ഈഴവരും ദളിതരും നേരവകാശികൾ
സത്യഗ്രഹം നടന്ന് വർഷങ്ങൾ കഴിഞ്ഞ് വൈക്കം ക്ഷേത്രത്തിൽ നിന്നു തന്നെ ജാതി വിവേചനം നേരിടേണ്ടി വന്ന കുടുംബമാണ് എൻ്റേത്. അമ്മയുടെ നേർച്ചയായിരുന്നു എനിക്ക് വൈക്കം ക്ഷേത്രത്തിൽ ചോറൂണ് നടത്തണമെന്നത്. സവർണ്ണരുടെ കുട്ടികൾക്ക് കൊടിമരച്ചുവട്ടിൽ ചോറ് കൊടുത്തപ്പോൾ എന്റെ ചോറൂണിന് ഗോപുരനടയിലായിരുന്നു അനുമതി. അഭിമാനിയായ അച്ഛൻ അതിനെ എതിർത്തു. വലിയ വഴക്കായി. പിന്നീട് തിരുക്കൊച്ചി മന്ത്രിയായ മാധവൻ വക്കീലടക്കമുള്ള വൈക്കത്തെ ഈഴവ പ്രമാണിമാർ അച്ഛനൊപ്പം ചേർന്നു. ഒടുവിൽ ക്ഷേത്ര ഭരണാധികാരികൾ വഴങ്ങി. സവർണ്ണർക്കൊപ്പം എനിക്കും കൊടിമരച്ചുവട്ടിൽ ചോറ് തന്നു. അന്നു മുതൽ ഇവിടെ ചോറൂണിലെ ജാതിവിവേചനം ഇല്ലാതായി എന്നാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്. തിരിച്ചറിവില്ലാത്ത പ്രായത്തിലാണെങ്കിലും ഒരു സാമൂഹ്യ മാറ്റത്തിന് നിമിത്തമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ഇന്ത്യയിലാദ്യമായി നടന്ന സംഘടിത സഹന സമരമായിരുന്നു വൈക്കം സത്യഗ്രഹം.
വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുനിരത്തുകളിൽ അയിത്തജാതിക്കാരന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം. ഈഴവനും, ദളിതനും വഴിനടക്കാനായി നടന്ന മഹാസമരം ക്ഷേത്രപ്രവേശന വിളംബരം വരെയുള്ള നവോത്ഥാന മുന്നേറ്റങ്ങൾക്കും പിന്നീട് പശ്ചാത്തലമൊരുക്കി.
എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ധീര ദേശാഭിമാനി ടി.കെ.മാധവനായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ മുഖ്യസംഘാടകനും നായകനും. ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ സന്ദേശവാഹകനും പ്രയോക്താവുമായിരുന്ന ടി.കെ.മാധവനെ കേരളത്തിലെ അവർണ്ണ ജനവിഭാഗങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല. സ്കൂൾ പ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്ര പ്രവേശനം തുടങ്ങി നാടിന്റെ പൗരാവകാശ സമത്വ സ്ഥാപന ചരിത്രത്തിലെ വീരേതിഹാസങ്ങളെല്ലാം ടി.കെ. മാധവന്റെ കൈയൊപ്പ് പതിഞ്ഞവയാണ്.
കേരളത്തിൽ സാമൂഹികമായ വേർതിരിവുകൾ അവസാനിപ്പിക്കാൻ തുടക്കമിട്ട പ്രാദേശിക സമരങ്ങളെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ സഹായത്തോടെ ദേശീയ പ്രക്ഷോഭമാക്കി വളർത്തിയെടുത്തതിന് പിന്നിൽ ടി.കെ.മാധവന്റെ കരങ്ങളുണ്ടായിരുന്നുവെന്നത് നാടിന്റെ നവോത്ഥാന ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ആ കർമ്മ കാണ്ഡത്തിലെ തിളക്കമാർന്ന അദ്ധ്യായമാണ് വൈക്കം സത്യഗ്രഹം. മഹാത്മാഗാന്ധിയുമായുള്ള ടി.കെ.മാധവന്റെ ആത്മബന്ധമാണ് വൈക്കം സത്യഗ്രഹത്തിന് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റേയും സവർണ്ണരിലെ പുരോഗമന ചിന്താഗതിക്കാരുടേയും പിന്തുണ നേടിക്കൊടുത്തത്. ഒരു രാഷ്ട്രീയ മുന്നേറ്റത്തേക്കാൾ ഹൈന്ദവ സമൂഹത്തെ മാലിന്യങ്ങളിൽനിന്ന് മോചിപ്പിക്കാനുള്ള ശ്രമമായിരുന്നു വൈക്കം സത്യഗ്രഹം എന്ന് വേണം പറയാൻ.
എസ്. എൻ.ഡി.പി യോഗം പ്രസിഡൻ്റായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ ആശീർവാദത്തോടെയായിരുന്നു ടി.കെ.മാധവൻ വൈക്കത്ത് സത്യാഗ്രഹം സംഘടിപ്പിക്കാൻ ഇറങ്ങിപുറപ്പെട്ടത്. ഗുരു വൈക്കം നഗരത്തിൽ തന്നെ ഭൂമി വിലയ്ക്ക് വാങ്ങി സത്യാഗ്രഹ ക്യാമ്പ് പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ഉടമസ്ഥതയിലുള്ള ആശ്രമം സ്കൂൾ പ്രവർത്തിക്കുന്ന ആ ഭൂമിയുടെ കരം തീർക്കുന്നത് ഇന്നും ഗുരുദേവന്റെ പേരിലാണ്. സത്യഗ്രഹികളെ ആശീർവദിക്കാനെത്തിയ ഗുരു 1001 രൂപയാണ് സത്യഗ്രഹ സമര സഹായ നിധിയിലേക്ക് സംഭാവന ചെയ്തത്. അന്നത്തെ 1001 രൂപയ്ക്ക് ഇന്ന് കോടിയുടെ മൂല്യമുണ്ടെന്നോർക്കണം.
സത്യഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി ശിവഗിരിയിൽ എത്തി ശ്രീനാരായണ ഗുരുദേവനെ കണ്ടു. അവർ തമ്മിലുള്ള സംഭാഷണം പിന്നീട് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നയപരിപാടികളിൽ കാതലായ മാറ്റങ്ങൾക്ക് വരെ കാരണമായി. ഇതൊക്കെയും ടി.കെ.മാധവന് അവകാശപ്പെട്ട നേട്ടങ്ങളാണ്. എന്നാൽ, വൈക്കം സത്യാഗ്രഹ ചരിത്രമെഴുതുമ്പോൾ മലയാളത്തിലെ ഒരു പ്രമുഖ പത്രമുൾപ്പെടെ ഒരു വിഭാഗം സത്യാഗ്രഹ സമരത്തിലെ ടി.കെ.മാധവന്റെ നായകത്വം മറച്ചുവെച്ച് മറ്റ് ചിലരെ അവിടെ പ്രതിഷ്ഠിക്കാൻ ശ്രമം നടത്തുന്നു. രാജ്യത്തിന്റെ തന്നെചരിത്രത്തെ മാറ്റിയെഴുതാനാണ് ശ്രമിക്കുന്നത്. അത് അത്ര എളുപ്പമല്ലെന്ന് ഇവർ ഓർക്കുന്നത് നന്നായിരിക്കും.
ദേശീയ ശ്രദ്ധയാകർഷിച്ച വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായി മഹാത്മജി അടക്കമുള്ള ദേശീയ നേതാക്കൾക്ക് പുറമേ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും പുരോഗമന ആശയങ്ങൾ പിൻതുടരുന്ന അനവധി പേർ വൈക്കത്തെത്തി. അതിൽ എടുത്തു പറയേണ്ടതാണ് തമിഴ് ജനതയുടെ പിന്തുണ. തമിഴകത്തെ ദ്രാവിഡ ജനതയെ തലയുയർത്തി നിൽക്കാൻ പഠിപ്പിച്ച പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിലെത്തിയ തമിഴ് മക്കൾ വൈക്കം സത്യഗ്രഹം വിജയം കാണും വരെ സമരത്തിന്റെ മുൻ നിരയിൽ നിലകൊണ്ടു. ആ ആത്മബന്ധത്തിന്റെ നേർക്കാഴ്ചയാണ് ഈ വേദിയിൽ ശ്രീ.എം.കെ.സ്റ്റാലിന്റെ മഹനീയ സാന്നിദ്ധ്യം.
1924 മാർച്ച് 30 ന് ആരംഭിച്ച സത്യഗ്രഹ സമരം അവസാനിച്ചത് 1925 നവംബർ 23 നായിരുന്നു. സത്യഗ്രഹത്തിന്റെ സമരമുഖങ്ങളിൽ സവർണ്ണ മേലാളന്മാരുടെ കൊടിയ മർദ്ദനങ്ങൾക്കും ക്രൂരതകൾക്കും ഇരയായതും രക്തസാക്ഷിത്വം വരിച്ചതും ഈഴവരും ദളിതരുമാണ്.
1924 മാർച്ച് 30 ന് ആരംഭിച്ച സത്യഗ്രഹ സമരം അവസാനിച്ചത് 1925 നവംബർ 23 നായിരുന്നു. സത്യഗ്രഹത്തിന്റെ സമരമുഖങ്ങളിൽ സവർണ്ണ മേലാളന്മാരുടെ കൊടിയ മർദ്ദനങ്ങൾക്കും ക്രൂരതകൾക്കും ഇരയായതും രക്തസാക്ഷിത്വം വരിച്ചതും ഈഴവരും ദളിതരുമാണ്. വൈക്കം സത്യഗ്രഹത്തിന്റെ നേരവകാശികളും ഇവർ തന്നെയാണ്. 603 ദിവസങ്ങൾ നീണ്ടുനിന്ന സത്യഗ്രഹ സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ആ മഹാസമരം രാജ്യത്തിന് നൽകിയ സമത്വമെന്ന സന്ദേശത്തിന്റെ കാലിക പ്രസക്തി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ചരിത്രപരമായ ദൗത്യം നാം ഏറ്റെടുക്കേണ്ടതുണ്ട്.
സത്യഗ്രഹം നടന്ന് വർഷങ്ങൾ കഴിഞ്ഞ് വൈക്കം ക്ഷേത്രത്തിൽ നിന്നു തന്നെ ജാതി വിവേചനം നേരിടേണ്ടി വന്ന കുടുംബമാണ് എൻ്റേത്. അമ്മയുടെ നേർച്ചയായിരുന്നു എനിക്ക് വൈക്കം ക്ഷേത്രത്തിൽ ചോറൂണ് നടത്തണമെന്നത്. സവർണ്ണരുടെ കുട്ടികൾക്ക് കൊടിമരച്ചുവട്ടിൽ ചോറ് കൊടുത്തപ്പോൾ എന്റെ ചോറൂണിന് ഗോപുരനടയിലായിരുന്നു അനുമതി. അഭിമാനിയായ അച്ഛൻ അതിനെ എതിർത്തു. വലിയ വഴക്കായി. പിന്നീട് തിരുക്കൊച്ചി മന്ത്രിയായ മാധവൻ വക്കീലടക്കമുള്ള വൈക്കത്തെ ഈഴവ പ്രമാണിമാർ അച്ഛനൊപ്പം ചേർന്നു. ഒടുവിൽ ക്ഷേത്ര ഭരണാധികാരികൾ വഴങ്ങി. സവർണ്ണർക്കൊപ്പം എനിക്കും കൊടിമരച്ചുവട്ടിൽ ചോറ് തന്നു. അന്നു മുതൽ ഇവിടെ ചോറൂണിലെ ജാതിവിവേചനം ഇല്ലാതായി എന്നാണ് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത്. തിരിച്ചറിവില്ലാത്ത പ്രായത്തിലാണെങ്കിലും ഒരു സാമൂഹ്യ മാറ്റത്തിന് നിമിത്തമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.
ജാതി വിവേചനം എതിർക്കപ്പെടേണ്ടതാണെന്ന് പൊതു സമൂഹത്തിൽ ചിലരെങ്കിലും ചിന്തിച്ചു തുടങ്ങുന്നതിനും മുൻപ്, വൈക്കം സത്യാഗ്രഹത്തിന് എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപ്, അയിത്തത്തിനെതിരെ ആദ്യ രക്തരൂക്ഷിത സമരം നടന്നതും വൈക്കത്താണെന്നത് ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്നവർക്ക് അറിയാൻ കഴിയും
ജാതി വിവേചനം എതിർക്കപ്പെടേണ്ടതാണെന്ന് പൊതു സമൂഹത്തിൽ ചിലരെങ്കിലും ചിന്തിച്ചു തുടങ്ങുന്നതിനും മുൻപ്, വൈക്കം സത്യാഗ്രഹത്തിന് എത്രയോ പതിറ്റാണ്ടുകൾക്ക് മുൻപ്, അയിത്തത്തിനെതിരെ ആദ്യ രക്തരൂക്ഷിത സമരം നടന്നതും വൈക്കത്താണെന്നത് ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്നവർക്ക് അറിയാൻ കഴിയും. അന്ന് സംഘടിതരായി മഹാദേവ ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്താൻ ശ്രമിച്ച ഈഴവ, ദളിത് യുവാക്കളെ ദളവയുടെ ഭടന്മാർ വെട്ടിവീഴ്ത്തി. അവരുടെ മൃതശരീരങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഒരു കുളത്തിൽ ഇട്ടു മൂടി. ആ കുളം പിന്നീട് ദളവാക്കുളമെന്ന് അറിയപ്പെട്ടു. അവിടെ ഇന്ന് നഗരസഭയുടെ ദളവാക്കുളം ബസ് ടെർമിനൽ പ്രവർത്തിക്കുന്നു. മഹത്തായ ഒരു ലക്ഷ്യത്തിലേക്ക് നിർഭയം നടന്നു ചെന്ന് ധീരരക്തസാക്ഷിത്വം വരിച്ചവർ ഉറങ്ങുന്ന മണ്ണ് അവരെ വെട്ടിനുറുക്കിയ ക്രൂരനായ ഭരണാധികാരിയുടെ പേരിൽ ഇന്നും അറിയപ്പെടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിരോധാഭാസമല്ലേ? രാജ്യത്തെ ഒട്ടനവധി സാമൂഹ്യ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച മണ്ണാണ് വൈക്കം. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിലെങ്കിലും അവരോട് നീതി പുലർത്താൻ നമുക്ക് കഴിയണം. ആ വീരയോദ്ധാക്കൾക്ക് ഉചിതമായ സ്മാരകമുയരണം.
കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം രൂപ, ഭാവങ്ങൾ മാറിയെങ്കിലും ജാതിവിവേചനം നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. അത് മാറാൻ ശ്രീനാരായണ ഗുരുദേവനും പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരും ടി.കെ.മാധവനുമെല്ലാം തെളിച്ച വഴികളിലൂടെ നാം ഇനിയുമേറെ ദൂരം സഞ്ചരിക്കണം. ശ്രീ. പിണറായി വിജയനെയും എം.കെ.സ്റ്റാലിനേയും പോലുള്ള കരുത്തരായ ഭരണാധികാരികൾക്കാണ് ഇന്ന് സാമൂഹ്യ മാറ്റങ്ങളിലൂടെ ജനതയെ നയിക്കാനാവുക.
രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം തന്റെ ശരികളിൽ എന്നും ഉറച്ചു നിന്നിട്ടുള്ള പിണറായിക്ക് അതിന് കഴിയും. തമിഴകത്ത് ഇന്നും ശക്തമായി നിലനിൽക്കുന്ന ജാതി വ്യവസ്ഥക്കെതിരെ സംസ്ഥാനത്തിന്റെ ഭരണസാരത്ഥ്യമേറ്റെടുത്ത അന്ന് മുതൽ ശ്രീ.എം.കെ.സ്റ്റാലിൻ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ രാജ്യം മുഴുവൻ ശ്രദ്ധ നേടിയതാണ്. സാമൂഹ്യ നീതി എന്ന മഹത്തായ ആശയത്തിലൂടെ നമ്മുടെ സമൂഹത്തിൽ നിന്ന് ജാതിയുടെ വേർതിരിവുകൾ ഇല്ലാതാക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ മുഖ്യമന്ത്രിമാരെന്ന് പേരെടുത്ത ശ്രീ. പിണറായി വിജയനും ശ്രീ എം.കെ.സ്റ്റാലിനും കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് എസ്. എൻ.ഡി.പി യോഗത്തിന്റെ ആശംസകൾ നേരുന്നു
(വൈക്കം സത്യഗ്രഹശതാബ്ദിആഘോഷ ഉദ്ഘാടനചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം)