സത്യനിര്ണയത്തിന്റെ ശാസ്ത്രീയത
‘‘യഥാര്‍ത്ഥത്തിലുള്ള പ്രകൃതിക്കും മുമ്പ് ഉണ്ടായിരുന്നതായിരിക്കണം പ്രകൃതിയുടെ ആശയപരമായ സ്വരൂപം എന്ന ചിന്തയുടെ മുമ്പില്‍ നമ്മള് ഭയഭക്തി ബഹുമാനങ്ങളോടുകൂടി നിന്നു പോകും. ഭൗതികമായ വിശ്വത്തിന്റെ ചരിത്രം തുടങ്ങുന്നതിനു മുമ്പു തന്നെ ആ സ്വരൂപം ഉണ്ടായിരുന്നിരിക്കണം. നിത്യമായ സത്യത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന വിശ്വരചനാസ്വരൂപത്തിന്റെ അല്‍പ്പാംശം മാത്രമാണ് ആധുനികശാസ്ത്രം നമുക്ക് വെളിപ്പെടുത്തിത്തരുന്ന വിശ്വത്തിന്റെ സ്വരൂപം”
പരമമായ പൊരുളിന്റെ അന്വേഷണമാണ് ശാസ്ത്രവും തത്വചിന്തയും നടത്തുന്നത്. എല്ലാ സുനിശ്ചിതത്വവും ഉണ്ടാകുന്നത് കേവലമായ ബോധത്തിലാണ്. ഈ ബോധത്തിന്റെ വൃത്തിപരമായ സന്ദര്‍ഭത്തെ ആകെക്കൂടിയെടുത്താല്, അതിന്റെ ഇരുവശങ്ങളില്‍ നിന്നും സ്വയം തെളിഞ്ഞു കിട്ടുന്ന ഏകസത്യമാണ് പരമമായ പൊരുള്‍ അഥവാ വേദാന്തത്തില്‍ പറയുന്ന ബ്രഹ്മം.
സുനിശ്ചിതത്വത്തിലേക്കുള്ള
അന്വേഷണം
ഓരോ സിദ്ധാന്തത്തിനും അതിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിന് തെളിവ് ആവശ്യമാണ്. ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാലയെ അടിസ്ഥാനമാക്കി നടരാജഗുരു രചിച്ചിരിക്കുന്ന ‘Integrated science of the Absolute’ എന്ന കൃതിയില്‍, കാരണങ്ങള്‍ കാര്യസിദ്ധിയുമായി ചേര്ന്നിരിക്കുന്നതെങ്ങനെയെന്നും ഇവ രണ്ടും അന്യോന്യം പ്രാമാണീകരിക്കുന്നതെങ്ങനെയെന്നും ദര്‍ശിക്കുന്ന തരത്തിലുള്ള തെളിവിനെയാണ് ശരിയായ തെളിവെന്ന തരത്തില്‍ കണക്കാക്കുന്നത്. പരീക്ഷണശാലയോ നിരീക്ഷണശാലയോ അല്ല ഇവിടെ പ്രധാനം. സെമിനാരികളിലും പണ്ഡിതസദസ്സുകളിലും ഒരു വ്യവസ്ഥയുമില്ലാതെ സ്വരൂപിച്ചു കൂട്ടാറുള്ള കേവലമായ സാമാന്യതത്വങ്ങളെ മാത്രം ആശ്രയിക്കുന്ന രീതിയും ഇവിടെ സ്വീകരിക്കുന്നില്ല. പ്രത്യുത ഈ രണ്ടുവശങ്ങളെയും നിഷ് പക്ഷവും നിരുപാധികവുമായ ഒരു തലത്തില്‍ നിന്നുകൊണ്ട് ക്രമീകൃതമായി സ്വീകരിക്കുന്ന രീതിയാണ് ഈ ഗ്രന്ഥത്തില്‍ അവലംബിച്ചിരിക്കുന്നത്. അവിടെ ദൃശ്യമായതും ചിന്ത്യമായതും തമ്മില്‍ വന്ന് ഒന്നുചേര്‍ന്ന്, ഒന്ന് മറ്റേതിനെ പ്രാമാണികതയുള്ളതാക്കിത്തീര്ക്കുന്നു. അതുകൊണ്ടാണ് ഏറ്റവും മഹത്തായ ശാസ്ത്രീയ സുനിശ്ചിതത്വം അന്വേഷിച്ച് കണ്ടെത്തേണ്ടത് തികച്ചും ഒരു നടുനിലയില്‍ നിന്നുകൊണ്ട് വേണം എന്ന് വരുന്നത്. ദൃശ്യങ്ങളുടേതായ ധനാത്മകവശത്തേക്കോ, ചിന്ത്യങ്ങളുടേതായ ഋണാത്മകവശത്തേക്കോ അതു ചായാന്‍ പാടില്ല. ഈ നടുനിലയില്‍ നിന്നും വ്യതിചലിക്കുന്നതനുസരിച്ച് നമ്മള് എത്തിച്ചേരുന്ന സുനിശ്ചിതത്വം ഏകപക്ഷീയമായിപ്പോകും. ഒന്നുകില്‍ അത് ഉപരിതനാക്ഷത്തിന്റെ അടിയിലേക്ക് ചാഞ്ഞ് സദംശത്തിന് മുഖ്യത നല്‍കും. അല്ലെങ്കില്‍ അതേ ഉപരിതനാക്ഷത്തിന്റെ തന്നെ മുകളിലേക്ക് ചായ്വുണ്ടായി, പ്രയോജനപരതയോട് അഥവാ ആനന്ദാംശത്തിനോട് പറ്റുള്ളതായി തീരും.
‘സ്വാനുഭവഗീതി’ എന്ന കൃതിയില്‍ ഗുരു പ്രത്യേകം ഉദ്ബോധിപ്പിക്കുന്നു.
”നടനം ദര്‍ശനമായാ-
ലുടനേതാനങ്ങിരുന്നു നടുനിലയാം,
നടുനില തന്നിലിരിക്കും
നെടുനാളൊന്നായവനുസൗഖ്യം താന്‍”
കേവലമായ അറിവിന്റെ ഒരു ധ്രുവം പരീക്ഷണ പ്രധാനമാണെങ്കില്‍ മറ്റേ ധ്രുവം സ്വയംസിദ്ധസത്യത്തിന് പ്രാമാണികത നല്‍കുന്നതാണ്. ഇപ്പറഞ്ഞ രണ്ടുധ്രുവങ്ങളില്‍ ഓരോന്നിലും ആണ് ഇവിടെ പറഞ്ഞ ഭാഗികമായ രണ്ട് സുനിശ്ചിതത്വങ്ങളുടെ സ്ഥാനം. യഥാര്‍ത്ഥ സത്യാന്വേഷി തന്റെ തപസ്സിലൂടെ ഇപ്പറഞ്ഞ രണ്ടിനെയും പൊരുത്തപ്പെടുത്തിയെടുക്കണം. ഈ പൊരുത്തപ്പെടുത്തല്‍ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ അറിവിനെ ഇരുവശങ്ങളില്‍ നിന്നായി അന്യോന്യം പ്രാമാണികമാക്കിത്തീര്ക്കും. ഒരു ക്രമീകരണവും പുന:ക്രമീകരണവുമുണ്ടാവും. അത് ആത്യന്തികവും കേന്ദ്രസ്ഥവുമായ പരമമായ സത്യത്തെ വെളിപ്പെടുത്തും.
ആധുനിക ശാസ്ത്രവും
തെളിവും
ആധുനിക ശാസ്ത്രത്തില്‍ ധാരാളം പുതിയ കണ്ടെത്തലുകളുണ്ട്. സമവാക്യങ്ങളുടെ രൂപത്തില്‍ അവയെല്ലാം വെളിപ്പെടുത്തുകയും ചെയ്യാം… ഐന്സ്റ്റൈന്, പ്ലാങ്ക്,ഷ്രോഡിംഗര് എന്നിവര്‍ക്കെല്ലാം ഉണ്ട് അവരവരുടേതായ പ്രസിദ്ധമായ സമവാക്യങ്ങള്‍. ഈ സമവാക്യങ്ങളെ ബീജഗണിതത്തിലെ സംജ്ഞകളുപയോഗിച്ച് മാത്രമല്ല വെളിപ്പെടുത്താവുന്നത്. ക്ഷേത്രഗണിത പ്രധാനമായ സ്വരൂപസംരചനയിലെ ഉഭയകോടികള് എന്ന തരത്തിലും കാണാം. അനലിറ്റിക്കല്‍ ജ്യോമിട്രിയിലെ സമവാക്യങ്ങളോട് ‘ഗ്രാഫി’നോട് ഇണങ്ങിപ്പോകുന്നതും, തിരിച്ച് ‘ഗ്രാഫ്’ അനിലിറ്റിക്കല്‍ ജ്യോമട്രി’യിലെ സമവാക്യങ്ങള്‍ ഇണങ്ങിപ്പോകുന്നുമുണ്ട്. ഇത് രണ്ടും ഒന്ന് മറ്റേതിന് തെളിവായിരിക്കുന്ന തരത്തില്‍ ശാസ്ത്രീയത നല്‍കുന്നുണ്ട്.
ഭൗതികശാസ്ത്രവും
പ്രത്യക്ഷ പ്രമാണവും
ഭാതിക ശാസ്ത്രങ്ങള്‍ക്കെല്ലാം സ്വാഭാവികമായ അടിത്തറയായിരിക്കുന്നത് പ്രത്യക്ഷ പ്രമാണമാണ്. ഈ പ്രമാണത്തിന് വേദാന്തശാസ്ത്രത്തിലും അര്‍ഹമായ സ്ഥാനം ഉണ്ട്. ബ്രഹ്മസത്യം ഒരേ സമയം സത്തും ചിത്തും ആനന്ദവുമാണെന്നതാണല്ലോ വേദാന്തത്തിന്റെ അടിസ്ഥാനപരമായ നിലപാട്. അതില്‍ ‘സത്ത്’ എന്നാല്‍ ഉദ്ദേശിക്കുന്നത് വാസ്തവികമായി ഉള്ളതേതാണോ അതിനെയാണ്. അങ്ങിനെ സത്യത്തിന്റെ സദാത്മകതയെ അംഗീകരിക്കുന്ന വേദാന്തം, വെറും ആശയവാദപരം (idealistic) അല്ല. പ്രത്യുത,സദാത്മകതയുടെയും ആനന്ദാത്മകതയുടെതുമായ രണ്ട് വിപരീത കോടികളില്‍ നിന്ന് വന്ന് ഒരു നിഷ്പക്ഷ തലത്തില്‍ സന്ധിച്ച്, സ്വയം പ്രാമാണികമായിത്തീരുന്നതായി ദര്‍ശിക്കേണ്ട നിരുപാധിക സത്യത്തെയാണ് വേദാന്തം വെളിപ്പെടുത്തുന്നത്.
സത്യത്തിന് ദൃശ്യമായ ഒരു വശമുണ്ട്. ചിന്ത്യമായ ഒരു വശവുമുണ്ട്. ഈ രണ്ടുവശങ്ങള്‍ക്കും കൂടി സാമാന്യമായിരിക്കുന്ന ഒരു സ്വരൂപഘടനയുണ്ട്. അത് തെളിഞ്ഞു കിട്ടുന്നതു തന്നെയാണ് നമ്മുടെ സത്യനിര്ണ്ണയത്തിന്റെ നിജതയ്ക്ക് അന്തിമമായ അളവുകോലായിരിക്കുന്നത്. വിറ്റേക്കര്‍ പറയുന്നതുപോലെ ഈ വിശ്വത്തിനുള്ളതായി ഇന്ദ്രിയാനുഭവ നിരപേക്ഷമായി തെളിഞ്ഞു കിട്ടുന്ന സ്വരൂപഘടനയും അതിന്റെ തന്നെ ഭൗതികമായ വശവും അന്യോന്യം പ്രാമാണികത നല്‍കുന്നതായിത്തീരണം. ഈ രണ്ടുവശങ്ങളെയും വ്യക്തമായി വകതിരിച്ചു കാണിച്ചുകൊണ്ട് അദ്ദേഹം എഴുതിയിരിക്കുന്നു. ”യഥാര്‍ത്ഥത്തിലുള്ള പ്രകൃതിക്കും മുമ്പ് ഉണ്ടായിരുന്നതായിരിക്കണം പ്രകൃതിയുടെ ആശയപരമായ സ്വരൂപം എന്ന ചിന്തയുടെ മുമ്പില്‍ നമ്മള് ഭയഭക്തി ബഹുമാനങ്ങളോടുകൂടി നിന്നു പോകും. ഭൗതികമായ വിശ്വത്തിന്റെ ചരിത്രം തുടങ്ങുന്നതിനു മുമ്പു തന്നെ ആ സ്വരൂപം ഉണ്ടായിരുന്നിരിക്കണം. നിത്യമായ സത്യത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന വിശ്വരചനാസ്വരൂപത്തിന്റെ അല്‍പ്പാംശം മാത്രമാണ് ആധുനികശാസ്ത്രം നമുക്ക് വെളിപ്പെടുത്തിത്തരുന്ന വിശ്വത്തിന്റെ സ്വരൂപം”
(തുടരും.)