ഇതുമായി ബന്ധപ്പെട്ടതായിരുന്നു. (കാണുക: സര്‍വ്വമതസമ്മേളനം) ഇതിന്റെ സാക്ഷാത്ക്കാരം 1925 ഒക്ടോബര്‍ 15 (1101 തുലാം 1) നടന്നു. അന്നാണ് ഗുരു ശിവഗിരിയില്‍ ബ്രഹ്‌മവിദ്യാമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. കാശിസ്വാമികളും സന്യാസികളും നിരവധി ഭക്തന്മാരും സന്നിഹിതരായിരുന്നു. ഗുരു സമാധിക്കു ശേഷമാണ് ബ്രഹ്‌മവിദ്യാലയം പണി പൂര്‍ത്തിയായത്. രണ്ടു പ്രഖ്യാപിതലക്ഷ്യങ്ങളാണ് ബ്രഹ്‌മവിദ്യാലയത്തിലെ പഠനത്തിന് നിശ്ചയിച്ചത്.
- ഗുരുവിന്റെ ദര്‍ശനത്തെ പിന്തുടര്‍ന്ന് അര്‍പ്പണ മനോഭാവത്തോടെ ജീവിക്കുവാന്‍ തയ്യാറുള്ള ഒരു സന്യാസിപരമ്പരയെ സൃഷ്ടിക്കുക.
- ജാതിവര്‍ണ്ണ വ്യത്യാസമില്ലാതെ വിശ്വപൗരന്മാരെ വാര്‍ത്തെടുക്കുക. ഇതിനു സാധ്യമാകുന്ന ഒരു പാഠ്യ പദ്ധതി ഇവിടുത്തെ കോഴ്‌സിനു നിര്‍ദ്ദേശിച്ചിരിക്കുന്നു. ബ്രഹ്‌മവിദ്യാസംഘം:
ജാതി-മതങ്ങള്‍ക്ക് അതീതമായി സോദരത്വേനെ വാഴാന്‍ മനുഷ്യര്‍ക്കു കഴിയണമെന്നു ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്ത സംഘം. തിയോസഫിക്കല്‍ സൊസൈറ്റി കാണുക
ബ്രഹ്‌മസമാജം:
അയിത്താചരണം, അസ്പര്‍ശ്യത എന്നിവക്കെതിരെ പ്രവര്‍ത്തിച്ചവരാണ് ബ്രഹ്‌മസമാജക്കാര്‍. 1828 ല്‍ രാജാറാം മോഹന്‍ റോയ് നേതൃത്വത്തില്‍ കല്‍ക്കത്ത കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങി.1898ല്‍ ബ്രഹ്‌മസമാജത്തിന്റെ ശാഖ കോഴിക്കോട് സ്ഥാപിച്ചു. ഡോ. അയ്യത്താന്‍ ഗോപാലന്‍ ആയിരുന്നു നേതാവ്.
ബ്രഹ്‌മസൂത്രം:
ബാദരായണ മഹര്‍ഷിയാല്‍ വിരചിതമെന്ന് ഭൂരിപക്ഷാഭിപ്രായം. ബാദരായണനും വേദവ്യാസനും ഒരാള്‍ തന്നെയാണെന്നും വിശ്വാസമുണ്ട്. വാദപ്രതിവാദരൂപത്തിലാണ് ബ്രഹ്‌മസൂത്രത്തിന്റെ രചന. ശങ്കരാചാര്യരുടെ ഭാഷ്യം വന്നതോടെയാണ് പ്രശസ്തമായത്. അദ്വൈത സിദ്ധാന്തമാണ് ശങ്കരാചാര്യരുടെ ഭാഷ്യം.ബ്രഹ്‌മസൂത്രരചനയ്ക്ക് 2500 വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നു.
ഭദ്രകാള്യഷ്ടകം:
ഗുരുകൃതി. രചിച്ചത് 1884 എന്ന് കണക്കാക്കുന്ന ഭദ്രകാളി കീര്‍ത്തനം. ഫലശ്രുതിയടക്കം ഒന്‍പതു ശ്ലോകം. ദാരികാസുരവധം മുതലായവ വര്‍ണ്ണിക്കുന്നു. രോഗങ്ങളും പാപങ്ങളും ഇല്ലാതാക്കുന്നതും ശ്രേയസ്സും ഐശ്വര്യവും മംഗളധര്‍മ്മ കീര്‍ത്തിയും നേടിത്തരുന്നതും ആണ് ഈ ഭദ്രകാളി കീര്‍ത്തനം എന്നും പറയുന്നു.
ഭഗവദ് ഗീത:
മഹാഭാരത ഇതിഹാസത്തിന്റെ ഭാഗമാണ് ഭഗവദ് ഗീത. ഇതിഹാസത്തിലെ ഭീഷ്മപര്‍വ്വത്തിലാണ് ഗീത അടങ്ങിയിരിക്കുന്നത്. കുരുക്ഷേത്രയുദ്ധമദ്ധ്യേ, എതിര്‍നിരയിലെ ഗുരുക്കളെയും ബന്ധുമിത്രാദികളെയും കണ്ട് തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്ന പാര്‍ത്ഥനെ, കര്‍മ്മോന്മുഖനാക്കുന്നതിനു സാരഥിയായ കൃഷ്ണന്‍ നല്‍കുന്ന ഉപദേശമാണ് ഭഗവദ് ഗീത. അദ്വൈതദര്‍ശനം അടങ്ങിയതും ശങ്കരാചാര്യര്‍ വ്യാഖ്യാനിച്ചതുമായ ഭഗവദ്ഗീത ഗുരുവിനു പ്രമാണമായിരുന്നുവോ എന്നതു തര്‍ക്കവിഷയമാണ്. അര്‍ജുനനോടു കൊല്ലാന്‍ പറഞ്ഞതിനെ കുറിച്ച് കൃഷ്ണന്‍ പിന്നീടു പശ്ചാത്തപിച്ചിട്ടുണ്ടാകാമെന്നു ഒരു സംഭാഷണമധ്യേ ഗുരു പറഞ്ഞതായി നടരാജഗുരു രേഖപ്പെടുത്തിയിട്ടുണ്ട്.