സവര്‍ണ അജണ്ട നടപ്പിലാക്കാന്‍ അവര്‍ണ നേതൃത്വം

ദളിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നു ധിഷണാശാലികളായ വ്യക്തികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരിക്കലും ഉയര്‍ന്നുവന്നിട്ടില്ല. എനിക്കു തന്നെ പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുള്ളത് കമ്യൂണിസ്റ്റുകാരുമായാണ്. രസകരമായൊരു കാര്യം, ഞാന്‍ ഇടതുപക്ഷത്തോടൊപ്പം നിന്നു ജനകീയാസൂത്രണത്തെ പിന്തുണച്ചിരുന്ന കാലത്താണ് പ്രൊഫസര്‍ തസ്തികയില്‍ നിന്നു എന്നെ തഴഞ്ഞത്.

സംവരണം വഴി ഉദ്യോഗത്തില്‍ പ്രവേശിക്കുന്നവരോടു മാത്രമല്ല, സംവരണമണ്ഡലങ്ങളില്‍ നിന്നും ജയിച്ചുവരുന്നവരോടും പാര്‍ട്ടിക്കു മതിപ്പുണ്ടായിരുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്തു തുടങ്ങിയ (1996) ജനകീയാസൂത്രണത്തിന്റെ നയരൂപീകരണ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്തിരുന്ന കുഞ്ഞാമന് സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്ന കാര്യമാണിത്: ”അന്നു ചേലക്കരയില്‍ നിന്നുള്ള എം.എല്‍.എ.യായ കെ. രാധാകൃഷ്ണന് മന്ത്രിയായിരുന്നു. രാധാകൃഷ്ണനും തോമസ് ഐസക്കും ഞാനും ചേര്‍ന്നായിരുന്നു, ദൈനംദിന പരിപാടികളുടെ അവലോകനം. രാധാകൃഷ്ണന്റെ പ്രത്യേകത, ആത്മാര്‍ത്ഥതയാണ്. പ്രശ്നത്തിന്റെ ഹൃദയത്തിലേക്ക് അദ്ദേഹം കടന്നു ചെല്ലും. എനിക്ക് ആ സമീപനം ഇഷ്ടമായി. പക്ഷേ, ആത്മാര്‍ത്ഥത കൊണ്ടു മാത്രമായില്ലല്ലോ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനു സ്വന്തം പാര്‍ട്ടിയില്‍ ഇടമില്ല. സംവരണ മണ്ഡലങ്ങളിലൂടെ വരുന്നവരുടെ അവസ്ഥയാണിത്. അവരുടെ ആത്മാര്‍ത്ഥതയ്ക്കും സ്നേഹത്തിനും നയരൂപീകരണത്തില്‍ പ്രസക്തിയില്ല. ഇത്തരക്കാര്‍ക്കു നയരൂപീകരണത്തെ സ്വാധീനിക്കാന്‍ കഴിയുന്നില്ല”.
വര്ഗ്ഗസമരത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്, സംവരണ മണ്ഡലത്തിലല്ലാതെ, പൊതുമണ്ഡലത്തില്‍ നിര്‍ത്തി ഒരു ദളിതനെ മത്സരിപ്പിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല. കമ്യൂണിസ്റ്റ് മന്ത്രിസഭയിലും, ഹരിജനക്ഷേമം മിക്കപ്പോഴും ദളിതനും ‘എക്സൈസ്’ വകുപ്പ് ഈഴവനുമാണല്ലോ സംവരണം ചെയ്യുക. കമ്യൂണിസം വിളമ്പുന്ന വിപ്ലവപാര്‍ട്ടിയില്‍ കുലത്തൊഴില്‍ ഉറപ്പാക്കുന്ന മനുസ്മൃതിയിലെ തത്ത്വം രൂപം മാറ്റി പ്രാവര്‍ത്തികമാക്കുന്നത് ഇങ്ങനെയാണ്. മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ഡയലറ്റിക്കല്‍ മെറ്റീരിയലിസം ‘ബ്രാഹ്മണിക്, ഡയലിറ്റിക് മെറ്റീരിയലിസ’മാക്കുന്നതിന്റെ ദുരന്തമാണിത്. സവര്‍ണ-മതന്യൂനപക്ഷ താല്പര്യങ്ങള് സംരക്ഷിച്ചു ജാതി-മത സ്വത്വങ്ങളെ ഉച്ചാടനം ചെയ്യാന്‍ എത്ര ശ്രമിച്ചാലും – (അവര്‍ണ മാര്‍ക്സിസ്റ്റുകളെ സംബന്ധിച്ചു അതൊരു വലിയ ബാദ്ധ്യതയാണ്.) തീയ്യനും ചെത്തുകാരന്റെ മകനുമായ പിണറായി വിജയന്റെ തീയ്യ ഐഡന്റിറ്റിയിലും മുഖ്യമന്ത്രി പദവിയിലും അസ്വസ്ഥരാകുന്ന ‘കരയോഗ’മനസ്സുള്ള സവര്‍ണ്ണ കമ്യൂണിസ്റ്റുകള്‍ പാര്ട്ടിയിലുണ്ടാവുമെന്നു പറയേണ്ടതില്ലല്ലോ. പാര്‍ട്ടിയിലെ അധീശ നിയന്ത്രണശക്തികളായി കുഞ്ഞാമന് കാണുന്ന സവര്‍ണ-സമ്പന്ന വിഭാഗങ്ങളില്‍ ഈ ‘കരയോഗ’ക്കാരും സവര്ണക്രിസ്ത്യാനികളും ഉള്‍പ്പെടും.
ദളിത് വിദ്യാര്‍ത്ഥികളോടും ദളിത് ജനപ്രതിനിധികളോടും മന്ത്രിയോടും മാത്രമല്ല, ദളിത് ബുദ്ധിജീവികളോടും ഇടതുപക്ഷത്തിന്റെ മനോഭാവം പിന്തിരിപ്പനാണ്. കേരളത്തിന്റെ ധൈഷണിക ലോകത്തു ഒരു ദളിത് ചിന്താധാര വികസിച്ചു വന്നിട്ടില്ലെന്നാണു കുഞ്ഞാമന്റെ അഭിപ്രായം. അത്തരമൊരു ചിന്താധാര ഉയര്‍ന്നുവരാന്‍ ഇടതുപക്ഷ രാഷ്ട്രീയം അനുവദിക്കില്ലെന്നു മാത്രമല്ല, ദളിത് പണ്ഡിതരോടും ചിന്തകരോടും ശത്രുതയോടെ പെരുമാറുകയും ചെയ്യും. അദ്ദേഹം എഴുതുന്നതു കാണുക: ”മറ്റു സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വരുന്നതു പോലുള്ള കീഴാള പരിപ്രേഷ്യങ്ങള്‍ കേരളത്തില്‍ അധികം ഉണ്ടായില്ലെന്നു പറയാം. ഇവിടെ അധികം ചിന്തകരില്ലായിരുന്നു. ഇപ്പോഴാണ് ദളിതരില്‍ നിന്നു കൂടുതല്‍ എഴുത്തുകാരും ചിന്തകന്മാരുമുണ്ടാകുന്നത്. കേരളത്തില്‍ തന്നെ നോക്കൂ, കെ.കെ. കൊച്ച്, സനല്‍മോഹന്‍, രേഖരാജ്, സി.ഡി.എസിലെ ജയശീലന്‍ ഇവരൊക്കെ ആരെയും ഭയപ്പെടാതെ പ്രശ്നങ്ങള്‍ പഠിച്ച് അപഗ്രഥിച്ച് അവതരിപ്പിക്കുന്നവരാണ്. എന്നാല്‍ ഇടതുപക്ഷം എന്ന ഒരു മതിലിനകത്ത് ഇത്തരം പഠനങ്ങള്‍ തമസ്കരിക്കപ്പെട്ടു.

ദളിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നു ധിഷണാശാലികളായ വ്യക്തികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരിക്കലും ഉയര്‍ന്നുവന്നിട്ടില്ല. എനിക്കു തന്നെ പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുള്ളത് കമ്യൂണിസ്റ്റുകാരുമായാണ്. രസകരമായൊരു കാര്യം, ഞാന്‍ ഇടതുപക്ഷത്തോടൊപ്പം നിന്നു ജനകീയാസൂത്രണത്തെ പിന്തുണച്ചിരുന്ന കാലത്താണ് പ്രൊഫസര്‍ തസ്തികയില്‍ നിന്നു എന്നെ തഴഞ്ഞത്. നമുക്ക് ഒരു ചായ് വുള്ള പ്രത്യയശാസ്ത്രമാണിത്. പക്ഷേ അവര്‍ കൂടെ നിന്നു ഇങ്ങനെ ചെയ്യും. നമുക്കു ശത്രു ഉണ്ടാകും. അത് ഓപ്പണ്‍ ആകുന്നതാണ് നമുക്കു നല്ലത്. എന്നാല്‍ ശത്രു എന്നു പറയാതെ അവര്‍ ശത്രുത കാണിക്കും. അതുകൊണ്ട് ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല. മറ്റുള്ളവര്‍ തുറന്നു പറയും, തങ്ങള്‍ ദളിതര്ക്കൊപ്പമല്ല എന്ന്. പക്ഷെ കമ്യൂണിസ്റ്റുകാര്‍ ‘ദളിതര്‍ക്കു തരില്ല’ എന്നു പറയില്ല, പക്ഷേ, അവര്‍ തരില്ല. അവര്‍ ദളിത് വിഭാഗങ്ങള്‍ക്കു എതിരാണ്. അത് പുതിയ അനുഭവമല്ല”. പിന്നാക്ക വിഭാഗങ്ങളുടെ അനുഭവവും ഇതില്‍ നിന്നു ഏറെ ഭിന്നമല്ല. അതിലെ പണ്ഡിതന്മാരേയും ചിന്തകന്മാരേയും കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രയോജനപ്പെടുത്തുകയല്ലാതെ വളര്‍ത്തിയ ചരിത്രമില്ല.
ഭരണകൂടം ഇടതുപക്ഷമായാലും വലതുപക്ഷമായാലും കേരളത്തിലെ സര്‍വകലാശാലകളിലെ സവര്‍ണ മേധാവിത്വത്തെ തകര്‍ക്കാനാവില്ലെന്നു സ്വന്തം അനുഭവത്തില്‍ നിന്നു തന്നെ കുഞ്ഞാമന് ഗ്രഹിച്ചിരുന്നു. വിദ്യാര്‍ത്ഥി പ്രവേശനം മുതല്‍ അദ്ധ്യാപക നിയമനം വരെ അതു നീളുന്നു. കേരള സര്‍വകലാശാലയിലെ അദ്ധ്യാപക നിയമന ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായിരുന്നിട്ടു പോലും, ഓപ്പണ്‍ തസ്തികയില്‍ അപേക്ഷിച്ചതിന്റെ പേരില്‍ നിയമനം നിഷേധിക്കപ്പെട്ട ഭീകരാനുഭവം കുഞ്ഞാമനുണ്ടായിരുന്നല്ലോ! ലോകത്ത് ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍, ഓപ്പണ്‍ തസ്തികയില്‍ അപേക്ഷിച്ച് ഒന്നാം റാങ്ക് നേടിയ ഒരാളെ, സംവരണ വിഭാഗത്തില്‍പ്പെട്ടവന്‍ എന്ന ന്യായം പറഞ്ഞു ജോലി നിഷേധിക്കപ്പെട്ട ചരിത്രം ഉണ്ടായിട്ടുണ്ടോ? ക്രൂരമായ ഈ നീതിനിഷേധത്തിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഒരു സൂപ്പര്‍ ന്യൂമററി തസ്തികയുണ്ടാക്കി, അതു പട്ടികജാതി വര്‍ഗ്ഗത്തിനു സംവരണം ചെയ്തു കുഞ്ഞാമനെ നിയമിക്കേണ്ട ഗതികേടിലായി സര്‍ക്കാര്‍. നിന്ദ്യവും ലജ്ജാകരവുമായ ഈ നയവ്യതിയാനത്തിനു ഹേതുവെന്ത്? കുഞ്ഞാമന് എഴുതുന്നതു കാണുക: ”ഒരു ഓപ്പണ്‍ തസ്തികയിലേക്കു അപേക്ഷിച്ച് ഒന്നാം റാങ്കുള്ള ഒരാളെ നിയമിക്കുന്നത്, എസ്.സി-എസ്.ടി സംവരണത്തിലൂടെ. ചണ്ഡാലന് സിംഹാസനത്തിനു പുറകിലൂടെ മാത്രം വരണം എന്ന അധീശനിയമം ഇവിടെ കൃത്യമായി പാലിക്കപ്പെട്ടു.” രാമന് വാണാലും രാവണന് വാണാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി എന്ന പഴയ ഫ്യൂഡല്‍ മാടമ്പി പാരമ്പര്യ വ്യവസ്ഥ കേരള സര്‍വകലാശാലയില്‍ മാത്രമല്ല, പി.എസ്.സി ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സാര്‍വത്രികമായി നിര്‍വിഘ്നം ഇപ്പോഴും തുടര്‍ന്നു പോകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം!
എന്തുകൊണ്ട് ഇതിനൊരു അറുതി വരുത്താന്‍ കഴിയുന്നില്ല എന്ന ചോദ്യത്തിനു രണ്ട് ഉത്തരമാണുള്ളത്. ഒന്ന്, നമ്മുടെ സമൂഹം ഇന്നും ഫ്യൂഡല്‍ മൂല്യങ്ങളില്‍ നിന്നും പൂര്‍ണമായി മുക്തമല്ലെന്നുള്ളതും ആ പാരമ്പര്യത്തില്‍ നിന്നു വന്നവരുടെ കൈകളില്‍ തന്നെ അധികാരവും സമ്പത്തും കേന്ദ്രീകരിച്ചിരിക്കുന്നുവെന്നുള്ളതുമാണ്. രണ്ട്, വിപ്ലവപാര്‍ട്ടികളിലെ അധഃകൃത പിന്നാക്ക ജാതികളായ നേതാക്കള്‍ പോലും ഫ്യൂഡല്‍ മൂല്യങ്ങളെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മുന്നോക്ക ജാതികളുടെ ഉപകരണങ്ങളായി മാറുന്നുവെന്നതാണ്. ജാതി സെന്‍സസ് നടപ്പിലാക്കാനോ, സര്‍ക്കാര്‍ സര്‍വീസില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കാനോ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകാത്തതിനു കാരണം മേല്‍സൂചിപ്പിച്ച ഘടകങ്ങളാണെന്നത് സ്പഷ്ടം.
ദളിത് പ്രസിഡന്റോ ചീഫ് ജസ്റ്റിസോ വന്നിട്ടു കാര്യമില്ല. പൊതുവ്യവസ്ഥിതിയാണു മാറേണ്ടതെന്നു വാദിക്കുന്ന കുഞ്ഞാമന്, ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ദളിതന് സര്‍വകലാശാല വൈസ് ചാന്‍സലറോ ആസൂത്രണബോര്‍ഡ് ചെയര്‍മാനോ ആകാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഒരു ദളിതന് മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കാനോ വി.സി.യുടെ കസേരയില്‍ ഇരിക്കാനോ ആഗ്രഹമുണ്ടെങ്കില്‍ അയാള്‍ ഒരു മൂട്ടയായി പുനര്‍ജനിക്കേണ്ടി വരുമെന്നും പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. ഇന്ത്യന്‍ പ്രസിഡന്റോ ചീഫ് ജസ്റ്റിസോ ആയിരുന്നിട്ടു കാര്യമില്ലെങ്കില്‍, മുഖ്യമന്ത്രിയോ വൈസ് ചാന്‍സലറോ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനോ ആയിരുന്നിട്ടു എന്തു പ്രയോജനം? കുഞ്ഞാമന് മേല്‍ സൂചിപ്പിച്ചതു പോലെ പൊതുവ്യവസ്ഥിതിയാണു മാറേണ്ടത്. സവര്‍ണവല്‍ക്കരിക്കപ്പെട്ട സര്‍ക്കാര്‍ സംവിധാനവും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളുമാണു അടിസ്ഥാനപരമായി മാറേണ്ടത്.
എ.കെ.ബാലനോ, കെ. രാധാകൃഷ്ണനോ മുഖ്യമന്ത്രിയായാല്‍ ദളിതന് അതുകൊണ്ടു ഒരു ഗുണവുമുണ്ടാകില്ല. വി.എസ്. അച്യുതാനന്ദനോ പിണറായി വിജയനോ മുഖ്യമന്ത്രിയായിട്ടു പിന്നാക്കവിഭാഗങ്ങള്‍ക്കു എന്തുനേട്ടമാണുണ്ടായിട്ടുള്ളത്? വാസ്തവത്തില്‍ അവര്‍ണജനത സൃഷ്ടിച്ച നവോത്ഥാന-ജനാധിപത്യ കേരളത്തെ ‘ഹൈജാക്ക്’ ചെയ്ത് സവര്ണവല്ക്കരിച്ചു കൊണ്ടിരിക്കുന്നത് ഹിന്ദുത്വശക്തിയല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കടന്നുകയറിയ, പഴയ ഫ്യൂഡല്‍ പാരമ്പര്യത്തില്‍പ്പെട്ട സവര്ണജാതികളാണ്. വലതുപക്ഷത്തേയും ഇടതുപക്ഷത്തേയും അധഃകൃത പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന അനുയായികള്‍ ഇത് തിരിച്ചറിയുന്നില്ലെങ്കിലും, ആ വിഭാഗത്തില്‍പ്പെടുന്ന നേതാക്കള്‍ മനസ്സിലാക്കുന്നുണ്ടാവും. എന്നാല്‍ അധികാരവും പദവിയും നേതൃത്വവും നിലനിര്‍ത്താനും ജാതിമതരഹിതമായൊരു മുഖം പ്രദര്‍ശിപ്പിക്കാനുമായി, അവര്‍ണ ജനതയുടെ ന്യായമായ അവകാശങ്ങള്‍ പോലും അവഗണിച്ചുകൊണ്ട്, സവര്‍ണ അജണ്ടകള്‍ നടപ്പിലാക്കാന്‍ അവര്‍ണ നേതൃത്വങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ സര്‍വമേഖലകളിലും പ്രകടമാകുന്ന സവര്‍ണാധിപത്യം അതിനു ദൃഷ്ടാന്തമാണ്. (തുടരും)