ഗുരുമന്ദിരങ്ങളുടെ ഉദയം
”ഗുണകര്‍മ്മങ്ങളില്‍ സ്ഥായിയായി ഒന്നുമില്ലല്ലോ. അതെപ്പോഴും മാറിക്കൊണ്ടിരിക്കും. പിന്നെങ്ങനെ ഗുണത്തെയും കര്‍മ്മത്തെയും വച്ചുകൊണ്ട് വര്‍ണ്ണത്തെ നിശ്ചയിക്കും” എന്ന വാക്കുകളിലൂടെ ഗുരു സകലവിധത്തിലും ചാതുര്‍വര്‍ണ്യമെന്ന അശ്ലീല വ്യവസ്ഥിതിയുടെ മുനയൊടിച്ചിട്ടും ഇന്നും ചാതുര്‍വര്‍ണ്യം സ്ഥാപിക്കാന്‍ ബുദ്ധികൊണ്ട് പറക്കുന്നവരുടെ മനോനില വിചിത്രമാണ്!.
ക്ഷേത്രങ്ങളും സമ്പത്തും
പുരാതനകാലം മുതൽക്കേ ക്ഷേത്രങ്ങള്‍ സമ്പത്തിന്റെ സങ്കേതങ്ങളായിരുന്നു. ഭൂമിയെ ബ്രഹ്മസ്വമെന്നും ദേവസ്വമെന്നും തരംതിരിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇവ രണ്ടും ബ്രാഹ്മണരുടെ ഭൂമി തന്നെയായിരുന്നു. ബ്രാഹ്മണര്‍ക്ക് തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതിനായുള്ള സങ്കേതങ്ങള്‍ കൂടിയായിരുന്നു ക്ഷേത്രങ്ങള്‍. കണക്കറ്റ ഭക്ഷ്യധാന്യങ്ങളാലും സ്വര്ണാഭരണങ്ങളാലും വസ്ത്രങ്ങളാലും വിലപിടിച്ച പലതിനാലും സമ്പന്നമായിരുന്നു ക്ഷേത്രങ്ങള്‍. ഇതുകൊണ്ടുതന്നെയാണ് പണ്ടുള്ള രാജാക്കന്മാര് ക്ഷേത്രങ്ങളെ കൊള്ളയടിച്ചിരുന്നത്. അതായത് ക്ഷേത്രങ്ങളെ ആക്രമിക്കുക എന്നാല്‍ അവയുടെ പിന്നിലെ ലക്ഷ്യം മതമല്ല, മറിച്ച് സാമ്പത്തികമായിരുന്നു എന്ന് വ്യക്തം. തങ്ങള്‍ക്കുള്ള സമ്പത്ത് മുഴുവന്‍ ക്ഷേത്രത്തിലെ ദേവന് സമര്‍പ്പിക്കുകയും ദേവന്റെ ദാസനായി രാജാവ് പിന്നീടുള്ള കാലം ജീവിതം നയിക്കുകയും ചെയ്യുന്നത് ഒരുതരം രാജതന്ത്രമാണ്. തിരുവിതാംകൂറില്‍ നടന്ന തൃപ്പടിദാനം എന്ന ചടങ്ങ് ഇപ്രകാരമുള്ളതാണ്. ക്ഷേത്രങ്ങള്‍ക്ക് സമര്‍പ്പിച്ച സമ്പത്ത് മറ്റുള്ളവരാല്‍ കൊള്ളയടിക്കപ്പെടുവാന് സാധ്യത കുറവാണ്. എന്തെന്നാല്‍ രാജാവിനെ ആക്രമിക്കുക എന്നാല്‍ ദേവനെ ആക്രമിക്കുന്നതിന് തുല്യമാണെന്നും, രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക എന്നാല്‍ ദേവന്റെ സ്വത്തിനെ അപഹരിക്കുന്നതിനു തുല്യമാണെന്നും ഇതുവഴി വന്നുചേരുന്നു.
സര്‍വസ്വവും രാജാക്കന്മാര് ദാനം ചെയ്യുന്ന രാജസൂയം പോലുള്ള ചടങ്ങുകള്‍ ബ്രാഹ്മണരുടെ കുതന്ത്രമായിരുന്നു. കാരണം ഇവകൊണ്ടൊക്കെ ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത് ബ്രാഹ്മണര്‍ക്കായിരുന്നു. ക്ഷേത്രങ്ങളില്‍ നിന്നും അവര്‍ണരെ അകറ്റിനിര്ത്തിയിരുന്നുവെങ്കിലും അവര്‍ നല്കുന്ന പണത്തിന് സവര്‍ണര്‍ യാതൊരു അയിത്തവും കല്‍പ്പിച്ചിരുന്നില്ല എന്നുമാത്രവുമല്ല ഈ ഭൂരിഭാഗം വരുന്ന അവര്‍ണരുടെ പണംകൊണ്ടാണ് ഇത്തരം ക്ഷേത്രങ്ങള്‍ സമ്പന്നമായതും. ചിതറിക്കിടന്ന അവര്‍ണരുടെ സമ്പത്തിനെ കേന്ദ്രീകരിക്കുകയും ആ സമ്പത്ത് അവരുടെ തന്നെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്ന ലക്ഷ്യവും ഗുരു പ്രതിഷ്ഠിച്ച പുതിയ ക്ഷേത്രങ്ങള്‍ നിര്‍വഹിക്കുന്നുണ്ടായിരുന്നു. ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളോടെ സവര്‍ണ ക്ഷേത്രങ്ങളിലെ നടവരവ് കുറയുകയും ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിലെ സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്തുപോന്നു. അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കിയില്ലെങ്കില്‍ തങ്ങള്‍ സാമ്പത്തികമായി കൂപ്പുകുത്തും എന്ന് സവര്ണക്ഷേത്രഭാരവാഹികള് മനസ്സിലാക്കിയിരുന്നു. ഇതും ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്നാണ്.
ക്ഷേത്രങ്ങളും ജാതിയും
ഇന്നും ജാതിയും/ചാതുര്‍വര്‍ണ്യവും അയിത്തവും മറ്റ് അനാചാരങ്ങളും പ്രകടമായി കാണാവുന്ന ഇടങ്ങളാണ് പരമ്പരാഗത ഹിന്ദുക്ഷേത്രങ്ങള്‍. ബ്രാഹ്മണരില്‍ പോലും ഉപജാതികള്‍ അനേകമായിരുന്നു. ഇത്തരം ജാതികളും ഉപജാതികളും ശ്രേണീകൃതമായ അസമത്വത്തിന്റെ (Graded Inequality) ഭാഗമായാണ് ഇന്നും തുടരുന്നത്. സമ്പത്ത് ക്ഷേത്രങ്ങളെ ആശ്രയിച്ച് നിന്നതിനാല്‍ ജനങ്ങള്‍ ക്ഷേത്രത്തെ ആശ്രയിച്ച് ചെറിയ ചെറിയ തൊഴിലുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇത് ക്രമേണ ക്ഷേത്രകേന്ദ്രീകൃതമായ അമ്പലവാസി ജാതികളുടെ ഉത്ഭവത്തിനും കാരണമായി. സ്വധര്‍മ്മം എത്ര മോശമായാലും പരധര്‍മ്മം ചെയ്യരുത്. പരധര്‍മ്മം ചെയ്യുന്നവര്‍ക്ക് കുല നാശം സംഭവിക്കുന്നു എന്നെല്ലാം ഭഗവദ്ഗീത പറയുന്നു. അതിനാല്‍ ഇതേ പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ കുലത്തൊഴില്‍ തലമുറകളിലൂടെ തുടര്‍ന്നു പോന്നു. ചാതുര്‍വര്‍ണ്യം ദൈവം ഉണ്ടാക്കിയത് ആണെന്ന പ്രമാണം ചമയ്ക്കുകയും (ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം) അത് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു പോന്നതിനാല്‍ തങ്ങള്‍ ഒരു പ്രത്യേക ജാതിയില്‍ ജനിച്ചത് ദൈവനിശ്ചയമായും വിധിയായും കരുതിപ്പോന്നു. രാജാവ് തന്നെ ക്ഷേത്രത്തിന്റെ കാവല്‍ക്കാരനും ദേവന്റെ ദാസനും ആയതിനാല്‍ ക്ഷേത്രങ്ങള്‍ വളര്‍ച്ച പ്രാപിച്ചു.
രാജാവിന്റെ ധനം പുരോഹിതര്‍ വിവിധ പൂജകളുടെ പേരില്‍ സ്വായത്തമാക്കിക്കൊണ്ടേയിരുന്നു. പലപ്പോഴും രാജാക്കന്മാര് യുദ്ധങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായത് ബ്രാഹ്മണര്‍ക്ക് ദക്ഷിണ കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണ്. ചരിത്രത്തില്‍ തിരുവിതാംകൂര്‍ രാജാക്കന്മാര് മുറജപം നടത്തുന്ന ബ്രാഹ്മണര്‍ക്ക് വലിയൊരു തുകയായിരുന്നു നല്‍കിയിരുന്നത്. മറ്റെന്തിനേക്കാളും ബ്രാഹ്മണ സംരക്ഷണം അവര്‍ ധര്‍മ്മമായി കരുതിപ്പോന്നു. അതായത് ചുരുക്കത്തില്‍ അന്നും ഇന്നും പുരോഹിതര്‍ പണമുള്ളവരുടെ കയ്യിലെ പണം എങ്ങനെ തങ്ങളുടെ കൈകളില്‍ എത്തിക്കാം എന്നാണ് ശ്രമിക്കുന്നത്. ഈ ചാതുര്‍വര്‍ണ്യ ആഭാസത്തെ ഗുരു തള്ളിക്കളയുന്നുണ്ട്.
എപ്രകാരമാണോ പശുവിന്റെ ജാതി പശുത്വമായിരിക്കുന്നത് അതുപോലെ മനുഷ്യന്റെ ജാതി മനുഷ്യത്വം മാത്രമാണ്. ബ്രാഹ്മണന് മുതലായവയൊന്നും ജാതിയല്ല.
(ജാതിനിര്‍ണ്ണയം -1) എന്ന് സംശയലേശമെന്യേ ഗുരു വ്യക്തമാക്കിയിട്ടുണ്ട്. “ഗുണകർമ്മങ്ങളിൽ സ്ഥായിയായി ഒന്നുമില്ലല്ലോ. അതെപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പൊൾ പിന്നെ വർണ്ണം എങ്ങനെ നിശ്ചയിക്കാം” (ധർമ്മം- പു.1,ല.11, 1103 ധനു 4 (1927 ഡിസംബർ 19)
പത്രാധിപൻമാർ: നടരാജൻ, സി.പി മേനോൻ) എന്ന വാക്കുകളിലൂടെ ഗുരു സകലവിധത്തിലും ചാതുര്‍വര്‍ണ്യമെന്ന അശ്ലീല വ്യവസ്ഥിതിയുടെ മുനയൊടിച്ചിട്ടും ഇന്നും ചാതുര്‍വര്‍ണ്യം സ്ഥാപിക്കാന്‍ ബുദ്ധികൊണ്ട് പറക്കുന്നവരുടെ മനോനില വിചിത്രമാണ്!
ക്ഷേത്രപ്രതിഷ്ഠയെ എതിര്‍ത്തവര്‍
ഗുരുവിന്റെ സമകാലീനരായിരുന്ന പല സന്യാസിമാര്‍ക്കും ക്ഷേത്രപ്രതിഷ്ഠകളോട് എതിര്‍പ്പുണ്ടായിരുന്നു. സമകാലീനനും സുഹൃത്തുമായ ചട്ടമ്പി സ്വാമിക്ക് ക്ഷേത്രപ്രതിഷ്ഠ നടത്തുന്നതും സ്കൂളുകള്‍ സ്ഥാപിക്കുന്നതും മറ്റും ഇഷ്ടമായിരുന്നില്ല. വിശിഷ്യാ പരമ്പരാഗത സന്ന്യാസമനുസരിച്ച് സന്ന്യാസിക്ക് കര്‍മ്മമില്ല. അതുകൊണ്ടു തന്നെ ചട്ടമ്പി സ്വാമിയുടെ ചോദ്യം ഇങ്ങനെയായിരുന്നു. ‘ഇപ്പൊള്‍ പ്രവൃത്തിയാരുടെ പണിയുണ്ടല്ലേ?’ എന്നാല്‍ അദ്ദേഹത്തിന്റെ ചോദ്യത്തിന് ‘പ്രവര്‍ത്തിയുണ്ട് ആരില്ല.’ എന്ന നര്‍മമധുരമായ മറുപടി നല്‍കിയായാണ് ഗുരു അത്തരം വിമര്‍ശനങ്ങളെ നേരിട്ടത്. അതുപോലെ വാഗ്ഭടാനന്ദന് (കുഞ്ഞിക്കണ്ണന്) ഒരിക്കല്‍ ഗുരുവിനോട് ചോദിച്ചു
”ഗുരുദേവന് ഈയിടെ നാടുനീളെ കല്ലു നാട്ടുന്നതായി കേട്ടല്ലോ.
ഗുരു: (വാഗ്ഭടാനന്ദന്റെ കാതിലുള്ള കല്ലുവച്ച കടുക്കന്‍ ഉദ്ദേശിച്ച്) നാം കല്ലു നാട്ടുന്നതല്ലേ ഉള്ളൂ? കുഞ്ഞിക്കണ്ണന് അതു ചുമന്നുകൊണ്ടു നടക്കുന്നല്ലോ.”
(തറമ്മല്‍ കൃഷ്ണന് പറഞ്ഞു തന്നതായി ഡോ.ടി.ഭാസ്കരന്രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീനാരായണഗുരു വൈഖരി പേജ്.87)
അദ്വൈതികള്‍ക്ക് പൊതുവേ വിഗ്രഹ പ്രതിഷ്ഠ സ്വീകാര്യമല്ലെങ്കിലും സിദ്ധാന്തഭദ്രതയേക്കാള് ഗുരു പ്രാധാന്യം നല്‍കിയിരുന്നത് സമൂഹത്തില്‍ അവകൊണ്ടുണ്ടാകുന്ന പുരോഗതിക്കാണെന്ന് വ്യക്തമാണ്. മാത്രവുമല്ല ഒരു സാധാരണ അദ്വൈതിയെ സംബന്ധിച്ച് ഈ കാണായ പ്രപഞ്ചം വെറും മിഥ്യയാണ്. അതിനാല്‍ ഈ പ്രപഞ്ചത്തിലെ മനുഷ്യന്റെ പ്രശ്നങ്ങളും മിഥ്യയാണ്. കര്‍മങ്ങളെ പരമ്പരാഗത സന്യാസി ഉപേക്ഷിക്കുമ്പോള്‍ ഗുരുവാകട്ടെ സന്യാസത്തിനു തന്നെ പുതിയ നിര്‍വചനം നല്കുന്നു.
”സന്ന്യാസി എന്നാല്‍ പരോപകാരി – ത്യാഗി, സ്വാര്‍ത്ഥം വെടിഞ്ഞ് പൊതുജനങ്ങള്‍ക്കു വേണ്ടി പ്രവൃത്തി ചെയ്യുന്നവര്‍ സന്യാസിമാരാണ്.” (ഗുരുദേവ സൂക്തങ്ങള്‍ : 190 – 191)
അതായത് ഗുരുവിനെ സംബന്ധിച്ച് സമൂഹം എന്നത് ഒഴിവാക്കേണ്ട ഒന്നല്ല. ഏകാന്തതയില്‍ ഗുഹയിലിരുന്ന് മോക്ഷം നേടുന്നതുകൊണ്ട് സമൂഹത്തിന് എന്തു ഗുണം? അവിടെയാണ് ഗുരു വ്യത്യസ്തനാക്കുന്നത്. സാധാരണ തത്വജ്ഞാനികള്‍ തത്വം പറഞ്ഞുകൊണ്ട് മാത്രം ഇരിക്കുമ്പോള്‍ ഗുരുവാകട്ടെ തത്വജ്ഞാനത്തെയും സഹാനുഭൂതിയെയും സമഞ്ജസമായി സമ്മേളിപ്പിച്ചു. ഗുരുവിന് മനുഷ്യന്റെ സാമൂഹ്യപ്രശ്നങ്ങള്‍ കേവലം തത്വങ്ങള്‍കൊണ്ട് പരിഹരിക്കാവുന്നത് മാത്രമായിരുന്നില്ല. മറിച്ച് സാമൂഹിക പ്രശ്നങ്ങള്‍ക്ക് സാമൂഹികമായ പരിഹാരങ്ങളാണ് ഗുരു നിര്‍ദ്ദേശിക്കുന്നത്.
ഇതുകൊണ്ടൊക്കെയാണ് ആത്മോപദേശതകത്തില്‍ ഗുരു ഇങ്ങനെ എഴുതിയത്:
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
(ആത്മാ – 24)
ചുരുക്കത്തില്‍ ശാങ്കരവേദാന്തികള്ക്ക് ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകളെയും സാമൂഹിക പരിഷ്കരണ ശ്രമങ്ങളെയും പ്രവൃത്തികളെയും വൈരുദ്ധ്യമായും പൊരുത്തക്കേടായും തോന്നാം. ഗുരുവിനെ കേവലം തത്വജ്ഞാനിയായി മാത്രം കാണുന്നതിന്റെ കുഴപ്പമാണത്. അത്തരക്കാര്‍ പഴയ മാതൃകകള്‍ വെച്ച് ഗുരുവിനെ അളക്കാതെ സ്വതന്ത്രവും വ്യതിരിക്തവുമായി ഗുരുവിനെ സമീപിച്ചാല്‍ തീരാവുന്ന പ്രശ്നമാണിത്. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ പുതിയ കമ്പ്യൂട്ടര്‍ പഴയ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രവൃത്തിക്കാന്‍ ശ്രമിക്കുന്നതുപോലെയാണത്. ഗുരുവില്‍ നിന്നും സ്വതന്ത്രവും നവീനവുമായ പുതിയൊരു സന്യാസ പരമ്പര തുടങ്ങുന്നുണ്ട്. ഇത് മനസ്സിലാക്കിയാല്‍ തന്നെ ഒട്ടുമിക്ക സന്ദേഹങ്ങളും മാറികിട്ടുന്നതാണ്.
ഗുരുമന്ദിരങ്ങള്
നാരായണഗുരു സശ്ശരീരനായിരിക്കെ തന്നെ (1927 മാര്‍ച്ച് 13) ഗുരുവിന്റെ പ്രതിമ ബോധാനന്ദ സ്വാമി തലശ്ശേരി ജഗന്നാഥക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. ജീവിച്ചിരിക്കെത്തന്നെ ഇത്രയുമധികം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു ഗുരു ഉണ്ടോ എന്നതും സംശയമാണ്. മാത്രവുമല്ല ജീവിച്ചിരിക്കെ ഗുരുവിന്റെ ഫോട്ടോ വെച്ച് ആരാധനയും പ്രാര്‍ത്ഥനയും മറ്റും നടത്തുന്നത് സര്‍വസാധാരണമായിരുന്നു. ഗുരുവിന്റെ മഹാസമാധിയ്ക്കു ശേഷമാകട്ടെ അനേകം ഗുരുമന്ദിരങ്ങള് ഉയര്‍ന്നുവരികയും ഇവിടങ്ങളിലെല്ലാം ഫോട്ടോയോ പ്രതിമയോ മറ്റോ വെച്ച് ആരാധന നടത്തുന്ന ഒരു സമ്പ്രദായം ഉടലെടുക്കുകയും ചെയ്തു. മതതീതമായ സ്വതന്ത്ര ആത്മീയ കേന്ദ്രങ്ങളായി നിലകൊണ്ട ഇത്തരം ഗുരുമന്ദിരങ്ങള് ഗുരുധര്മ്മത്തോട് നീതിപുലര്‍ത്തുന്നതും, സാമൂഹ്യനിര്‍മിതിയില്‍ മുഖ്യപങ്കുവഹിക്കുന്നതുമായിരുന്നു. പരിമിതികളില്‍ നിന്ന് ലളിതവും മനോഹരവുമായ നിര്‍മാണ രീതിയെ പിന്തുടര്‍ന്ന ഗുരുമന്ദിരങ്ങളിലെ ഗുരുദേവ പ്രതിമകള്‍ സിമന്റ്, തടി, കരിങ്കല്ല്, തുടങ്ങിയവയില്‍ നിര്‍മിക്കുന്നതായിരുന്നു. ഇവയില്‍ സിമന്റാകട്ടെ ഏറ്റവും ചെലവ് കുറഞ്ഞതും രൂപസാദൃശ്യത്തോട് ഏറ്റവും നീതിപുലര്‍ത്തുവാന്‍ കഴിയുന്ന പ്രതിമകള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നതുമാണ്.
മനോഹരമായ കണ്ണാടിക്കൂട്ടിലാണ് ഭൂരിഭാഗം പ്രതിമകളും നിലനില്‍ക്കുന്നത്. കണ്ണാടിയുടെ സുതാര്യതയും സദാദൃശ്യമാണെന്നതും ഇവയെ വ്യത്യസ്തമാക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മാല ചാര്‍ത്തുകയോ പുഷ്പങ്ങള്‍ അര്‍ച്ചിക്കുകയോ ചെയ്യാവുന്ന രീതിയിലാണ് ഗുരുമന്ദിരങ്ങള് നിലകൊള്ളുന്നത്. പലയിടത്തും ആരാധനയും മറ്റും നടത്തുന്നത് സ്ത്രീകളാണ്. വ്യവസ്ഥാപിതമായ ക്ഷേത്രങ്ങളുടേതായ ദോഷങ്ങള്‍ ഒന്നും ഏല്ക്കാതെ ശുദ്ധ ആത്മീയതയുടെ പ്രതീകങ്ങളായി നിലകൊള്ളുന്ന ഗുരുമന്ദിരങ്ങള് മതാതീത ആത്മീയതയുടെ സംഗമസ്ഥാനങ്ങളാണ്. ഇവിടെ വിവാഹവും ഗുരുജയന്തി ആഘോഷവും, മഹാസമാധി ദിനാചരണവും മറ്റും നടന്നുപോകുന്നത് സാധുമനുഷ്യരുടെ ത്യാഗം കൊണ്ടുമാത്രമാണ്. ഇത്തരം സങ്കേതങ്ങള്‍ ഗുരുദര്‍ശനത്തെ ജീവിതത്തില്‍ പകര്ത്തുന്നതിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. സത്യത്തിന്റെ പ്രകാശഗോപുരങ്ങളായി നിലകൊള്ളുന്ന ഗുരുമന്ദിരങ്ങള് മണ്മറഞ്ഞുപോയ ബുദ്ധവിഹാരങ്ങളെയും ബുദ്ധപ്പള്ളികളെയും അനുസ്മരിപ്പിക്കുന്നതാണ്. വിശാലമായ മുറികളോടുകൂടിയ ഗുരുമന്ദിരങ്ങള്‍ക്ക് അനുബന്ധമായി അനേകം സ്ഥാപനങ്ങള്‍ നിലകൊള്ളുന്നുണ്ട്. പക്ഷേ പില്ക്കാലത്ത് ഇത്തരം ഗുരുമന്ദിരങ്ങള്‍ക്ക് സംഭവിച്ചത് വലിയ മൂല്യച്യുതിയാണ്.
(തുടരും)
8921025907