ശ്രീനാരായണ മഹാനിഘണ്ടു

പിള്ളത്തടം

പിള്ളത്തടം:
മരുത്വാമലയിലെ ഗുഹയാണ് പിള്ളത്തടം. ഒരാള്‍ക്ക് സുഖമായി ഇരിക്കാന്‍ പാകത്തിലുള്ള ഈ ഗുഹയ്ക്കു സമുദ്രാഭിമുഖമായി തുറന്ന വശമുള്ളതിനാല്‍ എല്ലായ്‌പ്പോഴും ശുദ്ധവായു ലഭ്യമായിരുന്നു. ഇവിടെയാണ് ഗുരു തപസ്സു ചെയ്തത്. പച്ചിലകളും കിഴങ്ങുകളും കായ്കളും പഴങ്ങളും മറ്റും ഭക്ഷിച്ചാണ് വിശപ്പടക്കിയിരുന്നത്. കട്ടുക്കോടി എന്നു പേരായ ചെടിയുടെ ഇലച്ചാറ് പിഴിഞ്ഞ് ഇലക്കുമ്പിളില്‍ ഒഴിച്ചു വെച്ചാല്‍ കുറച്ചുനേരം കൊണ്ട് ഉറച്ച് കട്ടിയുള്ള അപ്പമായി തീരും. അതുപയോഗിച്ചതായി ഗുരു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഊരുവെള്ളം കൊണ്ട് ദാഹം തീര്‍ത്തു. ഗുഹയില്‍ രാത്രികാലങ്ങളില്‍ കൂട്ടുകിടക്കാന്‍ ഒരു പുലിയും പാമ്പും വരാറുണ്ടെന്നു ഗുരു പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

പുലയര്‍ :
പ്രാചീന ജനസമുദായമാണ് പുലയര്‍. അധഃകൃത ജനങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടുന്നു. പുലയര്‍ എന്ന വാക്കിന്റെ ഉല്പത്തി പുല അഥവാ അയിത്തമെന്ന വാക്കില്‍ നിന്നാണെന്നും പുലം അഥവാ വയല്‍ എന്ന വാക്കില്‍ നിന്നാണെന്നും രണ്ട് അഭിപ്രായമുണ്ട്. പാടത്തു പണിയെടുക്കുന്നവരാണല്ലോ പുലയര്‍. ആ അർത്ഥത്തിനാണു സാധുത.ആദിയിൽ പുലത്തിന്റെ ഉടമകളും വയലൊരുക്കുന്നവരും ആയിരിക്കണം. ചേരമര്‍, ചേരമക്കള്‍, ചെറുമക്കള്‍ എന്ന പ്രയോഗങ്ങളുമുണ്ട്. ചേരരാജ്യത്തെ ആദിമജനതയാണെന്നു പറയപ്പെടുന്നു.

പൂർണ്ണാനന്ദസ്വാമികൾ:
ഗുരുകൃതിയായ അനുകമ്പാദശകം ഗുരുമുഖത്തു നിന്നും നേരിട്ടു കേട്ടു എഴുതിയെടുക്കാൻ അവസരം ലഭിച്ചു.ശിവഗിരി മഠത്തിലെ ശാന്തിക്കാരനായിരുന്നു. മഹാസമാധിയുടെ പൂജാദികർമ്മങ്ങൾ നിർവ്വഹിച്ചു,.ധർമ്മസംഘത്തിന്റെ ട്രഷററായി ചുമതല വഹിച്ചിട്ടുണ്ട്.

പെരിയോര്‍:
രാമസ്വാമിനായ്ക്കര്‍ (കാണുക)

പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യര്‍:
വാരണപള്ളി തറവാട്ടില്‍ ഉപരിപഠനം നടത്തവെ ഗുരുവിന്റെ സഹപാഠി ആയിരുന്നു കൃഷ്ണന്‍ വൈദ്യര്‍. വെളുത്തേരി കേശവന്‍ വൈദ്യര്‍, മണമ്പൂര്‍ കേശവനാശാന്‍, ഉടയാങ്കുഴിയില്‍ കൊച്ചുരാമന്‍ വൈദ്യര്‍ എന്നിവര്‍ ഗുരുവിനൊപ്പം വിദ്യ അഭ്യസിച്ചവരും പിന്നീടു അവരവരുടെ പ്രവൃത്തികളില്‍ പ്രശസ്തരായവരുമാണ്.

പ്രത്യക്ഷജ്ഞാനം:
പഞ്ചേന്ദിയങ്ങളുടെ സഹായത്തോടെ നമുക്കു ലഭിക്കുന്ന അനുഭവജ്ഞാനം.

പ്രമ:
അറിവു്, യഥാർത്ഥ ജ്ഞാനം

പ്രമാണം:
പ്രമയെ (സുനിശ്ചിതമായ അറിവിനെ) ഉറപ്പിക്കുന്നത് പ്രമാണം. പ്രമാണം ആറു വിധം.പ്രത്യക്ഷം, അനുമാനം, ഉപമാനം, അര്‍ത്ഥാപത്തി, അനുപലബ്ധി; ശബ്ദം അഥവാ ശ്രുതി; ഇന്ദ്രിയനിഷ്ഠ വിജ്ഞാനം-പ്രത്യക്ഷം. അനുമാനിച്ചറിയുന്നത് അനുമാനജ്ഞാനം (പുകയുണ്ടോ തീയുണ്ട്); പറഞ്ഞുകേട്ടതിനെ പിന്നീടു കാണുമ്പോള്‍ തിരിച്ചറിയുന്നത് ഉപമാനജ്ഞാനം (ഉപമിതി ജ്ഞാനം); ഉപവസിക്കുന്നുവെന്നവകാശപ്പെടുന്നയാള്‍ തടിച്ചുകാണുമ്പോള്‍ എത്തുന്ന നിഗമനം അര്‍ത്ഥാപത്തി; അഭാവ നിശ്ചയം ഏതൊരറിവിന്റെ വൃത്തികൊണ്ടുണ്ടാകുന്നുവോ അതാണു് അനുപലബ്ധിജ്ഞാനം. ശ്രുതികളിൽ കാണുന്നതു സത്യമെന്നു വിശ്വസിച്ചു പോരുന്നതു് ശബ്ദ പ്രമാണം അഥവാ ശ്രുതി പ്രമാണം.നാരായണ ഗുരു നിർവചിച്ച മൂന്നു പ്രമാണങ്ങൾ പ്രത്യക്ഷജ്ഞാനം, അനുമിതി ജ്ഞാനം, ഉപമിതി ജ്ഞാനം എന്നിവയാണ്.

പ്രണവം:
ഓം എന്ന ഏകാക്ഷരം തന്നെ പ്രണവമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും ആദിയില്‍ ഉച്ചരിക്കുന്ന ശബ്ദമായതുകൊണ്ട് പ്രണവമെന്നു പേരുണ്ടായി. (പ്ര = മുമ്പ് എന്നും ണ = സ്തുതിക്കുക എന്നു അര്‍ത്ഥം.) മാണ്ഡൂക്യോപനിഷത്തിലെ ഓങ്കാരശബ്ദവിശദീകരിണത്തില്‍ ഓം എന്ന ഏകാക്ഷരമാണ് സര്‍വ്വവും എന്നു പറയുന്നു.

പ്രതിഷ്ഠകള്‍:
ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ എത്രയെന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഗുരു കുറ്റിയടിച്ചതും പ്രതിഷ്ഠ നടത്തിയതും പുതുക്കിയതും ഗുരുവിന്റെ നിര്‍ദ്ദേശത്താല്‍ ശിഷ്യര്‍ പ്രതിഷ്ഠിച്ചതും എല്ലാം ചേര്‍ത്താൽ അറുപതോളം വരും. നൂറോളം വരുമെന്ന ഊഹക്കണക്കമുണ്ട്.. ഇവയ്ക്കു പുറമെ ആശ്രമങ്ങളും മഠങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഒന്നാമത്തെ പ്രതിഷ്ഠ അരുവിപ്പുറം.
(ലിസ്റ്റ് അനുബന്ധമായി നൽകുന്നു)

പ്രസ്ഥാനത്രയീ:
വേദാന്തത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളായ ബ്രഹ്മസൂത്രം, ഭഗവദ് ഗീത, ഉപനിഷത്തുക്കള്‍ ഇവയെ മൂന്നും ചേര്‍ത്ത് പ്രസ്ഥാനത്രയീ എന്നു വിളിക്കുന്നു.

പ്രിയം:
അനുകമ്പ, അരുൾ, അന്‍പ് പോലെ ഗുരുദർശനത്തിന്റെ സുപ്രധാന ഭാവമാണ് പ്രിയം. അപരന്റെ പ്രിയം തന്നെ തന്റെയും പ്രിയം തന്റെ പ്രിയം തന്നെ അപരന്റെയും പ്രിയം എന്ന ചിന്ത ഇന്ത്യൻ ഋഷി പാരമ്പര്യത്തിലെ അപൂർവ്വ ശോഭയുള്ള ഒന്നാണു്.ആത്മോപദേശ ശതകത്തിൽ ഗുരു നൽകിയ സന്ദേശം സഹോദരധർമ്മമെന്ന നിലയിൽ ഖ്യാതി നേടി.സഹോദരധര്‍മ്മം

മരുത്വാമല

പ്രിയമൊരുജാതി ഇതെന്‍പ്രിയംത്വദീയ
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയംപ്രതിവന്നിടും ഭ്രമംതന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

പ്രിയമപരന്റെയതെന്‍പ്രിയംസ്വകീയ
പ്രിയമപരപ്രിയമിപ്രകാരമാകും
നയം-അതിനാലെ നരന്നുനന്മനല്‍കും
ക്രിയയപരപ്രിയ ഹേതുവായ് വരേണം

അപരനുവേണ്ടിയഹര്‍ന്നിശംപ്രയത്‌നം
കൃപണതവിട്ടു കൃപാലുചെയ്തിടുന്നു
കൃപണനധോമുഖനായ് കിടന്നുചെയ്യു-
ന്നപജയകര്‍മ്മമവന്നുവേണ്ടിമാത്രം.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരാത്മരൂപം
അവരവരാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഒരുവനുനല്ലതുമന്യനല്ലലുംചെ-
യ്‌വൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം.
പരനുപരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.

ബാദരായണന്‍:
ഉപനിഷദ്‌സാരം ഉള്‍ക്കൊണ്ടു ബ്രഹ്മസൂത്രം രചിച്ച മഹര്‍ഷിയാണ് ബാദരായണന്‍. വേദവ്യാസന്റെ മറ്റൊരു പേരാണ് ബാദരായണന്‍ എന്ന അഭിപ്രായവുമുണ്ട്. ബദരീ വൃക്ഷച്ചുവട്ടിലിരിക്കുന്നവന്‍ ബാദരായണന്‍. അദ്വൈതദര്‍ശനത്തിന്റെ ആണിക്കല്ലാണ് ബ്രഹ്മസൂത്രം.

ബാഹുലേയാഷ്ടകം:
ഗുരുകൃതി. 1857 നും 1897 നും ഇടയില്‍ രചന നടത്തിയതായി നടരാജഗുരു. വൃത്തം സ്രഗ്ദ്ധര. സംസ്‌കൃതത്തിലാണ് രചന. ഓരോ അഷ്ടകത്തിലും ബാഹുലേയനെ വര്‍ണിച്ചുകൊണ്ട് അങ്ങനെയുള്ള ബാഹുലേയനെ ഞാന്‍ നമിക്കുന്നു, ഭാവന ചെയ്യുന്നു, പ്രണമിക്കുന്നു, ധ്യാനിക്കുന്നു, ഉത്ഭാവനം ചെയ്യുന്നു എന്ന രീതിയിലാണ് ശ്ലോകഘടന. വരികള്‍ തുടങ്ങുമ്പോള്‍ ഓരോ ബീജമന്ത്രാക്ഷരവും മൂന്നുവട്ടം ആവര്‍ത്തിച്ചെഴുതി മന്ത്രസ്വഭാവം നല്‍കിയിരിക്കുന്നു. ഉദാഹരണത്തിന് ഒന്നാമത്തെ അഷ്ടകത്തില്‍ ഒന്നാമത്തെ വരി ”ഓം ഓ ഓം ഹോമധൂമ…” രണ്ടാമത്തെ വരി ”അം അം അം ആദിതേയ. മൂന്നാംവരി ”ഉം. ഉം ഉം. ഉഗ്രനേത്ര..” ”ശ്രീം ശ്രീം ശ്രീം ശീഘചിത്ത…” എന്നിങ്ങനെയാണ് രചന. ഓരോ അഷ്ടകത്തിന്റെ ആദ്യാക്ഷരങ്ങള്‍ കൂട്ടിയെടുത്തു വായിച്ചാല്‍ ഓം ഹ്രീം ശരവണ ഭവ എന്ന് കിട്ടും.

Author

Scroll to top
Close
Browse Categories