ശ്രീനാരായണഗുരു മഹാനിഘണ്ടു


മരുത്വാമല:
സഹ്യപര്‍വ്വതനിരകളുടെ തെക്കുഭാഗത്തായി കന്യാകുമാരിക്കടുത്താണ് മരുത്വാമല .നാഗര്‍കോവില്‍ നിന്നു കന്യാകുമാരിക്കുള്ള വഴിയില്‍ ഏഴുനാഴിക അപ്പുറത്ത് പൊറ്റത്തടം എന്ന ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ട് അല്പം നീങ്ങി സ്ഥിതി ചെയ്യുന്നു. മരുന്നു മാമലയാണ് മരുത്വാമല. ഇതിന്റെ മുകളിലുള്ള പിള്ളത്തടം എന്ന ഗുഹയിലാണ് ഗുരു തപസ്സിരുന്നത്. ആറു വര്‍ഷത്തോളം ഏകാന്തമായ തപസ്സ് അനുഷ്ഠിച്ചു.
അരുവിപ്പുറത്തു താമസമാക്കിയ ശേഷവും ഗുരു ഇടക്കിടെ മരുത്വാമലയില്‍ പോവുക പതിവായിരുന്നു. ആ ഘോരവനപ്രദേശത്തെ വാസത്തെക്കുറിച്ചു ഗുരുവിന്റെ തന്നെ വാക്കുകള്‍ താഴെ:
”മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും
പുലിയുമതിന്നിരുപാടുമുണ്ടു കാവല്‍”
മലയാള സ്വാമികള്‍:
തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ച വേലപ്പന്‍ അസംഗാനന്ദ എന്ന പേരില്‍ സന്യാസജീവിതം തുടങ്ങി. പെരുങ്ങോട്ടുകരയില്‍ ശ്രീനാരായണ ആശ്രമം സ്ഥാപിച്ചു പ്രവര്‍ത്തിച്ചു. ശിവലിംഗദാസസ്വാമികളുടെ പക്കല്‍നിന്നും സംസ്‌കൃതപഠനം നടത്തി. ഗുരുവിന്റെ അനുഗ്രഹത്തോടെ സന്യാസപ്രവര്‍ത്തനത്തിനിറങ്ങി. കര്‍ണാടകയിലും ആന്ധ്രയിലുമായിരുന്നു പ്രധാന കേന്ദ്രം. മറുദേശങ്ങളിൽ മലയാളസ്വാമി എന്ന പേരില്‍ ഖ്യാതി നേടി. 1962 ജൂലൈ 12നു സമാധിയായി
മലയാളി മെമ്മോറിയല്‍:
1891 ജനുവരി 1 നു നായന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈഴവരും ചേര്‍ന്നു തിരുവിതാംകൂര്‍ രാജാവിനു സമര്‍പ്പിച്ച നിവേദനമാണ് മലയാളിമെമ്മോറിയല്‍. 10037 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി കണ്ടത്തില്‍ വര്‍ഗീസു മാപ്പിള, ജി. പി. പിള്ള എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം പബ്ലിക് ലൈബ്രറിയില്‍ വെച്ച് എഴുതി തയ്യാറാക്കി. കേരളത്തിനു പുറത്തു നിന്നുള്ളവരെ വിശേഷിച്ചു, തമിഴ് ബ്രാഹ്മണരെ സര്‍ക്കാര്‍ സര്‍വ്വീസിലേയ്ക്കു ഇറക്കുമതി ചെയ്യുന്നതിലുള്ള അതൃപ്തിയാണ് നാനാജാതിമതങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ഒപ്പിട്ട ഭീമഹര്‍ജിയുടെ ഉള്ളടക്കം. ഭീമഹര്‍ജിയില്‍ അഞ്ചാമത് ഒപ്പിട്ടത് ഡോ. പല്പുവാണ്. മലയാളി മെമ്മോറിയലിനു ലഭിച്ച മറുപടി ഈഴവരെ നിരാശരാക്കി. അവര്‍ വിദ്യ നേടിയിട്ടില്ലെന്നും കുലതൊഴിലിനു തന്നെ പോകട്ടെയെന്നുമായിരുന്നു രാജാവില്‍നിന്നു ലഭിച്ച മറുപടി. ഇതിനെ തുടര്‍ന്നാണു ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി 13176 പേര്‍ ഒപ്പുവെച്ച ‘ഈഴവ മെമ്മോറിയല്‍’ സമര്‍പ്പിച്ചത്.(ഈഴവ മെമ്മോറിയൽ കാണുക)

മഹാത്മാഗാന്ധി:
ഇന്ത്യയുടെ രാഷ്ട്രപിതാവ്. ബ്രിട്ടീഷുകാര്‍ക്കെതിരായി സ്വാതന്ത്ര്യസമരം നയിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിലെത്തി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തു. മഹാത്മാഗാന്ധി രണ്ടാംതവണ കേരളം സന്ദര്‍ശിച്ചപ്പോഴാണ് ശിവഗിരിമഠത്തിലെത്തി ഗുരുവിനെ വന്ദിച്ചു സംഭാഷണം നടത്തിയത് (1925 മാര്‍ച്ച് 12ന്). സി. രാജഗോപാലാചാരി, രാമസ്വാമി നായ്ക്കര്‍, രാംദാസ് ഗാന്ധി, മഹാദേവ ദേശായി എന്നിവര്‍ക്കൊപ്പമാണ് ഗാന്ധി എത്തിയത്. ഗുരുവിന് ഇംഗ്ലീഷ് അറിയുമോ എന്ന ഗാന്ധിയുടെ ചോദ്യത്തിന് ഇല്ലെന്നു മറുപടി പറഞ്ഞ ഗുരു തിരിച്ച് ഗാന്ധിക്ക് സംസ്‌കൃതം അറിയുമോ എന്ന് അന്വേഷിച്ചു. സംസ്‌കൃതം അറിയില്ലെന്ന ഗാന്ധിയുടെ മറുപടിയോടെ പരിഭാഷക സഹായത്തോടെ സംഭാഷണം നടത്തി. പരിഭാഷകനായി എന്‍. കുമാരന്‍ വക്കീല്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഹിന്ദുമതത്തില്‍ അയിത്താചാരം പ്രമാണങ്ങളില്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ഗുരു ഖണ്ഡിതമായി മറുപടി പറഞ്ഞു. അധഃസ്ഥിതമോചനത്തിന് വിദ്യാഭ്യാസമാണ് പ്രധാനം. മതങ്ങളിലെ മോക്ഷമാര്‍ഗ്ഗം, വൈക്കം സത്യാഗ്രഹത്തിന്റെ രീതികള്‍, അയിത്താചാരം തുടങ്ങിയ വിഷയങ്ങള്‍ ആ മഹാത്മാക്കളുടെ സംഭാഷണത്തില്‍ കടന്നുവന്നു. അടുത്തദിവസം ഇരുവരും ഒന്നിച്ച് ശാരദാമഠം സന്ദര്‍ശിച്ചു. തുടര്‍ന്ന് അവിടെക്കൂടിയ ജനാവലിയെ അഭിസംബോധനചെയ്ത് ഗാന്ധിജി സംസാരിച്ചു. (ഗുരു-ഗാന്ധി സംവാദം രണ്ടാം ഭാഗത്തു നല്‍കിയിട്ടുണ്ട്))

മഹാസന്ദേശം:
സഹോദരന്‍ അയ്യപ്പന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അന്യോന്യവിവാഹം, പന്തിഭോജനം എന്നിവയെക്കുറിച്ചുള്ള സന്ദേശം സ്വന്തം കൈപ്പടയില്‍ എഴുതി ഗുരു ഒപ്പിട്ടു കൊടുത്തത്. (1921)
ഇതായിരുന്നു സന്ദേശം: ”മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങിനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു യാതൊരു ദോഷവും ഇല്ല.”
(രണ്ടാം ഭാഗത്തെ സന്ദേശങ്ങൾ കാണുക) വാൽക്കഷ്ണം:
ഗുരുവിന്റെ വ്യക്തി വൈശിഷ്ട്യവും മഹത്വവും വെളിപ്പെടുത്തുന്നതാണ് പലരുമായി നടത്തിയിട്ടുള്ള സംഭാഷണങ്ങൾ.ഗുരുവിന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ തെളിവുകളാണ് ഈ സംഭാഷണങ്ങൾ . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളവയാണു ഇവയിൽ ഏറെയും. ഗുരു സശരീരനായിരുന്നപ്പോൾ തന്നെ വിവേകോദയം, ദേശാഭിമാനി, ധർമ്മം മുതലായവയിൽ ഇവയിൽ പലതും വെളിച്ചം കണ്ടിരുന്നു. പിന്നീടു നിരവധി ഗുരുഭക്തന്മാർ അവ ശേഖരിച്ചു പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അവയിൽ നിന്നു സവിശേഷമായ രണ്ടെണ്ണം (മ കാരത്തിൽ തുടങ്ങുന്നതു് താഴെ കൊടുക്കുന്നു)
”മലയാളത്തിലെ സംസ്‌കൃത വിഭക്തന്ത്യ പദങ്ങള്‍”:
ഞാന്‍ എഴുതിയ കുറെ പദ്യങ്ങള്‍ ഗുരു വായിച്ചുകേട്ടതിന്റെ പിറ്റെദിവസം കാലത്ത് എന്നെ കണ്ടപ്പോള്‍ ഒരു സംഭാഷണം ഉണ്ടായി.
സ്വാമി : മലയാളപദ്യത്തില്‍ സംസ്‌കൃത വിഭക്ത്യന്തപദങ്ങള്‍ പ്രയോഗിക്കുന്നത് ശരിയാണോ?
ഞാന്‍ : കൂടാതെ കഴിക്കുന്നതാണോ നല്ലത്.
സ്വാമി : മേ എന്നു നീ എഴുതിയ ശ്ലോകത്തിലുണ്ടല്ലോ.
ഞാന്‍ : മേ, മമ മുതലായതൊക്കെ മലയാളപദം പോലെ തന്നെ എല്ലാവര്‍ക്കും പരിചിതമാണ്. അതുകൊണ്ടു പ്രയോഗിച്ചതാണ്.
സ്വാമി : അതു നന്നായില്ല. (അല്പം കഴിഞ്ഞ്) കദനകയം എന്താണ്?
ഞാന്‍ : കദനരൂപമായ കയം.
സ്വാമി : കയം മലയാളമോ സംസ്‌കൃതമോ?
ഞാന്‍ : മലയാളം.
സ്വാമി : അപ്പോള്‍ ‘കദനക്കയം’ എന്നു വേണ്ടേ പ്രയോഗിക്കാന്‍?
ഞാന്‍ : അങ്ങനെ വേണം. വായനയില്‍ അഭംഗി തോന്നിയില്ല, അര്‍ത്ഥത്തിനും ക്ലേശമില്ല, അതുകൊണ്ട് അങ്ങനെ ഇരിക്കട്ടെ എന്നു വച്ചു.
സ്വാമി : അതു ശരിയല്ല. നിയമങ്ങള്‍ തെറ്റിക്കരുത്. നാം മുമ്പൊരിക്കല്‍ പറഞ്ഞല്ലോ.
ഞാന്‍ : പറഞ്ഞത് ഓര്‍മ്മയുണ്ട്. കവിതയെപ്പറ്റി ‘ഭാഷ കൊള്ളാം’ എന്നു പറഞ്ഞു.
(പഴമ്പള്ളി അച്യുതൻ )
മഹാന്മാര്‍ രണ്ടുതരം
”:’ ശിവഗിരിയില്‍ വച്ച് ശ്രീരാമകൃഷ്ണ പരമഹംസന്റെ ഒരു പടം ഒരാള്‍ അവിടെ കൊണ്ടുവന്നിരുന്നതു വാങ്ങി നോക്കിയിട്ടു
സ്വാമികള്‍: ഇദ്ദേഹം ക്രിസ്തുവിനെപ്പോലെ വിദ്യാഭ്യാസം ചെയ്തിട്ടില്ലാത്ത ഒരു മഹാനാണ്.
അടുത്തുനിന്നിരുന്ന ഒരു മാന്യന്‍ : വിദ്യാഭ്യാസമില്ലാതെ ഇവര്‍ക്കീ മാഹാത്മ്യം എങ്ങനെ സിദ്ധിച്ചു?
സ്വാമികള്‍ : വിദ്യാഭ്യാസമുള്ള മഹാന്മാരെന്നും വിദ്യാഭ്യാസമില്ലാത്ത മഹാന്മാരെന്നും മഹാന്മാരെ രണ്ടു പ്രകാരത്തില്‍ പറയാം. വിദ്യാഭ്യാസമില്ലാത്ത മഹാന്മാര്‍ ഊറ്റുള്ള കുളം പോലെയിരിക്കും. വിദ്യാഭ്യാസമുള്ള മഹാന്മാര്‍ കോരി നിറയ്ക്കപ്പെട്ട വെള്ളമുള്ള കുളം പോലെയിരിക്കും.
(ഗുരുദേവന്‍)