ശക്തമാകണം ,കീഴാള പ്രതിരോധം

ദളിതര്‍ക്കും ആദിവാസികള്‍ക്കും സംവരണത്തിലൂടെ പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടിയിട്ടുണ്ടെന്നും അധഃസ്ഥിത സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ സംവരണത്തിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിനു ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യവസ്ഥിതിയെ പൊളിച്ചെഴുതാനുള്ള ശക്തിയായി അതു മാറിയില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത്തരമൊരു പൊളിച്ചെഴുത്തിന്, അംബേദ്കര്‍ നിര്‍ദ്ദേശിച്ചതുപോലെ, ദളിത് രാഷ്ട്രീയം വളരുകയും അതിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുത്തു സമ്പത്ത് പുനര്‍വിതരണം ചെയ്യുകയും വേണം

സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ- സമ്പന്നത കൈവരിക്കുന്നതിലൂടെ ദളിതര്‍ക്കു മുന്നേറാമെന്നാണു കുഞ്ഞാമന്‍ വിചാരിക്കുന്നത്. ജാതിയും മതവും സമുദായവും അവിടെ അപ്രസക്തമാവുമത്രെ! എ.കെ.ജി. സെന്റര്‍ എന്ന സര്‍വകലാശാലയില്‍ പഠിച്ചതു മൂലമുണ്ടായ ഒരു മിഥ്യാധാരണയാണിത്! ‘വിദ്യ കൊണ്ട് സ്വതന്ത്രരാവുക, സംഘടന കൊണ്ടു ശക്തരാവുക, വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കുക’ എന്നു ഒരു നൂറ്റാണ്ടു മുമ്പ് നാരായണഗുരു ആഹ്വാനം ചെയ്ത പാത പിന്തുടര്‍ന്നു പുരോഗതിയും ഉന്നതിയും ആര്‍ജ്ജിച്ചവരുടെ മുന്നില്‍ ജാതിയും മതവും സമുദായവും അപ്രസക്തമായിത്തീര്‍ന്നിട്ടുണ്ടോ? സമ്പത്തും വിദ്യാഭ്യാസവും ഉന്നത ഉദ്യോഗവും പ്രാപ്തമാക്കിയ കുഞ്ഞാമനു അല്ലെങ്കില്‍ ഒരു ദളിതന്, കമ്യൂണിസ്റ്റ് വിപ്ലവകാരികളായ ഇ.എം.എസിന്റെയോ പി. ഗോവിന്ദപിള്ളയുടേയോ അതുമല്ലെങ്കില്‍ ഒരു സവര്‍ണന്റെയോ കുടുംബത്തില്‍ വിവാഹാലോചനയുമായി കടന്നുചെല്ലുവാന്‍ കഴിയുമോ? അങ്ങനെയൊരു സന്ദര്‍ഭമുണ്ടായാല്‍, വര്‍ഗ്ഗസമരസിദ്ധാന്തവും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവുമൊക്കെ, വര്‍ഗ്ഗീയ വാദത്തിലിടിച്ചു തകരുന്നതു കാണാം. അദ്വൈതം പോലെ സാമൂഹിക ജീവിതത്തില്‍ അപ്രായോഗികമായ കമ്യൂണിസവും വരേണ്യവര്‍ഗത്തിനു ചൂഷണം ചെയ്യാനുള്ള ഒരു ഉട്ടോപ്യന്‍ ആശയമാണെന്ന ബോധം കേരളത്തിലെ കീഴാളവിഭാഗത്തില്‍പ്പെട്ട ഏറെപ്പേര്‍ക്കു ഇതുവരെ ഉണ്ടായിട്ടില്ല.
”വര്‍ഗപ്രശ്നമല്ല, മേലാളക്കോയ്മയാണ് ഇന്നത്തെ പ്രശ്നം. ഇത് ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഫ്യൂഡല്‍ സമൂഹത്തില്‍ ആരാണോ മുകള്‍ത്തട്ടിലുണ്ടായിരുന്നത്, ആ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇന്നുമുള്ളത്. അത് എഴുത്തുകാരായാലും മാധ്യമപ്രവര്‍ത്തകരായാലും ശാസ്ത്രജ്ഞരായാലും ശരി, ഈ വിഭാഗക്കാരാണ് ഇന്നും ഉയര്‍ന്നുനില്‍ക്കുന്നത്. ഇത് ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഈ ചരിത്ര അനുസ്യൂതത്വം മുറിക്കണമെങ്കില്‍ കീഴാള പ്രതിരോധം ആവിര്‍ഭവിക്കുകയും ശക്തമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്”. എന്ന ധാരണ കുഞ്ഞാമനുണ്ട്. കുഞ്ഞാമന്‍ പറയുന്ന ചരിത്ര അനുസ്യൂതത്വത്തെ വെട്ടിമുറിച്ചു കൊണ്ടാണ് നാരായണഗുരുവിന്റെയും മറ്റും നേതൃത്വത്തില്‍ കീഴാള പ്രതിരോധം വ്യാപകമായും ശക്തമായും കേരളത്തില്‍ ആവിര്‍ഭവിച്ചതെന്നു അദ്ദേഹത്തിനു അറിയാന്‍ പാടില്ലാത്തതാണോ? സവര്‍ണവിഭാഗങ്ങള്‍ നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ‘ഹൈജാക്ക്’ ചെയ്ത് ശവപ്പെട്ടിയിലാക്കിയ നവോത്ഥാന മാനവിക മൂല്യങ്ങളും സമരമാര്‍ഗ്ഗങ്ങളും വീണ്ടെടുത്തു കൊണ്ടു മാത്രമേ, കീഴാള വിഭാഗങ്ങള്‍ക്കു നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കാനും മുന്നേറാനും സാധിക്കുകയുള്ളു. നാടുവാഴുന്ന ഉയര്‍ന്ന ജാതിക്കാരായ ഇടതു-വലതു പക്ഷ രാഷ്ട്രീയ നേതാക്കളുടെ അധീനതയിലുള്ള – കീഴാളന്റെ വിമോചനത്തിനു അവശ്യം വേണ്ടതായി കുഞ്ഞാമന്‍ പറയുന്ന – സമ്പത്തും വിജ്ഞാനവും അധികാരവും താലത്തില്‍ വച്ചു അവര്‍ നല്‍കുമെന്ന പ്രതീക്ഷ കുഞ്ഞാമനില്ല. അതിനുവേണ്ടത് നവോത്ഥാന സംസ്‌കാരം ഉള്‍ക്കൊള്ളുന്ന പുതിയൊരു കീഴാള രാഷ്ട്രീയവും നേതൃത്വവുമാണ്. സമ്പത്ത്, വിജ്ഞാനം, അധികാരം എന്നീ ഘടകങ്ങളില്‍ നിന്നു അന്യവല്‍ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്കു വേണ്ടത് നിലനില്‍ക്കുന്ന സമകാലിക രാഷ്ട്രീയത്തില്‍ നിന്നും ഭിന്നമായൊരു രാഷ്ട്രീയ സഖ്യമാണെന്നു കുഞ്ഞാമന്‍ തന്നെ പറയുന്നുണ്ടല്ലോ.
എ.കെ.ജി. സെന്റര്‍ എന്ന സര്‍വകലാശാലയില്‍ പഠിച്ചതിന്റെ ചില ദോഷങ്ങള്‍ കുഞ്ഞാമനെ ബാധിച്ചിട്ടുണ്ടായിരുന്നു. ആദ്യം സാമ്പത്തിക സ്വാതന്ത്ര്യമുണ്ടാകണമെന്നും അതിലൂടെ മറ്റ് സ്വാതന്ത്ര്യങ്ങളുണ്ടാകുമെന്നും, സമ്പത്തു നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ജാതി ഇല്ലാതാകുമെന്നുമൊക്കെ അദ്ദേഹത്തിനു വിശ്വസിക്കേണ്ടി വന്നത് എ.കെ.ജി. സെന്ററിലെ ഗുരുക്കന്മാരുടെ വര്‍ഗ്ഗസമരസിദ്ധാന്ത ക്ലാസുകളും ചര്‍ച്ചകളും ശ്രവിച്ചിട്ടായിരിക്കണം. ‘വിദ്യകൊണ്ടു സ്വതന്ത്രരാവുക’ എന്നു നാരായണഗുരുവും ‘പത്തു ബി.എ.ക്കാരാണു നമുക്കു വേണ്ടതെന്നു അയ്യന്‍കാളിയും ‘Educate organise and industrialise’ എന്നു അംബേദ്കറും, സമ്പത്തിനെക്കാള്‍ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം കൊടുത്തു നടത്തിയ ഉദ്ബോധനങ്ങള്‍ കുഞ്ഞാമന്‍ ഓര്‍ത്തുകാണില്ല.

‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്ന പ്രശസ്തമായ പഴമൊഴിയോ സ്വന്തം അനുഭവം പോലുമോ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ ലഹരിയില്‍ കുഞ്ഞാമന്‍ വിസ്മരിച്ചിട്ടുണ്ടാവും. ഈ ഉന്മാദമാണ്, ”ദളിതരും പിന്നാക്കക്കാരും തമ്മിലാണു യഥാര്‍ത്ഥ പ്രശ്നം, അല്ലാതെ ദളിതരും സവര്‍ണരും തമ്മിലുള്ള സംഘര്‍ഷമല്ല. ഇപ്പോള്‍ ദളിതര്‍ക്കു അഭിമുഖീകരിക്കേണ്ടി വരുന്നത് പിന്നാക്കക്കാരെയാണ്. അവരാണു സമ്പത്തു കൈയടക്കി വച്ചിരിക്കുന്നത്.” എന്നു കുഞ്ഞാമനെക്കൊണ്ടു പറയിച്ചത്. കുഞ്ഞാമന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരായ ദളിത് സഖാക്കളുടെ സ്ഥിതി എന്തായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു. വര്‍ഗ്ഗസമര സിദ്ധാന്തം വെടിഞ്ഞു അധഃസ്ഥിത പിന്നാക്ക ജാതികള്‍ സ്വയം സംഘടിക്കാതിരിക്കാനും പുറത്തു നില്‍ക്കുന്നവരെ പരസ്പരം കൂട്ടിമുട്ടിക്കാനും പാര്‍ട്ടി ക്ലാസുകളില്‍ രൂപപ്പെടുന്ന ഇത്തരം സരോപദേശങ്ങള്‍ ഉപകാരപ്പെടുമെന്നു തന്ത്രശാലികളായ വരേണ്യ ഗുരുക്കന്മാര്‍ ചിന്തിച്ചിട്ടുണ്ടാവും. ഈ കുഞ്ഞാമന്‍ തന്നെ ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ വര്‍ഗ്ഗസമരത്തിനു മുമ്പൊരു വര്‍ണ്ണസമരം നടക്കേണ്ടതുണ്ടെന്നും പറയുന്നുണ്ട്. മുമ്പ് റാംമനോഹര്‍ലോഹ്യ പറഞ്ഞ കാര്യം ഒരു ഭേദഗതിയിലൂടെ ആവര്‍ത്തിക്കുകയാണു കുഞ്ഞാമന്‍ ഇവിടെ. ജാതി വ്യവസ്ഥയാല്‍ ശപ്തമായൊരു രാജ്യത്ത് ആദ്യമായും അവസാനമായും നടക്കേണ്ടത് വര്‍ണ്ണസമരമാണെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പറഞ്ഞു. മുതലാളിത്തവും കമ്യൂണിസവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അസംഗതമാണെന്നു അദ്ദേഹം നിരീക്ഷിച്ചു. കമ്യൂണിസമോ മാര്‍ക്സിസ്റ്റ് വീക്ഷണത്തിലുള്ള സോഷ്യലിസമോ ഇന്ത്യക്കു ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുമെന്നു വിശ്വസിച്ച വ്യക്തിയല്ല അംബേദ്കര്‍. എന്നാല്‍ വര്‍ണ്ണ സമരത്തിനു ശേഷം മറ്റൊരു വര്‍ഗ്ഗസമരത്തെ സ്വപ്നം കാണുന്ന കുഞ്ഞാമനെയാണു നാം ഇവിടെ കാണുക!. എ.കെ.ജി. സെന്ററില്‍ നിന്നും ലഭിച്ച ശിക്ഷണത്തിന്റെ ലഹരി ജീവിതാവസാനം വരെ കുഞ്ഞാമനെ വിട്ടുപിരിഞ്ഞില്ലെന്നു വേണം കരുതാന്‍.
”ഇന്ത്യയിലെ അധീശവര്‍ഗ്ഗം അതിന്റെ ചൂഷണം നിര്‍വിഘ്നം തുടരുന്നതിനുപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് ജാതി വ്യവസ്ഥ” എന്നാണ് കുഞ്ഞാമന്റെ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ഗുരു സഖാവ് ഇ.എം.എസ്. പറഞ്ഞത് ”കേരളത്തിനു മാത്രമല്ല ഇന്ത്യയ്ക്കാകെ തന്നെ ആര്യബ്രാഹ്മണനില്‍ നിന്നു കിട്ടിയ വലിയൊരു സംഭാവനയാണ് ജാതി. ജാതി സമ്പ്രദായം അന്ന് ഉളവായിരുന്നില്ലെങ്കില്‍ ഇന്നത്തെ മലയാളികളുടെ അഭിമാനപാത്രമായി കേരള സംസ്‌കാരം ഉയരുമായിരുന്നില്ല. ഈ ജാതി വ്യവസ്ഥയുടെ കീഴിലാണു മലയാളികള്‍ സ്വന്തം വ്യക്തിത്വമുള്ള ഒരു ജനതയായി രൂപം കൊണ്ടത്” എന്നാണ്. ഇതാണ് യഥാര്‍ത്ഥ ‘വൈരുദ്ധ്യാധിഷ്ഠിത’ ഭൗതികവാദം! ദളിതനായ കുഞ്ഞാമന്റെ കാഴ്ചപ്പാടില്‍ ജാതിവ്യവസ്ഥ ചൂഷണോപാധിയാണെങ്കില്‍ ബ്രാഹ്മണനായ ഇ.എം.എസിന്റെ ദൃഷ്ടിയില്‍ ഇന്ത്യയ്ക്കാകെ അഭിമാനകരമായ വലിയൊരു സമ്മാനമാണ്! തോട്ടിപ്പണി തുടങ്ങിയ ഹീനമായ ജോലികള്‍ ചൂഷിതന് പൈതൃകമായി നല്‍കിക്കൊണ്ട്, അതവന്റെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്ന ധാരണ സൃഷ്ടിച്ച ഇന്ത്യന്‍ അധീശവര്‍ഗ്ഗത്തെ കുറ്റപ്പെടുത്തുന്ന കുഞ്ഞാമന്‍, തോട്ടികളുടെ സംഘടനയുണ്ടാക്കി അതിനെ സ്ഥാപനവല്‍ക്കരിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രവൃത്തിയെ എങ്ങനെയാണു നോക്കിക്കണ്ടിട്ടുണ്ടാവുകയെന്നു അറിയാന്‍ നിവൃത്തിയില്ല. കുഞ്ഞാമനു തോട്ടിപ്പണി തിരസ്‌കരിക്കേണ്ട ഹീനമായ തൊഴിലാണെങ്കില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടതും ശാശ്വതമായി നിലനിര്‍ത്തേണ്ടതുമായ തൊഴില്‍മേഖലയാണ്.

നാരായണഗുരു അവജ്ഞയോടെ കണ്ട്, ഉപേക്ഷിക്കണമെന്നു സമുദായത്തോട് ആവശ്യപ്പെട്ട കള്ളുചെത്തിനെ; ചെത്തുതൊഴിലാളിയൂണിയനിലൂടെ വളര്‍ത്തി പരിപോഷിപ്പിക്കുന്നതും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണല്ലോ. സത്യത്തില്‍ മനുസ്മൃതികാരന്‍ വര്‍ണ്ണവ്യവസ്ഥയിലൂടെ പണ്ട് ചെയ്ത പണി, കമ്യൂണിസ്റ്റ് നേതൃത്വം തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെ പേരില്‍ ഇന്നു ചെയ്തുകൊണ്ടിരിക്കുന്നു! അധ്വാനിക്കുന്നവന്റെ അധ്വാനഫലം ചൂഷണം ചെയ്ത് ജീവിക്കുന്ന – കേരളത്തെ വിലയ്ക്കു വാങ്ങാന്‍ സാമ്പത്തികമായി കഴിയുന്ന – മനുഷ്യരാശിക്കു യാതൊരു സംഭാവനയും നല്‍കാത്ത രാഷ്ട്രീയ മുതലാളന്മാരായ നേതൃത്വത്തെപ്പറ്റി കുഞ്ഞാമന്‍ പറയുന്നുണ്ട്. അവര്‍ കമ്യൂണിസ്റ്റുകാരല്ലാതെ മറ്റാരാണ്?
സാമ്പത്തിക സംവരണത്തിനുവേണ്ടി ഇന്ത്യയില്‍ ആദ്യം വാദിച്ചതും അതു നടപ്പിലാക്കിയതും കമ്യൂണിസ്റ്റുകാരാണ്. പാര്‍ട്ടിയുടെ അണികളില്‍ ബഹുഭൂരിപക്ഷം വരുന്ന അധഃകൃത പിന്നാക്ക ജാതികള്‍ എക്കാലത്തും പാര്‍ട്ടിയുടെ അടിമകളും ചാവേറുകളുമായി വര്‍ത്തിക്കണമെന്ന ദുഷ്ടലാക്കോടെയാണ്, അവരുടെ മോചനമാര്‍ഗ്ഗങ്ങളില്‍ സുപ്രധാനമായ സാമുദായിക സംവരണത്തിനു തുരങ്കം വയ്ക്കുന്ന സാമ്പത്തിക സംവരണവാദം നമ്പൂതിരിപ്പാട് ഉയര്‍ത്തിപ്പിടിച്ചത്. അതു നടപ്പിലാക്കാനുള്ള ദുര്‍വിധിയുണ്ടായതാകട്ടെ അവര്‍ണ്ണനായ മുഖ്യമന്ത്രി പിണറായി വിജയനും. ജാതിപ്രശ്നത്തെ ഉപരിതല പ്രതിഭാസമായി കണ്ട സി.പി.എമ്മിന്റെ ‘സൈദ്ധാന്തിക’ നിലപാടില്‍ നിന്നും ഏറെ ഭിന്നമായിരുന്നു, അതിനെ അടിസ്ഥാന മൗലിക പ്രശ്നമായി കണ്ട കുഞ്ഞാമന്റെ നിലപാട്. രാഷ്ട്രീയ സംവരണത്തിന് അദ്ദേഹം എതിരായിരുന്നുവെങ്കിലും, ഉദ്യോഗ, വിദ്യാഭ്യാസ മേഖലകളിലെ സംവരണത്തെ അനുകൂലിച്ചിരുന്നു.

സംവരണ മണ്ഡലത്തിലൂടെ ജയിച്ചുവരുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ വരേണ്യ നേതൃത്വത്തേയും വ്യവസ്ഥിതിയേയും പിന്താങ്ങുന്നവരും ദളിതരെ സാമൂഹികമായോ രാഷ്ട്രീയമായോ പ്രതിനിധീകരിക്കാത്തവരും ആയിരിക്കുമെന്നു ഡോ. അംബേദ്കറെ പോലെ കുഞ്ഞാമനും മനസ്സിലാക്കിയിരുന്നു. സാമ്പത്തിക സംവരണം നയരാഹിത്യമാണെന്നും സമുദായ സംവരണത്തോടുള്ള ഭരണകൂടത്തിന്റെ നയം കേവലം തന്ത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും സംവരണത്തിലൂടെ പ്രാതിനിധ്യവും പങ്കാളിത്തവും കിട്ടിയിട്ടുണ്ടെന്നും അധഃസ്ഥിത സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ സംവരണത്തിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിനു ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യവസ്ഥിതിയെ പൊളിച്ചെഴുതാനുള്ള ശക്തിയായി അതു മാറിയില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത്തരമൊരു പൊളിച്ചെഴുത്തിന്, അംബേദ്കര്‍ നിര്‍ദ്ദേശിച്ചതുപോലെ, ദളിത് രാഷ്ട്രീയം വളരുകയും അതിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുത്തു സമ്പത്തു പുനര്‍വിതരണം ചെയ്യുകയും വേണം . സി.പി.എം ഉള്‍പ്പെടെ വരേണ്യവര്‍ഗം ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വത്തിനു ഒരിക്കലും ദഹിക്കാത്തതാണ് ഈ നിരീക്ഷണമെന്നു പറയേണ്ടതില്ലല്ലോ.
കുഞ്ഞാമന്‍ ആഗ്രഹിച്ചതും അംബേദ്കര്‍ ഉയര്‍ത്തിക്കൊണ്ടു വന്നതുമായ ദളിത് രാഷ്ട്രീയത്തിന്റെ ശിരസ്സ് തകര്‍ത്തത് ‘പൂനാപാക്ടി’ലൂടെ (1932 സെപ്തംബര്‍ 24) ഗാന്ധിജിയായിരുന്നു. അംബേദ്കറുടെ നിരന്തര സമ്മര്‍ദ്ദത്താല്‍ ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ച – ദളിത് പ്രതിനിധികളെ ദളിതര്‍ തന്നെ തിരഞ്ഞെടുക്കുന്ന സംവരണ പദ്ധതിയായ – ‘കമ്യൂണല്‍ അവാര്‍ഡ്’ (1932 ആഗസ്റ്റ് 16) നടപ്പിലാക്കിയിരുന്നെങ്കില്‍, ഇന്ത്യന്‍ വരേണ്യ രാഷ്ട്രീയക്കാരുടെ ഇരകളായും ആശ്രിതരായും ദുരിതജീവിതം നയിക്കേണ്ടി വരുന്ന സ്ഥിതി ദളിതര്‍ക്കു സംജാതമാകുമായിരുന്നില്ല. ഒരിക്കലും സാദ്ധ്യമാകാത്ത ഹിന്ദു ഐക്യത്തിന്റെ പേരിലാണ് കമ്യൂണല്‍ അവാര്‍ഡിനെ ഗാന്ധിജി എതിര്‍ത്തതെങ്കില്‍, വെറുമൊരു മരീചികയായ സോഷ്യലിസത്തിന്റെ പേരിലാണു കമ്യൂണിസ്റ്റുകാര്‍ സമുദായ സംവരണത്തെ എതിര്‍ത്തത്. ഫലത്തില്‍ രണ്ടും നിര്‍വഹിച്ച ദൗത്യം ഒന്നായിരുന്നു. അധഃകൃത പിന്നാക്ക ജാതികളുടെ അധോഗതി. ‘ക്രീമിലെയറി’ലൂടെ ജുഡീഷ്യറിയും സവര്‍ണസംവരണം ഉറപ്പാക്കുന്ന ഭരണഘടന ഭേദഗതിയിലൂടെ പാര്‍ലമെന്റും (2019) അവരുടെ ശവക്കുഴി തോണ്ടുകയും ചെയ്തു. ഇതൊക്കെ കണ്ട് ഇ.എം.എസിന്റെ ആത്മാവ് പരലോകത്തിരുന്നു ഹര്‍ഷപുളകിതനായി ചിരിക്കുന്നുണ്ടാവും. സവര്‍ണസംവരണത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ടു ചെയ്ത അധികാരമോഹികളായ അധഃകൃത പിന്നാക്ക ജാതികളുടെ ആത്മവിനാശകരമായ പ്രവൃത്തി കണ്ട് അംബേദ്കറുടെ ആത്മാവ് നെഞ്ചുരുകി വിലപിച്ചിട്ടുണ്ടാവും.
(അവസാനിച്ചു)